വാസ്തു ശാസ്ത്രം
ഭാരതത്തിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രയോഗിക്കപ്പെടുന്ന പൗരാണിക സമ്പ്രദായങ്ങളെയാണ് വാസ്തുശാസ്ത്രം എന്ന വാക്കു കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇതിന്റെ പ്രയോഗത്തെ സ്ഥാനം നോക്കൽ എന്ന പേരിലും അറിയപ്പെടുന്നു. കെട്ടിടത്തിന്റേയും അതിലെ വിവിധ മുറികളുടേയും സ്ഥാനവും ദിശയുമാണ് വാസ്തുശാസ്ത്രം അനുസരിച്ച് ഗണിച്ചെടുക്കുന്നത്.
ഐതിഹ്യം
എല്ലാ ഭൗതിക വസ്തുക്കളും പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണെന്ന് ഹൈന്ദവ പുരാണങ്ങളിൽ പറയുന്നു. ഹൈന്ദവാചാര പ്രകാരം സൃഷ്ടിയുടെ അധിപനായ ബ്രഹ്മാവിനാൽ നിർമ്മിക്കപ്പെട്ടതും, പൂണൂൽ, ഗ്രന്ഥം, കുട, ദണ്ഡ്, അഷ്ടഗന്ധം, കലശം, മുഴക്കോൽ, ചിത്ര പുല്ല് എന്നിവയോടുകൂടി ജനിച്ച വിശ്വകർമ്മാവിന് ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്തതാണ് വാസ്തുശാസ്ത്രം അഥവാ തച്ചുശാസ്ത്രം എന്ന് അറിയപ്പെടുന്നത്.
ത്രേതായുഗത്തിൽ സർവ്വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഭൂതമാണ് വാസ്തുപുരുഷൻ എന്നാണ് ഹൈന്ദവ വിശ്വാസം. ശിവനും അന്ധകാരൻ എന്നു പേരായ രാക്ഷസനും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ, ശിവന്റെ ശരിരത്തിൽ നിന്നും ഉതിർന്നു വീണ വിയർപ്പു തുള്ളിയിൽ നിന്നുമാണ് വാസ്തു പുരുഷന്റെ ജനനം. ഇങ്ങനെ ജനിച്ച ഭൂതത്തിന്റെ പരാക്രമങ്ങൾ സഹിക്കാനാവാതെ ദേവന്മാർ ബ്രഹ്മാവിനെ പ്രത്യക്ഷപ്പെടുത്തുകയും; അദ്ദേഹത്തിന്റെ ആജ്ഞാനുസരണം ഭൂതത്തിനെ യുദ്ധത്തിൽ തോല്പിച്ച് ഭൂമിയിൽ എടുത്ത് എറിയുകയും ചെയ്തു.
ഭൂമിയിൽ വാസ്തുപുരുഷന്റെ സ്ഥാനം
ഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട വാസ്തുപുരുഷൻ വടക്ക്-കിഴക്ക് ദിക്കിൽ (ഈശ കോൺ) ശിരസ്സും, തെക്ക്-പടിഞ്ഞാറ് ദിക്കിൽ (നിരൃതി കോൺ) കാലുകളും, കൈകൾ തെക്ക്-കിഴക്ക് (അഗ്നികോൺ) ദിക്കിലും വടക്ക്-പടിഞ്ഞാറ് വായു കോൺ) ദിക്കിലുമായി സ്ഥിതി ചെയ്യുന്നു. ഇങ്ങനെ സ്ഥിതി ചെയ്ത വാസ്തുപുരുഷൻ ഭൂനിവാസികളെ ശല്യം ചെയ്യുകയും, ഭൂനിവാസികൾ ബ്രഹ്മാവിനെ പ്രാർത്ഥിക്കുകയും ചെയ്തു. അതിന്റെ ഫലമായി ബ്രഹ്മാവിന്റെ നിർദ്ദേശ പ്രകാരം അൻപത്തി മൂന്ന് ദേവന്മാരോടും ഭൂതത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നതിനായി വാസ്തുപുരുഷന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു. തത്ഫലമായി ശക്തി ക്ഷയിച്ച വാസ്തുപുരുഷൻ ബ്രഹ്മാവിനെ പ്രാർത്ഥിക്കുകയും; ബ്രഹ്മാവ്, ശിലാന്യാസം (കല്ലിടീൽ)', കട്ടള വെയ്പ്പ് , ഗൃഹപ്രവേശം എന്നീ മൂന്ന് ഘട്ടങ്ങളിലും മനുഷ്യർ നിന്നെ പൂജിക്കും. ഇത്തരം പൂജകളെ വാസ്തുപൂജ എന്ന് വിളിക്കുന്നു. വസ്തുപൂജ ചെയ്യാതെ ഗൃഹ നിർമ്മാണം നടത്തിയാൽ അത്തരം ഗൃഹങ്ങളിൽ പലവിധ അനർത്ഥങ്ങളും സംഭവിക്കും എന്നും അനുഗ്രഹിച്ചു.
ഉൽപ്പത്തി
വാസ്‌തു എന്ന സംസ്‌കൃത പദത്തിന് പാർപ്പിടം എന്നാണ് അർത്ഥം. 'അപൗരുഷേയം' (മനുഷ്യനിർമ്മിതമല്ലാത്തത്) എന്നു പറയപ്പെടുന്ന വേദങ്ങളുടെ ഭാഗമാണ് വാസ്‌തു എന്നാണ് ഹൈന്ദവ വിശ്വാസം. അഥർവ വേദത്തിന്റെ ഒരു ഉപവേദമാണ് വാസ്‌തു എന്നും പറയപ്പെടുന്നുണ്ട്. പൗരാണിക ശില്‌പ വിദ്യയെ സംബന്ധിക്കുന്ന ഒരു ഗ്രന്ഥമായ മാനസാരം വാസ്‌തുവിനെ ധര (ഭൂമി) ഹർമ്മ്യം (കെട്ടിടം) യാനം (വാഹനം) പര്യങ്കം (കിടക്ക) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
രാമായണ മഹാഭാരത കാലഘട്ടങ്ങൾക്കു മുൻപു തന്നെ വാസ്‌തു പ്രാബല്യത്തിൽ ഉണ്ടായിരുന്നു എന്ന് ഈ ഗ്രന്ഥങ്ങളിൽ നിന്ന് വായിച്ചറിയാൻ സാധിക്കും. വാസ്‌തുവിന്റെ അടിസ്ഥാനത്തിൽ പണികഴിപ്പിച്ച കെട്ടിടങ്ങളെക്കുറിച്ച് ബുദ്ധമത ഗ്രന്ഥങ്ങളിലും പരാമർശമുണ്ട്.
അളവുകൾ
വാസ്തുശാസ്ത്രത്തിലെ അളവുകളിൽ ദൂരമാനങ്ങൾക്കാണ് (ദൈർഘ്യം) പ്രാധാന്യം. പ്രകൃതിയിലെ ധാന്യങ്ങളെ ആടിസ്ഥാനമാക്കി നിർവ്വചിച്ചിരിക്കുന്ന അളവുകളെ യവമാനം എന്നും മനുഷ്യന്റെ ശരീരാവയവങ്ങളെ അടിസ്ഥാനമാക്കിയുള്ളവയെ അംഗുലമാനം എന്നും പറയുന്നു.
യവമാനം
പരമാണുവിൽ നിന്നുമാണ് വാസ്തുശാസ്ത്രത്തിലെ അളവുകൾ ആരംഭിക്കുന്നത്. സൂര്യപ്രകാശത്തിന്റെ പാതയിൽ കാണപ്പെടുന്ന പൊടിപടലങ്ങളിൽ നിന്നുമുള്ള ഒരെണ്ണത്തിന്റെ മുപ്പതായി ഭാഗിച്ച് കിട്ടുന്നതിൽ ഒരു ഭാഗത്തിന്റെ അളവാണ് പരമാണു. പരമാണുവിനെ അടിസ്ഥാനപ്പെടുത്തിയാണ് മുഴക്കോൽ പോലുള്ള മറ്റു മാത്രകൾ നിർമ്മിച്ചിരിക്കുന്നത്.
8 പരമാണു | ഒരു ത്രസരേണു |
8 ത്രസരേണു(64 പരമാണു) | രോമാഗ്രം |
8 രോമാഗ്രം (512 പരമാണു) | ഒരു ലിക്ഷ |
8 ലിക്ഷ (4096 പരമാണു) | ഒരു യൂകം |
8 യൂകം (32768 പരമാണു) | ഒരു തിലം |
8 തിലം (262144 പരമാണു) | ഒരു യവം (3.75 മില്ലീ മീറ്റർ) |
8 യവം (2097152 പരമാണു) | ഒരു അംഗുലം (30 മില്ലീ മീറ്റർ) |
അംഗുലമാനം
അംഗുലമാനം മുതൽ അളവുകൾ മനുഷ്യാധിഷ്ഠിതമാകുന്നു. അംഗുലമാനം മനുഷ്യന്റെ നടുവിരലിലെ മദ്ധ്യസന്ധിയുടെ അളവിനെയാണ് കുറിക്കുന്നത്.
3 അംഗുലം | ഒരു പർവ്വം |
8 അംഗുലം | ഒരു പദം (240 മില്ലീ മീറ്റർ) |
12 അംഗുലം | ഒരു വിതസ്തി (ചാൺ) |
2 വിതസ്തി (24 അംഗുലം) | ഒരു ഹസ്തം / ഒരു മുഴം |
24 അംഗുലം | ഒരു കോൽ |
8 പദം (64 അംഗുലം) | ഒരു വ്യാമം |
മുഴക്കോൽ
വാസ്തുശാസ്ത്രത്തിൽ പ്രധാനമായും പരക്കെയും ഉപയോഗിക്കുന്ന ഏകകമാണ് മുഴക്കോൽ. 8 യവം ( 2,62,144 പരമാണു) ചേർന്നാൽ ഒരു അംഗുലം. അങ്ങനെയുള്ള 12 അംഗുലം ചേർന്നാൽ ഒരു വിതസ്തി. 2 വിതസ്തി അഥവാ ഒരു കോൽ ആണ് മുഴക്കോലിന്റെ അളവ്. മദ്ധ്യതിരുവിതാംകൂർ ഭാഗങ്ങളിൽ ഒരു മുഴക്കോൽ നീളം 73.6 cm ആയിട്ടാണ് കണക്കാക്കുന്നത്. ഇവിടെങ്ങളിലെ ക്ഷേത്രങ്ങളെല്ലാം ഈ മുഴക്കോൽ അളവിനെ അടിസ്ഥാഥാനപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്.
വിവിധതരം കോലുകൾ
വാസ്തുശാസ്ത്രത്തിൽ അളവുകൾക്കായി വിവിധ തരം കോലുകൾ ഉപയോഗിക്കുന്നുണ്ട്. "കിഷ്കു", "പ്രാജാപത്യ,","ധനുർമുഷ്ടി", "ധനുർഗ്രഹം", "പ്രാച്യം", "വൈദേഹം", "വൈപുല്യം", "പ്രകീർണ്ണം" എന്നിങ്ങനെ പല അളവുകളിലും പേരിലും അറിയപ്പെടുന്നു. ഓരോ കോലും ചില പ്രത്യേക കെട്ടിടങ്ങൾക്കും ചില ജാതികൾക്കുമായും വിധിച്ചിട്ടുള്ളതാകുന്നു.
കിഷ്കു
24 മാത്രാംഗുലം മാത്രം അളവ് ഉള്ള കോലിനെ കിഷ്കു എന്നു പറയുന്നു. കരം, അരത്നി, ഭുജം, ദോസ്സ്, മുഷ്ടി എന്നിങ്ങനെ പല പേരുകളിലും കിഷ്കു അറിയപ്പെടുന്നു. ഈ കോൽ വീട്, മുറ്റം എന്നിവ അളക്കുന്നതിനായി ഉപയോഗിയ്ക്കുന്നു. ഇത് കൂടുതലായും ശൂദ്രജാതിയിൽപ്പെട്ടവരുടെ ഗൃഹ നിർമ്മാണത്തിന്റെ അളവ് കോലാണ്.
പ്രാജാപത്യം
25 മാത്രാംഗുലം നീളമുള്ള കോലുകൾ പ്രാജാപത്യം എന്നറിയപ്പെടുന്നു. ചില സ്ഥലങ്ങളിൽ ക്ഷേത്രങ്ങളുടെ അളവിന് ഈ കോൽ ഉപയോഗപ്പെടുത്തി വരുന്നു. ഈ കോൽ ഉപയോഗിച്ച് വൈശ്യന്മാരുടേ ഗൃഹം അളക്കുന്നു.
ധനുർമുഷ്ടി
26 മാത്രാംഗുലം നീളമുള്ള കോൽ ധനുർമുഷ്ടി എന്ന പേരിലറിയപ്പെടുന്നു. ചില സ്ഥലങ്ങളിൽ ഈ കോൽ ഉപയോഗിച്ച് എല്ലാത്തര കെട്ടിടങ്ങളും അളക്കുന്നതിനായി ഉപയോഗിക്കുന്നുണ്ട്. ക്ഷത്രിയരുടെ ഗൃഹങ്ങൾ അളക്കുന്നതിനും ഈ കോൽ ഉപയോഗിക്കുന്നു.
വാസ്തുശാസ്ത്രം പരിഗണിക്കുന്ന ഘടകങ്ങൾ
അടിസ്ഥാനപരമായി വടക്കു കിഴക്ക് തെക്കു പടിഞ്ഞാറ് എന്നീ നാലു ദിശകളിൽ നിന്നു പ്രസരിക്കുന്ന ഊർജ്ജത്തെയും വാസ്‌തുശാസ്‌ത്രം പരിഗണിക്കുന്നു. പ്രപഞ്ചത്തിലെ വിവിധങ്ങളായ ഊർജ്ജങ്ങളെയും മനുഷ്യനിലും അവന്റെ ചുറ്റുപാടുകളിൽ നിന്നും പുറപ്പെടുന്ന ഊർജ്ജത്തെയും തമ്മിൽ ബന്ധപ്പെടുത്തിയാണ് വാസ്‌തു ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൗരോർജ്ജം, വൈദ്യുതി, കാന്തികം, ഗുരുത്വാകർഷണം തുടങ്ങിയ ഘടകങ്ങളേയും വാസ്‌തു പരിഗണിക്കുന്നുണ്ട്. വടക്ക് കിഴക്ക് നിന്ന് പുറപ്പെടുന്ന ഊർജ്ജം തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവസാാനിക്കുന്നു, അത് കൊണ്ട് വടക്ക് കിഴക്ക് ഭാഗം വിശാലമായിരിക്കുകയും താഴ്ന്നുമിരിക്കണം എതിർ ഭാഗമായ തെക്ക് പടിഞ്ഞാറ് ദിക്ക് ഇടുങ്ങിയതായിരിക്കുകയും മറ്റ് ദിക്കുകളെ അപേക്ഷിച്ച് ഉയർന്നതായിക്കുകയും വേണം അത് വഴി വടക്ക് കിഴക്ക് ഭാഗത്ത് നിന്ന് പുറപ്പെടുന്ന ഊർജ്ജം നഷ്ടപ്പെടാതെ നിലനിർത്താം.
ഗ്രന്ഥങ്ങൾ
കാലാവസ്ഥാപ്രവചനം, ഭൂകമ്പപ്രവചനം, ഗ്രഹപ്പകർച്ച, ശില്‌പവിദ്യ, വാൽനക്ഷത്രങ്ങൾ തുടങ്ങി പ്രകൃതിയിലെ പല പ്രതിഭാസങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഒരു മഹദ്ഗ്രന്ഥമാണ് 'ബൃഹദ്സംഹിത' എ.ഡി, ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജ്യോതി ശാസ്‌ത്രജ്ഞനും ഗണിത ശാസ്‌ത്രജ്ഞനുമായ വരാഹമിഹിരനാണ് ഇതിന്റെ രചയിതാവ്. പാർപ്പിടങ്ങളുടെയും ക്ഷേത്രങ്ങളുടെയും ശില്‌പവിദ്യയെ പ്രതിപാദിക്കുന്ന ചില അദ്ധ്യായങ്ങൾ ഇതിലുണ്ട്. വേദങ്ങൾക്കു പുറമേ പല ആഗമങ്ങളിലും ശില്‌പവിദ്യാപരമായ വിവരങ്ങൾ ഉണ്ട്. കാമികാഗമം, കർണാഗമം, സുപ്രഭേദാഗമം, വൈഖാനസാഗമം, അംശുമദ്ഭേദാഗമം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. കിരണതന്ത്രം, ഹയശ്ശീർഷതന്ത്രം മുതലായ ചില താന്ത്രിക ഗ്രന്ഥങ്ങളിലും കൗടല്യന്റെ അർത്ഥശാസ്‌ത്രം, ശുക്രനീതി എന്നീ കൃതികളിലും ശില്‌പകലയെ കുറിച്ചുള്ള വിവരങ്ങളുണ്ട്. പാർപ്പിട നിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന കൃതികളാണ് മാനസാരം, മയൻ രചിച്ച മയമതം, ഭോജ രാജാവ് രചിച്ച സമരാങ്കണ സൂത്രധാര, വരാഹമിഹരന്റെ ബൃഹത്സംഹിത, വിശ്വകർമ്മാവ് രചിച്ച വിശ്വകർമ്മപ്രകാശം, ശ്രീകുമാരന്റെ ശില്പരത്നം, അപരാജിതപ്രച്ഛ, മനുഷ്യാലയചന്ദ്രിക എന്നിവ. ഇതിൽ മാനസാരത്തിൽ വീടുകൾ പണിയുന്നതിനെ കുറിച്ചും വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിനെ കുറിച്ചും വിശദമായി പറയുന്നുണ്ട്.
മാനസാരം
വാസ്‌തു ശാസ്‌ത്രമെന്നാൽ മാനസാരമാണ് എന്നു തന്നെ പറയാം. ഇതിന്റെ രചനാകാലം, ആദിവേദ കാലങ്ങൾക്ക് ഒപ്പമാണെന്ന് കണക്കാക്കിയിരിക്കുന്നു. അറിയപ്പെടാത്ത കാലത്തെ അജ്ഞാതനായ ഗ്രന്ഥകാരൻ, മാനങ്ങളുടെ - അളവുകളുടെ- സാരം കൈകാര്യം ചെയ്യുന്ന ഋഷിമാരുടെ വിഭാഗം ശില്‌പവിദ്യയെയും വിഗ്രഹ നിർമ്മാണത്തെയും സംബന്ധിച്ച രീതികളും നിയമാവലികളും എന്നിങ്ങനെ മൂന്നു രീതിയിൽ 'മാനസാരം' എന്ന പദത്തിന് അർത്ഥം കൽപിച്ചിരിക്കുന്നു. 83 അധ്യായങ്ങളാണ് ഈ കൃതിയിലുള്ളത്. അളവുകൾക്ക് മുഖ്യമായും രണ്ട് ഏകകങ്ങളാണ് മാനസാരം ഉപയോഗിച്ചിരിക്കുന്നത്. ശില്‌പവിദ്യയിലെ അളവുകൾക്ക് അംഗുലവും (ഏകദേശം 3 സെന്റീമീറ്റർ) ഹസ്‌തവും (24 അംഗുലം) വിഗ്രഹനിർമ്മാണത്തിന് താലം (നിവർത്തിപ്പിടിച്ച പെരുവിരലിന്റെ അറ്റം മുതൽ നടുവിരലിന്റെ അറ്റം വരെയുള്ള നീളം). വാസ്‌തുശില്‌പികളെ നാലായി തരം തിരിച്ചിട്ടുണ്ട്. മുഖ്യവാസ്‌തു ശില്‌പിയെ സ്ഥപതി എന്നു വിളിക്കുന്നു. രൂപകല്‌പന ചെയ്യുന്ന ആൾക്ക് സൂത്രഗ്രാഹി എന്നും പെയിന്റർക്ക് വർദ്ധാന്തി എന്നും ആചാരിക്ക് സൂത്രധാരൻ എന്നുമാണ് പേര്. മാനസാരത്തിൽ വാസ്‌തുശില്‌പിയുടെ ചില യോഗ്യതകളെ കുറിച്ച് പറയുന്നുണ്ട്.
- നൂതനമായ ആശയങ്ങൾ ഉണ്ടായിരിക്കണം.
- വിജ്ഞാനം നേടാനുള്ള കഴിവു വേണം
- നല്ലൊരു എഴുത്തുകാരൻ ആയിരിക്കണം
- രേഖാനിർമ്മാണകൗശലം വേണം (ഡ്രാഫ്റ്റ്മാൻഷിപ്പ്)
- പ്രകൃതിയുടെ തത്ത്വങ്ങളും ധർമ്മ നീതിയും അറിഞ്ഞിരിക്കണം
- നിയമശാസ്‌ത്രവും ഭൗതികശാസ്‌ത്രവും അറിഞ്ഞിരിക്കണം
- ജ്യോതിഷത്തിലും ഗണിതത്തിലും പരിജ്ഞാനം വേണം
ആയം
മേൽപ്പറഞ്ഞ കൃതികളിൽ പരാമർശിക്കുന്ന ഒന്നാണ് 'ആയം' ഏതൊരു പുരയിടത്തിനും കെട്ടിടത്തിനും ജീവനുണ്ടെന്നാണ് ആയം എന്ന സങ്കല്‌പം. അതുകൊണ്ട് നിശ്ചിത മാനദണ്ഡം ഉപയോഗിച്ചു വേണം കെട്ടിടങ്ങൾ നിർമ്മിക്കുവാൻ. ആയാദി ഷഡ്‌വർഗ്ഗം എന്നറിയപ്പെടുന്ന ഈ മാനദണ്ഡങ്ങളിൽ
- ആയം - വർദ്ധനവ് അഥവാ ലാഭം
- വ്യയം - കുറവ് അഥവാ നഷ്ടം
- ഋഷ അഥവാ നക്ഷത്രം
- യോനി അഥവാ കെട്ടിടത്തിന്റെ ദിശ
- വാരം അഥവാ സൗരദിനം
- തിഥി അഥവാ ചന്ദ്രദിനം എന്നിവ ഉൾപ്പെടുന്നു. ഗൃഹനിർമ്മാണ സംബന്ധിയായ ശാസ്ത്രം. ഗൃഹനിർമിതിയെ സംബന്ധിച്ച നിയമങ്ങളും പ്രവർത്തനരീതിയും വിധി-നിഷേധങ്ങളുമാണ് തച്ചുശാസ്ത്രം അനുശാസിക്കുന്നത്. മനുഷ്യാലയങ്ങൾ, ദേവാലയങ്ങൾ എന്നിങ്ങനെയുള്ള വിവിധയിനം ആലയങ്ങൾ; അവയുടെ നിർമ്മാണരീതി, ഉപയോഗിക്കുന്ന വസ്തുക്കൾ, ശില്പ വിദ്യകൾ എന്നിവയെപ്പറ്റിയെല്ലാം ഈ ശാഖയിൽ പ്രതിപാദിക്കുന്നു. വാസ്തുവിദ്യ, തച്ചുശാസ്ത്രം എന്നീ സംജ്ഞകൾ ചിലപ്പോൾ സമാനമായ അർത്ഥത്തിലും ഉപയോഗിക്കാറുണ്ട്. തച്ച് എന്ന പദം 'തക്ഷു' എന്ന സംസ്കൃത ധാതുവിന്റെ തദ്ഭവമാണ്. തക്ഷ് ധാതുവിന് തനൂകരണം എന്നർഥം. 'അതനു'വായ വസ്തുവെ തനുവാക്കി മാറ്റലാണ് തനൂകരണം. തനു എന്നതിന് ശരീരം എന്നും ചെറുത്, നേരിയത് എന്നും അർത്ഥമുണ്ട്. നിയതമായ ശരീരമില്ലാത്ത വസ്തുക്കളെ ചെത്തി ചെറുതാക്കി രൂപപ്പെടുത്തി ഗൃഹശരീരമാക്കി മാറ്റിയെടുക്കലാണ് തച്ചുപണി.
ഗൃഹനിർമ്മാണവൃത്തി ചെയ്യുന്നവരിൽ മരപ്പണിയെടുക്കുന്ന മരആചാരിമാരുടെ കുലനാമം എന്ന നിലയിൽ തക്ഷൻ (തച്ചൻ) എന്ന പദം രൂഢമാണ്. തച്ചുപണി ചെയ്യുന്ന കുല പാരമ്പര്യമല്ലാത്തവരേയും വംശജരല്ലാത്തവരേയും തച്ചൻ എന്നു വിളിക്കാം. മമ്മടന്റെ കാവ്യപ്രകാശത്തിൽ രണ്ടാം ഉല്ലാസത്തിൽ 'താത്കർമ്യാത് അതക്ഷാ തക്ഷാ' എന്നൊരു പ്രയോഗമുണ്ട്. തച്ചുപ്രവൃത്തി ചെയ്യുന്നവൻ അതായത് ഗൃഹനിർമ്മാണം അഭ്യസിച്ചവൻ ജാതിയിൽ തച്ചനല്ലെങ്കിലും ലക്ഷണ അനുസരിച്ച് തച്ചനാണെന്നാണ് ഇവിടെ സമർത്ഥിച്ചിരിക്കുന്നത്.
വരരുചിയുടെ മകനായ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ ഈ ലക്ഷണ അനുസരിച്ചാണ് തച്ചനാകുന്നത്. ജാതിയിൽ പറയിപെറ്റവനാണെങ്കിലും പ്രവൃത്തികൊണ്ട് ഇദ്ദേഹം തച്ചനായി; വളർന്ന് പെരുന്തച്ചനായി. കേരളത്തിൽ അനേക ജാതീയ വംശങ്ങ ളുടെ സ്ഥാപകർ പറയിപെറ്റ പന്തിരുകുലമാണ് എന്നും അതുകൊണ്ട് പെരുന്തച്ചന്റെ പിൻതലമുറയിൽപ്പെട്ടവരാണ് തച്ചന്മാർ എന്നും ചിലർ വിശ്വസിക്കുന്നു. ഭാരതത്തിലെ പൗരാണിക വാസ്തുശാസ്ത്രഗ്രന്ഥങ്ങളിലെല്ലാം തച്ചന്മാർ വിശ്വകർമ്മാവിന്റെ സന്തതിപരമ്പരയിൽപ്പെട്ടവരാണെന്നു പ്രസ്താവിച്ചു കാണാം. പറയിപെറ്റ പന്തിരുകുലം ഉണ്ടാകും മുമ്പ് വിശ്വകർമ്മജർ ഉണ്ടായിരുന്നു എന്നതുകൊണ്ട് തന്നെ ഇത്തരം അവകാശതർക്കങ്ങൾക്ക് പ്രസക്തിയില്ല.
വാസ്തുവിദ്യയും തച്ചുശാസ്ത്രവും
ഭാരതത്തിൽ ഗൃഹനിർമ്മാണവിദ്യ വാസ്തുവിദ്യ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗൃഹനിർമ്മാണം എന്നതിന് വാസ്തുവിദ്യയിൽ വിപുലമായ അർത്ഥമാണുള്ളത്. മനുഷ്യാലയങ്ങൾ, ദേവാലയങ്ങൾ, വേദികകൾ; തോണി, പല്ലക്ക്, രഥം മുതലായ വാഹനങ്ങൾ; കിണർ, കുളം മുതലായ ജലാശയങ്ങൾ; കട്ടിൽ, പീഠം, പാത്രം മുതലായ ഉപകരണങ്ങൾ; ഉരൽപ്പുര മുതലായ ഉപാലയങ്ങൾ തുടങ്ങിയവ ഗൃഹം എന്ന പദത്തിന്റെ പരിധിയിൽ വരും. കൂടാതെ ഗോവ് തുടങ്ങിയ മൃഗങ്ങൾക്കും തത്ത മുതലായ പക്ഷികൾക്കും വേണ്ടി ഉണ്ടാക്കപ്പെടുന്ന വാസസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടും. മേല്പറഞ്ഞ എല്ലാ നിർമിതികളും കേരളത്തിലെ തച്ചുശാസ്ത്രത്തിന്റെയും വിഭാഗങ്ങളാണ്. ചുരുക്കത്തിൽ തച്ചുശാസ്ത്രം വാസ്തുവിദ്യയുടെ പര്യായമാണ്.
വാസ്തുവിദ്യയനുസരിച്ച് ഗൃഹനിർമ്മാണ വൃത്തിയിലേർപ്പെടുന്നവരെ സ്ഥപതി, സൂത്രഗ്രാഹി, തക്ഷകൻ, വർദ്ധകി എന്നിങ്ങനെ നാലായി വിഭജിച്ചിട്ടുണ്ട്. നിർമ്മിതിയുടെ ആദ്യന്തം മനസ്സിൽ കണ്ട് കണക്ക് നിശ്ചയിച്ച്, എല്ലാറ്റിന്റെയും മേൽനോട്ടം വഹിക്കുന്നയാളാണ് സ്ഥപതി. ദക്ഷിണ കേരളത്തിൽ സ്ഥപതി കണക്കൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. വടക്കൻ കേരളത്തിൽ മൂത്താചാരി (മൂത്താശാരി) എന്നും. സൂത്രഗ്രാഹിസ്ഥപതിയുടെ മകനോ ശിഷ്യനോ ആയിരിക്കും. സ്ഥപതിയോളം അറിവ് ഇദ്ദേഹത്തിനും ഉണ്ടാകും. തക്ഷകൻ വസ്തുക്കളെ ചെത്തി മിനുക്കി രൂപപ്പെടുത്തുന്നവനും വർദ്ധകി രൂപപ്പെടുത്തിയ വസ്തുക്കൾ ചേർത്തുവച്ച് ഗൃഹം കെട്ടിപ്പടുക്കുന്നവനുമാണ്. തച്ചുശാസ്ത്രജ്ഞർ മേല്പറഞ്ഞ നാലുവിധം പ്രവൃത്തികളിലും വൈദഗ്ദ്ധ്യം നേടിയവരാണ്.
വിശ്വകർമ്മജർ അവരുടെ നീണ്ട കാലത്തെ പ്രവർത്തനത്തിനിടയിൽ സ്വാനുഭവങ്ങളുടെ മൂശയിൽ വാർത്തെടുത്ത പ്രായോഗിക സിദ്ധാന്തങ്ങൾ തങ്ങളുടെ സന്തതിപരമ്പരകൾക്കും ശിഷ്യന്മാർക്കും കൈമാറിക്കൊണ്ടിരുന്നു. അവ അനുശാസനങ്ങളായി രൂപം പ്രാപിച്ചു. നിയമങ്ങളും പ്രവർത്തനപഥവും വിധി നിഷേധങ്ങളും പ്രതിപാദിക്കുകയാണ് അനുശാസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഗൃഹനിർമ്മിതിയെ സംബന്ധിച്ച നിയമങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും. ഭൂമി, പരിസ്ഥിതി, ജന്തുക്കളുടെ ആവാസ വ്യവസ്ഥ, ഗൃഹത്തിന്റെ വിസ്തൃതി, കണക്ക്, ശില്പഭംഗി തുടങ്ങി പല കാര്യങ്ങളും ഗൃഹനിർമ്മാണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഗൃഹകർത്താവ് വിദഗ്ദ്ധനായ ഒരു തച്ചുശാസ്ത്രജ്ഞനെ (സ്ഥപതിയെ) കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അദ്ദേഹം വീടു നിർമ്മിക്കുന്നതിന് ഉത്തമമായ സ്ഥലം തിരഞ്ഞെടുക്കും. ഫലവൃക്ഷങ്ങളും പൂമരങ്ങളും പാൽമരങ്ങളും ഉള്ള സമനിരപ്പായ സ്ഥലം ഗൃഹനിർമ്മാണത്തിന് അനുയോജ്യമാണ്. അക്ഷയജലം കിട്ടുന്നതും സമൃദ്ധമായ മണ്ണുള്ളതും ആയിരിക്കണം പറമ്പ്. ഒരു കോൽ സമചതുരത്തിൽ ഒരു കോൽ ആഴത്തിൽ ഒരു കുഴിയെടുത്ത് അതേ മണ്ണ് അതേ കുഴിയിൽ നികത്തിയാൽ മണ്ണ് ബാക്കി വരുന്നുവെങ്കിൽ അത് ഉത്തമഭൂമിയാണ്. മേല്പറഞ്ഞ അളവിൽ ഉള്ള കുഴിയിൽ വെള്ളം നിറച്ച് അരനാഴിക നേരം കഴിഞ്ഞ് നോക്കിയാൽ ജലം വറ്റാതെയുണ്ടെങ്കിൽ ആ ഭൂമി ഉത്തമമാണ്. വിത്തിട്ട് മൂന്നു ദിവസം കൊണ്ട് മുളച്ചാൽ ഭൂമി ഉത്തമമായി. ഭൂമി ഉഴുതു മറിച്ച് കരിക്കട്ട, അസ്ഥി, രോമം, കൃമികൾ, ഉമി, പുറ്റ് മുതലായവ എന്തെങ്കിലും ഉണ്ടെങ്കിൽ നീക്കം ചെയ്ത് ഗൃഹസ്ഥാനം ശുചിയാക്കണം.
പിന്നീട് ഗൃഹകർത്താവിന്റെ ഇച്ഛയ്ക്കനുസരിച്ച് ഭംഗിയും ഉറപ്പും സൗകര്യങ്ങളുമുള്ള ഗൃഹം രൂപകല്പന ചെയ്യണം. എത്ര മുറികൾ വേണം, എത്ര വലിപ്പം വേണം, ഏത് ആകൃതിയിലായിരിക്കണം എന്നും മറ്റും ചിന്തിച്ച് തീരുമാനിക്കണം.
ശാലകൾ
മനുഷ്യാലയത്തിന്റെ ഏറ്റവും മികച്ച മാതൃക നാലുകെട്ട് അഥവാ ചതുശ്ശാല ആണ്. ഒരു മധ്യാങ്കണത്തിനു ചുറ്റുമായി നാല് ദിക് ശാലകളും നാല് വിദിക് ശാലകളും ചേർന്നതാണ് നാലുകെട്ട്. നാലുകെട്ട് വികസിപ്പിച്ചെടുത്താൽ എട്ടുകെട്ടും പതിനാറുകെട്ടും ഉണ്ടാക്കാം. നാല് ശാലകൾ ചേർന്നത് ചതുശ്ശാലയും മൂന്ന് ശാലകൾ ചേർന്നത് ത്രിശാലയും രണ്ട് ശാലകൾ ചേർന്നത് ദ്വിശാലയും ഒറ്റശാല മാത്രമുള്ളത് ഏകശാലയുമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏകശാലയാണ്.
മാനവ്യവസ്ഥ
ശാലകളുടേയും മുറികളുടേയും വലിപ്പം തീരുമാനിക്കുന്നത് അവയ്ക്ക് അളവ് നിശ്ചയിച്ചുകൊണ്ടാണ്. ഇതിനായി തച്ചുശാസ്ത്രം ഉപയോഗിക്കുന്ന മനോപകരണമാണ് മുഴക്കോൽ. ഇതിന് കിഷ്കു എന്നും കരം എന്നും പേരുണ്ട്. ഈ കോൽ പ്രധാനമായി മൂന്നുതരത്തിലുണ്ട്.
(i) ഒരു യവ ധാന്യത്തിന്റെ ഉദരവിസ്താരം ഒരു യവം. 8 യവം ഒരു അംഗുലം, എട്ട് അംഗുലം ഒരു പദം, 3 പദം (24 അംഗുലം) ഒരു കോൽ.
(ii) ഗൃഹകർത്താവിന്റെ വലതുകയ്യിലെ നടുവിരലിലെ നടുവിലെ പർവത്തിന്റെ നീളം ഒരു അംഗുലം. 8 അംഗുലം ഒരു പദം, 3 പദം (24 അംഗുലം) ഒരു കോൽ.
(iii)ജാലകത്തിലൂടെ കടന്നുവരുന്ന സൂര്യരശ്മിയിൽ കാണുന്ന പൊടിയുടെ 30-ൽ ഒരംശം ഒരു പരമാണു. 32768 പരമാണു ഒരു യവം. 8 യവം ഒരു അംഗുലം. 3 പദം (24 അംഗുലം) ഒരു കോൽ.
യോനി
മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു അളവുകോൽ ഗൃഹനിർമിതിക്ക് ഉപയോഗിക്കാം. ഗൃഹം എത്ര കോൽ ദീർഘം വേണം എന്നു നിശ്ചയിച്ചാൽ അതിൽനിന്ന് അതിന്റെ ആനുപാതികമായ വീതിയും ഉയരവും കണക്കാക്കാം. കണക്കുണ്ടാക്കുമ്പോൾ ഗൃഹത്തിന്റെ ദർശനം ഏതു ദിക്കിലേക്കാണെന്ന് നോക്കേണ്ടതുണ്ട്. കിഴക്ക് ദർശനമുള്ള ഗൃഹം പടിഞ്ഞാറ്റിനിയും പടിഞ്ഞാറ് ദർശനമുള്ള ഗൃഹം കിഴക്കിനിയും വടക്ക് ദർശനമുള്ള ഗൃഹം തെക്കിനിയും തെക്ക് ദർശനമുള്ള ഗൃഹം വടക്കിനിയും ആണ്. ഇവയുടെ കണക്കുകൾ ചുറ്റളവ്, വിസ്തീർണം എന്നീ രണ്ട് ഉപാധികളിൽ നിശ്ചയിക്കാവുന്നതാണ്. ചുറ്റളവിനെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ അളവ് നിശ്ചയിക്കുന്നത്. ഇങ്ങനെ നിശ്ചയിക്കുന്ന കണക്കുകൾക്ക് യോനി എന്നു പറയും. ധ്വജം, സിംഹം, വൃഷഭം, ഗജം എന്നീ നാമങ്ങളിലുള്ള യോനികൾ യഥാക്രമം 3, 1, 7, 5 എന്നീ കോലുകളാണ്. 2, 4, 6, 8 എന്നീ കോലുകളുടെ യോനികൾ യഥാക്രമം ഖരം, കുക്കുരം, ധൂമം, വായസം എന്നിവയാണ്. കണക്കുകളുടെ ഗുണദോഷങ്ങൾ നിരൂപണം ചെയ്ത് ഉത്തമമായ കണക്ക് വേണം നിശ്ചയിക്കേണ്ടത്. ഉത്തമമായ കണക്ക് കണ്ടുപിടിക്കുന്നതിന് കൈക്കണക്ക് സഹായിക്കുന്നു.
സ്ഥാനനിർണയം
ഗൃഹത്തിന്റെ സ്ഥാനം നിശ്ചയിക്കുന്നത് ദിക്കുകൾ നിർണയിച്ച് അവയ്ക്കനുസൃതമാക്കിയായിരിക്കണം. ദിക്കു നിർണയിക്കുന്നത് ശങ്കുസ്ഥാപനം നടത്തിക്കൊണ്ടാണ്. ഇന്ന് ദിക്കു തിരിക്കുന്നതിന് വടക്കുനോക്കി (കാന്തസൂചി)യാണ് ഉപയോഗിക്കുന്നത്. പറമ്പിന്റെ വലിപ്പമനുസരിച്ച് അതിനെ സമചതുരമായ നാലോ എട്ടോ ഖണ്ഡങ്ങളാക്കാം.
വാസ്തുപുരുഷൻഇതിൽ കിഴക്കു പടിഞ്ഞാറായും തെക്കുവടക്കായും കോണോടു കോണായും സൂത്രങ്ങൾ കല്പിക്കണം. ഗൃഹം നില്ക്കുന്ന ഖണ്ഡത്തെ 64, 81, 100 എന്നിങ്ങനെ പദങ്ങളാക്കി വിഭജിക്കുകയും വേണം. ഈ പദങ്ങളിൽ വടക്കു കിഴക്ക് മൂലയിൽ ശിരസ്സും തെക്കു പടിഞ്ഞാറു മൂലയിൽ പാദങ്ങളും വച്ചുകൊണ്ട് വാസ്തുപുരുഷൻ കമിഴ്ന്നു കിടക്കുന്നു എന്ന് സങ്കല്പിക്കണം. വാസ്തു പുരുഷന്റെ അവയവങ്ങൾക്ക് ഭംഗം വരാത്തതരത്തിൽ ബാഹ്യാവൃതി ഒഴിച്ചുവേണം ഗൃഹം പണിയേണ്ടത്.
മധ്യത്തിലുള്ള പദങ്ങൾ അങ്കണമാക്കി അവയ്ക്കഭിമുഖമായി ഗൃഹങ്ങൾ നിർമ്മിക്കണം. പദകല്പന ചെയ്യുമ്പോഴുള്ള രേഖകൾ, കർണരേഖകൾ എന്നിവ കൂടിച്ചേരുന്നിടത്ത് മർമങ്ങളും മഹാമർമ്മങ്ങളും ഉണ്ടാകും. അവയിൽ ദിക്കുകൾ, തൂണുകൾ എന്നിവ വരാതെ നോക്കണം. ഗൃഹമധ്യസൂത്രവും പറമ്പിന്റെ മധ്യസൂത്രവും ഒരേ രേഖയിൽ വരാതിരിക്കുവാൻ ശ്രദ്ധിക്കണം. ഒരേ രേഖയിൽ വരുന്നതിന് വേധം എന്നു പറയുന്നു. അതുപോലെ ഗൃഹമധ്യം ഭിത്തികൊണ്ട് കെട്ടിയടയ്ക്കുവാൻ പാടില്ല. വാതിലുകളോ ജനാലകളോ കൊണ്ട് വായുവിന്റെ നേരെയുള്ള സ്വതന്ത്രഗതി ഉറപ്പു വരുത്തണം. ഇങ്ങനെ വരാത്തിടത്ത് സൂത്രദോഷം ഉണ്ടെന്നു പറയുന്നു.
ദ്രവ്യങ്ങൾ
ഗൃഹനിർമ്മാണത്തിന് ദ്രവ്യം തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധ ആവശ്യമാണ്. പ്രതികൂല കാലാവസ്ഥയിൽ നിന്നു സംരക്ഷണം നല്കുക എന്നതാണ് കെട്ടിട നിർമ്മാണത്തിന്റെ പ്രധാന ഉദ്ദേശ്യം. കരിങ്കല്ല് (ശില), ചെങ്കല്ല് (Laterite), ഇഷ്ടിക, മരം, മണ്ണ്, മണൽ, കുമ്മായം (ചുണ്ണാമ്പ്), ലോഹം എന്നിവയാണ് പ്രധാന ദ്രവ്യങ്ങൾ.
കല്ല്
ഒരേ നിറമുള്ളതും കുത്തും പൊട്ടും ഇല്ലാത്തതുമായ ശില ആയിരിക്കണം നിർമ്മാണത്തിന് ഉപയോഗിക്കേണ്ടത്. കാഠി ന്യമുള്ളതും മണിനാദം പുറപ്പെടുവിക്കുന്നതുമായ ശിലകൾ പുരുഷശിലകളും, കാഠിന്യം കുറഞ്ഞ് മയമുള്ള ശിലകൾ സ്ത്രീശിലകളുമാണ്. മറ്റുള്ളവ നപുംസക ശിലകളാണ്. കരിങ്കല്ല്, ചെങ്കല്ല്, ഇഷ്ടിക എന്നിവയ്ക്ക് ഞെരുക്കബലം (compressive strength) ധാരാളമുണ്ട്. ഭിത്തികൾ, തൂണുകൾ, തറകൾ എന്നിവ കെട്ടുന്നതിന് ഇവയാണ് ഏറ്റവും നല്ലത്. കല്ല് ഭൂമിയിൽ എങ്ങനെയാണോ ഇരുന്നത് അതേ പ്രകാരത്തിൽ വേണം കെട്ടിടത്തിലും നില്ക്കേണ്ടത്. കല്ലിന്റെ അടിഭാഗം മുകളിലും മുകൾഭാഗം അടിയിലും ആകരുത്. പാർശ്വങ്ങൾ അടിയിലോ മേലെയോ വരരുത്.
മരം
അന്തഃസാരം, ബഹിസ്സാരം, സർവസാരം, നിസ്സാരം എന്നിങ്ങനെ മരം നാലുതരമുണ്ട്. ഇവയിൽ കാതൽ മാത്രമേ ഉപയോഗിക്കാവൂ. തൂൺ, കട്ടിളക്കാൽ എന്നിവ മരം നില്ക്കുന്ന പ്രകാരത്തിൽ അഗ്രം മേല്പോട്ടായിത്തന്നെ നില്ക്കണം. ഉത്തരങ്ങളുടേയും മറ്റും മുതുതല പടിഞ്ഞാറോ തെക്കോ ആകണം. മേൽക്കൂരയിൽ കഴുക്കോലിന്റെ മുതുതലയും താഴോട്ടായിരിക്കണം. ഒരു ഗൃഹത്തിന് കഴിയുന്നത്ര ഒരേ ഇനം മരംതന്നെ ഉപയോഗിക്കണം.
മണ്ണ്, ഇഷ്ടിക
മണ്ണു കുഴച്ച് നേരിട്ടോ, വെയിലിലോ ചൂളയിലോ ഉണക്കി ഇഷ്ടികകളായോ ഉപയോഗിക്കാം. ചുണ്ണാമ്പും മണലും മിശ്രിതമാക്കി കുഴച്ചെടുത്തത് കല്ലുകൾ പടുക്കുന്നതിന് ഉപയോഗിക്കാം. സിമന്റിന്റെ ആവിർഭാവത്തോടെ ഈ ആവശ്യത്തിന് സിമന്റാണ് അധികമായും ഉപയോഗിച്ചുവരുന്നത്. ചുവർ പൂശുന്നതിനും നിലമിടുന്നതിനും ഇത് ഉപയോഗിക്കാം. കൂടാതെ നിലം ചാണകം മെഴുകിയോ മാർബിൾ, ഗ്രാനൈറ്റ്, പോർസലൈൻ ടൈൽസ് എന്നിവയിലേതെങ്കിലും ഒന്ന് പതിച്ചോ വൃത്തിയായി സൂക്ഷിക്കാം. മഴയിൽനിന്നു രക്ഷ കിട്ടുവാൻ ചരിഞ്ഞ മേൽക്കൂരയാണ് ഉത്തമം. മേൽക്കൂര ഓലകൊണ്ടോ ഓടുകൊണ്ടോ ചെമ്പുകൊണ്ടോ പുതിയ ഉത്പന്നമായ ഫൈബർ ഷീറ്റുകൾ കൊണ്ടോ മേയാം. കോൺക്രീറ്റ് മേൽക്കൂര ചരിവു ചെയ്ത് ഓടു മേയുന്നതാണ് നല്ലത്.
തച്ചുശാസ്ത്രം ഒരു കല
ഉറപ്പും സൗകര്യവും ഉണ്ടായാലും കലാപരമായ മനോഹാരിതകൂടി ഉള്ളതാകണം ഓരോ നിർമിതിയും. തച്ചുശാസ്ത്രം കലയിലധിഷ്ഠിതമായ - ശില്പ ചാതുരിയിലധിഷ്ഠിതമായ-നിർമ്മാണരീതിയാണ് അനുവർത്തിക്കുന്നത്. വിവിധതരം അധിഷ്ഠാന മാതൃകകൾ, അലങ്കാര സ്തംഭങ്ങൾ, മച്ചുകൾ, മുഖപ്പുകൾ, പടിപ്പുരകൾ എന്നിവ ശില്പ ചാതുരിക്ക് ഉദാഹരണങ്ങളാണ്.
ഗൃഹം ഒരു ശില്പമാണ്. ഗൃഹത്തിന്റെ ഓരോ അവയവവും ഓരോരോ ശില്പമാണ്. അതുകൊണ്ട് ഗൃഹനിർമ്മാണത്തെ സംബന്ധിച്ച ശാസ്ത്രത്തിന് ശില്പശാസ്ത്രം എന്നും പേരുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ