പഞ്ചബ്രഹ്മോപനിഷത്ത്

സിദ്ധ യോഗീശ്വരായ കൃഷ്ണാനന്ദ സത്ഗുരവേ നമഃ

പ്രപഞ്ച സൃഷ്ടാവായ ബ്രഹദേവനേക്കുറിച്ച്‌ ആത്മസന്ദേശത്തിലൂടെ എഴുതാമോ എന്ന് ഒരു വിശ്വകർമ്മ കുലാചാര പ്രേമിയായ ഒരാൾ ചോദിച്ചു. പഞ്ചകുലം (മനു, മയ, ത്വഷ്ട, ശില്പി, വിശ്വജ്ഞ) എന്നിവർ പഞ്ചഭൂതങ്ങളുടെ അധികാരികളാണ്. പരമേശ്വരൻ, മഹേശ്വരൻ, ശിവൻ, അഘോരൻ, രുദ്രൻ തുടങ്ങി നിരവധി നാമങ്ങളിൽ സൃഷ്ടാവായ ബ്രഹ്മസ്വരൂപൻ അറിയപ്പെടുന്നു. ആത്മ തത്വജ്ഞാനമുള്ള ഒരു പഠിതാവിന് ബ്രഹ്മാവും, വിഷ്ണുവും, ശിവനും ഒന്നു തന്നെയെന്ന് തിരിച്ചറിയാനും സാധിക്കും. 

  ബ്രഹ്മസ്വരൂപിയായ മഹേശ്വരൻ പിപ്പലാദി മഹർഷിക്കു നൽകുന്ന ജ്ഞാനോപദേശമാണ് പഞ്ചബ്രഹ്മോപനിഷത്തിൽ അടങ്ങിയിരിക്കുന്നത്. പ്രപഞ്ചത്തിൽ നിറഞ്ഞു കാണുന്ന ബ്രഹ്മതേജസ്സിനേക്കുറിച്ചും, ആയിരക്കണക്കിനു സൂര്യസമപ്രഭ ചേർന്ന ബ്രഹ്മസ്വരൂപത്തേക്കുറിച്ചുമൊക്കെ ഈ ഉപനിഷത്തിലൂടെ ചർച്ച ചെയ്യുന്നു. ഒരിക്കൽ ശാകല മഹർഷി പിപ്പലാദ മഹർഷിയോട് അന്വേഷിച്ചത്, ആദ്യമുണ്ടായത് എന്താണെന്നാണ്. അതിന് അദ്ദേഹം നൽകിയ മറുപടി, ബ്രഹ്മമാണ് ആദ്യമുണ്ടായതെന്നാണ്. മറ്റു വല്ലവരും കൂടെ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനും പിപ്പലാദ ഗുരു മറുപടി പറഞ്ഞു. വാമദേവനാണെന്ന മറുപടി കേട്ടപ്പോൾ, അത്രയും ഭേദമേയുള്ളോ എന്ന് ശാകലൻ മറുചോദ്യം ഉന്നയിച്ചു. അല്ല എന്നും തത്പുരുഷനെന്നു പേരുള്ള മറ്റൊരു ഭേദം കൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ നാലു ഭേദങ്ങളാണ് അല്ലേ എന്ന് ശാകലൻ വീണ്ടും ചോദിച്ചപ്പോൾ, അല്ല എന്നും എല്ലാ ദേവന്മാർക്കും പ്രേരകമായ ഈശാനൻ എന്നൊരു ഭേദം കൂടിയുണ്ടെന്നും ഇതുതന്നെയാണ് എല്ലാ ഭൂത ഭവിഷ്യങ്ങൾക്കും മുഴുവൻ ദേവയാനികൾക്കും വിശേഷമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് എത്ര വർണങ്ങളുണ്ടെന്നും എത്ര ഭേദങ്ങളുണ്ടെന്നും എത്ര ശക്തികളുണ്ടെന്നും ചോദ്യമുണ്ടായി. മഹാരുദ്രനായ മഹാദേവനു പ്രണാമം. മഹാദേവൻ പിപ്പലാദന് ഉപദേശം നൽകി. ലോകത്തെ ഏറ്റവും രഹസ്യമായതു കേട്ടാലും. അത് സദ്യോജാതമാണ്. അതിന് എല്ലാ അഭീഷ്ടങ്ങളും നൽകുന്ന ഗാർഹപത്യാഗ്നി, അകാരാദിസ്വരങ്ങൾ, ഋഗ്വേദം, നമഃശിവായ, സപ്തസ്വരങ്ങൾ, പീതവർണം, ക്രിയാശക്തി ഈവിധം അനവധി രൂപങ്ങളുണ്ട്. അഘോരവും ജലവും ചന്ദ്രവും ഗൗരിയും സാമവേദവും നീരദാഭവും സ്വരവും സാന്ദ്രവും ദക്ഷിണാഗ്നിയും അഘോരത്തിന്റെ സ്വരൂപങ്ങളാണ്. ഇവ അമ്പത് അക്ഷരങ്ങളോടു ചേർന്നതും സ്ഥിതിയോടും ഇച്ഛയോടും ക്രിയാശക്തിയോടും ചേർന്നതും തന്റെ സങ്കൽപ്പശക്തിയുടെ സംരക്ഷ നത്തോടു ചേർന്നതുമായ അഘോരരൂപം എല്ലാവിധ ഭാവങ്ങളും നശിപ്പിക്കുന്നതും ദുഷ്ടന്മാരെ നശിപ്പിക്കുന്നതും എന്നാൽ സർവവിധമായ ഐശ്വര്യങ്ങൾ നൽകുന്നതുമാണ്. ആ മഹാൻ വാമദേവനും മഹനീയ ബോധം നൽകുന്നവനും അഗ്നിരൂപനും നൂറു കോടി സൂര്യ ശക്തിയും ചേർന്നവനുമാണ്. മാത്രമല്ല, വെളുത്ത നിറമുള്ളവനും തമോഗുണയുക്തനും സമ്പൂർണ പ്രഭയുള്ളവനും പ്രസന്നത തികഞ്ഞവനും സാമവേദ നാമധാരിയും ആഹവനീയജ്ഞാനവും സംഹാരശക്തിയും ചേർന്നാണ്. മാത്രമല്ല, വെളുത്ത നിറമുള്ളവനും, എല്ലാവിധ സൗഭാഗ്യങ്ങളും നൽകുന്നവനും എല്ലാവിധ കർമ്മങ്ങൾക്കും ഫലം നൽകുന്നവനും അഷ്ടാക്ഷരങ്ങൾ ചേർന്നവനും ഹൃദയകമലത്തിൽ വസിക്കുന്നവനുമാണ്. മുകളിൽ സൂചിപ്പിച്ച തത്പുരുഷൻ വായുമണ്ഡലസംവൃതനും പഞ്ചാഗ്നിയിൽ സമാവേഷ്ടിതനും മന്ത്രശക്തി നിയന്താവും അമ്പതക്ഷരങ്ങളോടു ചേർന്നവനും അഥർവവേദ നാമധാരിയും കോടി ഗണങ്ങൾക്കു നാഥനും ചുവന്ന നിറമുള്ളവനും കാമദാതാവും പ്രതിസന്ധികളെ ഇല്ലാതാക്കുന്നവനും സൃഷ്ടിസ്ഥിതി സംഹാരകാരനും സർവശക്തിധാരിയും തുരീയനും ബ്രഹ്മ വിഷ്ണുമാരാൽ സേവിക്കപ്പെടുന്നവനും എല്ലാത്തിന്റെയും നാഥനുമാണ്. ഈശാനനും, ഏവരുടേയും ബുദ്ധിസാക്ഷിയും, ആകാശസ്വരൂപനും, അവ്യക്തനുമാണ്. ശാന്തനും ശാന്തക്കുമതീതനും സർവദേവമയനും സ്വരങ്ങൾക്കു നാഥനും പഞ്ചകൃത്യനിയാമകനും സർവവ്യാപിയുമാണ്. പഞ്ചബ്രഹ്മസ്വരൂപനും സ്വാത്മാവിൽ കുടികൊള്ളുന്നവനും സ്വാത്മാസ്ഥിതനും ഭാസിക്കപ്പെടാത്തവനും സ്വയം പ്രകാശകനും സ്വയംഭൂവുമാണ്. മായയാൽ മോഹിതരാകുന്നതിനാൽ ദേവന്മാരും ജഗത്ഗുരുവും എല്ലാത്തിനും കാരണഭൂതനു മായ മഹാദേവനെ അറിയുന്നില്ല. വിശ്വപ്രകാശകനായ ആ പുരുഷന്റെ രൂപം കണ്ണുകൾക്കു വിഷയ മല്ല. ആരിലൂടെയാണോ ഈ വിശ്വം പ്രകാശിതമായത്, എവിടെയാണോ വിലയം പ്രാപിക്കുന്നത് ആ ബ്രഹ്മം പരമശാന്തമാണ്. ഞാൻ ആ പരമപദസ്വരൂപനാണ്. സദ്യോജാതാദികൾ ആ ബ്രഹ്മം തന്നെയാണ്. ഈ പ്രപഞ്ചത്തിൽ കാണപ്പെടുന്നതും കേൾക്കപ്പെടുന്നതുമൊക്കെ പഞ്ചബ്രഹ്മാത്മക മാണ്. അഞ്ചു സ്വരൂപങ്ങളിൽ കഴിയുന്ന അത് ബ്രഹ്മമാണ്. ബ്രഹ്മമെന്നറിഞ്ഞാണ് ഈശാനന പ്രാപിക്കേണ്ടത്. താൻ ആ പരബ്രഹ്മം തന്നെയെന്നും അതിന്റെ സ്വരൂപം താൻ തന്നെയെന്നും ജ്ഞാനി തിരിച്ചറിഞ്ഞാൽ വിവേകിയായ ജ്ഞാനി ബ്രഹ്മബന്ധിതനായിത്തീരും. ഈവിധം ബ്രഹ്മസ്വരൂപത്തെ തിരിച്ചറിയാനായാൽ മുക്തനായിത്തീരുകയും ചെയ്യും. പരബ്രഹ്മരൂപിയായ ആ പുരുഷനെ തിരിച്ചറിഞ്ഞാൽ പഞ്ചാക്ഷരമന്ത്രമായ നമഃശിവായ ജപിക്കണം. (ശിവം എന്നാൽ ശവം അല്ലാത്തത്, നശിക്കാത്തത് എന്നർത്ഥം. "ഞാൻ മരണത്തിന് കീഴ്പ്പെടുന്നവനല്ല" എന്ന് നിരന്തരമായി ചൊല്ലുന്നവന് ആത്മബോധമുണ്ടാകും) എല്ലാ വസ്തുക്കളും പഞ്ചബ്രഹ്മാത്മകമാണെന്നു വിചാരിച്ച് എല്ലായിടത്തും ബ്രഹ്മത്വം തന്നെ ദർശിക്കണം. ആരാണോ ഭക്തിയോടെ പഞ്ചബ്രഹ്മാത്മകവിദ്യ അഭ്യസിക്കുന്നത്, അവൻ സ്വയം പഞ്ച ബ്രഹ്മസ്വരൂപനായിത്തീരുന്നു. ഇങ്ങനെ മഹാദേവനിൽ നിന്നും ഉപദേശം ശ്രവിച്ച ഗാലവൻ ആത്മലീലനായിത്തീർന്നു. ഇതിന്റെ സ്വരൂപമഹത്വത്തെക്കുറിച്ചു കേട്ടാൽ കേൾക്കാത്തതും കേട്ടതാകും. മാത്രമല്ല, അറിയാത്ത ജ്ഞാനവും കൂടി ഉൾക്കൊള്ളാനാകുന്നു. പരബ്രഹ്മജ്ഞാനത്താൽ എല്ലാ വസ്തുക്കളുടേയും ജ്ഞാനം സിദ്ധിക്കാനാകുന്നു. ഏതെങ്കിലും ഒരു ഇരുമ്പിൻകഷണത്തെക്കുറിച്ചു മനസ്സിലാക്കാനായാൽ മറ്റുള്ള ഇരുമ്പുകളിലൊക്കെ എന്താണു ചേരുകയെന്നു തിരിച്ചറിയാനാകും. ഒരു കത്തിയെക്കുറിച്ച് മനസ്സിലാക്കാനായാൽ മറ്റുള്ള കത്തിക്കളക്കുറിച്ചു തിരിച്ചറിയാനാകും. രൂപം മാറിയാലും മൗലികപദാർഥങ്ങൾക്കു മാറ്റമുണ്ടാകുന്നില്ല. കാരണത്തിൽ നിന്ന് അഭിന്നമായ കാര്യം കാരണരൂപം തന്നെയാണ്. വസ്തുത രൂപമെന്നു കരുതിയാൽ അത് അസത്യമായിരിക്കും. കാരണം എല്ലാ കാര്യങ്ങളുടെയും കാരണം ഒന്ന് എന്നതുതന്നെ. അതിന് ഭിന്നമെന്നോ ഉഭയാത്മകമെന്നോ വ്യത്യാസമില്ല. എല്ലാ സ്ഥാനങ്ങളിലും കാണുന്ന ഭേദപ്രതീതിക്കു കാരണം ധർമ്മനിരൂപണ ഭേദമാണ്. അങ്ങനെ നോക്കുമ്പോൾ യഥാർത്ഥ കാരണം ഒന്നുതന്നെയാണ്. ഈ കാണുന്ന വിശ്വത്തിനു കാരണം പരിശുദ്ധ ചൈതന്യ രൂപമായ അദ്വൈതമാണ്. ബ്രഹ്മനിവാസകേന്ദ്രമായ ശരീരത്തിൽ ദഹദം എന്നു പേരുള്ള ഹൃദയഗൃഹത്തിൽ ദഹരാകാശം കുടികൊള്ളുന്നു. വിവേകികൾ ആ ശിവനെയാണു ദർശിക്കുന്നത്. ആ ശിവനെത്തന്നെയാണ് അനുസന്ധാനം ചെയ്യേണ്ടത്. ശിവൻ (ബ്രഹ്മദേവൻ) എല്ലാത്തിനും സാക്ഷിയാണ്. അക്കാരണത്താൽ ഹൃദയത്തെത്തന്നെ ശിവരൂപമെന്നു കരുതണം. ഈ ഹൃദയം തന്നെയാണ് സംസാര മോചകമായി കാണപ്പെടുന്നത്. ആകയാൽ ബ്രഹ്മദേവനേക്കുറിച്ച്‌ അറിഞ്ഞ നാം എല്ലാവരും ആ അത്മസ്വരൂപനെ നമസ്കരിക്കണം. ചിലർ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ വിശ്വകർമ്മാവ് ഒരു കുലത്തിന്റെ മാത്രം ദേവനല്ല. പ്രപഞ്ചത്തിലെ മുഴുവൻ ചരാചരങ്ങളുടേയും പിതാവാണ്. വിശ്വകർമ്മരായ പഞ്ചഋഷികളുടെ പരമ്പരകൾ ഗുരുസ്ഥാനത്ത് നിന്ന് സർവ്വ കുലങ്ങളേയും ആത്മജ്ഞാനത്താൽ ഭേതമില്ലാതെ ചേർത്തു നിർത്തി നയിക്കേണ്ടവരാണ്. കുലഭേതമില്ലാതെ വിശ്വബ്രഹ്മദേവനെ ഏവർക്കും സമീപിക്കാം. പ്രാർത്ഥിക്കാം. എല്ലാവരുടെ ഹൃദയത്തിലും ക്ഷമയും, സ്നേഹവും, ഐക്യവും, നന്മകളുണ്ടാകട്ടെ!

ഗുരുപാദ സേവയിൽ

സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
പീഠാധീശ്വർ
വിശ്വബ്രഹ്മ സമൂഹ മഠം കേരള
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം