പ്രഭാകരം പ്രകാശമയം വന്ദേ ഗുരു പരമ്പരാം.
ആരാണ് സാധുസ്വാമിയുടെ ഗുരുനാഥൻ?
പലരും ചോദിക്കുന്ന ചോദ്യമാണ്. ഒരു പക്ഷേ നിങ്ങളിൽ പലർക്കും ആ പുണ്യാത്മാവിനെ അറിയാമായിരിക്കാം.
കേരളത്തിലെ ആദ്യത്തെ പതിനെട്ടു പടിയുള്ളതും, ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും കയറാവുന്നതും അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിൽ നേരിട്ട് നെയ്യഭിഷേകം ചെയ്യാവുന്നതുമായ മങ്കര മിനി ശബരിമലയുടെ സ്ഥാപകനും, സന്യാസരൂപനായിരിക്കുന്ന അയ്യപ്പ സ്വാമിയുടെ പേരിലുള്ള ലോകത്തിലെ ഏക സന്യാസ ആശ്രമമായ മങ്കര അയ്യപ്പ സേവാശ്രമത്തിൻ്റെ മഠാധിപതിയുമായ പ്രഭാകരാനന്ദ സ്വാമിയെ നിങ്ങൾക്കറിയാമായിരിക്കും. എന്നാൽ ഇന്ന് ഭാരതത്തിൻ്റെ നെറുകയിൽ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തെ ഉയർത്തുന്ന ആദ്ധ്യാത്മിക വിപ്ലവത്തിൻ്റെ അഗ്നിജ്വാലയായ ഈ മഹാഗുരു ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ മഹാമണ്ഡലേശ്വർ സംപൂജ്യ സ്വാമി HH പ്രഭാകരാനന്ദ സരസ്വതി മഹാരാജ് ആണ് സാധുവിൻ്റെ പൂർണ്ണ സന്യാസദീക്ഷാ ഗുരു എന്ന് പറയുന്നതിൽ ആനന്ദമുണ്ട്.
ഗുരുവിനെ അറിയുക.
പ്രഭാകരം പ്രകാശമയം.
വേദവ്യാസ മഹർഷിയുടേയും, വസിഷ്ഠ ഗുരുവിന്റേയും, യാജ്ഞവൽക്യ മഹർഷിയുടേയും, ഒടുവിൽ ജഗത്ഗുരു ശങ്കരാചാര്യ ഭഗവത്പാദരുടെയും ധർമ്മോപദേശങ്ങളെ കലിയുഗത്തിൽ സ്വന്തം ജീവിതം മാതൃകയാക്കി നൽകി പ്രവർത്തിയിലൂടെ നടപ്പിലാക്കാൻ ധൈര്യം കാണിച്ച ദക്ഷിണ ഭാരതത്തിലെ ശക്തനായ ആചാര്യശ്രേഷ്ഠൻ. കേരളത്തിൽ നടക്കുന്ന ജനകീയ മഹായാഗ യജ്ഞങ്ങളിലെ നിറസാന്നിധ്യം. ചതിക്കെപെട്ട് ഒരിക്കലും നടക്കില്ല എന്ന് എഴുതി തള്ളിയ യാഗത്തിന് എല്ലാ പിന്തുണയും നൽകി അതിന്റെ വിജയത്തിനായി ഒറ്റ രാത്രി കൊണ്ട് കിലോമീറ്ററുകൾ താണ്ടിയെത്തി യാഗം വിജയിപ്പിച്ച യജ്ഞാചാര്യൻ. ഋഷിപരമ്പരകളെ സ്വന്ത ജീവിതത്തിൽ മാതൃകയാക്കി ധർമ്മസേവയിൽ സജീവമായ
അന്താരാഷ്ട്ര ധർമ്മസേവകൻ സത്ഗുരു: സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് . ആയിരത്തിലേറെ ഗൃഹസ്ഥശിഷ്യർ, 600 ൽ പരം ഗായത്രീ ഉപാസകരായ ശിഷ്യർ, 350 ഓളം ശ്രീവിദ്യാ ഉപാസക ശിഷ്യർ, ഇപ്പോഴിതാ ഭാരതത്തിലെ സന്യാസസമൂഹത്തിന് അഭിമാനമായി തന്റെ ഗുരുനാഥൻ
അനുഗ്രഹ ഉപദേശങ്ങളെ പാലിച്ചു കൊണ്ട് 150 സന്യാസിമാർക്ക് ആചാരവിധിപ്രകാരം സന്യാസദീക്ഷ നൽകിയിരിക്കു
കയാണ്.
ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ
മഹാമണ്ഡലേശ്വറായി പൂജനീയ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് പ്രഖ്യാപിക്കപെട്ടിരിക്കുന്നു.
അഖിൽ ഭാരതീയ സന്ത് സമിതിയുടെ ദേശീയ ജനറൽ സെക്രട്ടറിയും, കാശി ശങ്കരമഠം ഉത്തരാധികാരിയുമായ സംപൂജ്യ ദണ്ഡിസ്വാമി HH സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി മഹാരാജ്, ദക്ഷിണ ഭാരത ഓർഗ്ഗനൈസിങ് സെക്രട്ടറി സംപൂജ്യ സ്വാമി ശ്രദ്ധാനന്ദ സരസ്വതി മഹാരാജും (ഒറീസ്സ സ്വാമി) ചേർന്ന് കാഞ്ഞങ്ങാട് പെരിയ ഓം ശ്രീ മഠത്തിൽ വച്ച് നടന്ന കേരള കർണ്ണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെ സന്യാസി സംഗമത്തിലായിരുന്നു പ്രഖ്യാപനം. കാഞ്ഞങ്ങാട് ആനന്ദാശ്രമം മഠാധിപതി പൂജനീയ സ്വാമി മുക്താനന്ദ ജി മഹാരാജ് സന്യാസി സംഗമം ഉദ്ഘാടനം ചെയ്തു.
ബ്രഹ്മവിദ്യയുടെ അധീതിബോധാചരണ പ്രചരണങ്ങളെക്കൊണ്ടു സിദ്ധിച്ച ജ്ഞാനത്തിന്റെ ഫലമായി പ്രബുദ്ധമായ സ്വഹൃദയം അനുഭവിക്കുന്ന "ആനന്ദത്തെ 'സരസ്വതി' (വാക്ക്) മുഖേന ജനസാമാന്യത്തിനു പകർന്നു കൊടുക്കുന്ന ഒരേ ഒരു സമുൽകൃഷ്ട പുണ്യ വ്യാപാരത്താൽ സാർത്ഥക നാമധേയനായ സത്ഗുരു: സ്വാമി ജ്ഞാനാനന്ദ സരസ്വതി മഹാരാജ് കേരളത്തിനകത്തും പുറത്തുമുള്ള സന്യാസി സമൂഹത്തിന് സുപരിചിതനും സുസമ്മതനുമായ ഒരത്ഭുത യോഗീശ്വരനാണ്. ഹിമാലയത്തിലെ ത്രിമൂർത്തികളായ പൂജനീയ സ്വാമി ശിവാനന്ദ സരസ്വതി മഹാരാജിന്റേയും, പൂജനീയ സ്വാമി പുരുഷോത്തമാനന്ദപുരി മഹാരാജിന്റേയും, പൂജനീയ സ്വാമി തപോവൻ മഹാരാജിന്റേയും തപശക്തിയെ കേരളക്കരയിലേക്ക് ഒഴുക്കി 112 സന്യാസ ശിഷ്യരെ ഭാരതത്തിന് നൽകിയ സദ്ഗുരു സ്വാമി ജ്ഞാനാനന്ദ സരസ്വതി മഹാരാജിന്റെ ഉത്തമ ശിഷ്യൻ സംപൂജ്യ സ്വാമി നിത്യാനന്ദ സരസ്വതി മഹാരാജിന്റെ വാത്സല്യ ശിഷ്യൻ പ്രഭാകരാനന്ദ സരസ്വതി മഹാരാജ് 150 മത്തെ സന്യാസ ദീക്ഷ നൽകിയിരിക്കുന്നു. 1998 ഗുരു പൂർണ്ണിമക്ക് ആരംഭിച്ച ദീക്ഷായജ്ഞം ലക്ഷ്യത്തിലെത്തിയിരിക്കുന്നു.
ഇതുവരെ ആദ്ധ്യാത്മിക ജീവിതത്തിൽ നേടിയിട്ടുള്ളതിന്റെ എല്ലാ മഹത്വവും എന്റെ സന്യാസ ഗുരുനാഥനായ പൂജനീയ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിലൂടെ ഗുരു പരമ്പരക്ക് ഉള്ളതാകുന്നു.
മുപ്പത്തിയഞ്ച് വർഷത്തെ ആദ്ധ്യാത്മിക ജീവിതം കൊണ്ടും ജന്മസിദ്ധമായ വ്യത്യസ്ത ശൈലി കൊണ്ടും പരിചയപ്പെടുന്നവരൊക്ക ആരാധ്യപുരുഷനായി കാണുന്ന സ്വഭാവ മഹിമ കൊണ്ടും വിശ്രമരഹിതമായ പ്രവർത്തനങ്ങൾകൊണ്ടും ഏതൊരാളിന്റേയും ഹൃദയം തുറക്കുന്ന സരളമായ പെരുമാറ്റത്തിന് ഉടമയാണ് എന്റെ ഗുരുനാഥൻ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ്. താനുപദേശിക്കുന്ന തത്വങ്ങളെ മാതൃകാപരമായി അനുഷ്‌ഠാനങ്ങളിലൂടെ കാണിച്ചു കൊടുത്തു കൊണ്ടാണ് തന്റെ കർമ്മമണ്ഡലത്തിൽ കൊടുങ്കാറ്റുകളെപ്പോലും അതിജീവിച്ച് ശിരസ്സുയർത്തി നിൽക്കുന്നത് എന്നത് അഭിമാനത്തോടെ പറയാൻ അദ്ദേഹത്തിന്റെ ഏതൊരു ശിഷ്യനും അവകാശമുണ്ട്.
പാലക്കാട് ജില്ലയിൽ ഭാരതപ്പുഴ കൈവഴിയായി ഒഴുകുന്ന മങ്കരയിലാണ് സ്വാമിജിയുടെ ജന്മഗൃഹം.1965 മെയ് മാസം 9 ന് രാത്രി 12.5 ന് വെള്ളിയാഴ്ച ശുക്ലപക്ഷ പഞ്ചമി തിഥിയിൽ മാത്തൂർ ശ്രീമതി കുഞ്ചിയമ്മയുടെ മകൾ ശ്രീമതി കല്യാണിയമ്മയുടെ മൂന്നാമത്തെ പുത്രനായി ജഗത്ഗുരു ശങ്കരാചാര്യ ഭഗവത് പാദർക്ക് ജന്മം നൽകിയ അതേ ത്വഷ്ടകുലത്തിൽ ജനിച്ചു. 1971 ൽ ഗുജറാത്തിലെ വാൽസാടിൽ അമ്മാവന്റെ കൂടെ കഴിയവേ വിഷ്ണു സഹസ്രനാമവും വിഷ്ണുപൂജകളും അഭ്യസിച്ചു. 1972 ൽ മുംബെ ബാണ്ടൂബ് നാഷണൽ സ്കൂളിൽ പഠിച്ചു വരവേ സ്കൂളിൽ നിന്നും ഗോരേഗാവ് RA കോളനിയിലെ ഗാർഡൻസ് കാണുവാനായി പിക്നിക് പോകവേ, അദ്ധ്യാപകനായ ശ്രീ : ശശിധരൻ സർ പവായ് ചിന്മയ മിഷനിലേക്ക് ക്ഷേത്ര ദർശനത്തിന് കൊണ്ടുപോയി. അങ്ങിനെ ആദ്യമായി ഒരു ആശ്രമം സന്ദർശിക്കുകയും സദ്ഗുരു സ്വാമി ചിന്മയാനന്ദ സരസ്വതി മഹാരാജിനെ കണ്ട് നമസ്കരിക്കുകയും ചെയ്തു. അന്നവിടെയെത്തിയ എല്ലാ കുട്ടികൾക്കുമൊപ്പം സ്വാമി ചിന്മയാനന്ദ സരസ്വതി മഹാരാജിൽ നിന്നും ലഭിച്ച പഞ്ചാക്ഷരീ മന്ത്ര ഉപദേശം പ്രഭാകരൻ എന്ന കൗമാരക്കാരനിൽ ആദ്ധ്യാത്മികതയുടെ വിത്തുകൾ വിതക്കാൻ കാരണമായി.
"അഞ്ചാം ക്ലാസ്സിൽ ഇംഗ്ലീഷ് വിഷയത്തിലെ ഉപപാഠപുസ്തകമായി പഠിക്കാനുള്ളത് ഛത്രപതി ശിവജിയുടെ ചരിത്രം ആയതിനാൽ ഹിന്ദു ധർമ്മ രക്ഷ ചെയ്യണമെന്ന തീവ്രമായ ആഗ്രഹം ആ പത്ത് വയസ്സുകാരനിൽ ശക്തമായി ഉടലെടുത്തു. 1974 ൽ ഇറങ്ങിയ ജഗത്ഗുരു: ആദി ശങ്കരാചാര്യരുടെ സിനിമ നൂറിലധികം പ്രാവശ്യം കാണുകയും ആദി ശങ്കരാചാര്യരെപ്പോലെ ആകണമെന്ന് മനസ്സിൽ നിശ്ചയമെടുക്കുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്ത് വളരെയധികം ഉന്നതമായ നിലയിൽ എല്ലാ അദ്ധ്യാപകരുടേയും കണ്ണിലുണ്ണിയായി പ്രശംസകൾ പിടിച്ചു പറ്റി ഏറ്റവും കൂടിയ മാർക്കോടു കൂടി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി.
1975 മെയ് 31 ന് ബോംബെയിൽ വച്ച് സ്വാമി ദയാനന്ദ സരസ്വതി മഹാരാജിനെ കാണുകയും രുദ്രം, ചമകം എന്നിവ നിർബന്ധമായും പഠിക്കണമെന്ന ഉപദേശം സ്വീകരിക്കുകയും ചെയ്തു. പിന്നീട് 2015 മെയ് 31 ൽ
പാലക്കാട് ഓലശ്ശേരി ദയാനന്ദ ആശ്രമം ഉദ്ഘാടനവേളയിൽ പൂജനീയ സ്വാമിജിയുടെ പ്രഭാഷണം തർജ്ജിമ ചെയ്തത് നമ്മുടെ സ്വാമിജിയായിരുന്നു. 1983 ൽ സംപൂജ്യ സ്വാമി ചിന്മയാനന്ദ സരസ്വതി മഹാരാജ് ഹിന്ദുധർമ്മത്തിന് വേണ്ടി യൗവ്വനക്കാർ പ്രവർത്തിക്കേണ്ട വിഷയത്തെപ്പറ്റി അന്ധേരി സ്പോർട്ട്സ് ക്ലബ്ബിൽ വച്ച് അതി ശക്തമായ വാക്കുകളാൽ നൽകിയ ഉപദേശം ഏറ്റെടുത്തു. 1980 - 81 കാലഘട്ടങ്ങളിൽ വിശാല ഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി സ്വർഗ്ഗീയ മാധവജിയുമായി വളരെയധികം അടുത്ത ബന്ധം പുലർത്തുകയും, ഉപദേശം സ്വീകരിക്കുകയും ചെയ്തിരുന്നു.
പാലക്കാട് മലമ്പുഴ ITI യിൽ ഇലക്ട്രോണിക്സിന് പഠിച്ചു കൊണ്ടിരിക്കവേ 1981 ഓഗസ്റ്റ് മാസം 30 ന് സായി ഭക്തനായിരുന്ന ചെറാട് കൃഷ്ണേട്ടൻ മുഖേന പാലക്കാട് ശിവാനന്ദ ആശ്രമത്തിൽ വച്ച് സത്ഗുരു: ജ്ഞാനാനന്ദ ഗുരുദേവനെ ദർശിക്കുകയും യോഗ ആചാര്യനായ സ്വാമി നിത്യാനന്ദ സരസ്വതി മഹാരാജിനെ പരിചയപ്പെടുകയും ചെയ്തു. 1994 ൽ
നൈഷ്ഠിക ബ്രഹചര്യ ദീക്ഷയോടു കൂടി ശങ്കരാചാര്യ പരമ്പരയിൽ സ്വാമി പ്രഭാകരാനന്ദ സരസ്വതി എന്ന പേരിൽ സന്യാസ ദീക്ഷ ലഭിക്കാൻ ഇത് കാരണമാകുമെന്ന് അന്ന് അറിയില്ലായിരുന്നു.
1986 വരെ ആഴ്ചയിൽ സ്ഥിരമായി ബോംബെ ഗണേശ്പുരി കൊയിലാണ്ടി നിത്യാനന്ദ സ്വാമി സമാധി സന്ദർശിക്കുകയും വജ്രേശ്വരി ഭഗവതിയെ ഉപാസിക്കുകയും ചെയ്തിരുന്നു.
1986 ൽ നവംമ്പർ 16 ന് നൈഷ്ഠിക ബ്രഹ്മചര്യദീക്ഷയോടു കൂടി അയ്യപ്പ വ്രതം ആരംഭിക്കുകയും, ബോംബെ ഗുരുസ്വാമി ശ്രീ. രാജേശ്വരാനന്ദ സരസ്വതി മുദ്രധാരണം നടത്തുകയും ചെയ്തു.
1987 ൽ മഹാശിവരാത്രി നാളിൽ കാശി വിശ്വേശ്വര ലിംഗത്തിൽ പൂജ ചെയ്ത മഞ്ഞക്കാവി വസ്ത്രവും, ഉപദേശവും സ്വീകരിച്ച് നാഥ സമ്പ്രദായത്തിൽ സന്യാസത്തിന് തുടക്കം കുറിച്ചെങ്കിലും കേന്ദ്ര ഗവൺമെന്റ് ജോലിയും, വിദേശ യാത്രകളും കാരണം ദീക്ഷ ശരിയായി ആചരിക്കാൻ കഴിയാതെ പോയി.
മാസം തോറും ശബരിമല യാത്ര നടത്താൻ ഉള്ളതിനാൽ 1988 മാർച്ച 20 മുതൽ പാലക്കാട് സ്ഥിര താമസമായി. പാലക്കാട് കൊപ്പം വിജ്ഞാന രമണീയ ആശ്രമത്തിൽ സ്ഥിര താമസം ആവുകയും പാലക്കാട് ചിന്മയാമിഷനിൽ പഠന പരിശീലനം നടത്തുകയും ജില്ലയിലെ എല്ലാ ഹിന്ദു പ്രസ്ഥാനങ്ങളുമായി ചേർന്നു പ്രവർത്തിക്കുകയും ചെയ്തു വന്നു. 1992 ൽ കേരളാ ക്ഷേത്രസംരക്ഷണ സമിതിയുടെ ജില്ലാ സെക്രട്ടറി സ്ഥാനം വഹിക്കുയും, പാലക്കാട് വച്ച് ആദ്യത്തെ സംസ്ഥാന സമ്മേളനം നടത്താനും സാധിച്ചു.
1993 ഗുരു പൂർണ്ണിമയിൽ ശ്രീ വിദ്യാ പരമ്പരയിൽ രാമേശ്വരം പൂജനീയ മായിയമ്മയിൽ നിന്നും ദീക്ഷ സ്വീകരിച്ചു. കൽക്കട്ടയിലെ ക്രിയാ യോഗ ആനന്ദ മാർഗ്ഗി പരമ്പരയിലും, 1999 ൽ മുങ്കേർ സ്കൂൾ ഓഫ് യോഗയുടെ കീഴിൽ ക്രിയാദീക്ഷയും സ്വീകരിച്ചെങ്കിലും നിത്യമായി ആചരിക്കാൻ കഴിഞ്ഞിരുന്നില്ല.
സാന്ദീപനീ സാധനാലയം മുംബെയ് , ചിന്മയാമിഷൻ
യോഗ വേദാന്ത ഫോറസ്റ്റ് അക്കാദമി ഋഷികേശ്
കൈലാസാശ്രമം ഋഷികേശ്
ദയാനന്ദാശ്രമം ഋഷികേശ്
യോഗ നികേതൻ ഋഷികേശ്
ആർഷ വിദ്യാഗുരുകുലം ആനക്കട്ടി
ആസന ആണ്ടിയപ്പൻ യോഗാ കേന്ദ്രം ചെന്നൈ
പ്രകൃതി യോഗ ചികിത്സാ കേന്ദ്രം തൃച്ചി
സഹജ യോഗ കേന്ദ്രം മൈസൂർ
ഹിമാലയൻ യോഗ & സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ലഖ്നൗ
ഭൗദ്ധ വിഹാര കേന്ദ്രം കട്ടക്ക് (ഒറീസ്സ )
എന്നീ കേന്ദ്രങ്ങളിൽ നിന്നും പഠന പരിശീലനങ്ങൾ നേടുകയും അനേകം പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.
ബ്രഹചാരിയായിരിക്കവേ തന്നെ നാല് ആമ്നായ പീഠങ്ങൾ സന്ദർശിക്കുകയും, മഠാധിപതികളിൽ നിന്ന് അനുഗ്രഹവും ഉപദേശവും നേടുകയും ചെയ്തിട്ടുണ്ട്.
ഹിമാലയത്തിലെ ചാർധാമവും, ഭാരതത്തിലെ ചതുർധാമവും സന്ദർശിക്കുകയും ജ്യോതിർ ലിംഗങ്ങളിൽ ഒൻപത് ലിംഗങ്ങൾ ദർശിക്കുകയും ചെയ്തിട്ടുണ്ട്.
വൈദികഹോമങ്ങളും, യാഗങ്ങളും, യജ്ഞങ്ങളും പുതുക്കോട്ടയിലുള്ള ബ്രഹ്മശ്രീ : കൃഷ്ണ ശാസ്ത്രികളിൽ നിന്നും അഭ്യസിക്കുകയും ചണ്ഡികാഹോമ യജ്ഞങ്ങളും, ക്രിയകളും കാഞ്ചി PN ശ്രീനിവാസ ശാസ്ത്രികളിൽ നിന്ന് അഭ്യസിക്കുകയും ചെയ്തിട്ടുണ്ട്. 1990 മുതൽ വിശ്വഹിന്ദു പരിഷത്ത്, സ്വദേശി ശാസ്ത്ര പ്രസ്ഥാനം, എന്നീ സംഘടനകളിൽ മുഖ്യസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റേയും ആദ്ധ്യാത്മിക പ്രവർത്തകനായി ദേശീയ തലത്തിൽ പ്രവർത്തിക്കുകയും കേരളത്തിനു പുറത്തും വിദേശങ്ങളിലുമായി അനേകം അയ്യപ്പ പ്രസ്ഥാനങ്ങളും ക്ഷേത്രങ്ങളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ദിവ്യ ജീവന സംഘത്തിൻെറ കേരള ഓർഗനൈസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2003 ൽ മലേഷ്യയിൽ നടന്ന ഒൻപതാമത് ലോക
ശൈവ സമ്മേളനത്തിൽ ഏറ്റവും മികച്ച പ്രഭാഷകനുള്ള പുരസ്കാരം ഏറ്റുവാങ്ങി. 2003 ൽ മലേഷ്യയിൽ തന്നെ നവംമ്പറിൽ നടന്ന ലോക മുരുകൻ സമ്മേളനത്തിൽ പ്രധാന പ്രഭാഷകനായിരുന്നു.
സനാത ധർമ്മത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ പ്രചരിപ്പിക്കുവാനും ധർമ്മ പ്രവർത്തനങ്ങൾ നടത്തുവാനുമായി മുപ്പത്തിയാറ് (36) രാജ്യങ്ങൾ സ്വാമിജി ഇതുവരെ സന്ദർശിച്ചിട്ടുണ്ട്. വിവിധ വിദേശ രാജ്യങ്ങളിൽ അയ്യപ്പ സ്വാമിയുടെ പ്രതിഷ്ഠകൾ നടത്തിയിട്ടുണ്ട്.
ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, മറാഠി, മലയാളം, തമിഴ്, എന്നീ ആറ് ഭാഷകളിൽ ഒരേ സമയം ഒരേ വിഷയം പ്രഭാഷണം ചെയ്യുവാൻ അക്ഷര ദേവതയായ സരസ്വതിയുടെ അനുഗ്രഹം ലഭിച്ച ഈ പുണ്യാത്മാവ് നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
അയ്യപ്പ ഭക്തി പ്രവചന തിലകം
സനാതന ഭക്ത മഹാസഭ ആചാര്യ പുരസ്കാരം
സ്വാമി വാസുദേവാനന്ദ പുരസ്കാരം
ചിന്മുദ്രാ പുരസ്കാരം
തത്ത്വമസി പുരസ്കാരം
ഭാരത ഗൗരവ് രത്‌ന പുരസ്കാരം
രാജീവ് ഗാന്ധി ശാന്തി പുരസ്കാരം
വേദ പാരായണ പാരാങ്കത പുരസ്കാരം
അന്താരാഷ്ട്ര ധർമ്മ സേവക പുരസ്കാരം
എന്നിവകൾ നേടിയിട്ടുള്ള സ്വാമിജി ലോകശാന്തിക്കും സമാധാനത്തിനും സാഹോദര്യത്തിനും ഐക്യത്തിനും വേണ്ടി 340 ൽ അധികം "സമൂഹ മഹാ ചണ്ഡികാ യജ്ഞങ്ങൾ " നടത്തുകയും, 73 ൽ പരം ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുകയും 64 ൽ അധികം ഭഗവത് ഗീതാ ജ്ഞാന യജ്ഞങ്ങൾ വിവിധ ഭാഷകളിൽ ഭാരതത്തിലുടനീളം നടത്തുകയും ചെയ്തിട്ടുണ്ട്.
തികഞ്ഞ അയ്യപ്പ ഭക്തനായ സ്വാമി ഗുരുസ്വാമി ആയതിനു ശേഷം പന്തളം വലിയ രാജാവിന്റേയും, ശബരിമല തന്ത്രിമാരുടെയും നിർദ്ദേശാനുസരണം ഭക്തജനങ്ങൾക്കും സ്ത്രീകൾക്കും ശുദ്ധിയോടു കൂടി നെയ്യുമായി കയറാവുന്ന വിധം 18 മലകളെ പ്രതിനിധീകരിച്ചു കൊണ്ട് 18 ക്ഷേത്രങ്ങളും, 18 പടികളും ഭക്തർക്ക് നേരിട്ട് അഭിഷേകം ചെയ്യാവുന്ന വിധത്തിൽ പഞ്ചലോഹ വിഗ്രഹം അടങ്ങുന്ന " മിനി ശബരിമല അയ്യപ്പ സന്നിധാനം 2009 പങ്കുന്നി ഉത്രത്തിന് സ്ഥാപിച്ചു.
ശ്രീഅയ്യപ്പ ഭഗവാന്റെ തിരു നാമത്തിലുള്ള ഭാരതത്തിൽ ഏക ആശ്രമമായ "അയ്യപ്പ സേവാശ്രമത്തിന്റെ മഠാധിപതിയാണ് പൂജനീയ സ്വാമിജി.
വയനാട് അമ്പലവയൽ സനാതന ധർമ്മാശ്രമം, ഇതിനോട് ചേർന്ന് പ്രവത്തിക്കുന്നു.
കേരളത്തിൽ ആദ്യമായി ഈ ശ്രേഷ്ഠ യതിവര്യന്റെ ദർശനപ്രകാരം വിവിധ പരമ്പരകളിലുള്ള സന്യാസിമാരെയും, ആശ്രമങ്ങളേയും ഏകോപിപ്പിച്ച് ധർമ്മ സംരക്ഷണത്തിനു വേണ്ടി സംപൂജ്യ സ്വാമി വേദാനന്ദ സരസ്വതി മഹാരാജ് ചെ യർമാനായി സന്യാസിമാരുടെ ക്ഷേമത്തിനുവേണ്ടി സന്യാസിമാരാൽ മാത്രം നിയന്ത്രിക്കപ്പെടുന്ന "സംസ്ഥാന സന്യാസി സഭ കേരള" എന്ന മഹാ പ്രസ്ഥാനം 1999 ൽ രൂപം കൊള്ളുകയും 2004 ൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ പ്രസ്ഥാനത്തിനു കീഴിൽ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന് വിശ്രമമില്ലാതെ പ്രവർത്തിച്ചതിന്റെ ഫലമായി 150 പേർക്ക് വിധിപ്രകാരം സന്യാസ ദീക്ഷ നൽകുവാൻ ഇതുവരെ സാധിച്ചിട്ടുണ്ട്. എല്ലാ ഹൈന്ദവ പ്രസ്ഥാനങ്ങളേയും ഒരുപോലെ
സ്നേഹിക്കുന്ന സ്വാമിജി പിന്നീട് മഹാപ്രസ്ഥാനമായ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട മാർഗ്ഗദർശകമണ്ഡലിന്റേയും ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. വിദേശയാത്രയോടുള്ള ബന്ധത്തിൽ ആ പ്രസ്ഥാനത്തെ
കൂടുതൽ ശക്തമാക്കാൻ മാർഗ്ഗദർശക്മണ്ഡൽ ജനറൽ സെക്രട്ടറി സ്ഥാനം മറ്റൊരു സന്യാസിക്ക് കൈമാറി. സോമയാഗങ്ങളും, ഹിന്ദുമഹാസമ്മേളനങ്ങളും, യോഗാ -മെഡിക്കൽ ക്യാമ്പുകളും, വേദാന്ത പഠന ശിബിരങ്ങളും നടത്തി വിജയിപ്പിക്കുകയും, വിവിധ സേവന പദ്ധതികളിലൂടെ അനേകം കുടുംമ്പങ്ങളെ ഇപ്പോഴും സംരക്ഷിക്കുകയും ചെയ്തുവരുന്നു.
യോഗയും, വേദാന്തവും, തന്ത്ര ശാസ്ത്രവും യോജിപ്പിച്ച് എല്ലാവരേയും ഒരുപോലെ സ്നേഹ വാത്സല്യ ആദരവോടു കൂടി ഐക്യപ്പെടുത്തുവാനും, അയ്യപ്പപൂജ മുതൽ ആംബുലൻസ് ഓടിക്കുന്നതുവരെയുള്ള കർമ്മങ്ങൾ ഒരു മടിയും കൂടാതെ ചെയ്യുന്ന ഈ യോഗീശ്വരന്റെ പ്രവർത്തനം മൂലം അനേകം ഗ്രാമക്ഷേത്രങ്ങളും, കുടുംമ്പ ക്ഷേത്രങ്ങളും ഉദ്ധരിക്കപ്പെടുകയും, കുടുംമ്പ ബന്ധങ്ങൾ പുന:സ്ഥാപിച്ച് ഏകോപിപ്പിക്കുകയും ചെയ്തു.
ഭാരതത്തിൽ സന്യാസിമാരുടെ ഐക്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന തമിഴ്നാട്ടിലെ അഖില ഭാരതീയ സന്യാസി സംഘത്തിന്റെ പ്രവർത്തനങ്ങളിൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈ ഗുരുനാഥനൊപ്പം വിവിധ ആശ്രമങ്ങൾ സന്ദർശിക്കുകയും അനേകം സന്യാസി ശ്രേഷ്ഠന്മാരെ പരിചയപ്പെടുകയും ചെയ്തു.
വൈദിക കർമ്മങ്ങളെ അടിസ്ഥാനമാക്കി അഖില ഭാരത സന്യാസി സംഘത്തിന്റെ വൈദിക ആചാര്യനായി തിരഞ്ഞെടുക്കപ്പെട്ടു
സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് അഖില ഭാരത സന്യാസി സഭയുടെയും, സനാതന ഏകോപന സമിതിയുടെയും, വയനാട്ടിലെ സനാതന ധർമ്മാശ്രത്തിന്റേയും, അയ്യപ്പ മിഷൻ ട്രസ്റ്റിന്റേയും പ്രധാന സ്ഥാനങ്ങളിൽ തന്റെ കർമ്മം ഒരു മടിയും കൂടാതെ ചെയ്യുന്ന ഈ യോഗിയെ ഭാരതത്തിലെ 14 മത്തെ അഖാഡയായ ആദി ശങ്കര അദ്വൈത അഖാഡയുടെ ജനറൽ സെക്രട്ടറിയായി തൃശ്ശൂർ ശിവാശ്രമം നാഗസായ് ദേവസ്ഥാനത്തു വച്ച് തിരഞ്ഞടുക്കപ്പെടുകയും അഖില ഭാരതീയ അഖാഡ പരിഷത്തിന്റെ അംഗീകാരത്തിനായി അന്ന് 127 സന്യാസി ശിഷ്യരുള്ള സാധുവിന്റെ ഈ ഗുരുവിനെ മണ്ഡലേശ്വരായി പ്രഖ്യാപിക്കാൻ നോമിനേറ്റും ചെയ്തു.
2022 മെയ് 14,15 തീയതികളിൽ ചെങ്കോട്ടുകോണം സത്യാനന്ദ സരസ്വതി നഗറിൽ വച്ചു നടന്ന അഖില ഭാരതീയ സന്ത് സമിതിയുടെ മൂന്ന് സംസ്ഥാനങ്ങളിലെ സന്യാസിമാരുടെ സമ്മേളനം സംപൂജ്യ ഗുരുനാഥനെ പ്രദേശ് പ്രമുഖ് ആയി തിരഞ്ഞെടുത്തിരുന്നു. ഇപ്പോൾ അഖിൽ ഭാരതീയ സന്ത് സമിതിയുടെ ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ മഹാമന്ത്രിയാണ് പൂജനീയ ഗുരുനാഥൻ.
ആദി ശങ്കര അദ്വൈത അഖാഡയുടെയും, സംസ്ഥാന സന്യാസി സഭയുടേയും ജനറൽ സെക്രട്ടറിയുമായ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് ഇതിനോടകം 150 പേർക്ക് സന്യാസദീക്ഷ നൽകിക്കഴിഞ്ഞു. മൂന്നൂറ്റി അറുപതിലേറെ ചണ്ഡികാ യജ്ഞങ്ങളും, ശ്രീരൂദ്രയജ്ഞങ്ങളും നടത്തി ജാതി രാഷ്ട്രീയ വേർതിരിവില്ലാതെ പ്രവർത്തിക്കുന്ന പ്രഭാകരാനന്ദ സ്വാമിയെ കാഞ്ഞങ്ങാട് ആനന്ദാശ്രമം മഠാധിപതി പൂജനീയ സ്വാമി മുക്താനന്ദ ജി മഹാരാജ് ഉദ്ഘാടനം ചെയ്ത അഖിൽ ഭാരതീയ സന്ത് സമിതിയുടെ സന്യാസി സഭയിൽ വച്ച് സമിതി ദേശീയ ജനറൽ സെക്രട്ടറിയും, കാശി ശങ്കരമഠം ഉത്തരാധികാരിയുമായ സംപൂജ്യ ദണ്ഡിസ്വാമി HH സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി മഹാരാജ്, ദക്ഷിണ ഭാരത ഓർഗ്ഗനൈസിങ് സെക്രട്ടറി സംപൂജ്യ സ്വാമി ശ്രദ്ധാനന്ദ സരസ്വതി മഹാരാജും (ഒറീസ്സ സ്വാമി) ചേർന്ന് കേരള തമിഴ്നാട് കർണ്ണാടക എന്നീ സംസ്ഥാനങ്ങൾക്കു വേണ്ടി കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആദ്യത്തെ ദക്ഷിണ മഹാമണ്ഡലേശ്വറായി പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് പെരിയ ഓം ശ്രീ മഠത്തിൽ വച്ച് നടന്ന കേരള കർണ്ണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെ സന്യാസി സംഗമത്തിൽ വച്ചായിരുന്നു പ്രഖ്യാപനം.
ഗുരുപരമ്പരകൾക്ക് പ്രസാദമായി തന്നേക്കാൾ തന്റെ ശിഷ്യർ വലുതാകണം എന്ന ആദർശത്തോടെ സ്നേഹിച്ചും, ശാസിച്ചും, ശിക്ഷിച്ചും ശിഷ്യരെ ഒപ്പം നിർത്തി വളർത്തുന്ന ഈ ഗുരുനാഥൻ വർഷങ്ങളായി ആദ്ധ്യാത്മിക മേഖലകളിൽ പ്രവേശിക്കുകയും, വിധിപ്രകാരം ദീക്ഷയോ, ഉപദേശമോ ഇല്ലാതെ ജീവിതം നിരാശയോടും വിഷമതകളോടും കൂടി മുന്നോട്ടു പോകാൻ സാധിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്ന സാധകർക്ക് അതാത് വിധിപ്രകാരം കുലധർമ്മവും, ആചാരവും പാലിച്ചുകൊണ്ട് സാധകരുടെ അടുക്കലെത്തി നിസ്വാർത്ഥമായി അവർക്ക് ദീക്ഷയും ഉപദേശവും നൽകി ആദ്ധ്യാത്മിക മേഖലയിലേക്ക് ഏകോപിപ്പിച്ച് എടുക്കുവാനുള്ള കഴിവ് ഗുരു പരമ്പരയിൽ നിന്ന് അനുഗ്രഹമായി നേടിയിട്ടുള്ള സംപൂജ്യ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ പ്രവർത്തനം ജാതിക്കും , കുലത്തിനും , കുടുംബത്തിനും , വർഗ്ഗത്തിനും വർണ്ണത്തിനും അതീതമാണ് എന്ന് ഒപ്പമുള്ള യാത്രകളിൽ അനുഭവങ്ങളിലൂടെ മനസ്സിലാക്കിയത് ചുരുങ്ങിയ വാക്കുകളിൽ പകർത്തി എഴുതാൻ ലഭിച്ച ഭാഗ്യത്തിന് ഗുരുപാദങ്ങളിൽ നമസ്കരിച്ചു കൊണ്ട് മുഴുവൻ സന്യാസി ശിഷ്യർക്കും വേണ്ടി സമർപ്പിക്കുന്നു.
ഇതാണ് സാധുവിൻ്റെ ഗുരുനാഥന്റെ ഫോൺ നമ്പർ
9605831814
ഗുരുപാദുകാഭ്യാം നമഃ
പൂജനീയ ഗുരുനാഥൻ HH പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ 61 മത്തെ സന്യാസ ശിഷ്യനാണ് സാധു.
ദണ്ഡിസ്വാമി വിശ്വകർമ്മ കുല പീഠാധീശ്വർ
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കൺവീനർ
കേരള സംസ്ഥാന സന്യാസി സഭ
സെക്രട്ടറി
ആദി ശങ്കര അദ്വൈത അഖാഡ
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
കേരള.
679564
Phone
90 61 97 12 27
92 07 97 12 27
സ്വാമിയേ ശരണമയ്യപ്പാ കൂടരഞ്ഞി, കാരാട്ടുപാറ ശ്രീധർമ്മശാസ്താ ക്ഷേത്രം പുനരുദ്ധാരണ കാലം(2015)മുതൽ ശ്രീമദ്ദ് .സ്വാമി ജ്ഞാനതീർത്ഥ ശിവഗിരി മഠം അവർകളുടെ ഉപദേശ നിർദേശങ്ങൾ ഉൾകൊണ്ട് പ്രവർത്തിച്ചു വരുകെ മുക്കം മഠംപറമ്പ് കരുവൻ കരിയാത്തൻ ക്ഷേത്രത്തിൽ വെച്ച് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതിയെ ദർശിക്കുകയും അന്നുമുതൽ ഇന്നുവരെ ഏതോ ഒരു അദൃശ്യ പാശത്താൽ ബന്ധിപ്പിച്ചതു പോലെ ഒരു അടുപ്പം ...ഇന്ന് ആത്മ സന്ദേശം ചിത്രം ഉൾപെടെ വായിച്ചു കണ്ടപ്പോൾ ഒരു പ്രത്യേക അനുഭൂതി ..26/01/2023
മറുപടിഇല്ലാതാക്കൂ