കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം


കേരളത്തിലെ സന്യാസ ആശ്രമങ്ങളിൽ ജഗത്ഗുരു: ശ്രീ ശങ്കരാചാര്യ ഭഗവത് പാദർ സ്ഥാപിച്ച ദശനാമി സമ്പ്രദായത്തിൽ വ്യത്യസ്തമായ ആചാര അനുഷ്ഠാന രീതിയിലുള്ള ഒരു ആശ്രമം (മഠം) തൃശ്ശൂർ ജില്ലയിലെ ചാവക്കാട് - പൊന്നാനി തീരദേശ റോഡിൽ പെരിയമ്പലം ബീച്ചിനടുത്ത് സ്ഥിതി ചെയ്യുന്നു.

വിവിധ പരമ്പര സമ്പ്രദായങ്ങളിലെ സന്യാസിമാരുടേയും, ദീക്ഷിതരായ എല്ലാ കുലങ്ങളിലേയും താന്ത്രിക - വൈദിക ജ്യോതിഷ - വാസ്തുശാസ്ത്ര - വൈദ്യശാസ്ത്ര - ഗായത്രീ ഉപാസകർക്ക് ജപത്തിനും ധ്യാനത്തിനും സാധനക്കും മാത്രമായി മാറുന്ന ഇവിടെ നിത്യവും ഉദയാസ്തമന ഗായത്രീ ഹവനം നടക്കും. 1961 ൽ സ്ഥാപിക്കപ്പെട്ട ഈ ആശ്രമത്തിലെ സ്ഥാപക ഗുരുസമാധിയുടെ പുനരുദ്ധാരണം ആരംഭിച്ചിരിക്കുകയാണ്. 
സ്ഥാപകഗുരു അവധൂത സിദ്ധയോഗീശ്വരൻ സദ്ഗുരു സ്വാമി കൃഷ്ണാനന്ദ സരസ്വതിയെക്കുറിച്ച് അറിയുക.

തനിക്കു പോകേണ്ട വഴി ഏതെന്ന് അറിയാതെ നാൽക്കവലയിൽ നിൽക്കുന്നവനെപ്പോലെ ജീവിതത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ നാം ചെന്നെത്താറുണ്ട്. ശരിയുടെയും തെറ്റിന്റേയും വഴികൾക്കൊപ്പം ഒരു മദ്ധ്യ മാർഗ്ഗവും പിന്നെ പിന്നിട്ട വഴികളും ചേരുമ്പോൾ ജീവിത നാൽക്കവലയിൽ നാം പകച്ചു നിൽക്കാറുണ്ടല്ലോ.
ഈശ്വരന് ആത്മസമർപ്പണം നൽകിയവരേയും ഈശ്വര ഇച്ഛക്ക് കീഴ്പ്പെട്ടവരേയും അവൻ നേർവഴികാട്ടി ധർമ്മ മാർഗ്ഗത്തിലേക്ക് നയിക്കുന്നു.
ജിജ്ഞാസുക്കളായ ഈശ്വരഭക്തർ ധർമ്മത്തിന്റെ പാത തിരഞ്ഞെടുക്കുന്നു. അവരെ അവരുടെ ലക്ഷ്യപ്രാപ്തി നേടുന്നതിന് ഈശ്വരൻ ഗുരുവിന്റെ രൂപത്തിൽ വന്ന് സഹായിക്കുന്നു.

1935 സെപ്തംമ്പർ 18ന്‌ (1111 കന്നി 1 ) ന് തൃശ്ശൂർ ജില്ലയിലെ പറപ്പൂർ നെല്ലിപ്പറമ്പിൽ വീട്ടിൽ ശങ്കയുടെ മകനായി ജനിച്ച പൈതലിന് കൃഷ്ണൻ എന്ന് പേരിട്ടു.
ബാല്യത്തിലേ തികഞ്ഞ ശാന്തസ്വരൂപനും എപ്പോഴും ചിരിക്കുന്ന മുഖത്തോടെ നടക്കുന്നവനുമായിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് കുടുംബക്ഷേത്രത്തിൽ പൂജ ചെയ്യുന്ന ഉത്തരവാദിത്വം ഉണ്ടായിരുന്നു. രാമായണമോ, ഭഗവതമോ എവിടെ കേട്ടാലും അതിലേക്ക് ശ്രദ്ധ കൊടുത്തിരുന്ന കൃഷ്ണൻ വൃതങ്ങൾ അനുഷ്ഠിക്കുക, മണിക്കൂറുകളോളം ജപത്തിലും ധ്യാനത്തിലും മുഴുകുക തുടങ്ങിയ ആത്മീയ ചര്യകൾ ബാല്യത്തിൽ തന്നെ പ്രകടമായിരുന്നു. ഭക്ഷണം പോലും ഉപേക്ഷിച്ച് ധ്യാനനിരതനായിരിക്കുന്ന കൃഷണൻ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഒരേ പോലെ ഉത്ക്കണ്ഠയും വിസ്മയവും ഉളവാക്കിയിരുന്നു. ക്ഷേത്ര പൂജയിൽ പിതാവിനെ സഹായിക്കാറുള്ള ഈ ബാല്യക്കാരൻ ഫീസ് കൊടുത്ത് പഠിക്കാൻ കഴിയാതെ ഏഴാം ക്ലാസിൽ വച്ച് പഠനം നിർത്തി.
ഇടക്കിടെ വീട്ടിൽ വരാറുള്ള ഇരിങ്ങാലക്കുടക്കാരൻ നാരായണാനന്ദ സരസ്വതി (ജ്ഞാനാനന്ദ സരസ്വതി മഹാരാജിന്റെ ശിഷ്യൻ) എന്ന സ്വാമി ഈ കുട്ടിയുടെ സ്വഭാവത്തിൽ സന്തോഷിച്ച് മകനെ എന്റെ കൂടെ ഭക്തിമാർഗ്ഗത്തിലേക്ക് വിടൂ എന്ന് കുട്ടിയുടെ അഛനോട് പറഞ്ഞു. തികഞ്ഞ ഭക്തനായിരുന്ന അച്ഛൻ സ്വാമിയുടെ വാക്കുകൾക്ക് മുമ്പിൽ പ്രണമിച്ച് മകനെ അദ്ദേഹത്തോടൊപ്പം പറഞ്ഞയച്ചു.
കാൽനടയായി ഭിക്ഷാടനത്തിലൂടെ വിശപ്പ് മാറ്റി, വെറും വെള്ളവും കുടിച്ച് ഗുരുവിനൊപ്പം ഉടുപ്പിയിലെത്തി. ഉടുപ്പി മഠത്തിൽ വച്ച് സന്യാസദീക്ഷ സ്വീകരിച്ച് സ്വാമി കൃഷ്ണാനന്ദ സരസ്വതി എന്ന നാമം സ്വീകരിച്ച . കർണ്ണാടകയിലെ ഗോകർണ്ണ ധർമ്മസ്ഥലം, സുബ്രഹ്മണ്യം എന്നിവ ദർശിച്ച് മഹാബലേശ്വരത്തേക്ക് പോയി. അവിടെ വച്ച് ഗുരുവിൽ നിന്നും വേർപിരിഞ്ഞ് തിരികെ നാട്ടിലേക്കെത്തി.
അരി ആഹാരം ഉപേക്ഷിച്ച് ചെറുപയറും ജീരകവെള്ളവും ഗോതമ്പ് പുല്ല് വറുത്തതും പഴവർഗ്ഗങ്ങളും മാത്രമാക്കി ഭക്ഷണം. അങ്ങിനെ സ്വന്തം വീട്ടിൽ ജപവും ധ്യാനവുമായി ഒരു വർഷം കഴിഞ്ഞ് കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് പോയി. അവിടെ വച്ച് അരയൻപറമ്പിൽ ശങ്കരനാരായണൻ എന്നയാളുമായി പരിചയപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ അരയൻപറമ്പിലെത്തിയ സ്വാമി അവിടെയുണ്ടായിരുന്ന വലിയ വടവൃക്ഷത്തിന്റെ ചുവട്ടിൽ ധ്യാനിച്ചിരുന്നു. ഒരു പ്രത്യേക തേജസ്സ് വലയം ചെയ്തിരുന്ന സ്വാമിയുടെ മുന്നിലെത്തുന്ന ആളുകൾ അദ്ദേഹത്തെ നമസ്കരിച്ചു. രോഗികളായവർക്ക് അദ്ദേഹം ഭസ്മം, എണ്ണ എന്നിവ ജപിച്ചു നൽകി. അത്ഭുത രോഗശാന്തിയായിരുന്നു അവിടെ സംഭവിച്ചത്. 14 വയസ്സുള്ള തങ്കമ്മ എന്ന കൊടുങ്ങല്ലൂർ സ്വദേശിനിയുടെ വിട്ടുമാറാതിരുന്ന തലവേദന മാറ്റിയതോടെ സ്വാമി കൂടുതൽ പ്രസിദ്ധനായി.
ഒരു ദിവസം പൊന്നാനിക്ക് അടുത്ത് പാലപ്പെട്ടി അണ്ടത്തോട് എന്ന സ്ഥലത്ത് നിന്ന് കറുത്തേടത്ത് വീട്ടിൽ പാറു എന്ന സ്ത്രീയെ കണ്ഠമാല രോഗവുമായി ആശുപത്രിയിൽ നിന്ന് മടക്കി അയക്കുന്ന സമയത്താണ് സ്വാമിയേക്കുറിച്ച് കേട്ടത്. അവർ അവിടെയെത്തി. സ്വാമിയേയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. അത്ഭുതകരമായ സിദ്ധചികിത്സകൊണ്ട് രോഗം മാറി. 
ഒരു വർഷത്തിലധികം ആ വീട്ടിൽ താമസിപ്പിച്ചു കൊണ്ട് സമൂഹ സ്നേഹികളായ വീട്ടുകാർ സ്വാമിയിലൂടെ നാട്ടിലുള്ള പലർക്കും ചികിത്സ നൽകി. ഭൂദാന യജ്ഞത്തിന്റെ സമയമായിരുന്നു ആ കാലഘട്ടം. കറുത്തേടത്ത് തറവാട്ടിലെ കാരണവർ തന്റെ ഗ്രാമത്തിൽ സ്വാമിയെ സ്ഥിരമാക്കുന്നതിന് വഴി കണ്ടെത്തി. ഗുരുവായൂർ പുന്നത്തൂർ തമ്പുരാന്റെ അധീനതയിലുള്ള ഭൂസ്വത്തിൽ നിന്ന് പാലിശ്ശേരി അച്ചുതൻ നായർക്ക് ലഭിച്ച സ്ഥലത്ത് നിന്ന് ഒരു ഏക്കർ ഒരു സെന്റ് സ്ഥലം ആശ്രമത്തിനായി സ്വാമിക്ക് ഭൂദാനയജ്ഞത്തിലൂടെ ദാനം ചെയ്തു. ധനം വാങ്ങാതെയുള്ള ചികിത്സയും, മറ്റ് സഹായങ്ങളും, കൊണ്ട് പ്രസിദ്ധനായി തീർന്ന അദ്ദേഹം ഹൈന്ദവ സംസ്കാരത്തിനു വേണ്ടി ശക്തമായി നിന്നിരുന്നു. 1961 ൽ കൃഷ്ണാനന്ദ വേദ ആശ്രമം പ്രവർത്തനം ആരംഭിച്ചു. നിരവധി രോഗികൾ ഇവിടെയെത്തി. സ്വാമിജിയുടെ കരം തൊട്ടതെല്ലാം സൗഖ്യവും സമൃദ്ധിയുമായി. ബ്രഹ്മചാരികളും, ബ്രഹ്മചാരിണികളുമായി നിരവധി ശിഷ്യ സമ്പത്ത് സമ്പാദിച്ചു. പലരും കൂടെ നിന്നു. ഗുരുവായൂരപ്പന്റെ ഭക്തനായിരുന്ന സ്വാമിയും ശിഷ്യരും ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യ സന്ദർശകർ ആയിരുന്നു. കുറേ കാലങ്ങൾക്ക് ശേഷം കഠിനമായ വൃതങ്ങൾ എടുത്ത സ്വാമിയുടെ കണ്ണിന്റെ കാഴ്ച്ച പൂർണ്ണമായും നഷ്ടപ്പെട്ടു. ഭൂദാനയജ്ഞത്തിലൂടെ ലഭിച്ച സ്ഥലവും ആശ്രമവും നിയമപ്രകാരം ആശ്രമ നിയമാവലിയും ഒസ്യത്തും തയ്യാറാക്കി. 1994 ഓഗസ്റ്റ് 29 (1170 ചിങ്ങം 13 ന് അഷ്ടമിരോഹിണി നാളിൽ അവധൂത മഹാ സിദ്ധയോഗി സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് മഹാസമാധിയായി.
നൂറു കണക്കിന് ഭക്തജനങ്ങളുടെയും, ഗ്രാമവാസികളുടെയും, പൂർവ്വാശ്രമ ബന്ധുക്കളുടെയും സാന്നിധ്യത്തിൽ 1994 ഓഗസ്റ്റ് 30 (1170 ചിങ്ങം 14) കൃഷ്ണ നവമി തിഥിയിൽ മകയിരം നാളിൽ ആചാരവിധിപ്രകാരം മഹാസമാധിയിരുത്തി. ഗുരുസമാധിക്കു ശേഷം സ്വാമിയിലൂടെ ഭഗവത് സ്പർശനം ലഭിച്ച ഭക്തർ സമാധിക്കു മുമ്പിലൊരു ചെറിയ മണ്ഡപവും, താമസ സൗകര്യത്തിനായി മൂന്ന് മുറിയും അടുക്കളയും ഉൾപ്പെടുന്ന ചെറിയൊരു കെട്ടിടവും നിർമ്മിച്ചു. അതിനായി സജീവമായി പ്രവർത്തിച്ച തിരൂർ സ്വദേശി കൊടിയേരി ചന്ദ്രശേഖരമേനോൻ ഇപ്പോഴും ആശ്രമ അന്തേവാസിയായിരുന്നു. സന്യാസ ശിഷ്യർ ആരുമില്ലാതിരുന്ന കാരണമാകാം 
പിന്നീട് ആശ്രമം നിർജ്ജീവ അവസ്ഥയിലായി. ശിരസ്സിലെ വ്യാധി മാറിയതോടെ 15 വയസ്സിൽ സ്വാമിജിയെ ഗുരുനാഥനായി സ്വീകരിച്ച ബ്രഹ്മചാരിണി തങ്കമ്മ മാതാജിയും മറ്റ് മൂന്ന് മാതാജിമാരും മാത്രമായി.
കുറേ നാളുകൾ കൂടി കഴിഞ്ഞതോടെ മാതാജി തങ്കമ്മ മാത്രമായി. പൂജാ പഠന ക്ലാസ്സുകളും, യോഗ പരിശീലനവും, സത്സംഗങ്ങളും കൊണ്ട് പഴയ ചൈതന്യത്തിലേക്ക് ആശ്രമം മടങ്ങി വന്നു. ഗുരുപാദങ്ങളിൽ അഭയം തേടി ജീവിതം സമർപ്പിച്ച പ്രിയ മാതാജി തങ്കമ്മ ഗുരുപാദങ്ങളിൽ ലയിച്ചു. സംസ്ഥാന സന്യാസി സഭയുടെ പ്രസിഡൻറുമായ ആത്മീയ ഗുരു: പാലക്കാട് ജില്ലയിലെ മങ്കര അയ്യപ്പസേവാശ്രമം മഠാധിപതിയുമായ പ്രഭാകരാനന്ദ സരസ്വതി സ്വാമി വാത്സല്യ ശിഷ്യനും ഹരിദ്വാറിൽ വച്ച് അഗ്നി അഖാഡയിലെ പരമാചാര്യനിൽ നിന്നും ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചിരുന്ന സാധു കൃഷ്ണാനന്ദക്ക് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി എന്ന ദീക്ഷാ നാമം നൽകി മഹായോഗീശ്വരന്റെ സമാധിമണ്ഡപത്തിൽ വച്ച് പൂർണ്ണ സന്യാസ ദീക്ഷ നൽകി. 

 സ്ഥാപക മഠാധിപതിയുടെ ഒസ്യത്ത് പ്രകാരം സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതിയെ മഠാധിപതിയായി തിരഞ്ഞെടുത്ത് ആശ്രമത്തിൻ്റെ ചുമതലകൾ ഏല്പിച്ചു. നഗ്നരായി മഞ്ഞുമലകളിൽ ധ്യാന ജപങ്ങളിൽ കഴിയുന്ന അഘോരി സന്യാസിമാരുടെ അനുഗ്രഹം നേരിട്ട് ലഭിച്ച് മൂന്നര വർഷം ഋഷികേശിലും ഹരിദ്വാറിലും മൗനിയായി ധ്യാന ജപവുമായി കഴിഞ്ഞ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ജാതി മത രാഷ്ട്രീയ ഭേതമില്ലാതെ സർവ്വജന സമ്മതനാണ്. എല്ലാ മത വേദ ഗ്രന്ഥങ്ങളേയും മത വിശ്വാസങ്ങളേയും ഒരേ ദൃഷ്ടിയിൽ കാണുന്ന അദ്ദേഹം മത പരിവർത്തനത്തിനും മത തീവ്രവാദത്തിനും എതിരെ ശക്തമായി നിലനിൽക്കുകയും ചെയ്യുന്നു.
സിദ്ധ മർമ്മ ചികിത്സയും, ചില അപൂർവ്വ സമയങ്ങളിൽ അതീന്ദ്രിയ ജ്ഞാനത്താൽ പ്രവചനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. 
സംപൂജ്യ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ നേതൃത്വത്തിൽ വിവിധ പരമ്പരകളിൽപ്പെട്ട 16 ൽ പരം സന്യാസി ശ്രേഷ്ഠന്മാരുടേയും, ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിൻ്റെ ഹോമകുണ്ഡത്തിലെ അഗ്നിസാക്ഷിയാക്കി സ്ഥാപക മഠാധിപതിയുടെ സമാധിക്കു മുമ്പിൽ വച്ച് പൂജിച്ച കലശ അഭിഷേകത്തോടെ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിനെ കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിന്റെ മഠാധിപതിയായി അഭിഷേകം ചെയ്തു.
ആശ്രമത്തിൻ്റെ സ്ഥാപക ഗുരുനാഥ സ്മരണകൾ ഉണർത്തി ആ ഗുരുവര്യൻ്റെ ദർശനങ്ങളെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴത്തെ മഠാധിപതി. ആദ്യമായി ആശ്രമത്തിലെത്തുന്ന ഓരോ ഭക്തനും, പ്രഭാഷണങ്ങൾക്കും സത്സംഗങ്ങൾക്കും പോകുമ്പോഴും ഹരിദ്വാറിൽ നിന്നും കൊണ്ടുവന്ന പഞ്ചമുഖ രുദ്രാക്ഷവും, ഭഗവത്ഗീതയും സ്ഥാപക മഠാധിപതിയുടെ ചിത്രവും സമ്മാനിക്കുക എന്നത് ഈ ആശ്രമത്തിൻ്റെ പ്രത്യേകതയാണ്. ഇതിനോടകം രണ്ടര ലക്ഷത്തിലധികം പഞ്ചമുഖ രുദ്രാക്ഷം സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് തൻ്റെ കൈ കൊണ്ട് കൊടുത്തു കഴിഞ്ഞു.
കേരളത്തിലെ സമാധിയായതും, ജീവനോടുള്ളതുമായ ഭൂരിപക്ഷം സന്യാസി ശ്രേഷ്ഠന്മാരുടേയും പുണ്യപാദ സ്പർശനത്താൽ പവിത്രീകരിക്കപ്പെട്ട ആശ്രമത്തിലെ ആൽത്തറയിലും പാല ചുവട്ടിലും ഇരുന്ന് ധ്യാനിക്കാൻ നിരവധി സന്യാസിവര്യന്മാർ ഇപ്പോഴും വരാറുണ്ട്. പരമ്പര വിത്യാസമില്ലാതെ ധ്യാന - ജപത്തിനായി ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും നൽകി സേവ ചെയ്യാൻ ആശ്രമ മഠാധിപതി സന്നദ്ധനാണ്.
 വൃദ്ധരായ സന്യാസിമാരെ
താമസിപ്പിച്ച് അവരെ പരിചരിക്കാൻ താത്പര്യമുണ്ടെങ്കിലും താമസസൗകര്യം കുറവാണ്.
 നിലവിൽ 6 സന്യാസിമാർ സ്ഥിര അന്തേവാസികളായി ആശ്രമത്തിൽ താമസിക്കുന്നു. നിലവിലുള്ള കെട്ടിടത്തോട്‌ ചേർന്ന് പുതിയതായി മുറികൾ പണിയാനുള്ള പദ്ധതിയുണ്ട്. പഞ്ചഋഷി ഗോത്രമായ വിശ്വബ്രാഹ്മണ കുടുംമ്പത്തിൽ നിന്ന് ഋഷി പരമ്പരകൾക്ക് അഭിമാനമായി ജനിച്ച കൃഷ്ണ ഭക്തനായ അഘോരി എന്ന് അറിയപ്പെടുന്ന സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും തന്ത്രിക പൂജയിലും കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്.  ദീക്ഷാഗുരുവും വിവിധ പരമ്പരകളിലെ സന്യാസിമാരും സംസ്ഥാന സന്യാസി  സഭ കേരള, അഖിൽ ഭാരതീയ സന്ത് സമിതി, 
ആദി ശങ്കര അദ്വൈത അഖാഡ, എന്നീ സന്യാസി സംഘടനകളും ചേർന്ന്  ദശനാമി ശങ്കരാചാര്യ മഠങ്ങളെ മാതൃകയാക്കി കേരള വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം രൂപീകരിച്ച് കേരളത്തിലെ വിശ്വകർമ്മജരുടെ സന്യാസ ആത്മീയ പരമാചാര്യ സ്ഥാനമായ പീഠാധീശ്വർ ദണ്ഡിസ്വാമി എന്ന പദവിയും സ്ഥാനവും നൽകി.



ആദി ശങ്കര അദ്വൈത അഖാഡയുടെ ദേശീയ സെക്രട്ടറി, സംസ്ഥാന സന്യാസി സഭയുടെ രക്ഷാധികാരി, പീഠാധീശ്വർ, അഖില ഭാരതീയ സന്ത് സമിതി വൈസ് പ്രസിഡന്റ്,   ഭാരതീയ ഹിന്ദു സമാജ് ദേശീയ സംയോജകനും കേരള അദ്ധ്യക്ഷനുമാണ്. ശ്രീ പത്മനാഭദാസ  ഭക്തജന സേവാ സമിതി വൈസ് പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവൃത്തിക്കുന്ന ദണ്ഡിസ്വാമിയായ മഠാധിപതി  
സോഷ്യൽ മീഡിയകളിൽ ഉപനിഷത് പരിഭാഷാ വ്യാഖ്യാനങ്ങളിലൂടെയും രാമായണ കഥാ തത്വ വ്യാഖ്യാനങ്ങളിലൂടെയും ആത്മീയ രംഗത്ത് സജീവമാണ്.

ആദ്ധ്യാത്മിക ഭക്തിക്കൊപ്പം ദേശഭക്തി കൂടി വർദ്ധിപ്പിക്കുക"
എന്ന സന്ദേശമാണ് സ്വാമിയുടെ ലക്ഷ്യ വാക്യം.

ആശ്രമസമാധിയിലെ ചര്യ:
രാവിലെ 5.30ന് സമാധിമണ്ഡപത്തിൽ ദീപം തെളിച്ച് 6.30 വരെ വിഷ്ണു സഹസ്രനാമം, വേദസൂക്തങ്ങൾ എന്നിവ ജപം. 7 മണിക്ക് പുഷ്പാർച്ചനയും ആരതിയും.
വൈകിട്ട് 5.30 മുതൽ 6.30 വരെ ലളിതാസഹസ്രനാമജപവും ശാന്തിമന്ത്രങ്ങളും, 6.45 ന് ആരതി.
കർക്കിടക മാസത്തിലും മറ്റ് വിശേഷ ദിവസങ്ങളിലും നാമജപങ്ങളും, പാരായണങ്ങളും, ഞായറാഴ്ചകളിൽ സത്സംഗങ്ങളും ഉണ്ടാകും.
എല്ലാ പ്രിയപ്പെട്ടവരുടേയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്
പഴയ കാല ആചാര്യ സ്മരണകൾ ഉണർത്തി ആ ഗുരുവര്യന്മാരുടെ ദർശനങ്ങളെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് നിയുക്ത മഠാധിപതി. ആദ്യ ശ്രമമായി താമസിക്കുന്ന കെട്ടിടത്തിൻ്റെ പുനരുദ്ധാരണം തുടങ്ങി. ആൽത്തറ നവീകരിച്ചു. നിരവധി സത്സംഗ പരിപാടികൾ സംഘടിപ്പിച്ചു. ഇടിഞ്ഞു വീണു തുടങ്ങിയ സമാധിമന്ദിരം നവീകരിച്ചു. 
ഭൗതിക ധനപാത്രം ശൂന്യമാണെങ്കിലും വിശ്വാസപൂർവ്വം നമ്മൾ മുന്നോട്ട് നീങ്ങുകയാണ്. വിശ്വകർമ്മ കുലത്തിൻ്റെ ആത്മീയ ആചാര്യനായി സ്ഥാനമേറ്റ ശേഷം കുലത്തിലെ ആത്മീയ ആചാര്യന്മാരേയും, സമുദായ സംഘടനകളേയും ഒരേ വേദിയിലിരുത്തി സമുദായ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ മഹാ മണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് നൽകുന്ന ആത്മീയ ഉപദേശപ്രകാരവുമാണ് വിശ്വകർമ്മ കുലത്തിനു വേണ്ടി പ്രവർത്തിക്കുന്നത്. 

യാതൊരുവിധ സാമ്പത്തിക വരുമാനവും ഇല്ലാത്ത കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിലെ ദൈനംദിന ചിലവുകൾ നടക്കുന്നത് സ്വാമിജി വിവിധ ക്ഷേത്രങ്ങളിലും സമുദായ സംഘടനകളുടെ പരിപാടികളിലും പങ്കെടുത്ത ലഭിക്കുന്ന ദക്ഷിണ കൊണ്ടാണ് ഈ ആശ്രമത്തിൽ വന്നുചേരുന്ന എല്ലാ സന്യാസിമാർക്കും താമസവും ഭക്ഷണവും തിരികെ പോകുമ്പോൾ ദക്ഷിണയും വസ്ത്രവും നൽകിവരുന്നു സ്വാമിജി അംഗമായി പ്രവർത്തിക്കുന്ന വിവിധ  സംഘടനകളുടെ പ്രതിനിധികളും  മറ്റും ഈ ആശ്രമത്തിൽ നിത്യ സന്ദർശകരാണ് സംസ്ഥാന സന്യാസി സഭയുടെയും ആദിശങ്കര അദ്വൈത അഘാടകയുടെയും സമിതിയുടെയും വിശബ്രമ ശങ്കരാചാര്യ പീഠത്തിന്റെയും സത്സംഗങ്ങളും യോഗങ്ങളും ഈ ആശ്രമത്തിൽ വച്ച് നടക്കാറുണ്ട്. ഈ കൂട്ടായ്മകളുടെയെല്ലാം സഹായ സഹകരണം കൊണ്ട് മാത്രമാണ് ആശ്രമ കാര്യങ്ങൾ തടസ്സമില്ലാതെ നടക്കുന്നത്. ചില കുബുദ്ധികൾ ആശ്രമത്തിനെതിരെയും, സ്വാമിജിക്കെതിരെയും വ്യാജമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് ആശ്രമത്തെ തകർക്കാൻ ശ്രമിച്ചിരുന്നു.  ഭാരത പൈതൃകത്തെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇതുപോലൊരു ആശ്രമ അന്തരീക്ഷം ഹൈന്ദവ സമാജത്തിന് കണ്ടില്ല എന്ന് നടിക്കുവാനാകുമോ?. സമാധിയുടെ മേൽക്കൂര നിർമ്മാണം പൂർത്തിയാക്കാനും സമാധിക്കു മുകളിൽ ഗുരുവിൻ്റെ മാർബിൾ പ്രതിമ സ്ഥാപിക്കാനും വയറിങ്ങിനും ടൈൽ ഇടാനും നിങ്ങളുടെ സഹായം ആവശ്യമാണ്.  പുനരുദ്ധാരണത്തിൽ പങ്കാളിയായി ഗുരുകൃപയും, അനുഗ്രഹവും നേടുക.

കൃഷ്ണാനന്ദം സത്സംഗ സമിതി ,
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
 9061971227
 9207971227


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം