മോക്ഷം ആഗ്രഹിക്കരുത്.
സുകൃതികളായ സജ്ജനങ്ങളേ,
ഓരോ ദിവസവും എത വേഗമാണ് കടന്നുപോകുന്നത്? ഇന്നലെ കൂടെ നടന്നവർ ഇന്നില്ല. അടുത്ത നിമിഷം വിളിവന്നാൽ നാമും പോകേണ്ടവർ തന്നെ. ഒന്നിനേക്കുറിച്ചും ആരും വ്യാകുലപ്പെടേണ്ട കാര്യമില്ല. പ്രപഞ്ചത്തേയും പ്രപഞ്ച കാര്യങ്ങളേയും, ശരീരത്തേയും ശരീര ധർമ്മങ്ങളേയും കേവലം മറക്കാനും ആത്മചൈതന്യത്തെ മറക്കാതിരിക്കുന്നതിനുള്ള പരിശ്രമമാണ് സാധന. അത് സാധിച്ചു കഴിയുമ്പോഴുള്ള അവസ്ഥയാണ് നിഷ്ഠ. നിഷ്ഠയുടെ പൂർണ്ണമായ വിജയമാണ് ആത്മദർശനം അഥവാ ആത്മാനുഭൂതി. അത് എപ്പോഴെങ്കിലും ഒരിക്കൽ സാധിച്ചാൽ ഈ ജന്മം സഫലമായി. കാരണം പിന്നീട് സംസാരത്തിൻ്റെ ബാധ ഉണ്ടാവുകയില്ല. ഇന്ന് ഭൂമികുലുക്കം നടന്ന വാർത്ത കണ്ട് വയനാട് അമ്പലവയലിൽ നമ്മുടെ സനാതന ധർമ്മ ആശ്രമത്തിൽ കഴിയുന്ന പൂജനീയ മുരളീധരാനന്ദ സരസ്വതി സ്വാമിജിയേയും, മാതാജിയേയും വിളിച്ചു. സുരക്ഷിതമായിരിക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. അവർക്ക് ഒരു ഭയവുമില്ലത്രേ. ചിലർ ചോദിക്കാറുണ്ട് മോക്ഷം അതിനു വേണ്ടിയല്ലേ ഇതെല്ലാം?. ഗുരുപരമ്പരകളിൽ നിന്നും ലഭിച്ച ആത്മബോധം സാധുവിനെ പഠിപ്പിച്ചിരിക്കുന്നത് മോക്ഷം പോലും ആഗ്രഹിക്കേണ്ട ആവശ്യമില്ല എന്നു തന്നെയാണ്. ചെറിയൊരു സംശയം ഉണ്ടാകും. നോക്കൂ ബന്ധമെന്നത് സംഭവിച്ചിട്ടില്ല. ആസ്ഥിതിക്ക മോക്ഷത്തെ ആഗ്രഹിക്കുന്നു എങ്കിൽ ബന്ധമുണ്ടെന്ന് സമ്മതിക്കലാണല്ലോ. സ്വപ്നദൃശ്യങ്ങൾ ജാഗ്രത്തിലും ജാഗ്രൽദൃശ്യങ്ങൾ ഉറക്കത്തിലും ഇല്ലാതാവാൻ പ്രയത്നം ആവശ്യമില്ല. ഉറക്കത്തിൽ പ്രപഞ്ചാനുഭവങ്ങളും ശരീരാനുഭവങ്ങളും മുഴുവനായും ഇല്ലാതാകുന്നില്ലേ? അവ ആർക്ക് ഇല്ലാതാവുന്നുവോ ആ ചൈതന്യമല്ലേ നിങ്ങൾ! പിന്നെ എങ്ങിനെ ശരീരബന്ധവും പ്രപഞ്ചബന്ധവും ഉണ്ടായി? പുണ്യാത്മാക്കളേ, കർമ്മമാണ് പ്രപഞ്ചത്തിനും ജീവിതത്തിനും ജനനമരണങ്ങൾക്കും ആധാരം എന്ന് തിരിച്ചറിയുക. എവിടെ കർമ്മമില്ലയൊ; അവിടെ ഇതൊന്നുമുണ്ടാവുന്നില്ല. അതുപോലെ കർമ്മം എങ്ങിനെയിരിയ്ക്കുന്നുവോ അങ്ങിനെയാണ് അവയെല്ലാം അനുഭവപ്പെടുന്നത്. കർമ്മം സത്യമല്ലെങ്കിലും സ്വപ്നദൃശ്യമെന്നപോലെ ഉള്ള സമയത്ത് നിഷേധിയ്ക്കാൻ കഴിയാത്തതും അനുഭവങ്ങൾക്ക് ആധാരവുമാണ്. അതിനാൽ സത്യാനുഭൂതി വന്നു ചേരുന്നതുവരെ സർക്കർമ്മങ്ങളാണ് ഒരാൾക്ക് സുഖ സമാധാനങ്ങൾക്ക് കാരണം.
നിങ്ങൾ എല്ലാവരും കർമ്മം ചെയ്യണം എന്ന് സാധു ആവശ്യപ്പെടുന്നു. നമ്മുടെ ഗുരുനാഥൻ പ്രഭാകരാനന്ദ സരസ്വതി മഹാരാജിനെ നോക്കൂ. ശിഷ്യരായ നാമും വിശ്രമമില്ലാതെ അദ്ദേഹത്തെപ്പോലെ എപ്പോഴും കർമ്മം ചെയ്യണം. അതും ഗുരുനാഥൻ ചെയ്യുന്നതുപോലെ നിസ്സംഗതയോടും ഫലത്യാഗത്തോടും കൂടി സൽക്കർമ്മങ്ങളെ ചെയ്യണം!. അങ്ങനെ ജീവിക്കുന്നവർക്ക് കാലംകൊണ്ട് ചിത്തശുദ്ധിവന്ന് ജ്ഞാനം പ്രകാശിയ്ക്കും.
യജ്ഞം, ദാനം, തപസ്സ് ഇവ മൂന്നുമാണ് ആർക്കും എപ്പോഴും ഉപേക്ഷിയ്ക്കാൻ പറ്റില്ലാത്തവ. അവയാണൊരു ജീവൻ്റെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും ഹേതു. വിരാട് ഭഗവാനനുഗ്രഹിയ്ക്കട്ടെ!
ഗുരുപാദസേവയിൽ
ദണ്ഡിസ്വാമി
സാധുകൃഷ്ണാനന്ദ സരസ്വതി മഹാരാജ്.
വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം
പീഠാധീശ്വർ
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ