ബ്രഹ്മജ്ഞാനിയായ സത്യകാമൻ

ഓം സദ്ഗുരവേ നമഃ
സജ്ജനങ്ങളേ, നിഷ്ഠയാണ് ജ്ഞാനസമ്പാദനത്തിന് വേണ്ടതെന്ന് ബോധ്യപ്പെടുത്തുന്ന ഒരു ഉപനിഷത്ത് ഭാഗമാകട്ടെ ഇന്നത്തെ ആത്മസന്ദേശം.

രാജവീഥികളിലെ തിരക്കുകളില്‍ നിന്നകലെയായിട്ട് ഗ്രാമീണര്‍ താമസിച്ചിരുന്ന ഒരു ഗ്രാമം. പലതരത്തിലുള്ള ജനങ്ങള്‍ അവിടെ വസിക്കുന്നുണ്ട്. ഗ്രാമവീഥിയ്ക്ക് ഇരുപുറങ്ങളിലുമായിട്ടാണ് ധനികരുടെ വാസഗൃഹങ്ങള്‍. ദരിദ്രരുടെ വാസസ്ഥലങ്ങള്‍ പുഴയോരത്ത് വലിയ മണ്‍പുറ്റുകള്‍ പോലെ അങ്ങിങ്ങ് നിലനിന്നിരുന്നു. അവയിലൊന്നിലാണ് സത്യകാമന്‍ ജനിച്ചു വളര്‍ന്നത്.

ഒരു ദിവസം സത്യകാമന്‍ തന്റെ അമ്മയായ ജബാലയോട് പറഞ്ഞു:

“അമ്മേ എനിക്ക് പഠിക്കണം. പകല്‍സമയത്ത് നദിയില്‍ കുളിക്കാനെത്തുന്ന ധാരാളം പേരെ ഞാന്‍ പരിചയപ്പെടാറുണ്ട്. അറിവുള്ള പലരില്‍ നിന്നുമായി ഞാനൊരു സത്യം കേട്ടറിഞ്ഞു. വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത്. പഠിക്കണം. അതിന് ഇവിടെ നിന്നാല്‍ സാധ്യമല്ല. അതുകൊണ്ട് ഏതെങ്കിലും ഗുരുകുലത്തില്‍ ചെന്ന് ബ്രഹ്മചാരിയായി വസിക്കണം.”

അതുകേട്ട് ജാബാല സന്തോഷിച്ചു.

“മകനേ, നീ പഠിച്ചു വലിയവനാകണം എന്നാണ് എന്റെയും മോഹം. പക്ഷേ ഞാന്‍ ദാരിദ്രയാണ്. നിനക്ക് വേണ്ടതെല്ലാം തരുവാന്‍ ഈ അമ്മയ്ക്കു പ്രാപ്തിയില്ല.”

“അമ്മ വിഷമിക്കരുത്. ഋഷീശ്വരന്മാര്‍ വസിക്കുന്ന അനേകം ഗുരുകുലങ്ങളെക്കുറിച്ച് എനിക്ക് കേട്ടറിവ് ലഭിച്ചിട്ടുണ്ട്. അവിടെ ചെന്നാല്‍ ഗുരുവിനോട് എന്റെ ഗോത്രം പറയണം. ഞാനേതു ഗോത്രത്തിലാണ് ജനിച്ചതെന്ന് അമ്മ പറഞ്ഞു തന്നാലും. എനിക്കതു മാത്രം മതി.”

മകന്റെ പെട്ടെന്നുള്ള ആ ചോദ്യം ജബാലയുടെ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. തന്റെ പൂര്‍വ്വകാലാനുഭൂതിയില്‍ പലതും ഓര്‍മ്മകളിലോടിയെത്തി. എല്ലാം വിസ്മൃതിയിലാക്കി സ്വപുത്രനു വേണ്ടി മാത്രം ജീവിക്കുകയായിരുന്നു, അവര്‍.

സത്യകാമന് അമ്മയല്ലാതെ ആരുമില്ല. ജബാലയ്ക്കും തന്റെ പുത്രനല്ലാതെ മറ്റൊരു ബന്ധുവിനെ പ്രത്യേകം എടുത്തു പറയാനില്ല. അമ്മയും മകനും ദാരിദ്ര്യം നിറഞ്ഞ ചെറിയ കുടിലില്‍ ഉള്ളതുകൊണ്ട് തൃപ്തരായി കഴിഞ്ഞു പോരുകയായിരുന്നു.

ജബാല നഗരവീഥിയിലെ പല വീടുകളിലും വേലയ്ക്കു പോയിരുന്നു. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ആ അമ്മയും മകനും ജീവിച്ചു. ഈശ്വരഭക്തരായിരുന്ന അവര്‍ക്ക് ആരോടും ഒന്നിനും പരാതിയില്ല. പരിഭവമില്ല.

സ്വപുത്രന്റെ നന്മക്കുവേണ്ടി മനസ്സുരുകി പ്രാര്‍ത്ഥിച്ചിരുന്ന ജബാല, അവന്റെ ചോദ്യത്തിനു മുമ്പില്‍ പതറിപ്പോയി. ആ സാധ്വി ദുഃഖം കൊണ്ട് കണ്ണുനീരൊഴുക്കി. എന്നിട്ട് വിഷമത്തോടെ പറഞ്ഞു:

“മകനേ, ക്ഷമിക്കുക. നീ ഏതു ഗോത്രക്കാരനാണെന്ന് എനിക്കറിഞ്ഞുകൂടാ. ബാല്യകാലം മുതല്‍ ഞാനൊരു ദരിദ്രയാണ്. പലപല വീടുകളില്‍ പലരെയും പരിചരിച്ചാണ് ജീവിതവൃത്തി കഴിച്ചിരുന്നത്. അക്കാലത്ത് എന്റെ യൗവനത്തില്‍ എനിക്കു നിന്നെ ലഭിച്ചു. അതുകൊണ്ട് നീ ഏതു ഗോത്രക്കാരനാണെന്ന് എനിക്ക് അറിയില്ല. എന്റെ പേര് ജബാല എന്നാണ്. നിനക്ക് ഞാന്‍ നല്കിയിരിക്കുന്ന പേര് സത്യകാമന്‍ എന്നാണ്.

ജബാലയുടെ പുത്രനായ സത്യകാമനാണ് നീയെന്ന് ആശ്രമത്തില്‍ ചെന്ന് ആചാര്യനോട് പറയുക.”

അമ്മ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ട സത്യകാമന്‍ ഗുരുകുലത്തിലേയ്ക്ക് പുറപ്പെടാനൊരുങ്ങി. അമ്മയുടെ ഉപദേശങ്ങളും അനുഗ്രഹവും വാങ്ങി. മാതൃപാദങ്ങളില്‍ സാഷ്ടാംഗം നമസ്കരിച്ചിട്ട് ദൃഢവിശ്വാസത്തോടും ഭക്തിയോടും കൂടി കുടിലില്‍ നിന്നിറങ്ങി അവന്‍ മെല്ലെ നടന്നു.

സത്യകാമന്‍ ഗൗതമമഹര്‍ഷിയുടെ ആശ്രമത്തിലെത്തി. ഗൗതമമഹര്‍ഷിയുടെ പിതാവായ ഹരിദ്രുമന്‍ തെരഞ്ഞെടുത്തതായിരുന്നു പ്രശാന്തസുന്ദരമായ ആ സ്ഥലം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തില്‍ നിന്ന് വളരെയകലയാണിത്.

ആശ്രമത്തിനരികിലെത്തിയപ്പോള്‍ കൂട്ടംകൂട്ടമായി അഴകേറിയ പശുക്കള്‍ ആശ്രമത്തിലേയ്ക്കു പോകുന്നത് സത്യകാമന്‍ കണ്ടു. പ്രകൃതിരമണീയമായ ചുറ്റുപാടുകള്‍. മനോഹരമായ നദി. പൂത്തുലഞ്ഞു നില്‍ക്കുന്ന വൃക്ഷലാതാദികള്‍. പച്ചപ്പുല്‍മേടുകള്‍, ഭീതിയില്ലാതെ നടക്കുന്ന മാന്‍കിടാവുകള്‍, മുയലുകള്‍, പീലിവിടര്‍ത്തി നിന്നാടുന്ന വര്‍ണ്ണമയിലുകള്‍, കിളികളുടെ സംഗീതം, ചെറിയ ചെറിയ പര്‍ണ്ണശാലകള്‍, തപസ്സിനും സ്വാധ്യായത്തിനും പറ്റിയ ശാന്തമായ അന്തരീക്ഷം. ഒരു കൂട്ടം ബഹ്മചാരികള്‍ ഒരിടത്തിരുന്ന് വേദമന്ത്രങ്ങള്‍ സ്വരിച്ചു ചൊല്ലുന്നു. മറ്റുചിലര്‍ ചെടികള്‍ക്ക് വെള്ളം നനയ്ക്കുകയാണ്. ചിലര്‍ ഹോമത്തിനായി ചമത ശേഖരിക്കുന്നത് സത്യകാമന്‍ കണ്ടു. ആത്മജ്ഞാനത്തിനായി ഗുരുവിനെ സമീപിക്കുന്നവന്‍ കയ്യില്‍ ചമതയോടുകൂടിവേണം ഗുരുവിന്റെ അരികിലെത്തുവാന്‍. സത്യകാമന്‍ ചമത ശേഖരിച്ച് ആശ്രമത്തിലേയ്ക്കു കടന്നു. അവിടെ കണ്ട ബ്രഹ്മചാരിമാരെ പ്രണാമം ചെയ്ത് അവരോടൊപ്പം ചമതയുമായി ഗൗതമ മഹര്‍ഷിയുടെ മുമ്പിലെത്തി. സാഷ്ടാംഗം നമസ്ക്കരിച്ച് ഗുരുവിന് സമര്‍പ്പിച്ചു.

“ഗുരുനാഥാ, ഞാന്‍ അങ്ങയുടെ അടുക്കല്‍ ബ്രഹ്മചാരിയായി താമസിക്കാനാഗ്രഹിക്കുന്നു. അവിടുന്ന് ഉപനയിച്ചാലും.”

“മകനെ, നിന്റെ പേരെന്താണ്? നിന്റെ ഗോത്രമേതാണ്.” – ഗൗതമമുനി ചോദിച്ചു.

“ഗുരുനാഥാ, എനിക്ക് എന്റെ ഗോത്രമേതെന്ന് അറിവില്ല. ഞാന്‍ അമ്മയോടു ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞത് ഇപ്രകാരമാണ്. അമ്മ പലപല വീടുകളിലും പണിചെയ്തിരുന്നു. പലരേയും ശശ്രൂഷിച്ചാണ് ജീവിച്ചു പോന്നത്. അങ്ങനെയായിരിക്കെ അമ്മയുടെ യൗവനത്തില്‍ അമ്മയ്ക്ക് എന്നെ ലഭിച്ചു. അച്ഛനാരെന്നോ പേരോ ഗോത്രമോ അമ്മയ്ക്കറിയില്ല. അമ്മയുടെ പേര് ജബാല എന്നാണ്. ജബാലയുടെ പുത്രനായ സത്യകാമനാണ് ഞാന്‍. ഇത്രയും മാത്രമേ അറിവുള്ളൂ!”

ആ ബാലന്റെ സത്യബുദ്ധിയിലും നിഷ്ക്കളങ്കതയിലും അറിവു നേടാനുള്ള ഉത്ക്കടമായ ആഗ്രഹത്തിലും ഗൗതമമുനി ആകൃഷ്ടനായി. സന്തോഷപൂര്‍വ്വം മുനി പറഞ്ഞു.

“കുഞ്ഞേ, നീ സത്യം പറയാന്‍ മടിക്കാത്തവനാണ്. സത്യനിഷ്ഠയില്‍ നിന്ന് മനസ്സിളകാത്തവനാണ് ബ്രാഹ്മണന്‍. അതു കൊണ്ട് നീ ബ്രഹ്മണനാണ്. നിന്നെ ഞാന്‍ ശിഷ്യനായി സ്വീകരിച്ചിരിക്കുന്നു. ഈ ആശ്രമത്തില്‍ താമസിക്കാം. യഥാവിധി ഞാന്‍ ഉപനയിക്കാം.”

സത്യകാമനു സന്തോഷമായി. അവനെ ഗൗതമമുനി ശിഷ്യനായി സ്വീകരിച്ചു. യഥാവിധി ഉപനയനം നടത്തി. വേണ്ട ഉപദേശങ്ങള്‍ നല്‍കി.

ഒരു ദിവസം രാവിലെ സത്യകാമനെ വിളിച്ച് നാനൂറ് പശുക്കളെ ഏല്പിച്ചിട്ട് പറഞ്ഞു.

“ഇവകളെയും കൊണ്ട് നീ കാട്ടിലേയ്ക്കു പോകണം. ഇവ ആയിരമാകുമ്പോള്‍ തിരിച്ചുവരണം. അതുവരെ പശുക്കളെ നന്നായി പരിപാലിക്കണം. നിത്യാനുഷ്ഠാനങ്ങളും ഉപാസനയും മുടങ്ങാതെ ചെയ്യണം.”

ഗുരുവിന്റെ ഉപദേശപ്രകാരം നാനൂറു പശുക്കളുമായി സത്യകാമന്‍ വനത്തിലെത്തി.

ജപവും ധ്യാനവും ഗോസംരക്ഷണവുമായി വനത്തില്‍ അവന്‍ ഏറെക്കാലം കഴിച്ചു കൂട്ടി. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം ഗോക്കളിലൊന്ന് അവനോട് പറഞ്ഞു:

“സത്യകാമാ, ഞങ്ങള്‍ എണ്ണത്തില്‍ ഇപ്പോള്‍ ആയിരമായിരുന്നു. ഞങ്ങളെ ആശ്രമത്തിലേക്കു കൊണ്ടുപോയാലും.”

സത്യകാമന്‍ ഗോക്കളെ എണ്ണിനോക്കി. ശരിയാണ്. ആയിരമായിരിക്കുന്നു. സത്യകാമന്‍ ഗോക്കളുമായി ഗുരുസന്നിധിയിലേക്കു മടങ്ങാന്‍ നിശ്ചയിച്ചു. സത്യകാമന്റെ തപസ്സിലും സന്തുഷ്ടനായ വായൂഭവഗവാന്‍ പ്രത്യക്ഷപ്പെട്ടു.

“സത്യകാമാ, ഞാന്‍ നിന്റെ തപശ്ചര്യയില്‍ പ്രീതനായിരിക്കുന്നു. നിനക്കു ഞാന്‍ ബ്രഹ്മവിദ്യയുടെ ഒരു പാദം ഉപദേശിച്ചുതരം.”

“ഭഗവാനേ, അവിടുന്ന് എന്നില്‍ പ്രീതനെങ്കില്‍ ബ്രഹ്മവിദ്യ എനിക്കുപദേശിച്ചാലും.” സത്യകാമന്‍ നമസ്കരിച്ചു കൊണ്ട് വിനീതനായി അപേക്ഷിച്ചു.

വായുഭഗവാന്‍ ഉപദേശിച്ചു തുടങ്ങി.

“സത്യകാമാ, വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നീ ദിക്കുകള്‍ ബ്രഹ്മത്താല്‍ പൂരിതമാണ്. എല്ലാ ദിക്കുകളും നിറഞ്ഞു നില്ക്കുന്ന അഖണ്ഡബോധത്തെ ബ്രഹ്മമായുപാസിക്കുക. ബ്രഹ്മത്തിന്റെ നാലു കലകളോടുകൂടിയ “പ്രകാശവാന്‍” എന്ന ഈ പാദത്തെ ഉപാസിക്കുന്നവന്‍ ജ്യോതിസ്വരൂപങ്ങളായ ലോകങ്ങളെ പ്രാപിക്കും. രണ്ടാമത്തെ പാദത്തെക്കുറിച്ച് അഗ്നിദേവന്‍ നിനക്ക് ഉപദേശം തരും.”

സത്യകാമനെ അനുഗ്രഹിച്ചിട്ട് വായുദേവന്‍ അപ്രത്യക്ഷനായി.

അടുത്തദിവസം. പ്രഭാതകൃത്യാനിഷ്ഠാനങ്ങള്‍ക്കും ശേഷം സത്യകാമന്‍ പശുക്കൂട്ടവുമായി ഗൗതമമുനിയുടെ ആശ്രമത്തിലേയ്ക്ക് യാത്ര പുറപ്പെട്ടു. തികച്ചും സുഖപ്രദവും സംതൃപ്തപൂര്‍ണ്ണവുമായിരുന്നു ആ യാത്ര. യാത്രക്കിടയില്‍ കണ്ടവയെല്ലാം ചൈതന്യവത്തായിട്ട് അനുഭവപ്പെട്ടു.

സന്ധ്യയായിട്ടും അശ്രമത്തിലെത്തിയില്ല. ദൂരം അധികമുണ്ട്. സത്യകാമന്‍ ഗോക്കളെയെല്ലാം സുരക്ഷിതമായ ഒരിടത്ത് തളച്ചു. സ്നാനാദികളും സന്ധ്യാവന്ദനവും നടത്തി. അഗ്നി ജ്വലിപ്പിച്ചു. അവിടെയിരുന്ന് ഉപാസനയാരംഭിച്ചു. ധ്യാനനിരതനായി. ആ സമയം അഗ്നി സത്യകാമനോട് പറഞ്ഞു.

“സത്യകാമാ, ഭൂമിയും ആകാശവും ഇവ രണ്ടിന്റേയും ഇടയിലുള്ളതുമായ സര്‍വ്വരും ബ്രഹ്മത്തിന്റെ പാദമാണ്. ഇത് ‘അനന്തവാന്‍’ എന്ന പേരോടു കൂടിയതുമാണ്. ഈ പ്രപഞ്ചത്തെയെല്ലാം ഗ്രസിച്ചു നില്‍ക്കുന്ന അനന്തതയെ ബ്രഹ്മമായുപാസിക്കുന്നവന്‍ നാശമില്ലാത്ത ദിവ്യലോകങ്ങളെ പ്രാപിക്കും.”

അഗ്നിയില്‍ നിന്ന് ബ്രഹ്മവിദ്യ ഉപദേശിച്ചു കിട്ടിയ സത്യകാമന് തനിക്കു ചുറ്റുമുള്ള പ്രപഞ്ചം മുഴുവന്‍ ആത്മപ്രകാശത്തില്‍ ശോഭിക്കുന്നതായി അനുഭവപ്പട്ടു. അതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ കൂടുതല്‍ അറിവും ആനന്ദവും അവനുണ്ടായി.

പിറ്റേന്ന് നേരം പുലര്‍ന്നു. പ്രഭാത കര്‍മ്മങ്ങള്‍ക്കും ജപധ്യാനാദികള്‍ക്കും ശേഷം പശുക്കളുമായി ആശ്രമം ലക്ഷ്യമാക്കി നടന്നു, സന്ധ്യയായി. ഇന്നും ആശ്രമത്തിലെത്താന്‍ സാധിച്ചില്ല ഗോക്കളെ ഒരു വിശ്രമസ്ഥാനത്ത് തളച്ചിട്ട് കുളികഴിഞ്ഞ് ധ്യാനത്തില്‍ മുഴുകി.

അപ്പോള്‍ ആദിത്യന്‍ ഒരു ഹംസത്തിന്റെ രൂപത്തില്‍ അവിടെയെത്തി. ബ്രഹ്മവിദ്യ ഉപദേശിച്ചു കൊടുത്തു.

“സത്യകാമാ, സൂര്യനും ചന്ദ്രനും അഗ്നിയും പ്രകാശിക്കുന്നത് ബ്രഹ്മത്തിന്റെ പ്രകാശം കൊണ്ടാണെന്ന് അറിയുക. അന്തരീക്ഷത്തില്‍ ഇടിമിന്നല്‍ ഉണ്ടാകുന്നതും ബ്രഹ്മത്തിന്റെ പ്രകാശത്താലാണ്. ഇവയെല്ലാം പ്രകാശിക്കുന്നത് ആത്മപ്രകാശത്തിന്റെ അംശം കൊണ്ടു മാത്രമാണ്. ഇവ ബ്രഹ്മത്തില്‍ നിന്ന് ഭിന്നവുമല്ല. ബ്രഹ്മത്തിലെ ഈ ഭാഗത്തെ’ജ്യോതിഷ്മാന്‍’ എന്ന് പറയപ്പെടുന്നു.”

ഇതോടെ ബ്രഹ്മത്തിന്റെ മൂന്നു പാദങ്ങളെക്കുറിച്ചും സത്യകാമന് ഉപദേശം ലഭിച്ചുകഴിഞ്ഞു.

അടുത്ത ദിവസം. വായു, അഗ്നി, ആദിത്യന്‍ എന്നിവകളില്‍ നിന്ന് തനിക്ക് ലഭിച്ച അറിവുകളെയെല്ലാം അവന്‍ തത്ത്വവിചാരം ചെയ്തുനോക്കി. അറിവിന്റെ അനന്തസമുദ്രം അവനില്‍ അനുഭൂതികളായി നിറഞ്ഞു. അങ്ങനെയായിരിക്കവേ ഒരു നീര്‍ക്കാക്ക അവിടെയെത്തി.

നീര്‍ക്കാക്ക പറഞ്ഞു: “സത്യകാമാ,നീ അറിഞ്ഞാലും! പ്രാണനും, ചെവി, കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയുള്ള ഇന്ദ്രിയങ്ങളും മനസ്സും ബ്രഹ്മത്തെ ആശ്രയിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഇതാണ് ബ്രഹ്മത്തിന്റെ നാലാം പാദം. ഈ പാദത്തെ ‘ആയതനവാന്‍’ എന്നറിയപ്പെടുന്നു.”

സത്യകാമന്‍ ഏകാഗ്രചിത്തനായി, ധ്യാന നിരതനായി, പ്രപഞ്ചത്തിലെയും അതിനപ്പുറവുമുള്ള എല്ലാഅറിവും ആനന്ദവും അവന്‍ അനുഭവിച്ചു.

പിറ്റേദിവസം സത്യകാമന്‍ ഗോക്കളുമായി ഗുരുകുലത്തില്‍ എത്തിച്ചേര്‍ന്നു. ശാന്തതയോടെ സാവധാനം ഗൗതമമുനിയെ ചെന്നുകണ്ട് സാഷ്ടാംഗം പ്രണമിച്ചു.

ഗൗതമമുനി തന്റെ ശിഷ്യനെ ആപാദചുഡം വീക്ഷിച്ചു.

മനസ്സിന്റെ വികാരങ്ങളെല്ലാം കെട്ടടങ്ങിയിട്ടുണ്ട്. ശാന്തചിത്തനാണ്. മുഖം തേജസ്സുറ്റതായിരിക്കുന്നു. കണ്ണുകള്‍ ദിവ്യങ്ങളായി തിളങ്ങുന്നു. പരമശാന്തിയും ആനന്ദവും സുഖവും അനുഭവിക്കുന്നവനെപ്പോലെ സംതൃപ്തനായി നില്ക്കുന്നു. വിനയാന്വിതനുമാണ്.

ഗൗതമമുനി സന്തോഷത്തോടെ സാവധാനം ചോദിച്ചു:

“മകനേ! സത്യം സാക്ഷാത്ക്കരിച്ചവനെപ്പോലെ നിന്റെ മുഖം ശോഭിക്കുന്നു. നീ ശാന്തനും സുസ്മേരവദനനുമായിരിക്കുന്നു. കുഞ്ഞേ, ആരാണ് നിനക്ക് ബ്രഹ്മജ്ഞാനം ഉപദേശിച്ചു തന്നത്?”

സത്യകാമന്‍ സംഭവിച്ചതെല്ലാം ഗുരുവിനോടു പറഞ്ഞു. അതുകേട്ട് ഗുരു ആഹ്ലാദചിത്തനായി നിന്ന് ബ്രഹ്മജ്ഞാനം നേടിയെങ്കിലും ഒരു ഗുരുവില്‍ നിന്ന് വിദ്യനേരിട്ട് ഉപദേശിക്കപ്പെടണം. എങ്കിലേ പരിപൂര്‍ണ്ണത കൈവരികയുള്ളൂ. അങ്ങനെ ആഗ്രഹിച്ചുകൊണ്ട് സത്യകാമന്‍ തന്റെ ഗുരുവിന്റെ പാദങ്ങളില്‍ ദീര്‍ഘദണ്ഡനമസ്ക്കാരം ചെയ്തു.

ഗൗതമമുനി യഥാശാസ്ത്രം എല്ലാത്തരത്തിലും സത്യകാമന് ആത്മീയതത്ത്വത്തെ പഠിപ്പിച്ചു കൊടുത്തു. ദേവതകളില്‍ നിന്നും ഗുരുവില്‍നിന്നും അറിവുനേടിയ സത്യകാമന്‍ മഹാജ്ഞാനിയായിത്തീര്‍ന്നു. അവന്‍ സ്വജീവിതം ധന്യമാക്കി.

ഓം തത് സത്
അവലംബം – ഛാന്ദോഗ്യോപനിഷത്ത്

  ഗുരുപാദ സേവയിൽ

പീഠാധീശ്വർ ദണ്ഡിസ്വാമി 
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം