ഗർഭോപനിഷത്ത്
ചിത്രം.1
(സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ പൂർവ്വാശ്രമത്തിലെ മക്കൾ.
നന്ദന - നയന)
ഓം ഗും ഗുരുഭ്യോ നമഃ
ആധുനിക വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്ന ശാസ്ത്ര രഹസ്യങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് വെളിപ്പെടുത്തിയ പ്രപഞ്ച - ശരീര - ആത്മ - പരമാത്മ ശാസ്ത്രങ്ങൾ നമ്മെ പഠിപ്പിക്കുന്ന ഒരു രഹസ്യമുണ്ട്. ഇതുവരേയും ശാസ്ത്ര ലോകം കണ്ടെത്താത്ത ആത്മീയതയുടെശാസ്ത്രീയ വശങ്ങൾ വിരൽ ചൂണ്ടുന്നത് നിഷേധിക്കാനാവാത്ത ദൈവിക സത്യത്തിലേക്കാണ്. ഇന്നത്തെ ആത്മ സന്ദേശം 108 ഉപനിഷത്തുക്കളിൽ സ്ത്രീപ്രാധാന്യമുള്ള ഗർഭോപനിഷത്താണ്. ഗർഭാധാനം മുതൽ പ്രസവം വരെയുള്ള കാര്യങ്ങൾ അതീവ ശ്രദ്ധയോടെ വിവരിക്കുന്ന ഈ ഉപനിഷത്ത് മോക്ഷശാസ്ത്രമാണെന്നും പിപ്പിലാദ മഹർഷി വെളിവാക്കിയതാണ്. ശ്രദ്ധയോടെ നമുക്ക് ഈ സംസ്കൃത ഉപനിഷത്ത് ശ്ലോകങ്ങളെ നമ്മുടെ ഭാഷയിലേക്ക് പകർത്താം.
ശാന്തിപാഠം
ഞങ്ങൾക്കിരുവർക്കും ഒരുമിച്ച് രക്ഷ ലഭിക്കട്ടെ പോഷണവും ഞങ്ങൾക്ക് ഇരുവർക്കും നമ്മൾ ഒരുമിച്ച് പരിശ്രമിക്കുന്നു. ഞങ്ങളുടെ അധ്യയനത്തിന് ഐശ്വര്യമുണ്ടാകട്ടെ. മാത്രമല്ല, പരസ്പരം വിദ്വേഷിക്കാതെ നമ്മിൽ ശാന്തി നിറയട്ടെ!.
ഈ ശരീരം പഞ്ചാത്മകമാണ്. അഞ്ചും വർത്തമാനങ്ങളും ആറാമത്തേത് ആശ്രയയുക്തവുമാണ്. ആറു ഗുണങ്ങളും ഏഴു ധാതുക്കളും മൂന്നു ദോഷങ്ങളും രണ്ടു യോനികളും ചേർന്നതാണ് ഈ ശരീരം. ഭൂമി, ജലം, വായു, ആകാശം, തേജസ് ഇവ ചേരുന്നതിനാലാണ് പഞ്ചാത്മകം എന്നു പറയുന്നത്. ഇവയിൽ ഭൂമി കഠിനതത്വമാണ്. ജലമാകട്ടെ തരളതത്വവും തേജസ് ഉഷ്ണമായതും വായു സഞ്ചരിക്കുന്നതും ആകാശം സുഷിരമാർന്നതുമാണ്. ഭൂമി ധരിക്കുന്നു. ഒരുമിപ്പിക്കുകയാണ് ജലം ചെയ്യുന്നത്. തേജസിന്റെ ധർമ്മമാകട്ടെ പ്രകാശം നൽകുകയാണ്. വായുവാണ് പദാർത്ഥങ്ങളെ അതത് രീതിയിൽ ഉറപ്പിക്കുന്നത്. ആകാശത്തിന്റെ ധർമ്മം ഇടം നൽകുകയാണ്. ഇന്ദ്രിയങ്ങളെ സംബന്ധിച്ച ചെവിയാണ് ശബ്ദം കേൾപ്പിക്കുന്നത്. തൊലിയാണ് സ്പർശം അനുഭൂതമാക്കുന്നത്. കണ്ണാണ് കാഴ്ച തരുന്നത്. നാക്ക് സ്വാദറിയിക്കുകയും മൂക്ക് ഗന്ധം അറിയിക്കുകയും ഗുദം വിസർജന കർമ്മം ചെയ്യുകയും ചെയ്യുന്നു. വാഗിന്ദ്രിയമാകട്ടെ, സംഭാഷണം നടത്തുകയും മനസ്സ് ചിന്തിക്കുകയും ബുദ്ധി ജ്ഞാനം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ആറു രസങ്ങളെ ദേഹം ഉപയോഗപ്പെടുത്തുന്നുണ്ട്. ഷഡ്ജം, ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിങ്ങനെ ഏഴു സ്വരങ്ങളുണ്ട്. അനിഷ്ടവും പ്രണിധാകാരകവും സമ്മേളിച്ചാണ് ശബ്ദങ്ങൾ ആകർഷകമാക്കുന്നത്.
(സ്വാമി സാധുവിന്റെ ഭക്ഷണ സമയത്തെ പതിവ് കാഴ്ച.)
വെളുപ്പ്, ചുമപ്പ്, കറുപ്പ്, മഞ്ഞ, കപിലം, പാണ്ഡുരം, ധ്രൂമം എന്നിങ്ങനെ ഏഴു നിറങ്ങളുണ്ട്. ദേവദത്തനെന്നു പേരുള്ളവന് ഭോഗ്യവിഷയങ്ങൾ ലഭിക്കുകയും ആറു രസങ്ങളെ ആസ്വദിക്കാനാകുകയും ചെയ്യുന്നു. വിവിധ പദാർത്ഥങ്ങളാലാണ് രസം ഉദ്ഭൂതമാകുന്നത്. രസത്തിൽ നിന്നു രക്തവും രക്തത്തിൽ നിന്നു മാംസവും മാംസത്തിൽ നിന്നു മേദസും മേദസിൽ നിന്നു സ്നായുവും സ്നായുവിൽ നിന്ന് അസ്ഥിയും അസ്ഥിയിൽ നിന്നു മജ്ജയും മജ്ജയിൽ നിന്നു ശുക്ലവും ഉണ്ടാകുന്നു. മനുഷ്യശരീരം രൂപംകൊള്ളുന്നത് ഏഴു ധാതുക്കളാലാണ്. പുരുഷശുക്ലവും സ്ത്രീ ശോണിതവും ചേർന്ന് ഗർഭമുണ്ടാകുന്നു. ഹൃദയസ്ഥങ്ങളായ ഈ ധാതുക്കളാണ് അന്തരാഗ്നി ഉണ്ടാക്കുന്നത്. അഗ്നിയുടെ സ്ഥാനത്ത് പിത്തവും പിത്തത്തിന്റെ സ്ഥാനത്ത് വായുവുമാണ് നിലകൊള്ളുന്നത്. വായുവിനാലാണ് ഹൃദയം പ്രവർത്തിക്കുന്നത്.
ഋതുകാലത്ത് വേണ്ടുംവിധം ഗർഭാദാനം ചെയ്യാനായാൽ ശുക്ല ശോണിതങ്ങൾ ഒറ്റ രാത്രികൊണ്ടുതന്നെ കലലമാകുന്നു. ഏഴു രാത്രി കൊണ്ട് ബുദ്ബുദമാകുന്നു. പതിനഞ്ചു ദിവസം കൊണ്ട് പീഡാകാരമായിത്തീരുന്നു. ഒരു മാസം കൊണ്ട് കഠിനമാകുകയും രണ്ടു മാസം കൊണ്ട് തലയും മൂന്നു മാസം കൊണ്ട് കാലുകളും ഉണ്ടാകുകയും ചെയ്യുന്നു. നാലു മാസം കൊണ്ട് മുട്ടുകൾ, വയർ, അരക്കെട്ട് എന്നിവയുണ്ടാകുന്നു. അഞ്ചു മാസം കൊണ്ട് പൃഷ്ടം നട്ടെല്ല് എന്നിവയും ആറുമാസം കൊണ്ട് വായ, മൂക്ക്, ചെവി, നേതങ്ങൾ ഇവയുമുണ്ടാകുന്നു. ഏഴാംമാസം ജീവസ്പന്ദന പുഷ്ടിപ്പെടലാണ്. എട്ടാം മാസത്തോടെ പൂർണമായ ശരീരം രൂപപ്പെടുന്നു. ശുക്ലമേറിയാൽ പുരുഷനും ശോണിതമേറിയാൽ സ്ത്രീയും ജനിക്കുന്നു. രണ്ടും തുല്യമാണെങ്കിൽ നപുംസകമായിരിക്കും ഫലം. സംഭോഗവേളയിലെ മനസ്സിന്റെ വ്യാകുലതകൾ സന്താനത്തെ അംഗവൈകല്യമുള്ളതാക്കിതീർക്കും. വായുവിനാൽ ശുക്ല ശോണിതങ്ങൾ ഭേതിക്കപ്പെട്ടാൽ ഇരട്ടകൾ ജനിക്കും. തുടർന്ന് പഞ്ചേന്ദ്രിയ വികാസവും ഗ്രഹണശക്തിയും കുഞ്ഞിനു ലഭിക്കുന്നു. പ്രണവചിന്തനമാണ് കുഞ്ഞിന്റെ ഔന്നത്യത്തിനു കാരണമാകുന്നത്. മാതാവ് ഉൾക്കൊള്ളുന്ന ഭക്ഷണത്തിന്റെ സഹായത്തോടെ വളരുന്ന ശിശു തൃപ്തി നൽകുന്നു. (മാതാവ് സാത്വിക ഭക്ഷണം കഴിച്ചാൽ കുട്ടി സാത്വികമായും, മാതാവ് മൃഗ മാംസം ഭക്ഷിച്ചാൽ കുട്ടി മൃഗത്വ സ്വഭാവം നിറഞ്ഞതും ആകുന്നു.) ഒൻപതാം മാസത്തിൽ താനേ ജ്ഞാനേന്ദയങ്ങൾ ചേർന്ന കുട്ടി സമ്പൂർണതയിലെത്തും. അപ്പോഴാണ് അതിന് പൂർവ്വ ജന്മസ്മരണയുണ്ടാകുന്നത്. ശുഭാശുഭകർമ്മബോധം സന്താനത്തിനുണ്ടാകുന്നു.
(നുഴിഞ്ഞി മഹാവിഷ്ണു ക്ഷേത്രത്തിലെ കുട്ടികൾ അവരുടെ സ്വാമി മാമനോടൊപ്പം)
ഈ സമയം മാതാവിന്റെ ഉദരത്തിൽ നിന്നും പുറത്തേക്കു വരാൻ വെമ്പുന്ന ശിശുവിന് പല കാര്യങ്ങളും മനസ്സിലാക്കാനാകുന്നു. താൻ പല ജന്മങ്ങൾ കടന്നുവന്നതായും പല ഭക്ഷണങ്ങൾ കഴിച്ചതായും വിവിധ മാതാക്കളുടെ മുല കുടിച്ചതായും ശിശു ഓർമ്മിക്കുന്നു. മാത്രമല്ല, പലവുരു ജനിക്കുകയും മരിക്കുകയും ചെയ്തതിനിടയിലുള്ള പല ശുഭാശുഭകർമങ്ങളും സ്മരിക്കുന്നു. താനിപ്പോൾ ദുഃഖക്കയത്തിലേക്കു വീഴുകയാണെന്നും ഇതിൽ നിന്ന് തനിക്ക് കരകയറണമെന്നും അതിനാൽ വളരുമ്പോൾ സത്കർമ്മങ്ങൾ ചെയ്യണമെന്നും മഹേശ്വരനെയും വിഷ്ണുവിനെയും ശരണം പ്രാപിക്കണമെന്നും സാംഖ്യാദിയോഗങ്ങൾ തേടണമെന്നും ബ്രഹ്മജ്ഞാനലബ്ധിക്കു ശ്രമിക്കണമെന്നും ചിന്തിച്ചുകൊണ്ട് കുഞ്ഞ് പുറത്തേക്കു വരുന്നു. പക്ഷേ ഭൂമിയിലെത്തിക്കഴിയുമ്പോൾ മായാ വിശേഷത്താൽ കഴിഞ്ഞതൊന്നും കുട്ടിക്ക് ഓർമയില്ലാതാകുന്നു. ഗർഭത്തിൽ കിടന്നു എന്ന കാര്യം മാത്രമല്ല, ഒന്നുംതന്നെ ഓർക്കാനാകാതെ വരുന്നു.
ജ്ഞാനാഗ്നി, ദർശനാഗ്നി, ജഡരാഗ്നി ഈ വിധത്തിലുള്ള മൂന്ന് അഗ്നികൾ ശരീരത്തിൽ കൂടി കൊള്ളുന്നു. മുഖത്ത് ആഹവനീയാഗ്നിയും, ഉദരത്തിൽ ഗാർഹപത്യാഗ്നിയും ഹൃദയത്തിൽ ദക്ഷിണാഗ്നിയും സ്ഥിതിചെയ്യുന്നു. യജ്ഞസ്വരൂപമായ ഈ ശരീരത്തിൽ ആത്മാവാണ് യജമാനൻ, മനസ്സ് ബ്രഹ്മാവും ലോഭാദികൾ ബലിമൃഗങ്ങളും ധൈര്യസന്തോഷങ്ങൾ ദീക്ഷകളുമാണ്. ജ്ഞാനേന്ദ്രിയ ങ്ങൾ, ഹവിസ്സ്, ശിരസ്, കപാലം, ദേശം, മുഖം, ചതുഷ്കപാലം, ദന്തപംക്തികൾ, ഷോഡശ പാല ങ്ങൾ, നൂറ്റിയെൺപതു നാഡികൾ, നൂറ്റിയെഴുപതു മർമസ്ഥാനങ്ങൾ, നൂറ്റിയൊൻപതു സ്നായുക്കൾ, എഴുന്നൂറു ഞരമ്പുകൾ, അഞ്ഞൂറ് മജ്ജകൾ, മുന്നൂറ്റിയെട്ട് അസ്ഥികൾ ഇവയൊക്കെയും ശരീരത്തിലൂണ്ട്. രോഗങ്ങളാകട്ടെ നാലരക്കോടിയാണ്. ഹൃദയം എട്ടു പലവും ജിഹ്വ പന്ത്രണ്ടു പലവുമാണ്. പിത്തം ഇടങ്ങഴിയും കഫം നാലിടങ്ങഴിയും ശുക്ലം നാളിയും മേദസ് രണ്ടിടങ്ങഴിയുമാണ്. ഇതുകൂടാതെ ആഹാരരീതിയനുസരിച്ച് മലമൂത്രങ്ങളും ശരീരത്തിലുണ്ട്. മോക്ഷശാസ്ത്രമെന്നു നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഇത് വെളിവാക്കിയത് പിപ്പലാദമഹർഷിയാണ്.
ശാന്തിപാഠം
ഞങ്ങൾക്കിരുവർക്കും ഒരുമിച്ച് രക്ഷ ലഭിക്കട്ടെ. പോഷണവും ഞങ്ങൾക്ക് ഇരുവർക്കും ലഭിക്കട്ടെ. നമ്മൾ ഒരുമിച്ച് പരിശ്രമിക്കുന്നു. ഞങ്ങളുടെ അധ്യയനത്തിന് ഐശ്വര്യമുണ്ടാകട്ടെ. മാത്രമല്ല, പരസ്പരം വിദ്വേഷിക്കാതെ നമ്മിൽ ശാന്തി നിറയട്ടെ!.
(ഗർഭോപനിഷത്ത് പൂർണം)
സജ്ജനങ്ങളേ,
നമ്മൾ കൂട്ടിവായിച്ച ഈ അക്ഷരങ്ങളിൽ നമുക്കായി നിയമിക്കപ്പെട്ട രക്ഷാവിധിയും ശിക്ഷാവിധിയുമുണ്ട്. സത്യത്തെയും തത്വത്തേയും അറിയാത്ത കാലത്ത് ചെയ്യുന്ന കർമ്മങ്ങളിൽ കിട്ടുന്ന സ്വർഗ്ഗ നരക ഫലങ്ങളേക്കാൾ എത്രയോ അധികമായിരിക്കും അറിഞ്ഞ ശേഷം ചെയ്യുന്ന കർമ്മങ്ങളുടെ ഫലം. ആകയാൽ സാത്വിക ജീവിതചര്യയിലൂടെ സത്കർമ്മങ്ങളിലൂടെ ധർമ്മസേവ ചെയ്ത് ആത്മ രക്ഷ നേടിക്കൊള്ളുക. ഈ ഉപനിഷത്തിലെ വരികളെപ്പോലും വിമർശനബുദ്ധിയോടെ കീറുന്നവരുണ്ടാകാം. അവരുടെ കർമ്മങ്ങൾ അവർ ചെയ്യട്ടെ !. സാധുവിന്റെ ലക്ഷ്യം ഈശ്വര ധർമ്മത്തേക്കുറിച്ച് നിങ്ങളെ അറിയിക്കുക എന്നതാണ്. നമുക്കൊന്നിച്ച് ധർമ്മ കർമ്മങ്ങളിൽ ഈശ്വര സേവ ചെയ്യാം. ശുഭദിനം.
ചിത്രം - 4
(കട്ടിൽമാടം ക്ഷേത്രത്തിൽ നിരഞ്ജന മോളോടൊപ്പം.)
ഗുരുപാദങ്ങളിൽ നിന്ന്
സത്ഗുരു:
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
പീഠാധീശ്വർ
വിശ്വബ്രഹ്മ സമൂഹ മഠം
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം.
പെരിയമ്പലം
ഗുരുവായൂർ
തൃശ്ശൂർ ജില്ല
90 61 97 12 27
കൃഷ്ണാനന്ദം ധർമ്മസേവാനിധി
Google Pay
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ