ദൈവജ്ഞാനം
ഓം ഗും ഗുരുഭ്യോ നമഃ
അവധൂത സിദ്ധയോഗീശ്വരൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിൻ്റെ അനുഗ്രഹം ഏവർക്കും ലഭിക്കട്ടെ!.
തീക്കട്ട തേജോമയവും ശക്തിമത്തുമാണ് . പക്ഷേ , ചാരം കൊണ്ടു മൂടിപ്പോയാൽ അതുള്ളതായിപ്പോലും മറ്റുള്ളവർക്ക് അറിയാൻ കഴിയുന്നില്ല . അതുപോലെ സത്യസ്വരൂപനായ ഈശ്വരൻ സദാ സ്വയം പ്രകാശിക്കുന്നവനും ആനന്ദനിധിയുമാണ് . എന്നാൽ മായയുടെ ആവരണവിപങ്ങൾ കൊണ്ടു മറയ്ക്കപ്പെട്ടിരിക്കുന്നതിനാൽ ഈശ്വരനുണ്ടെന്നുപോലും പലർക്കും ധരിക്കാൻ കഴിയുന്നില്ല എന്ന് ധർമ്മ ചിന്ത നൽകിയ സിദ്ധ യോഗീശ്വരൻ സത്ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിലെ ആത്മാനന്ദ സൗഭാഗ്യം അനുഭവിച്ചറിയാൻ നിങ്ങൾക്കും അവസരങ്ങൾ ലഭിക്കട്ടെ!
പ്രിയരായ സജ്ജനങ്ങളേ,
എല്ലാവരും ഓണം നന്നായി ആഘോഷിച്ചെന്ന് വിശ്വസിക്കട്ടെ! മിഥ്യാ കൽപ്പിതങ്ങളായ എന്തെല്ലാം ഭേദബുദ്ധികളിൽപ്പെട്ടാണ് നമ്മളിൽ ചില മനുഷ്യർ ഉഴലുന്നത്. ആചാര്യ വേഷധാരികൾ പോലും ചിലർ ലജ്ജയില്ലാതെ സ്ഥാനമാനങ്ങൾക്കു വേണ്ടി കലഹിക്കുന്നു. മദമാത്സര്യങ്ങളിൽപ്പെട്ട ചിലരുടെ ബുദ്ധി തീരെ നശിക്കുന്നു. കൂടെ നടക്കുന്ന സഹോദരന്റേയും, സുഹൃത്തുക്കളുടേയും നെഞ്ചിൽ ഒരു ഭയവും കൂടാതെ കത്തി വീശി തുടങ്ങി. ചിലർ കാമ കിങ്കരത്വവും സേവാ വൃത്തികളുമായി കാലം കഴിച്ചു കൂട്ടുന്നു. ജീവിത വൃത്തിക്കായി മാത്രം ചിലർ ക്ഷേത്ര ജോലികളിലേർപ്പെടുന്നു . ചില അച്ഛനമ്മമാർ മക്കളെപ്പോലും വിറ്റു തിന്നുന്നു. ചിലർ ഋതു പോലുമാകാത്ത പെൺമക്കളെ വ്യഭിചാരത്തിന് വിധേയരാക്കുന്നു. ചില മക്കൾ അച്ഛനമ്മമാരെപ്പോലും പട്ടിണിക്കിട്ടും, വിഷം കൊടുത്തും കൊല്ലുന്നു . അഗ്നിസാക്ഷിയായി വിവാഹം കഴിച്ച് ഭാര്യയെ ചിലർ പരസ്ത്രീ സുഖത്തിൽ ലയിച്ച് എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നു. സജ്ജനങ്ങൾ നല്ലതുപറഞ്ഞുകൊടുത്താൽ കോപിച്ച് അവരോടു കയർക്കുന്നു. പൂജിതരായവരെ നിന്ദിക്കുകയാണ് ചിലരുടെ തൊഴിൽ. ചിലരുടെ വിചാരം അവരുള്ളതുകൊണ്ടാണ് ഈ ലോകം ഇങ്ങനെ നടന്നുപോകുന്നതെന്നാണ്. ബ്രാഹ്മണനായതിൽ അഹങ്കരിച്ച് ചിലർ ബ്രഹ്മാവിനെക്കാൾ ഞെളിഞ്ഞു നടക്കുന്നു. എല്ലാറ്റിനുമുപരി ധനമോഹമാണ് മനുഷ്യനെ അങ്ങേയറ്റം പതിപ്പിക്കുന്നത്. ഇത്രയേറെ മഹത്വമേറിയ അവധൂതരും , അഘോരികളുമുള്ള ഭാരതഖണ്ഡമുണ്ടായിട്ടും വിദേശത്തു നിന്നുമെന്നും പറഞ്ഞ് അഘോരിവേഷം കെട്ടിയ വ്യാജന്മാരെ നിരത്തി അഗ്നിഹോത്രാദിയാഗങ്ങൾ നടത്തി പോലും പണം നേടുവാനാണ് ശ്രമിച്ചു വരുന്നത്. സ്വർണവ്യാപാരം , രത്നവ്യാപാരം ആനക്കച്ചവടം , കുതിരക്കച്ചവടം കപ്പൽവ്യാപാരം മദ്യ വ്യാപാരം മയക്കുമരുന്ന് വ്യാപാരം വ്യഭിചാരം എന്നിവകൊണ്ട് എന്തു മാത്രം പണമാണ് ഓരോരുത്തർ ഉണ്ടാക്കിക്കൂട്ടുന്നത്. മാനസികവും ശാരീരികവുമായ എല്ലാ പരിശുദ്ധിയും വെടിഞ്ഞ് പണം ധൂർത്തടിച്ച് എത്രയെത്ര ആളുകളാണ് ദിനം പ്രതി പതിച്ചുകൊണ്ടിരിക്കുന്നത്. പണം വേണ്ടെന്നല്ല. പക്ഷേ പണത്തിൽ തൃഷ്ണ മുഴുത്താൽ പണം എത്ര കിട്ടിയാലും ആർക്കും തൃപ്തിവരുന്നതല്ല. പത്തുകിട്ടിയാൽ നൂറുണ്ടാക്കണമെന്നും നൂറായാൽ ആയിരമാക്കാതെ കഴിയുകയില്ലെന്നും, ആയിരത്തെ പതിനായിരത്തിലെത്തിക്കണമെന്നും അങ്ങനെ നീണ്ടു നീണ്ടുപോകും ആ ആശാപാശം. സജ്ജനങ്ങൾ വല്ലതും വന്നിരുന്നാലും ചില ദുഷ്ടന്മാർ കൊടുക്കാൻ മടിക്കുന്നു. ചത്തുപോകുമ്പോൾ ഉടുതുണി പോലും കൊണ്ടു പോകാൻ ആർക്കും കഴിയില്ല. പണക്കാർക്കാകട്ടെ വിശ്വാസവഞ്ചന ചെയ്യാനും മടിയില്ല, പശ്ചാത്തപിക്കുകയുമില്ല. ധനക്കൊതിയുള്ളവർക്ക് ഒരിക്കലും സത്യമായി പെരുമാറാൻ കഴിയില്ല. അദ്വയജ്ഞാനരൂപമായ ബ്രഹ്മമത്രേ സത്യം , സജ്ജനങ്ങൾ ഇതു നന്നായറിയുന്നു. വിദ്യകളെല്ലാം ഈ സത്യത്തെ സാക്ഷാത്ക്കരിക്കാനുള്ളതാണ് . പക്ഷേ അവനവന്റെ ആത്മാവു തന്നെയായ ഈ സത്യത്തെ അറിയാതെ വിദ്വാന്മാർ പോലും വിദ്വാന്മാരെന്നു ഭാവിക്കുന്നേയുള്ളു . വേദങ്ങളും വേദ ശാസ്ത്രങ്ങളും പഠിച്ചിട്ടുള്ളവർക്കുപോലും ചിലപ്പോൾ ഈ ജഗദീശ്വരനെ ഉള്ളിൽ കണ്ടനുഭവിക്കാൻ കഴിയുന്നില്ല . കുങ്കുമത്തിന്റെ സൗരഭ്യമറിഞ്ഞനുഭവിക്കാൻ കഴിവില്ലാതെ കുങ്കുമ ഭാണ്ഡവും പേറിനടക്കുന്ന കഴുതയെപ്പോലെയാണ് ബ്രഹ്മാനുഭവമില്ലാതെ വേദം പഠിച്ചു നടക്കുന്ന പണ്ഡിതൻ. അർപ്പണബുദ്ധിയോടുകൂടിയ ഭക്തി ഒന്നുകൊണ്ടേ ആത്മ സാക്ഷാത്ക്കാരം സാധിക്കൂ. തൃഷ്ണയോടെ വിഷയസുഖങ്ങളിൽ മോഹിച്ചുഴലുന്നവർക്ക് ഈശ്വരനെ അറിയാൻ എങ്ങിനെ കഴിയും ?. ദിനംപ്രതി ആയുസ്സു കുറയുകയാണ്. ആയുസ്സു കുറയുന്തോറും മോഹം വർധിക്കുകയും ചെയ്യുന്നു. ഓണം, വിഷു, തിരുവാതിര, ശ്രാദ്ധം, സദ്യ, പുത്രജന്മം, ജന്മദിനം, വസ്തു സമ്പാദനം എന്നിങ്ങനെ മനുഷ്യമനസ്സ് മാറി മാറി മോഹിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ ഒടുങ്ങാത്ത മോഹങ്ങളിൽപ്പെട്ടുഴന്നുകൊണ്ടിരിക്കുമ്പോൾ പാവം അറിയാതെ മരണത്തിന്റെ വായിൽപ്പെട്ടു മറയുകയും ചെയ്യുന്നു. ഈ സത്യങ്ങളെ മനസ്സിലാക്കി ജീവിതത്തെ ക്രമീകരിച്ച് ഈശ്വര ചിന്തയിൽ സന്മാർഗ്ഗത്തിലൂടെ ആത്മീയവും ഭൗതികവുമായ സുഖങ്ങളെ അനുഭവിക്കുവാൻ എല്ലാവർക്കും കഴിയട്ടെ എന്ന് പ്രത്യാശിക്കട്ടെ !.
ഗുരുപാദ സേവയിൽ
ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്.
വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം.
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
ഗുരുവായൂർ
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ