കുലദേവത
സിദ്ധ യോഗീശ്വരനും, അവധൂത മഹാ ഗുരുവുമായ സത്ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധി സ്ഥിതിചെയ്യുന്ന പെരിയമ്പലം കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിൽ നിന്നും മഠാധിപതി സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി ലോക നന്മക്കായി നൽകുന്ന ഈ ആത്മസന്ദേശം വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് സത്കർമ്മഫലപ്രാപ്തി ലഭിക്കട്ടെ!.
"യഥാ രക്ഷതി ചൗരോ ധനധാന്യാദികം പ്രിയേ കുലധർമ്മം തഥാ ദേവി പശുഭ്യം പരിരക്ഷയേത് ."
"കള്ളന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും എപ്രകാരമാണോ ധനധാന്യാദികൾ പരിരക്ഷിക്കപ്പെടുന്നത്, അതുപോലെ സാധാരണക്കാരിൽ നിന്നും കുലധർമ്മം പരിരക്ഷിക്കപ്പെടണം". ആചാര വിരുദ്ധരായ അനധികാരികളിൽ നിന്നും, കുലാചാര ധർമ്മം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നർത്ഥം.
"കുലദേവത" അല്ലെങ്കിൽ "കുടുംബ പരദേവത” എന്നാൽ ഒരു കുടുംബക്കാർ ഒന്നിച്ചു കൂടി ആരാധിച്ചു വരുന്ന അല്ലെങ്കിൽ ആരാധിക്കേണ്ടാതായ ഒരു ദേവത എന്ന അർത്ഥം കല്പിക്കാം. ഈ കുടുംബ പരദേവത ദേവിയോ ദേവനോ ആയിരിക്കാം. പൂർവ്വ കാലത്ത് മിക്ക തറവാടുകളിലും ധാരാളം കുട്ടികൾ ഉണ്ടാവും. അവരിൽ ഒരാൾ പൂർവ്വ ജന്മ വാസന ഹേതുവായി സന്യാസത്തിനും ഭജനത്തിനും ആയി നാട് വിടുന്നു. വർഷങ്ങൾ നീളുന്ന ആ യാത്രയിൽ അവർ പല ഗുരുക്കന്മാരേയും അറിവുകളെയും നേടിയെടുക്കുന്നു. ആ യാത്രയിൽ ആ സന്യാസി ഒരു ഉപാസന മൂർത്തിയെ കണ്ടെത്തി ഉപാസിക്കാൻ തുടങ്ങുന്നു. അവസാനം ആ മൂർത്തിയുടെ ദർശനം ആ സന്യാസിക്ക് അനുഭവവേദ്യമാകുന്നു. ഏതു ആപത്തിലും വിളിച്ചാൽ ആ മൂർത്തിയുടെ സംരക്ഷണം ആ സന്യാസിക്ക് ലഭ്യമാകുന്നു. ഈ അവസ്ഥയിൽ എത്തിയ സന്യാസി വീണ്ടും ആ ദേവതയോട് കൂടി കുടുംബത്തിൽ തിരിച്ചെത്തുന്നു. അദ്ദേഹം ഉപാസിക്കുന്ന ആ മൂർത്തിയെ തന്റെ കുടുംബത്തിന്റെയും പരമ്പരയുടെയും സംരക്ഷണത്തിനായി ഒരു നിശ്ചിത സ്ഥലത്ത് കുടുംബ ക്ഷേത്രം ഉണ്ടാക്കി കുടിവയ്ക്കുന്നു. ഇങ്ങിനെ കുടിവയ്ക്കുന്ന ആ സന്ദർഭത്തിൽ അന്നുള്ള കുടുംബക്കാരും സന്യാസിയും ആ ദേവതയുടെ മുമ്പിൽ പ്രതിഷ്ഠാവസരത്തിൽ ഒരു സത്യ പ്രതിജ്ഞ ചൊല്ലുന്നു. ഞങ്ങളും ഞങ്ങൾക്ക് ശേഷമുള്ള പരമ്പരയും ഉള്ള കാലം ഈ ദേവതയെ വഴിപോലെ സേവിയ്ക്കുകയും ഭജിക്കുകയും ചെയ്യാം എന്ന്. ഇങ്ങിനെ കുടിവച്ചതായ കുടുംബ ക്ഷേത്രങ്ങൾ ആണ് മിക്ക തറവാടുകളിലും ഇന്ന് കണ്ടു വരുന്നത്. ഈ സന്യാസിയുടെ സമാധിക്കു ശേഷം ആ സന്യാസിയെ ഗുരു / മുത്തപ്പൻ എന്ന സങ്കൽപ്പത്തിൽ ഈ കുടുംബ ക്ഷേത്രത്തിൽ തന്നെ കുടിവച്ചു ആരാധിയ്ക്കുന്നു. ചില തറവാടുകളിൽ കുടുംബ ക്ഷേത്രത്തിൽ പൂജകൾ മുടങ്ങുമ്പോളും,ക്ഷേത്രം ജീർണ്ണാവസ്ഥയിൽ എത്തുമ്പോളും പലവിധ അനിഷ്ടങ്ങളും ആപത്തുകളും കണ്ടു വരാറുണ്ട്. ഗ്രാമ രക്ഷക്കായി ആശ്രമം സ്ഥാപിച്ച് സമാധിയിരിക്കുന്ന ഗുരുസമാധികൾ നശിച്ചു കിടന്നാലും ആ ഗ്രാമത്തിൽ ഐശ്വര്യം കുറയുകയും, ദുർദേവതകൾ പ്രവേശിച്ച് അനർത്ഥങ്ങളും, രോഗങ്ങളും വർദ്ധിക്കുകയും ചെയ്യുന്നു. ധർമ്മ ദൈവ കോപം എന്ന് ഇതിനെ പറയാറുണ്ട്. എന്നാൽ അനുഗ്രഹം നൽകേണ്ട ധർമ്മ ദൈവം കോപിക്കുമെന്ന തെറ്റായ ധാരണ നാം മാറ്റേണ്ടത് ആവശ്യമാണ്. അവിടെ നാം മനസിലാക്കേണ്ടത് അനാഥമായ ആ ദേവ സ്ഥാനത്തിന്റെ തുല്യ അവസ്ഥ ആ ഗ്രാമത്തിനും, കുടുംബാദികൾക്കും ഉണ്ടാകുന്നു എന്ന് മാത്രം. ഇങ്ങിനെ സംഭവിക്കാൻ കാരണം അവരുടെ പൂർവ്വികർ ഉപസനാ മൂർത്തിയോട് നടത്തിയ ആ സത്യ പ്രതിജ്ഞയുടെ ലംഘനം നടന്നു എന്നുള്ളതാണ്. പൂർവ്വികർ തങ്ങളുടെ എല്ലാ ഐശ്വര്യത്തിനും കാരണം ഈ ദേവത ആണെന്ന് വിശ്വസിച്ചു ആ ദേവതയെ ആരാധിച്ചു. ആ ദേവതയുടെ അനുഗ്രഹത്താൽ ആ കുടുംബത്തിൽ നല്ല ബുദ്ധിമാന്മാരായ കുട്ടികൾ ജനിച്ചു. സമ്പത്ത് വർദ്ധിച്ചു. എന്നാൽ കഷ്ടപ്പാട് എന്തെന്നറിയാതെ വളർന്ന പിന്നത്തെ തലമുറയിലെ ചിലർക്ക് ഈ ധർമ്മ ദൈവങ്ങൾ ഒരു അധികപ്പറ്റായി. അവർ അതിനെ സൗകര്യ പൂർവ്വം വിസ്മരിച്ചു. ചില തറവാടുകളിൽ ചില കുടുംബങ്ങൾ അവരുടെ ക്ഷേത്രങ്ങൾ നില നിർത്തി. അങ്ങിനെ ഉള്ള പല ക്ഷേത്രങ്ങളിൽ പലതും ഇന്ന് മഹാ ക്ഷേത്രങ്ങളിൽ ഭൂരിപക്ഷവും ഇത്തരം കുലഗുരുവിന്റെ സമാധികളും, ഉപാസനാ മൂർത്തികളുമാണെന്ന സത്യത്തെ ഹൈന്ദവ സമൂഹത്തിന് തിരിച്ചറിയാൻ കഴിയാത്തത് വേദനാജനകം തന്നെ. നമുക്ക് നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാം. ഗുരു പരമ്പരകളുടെ സമാധികളെ സംരക്ഷിക്കാം. അനുഗ്രഹീതരാകാം. കുല ധർമ്മം പഠിക്കുകയും ആചരിക്കുകയും, ഗുരു പീഠങ്ങളും സമാധികളും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ ദുർനിമിത്തങ്ങൾ അകന്നു പോവുകയും, കുടുംമ്പങ്ങളിലും ഗ്രാമത്തിലും ഐശ്വര്യം വിളയാടുകയും ചെയ്യും. ആചാര വിരുദ്ധരായ അധർമ്മികൾ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും അന്ധവിശ്വാസമെന്ന് പറഞ്ഞ് ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രതിരോധിക്കേണ്ടത് നമ്മുടെ ധർമ്മമാണ്. കുലാചാര ധർമ്മം പഠിക്കാനും പഠിപ്പിക്കാനും പ്രചരിപ്പിക്കാനും നമുക്കു കഴിയണം. വിശ്വബ്രഹ്മ സമൂഹമഠം കുലദേവതയായ വിശ്വകർമ്മാവിനേയും, ഗായത്രീദേവിയേയും ഉപാസിക്കുന്നു. പഞ്ചഋഷി പരമ്പരയിൽ വിശ്വസിക്കുന്നു. ത്വഷ്ട പുത്രനായി ജനിച്ച് സർവ്വജ്ഞപീഠം കയറിയ ജഗത്ഗുരു: ശങ്കരാചാര്യ ഭഗവത് പാദരെ കുലഗുരുവായും, ചാതുർവർണ്യ വ്യവസ്ഥയിൽ കഴിയുന്ന ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും ഐക്യത്തിനുമായി ഭേതം കൂടാതെ തുല്യമായ സ്ഥാനം നൽകി വേദോപദേശം നൽകിയും, ഉപനയനം നടത്തിയും, ക്ഷേത്രങ്ങളും, ഗൃഹങ്ങളും, ഉപകരണങ്ങളും നിർമ്മിച്ച് നൽകി ജീവിത മാർഗ്ഗങ്ങളിൽ വഴികാട്ടിയായും, ഗുരുസ്ഥാനീയരായും പ്രവർത്തിക്കുന്നു. (യഥാർത്ഥ വിശ്വകർമ്മജരുടെ ധർമ്മം ഇതാണ്. മദ്യപാനികളും, മാംസഭോജികളും, ദുർന്നടപ്പുകാരുമല്ല കുല ധർമ്മം പാലിക്കുന്ന യഥാർത്ഥ വിശ്വകർമ്മജർ). ചാതുർവർണ്യത്തിലെ എല്ലാ കുലങ്ങൾക്കും ഇതുപോലെ കുലാചാരവും, അനുഷ്ഠാനങ്ങളും ഉണ്ട്. (ചാതുർവർണ്യത്തെ "ജാതി " യെന്ന് തെറ്റിദ്ധരിപ്പിച്ച് ചില തത്പരകക്ഷികൾ പ്രചരിപ്പിച്ച് തമ്മിലകറ്റിയിരുന്നു.) എല്ലാ കുലങ്ങളും ആചാര അനുഷ്ഠാനങ്ങൾ പാലിക്കണം. പഠിക്കണം. തലമുറകളിലേക്ക് പ്രചരിപ്പിക്കേണം. കുലാചാരമെന്നാൽ ജാതിയാണെന്നും തൊട്ടുകൂടായ്മയും അയിത്തവുമാണെന്ന് ഒരു കൂട്ടരും, മദ്യവും മാംസവും വച്ചുള്ള പൂജയാണെന്ന് മറ്റൊരു കൂട്ടരും ഹൈന്ദവ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നു. ഇവക്കെതിരെ ശക്തമായി പ്രതികരിക്കാൻ വേദപുരാണ ഇതിഹാസ ഉപനിഷത്ത് ഗ്രന്ഥങ്ങൾ പ്രമാണങ്ങളാക്കി പ്രചരണം ആരംഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമുക്ക് ജാതി വേർതിരിവ് മാറ്റി വക്കാം. കുല ധർമ്മം പഠിക്കാം. സനാതന ധർമ്മികളെന്ന് അഭിമാനിക്കാം. ഒന്നിക്കാം.
ഗുരുപാദ സേവയിൽ
കുലാചാര ധർമ്മ പ്രിയൻ
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
പീഠാധീശ്വർ
വിശ്വകർമ്മ സമൂഹ മഠം കേരള
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ