ആശ്രമോപനിഷത്ത്

അറിയാനുള്ള ആഗ്രഹത്തെ തടയാൻ ആർക്കും കഴിയില്ല. ചിലതൊക്കെ അറിഞ്ഞേ പറ്റൂ എന്നുണ്ടെങ്കിൽ ആശ്രമ ധർമ്മങ്ങളെ പഠിക്കുക എന്ന് പ്രബോധിപ്പിച്ച സിദ്ധ യോഗീശ്വരൻ അവദൂ സത്ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധി എല്ലാവർക്കും അനുഗ്രഹമാകട്ടെ!

ചതുരാശ്രമങ്ങളെക്കുറിച്ചും, ആശ്രമ ധർമ്മങ്ങളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടെന്ന് പലരും പറയാറുണ്ട്. ആശ്രമോപനിഷത്ത് എന്ന ഒരു ഉപനിഷത്ത് തന്നെ നമുക്കുണ്ട്. ചെറുതെങ്കിലും ഈ ഉപനിഷത്ത് വളരെ ഗൗരവമേറിയതാണ്. നാലുവിധ ആശ്രമങ്ങളെക്കുറിച്ചും അവയുടെ പതിനാറു വിഭാഗങ്ങളെക്കുറിച്ചും ഇതിൽ വിവരണമുണ്ട്. ബ്രഹ്മചാരിയെക്കുറിച്ചും ഗൃഹസ്ഥനെക്കുറിച്ചും വാനപ്രസ്ഥനെക്കുറിച്ചും സന്യാസിയെ ക്കുറിച്ചും ഇതിൽ വിവരിക്കുന്നു. നാലുവിധ വാനപ്രസ്ഥന്മാരെക്കുറിച്ചും, നാലുവിധ ഗൃഹസ്ഥന്മാരെക്കുറിച്ചും, നാലുവിധ സന്യാസിമാരെക്കുറിച്ചും ഇതിൽ മനസ്സിലാക്കാം. നാലു വിധത്തിലുള്ള ആശ്രമങ്ങൾക്ക് പതിനാറു വിഭാഗങ്ങളുണ്ട്. ബ്രഹ്മചാരികൾ നാലു വിഭാഗത്തിൽപ്പെടുന്നു. അവർ ഗായത്രനും ബ്രാഹ്മണനും പ്രാജാപത്യനും ബൃഹനുമാണ്. ജ്ഞാപവീത ധാരണത്തിനു ശേഷം മൂന്നു രാത്രി ഉപ്പില്ലാത്ത ഭക്ഷണം സ്വീകരിച്ച് ഗായത്രി ജപിക്കുന്നവനെ ഗായത്രൻ എന്നു വിളിക്കുന്നു. നാൽപ്പത്തിയെട്ടു വർഷം വേദാധ്യയനത്തിനായി ബ്രഹ്മചര്യം  അനുഷ്ഠിക്കുകയോ ഓരോ വേദവും പന്ത്രണ്ടു വർഷം വീതം ചെലവിട്ട് പഠിക്കുകയോ വേദ ജ്ഞാനം സമ്പൂർണമാകുന്നതുവരെ യമനിയമാദികൾ പാലിക്കുകയോ ചെയ്യുന്നവനാണ് ബ്രാഹ്മണൻ. പ്രാജാപത്യൻ എല്ലായ്പ്പോഴും പരസ്ത്രീപരാംമുഖനായിരിക്കും. അതുമല്ലെങ്കിൽ ഇരുപത്തിനാലു വർഷം ഗുരുകുലവാസം അനുഷ്ഠിക്കുന്ന ബ്രാഹ്മണനും നാൽപ്പത്തിയെട്ടു വർഷം വരെ ഈ വിധം അനുഷ്ഠാനത്തിൽ കഴിയുന്നവനും പ്രാജാപത്യനാണ്. മരണം വരെ ഗുരുവിനെ ഉപേക്ഷിക്കാതിരിക്കുന്ന നൈഷ്ഠിക ബ്രഹ്മചാരിയാണ് ബൃഹൻ.

വാർത്താകവൃത്തി, ശാലീനവൃത്തി, യയാവരൻ,  ഘോരസന്യാസി എന്നിങ്ങനെ ഗൃഹസ്ഥന്മാർ നാല് വിധമുണ്ട്. ഇതിൽ വാർത്തകവൃത്തി കൃഷി , ഗോസംരക്ഷണം നടത്തിയും വാണിജ്യം  കടുത്ത വർഷം യജ്ഞം ചെയ്തും ആത്മാവിനെ ഉപാസിച്ചുകൊണ്ടിരിക്കും. ശാലീനവൃത്തിയാകട്ടെ സ്വയം യജ്ഞം ചെയ്യുമെങ്കിലും ചെയ്യിക്കില്ല. പഠിക്കുമെങ്കിലും പഠിപ്പിക്കില്ല, ദാനം കൊടുക്കുമെങ്കിലും സീകരിക്കില്ല. ഈ വിധം ആത്മാവിനെ ഉപാസിച്ചുകൊണ്ടിരിക്കും . യയാവരനാകട്ടെ  യജ്ഞം ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്നു. പഠിക്കുന്നതിനോടൊപ്പം പഠിപ്പിക്കുകയും ചെയ്യുന്നു. കൊടുക്കുന്നതിനോടൊപ്പം സ്വീകരിക്കുകയും ചെയ്യുന്നു. ഈ വിധം യജ്ഞങ്ങളനുസരിച്ച് ആത്മാവിനെ ഉപാസിക്കുന്നു. സന്യാസികൾ തപോനിരതരായിരുന്ന്  ഏറെക്കാലം യജ്ഞാദികൾ അനുഷ്ഠിച്ചു കൊണ്ട് ഉപാസനയും ധ്യാനവുമായി കഴിയുന്നു.

വാനപ്രസ്ഥന്മാർ നാലു വിധമുണ്ട്. വൈഖാനസന്മാർ, ബാലഖില്യന്മാർ, ഉദുംബരന്മാർ, ഫേനപന്മാർ എന്നിങ്ങനെയാണ് ആ നാലു വിധം. ഇതിൽ ആദ്യത്തേതാണ് വൈഖാനസന്മാർ. സ്വയം മുളച്ചതും പജിക്കാത്തതും ഗ്രാമീണരാൽ ഉപേക്ഷിക്കപ്പെട്ടവയുമായ ചെടികളിൽ നിന്നു കിട്ടുന്നവയെ അഗ്നി പരിചരണത്തോടെ പഞ്ചമഹായജ്ഞം ചെയ്ത് ആത്മാവിനെ ഉപാസിക്കുന്നു. ഉദുംബരന്മാർ പ്രഭാതത്തിൽ എഴുന്നേറ്റ് ബദാം, വരിനെല്ല് എന്നിങ്ങനെ ഏതെങ്കിലുമൊക്കെ ശേഖരിച്ച് അഗ്നിഹോത്രം ചെയ്ത് പഞ്ചമഹായജ്ഞശേഷം ആത്മാവിനെ ഉപാസിക്കുന്നു. ബാലഖില്യന്മാർ ജഡ, ജീർണവസ്ത്രം, മരവുരി എന്നിവ ധരിക്കുന്നവരും കാർത്തിക മാസത്തിലെ പൗർണമി ദിവസം പുഷ്പഫലങ്ങൾ ഉപേക്ഷിച്ച് ചാതുർമാസ്യം ഒഴിച്ച് മറ്റുള്ള എട്ടു മാസവും ജീവിക്കാനായി വേണ്ടതു നേടി അഗ്നിപരിചരണവും പഞ്ചമഹായജ്ഞവും ചെയ്ത് ആത്മാവിനെ ഉപാസിക്കുന്നു. ഫേനപന്മാരാകട്ടെ കൊഴിഞ്ഞുവീഴുന്ന ഇലയും കായും ഭക്ഷിച്ച് ഇടം കിട്ടുന്നിടത്തു വസിച്ച് അഗ്ന്യാധാനം ചെയ്ത് പഞ്ചമഹായജ്ഞം അനുഷ്ഠിച്ച് ആത്മാവിനെ ഉപാസിക്കുന്നു. 
കുടീചരൻ, ബഹൂദകൻ, ഹംസൻ, പരമഹംസൻ എന്നീ നാലു വിധത്തിലാണ് സന്യാസിമാർ. ഇവരിൽ കുടീചരൻ തന്റെ പുത്രാദികളുടെ ഗൃഹങ്ങളിൽ നിന്നു ഭിക്ഷ സ്വീകരിച്ച് ഗൃഹങ്ങളിൽതന്നെ  താമസിച്ച് ആത്മവിചിന്തനം നടത്തുന്നു. ത്രിദണ്ഡം, കമണ്ഡലു, ശിക്യപക്ഷം, ജലപാത്രം, പാദുകം, ശിഖ, യജ്ഞോപവീതം, കാഷായവസ്ത്രം എന്നിവ ധരിച്ചുകൊണ്ട് നടക്കുന്ന ബഹൂദകൻ , ആത്മധ്യാനനിരതനായി കഴിയുന്നു. ധർമ്മത്തേക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണം നടത്തിയും വേദ പുരാണങ്ങളേക്കുറിച്ച്  കുലധർമ്മങ്ങളേക്കുറിച്ച് തത്വ ബോധം വരുത്തുകയും ചെയ്യുന്നു.  സന്യാസിമാരിൽ മൂന്നാമത്തേതായ ഹംസൻ , ഏകദണ്ഡം ധരിച്ചും ശിഖയില്ലാതെയും യജ്ഞോപവീതത്തോടുകൂടി, ശിക്യം, കമണ്ഡലു  ഇവ എടുത്ത് ഗ്രാമത്തിൽ ഒരു രാത്രി മാത്രവും പട്ടണത്തിലും തീർത്ഥത്തിലും അഞ്ചു രാത്രിയും കഴിഞ്ഞ് ഒന്നോ രണ്ടോ മൂന്നോ രാത്രി കൃച്ഛചാന്ദ്രായദികൾ സ്വീകരിച്ചും ആത്മവിചിന്തനത്തോടെ കഴിയുന്നു. പരമഹംസൻ തല മുണ്ഡനം ചെയ്ത് കന്ഥകൗപീന ധാരിയായി അവ്യക്തിചിഹ്നത്തോടെ ധൈര്യശാന്തനായി ഉന്മത്തനെന്നു തോന്നിക്കുന്ന വിധം ത്രിദണ്ഡം, കമണ്ഡലു, ശിക്യപക്ഷം, ജലം, പവിത്രം, പാത്രം, പാദുകം, ആസനം, ശിഖ, യജ്ഞോപവീതം എന്നിവയൊക്കെയും ഉപേക്ഷിച്ച് ജീർണഗൃഹങ്ങളിലോ അമ്പലങ്ങളിലോ കഴിയുന്നു. ധർമ്മാധർമ്മ, സത്യാസത്യ വിവേചനങ്ങളോ ചിന്തയോ ഇവരിൽ കാണുന്നതല്ല. കൂടാതെ എന്നും എല്ലാം ഒന്നുപോലെ കാണുന്നവരും ചാതുർവർണ്യങ്ങളിൽ നിന്നും ഭിക്ഷ സ്വീകരിച്ച് മോക്ഷസാധന ചെയ്യുന്നവരുമാണ്.

ഇതാണ് ആശ്രമോപനിഷത്ത്. ഇതിൽ പറയുന്ന വിധത്തിലല്ലല്ലോ സന്യാസിമാരും അശ്രമങ്ങളും എന്ന് ചോദിക്കാൻ വരട്ടെ, ഇതെഴുതിയ കാലവും, ഈ കാലവും തമ്മിലുള്ള മാറ്റം അംഗീകരിച്ചേ മതിയാകൂ. ഒരു കാര്യം കൂടി പറയാം. സന്യാസ നിയമങ്ങൾ പാലിച്ച് ദീക്ഷ സ്വീകരിച്ച സന്യാസിമാരെ കണ്ടാൽ ആദരവോടെ അവരെ നമസ്കരിക്കണം. ശ്രദ്ധിക്കുക കാവിയിട്ടവർ എല്ലാം സന്യാസിമാരല്ല. ഭാഗവത ആചാര്യന്മാർ, ഭക്തിഗാനമേള നടത്തുന്നവർ, എന്തിന് ഇറച്ചിക്കടയിലെ കശാപ്പുകാരൻ വരെ കാവിയുടെ മഹത്വം അറിയാത്തവരാകുന്നു.  സന്യാസദീക്ഷ ആഗ്രഹിച്ചിട്ടും, പലരോടും ചോദിച്ചിട്ടും സന്യാസ പ്രാരംഭ ഉപദേശം പോലും ലഭിക്കാതെ സ്വയം സ്വാമിയായി കാവിധരിച്ച് ക്ഷേത്രങ്ങളിലും, തെരുവിലും അലഞ്ഞ് നടക്കുന്നവരെ സംപൂജ്യ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ് നേതൃത്വം നൽകുന്ന കേരള സംസ്ഥാന സന്യാസി സഭ മുണ്ഡനം, ആത്മ പിണ്ഡം വിരജഹോമം മുതൽ സകല സന്യാസ ക്രിയകളും നടത്തി തന്റെയും, സ്വന്തമായി ആശ്രമങ്ങളുള്ള ശിഷ്യരുടെയും വിവിധ ആശ്രമങ്ങളിൽ പുനരധിവസിപ്പിച്ചു വരുന്നു. 112 സന്യാസ ശിഷ്യർ അദ്ദേഹത്തിനുണ്ട്. സാധു ആ ധർമ്മപ്രചാരകന്റെ 61 മത്തെ ശിഷ്യനാണ്.

ഗുരുപാദ സേവകൻ

സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് പീഠാധീശ്വർ
വിശ്വബ്രഹ്മ സമൂഹ മഠം
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല            
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗർഭോപനിഷത്ത്

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

പ്രഭാകരം പ്രകാശമയം വന്ദേ ഗുരു പരമ്പരാം.