ഇത് സാധുവിന്റെ കഥ

 
ഇതാണ്  അമ്മമാർ സാധുക്കുട്ടാ എന്നും കുട്ടികൾ സ്വാമി മാമൻ എന്നും വാത്സല്യനിധികളായ  സന്യാസി  ശ്രേഷ്ഠന്മാർ സാധൂ എന്ന് സ്നേഹത്തോടെ വിളിക്കുന്ന സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്.

ഉറങ്ങുമ്പോൾ പോലും ചന്ദനം കൊണ്ടുള്ള ഗോപിക്കുറി മായാത്ത പുഞ്ചിരിക്കുന്ന മുഖത്തോടെ കാണുന്ന ഈ യുവ സന്യാസിയെ ആദ്യമായി ഞാൻ കാണുന്നത്  തമിഴ്നാട് പോണ്ടിച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡുക്കേഷൻ റിസേർച്ച് (JIPMER) ലെ ന്യൂറോ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ വച്ചാണ്. 2006 ൽ.
ഇടതുകൈയ്യും ഇടതുകാലും തളർന്ന് ചുണ്ടുകൾ ഒരു വശത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥയിൽ വൃദ്ധയായ ഒരു അമ്മയുടെ പരിചരണത്തിൽ കഴിയുന്ന അവസ്ഥയിലാണ്. പത്രപ്രവർത്തകയും, സാമൂഹിക സേവകയുമായ എനിക്ക്  എന്നും കാണുന്ന പലരിൽ ഒരാളായി അദ്ദേഹത്തെ കാണാൻ എന്തുകൊണ്ടോ കഴിഞ്ഞില്ല. 200/110  എന്ന നിലയിൽ നിന്ന് പ്രഷർ ഒട്ടും കുറയാതെ ശരീരം മുഴുവൻ വൈദ്യശാസ്ത്രത്തിന്റെ കുഴലുകളും മൂക്കിലൂടെ ഇട്ടിരിക്കുന്ന കൃത്രിമ ശ്വസന സംവിധാനവും ആ മുഖത്തെ തേജസ്സിന് ഒട്ടും കുറവ് വരുത്തിയിട്ടില്ല. അർദ്ധബോധാവസ്ഥയിലും ചിന്മുദ്ര പിടിച്ച് പുഞ്ചിരി മായാത്ത ചുണ്ടുകളിലൂടെ കാതോർത്ത് ശ്രദ്ധിച്ചാൽ കേൾക്കുന്ന വിധത്തിൽ ചൊല്ലുന്ന ഹംസഗായത്രിയും, ഇടക്ക് പെട്ടെന്നൊരു ഞെട്ടലിൽ കൃഷ്ണാ എന്ന വിളിയുമായിരിക്കാം എന്നെ ആകർഷിച്ചത്.

അടുത്തിരുന്ന വൃദ്ധയായ ഒരു  അമ്മയോട് ചോദിച്ചറിഞ്ഞ വിവരങ്ങളും പിന്നീട് അന്വേഷണത്തിലൂടെ ഞാൻ കണ്ടും കേട്ടും അദ്ദേഹത്തിൽ നിന്നും നേരിട്ടും അറിഞ്ഞ വിവരങ്ങളും ഇവിടെ പങ്കുവെക്കുന്നു

ക്ഷമിക്കണം ഞാൻ എന്നെ ആദ്യം പരിചയപ്പെടുത്താം. എന്റെ പേര് ജിഷാ ജോസ്.
കോട്ടയം ജില്ലയിലെ വാകത്താനത്ത് ജനിച്ച് വളർന്ന ഞാൻ പഠിച്ചത് തമിഴ്നാട്ടിലാണ്. ഈ ആശുപത്രിയിൽ പഠിച്ച് സീനിയറായി പഠിച്ച ഒരാളെ വിവാഹം കഴിച്ച് ഇപ്പോൾ UK യിൽ സ്ഥിരതാമസമാണ്. 

സന്യാസിമാരെ ബാല്യം മുതൽ എനിക്കിഷ്ടമാണ്.
ക്രിസ്ത്യാനിയായ ഞാൻ സ്വാമി വിവേകാനന്ദൻ, ശ്രീനാരായണഗുരു, ഹിമാലയത്തിലെ അഘോരി സന്യാസിമാർ ഇവരേക്കുറിച്ച് ധാരാളം വായിച്ചിട്ടുണ്ട്. 
ഇനി നമുക്ക് സാധു സ്വാമിയുടെ കഥയിലേക്ക് കടക്കാം.


ഇതാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്.
കൊല്ലവർഷം 1150 എടവം 20 ഉദയാദി 35 നാഴിക 15 വിനാഴിക (04-06-1975 ബുധനാഴ്ച രാവിലെ 6.45 ന് കൃഷ്ണദശമി തിഥിയിൽ, ധനുലഗ്നത്തിൽ, മനുഷ്യഗണത്തിൽ, വസന്തം ഋതുവിൽ ഉത്തരായനത്തിൽ ഉതൃട്ടാതി നക്ഷത്രത്തിൽ എറണാകുളം ജില്ലയിലെ ശ്രീമൂലനഗരം എടനാട് കരയിൽ വാസ്തു ശാസ്ത്ര വിദഗ്ധരാൽ പ്രസിദ്ധമായ പുന്നക്കാട്ട് വിശ്വകർമ്മ തറവാട്ടിലെ വേലായുധൻ ആചാര്യയുടെ മൂന്നാമത്തെ മകൻ കൃഷ്ണൻകുട്ടി ആചാര്യയുടെയും, ഇടുക്കി ജില്ലയിലെ മൂലമറ്റം എലപ്പള്ളി കരയിൽ വാസ്തുശാസ്ത്ര പണ്ഡിതനായ പുല്ലേറ്റിൽ ശങ്കരനാചാര്യയുടെ മൂത്തമകൾ ശാന്തകുമാരിയുടെയും മൂത്ത പുത്രനായി മുട്ടത്ത് തോട്ടുങ്കര ഉള്ളേലിൽ അച്ചന്റെ വാടക കെട്ടിടത്തിൽ അച്ഛന്റ  തൊഴിൽ ബന്ധമായി വാടകക്ക് താമസിക്കുമ്പോൾ ആയിരുന്നു ജനനം. 
ഗർഭാവസ്ഥയിലായിരുന്ന സമയത്ത് കുട്ടിയെ നഷ്ടപ്പെടും എന്ന് വരെ വൈദ്യശാസ്ത്രം വിധിയെഴുതിയ സാഹചര്യങ്ങൾ ഉണ്ടായിരുന്നത്രേ. 

ശരീരവും ശിരസ്സും ഒരുപോലെ ആയിരുന്ന ഒരു മാംസപിണ്ഡ രൂപമായിരുന്നു ഗർഭപാത്രത്തിന് പുറത്തെത്തിയപ്പോൾ. ശിരസ്സ് നിലത്തുവീണ കുടം പോലെ ആയിരുന്നു. ദിവസങ്ങളോളം ഡോക്ടർമാർ നടത്തിയ തീവ്രപരിചരണത്തിലൂടെ രക്ഷപെടുത്തിയെടുക്കുകയായിരുന്നു. 28 കഴിഞ്ഞ് തീ കരപ്പൻ എന്ന അസുഖം ബാധിച്ചു. ശരീരത്തിലെ മുഴുവൻ തൊലിയും പഴുത്ത് പൊളിഞ്ഞ് വാട്ടിയ വാഴയിലയിൽ കിടത്തിയായിരുന്നു ചികിത്സ. ജനിച്ച് 2 വയസ്സിനുള്ളിൽ മരണകരമായ അസുഖങ്ങളെ പല തവണ തരണം ചെയ്തു. പിന്നീട്   വീട്ടുകാരുടേയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി വളർന്നു. ശ്രീകൃഷ്ണനെപ്പോലെ ഇടതൂർന്ന് വളർന്ന മുടി മുകളിൽ കെട്ടിവെച്ച് കുസൃതികൾ കാട്ടി ഓടി നടന്നിരുന്ന ഈ കണ്ണനെ ഒരു വട്ടമെങ്കിലും കൈയ്യിലെടുക്കാത്ത അമ്മമാർ മുട്ടം, തോട്ടുങ്കര, മാത്തപ്പാറ ഭാഗങ്ങളിൽ ഇല്ലായിരുന്നു. ക്ഷേത്ര ദർശനവും നാമജപവും നടന്നു തുടങ്ങിയ കാലത്തേ ഇഷ്ടമായിരുന്നു. നിരവധി പ്രസിദ്ധരെ സൃഷ്ടിച്ചെടുത്ത തോട്ടുങ്കരയിലെ നിലത്തെഴുത്താശാന്റെ കളരിയിൽ ആദ്യാക്ഷരം കുറിച്ചു.
ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെ മൂലമറ്റം IHEP സ്കൂളിൽ പഠിച്ചു. നൃത്തപഠനവും അവിടെത്തന്നെ ആയിരുന്നു തുടക്കം കുറിച്ചത്. എട്ടാം വയസ്സിൽ അച്ഛന്റെ കൈയ്യിൽ പിടിച്ച് ആദ്യ ശബരിമല യാത്ര. പതിനെട്ട് പടിയിലും നാളികേരം ഉടച്ച് പതിനെട്ടാംപടി കയറി.   അഞ്ച് ക്ലാസുകളിൽ ശ്രീമൂലനഗരം മലയാളം സ്കൂളിൽ, ആറാം ക്ലാസ് മുതൽ പ്രസിദ്ധമായ അകവൂർ ഹൈസ്കൂളിലായിരുന്നു പഠനം. സ്കൂൾ വിദ്യാഭ്യാസത്തോട് വലിയ താത്പര്യം ഇല്ലായിരുന്നു. വീടിനടുത്തുള്ള ഇടക്കണ്ടം  ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കുങ്കുമപ്പാലയുടെ കൊമ്പുകളിലായിരുന്നു കൂടുതൽ സമയവും. കല്ലറ അപ്പുക്കുട്ടൻ എന്ന കലാകാരനിൽ നിന്ന്
തബലയും, ശ്രീമൂലനഗരം തിലകൻ എന്ന ചലച്ചിത്രപിന്നണി ഗായകന്റെ അച്ഛനിൽ നിന്ന് കഥാപ്രസംഗവും അഭ്യസിച്ചു. ശ്രീമൂലനഗരം വിജയൻ എന്ന പ്രസിദ്ധനായ നാടക സംവിധാകന് ദക്ഷിണ വച്ച് അഭിനയ കലയിൽ പഠനം ആരംഭിച്ചപ്പോഴേക്കും വീണ്ടും ശ്വാസംമുട്ടലും നെഞ്ചുവേദനയും ആരംഭിച്ചു. വിദ്യാഭ്യാസം കഷ്ടിച്ച് കടന്നു. കുലത്തൊഴിൽ അഭ്യസിക്കുവാൻ അമ്മാവന്റെ അടുക്കലേക്ക് പോയി. താന്ത്രിക - വൈദിക പൂജാദികളും, ജ്യോതിഷ - വാസ്തു ശാസ്ത്രവും കൈകാര്യം ചെയ്യുന്ന ഗോപാലകൃഷ്ണൻ ആചാര്യക്ക് ദക്ഷിണ സമർപ്പിച്ച് വിദ്യ ആരംഭിച്ചു.  അമ്മാവൻ സംപൂജ്യ സ്വാമി മാധവാനന്ദ തീർത്ഥ പാദരുടെ പൂർവ്വാശ്രമ  കുടുംമ്പത്തിലെ ബന്ധുവും ഗൃഹസ്ഥ ശിഷ്യനുമായിരുന്നു. ആ കാലഘട്ടത്തിലാണ്  ദൈവിക ചിന്തകളുമായി കൂടുതൽ അടുത്തത്.
ഭയഭക്തിയോടെ അമ്മാവനും, അപ്പുക്കുട്ടൻ സ്വാമിയും, തമ്മിലുള്ള പഠന വിഷയങ്ങൾ കാസറ്റിൽ റെക്കോർഡ് ചെയ്തത് കേൾക്കുക പതിവായിരുന്നു. 

ആ ഇടക്കാണ് യേശുവിന്റെ കാര്യവും പറഞ്ഞ് ആത്മീയയാത്രയുടെ പ്രവർത്തകർ മൂലമറ്റത്ത് വന്നത്. അവർ നൽകിയ പുതിയ നിയമം മുഴുവൻ ആവർത്തിച്ച് വായിച്ചു. മനുഷ്യ പുത്രനായി ജനിച്ച ദൈവത്തെക്കുറിച്ച് ചിന്തിച്ചു. യേശുവിനേക്കുറിച്ച് പഠിക്കാൻ അവരോടൊപ്പം കൂടി. ക്രിസ്തീയ ഭക്തിഗാന കാസറ്റും, സുവിശേഷ പുസ്തകങ്ങളും വിൽക്കുകയും പൊതുസ്ഥലങ്ങളിൽ ഹൈന്ദവ ദേവന്മാരെ പരസ്യമായി എതിർത്ത് പ്രസംഗിക്കുകയും ചെയ്തിരുന്ന അവരോടൊപ്പം ഹൈന്ദവത എന്തെന്ന് പഠിച്ചിട്ടില്ലാത്ത  പാതി മനസ്സോടെ നടന്നു. 
കിസ്ത്യാനിയാക്കാൻ ക്രിസ്ത്യാനി പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ പലവിധ ശ്രമങ്ങളും നടന്നു. അമ്മാവന്മാരുടെ തക്കസമയത്തുള്ള ഇടപെടലുകൾ അദ്ദേഹത്തെ അതിൽ നിന്നും രക്ഷിച്ചു. 
 കുട്ടികളോടും, അമ്മമാരോടും പെട്ടന്ന് അടുക്കുന്ന സ്വഭാവമാണ് സ്വാമിയുടേത്. ഞാൻ പരിചയപ്പെടുന്ന കാലത്തും ഈ അടുത്ത കാലത്തും പരിചയപ്പെടുന്ന ഒരാൾ പോലും പിണങ്ങി മാറാത്ത വലിയോരു സൗഹൃദ വലയം കാണുന്നു. മനസ്സിൽ വരുന്നത് തുറന്ന് പറയും. ചങ്ങനാശ്ശേരിയിൽ തൃക്കൊടിത്താനത്ത് ബന്ധുവിന്റെ വീട്ടിൽ തൊഴിൽ കാര്യത്തിന്  പോയതും ആദ്യ പ്രണയവും 
നൈരാശ്യവും പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന സാധുവിന്റെ നിറഞ്ഞ കണ്ണുകളിലെ തിളക്കം ഹൃദയ നിഷ്കളങ്കതയെ തുറന്ന് കാണിക്കുന്നതായിരുന്നു. എന്റെ ജീവിത കഥ എഴുതുന്നു എങ്കിൽ ഒന്നും മറച്ചു വയ്ക്കാതെ എഴുതണം എന്ന അദ്ദേഹത്തിന്റെ നിർദ്ദേശം അദ്ദേഹം ഒരു സന്യാസി ആയതുകൊണ്ട് 90% വും എഴുതുന്നു.

വീട്ടുകാരുടെ താത്പര്യപ്രകാരം മാഞ്ഞാലി കുന്നുകര നാണപ്പൻ ആചാര്യയുടേയും, ലക്ഷ്മിയമ്മയുടേയും അഞ്ചാമത്തെ പുത്രി മായാദേവിയുടെ കഴുത്തിൽ 1997 നവംമ്പർ രണ്ടാം തീയതി താലി ചാർത്തി. ആ സമയത്താണ് കൊച്ചി സിറ്റി പോലീസ് ട്രാഫിക് വാർഡനായി നിയമിതനായത്. പിന്നീട് പെട്ടന്നൊരു ഉയർച്ചയായിരുന്നു. എറണാകുളം റൂറൽ ആക്ഷൻ ഫോഴ്സ് അംഗമായി , കേരള ആക്ഷൻ ഫോഴ്സ് ട്രാഫിക് ചീഫ് ആയി കാലടി, അങ്കമാലി, പുത്തൻകുരിശ്, കോതമംഗലം സ്റ്റേഷനുകളിൽ സേവനം. വ്യാജവാറ്റ് ഗുണ്ടാമാഫിയ, മണൽ മാഫിയ, വിദ്യാത്ഥിനി കൾക്ക് നേരെയുള്ള അതിക്രമം എന്നിവക്കെതിരെ ശക്തമായ നടപടികളും, ഉന്നത അധികാരികൾക്ക് റിപ്പോർട്ടുകളും കൈമാറി. രക്തദാന രംഗത്തും സജീവമായിരുന്നു. ജസ്റ്റിസ് VR കൃഷ്ണയ്യർ, ജില്ലാ കളക്ടർ KR രാജൻ, SP സോമരാജൻ, കമ്മീഷണർ തോമസ് ജോർജ്ജ്, എന്നിവർ സാധുവിനെ ധീരമായ സേവനങ്ങൾക്ക് അനുമോദിച്ചിട്ടുണ്ട്. 
.ഒരു ദിവസം സ്വാമിയുടെ ഭവനത്തിലെ പതിവ് സന്ദർശകനായ ആംഗ്ലോ ഇന്ത്യൻ എന്ന് അവകാശപ്പെടുന്ന ഒരു ഉപദേശി പൂർണ്ണമായും അവരിലേക്ക് അടുപ്പിക്കുന്നതിനു വേണ്ടി ഒരു സ്വകാര്യ ചോദ്യം ഉദാഹരണത്തിനായി ചോദിച്ചു.  "താങ്കളുടെ കിടപ്പറയിൽ ഭാര്യയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിൽ ഭാര്യയുടെ മുഖമാണോ അതോ അന്ന് പകൽ കണ്ട മറ്റേതെങ്കിലും സ്ത്രീയുടെ മുഖമാണോ എന്ന്.  അതുവരെയും അങ്ങിനെയൊരു ചിന്ത ഇല്ലാതിരുന്ന അദ്ദേഹത്തിന്  ഉള്ളിൽ പലവിചാരങ്ങൾ മുള പൊട്ടി. അങ്ങിനെ ചിന്തിക്കുന്നത് പോലും പാപമാണെന്ന അറിവിൽ ഉറച്ചു നിന്നു. പക്ഷേ ദാമ്പത്യ തകർച്ച അവിടെ ആരംഭിച്ചു. ഭാര്യയോടു പോലും വെറുപ്പ് തോന്നിത്തുടങ്ങി. ഒരു വർഷം കൊണ്ട് ആ ഒരു ചോദ്യം  മാനസിക രോഗിയാക്കി മാറ്റി. എല്ലാവരേയും സംശയം. പ്രത്യേകിച്ച് ഭാര്യയെ, അവിഹിതമല്ല സംശയം തന്നെ എല്ലാവരും ചേർന്ന് കൊല്ലാൻ ശ്രമിക്കുന്നു. എല്ലാവരോടും ദേഷ്യം വർദ്ധിച്ചു. ഭാര്യയെ മദ്യപാനിയേക്കാൾ മോശമായ വിധം അസഭ്യങ്ങളും, മർദ്ദനങ്ങളും ആരംഭിച്ചു. പ്രഷർ കൂടി, ഒരു തീരുമാനത്തിലെത്തി. "എല്ലാവരേയും കൊന്ന് ആത്മഹത്യ". പ്രഷർ കൂടി, ഒരു വശം തളർന്നു, മാസങ്ങളോളം കടന്ന കിടപ്പിലും മനോഭാവത്തിന് മാറ്റമില്ല. നാട്ടുകാരും, ബന്ധുക്കളും ധാരാളം സഹായിച്ചു. നടക്കാൻ ആരംഭിച്ചപ്പോൾ ഉപദ്രവം നിർത്തി. കൊലപാതകത്തിന് അവസരം നോക്കിയിരുന്നു. സത്യത്തിൽ ഇവരോടുള്ള പക അല്ലായിരുന്നു ഈ ചിന്തക്ക് കാരണം. നിത്യരോഗിയായി ജോലിക്ക് പോകാൻ കഴിയാതെ മാസം തോറും 3000 രൂപയോളം മരുന്നിന് വേണ്ടിവരും, അത് കൂടുതൽ ബാധ്യത വരുത്തും, പെൺകുട്ടികൾ വലുതാകുമ്പോൾ എന്തു ചെയ്യുമെന്നായിരുന്നു. വിഷവും, മൂർച്ചയുള്ള ബ്ലെയിഡും കരുതിവച്ചു.

കാത്തിരുന്ന ആ ദിവസം എത്തി. രാത്രിയായി. മാതാപിതാക്കൾ വീട്ടിലില്ലാത്ത ദിവസം. പതിവില്ലാതെ എല്ലാവരോടും സ്നേഹം പ്രകടിപ്പിച്ചും കുട്ടികളെ എടുത്തും കഴിഞ്ഞു. തൊട്ടടുത്ത പള്ളിയിലെ പെരുന്നാളിന് എല്ലാ അയൽവാസികളും പോയപ്പോൾ രാത്രി 11 മണി മനസ്സിൽ കുറിച്ചു. കുട്ടികളെ ഉറക്കാൻ കിടന്നു. അറിയാതെ അദ്ദേഹം ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോൾ മൂന്നു മണി. പെട്ടന്നായിരുന്നു ആരോ പറഞ്ഞു കൊടുത്തത് പോലെ തീരുമാനങ്ങൾ മാറ്റി. "ഇവരെ എന്തിന് കൊല്ലണം" ഞാൻ മരിച്ചാൽ പോരെ. ഈ രീതികൾ പറ്റില്ല. തീവണ്ടിക്ക് മുന്നിൽ ചാടാം. പിന്നൊന്നും ചിന്തിച്ചില്ല. രാത്രിയുടുത്ത മുണ്ടും ഷർട്ടും മാത്രം. വീടിന് തൊട്ടടുത്തുള്ള ചൊവ്വര റെയിൽവേ ട്രാക്കി നടന്നു. അസമയത്ത് ഒരു വണ്ടി അവിടെ നിർത്തിയത് കണ്ടു. പിന്നെ എല്ലാം യാന്ത്രികമായിരുന്നു. അതിൽ കയറി. ബർത്തിൽ കിടന്നു. കണ്ണുതുറന്ന് ഇറങ്ങിയത് പഴയ ബോംബെ കല്യാൺ സ്റ്റേഷനിൽ. നിരന്ന് കിടക്കുന്ന തീവണ്ടികൾക്കിടയിലുടെ നടന്ന് വിജനമായ ട്രാക്കിന്റെ വളവുള്ള ഒരു ഭാഗത്ത് എത്തി. അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പുവരുത്തി. വേഗത വർദ്ധിച്ച് വരുന്ന തീവണ്ടിയുടെ മുന്നിലേക്ക് ചാടി.  പെട്ടന്ന് എവിടെ നിന്ന് വന്നു എന്നറിയില്ല, താടിയും മുടിയും നരച്ച് ഉയരം കൂടിയ ഒരു വെള്ളവസ്ത്രക്കാരൻ കൈയിൽ മുറുകെപ്പിടിച്ച്‌ മാറ്റിനിർത്തി കുതറിയെങ്കിലും ആ വൃദ്ധന്റെ ബലത്തിനു മുതൽ തളർന്നു പോയി. ട്രെയിൻ പോയ ശേഷം കോപത്തോടെ അയാളെ നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കാണുന്നില്ല. പെട്ടന്ന് അദ്ദേഹം കുതറിയപ്പോൾ മുറുകെ പിടിച്ച ആ വൃദ്ധന്റെ കൈയ്യുടെ സ്ഥാനത്ത് എന്തോ ഉള്ളത് പോലെ തോന്നി. നോക്കിയപ്പോൾ ഒരു മയിൽപ്പീലി..

ദാഹവും വിശപ്പും മൂലം ശർദ്ധിച്ച് തളർന്നു വീണു. ബോധം തെളിയുമ്പോൾ ട്രാക്കിനടുത്തുള്ള ഒരു ക്ഷേത്രത്തിലാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. മലയാളിയാണെന്നറിഞ്ഞപ്പോൾ മലയാളവും തമിഴും സംസാരിക്കുന്ന ഒരാൾ വന്നു. എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. അന്ന് രാത്രി അവിടെ താമസിക്കാൻ സൗകര്യം കൊടുത്തു. പിറ്റേ ദിവസം രാവിലെ അവിടെ വന്ന മലയാളം അറിയുന്ന ഒരു കാവി വസ്ത്രധാരിയായ സന്യാസിയുടെ കൂടെ ഹരിദ്വാറിലേക്ക്. അവിടെ നിന്ന് അജപാ ആശ്രമത്തിലേക്ക്. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ മൂന്നര വർഷം. ആദ്ധ്യാത്മികതയിലേക്ക് സാവകാശം അടുക്കുകയായിരുന്നു. ഒടുവിൽ ഓം നമോ നാരായണായ എന്നു മാത്രം പറയുന്ന, വസ്ത്രം ധരിക്കാത്ത നാഗസന്യാസിമാരോടൊപ്പം പ്രയാഗയിൽ സ്നാനം. അന്നും കൈവിടാതെ ആ മയിൽപ്പീലി ചേർത്ത് പിടിച്ചിരുന്നു. ജഡാധാരിയായ ഒരു സ്വാമി അദ്ദേഹത്തെ ത്രിവേണീ തീർത്ഥത്തിൽ മുക്കിപ്പൊക്കി മാറോടു ചേർത്ത് നിർത്തി പറഞ്ഞു "ആജ് സെ ആപ് കാ നാം സാധു കൃഷ്ണാനന്ദ ഹെ ആപ് ഏക് അച്ചാ ഗുരു മിലേഗാ കേരൾ ജാവോ"  _"നിങ്ങളുടെ പേര് ഇന്ന് മുതൽ സാധു കൃഷ്ണാനന്ദ എന്നാണ്. നിനക്കൊരു നല്ല ഗുരുവിനെ ലഭിക്കും കേരളത്തിലേക്ക് പോവുക"_ അപ്പോഴും ആ മയിൽപ്പീലി കൈയിൽ മുറുകെ പിടിച്ചിരുന്നു.

കേരളത്തിലേക്ക് തിരികെയെത്തിയ സാധു  മലപ്പുറം ജില്ലയിലെ എടപ്പാളിൽ ചെറിയൊരു വാടക മുറിയിൽ താമസിച്ചു കൊണ്ട് ധർമ്മസേവ ആരംഭിച്ചു. വാടക കൊടുക്കുന്നതിനും മറ്റുമായി തനിക്കറിയാവുന്ന കുലത്തൊഴിൽ ചെയ്യാൻ തുടങ്ങി. തന്റെ രോഗാവസ്ഥയിൽ പരിചരിച്ച ഒരു അമ്മയെയും, സഹോദരിയെയും സംരക്ഷിച്ചു കൊണ്ട് മരപ്പണിയും, മുട്ടുശാന്തിയായി ക്ഷേത്രപൂജയും ആരംഭിച്ചു. വർഷങ്ങളോളം പൊളിഞ്ഞ് പൂജയില്ലാതെ കിടന്ന കൊഴിക്കര മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധരിക്കാൻ മുൻകൈയെടുത്ത് പ്രവർത്തിച്ചു. പഞ്ചപ്രാകാര ചുറ്റുവട്ടമുള്ള, സപ്തമാതൃക്കളും, അഷ്ടദിക്പാലകരും നമസ്കാരമണ്ഡപവും, കൊടിമരവും ഉള്ള ആ മഹാക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നത്‌വരെ അവിടെ നിന്നു.

ആ കാലഘട്ടത്തിലാണ് തൃശ്ശൂർ ജില്ലയിൽ ഒരു സിദ്ധ യോഗീശ്വരന്റെ സമാധി സ്ഥിതി ചെയ്യുന്ന ആശ്രമം തകർന്നു കിടക്കുന്നതായി അറിഞ്ഞത്. ആശ്രമ സ്ഥാപകനായ സ്വാമിജിയുടെ ബന്ധുക്കൾ കേസും വഴക്കുമായി ആശ്രമഭൂമി കയ്യേറുമെന്ന ഭയത്താൽ കഴിയുന്ന ഒരു മാതാജി മാത്രമുള്ള ആ ആശ്രമത്തെ സഹായിക്കാൻ ഇടപെട്ടു. അവിടുത്തെ സ്ഥിരം സന്ദർശകരായി. ഒടുവിൽ മാതാജിയും ഒസ്യത്ത് പ്രകാരമുള്ള അന്തേവാസിയായ മറ്റൊരാളും ചേർന്ന  യോഗം സാധുവിന്റെ പൂജാ പഠനം പഠിപ്പിച്ച ഗുരുവിനെ അധ്യക്ഷനാക്കി തിരഞ്ഞെ
ടുത്തു. 
ആശ്രമം നാമജപങ്ങളാലും, വേദമന്ത്ര പാരായണങ്ങളാലും പുതുജീവൻ നേടി. പൂജാ പഠന   ക്ലാസ്സുകളും, യോഗ പരിശീലനവും, സത്സംഗങ്ങളും കൊണ്ട് പഴയ ചൈതന്യത്തിലേക്ക് ആശ്രമം മടങ്ങി വന്നു.  നിരവധി ക്ഷേത്രങ്ങളുടെ താന്ത്രിക ആചാര്യനായിരുന്ന നിയുക്ത മഠാധിപതി തന്റെ സന്യാസ ഗുരുവും, സംസ്ഥാന സന്യാസി സഭ  സ്റ്റേറ്റ് പ്രസിഡൻറുമായ ആത്മീയ ഗുരു: പാലക്കാട് ജില്ലയിലെ മങ്കര അയ്യപ്പസേവാ ശ്രമം മഠാധിപതി പൂജനീയ സ്വാമി: പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ ശിഷ്യനാണ്. ഗുരുപാദങ്ങളിൽ അഭയം തേടി ജീവിതം സമർപ്പിച്ച പ്രിയ മാതാജി തങ്കമ്മ ഇഹലോകവാസം വെടിഞ്ഞു. 
 ആശ്രമം നാമജപങ്ങളാലും, വേദമന്ത്ര പാരായണങ്ങളാലും പുതുജീവൻ നേടി. പൂജാ പഠന   ക്ലാസ്സുകളും, യോഗ പരിശീലനവും, സത്സംഗങ്ങളും കൊണ്ട് പഴയ ചൈതന്യത്തിലേക്ക് ആശ്രമം മടങ്ങി വന്നു.  നിരവധി ക്ഷേത്രങ്ങളുടെ താന്ത്രിക ആചാര്യനായിരുന്ന നിയുക്ത മഠാധിപതി തന്റെ സന്യാസ ഗുരുവും, സംസ്ഥാന സന്യാസി സഭയുടെ പ്രസിഡൻറുമായ ആത്മീയ ഗുരു: പാലക്കാട് ജില്ലയിലെ മങ്കര അയ്യപ്പസേവാശ്രമം മഠാധിപതിയുമായ പ്രഭാകരാനന്ദ സരസ്വതി സ്വാമിയിലൂടെ വാത്സല്യ ശിഷ്യന് സാധു കൃഷ്ണാനന്ദ സരസ്വതി എന്ന ദീക്ഷാ നാമം നൽകി മഹായോഗീശ്വരന്റെ സമാധിമണ്ഡപത്തിൽ വച്ച് സന്യാസ ദീക്ഷ നൽകി. 
മറ്റൊരു ആശ്രമത്തിൻ്റെ പ്രവർത്തനങ്ങളും, ഹൈന്ദവ സംഘടനാ ജില്ലാ ചുമതലയും ഏറ്റെടുത്ത് അവിട സ്ഥാപക മഠാധിപതിയുടെ ഒസ്യത്ത് പ്രകാരം സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതിയെ  മഠാധിപതിയായി തിരഞ്ഞെടുത്ത് ആശ്രമത്തിൻ്റെ ചുമതലകൾ ഏല്പിച്ചു. നഗ്നരായി മഞ്ഞുമലകളിൽ ധ്യാന ജപങ്ങളിൽ കഴിയുന്ന അഘോരി സന്യാസിമാരുടെ അനുഗ്രഹം നേരിട്ട് ലഭിച്ച് മൂന്നര വർഷം ഋഷികേശിലും ഹരിദ്വാറിലും കഴിഞ്ഞ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ജാതി മത രാഷ്ട്രീയ ഭേതമില്ലാതെ സർവ്വജന സമ്മതനാണ്. എല്ലാ മത വേദ ഗ്രന്ഥങ്ങളേയും മത വിശ്വാസങ്ങളേയും ഒരേ ദൃഷ്ടിയിൽ കാണുന്ന അദ്ദേഹം മത പരിവർത്തനത്തിനും മത തീവ്രവാദത്തിനും എതിരെ ശക്തമായി നിലനിൽക്കുകയും ചെയ്യുന്നു.
സിദ്ധ മർമ്മ ചികിത്സയും, ചില അപൂർവ്വ സമയങ്ങളിൽ അതീന്ദ്രിയ ജ്ഞാനത്താൽ പ്രവചനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. 
സംപൂജ്യ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിൻ്റെ നേതൃത്വത്തിൽ വിവിധ പരമ്പരകളിൽപ്പെട്ട 16 ൽ പരം സന്യാസി ശ്രേഷ്ഠന്മാരുടേയും, ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിൻ്റെ  ഹോമകുണ്ഡത്തിലെ അഗ്നിസാക്ഷിയാക്കി സ്ഥാപക മഠാധിപതിയുടെ സമാധിക്കു മുമ്പിൽ വച്ച് പൂജിച്ച കലശ അഭിഷേകത്തോടെ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതിയെ കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിന്റെ മഠാധിപതിയായി അഭിഷേകം ചെയ്തു.
മഠധിപതിയായി സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതിയെ സ്ഥാനാരോഹണ അഭിഷേക ചടങ്ങ് നടത്തുന്നു. 

ആശ്രമത്തിൻ്റെ സ്ഥാപക ഗുരുനാഥ സ്മരണകൾ ഉണർത്തി ആ ഗുരുവര്യൻ്റെ ദർശനങ്ങളെ നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴത്തെ മഠാധിപതി. ആദ്യ ശ്രമമായി താമസിക്കുന്ന കെട്ടിടത്തിൻ്റെ പുനരുദ്ധാരണം തുടങ്ങി. ആൽത്തറ നവീകരിച്ചു. നിരവധി സത്സംഗ പരിപാടികൾ സംഘടിപ്പിച്ചു. ഇതിനായി കേരളം മുഴുവൻ വ്യാപിക്കുന്ന വിധം കൃഷ്ണാനന്ദം സത്സംഗ സമിതി വാട്സപ്പ് കൂട്ടായ്മ രൂപീകരിച്ചു. ആദ്യമായി ആശ്രമത്തിലെത്തുന്ന ഓരോ ഭക്തനും, പ്രഭാഷണങ്ങൾക്കും സത്സംഗങ്ങൾക്കും പോകുമ്പോഴും ഹരിദ്വാറിൽ നിന്നും കൊണ്ടുവന്ന പഞ്ചമുഖ രുദ്രാക്ഷവും, ഭഗവത്ഗീതയും സ്ഥാപക മഠാധിപതിയുടെ ചിത്രവും സമ്മാനിക്കുക എന്നത് ഈ ആശ്രമത്തിൻ്റെ പ്രത്യേകതയാണ്.  ഇതിനോടകം ഒന്നര ലക്ഷത്തിലധികം പഞ്ചമുഖ രുദ്രാക്ഷം സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി തൻ്റെ കൈ കൊണ്ട് കൊടുത്തു കഴിഞ്ഞു.
കേരളത്തിലെ സമാധിയായതും, ജീവനോടുള്ളതുമായ ഭൂരിപക്ഷം സന്യാസി ശ്രേഷ്ഠന്മാരുടേയും പുണ്യപാദ സ്പർശനത്താൽ പവിത്രീകരിക്കപ്പെട്ട ആശ്രമത്തിലെ ആൽത്തറയിലും പാല ചുവട്ടിലും ഇരുന്ന് ധ്യാനിക്കാൻ  നിരവധി സന്യാസിവര്യന്മാർ ഇപ്പോഴും വരാറുണ്ട്. പരമ്പര വിത്യാസമില്ലാതെ ധ്യാന - ജപത്തിനായി ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണവും താമസ സൗകര്യവും നൽകി സേവ ചെയ്യാൻ ആശ്രമ മഠാധിപതി സന്നദ്ധനാണ്. വൃദ്ധരായ സന്യാസിമാരെ
താമസിപ്പിച്ച് അവരെ പരിചരിക്കാൻ താത്പര്യമുണ്ടെങ്കിലും താമസസൗകര്യം കുറവാണ്. നിലവിൽ 6 സന്യാസിമാർ സ്ഥിര അന്തേവാസികളായി ആശ്രമത്തിൽ താമസിക്കുന്നു.  നിലവിലുള്ള കെട്ടിടത്തോട്‌  ചേർന്ന് പുതിയതായി മുറികൾ പണിയാനുള്ള പദ്ധതിയുണ്ട്.  പഞ്ചഋഷി ഗോത്രമായ വിശ്വബ്രാഹ്മണ കുടുംമ്പത്തിൽ നിന്ന് ഋഷി പരമ്പരകൾക്ക് അഭിമാനമായി ജനിച്ച കൃഷ്ണ ഭക്തനായ അഘോരി എന്ന് അറിയപ്പെടുന്ന സാധു കൃഷ്ണാനന്ദ സരസ്വതി ജ്യോതിഷത്തിലും വാസ്തു ശാസ്ത്രത്തിലും തന്ത്രിക പൂജയിലും കഴിവു തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ്.
ആദി ശങ്കര അദ്വൈത അഖാഡയുടെ ദേശീയ സെക്രട്ടറി, സംസ്ഥാന സന്യാസി സഭയുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവൃത്തിക്കുന്ന മഠാധിപതി  
സോഷ്യൽ മീഡിയകളിൽ ആത്മീയ രംഗത്ത് സജീവമാണ്.

ആദ്ധ്യാത്മിക ഭക്തിക്കൊപ്പം ദേശഭക്തി കൂടി വർദ്ധിപ്പിക്കുക"
എന്ന സന്ദേശമാണ് സ്വാമിയുടെ ലക്ഷ്യ വാക്യം.

ഇന്ന് സാധുവിന്റെ കണ്ണിൽ ആ മയിൽപീലിയും, കൺമുന്നിലെത്തുന്ന ഓരോ വ്യക്തിയിലും കൃഷ്ണനും മാത്രമേയുള്ളൂ. ഭഗവാന്റെ അനുഗ്രഹത്താൽ രണ്ട് പെൺകുട്ടികളുടെയും വിവാഹം കഴിഞ്ഞു. ആ രാത്രിക്ക് ശേഷം ഇന്നുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെ കാണും , സംസാരിക്കും. അമ്മക്ക് മാസം തോറും കിട്ടുന്ന ദക്ഷിണയിൽ നിന്ന്  ചെറിയൊരു തുക അയച്ചു കൊടുക്കും. ഭാര്യയായി ആ കുട്ടികളുടെ അമ്മയായ ഭവതിയെ ഇതുവരെ നേരിൽ കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല. അന്നപൂർണ്ണേശ്വരിയായ മഹാലക്ഷ്മിയുടെ സ്ഥാനത്ത് കാണുന്ന ആ ഭഗവതിയുടെ പാദങ്ങൾ കഴുകിയ തീർത്ഥം സേവിച്ച് സാഷ്ടാംഗം നമസ്കരിക്കാൻ എന്ന് അവസരം ലഭിക്കുമോ അന്ന് വരെ നേരിൽ കാണാതെ കാത്തിരിക്കുകയാണ് ഈ സന്യാസി. 

 ഭക്തനായ സത്സംഗ പ്രിയനായ സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിനു വേണ്ടി അദ്ദേഹത്തിന്റെ തിരുത്തുകളോടും അനുമതിയോടെയും കൂടി പ്രാർത്ഥനയോടെ  സമർപ്പിക്കുന്നു.

  കഥ അൽപ്പം നീണ്ടുപോയി. കൃഷ്ണഭക്തി നമുക്ക് എല്ലാ നന്മകളും നൽകും. ഇന്നും മയിൽപ്പീലി സാധുവിന് ഇഷ്ടമാണ്.

ഗുരുപാദസേവയിൽ

സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ എളിയ ശിഷ്യ

ജിഷാ ജോസ്
തോപ്പിൽ
ചാന്നനിക്കാട് 
കോട്ടയം

ആശ്രമ സഹായ സമിതി,
കൃഷ്ണാനന്ദം സത്സംഗ സമിതി ,
കൃഷ്ണാനന്ദ വേദ ആശ്രമം
 9061971227
 9207971227

സ്വാമിജിയുടെ സേവാ പ്രവർത്തനങ്ങളെ സഹായിക്കാൻ മനസ്സുള്ളവർക്കായി.

അക്കൗണ്ട് നമ്പർ:
Swami Sadhu krishnanandha Saraswathy 
SBl Pattambi branch 
A/c : 37707148920
IFSC : SBIN0070186.

GooglePay: 90 61 97 12 27

സർവ്വം കൃഷ്ണാർപ്പണമസ്തു

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം