ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?
സാധുദർശനം പാപ വിമോചനം
ആരാണ് ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?
കുറച്ചു കാലമായി ആദ്ധ്യാത്മിക ലോകത്ത് സജീവമായവർക്കിടയിൽ ഉയർന്നുവന്ന ചോദ്യമാണിത്. നാല് വർഷമായി എല്ലാ ദിവസവും രാവിലെ 6 മണിക്കു മുമ്പേ ആത്മസന്ദേശം എന്ന പേരിൽ വേദപുരാണ ഇതിഹാസങ്ങളിലൂടെ തത്വചിന്തകൾ ചെറുകഥകളായും ദർശനങ്ങളായും എഴുതി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കുലാചാര ധർമ്മ പ്രബോധനങ്ങളിലൂടെ സമൂഹത്തെ ഉണർത്തുകയും ചെയ്യുന്ന ഈ സന്യാസിയെക്കുറിച്ച് ചെറിയൊരു വിവരണം. പൂജാരിയായിരുന്നു, ഇപ്പോൾ സന്യാസിയാണെന്നും പലർക്കും അറിയാം. എന്നാൽ അടുത്തറിഞ്ഞാൽ സ്വന്തം കൂടപ്പിറപ്പായും, മകനായും, സുഹൃത്തായും, നല്ലൊരു മാർഗ്ഗ നിർദ്ദേശകനായും എല്ലാറ്റിനുമുപരി ഗുരുവായും ഹൃദയത്തിൽ സ്ഥാനം പിടിക്കുന്ന വ്യക്തിത്വം. കേരളത്തിലെ സന്യാസിമാർക്കു വേണ്ടി സന്യാസിമാരാൽ മാത്രം നിയന്ത്രിക്കപ്പെടുന്ന ഏക അംഗീകൃത കൂട്ടായ്മയായ
കേരള സംസ്ഥാന സന്യാസി സഭയുടെ രക്ഷാധികാരി, ജഗത്ഗുരു: ശ്രീ ശങ്കരാചാര്യ ഭഗവത്പാദരുടെ പേരിൽ രൂപീകൃതമായ ദക്ഷിണേന്ത്യയിലെ അഖാഡയായ ആദി ശങ്കര അദ്വൈത അഖാഡയുടെ ഉപ സച്ചീവ് (ദേശീയസെക്രട്ടറി), അയോദ്ധ്യയിലെ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട് പൂജനീയ സത്യാനന്ദ സരസ്വതി മഹാരാജ് തുടങ്ങി വച്ച രഥയാത്രക്ക് നേതൃത്വം നൽകുന്ന 7500 ആശ്രമങ്ങളുടേയും, 48 ലക്ഷത്തിലധികം സന്യാസിമാരുടെയും കൂട്ടായ്മയായ അഖില ഭാരതീയ സന്ത് സമിതിയുടെ കേരള വൈസ്: പ്രസിഡന്റ്, പത്മനാഭ സ്വാമി ക്ഷേത്ര നിലവറ സംരക്ഷണത്തിനു വേണ്ടി ധ്യാന ജപത്തിലൂടെ ആത്മീയ പ്രതിരോധം തീർത്ത പത്മനാഭ ദാസ ഭക്തജന സേവാ സമിതിയുടെ വൈസ് പ്രസിഡന്റ് തുടങ്ങി കേരളത്തിലെ മുഴുവൻ വിശ്വകർമ്മജരുടേയും വിശ്വകർമ്മ സംഘടനകളുടേയും, ആത്മീയ കൂട്ടായ്മകളുടേയും കുലാചാര ആത്മീയഗുരു എന്ന പീഠാധീശ്വർ സ്ഥാനത്ത് ജഗത്ഗരു ശങ്കരാചാര്യ ഭഗവത് പാദർ സ്ഥാപിച്ച മഠങ്ങളുടെ പരമ്പരകൾ അംഗീകരിച്ച് പ്രഖ്യാപിച്ച് കേരളത്തിലെ ആദ്യത്തെ വിശ്വകർമ്മ ശങ്കരാചാര്യ പീഠാധീശ്വരായി നിയുക്തനായ ഈ സന്യാസിയെ ഇനിയും അറിയാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്.
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്.
കൊല്ലവർഷം 1150 എടവം 20 ഉദയാദി 35 നാഴിക 15 വിനാഴിക (04-06-1975) ബുധനാഴ്ച രാവിലെ 6.45 ന് കൃഷ്ണദശമി തിഥിയിൽ, ധനുലഗ്നത്തിൽ, മനുഷ്യഗണത്തിൽ, വസന്തം ഋതുവിൽ ഉത്തരായനത്തിൽ ഉതൃട്ടാതി നക്ഷത്രത്തിൽ എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം എടനാട് കരയിൽ വാസ്തു ശാസ്ത്ര വിദഗ്ധരാൽ പ്രസിദ്ധമായ പുന്നക്കാട്ട് വിശ്വകർമ്മ തറവാട്ടിലെ വേലായുധൻ ആചാര്യയുടെ മൂന്നാമത്തെ മകൻ കൃഷ്ണൻകുട്ടി ആചാര്യയുടെയും, ഇടുക്കി ജില്ലയിലെ മൂലമറ്റം എലപ്പള്ളി കരയിൽ വാസ്തുശാസ്ത്ര പണ്ഡിതനായ പുല്ലേറ്റിൽ ശങ്കരനാചാര്യയുടെ മൂത്തമകൾ ശാന്തകുമാരിയുടെയും മൂത്ത പുത്രനായി മുട്ടത്ത് തോട്ടുങ്കര ഉള്ളേലിൽ അച്ചന്റെ വാടക കെട്ടിടത്തിൽ അച്ഛന്റ തൊഴിൽ ബന്ധമായി വാടകക്ക് താമസിക്കുമ്പോൾ ആയിരുന്നു ജനനം.
ഗർഭാവസ്ഥയിലായിരുന്ന സമയത്ത് കുട്ടിയെ നഷ്ടപ്പെടും എന്ന് വരെ വൈദ്യശാസ്ത്രം വിധിയെഴുതിയ സാഹചര്യങ്ങൾ ഉണ്ടായിരുന്നത്രേ.
ശരീരവും ശിരസ്സും ഒരുപോലെ ആയിരുന്ന ഒരു മാംസപിണ്ഡ രൂപമായിരുന്നു ഗർഭപാത്രത്തിന് പുറത്തെത്തിയപ്പോൾ. ശിരസ്സ് നിലത്തുവീണ കുടം പോലെ ആയിരുന്നു. ദിവസങ്ങളോളം ഡോക്ടർമാർ നടത്തിയ തീവ്രപരിചരണത്തിലൂടെ രക്ഷപെടുത്തിയെടുക്കുകയായിരുന്നു. 28 കഴിഞ്ഞ് തീ കരപ്പൻ എന്ന അസുഖം ബാധിച്ചു. ശരീരത്തിലെ മുഴുവൻ തൊലിയും പഴുത്ത് പൊളിഞ്ഞ് വാട്ടിയ വാഴയിലയിൽ കിടത്തിയായിരുന്നു ചികിത്സ. ജനിച്ച് 2 വയസ്സിനുള്ളിൽ മരണകരമായ അസുഖങ്ങളെ പല തവണ തരണം ചെയ്തു. പിന്നീട് വീട്ടുകാരുടേയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി വളർന്നു. ശ്രീകൃഷ്ണനെപ്പോലെ ഇടതൂർന്ന് വളർന്ന മുടി മുകളിൽ കെട്ടിവെച്ച് കുസൃതികൾ കാട്ടി ഓടി നടന്നിരുന്ന ഈ കണ്ണനെ ഒരു വട്ടമെങ്കിലും കൈയ്യിലെടുക്കാത്ത അമ്മമാർ മുട്ടം, തോട്ടുങ്കര, മാത്തപ്പാറ ഭാഗങ്ങളിൽ ഇല്ലായിരുന്നു. ക്ഷേത്ര ദർശനവും നാമജപവും നടന്നു തുടങ്ങിയ കാലത്തേ ഇഷ്ടമായിരുന്നു. നിരവധി പ്രസിദ്ധരെ സൃഷ്ടിച്ചെടുത്ത തോട്ടുങ്കരയിലെ രാമൻ നിലത്തെഴുത്താശാന്റെ കളരിയിൽ ആദ്യാക്ഷരം കുറിച്ചു.
ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെ മൂലമറ്റം IHEP സ്കൂളിൽ പഠിച്ചു. നൃത്തപഠനവും അവിടെത്തന്നെ ആയിരുന്നു തുടക്കം കുറിച്ചത്. എട്ടാം വയസ്സിൽ അച്ഛന്റെ കൈയ്യിൽ പിടിച്ച് ആദ്യ ശബരിമല യാത്ര. പതിനെട്ട് പടിയിലും നാളികേരം ഉടച്ച് പതിനെട്ടാംപടി കയറി. അഞ്ച് ക്ലാസുകളിൽ ശ്രീമൂലനഗരം മലയാളം സ്കൂളിൽ, ആറാം ക്ലാസ് മുതൽ പ്രസിദ്ധമായ ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിലായിരുന്നു പഠനം. സ്കൂൾ വിദ്യാഭ്യാസത്തോട് വലിയ താത്പര്യം ഇല്ലായിരുന്നു. 1990 ൽ സ്കൂൾ പഠനം തീർന്നു . വീടിനടുത്തുള്ള ഇടക്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കുങ്കുമപ്പാലയുടെ കൊമ്പുകളിലായിരുന്നു കൂടുതൽ സമയവും. പുരാണ കഥാഗ്രന്ഥങ്ങളിലും മറ്റും ശ്രദ്ധയുണ്ടായി പുസ്തക പാരായണത്തിലായിരുന്നു ബാല്യവും യൗവ്വനവും. കല്ലറ അപ്പുക്കുട്ടൻ എന്ന കലാകാരനിൽ നിന്ന്
തബലയും, ശ്രീമൂലനഗരം തിലകൻ എന്ന ചലച്ചിത്രപിന്നണി ഗായകന്റെ അച്ഛൻ കുട്ടൻ ആശാനിൽ നിന്ന് കഥാപ്രസംഗവും അഭ്യസിച്ചു. ശ്രീമൂലനഗരം വിജയൻ എന്ന വിശ്വപ്രസിദ്ധനായ നാടക സംവിധാകന് ദക്ഷിണ വച്ച് അഭിനയ കലയിൽ പഠനം ആരംഭിച്ചപ്പോഴേക്കും വീണ്ടും ശ്വാസംമുട്ടലും നെഞ്ചുവേദനയും ആരംഭിച്ചു. വിദ്യാഭ്യാസം കഷ്ടിച്ച് കടന്നു. കുലത്തൊഴിൽ അഭ്യസിക്കുവാൻ മൂലമറ്റത്ത് അമ്മാവന്റെ അടുക്കലേക്ക് പോയി. താന്ത്രിക - വൈദിക പൂജാദികളും, ജ്യോതിഷ - വാസ്തു ശാസ്ത്രവും കൈകാര്യം ചെയ്യുന്ന മാതുലൻ ബ്രഹ്മശ്രീ ഗോപാലകൃഷ്ണൻ ആചാര്യക്ക് ദക്ഷിണ സമർപ്പിച്ച് വിദ്യ ആരംഭിച്ചു. അമ്മാവൻ സംപൂജ്യ സ്വാമി മാധവാനന്ദ തീർത്ഥ പാദരുടെ പൂർവ്വാശ്രമ കുടുംമ്പത്തിലെ ബന്ധുവും ഗൃഹസ്ഥ ശിഷ്യനുമായിരുന്നു. ആ കാലഘട്ടത്തിലാണ് ദൈവിക ചിന്തകളുമായി കൂടുതൽ അടുത്തത്.
ഭയഭക്തിയോടെ അമ്മാവനും, അപ്പുക്കുട്ടൻ സ്വാമിയും, തമ്മിലുള്ള പഠന വിഷയങ്ങൾ കാസറ്റിൽ റെക്കോർഡ് ചെയ്തത് കേൾക്കുക പതിവായിരുന്നു.
ആ ഇടക്കാണ് യേശുവിന്റെ കാര്യവും പറഞ്ഞ് ആത്മീയയാത്രയുടെ പ്രവർത്തകർ മൂലമറ്റത്ത് വന്നത്. അവർ നൽകിയ ബൈബിൾ പുതിയ നിയമം മുഴുവൻ ആവർത്തിച്ച് വായിച്ചു. മനുഷ്യ പുത്രനായി ജനിച്ച ദൈവത്തെക്കുറിച്ച് ചിന്തിച്ചു. യേശുവിനേക്കുറിച്ച് പഠിക്കാൻ അവരോടൊപ്പം കൂടി. ക്രിസ്തീയ ഭക്തിഗാന കാസറ്റും, സുവിശേഷ പുസ്തകങ്ങളും വിൽക്കുകയും പൊതുസ്ഥലങ്ങളിൽ ഹൈന്ദവ ദേവന്മാരെ പരസ്യമായി എതിർത്ത് പ്രസംഗിക്കുകയും ചെയ്തിരുന്ന അവരോടൊപ്പം ഹൈന്ദവത എന്തെന്ന് പഠിച്ചിട്ടില്ലാത്ത പാതി മനസ്സോടെ നടന്നു.
കിസ്ത്യാനിയാക്കാൻ ക്രിസ്ത്യാനി പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ പലവിധ ശ്രമങ്ങളും നടന്നു. അമ്മാവന്മാരുടെ തക്കസമയത്തുള്ള ഇടപെടലുകൾ അദ്ദേഹത്തെ അതിൽ നിന്നും രക്ഷിച്ചു.
കുട്ടികളോടും, അമ്മമാരോടും പെട്ടന്ന് അടുക്കുന്ന സ്വഭാവമാണ് സ്വാമിയുടേത്. ഞാൻ പരിചയപ്പെടുന്ന കാലത്തും ഈ അടുത്ത കാലത്തും പരിചയപ്പെടുന്ന ഒരാൾ പോലും പിണങ്ങി മാറാത്ത വലിയോരു സൗഹൃദ വലയം കാണുന്നു. മനസ്സിൽ വരുന്നത് തുറന്ന് പറയും. ചങ്ങനാശ്ശേരിയിൽ തൃക്കൊടിത്താനത്ത് ബന്ധുവിന്റെ വീട്ടിൽ തൊഴിൽ കാര്യത്തിന് പോയതും ആദ്യ പ്രണയവും
നൈരാശ്യവും പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന സാധുവിന്റെ നിറഞ്ഞ കണ്ണുകളിലെ തിളക്കം ഹൃദയ നിഷ്കളങ്കതയെ തുറന്ന് കാണിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ ജീവിത കഥ .
വീട്ടുകാരുടെ താത്പര്യപ്രകാരം മാഞ്ഞാലി കുന്നുകര മാവേലി തറവാട്ടിൽ നാണപ്പനാചാരി എന്ന് വിളിക്കുന്ന നാരായണൻ ആചാര്യയുടേയും, ലക്ഷ്മിയമ്മയുടേയും അഞ്ചാമത്തെ പുത്രി മായാദേവിയുടെ കഴുത്തിൽ 1997 നവംമ്പർ രണ്ടാം തീയതി താലി ചാർത്തി. ആ സമയത്താണ് കൊച്ചി സിറ്റി പോലീസ് ട്രാഫിക് വാർഡനായി നിയമിതനായത്. പിന്നീട് പെട്ടന്നൊരു ഉയർച്ചയായിരുന്നു. എറണാകുളം റൂറൽ ആക്ഷൻ ഫോഴ്സ് അംഗമായി , കേരള ആക്ഷൻ ഫോഴ്സ് ട്രാഫിക് ചീഫ് ആയി കാലടി, അങ്കമാലി, പുത്തൻകുരിശ്, കോതമംഗലം സ്റ്റേഷനുകളിൽ സേവനം. വ്യാജവാറ്റ് ഗുണ്ടാമാഫിയ, മണൽ മാഫിയ, വിദ്യാത്ഥിനികൾക്ക് നേരെയുള്ള അതിക്രമം എന്നിവക്കെതിരെ ശക്തമായ നടപടികളും, ഉന്നത അധികാരികൾക്ക് റിപ്പോർട്ടുകളും കൈമാറി. രക്തദാന രംഗത്തും സജീവമായിരുന്നു. ജസ്റ്റിസ് VR കൃഷ്ണയ്യർ, ജില്ലാ കളക്ടർ KR രാജൻ, SP സോമരാജൻ, കമ്മീഷണർ തോമസ് ജോർജ്ജ്, എന്നിവർ സാധുവിനെ ധീരമായ സേവനങ്ങൾക്ക് അനുമോദിച്ചിട്ടുണ്ട്.
ഒരു ദിവസം സ്വാമിയുടെ ഭവനത്തിലെ പതിവ് സന്ദർശകനായ ആംഗ്ലോ ഇന്ത്യൻ എന്ന് അവകാശപ്പെടുന്ന ഒരു ഉപദേശി പൂർണ്ണമായും അവരിലേക്ക് അടുപ്പിക്കുന്നതിനു വേണ്ടി ഒരു സ്വകാര്യ ചോദ്യം ഉദാഹരണത്തിനായി ചോദിച്ചു. അതുവരെയും അങ്ങിനെയൊരു ചിന്ത ഇല്ലാതിരുന്ന അദ്ദേഹത്തിന് ഉള്ളിൽ പലവിചാരങ്ങൾ മുള പൊട്ടി. അങ്ങിനെ ചിന്തിക്കുന്നത് പോലും പാപമാണെന്ന അറിവിൽ ഉറച്ചു നിന്നു. പക്ഷേ ദാമ്പത്യ തകർച്ച അവിടെ ആരംഭിച്ചു. ഭാര്യയോടു പോലും വെറുപ്പ് തോന്നിത്തുടങ്ങി. ഒരു വർഷം കൊണ്ട് ആ ഒരു ചോദ്യം മാനസിക രോഗിയാക്കി മാറ്റി. എല്ലാവരേയും സംശയം. പ്രത്യേകിച്ച് ഭാര്യയെ, അവിഹിതമല്ല സംശയം തന്നെ എല്ലാവരും ചേർന്ന് കൊല്ലാൻ ശ്രമിക്കുന്നു. എല്ലാവരോടും ദേഷ്യം വർദ്ധിച്ചു. ഭാര്യയെ മദ്യപാനിയേക്കാൾ മോശമായ വിധം അസഭ്യങ്ങളും, മർദ്ദനങ്ങളും ആരംഭിച്ചു. പ്രഷർ കൂടി, ഒരു തീരുമാനത്തിലെത്തി. "എല്ലാവരേയും കൊന്ന് ആത്മഹത്യ". പ്രഷർ കൂടി, ഒരു വശം തളർന്നു, മാസങ്ങളോളം കടന്ന കിടപ്പിലും മനോഭാവത്തിന് മാറ്റമില്ല. നാട്ടുകാരും, ബന്ധുക്കളും ധാരാളം സഹായിച്ചു. നടക്കാൻ ആരംഭിച്ചപ്പോൾ ഉപദ്രവം നിർത്തി. കൊലപാതകത്തിന് അവസരം നോക്കിയിരുന്നു. സത്യത്തിൽ ഇവരോടുള്ള പക അല്ലായിരുന്നു ഈ ചിന്തക്ക് കാരണം. നിത്യരോഗിയായി ജോലിക്ക് പോകാൻ കഴിയാതെ മാസം തോറും 3000 രൂപയോളം മരുന്നിന് വേണ്ടിവരും, അത് കൂടുതൽ ബാധ്യത വരുത്തും, പെൺകുട്ടികൾ വലുതാകുമ്പോൾ എന്തു ചെയ്യുമെന്നായിരുന്നു. വിഷവും, മൂർച്ചയുള്ള ബ്ലെയിഡും കരുതിവച്ചു.
കാത്തിരുന്ന ആ ദിവസം എത്തി. രാത്രിയായി. മാതാപിതാക്കൾ വീട്ടിലില്ലാത്ത ദിവസം. പതിവില്ലാതെ എല്ലാവരോടും സ്നേഹം പ്രകടിപ്പിച്ചും കുട്ടികളെ എടുത്തും കഴിഞ്ഞു. തൊട്ടടുത്ത പള്ളിയിലെ പെരുന്നാളിന് എല്ലാ അയൽവാസികളും പോയപ്പോൾ രാത്രി 11 മണി മനസ്സിൽ കുറിച്ചു. കുട്ടികളോടപ്പം കിടന്നു. അറിയാതെ അദ്ദേഹം ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോൾ മൂന്നു മണി. പെട്ടന്നായിരുന്നു ആരോ പറഞ്ഞു കൊടുത്തത് പോലെ തീരുമാനങ്ങൾ മാറ്റി.
"ഇവരെ എന്തിന് കൊല്ലണം" ഞാൻ മരിച്ചാൽ പോരെ. ഈ രീതികൾ പറ്റില്ല. തീവണ്ടിക്ക് മുന്നിൽ ചാടാം. പിന്നൊന്നും ചിന്തിച്ചില്ല. രാത്രിയുടുത്ത മുണ്ടും ഷർട്ടും മാത്രം. വീടിന് തൊട്ടടുത്തുള്ള ചൊവ്വര റെയിൽവേ ട്രാക്കി നടന്നു. അസമയത്ത് ഒരു വണ്ടി അവിടെ നിർത്തിയത് കണ്ടു. പിന്നെ എല്ലാം യാന്ത്രികമായിരുന്നു. അതിൽ കയറി. ബർത്തിൽ കിടന്നു. കണ്ണുതുറന്ന് ഇറങ്ങിയത് പഴയ ബോംബെ കല്യാൺ സ്റ്റേഷനിൽ. നിരന്ന് കിടക്കുന്ന തീവണ്ടികൾക്കിടയിലുടെ നടന്ന് വിജനമായ ട്രാക്കിന്റെ വളവുള്ള ഒരു ഭാഗത്ത് എത്തി. അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പുവരുത്തി. വേഗത വർദ്ധിച്ച് വരുന്ന തീവണ്ടിയുടെ മുന്നിലേക്ക് ചാടി. പെട്ടന്ന് എവിടെ നിന്ന് വന്നു എന്നറിയില്ല, താടിയും മുടിയും നരച്ച് ഉയരം കൂടിയ ഒരു വെള്ളവസ്ത്രക്കാരൻ കൈയിൽ മുറുകെപ്പിടിച്ച് മാറ്റിനിർത്തി കുതറിയെങ്കിലും ആ വൃദ്ധന്റെ ബലത്തിനു മുതൽ തളർന്നു പോയി. ട്രെയിൻ പോയ ശേഷം കോപത്തോടെ അയാളെ നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കാണുന്നില്ല. പെട്ടന്ന് അദ്ദേഹം കുതറിയപ്പോൾ മുറുകെ പിടിച്ച ആ വൃദ്ധന്റെ കൈയ്യുടെ സ്ഥാനത്ത് എന്തോ ഉള്ളത് പോലെ തോന്നി. നോക്കിയപ്പോൾ ഒരു മയിൽപ്പീലി..
ദാഹവും വിശപ്പും മൂലം ശർദ്ധിച്ച് തളർന്നു വീണു. ബോധം തെളിയുമ്പോൾ ട്രാക്കിനടുത്തുള്ള ഒരു ക്ഷേത്രത്തിലാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. മലയാളിയാണെന്നറിഞ്ഞപ്പോൾ മലയാളവും തമിഴും സംസാരിക്കുന്ന ഒരാൾ വന്നു. എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. അന്ന് രാത്രി അവിടെ താമസിക്കാൻ സൗകര്യം കൊടുത്തു. പിറ്റേ ദിവസം രാവിലെ അവിടെ വന്ന മലയാളം അറിയുന്ന ഒരു കാവി വസ്ത്രധാരിയായ സന്യാസിയുടെ കൂടെ ഹരിദ്വാറിലേക്ക്. ഒരു വർഷം ഭരദ്വാജാ ആശ്രമത്തിൽ. അവിടെ നിന്ന് അജപാ ആശ്രമത്തിലേക്ക്. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ മൂന്നര വർഷം. ഉപനിഷത്തുകൾ, വേദങ്ങൾ, പുരാണങ്ങൾ, എന്നിവയിൽ നാഗസന്യാസിമാരിൽ നിന്നുള്ള ശ്രവണ പഠനം. ആദ്ധ്യാത്മികതയിലേക്ക് സാവകാശം അടുക്കുകയായിരുന്നു. ഒടുവിൽ ഓം നമോ നാരായണായ എന്നു മാത്രം പറയുന്ന, വസ്ത്രം ധരിക്കാത്ത നാഗസന്യാസിമാരോടൊപ്പം ദിഗംമ്പരനായിതന്നെ പ്രയാഗയിൽ സ്നാനം. സരയൂ നദിയിൽ ദീക്ഷ. അന്നും കൈവിടാതെ ആ മയിൽപ്പീലി ചേർത്ത് പിടിച്ചിരുന്നു. ജഡാധാരിയായ ഒരു അഘോരി സന്യാസി ത്രിവേണീ തീർത്ഥത്തിൽ മുക്കിപ്പൊക്കി മാറോടു ചേർത്ത് നിർത്തി പറഞ്ഞു "ആജ് സെ ആപ് കാ നാം സാധു കൃഷ്ണാനന്ദ ഹെ ആപ് ഏക് അച്ചാ ഗുരു മിലേഗാ കേരൾ ജാവോ" _"നിങ്ങളുടെ പേര് ഇന്ന് മുതൽ സാധു കൃഷ്ണാനന്ദ എന്നാണ്. നിനക്കൊരു നല്ല ഗുരുവിനെ ലഭിക്കും കേരളത്തിലേക്ക് പോവുക"_ അപ്പോഴും ആ മയിൽപ്പീലി കൈയിൽ മുറുകെ പിടിച്ചിരുന്നു.
കേരളത്തിലേക്ക് തിരികെയെത്തിയ സാധു മലപ്പുറം ജില്ലയിലെ എടപ്പാളിൽ ചെറിയൊരു വാടക മുറിയിൽ താമസിച്ചു കൊണ്ട് ധർമ്മസേവ ആരംഭിച്ചു. വാടക കൊടുക്കുന്നതിനും മറ്റുമായി തനിക്കറിയാവുന്ന കുലത്തൊഴിൽ ചെയ്യാൻ തുടങ്ങി. തന്റെ രോഗാവസ്ഥയിൽ പരിചരിച്ച ബന്ധു കൂടിയായ ഒരു അമ്മയെയും, സഹോദരിയെയും സംരക്ഷിച്ചു കൊണ്ട് മരപ്പണിയും, മുട്ടുശാന്തിയായി ക്ഷേത്രപൂജയും ആരംഭിച്ചു. വർഷങ്ങളോളം പൊളിഞ്ഞ് പൂജയില്ലാതെ കിടന്ന കൊഴിക്കര മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധരിക്കാൻ മുൻകൈയെടുത്ത് പ്രവർത്തിച്ചു. പഞ്ചപ്രാകാര ചുറ്റുവട്ടമുള്ള, സപ്തമാതൃക്കളും, അഷ്ടദിക്പാലകരും നമസ്കാരമണ്ഡപവും, കൊടിമരവും ഉള്ള ആ മഹാക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത് വരെ അവിടെ നിന്നു.
ആ കാലഘട്ടത്തിലാണ് തൃശ്ശൂർ ജില്ലയിൽ ഒരു സിദ്ധ യോഗീശ്വരന്റെ സമാധി സ്ഥിതി ചെയ്യുന്ന ആശ്രമം തകർന്നു കിടക്കുന്നതായി അറിഞ്ഞത്. ആശ്രമ സ്ഥാപകനായ സ്വാമിജിയുടെ ബന്ധുക്കൾ കേസും വഴക്കുമായി ആശ്രമഭൂമി കയ്യേറുമെന്ന ഭയത്താൽ കഴിയുന്ന ഒരു മാതാജി മാത്രമുള്ള ആ ആശ്രമത്തെ സഹായിക്കാൻ ഇടപെട്ടു. അവിടുത്തെ സ്ഥിരം സന്ദർശകരായി. ഒടുവിൽ സാധുവും മാതാജിയും ഒസ്യത്ത് പ്രകാരമുള്ള അന്തേവാസിയായ കൊടിയേരി ചന്ദ്രശേഖരമേനോനും ചേർന്ന് താന്ത്രിക ആചാര്യൻ വിശ്വനാഥ ശർമ്മയെ അദ്ധ്യക്ഷനാക്കി തിരഞ്ഞെടുത്തു.
ആശ്രമം നാമജപങ്ങളാലും, വേദമന്ത്ര പാരായണങ്ങളാലും പുതുജീവൻ നേടി. പൂജാ പഠന ക്ലാസ്സുകളും, യോഗ പരിശീലനവും, സത്സംഗങ്ങളും കൊണ്ട് പഴയ ചൈതന്യത്തിലേക്ക് ആശ്രമം മടങ്ങി വന്നു. നിരവധി ക്ഷേത്രങ്ങളുടെ താന്ത്രിക ആചാര്യനായിരുന്ന നിയുക്ത മഠാധിപതി സംസ്ഥാന സന്യാസി സഭ സ്റ്റേറ്റ് പ്രസിഡൻറുമായ ആത്മീയ ഗുരു: പാലക്കാട് ജില്ലയിലെ മങ്കര അയ്യപ്പസേവാ ശ്രമം മഠാധിപതി പൂജനീയ സ്വാമി: പ്രഭാകരാനന്ദ സരസ്വതി മഹാരാജിൽ നിന്നും സന്യസം സ്വീകരിച്ചു.
ആശ്രമം നാമജപങ്ങളാലും, വേദമന്ത്ര പാരായണങ്ങളാലും പുതുജീവൻ നേടി. പൂജാ പഠന ക്ലാസ്സുകളും, യോഗ പരിശീലനവും, സത്സംഗങ്ങളും കൊണ്ട് പഴയ ചൈതന്യത്തിലേക്ക് ആശ്രമം മടങ്ങി വന്നു. നിരവധി ക്ഷേത്രങ്ങളുടെ താന്ത്രിക ആചാര്യനായിരുന്ന സംസ്ഥാന സന്യാസി സഭയുടെ പ്രസിഡൻറുമായ ആത്മീയ ഗുരു: പാലക്കാട് ജില്ലയിലെ മങ്കര അയ്യപ്പസേവാശ്രമം മഠാധിപതിയുമായ പ്രഭാകരാനന്ദ സരസ്വതി സ്വാമിയി പൂർണ്ണ
സന്യാസദീക്ഷ നൽകി. സ്ഥാപക മഠാധിപതിയുടെ ഒസ്യത്ത് പ്രകാരം അന്തേവാസികൾ ചേർന്ന് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതിയെ മഠാധിപതിയായി തിരഞ്ഞെടുത്ത് ആശ്രമത്തിൻ്റെ ചുമതലകൾ ഏല്പിച്ചു. നഗ്നരായി മഞ്ഞുമലകളിൽ ധ്യാന ജപങ്ങളിൽ കഴിയുന്ന അഘോരി സന്യാസിമാരുടെ അനുഗ്രഹം നേരിട്ട് ലഭിച്ച് മൂന്നര വർഷം ഋഷികേശിലും ഹരിദ്വാറിലും കഴിഞ്ഞ് വേദവും വേദാന്തവും പഠിച്ച സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ജാതി മത രാഷ്ട്രീയ ഭേതമില്ലാതെ സർവ്വജന സമ്മതനാണ്. എല്ലാ മത വേദ ഗ്രന്ഥങ്ങളേയും മത വിശ്വാസങ്ങളേയും ഒരേ ദൃഷ്ടിയിൽ കാണുന്ന അദ്ദേഹം മത പരിവർത്തനത്തിനും മത തീവ്രവാദത്തിനും എതിരെ ശക്തമായി നിലനിൽക്കുകയും ചെയ്യുന്നു. ശബരിമല സ്ത്രീ പ്രവേശന പ്രശ്ന സമയത്ത് പ്രളയത്തിൽ തകർന്നു കിടന്ന പമ്പയിൽ ആദ്യമെത്തി സ്ത്രീകളെ തടയാനും, നിരവധി ആചാര സംരക്ഷണ നാമജപ ഘോഷയാത്രകളിൽ പങ്കെടുക്കുകയും ചെയ്തു.
ചില അപൂർവ്വ സമയങ്ങളിൽ
സിദ്ധ മർമ്മ ചികിത്സയും, അതീന്ദ്രിയ ജ്ഞാനത്താൽ പ്രവചനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.
സംപൂജ്യ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ നേതൃത്വത്തിൽ ദശനാമ സംമ്പ്രദായത്തിൽ വിവിധ പരമ്പരകളിൽപ്പെട്ട 16 ൽ പരം സന്യാസി ശ്രേഷ്ഠന്മാരുടേയും, ശിവഗിരി മഠം ട്രസ്റ്റിയായ സന്യാസിയുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിൻ്റെ ഹോമകുണ്ഡത്തിലെ അഗ്നിസാക്ഷിയാക്കി സ്ഥാപക മഠാധിപതിയുടെ സമാധിക്കു മുമ്പിൽ വച്ച് പൂജിച്ച കലശ അഭിഷേകത്തോടെ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതിയെ കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിന്റെ മഠാധിപതിയായി അഭിഷേകം ചെയ്തു.
മഠാധിപതിയായി സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതിയെ സ്ഥാനാരോഹണ അഭിഷേക ചടങ്ങ് നടത്തുന്നു.
ആശ്രമത്തിൻ്റെ സ്ഥാപക ഗുരുനാഥ സ്മരണകൾ ഉണർത്തി ആ ഗുരുവര്യൻ്റെ ദർശനങ്ങളെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴത്തെ മഠാധിപതി. ആദ്യ ശ്രമമായി താമസിക്കുന്ന കെട്ടിടത്തിൻ്റെ പുനരുദ്ധാരണം തുടങ്ങി. ആൽത്തറ നവീകരിച്ചു. നിരവധി സത്സംഗ പരിപാടികൾ സംഘടിപ്പിച്ചു. ഇതിനായി കേരളം മുഴുവൻ വ്യാപിക്കുന്ന വിധം കൃഷ്ണാനന്ദം സത്സംഗ സമിതി വാട്സപ്പ് കൂട്ടായ്മകൾ രൂപീകരിച്ചു. ആശ്രമത്തിലെത്തുന്ന ഓരോ ഭക്തനും, പ്രഭാഷണങ്ങൾക്കും സത്സംഗങ്ങൾക്കും പോകുമ്പോഴും ഹരിദ്വാറിൽ നിന്നും കൊണ്ടുവന്ന പഞ്ചമുഖ രുദ്രാക്ഷവും, ഭഗവത്ഗീതയും സ്ഥാപക മഠാധിപതിയുടെ ചിത്രവും സമ്മാനിക്കുക എന്നത് ഈ ആശ്രമത്തിൻ്റെ പ്രത്യേകതയാണ്. ഇതിനോടകം രണ്ട് ലക്ഷത്തിലധികം പഞ്ചമുഖ രുദ്രാക്ഷം സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി തൻ്റെ കൈ കൊണ്ട് കൊടുത്തു കഴിഞ്ഞു.
കേരളത്തിലെ സമാധിയായതും, ജീവനോടുള്ളതുമായ ഭൂരിപക്ഷം സന്യാസി ശ്രേഷ്ഠന്മാരുടേയും പുണ്യപാദ സ്പർശനത്താൽ പവിത്രീകരിക്കപ്പെട്ട ആശ്രമത്തിലെ ആൽത്തറയിലും പാല ചുവട്ടിലും ഇരുന്ന് ധ്യാനിക്കാൻ നിരവധി സന്യാസിവര്യന്മാർ ഇപ്പോഴും വരാറുണ്ട്. പരമ്പര വിത്യാസമില്ലാതെ ധ്യാന - ജപത്തിനായി ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും നൽകി സേവ ചെയ്യാൻ ആശ്രമ മഠാധിപതി സന്നദ്ധനാണ്. വൃദ്ധരായ സന്യാസിമാരെ
താമസിപ്പിച്ച് അവരെ പരിചരിക്കാൻ താത്പര്യമുണ്ടെങ്കിലും താമസസൗകര്യം കുറവാണ്. നിലവിൽ 6 സന്യാസിമാർ സ്ഥിര അന്തേവാസികളായി ആശ്രമത്തിൽ താമസിക്കുന്നു. നിലവിലുള്ള കെട്ടിടത്തോട് ചേർന്ന് പുതിയതായി മുറികൾ പണിയാനുള്ള പദ്ധതിയുണ്ട്. പഞ്ചഋഷി ഗോത്രമായ വിശ്വബ്രാഹ്മണ കുടുംമ്പത്തിൽ നിന്ന് ഋഷി പരമ്പരകൾക്ക് അഭിമാനമായി ജനിച്ച കൃഷ്ണ ഭക്തനായ അഘോരി എന്ന് അറിയപ്പെടുന്ന സാധു കൃഷ്ണാനന്ദ സരസ്വതി ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും തന്ത്രിക പൂജയിലും കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്.
ആദി ശങ്കര അദ്വൈത അഖാഡയുടെ ദേശീയ സെക്രട്ടറി, സംസ്ഥാന സന്യാസി സഭയുടെ കൺവീനർ എന്നീ നിലകളിൽ പ്രവൃത്തിക്കുന്ന മഠാധിപതി
സോഷ്യൽ മീഡിയകളിൽ ആത്മീയ രംഗത്ത് സജീവമാണ്.
2023 നവം 3ന് ഉത്തരകാശി ശങ്കരാചാര്യ ദണ്ഡിസ്വാമി ജിതേന്ദ്രാനന്ദ സരസ്വതി മഹാരാജിൻ്റെ സാന്നിധ്യത്തിൽ അഖിൽ ഭാരതീയ സന്ത് സമിതിയുടേയും, അഖാഡ പരിഷത്തിൻ്റെയും, ഗംഗാ മഹാസഭയുടേയും വിശ്വഹിന്ദുപരിഷത്തിൻ്റെയും, കാശി വിദ്വത് സഭയുടേയും നേതൃത്വത്തിൽ 500 ൽ പരം മഹാ മണ്ഡലേശ്വർ മാരും, വിവിധ മഠങ്ങളിലെ പീഠാധീശ്വർമാരും മഹന്തുക്കളും 1500 ൽ പരം സന്യാസിമാരും ചേർന്ന് നടത്തിയ സംസ്കൃതി സംസദിൽ വച്ച് കാശി വിശ്വനാഥ ശിവലിംഗത്തിൽ നേരിട്ട് അഭിഷേകം ചെയ്യിപ്പിച്ചു കൊണ്ട് വിശ്വകർമ്മ പീഠാധീശ്വരായ ദണ്ഡിസ്വാമിയായി പ്രഖ്യാപിച്ചു.
സ്വാമിജി വിശ്വകർമ്മ സമൂഹത്തെ കുലാചാര ധർമ്മ അനുഷ്ഠാനങ്ങളെ പഠിപ്പിക്കാനും, ഗായത്രീദീക്ഷ നൽകിയും, സന്ധ്യാവന്ദനാദി ക്രിയകൾ പ്രചരിപ്പിച്ച് ഉപനയന സംസ്കാരത്തെ പഠിപ്പിക്കുകയും ആചരിപ്പിക്കുകയും ചെയ്തു വരുന്നു. രാഷ്ട്രീയം ഏതായാലും വിശ്വകർമ്മജർ ഒന്നിച്ചു നിൽക്കണമെന്നും, വിശ്വകർമ്മജരുടെ ഐക്യത്തിനു വേണ്ടി എത്രത്തോളം പ്രവർത്തിക്കാനും എല്ലാ സംഘടനകളേയും ഒരുപോലെ സ്നേഹിക്കുന്ന സ്വാമിയെ അറിയുക എന്നത് നമ്മുടെ ധർമ്മമാണ്.
ആദ്ധ്യാത്മിക ഭക്തിക്കൊപ്പം ദേശഭക്തി കൂടി വർദ്ധിപ്പിക്കുക"
എന്ന സന്ദേശമാണ് സ്വാമിയുടെ ലക്ഷ്യ വാക്യം.
ഇന്ന് സാധുവിന്റെ കണ്ണിൽ ആ മയിൽപീലിയും, കൺമുന്നിലെത്തുന്ന ഓരോ വ്യക്തിയിലും കൃഷ്ണനും മാത്രമേയുള്ളൂ. ഭഗവാന്റെ അനുഗ്രഹത്താൽ രണ്ട് പെൺകുട്ടികളുടെയും വിവാഹം കഴിഞ്ഞു. ആ രാത്രിക്ക് ശേഷം ഇന്നുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെ കാണും , സംസാരിക്കും. അമ്മക്ക് മാസം തോറും കിട്ടുന്ന ദക്ഷിണയിൽ നിന്ന് ചെറിയൊരു തുക അയച്ചു കൊടുക്കും. ഭാര്യയായി ആ കുട്ടികളുടെ അമ്മയായ ഭവതിയെ ഇതുവരെ നേരിൽ കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. അന്നപൂർണ്ണേശ്വരിയായ മഹാലക്ഷ്മിയുടെ സ്ഥാനത്ത് കാണുന്ന ആ ഭഗവതിയുടെ പാദങ്ങൾ കഴുകിയ തീർത്ഥം സേവിച്ച് സാഷ്ടാംഗം നമസ്കരിക്കാൻ എന്ന് അവസരം ലഭിക്കുമോ അന്ന് വരെ നേരിൽ കാണാതെ കാത്തിരിക്കുകയാണ് ഈ സന്യാസി.
സത്സംഗ പ്രിയനായ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിനു വേണ്ടി അദ്ദേഹത്തിന്റെ തിരുത്തുകളോടും അനുമതിയോടെയും കൂടി പ്രാർത്ഥനയോടെ സമർപ്പിക്കുന്നു.
ഗുരുപാദസേവയിൽ
സ്വാമിയുടെ ശിഷ്യൻ
ഹരി വയനാട്.
92 07 40 83 05
ആശ്രമ സഹായ സമിതി,
കൃഷ്ണാനന്ദം സത്സംഗ സമിതി ,
കൃഷ്ണാനന്ദ വേദ ആശ്രമം
9061971227
9207971227
സ്വാമിജിയുടെ സേവാ പ്രവർത്തനങ്ങളെ സഹായിക്കാൻ മനസ്സുള്ളവർക്കായി.
അക്കൗണ്ട് നമ്പർ:
Swami Sadhu krishnanandha Saraswathy
SBl Pattambi branch
A/c : 37707148920
IFSC : SBIN0070186.
GooglePay: 90 61 97 12 27
സർവ്വം പരബ്രഹ്മസ്വരൂപ കൃഷ്ണാർപ്പണമസ്തു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ