ഋഗ്വേദായനം


ഋഗ്വേദായനം

ജ്ഞാനപ്രകാശത്തിൻ്റെ ആദിമ സ്രോതസ്സിലൂടെ ഒരു കാവ്യസഞ്ചാരം.

ഭാരതീയ ദർശനങ്ങളുടെ ആധാരശിലയായ ഋഗ്വേദത്തിലെ മന്ത്രങ്ങൾ അത്യഗാധമായ അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്ന കാലാതീതമായ സത്യങ്ങളാണ്. പ്രപഞ്ചശക്തികളെ സ്‌തുതിച്ചും പ്രകീർത്തിച്ചും ഋഷിവര്യന്മാർ ദർശിച്ചെടുത്ത ഈ സൂക്തങ്ങൾ, മാനവരാശിയുടെ ധർമ്മബോധത്തിനും ആത്മീയ ഔന്നത്യത്തിനും ഇന്നും മാർഗ്ഗദീപമായി നിലകൊള്ളുന്നു. ഈ സൂക്തങ്ങൾ ഓരോന്നും വിവിധ വീക്ഷണ കോണുകളിലൂടെ നോക്കിക്കാണേണ്ട അതിവിശാലമായ ആശയപ്രപഞ്ചങ്ങളാണ്. വിശ്വവിജ്ഞാനത്തിൻ്റെ ആദിപ്രകാശമായ ഋഗ്വേദത്തിലെ മന്ത്രസാരങ്ങളെ ഭക്തി സാന്ദ്രമായ കാവ്യരൂപത്തിൽ മലയാളികൾക്ക് സമർപ്പിക്കാനുള്ള ഒരു ബൃഹത് സംരംഭമാണ്' 'ഋഗ്വേദായനം'. അവയുടെ പൊരുളും ഗാംഭീര്യവും പൂർണ്ണമായി ഉൾക്കൊണ്ട് ഓരോ മന്ത്രങ്ങളേയും കേവലം നാലുവരികളുളള ഓരോ ശ്ലോകങ്ങളിൽ ഒതുക്കുക എന്നത് അതീവ ദുഷ്‌കരമായ പ്രവൃത്തിയാണെന്ന് ഞാൻ തിരിച്ചറിയുന്നു.

ഋഗ്വേദത്തിലെ പ്രഥമ അഷ്ടകത്തിലെ 121 സൂക്തങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ ഗ്രന്ഥം, വേദമന്ത്രങ്ങളുടെ എല്ലാ വശങ്ങളും സമ്പൂർണ്ണമായി പ്രതി പാദിക്കുന്നു എന്ന് അവകാശപ്പെടുന്നില്ല. മറിച്ച്, വൈദിക ജ്ഞാനത്തിൻ്റെ മഹാ സമുദ്രത്തിലൂടെയുള്ള ഒരു എളിയ സഞ്ചാരം മാത്രമാണിത്. ആ അർത്ഥത്തിലാണ് ഈ കൃതിക്ക് 'ഋഗ്വേദായനം' എന്ന പേര് നൽകിയിരിക്കുന്നത്. ഈ രചന, കേവലം ഒരു പരിഭാഷയല്ല; തികച്ചും, വൈദിക ആശയങ്ങളുടെ അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു കാവ്യസഞ്ചാരമാണ്.

ഈ കാവ്യരചനയുടെ പ്രധാന ലക്ഷ്യങ്ങളും രീതികളും:

ഋഗ്വേദത്തിലെ മന്ത്രസാരങ്ങളെ മലയാളഭാഷയിൽ എട്ട്' കാവ്യ വൃത്തങ്ങളിലായി ചിട്ടപ്പെടുത്തിയിരിക്കുന്നു. എട്ട് അഷ്‌ടകങ്ങളെ എട്ട് വാല്യങ്ങളിലായി പൂർത്തിയാക്കുന്ന സമഗ്ര കാവ്യത്തിൽ എട്ട് വൃത്തങ്ങളുടെ എട്ട് ആവർത്തനങ്ങൾ ഉണ്ടായിരിക്കും: വൃത്തനിബദ്ധമായ രചന, മന്ത്രങ്ങളുടെ താളാത്മകത നിലനിർത്താൻ സഹായിക്കു മെന്ന് ഞാൻ കരുതുന്നു. ഓരോ മന്ത്രത്തിൻ്റെയും അന്തഃസത്ത ചോർന്നുപോകാതെ, എന്നാൽ ലളിതമായി ഗ്രഹിക്കാവുന്ന രീതിയിലുള്ള ആശയ സംഗ്രഹമാണ് ശ്ലോകങ്ങ ളിലൂടെ ലക്ഷ്യമിടുന്നത്. വേദപഠനത്തിലേക്ക് കടന്നുചെല്ലാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വഴിവിളക്കായി, ഋഗ്വേദ മണ്ഡലങ്ങളിലൂടെയുള്ള ഒരു പ്രാഥമിക യാത്രയായി മാത്രം ഈ ഗ്രന്ഥത്തെ കാണേണ്ടതാണ്. വൈദിക സാഹിത്യത്തിലെ പദപ്രയോഗങ്ങളുടെ ഗാംഭീര്യവും ദാർശനികമായ ആഴവും സാധാരണക്കാരായ വായനക്കാരിലേക്ക് എത്തിക്കാനുള്ള ഒരു എളിയ ശ്രമമാണിത്. അറിവിൻ്റെ ഈ മഹാ പഥത്തിലൂടെയുള്ള യാത്രയിൽ വായനക്കാർക്ക് പുതിയ ഉൾക്കാഴ്‌ചകൾ ലഭിക്കുമെന്നും, ഇത് കൂടുതൽ ആഴത്തിലുള്ള വേദപഠനത്തിന് അവർക്ക് പ്രേരണയാകുമെന്നും ഞാൻ വിശ്വസിക്കുന്നു.

അറിവിന്റെ വെളിച്ചം ഏവരിലും നിറയട്ടെ!

വിനയപൂർവ്വം:

പനച്ചിക്കാട് സദാശിവൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗർഭോപനിഷത്ത്

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

മഹാമണ്ഡലേശ്വർ പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ സന്യാസശിഷ്യർ