രാമായണത്തിലൂടെ - 3


സുകൃതികളേ,
വർണ്ണനകൾക്ക് അതീതമാണ് നമ്മുടെ രാമരാജ്യം. അത് ഭാരതമെന്ന മഹാരാജ്യത്തിൻ്റെ ചരിത്രം രേഖപ്പെടുത്തിയ നിരവധി ഇതിഹാസ ഗ്രന്ഥങ്ങളിലൂടെ എഴുതപ്പെട്ടിരിക്കുന്നു. 
നമ്മുടെ ഭാരതത്തിൻ്റെ പൗരാണിക നാമം ജംബുദീപം എന്നായിരുന്നുവത്രെ. ഭൂമിയിൽ ഏഴു ഭൂവിഭാഗങ്ങളാണ് ഉണ്ടായിരുന്നതെന്ന് ഇതിഹാസങ്ങൾ പറയുന്നു. ജംബുദ്വീപം, പ്ലക്ഷദ്വീപം, ശാൽമലിദ്വീപം, കുശദ്വീപം, ക്രൗഞ്ചദ്വീപം, ശാകദ്വീപം, പുഷ്‌ക്കര ദ്വീപം എന്നിവ. ജംബുദ്വീപമെന്ന ഭാരതം തന്നെ ഒട്ടനവധി ദ്വീപുകളും ഹിമശൈലങ്ങളും ചേർന്ന മഹാജനപദങ്ങളായി വേറിട്ടുകിടന്നിരുന്നു. ഇന്ദ്രദ്വീപം, കശേരുമാനം, താമ്രപർണം, ഗഭസ്തിമാനം, നാഗദ്വീപം, സിംഹളം, കടാഹം, വാരുണം, കുമാരം ഇവയൊക്കെ ഭാരതവർഷത്തിലുൾപ്പെട്ട ഭാഗങ്ങളായിരുന്നു.

മഹേന്ദ്രം, മലയം, സഹ്യം, ശക്തിമാനം, ഋക്ഷം, വിന്ധ്യം, പാരിയാത്രം എന്നിങ്ങനെ ഒട്ടനവധി പർവതങ്ങൾ ഇതിനിടയിൽ ഭൂവിഭാഗങ്ങൾക്ക് അതിരുനിശ്ചയിച്ച്, കാവൽകാത്തു നിന്നു. കോലാഹലം, വൈഭാജം, മന്ദരം, ദുഗ്ദ്ധരം, വാതധൂമം, മൈനാകം, ഋശ്യമൂകം, ഗോവർധനം, രൈവതകം, ചിത്രകൂടം, ഗന്ധമാദനം തുടങ്ങിയ മല നിരകൾ വേറെയും.

അംഗം, വംഗം, കലിംഗം, കോസലം, ആഭീരം, ഗാന്ധാരം, കേകയം, കാംബോജം, പ്രാഗ്ജോതിഷം, മല്ലം, മഗധം, മിഥില, തുണ്ഡികേരം, അവന്തി എന്നിങ്ങനെ ആയിരക്കണക്കിന് നാട്ടുരാജ്യങ്ങളായി ഭിന്നിച്ചുകിടക്കുകയായിരുന്നു ഭാരതം. ആധുനീക ഭൂമി ശാസ്ത്ര കണക്കുകളനുസരിച്ച് വൈദേശിക മത തീവ്രവാദികൾ വെട്ടി മുറിച്ച് കൊണ്ടുപോയതുൾപ്പടെ ഇന്നത്തെ അറേബ്യനതിർത്തികൾ മുതൽ തെക്കേയറ്റത്തുള്ള കന്യാകുമാരിയും കടലിനു നടുവിലെ ശ്രീലങ്കയും വരെ വിസ്‌തൃതമായ മഹത്തായ ഭാരതഭൂമി. ആദികാവ്യത്തിൻ്റെ കഥാപശ്ചാത്തലമായ ഈ ദേശത്തിൻ്റെ ഒരേകദേശധാരണ മാത്രമാണിത്.

സൂര്യവംശത്തിലെ പ്രതിഭാശാലികളായ രാജാക്കന്മാരാണ് നമ്മുടെ ഇതിഹാസങ്ങളിൽ ജ്വലിച്ചുനിൽക്കുന്ന ആദിമതാരകങ്ങൾ. പ്രപഞ്ച സൃഷ്ട്യമായ വിരാട്പുരുഷൻ ഭഗവാൻ വിശ്വബ്രഹ്മദേവൻ തൻ്റെ പ്രത്യക്ഷ വിശ്വരൂപമായ മഹാവിഷ്‌ണുവിൻ്റെ രൂപമെടുക്കുകയും നാഭീപത്മത്തിൽനിന്ന് ഉയർന്ന സഹസ്രദള പത്മത്തിൽ അദ്ദേഹം പ്രപഞ്ചജീവ സൃഷ്ടിക്കായി ഇരുന്നു. പ്രപഞ്ച പരിപാലനത്തിനായി ഏഴുമാനസ പുത്രന്മാരെ ജനിപ്പിച്ചുവെന്നുമാണ് കഥാ ചരിത്രം. വേദ ഉപനിഷത്ത് പുരാണ ഗ്രന്ഥങ്ങൾ വ്യക്തമായി പഠിക്കുമ്പോൾ വിശ്വബ്രഹ്മദേവനും വിഷ്ണുഭഗവാനും ശിവ ഭഗവാനും ഒന്നു തന്നെയാണ് എന്ന് മനസ്സിലാക്കാം. ബ്രഹ്മദേവൻ്റെ പുത്രന്മാരിൽ ഒരാളായ മരീചിയുടെ പുത്രനായിരുന്ന കശ്യപപ്രജാപതിയുടെ മകനായ സുര്യനിൽ നിന്നത്രെ സൂര്യവംശത്തിൻ്റെ ഉല്‌പത്തി.

സൂര്യപുത്രനായ ഇക്ഷാകുവിൻ്റെ അനന്തരതലമുറയാണ് രാമായണ പ്രസിദ്ധമായ ഇക്ഷാകുവംശം. പ്രസിദ്ധരായ ഒട്ടനവധി രാജാക്കന്മാർ ഈ വംശത്തിൽ ഭരണം നടത്തി. സൂര്യപുത്രനായ വിവസ്വാൻ എന്ന വൈവസ്വതമനുവിൻ്റെ പുത്രനായിരുന്നു ഇക്ഷ്വാകു എന്നും ചില പുരാണങ്ങളിൽ കാണുന്നു.

കകുൽസ്ഥൻ, യുവനാശ്വൻ, മാന്ധാതാവ്, അംബരീഷൻ, മുചുകുന്ദൻ, ത്രൈയാരുണൻ എന്ന ത്രിശങ്കു, ഹരിശ്ചന്ദ്രൻ, സഗരൻ, ഭഗീരഥൻ, ദിലീപൻ, മഘു എന്നിങ്ങനെ പ്രസിദ്ധി നേടിയ ഒട്ടനവധി രാജാക്കന്മാരുടെ പരമ്പരയായിരുന്നു സൂര്യവംശം. ഇവരിൽ പലതുടേയും പേരിനൊപ്പം ഈ വംശം അറിയപ്പെടുകയും ചെയ്‌തു. രഘുവംശവും ഇക്ഷാകുവംശവും സൂര്യവംശവും ഒന്നുതന്നെ എന്നർഥം.

നമ്മുടെ കഥാനായകനുമായി ബന്ധപ്പെട്ട കോസലം ഭാരതത്തിലെ ഏറെ പ്രസിദ്ധമായ രാജ്യങ്ങളിലൊന്നായിരുന്നു. രാജാക്കന്മാരുടെ ശക്തിക്കും ദൗർബല്യങ്ങൾക്കും അനുസൃതമായി രാജ്യത്തിൻ്റെ വിസ്‌തൃതി കൂടുകയും കുറയുകയും ചെയ്യുക സ്വാഭാവികമാണല്ലോ. ആക്രമണങ്ങളും ജയപരാജയങ്ങളും അതിരുകൾ മാറ്റിവരയ്ക്കുന്ന കാലമായിരുന്നു അത്.

സരയൂനദി അമൃതുനിറയ്ക്കുന്ന കോസലം, അക്കാലത്ത് രണ്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഇതിൽ ദക്ഷിണ കോസലത്തിന്റെ ഭരണാധികാരിയായിരുന്നു ദശരഥൻ. അദ്ദേഹത്തിന്റെ ആദ്യ പത്നി കൗസല്യ ഉത്തരകോസലത്തിലെ രാജകുമാരിയും വിവാഹത്തോടെ ഇരുരാജ്യങ്ങളും ഒന്നായിത്തീർന്നു. പൗരാണിക കാലത്തെ ഏറ്റവും പ്രസിദ്ധമായ നമ്മുടെ അയോദ്ധ്യയായിരുന്നു കോസലദേശത്തിന്റെ തലസ്ഥാനനഗരം.

ഇക്ഷ്വാകുവംശത്തിലെ പ്രസിദ്ധരായ രാജാക്കന്മാരിലൊരാ ളായിരുന്നു ദശരഥൻ എന്ന നേമി. മഹാനായ ദിലീപൻ്റെയും സൂര്യവംശത്തിന്റെ യശസ്സുയർത്തിയ രഘുവിൻ്റെയും സത്യവാനായ ഹരിശ്ചന്ദ്രന്റെയും പരമ്പരയിൽ പിറന്ന, ധീരനും പ്രജാസസ്നേഹിയുമായ രാജാവ്. ദിലീപപുത്രനായ രഘുവിൻ്റെ മകനായ അജനായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. ദശരഥൻ എന്നത് അദ്ദേഹത്തിനു കിട്ടിയ ഒരംഗീകാരമാണെന്നും യഥാർഥ നാമം നേമി എന്നായിരുന്നുവെന്നും കമ്പരാമായണത്തിൽ ഒരു പ്രസ്‌താവമുണ്ട്. യുദ്ധനിപുണനായ നേമി ഒരിക്കൽ ഇന്ദ്രനെ സഹായിക്കാൻ ദേവലോകത്തു ചെന്നെത്തിയെന്നും കമ്പർ പറയുന്നുണ്ട്.

ശംബരൻ എന്ന അസുരൻ ഇന്ദ്രപദവി മോഹിച്ച് ദേവലോകമാക്രമിച്ചു. അന്ന് ദേവന്മാർപോലും പരാജയപ്പെടുന്ന ഘട്ടത്തിൽ നേമി ശംബരാസുരനെ നേരിട്ടു. മായക്കാരനായ ശംബരൻ ഒരേ സമയം പത്തുതേരുകളിൽ നിന്നുകൊണ്ട് യുദ്ധം തുടർന്നു. തന്റെ അസാമാന്യമായ യുദ്ധപാടവത്താൽ പത്തു ശംബരന്മാരെയും എയ്തുവീഴ്ത്തിയ രാജാവിന് ഇന്ദ്രൻ നല്‌കിയ സ്ഥാനപ്പേരാണത്രേ ദശരഥൻ എന്നത്. എന്നാൽ നേമി എന്ന ഈ നാമം പുരാണേതിഹാസങ്ങളിൽ അധികം കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ വർഷം നരേന്ദ്ര മോദിജി ശ്രീരാമ ക്ഷേത്രം പണിത് രാം ലല്ല പ്രതിഷ്ഠ നടത്തിയ നമ്മുടെ സ്വന്തം അയോദ്ധ്യാ നഗരം തലസ്ഥാനമാക്കി ദശരഥൻ ഭരണം തുടങ്ങിയതോടെ അദ്ദേഹത്തിന്റെ പ്രശസ്‌തി ലോകമെങ്ങും വ്യാപിച്ചു. നന്മയുടെയും ആനന്ദത്തിൻ്റെയും കേളീരംഗമായിരുന്നു അയോദ്ധ്യ. ഉത്തരകോസലത്തിലെ രാജകുമാരിയായ കൗസല്യാദേവി ദശരഥന്റെ പട്ടമഹിഷിയായി. കാലമേറെക്കഴിഞ്ഞിട്ടും അവർക്ക് കുട്ടികളുണ്ടായില്ല.

ഇവിടെയും ചില പാഠഭേദങ്ങൾ കാണാം. കമ്പരെപ്പോലെയുള്ള ചില പുനരാഖ്യാതാക്കൾ പറയുന്ന ആ കഥയും ചെറുതായൊന്നു സൂചിപ്പിക്കാം.

ദശരഥനും കൗസല്യയ്ക്കും ആദ്യം പിറന്നത് ഒരുപെൺകുട്ടി യായിരുന്നു. ശാന്ത എന്നായിരുന്നു അവളുടെ പേര്. എന്നാൽ വംശം നിലനിറുത്താൻ അവർക്ക് പിന്നീടൊരാൺകുട്ടി ജനിച്ചില്ല. പ്രാർഥനകളും പൂജകളും ഏറെ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അംഗരാജ്യത്തെ രാജാവായിരുന്ന ലോമപാദൻ, ദശരഥന്റെ മിത്രമായിരുന്നു. ഒരിക്കൽ കൊട്ടാരത്തിലെത്തിയ അദ്ദേഹത്തോട് ദശരഥൻ തൻ്റെ ദുഃഖമറിയിച്ചു. ലോമപാദനും വർഷങ്ങളായി ഒരു സന്തതിക്കുവേണ്ടി തപസ്സനുഷ്‌ഠിക്കുകയായിരുന്നു.

"താങ്കൾക്ക് വംശം നിലനിറുത്താൻ പെൺകുട്ടിയെങ്കിലുമു ണ്ടല്ലോ. എനിക്കതുമില്ല. എൻ്റെ മരണത്തോടെ വംശം നശിച്ചുപോ കുമെന്ന വേദനയിലാണ് ഞാൻ". ലോമപാദൻ പറഞ്ഞു. “എനിക്ക് സൂര്യവംശത്തിൻ്റെ യശസ്സുയർത്തുന്ന ഒരാൺകുട്ടിയാണ് വേണ്ടത്. ഒരു യോദ്ധാവ്." ദശരഥൻ പറഞ്ഞു. “പെൺകുട്ടിയെങ്ങനെ രാജ്യം ഭരിക്കും.?"

“എങ്കിൽ..? എന്തോ ആലോചിച്ചശേഷം ലോമപാദൻ ചോദിച്ചു

“അങ്ങയുടെ മകളെ എനിക്ക് ദാനമായി തരിക. അവളിലൂടെ എന്റെ വംശം നിലനില്ക്കട്ടെ."

അർധസമ്മതത്തോടെ ദശരഥൻ ശാന്തയെ ലോമപാദന്റെ ദത്തുപുത്രിയായി നല്‌കി. ശാന്ത അംഗരാജകുമാരിയായി വളർന്നു. ദശരഥൻ കേകയനാട്ടിലെ രാജകുമാരിയായ കൈകേയിയെയും പിന്നീട് സുമിത്രയെയും വിവാഹം ചെയ്‌തുവെങ്കിലും അവർക്കും പുത്രന്മാരുണ്ടായില്ല. വർഷങ്ങൾ പലതു കടന്നുപോയി. ഇതിനിടെ അംഗരാജ്യത്ത് ചില സംഭവങ്ങൾ അരങ്ങേറുന്നുണ്ടായിരുന്നു. 1988 ൽ ബഹുമാന്യ MT വാസുദേവൻ നായരുടെ തിരക്കഥയിലൂടെ പുറത്തിറങ്ങിയ വൈശാലി സിനിമ നിങ്ങൾ മറന്നിട്ടില്ലെന്ന് വിശ്വസിക്കുന്നു. 

അംഗരാജ്യത്ത് പന്ത്രണ്ടുവർഷക്കാലം തുടർച്ചയായി മഴപെയ്യാതിരുന്നതിനാൽ നാട് വരണ്ടുണങ്ങി. മനുഷ്യരും മൃഗങ്ങളും ചത്തൊടുങ്ങി. ലോമപാദൻ, സർവനാശത്തിൽനിന്ന് രക്ഷപ്പെടാൻ പോംവഴികളൊന്നും കാണാതെ വലയുമ്പോഴാണ് മഹർഷിമാരിലൊരാൾ ഋശ്യശൃംഗനെപ്പറ്റി പറഞ്ഞത്.
ഋശ്യശൃംഗൻ്റെ കഥ നാളെ പറയാം. കഥ വായിച്ച് അതിലൂടെ ലഭിക്കുന്ന കഥാതത്വം കമൻ്റായി എഴുതാൻ ആരും മറക്കരുതേ

ഗുരുപാദങ്ങളിൽ നിന്ന്

പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കേരള വിശ്വകർമ്മ ശങ്കരാചാര്യ പീഠം
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
ഗുരുവായൂർ
തൃശ്ശൂർ
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗർഭോപനിഷത്ത്

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

പ്രഭാകരം പ്രകാശമയം വന്ദേ ഗുരു പരമ്പരാം.