ആരാണ് ബ്രാഹ്മണൻ ?
ജ്ഞാന ബോധോദയത്തിന്റെ പ്രകാശ കിരണമായ അവധൂത മഹാഗുരു സിദ്ധ യോഗീശ്വരൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിലെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ!
സുകൃതികളായ സജ്ജനങ്ങളേ, ആത്മീയ ലോകത്തെ ഏറ്റവും വലിയ ചർച്ചാ വിഷയം തന്നെയാണ് ഇന്നത്തെ ആത്മസന്ദേശം. ഹൈന്ദവ സമൂഹത്തിലെ മനുഷ്യരെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നാല് വർണ്ണങ്ങളായി തിരിച്ചത് നമുക്കറിയാം. എന്നാൽ ജാതിയെന്ന പേരിൽ അവരെ തമ്മിൽ തമ്മിൽ അകറ്റിയത് വേദപുരാണ ഇതിഹാസ ഉപനിഷത്തുക്കൾ ഒന്നുമല്ല. ചില സ്ഥാപിത താത്പര്യക്കാരാണ്. അധികാര മോഹികളാണ്. അവയിൽ ബ്രാഹ്മണർ എന്നു പറയുന്ന വിഭാഗത്തെ പലരും തെറ്റിദ്ധരിക്കാറുണ്ട്. ബ്രാഹ്മണ്യം ജാതിയാണെന്നും, മറ്റും പ്രചരിപ്പിക്കപ്പെടുന്നു. അവയെക്കുറിച്ച് വജ്രസൂചികോപനിഷത്തിലൂടെ സംവാദിക്കുകയാണ് ഈ ആത്മസന്ദേശം.
കൃഷ്ണ യജുർവേദീയ വിഭാഗത്തിൽപ്പെടുന്ന ഒരു ഉപനിഷത്താണിത്. അജ്ഞാനത്തെ വജ്രസൂചിയാൽ നീക്കം ചെയ്യണമെന്നാണ് ഈ ഉപനിഷത്തിലൂടെ മനസ്സിലാക്കാനാകുന്നത്. നാലു വർണങ്ങളുടെ ധർമ്മവും ബ്രാഹ്മണത്വത്തിന്റെ നിർവചനവുമൊക്കെ ഈ ഉപനിഷത്ത് ചൂണ്ടിക്കാട്ടുന്നു.
എന്റെ അംഗങ്ങളും വാക്കും പ്രാണനും ചക്ഷസും മാത്രവും ബലവും ഇന്ദ്രിയങ്ങളും പുഷ്ടി പ്രാപിക്കട്ടെ. ഒക്കെയും ഉപനിഷത്ബന്ധിതമായ ബ്രഹ്മമാണ്. ഞാൻ ബ്രഹ്മത്തെയോ എന്നെ ബ്രഹ്മമോ നിരാകരിക്കാതിരിക്കട്ടെ മാത്രമല്ല, ഞാനും ബ്രഹ്മവും തമ്മിൽ അഭേദ്യ ബന്ധമുണ്ടാകട്ടെ. ഞാൻ ബ്രഹ്മത്തിൽ നിന്ന് അകലാൻ ഇടവരാതിരിക്കട്ടെ. ആത്മപരന്മാരായവർക്ക് ധർമ്മങ്ങൾ സേവ്യങ്ങളെന്ന് ഉപനിഷത്ത് ശാസിക്കുന്നു. അവ എന്നിൽ നിലകൊള്ളട്ടെ. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
അന്ധകാരത്തെ ഇല്ലാതാക്കുന്നതും ജ്ഞാനമില്ലാത്തവർക്ക് അലങ്കാരമാകുന്നതും ജ്ഞാനചക്ഷുസുകൾക്ക് ആനന്ദമാകുന്നതുമായ വജ്രസൂചികോപനിഷത്തിനെപ്പറ്റി ഇനി പറയാം.
ബ്രാഹ്മണനെന്നും ക്ഷത്രിയനെന്നും വൈശ്യനെന്നും ശൂദ്രനെന്നും നാലു വർണ്ണങ്ങളുണ്ട്. ഇവ ബ്രാഹ്മണൻ പ്രധാനപ്പെട്ടവനെന്ന് വേദം പറയുന്നു. സ്മൃതികളിലും അപ്രകാരം തന്നെ പറയുന്നു. ഇവിടത്തെ ചോദ്യം ബ്രാഹ്മണൻ ആരാണെന്നാണ്. അവൻ ജീവനോ, ദേഹമോ, ജാതിയോ, ജ്ഞാനമോ, കർമ്മമോ, ധാർമ്മികതത്ത്വമോ ഇവയിലേതാണ്?
ബ്രാഹ്മണൻ ജീവനാണെന്നു പറഞ്ഞാൽ അതിനു സാധുത ലഭിക്കില്ല. നേരത്തെ അനേകം ശരീരങ്ങളിൽ ഉണ്ടായതും വരും കാലത്ത് ഉണ്ടാകാൻ പോകുന്നതുമായ ജീവൻ എല്ലാം ഒരുപോലെയാണ്. കർമ്മനുസരിച്ചാണ് അത് അനേകം ശരീരങ്ങളിൽ പിറക്കുന്നത്. എല്ലാ ശരീരങ്ങളിലെ ജീവനും ഏകഭാവമാണ്. അക്കാരണത്താൽ ഒരിക്കലും ബ്രാഹ്മണൻ ജീവനാകുന്നില്ല.
ബ്രാഹ്മണൻ ദേഹമാണോ എന്ന് അന്വേഷിച്ചാൽ അതിനും സാധുതയില്ല. എല്ലാ മനുഷ്യരുടേയും ശരീരം ഒരുപോലെ പഞ്ചഭൂതനിർമ്മിതമാണ്, അവരിൽ വാർദ്ധക്യവും മരണവും ധർമ്മവും അധർമ്മവും എല്ലാം ഒരുപോലെയാണ്. ബ്രാഹ്മണൻ വെളുത്ത നിറമുള്ളവനും ക്ഷത്രിയൻ ചുവന്ന നിറമുള്ളവനും വൈശ്യൻ മഞ്ഞ നിറമുള്ളവനും ശൂദ്രൻ കറുത്ത നിറമുള്ളവനും ആയിരിക്കണം എന്ന് നിയമമേയില്ല. മാത്രമല്ല, പിതാവിന്റെയും സഹോദരന്റെയും ശരീരദാഹക്രിയകൾ ചെയ്യുന്ന കാരണത്താൽ പുത്രാദികൾക്ക് ബ്രഹ്മഹത്യാദി ദോഷങ്ങൾ സംഭവിക്കുന്നുമില്ല. അക്കാരണം കൊണ്ടു തന്നെ ദേഹവും ബ്രാഹ്മണനാകുന്നില്ല.
ബ്രാഹ്മണൻ കുലം (ജാതി) ആണോ എന്ന് അന്വേഷിച്ചാൽ അതിനും സാധുതയില്ല. കാരണം വിവിധ ജാതിയിൽ (കുലങ്ങളിൽ) നിന്ന് അനേകം മഹർഷിമാർ പിറന്നിട്ടുണ്ടെന്നു പറയപ്പെടുന്നു. മാൻപേടയിൽ നിന്ന് ഋഷിശൃംഗനും കുശയിൽ നിന്ന് കൗശികനും, ജംബൂകനിൽ നിന്ന് ജാംബുകനും, വൽമീകത്തിൽ നിന്ന് വാൽമീകിയും, മുക്കുവപ്പെണ്ണിൽ നിന്ന് വ്യാസനും, ശശപുഷ്ഠത്തിൽ നിന്ന് ഗൗതമനും, ഉർവ്വശിയിൽ നിന്ന് വസിഷ്ഠനും കുടത്തിൽ നിന്ന് അഗസ്ത്യനും ജനിച്ചുവെന്നു പറയപ്പെടുന്നു. ഇവരൊക്കെയും ജാതി (കുല) പരിഗണന ഇല്ലാതെതന്നെ ജ്ഞാനമുള്ളവരായിരുന്നു. അക്കാരണത്താൽ കുലമാണ് (ജാതിയാണ്) ബ്രാഹ്മണനെന്നു പറയാൻ കഴിയില്ല.
ബ്രാഹ്മണൻ ജ്ഞാനമാണോ എന്ന അന്വേഷിച്ചാൽ അതിനും സാധുതയില്ല. കാരണം അനേകം ക്ഷത്രിയർ പരമാർത്ഥത്തെ ദർശിച്ചവരാണ്. അങ്ങനെ നോക്കുമ്പോൾ ബ്രാഹ്മണൻ ജ്ഞാനമാകുന്നില്ല.
കർമ്മം ബ്രാഹ്മണനാകുമോ എന്ന് അന്വേഷിച്ചാൽ അതിനും സാധുതയില്ല. കാരണം എല്ലാ ജീവികളുടേയും കർമ്മങ്ങളിൽ സാധർമ്യം കാണപ്പെടുന്നു. അങ്ങന നോക്കുമ്പോൾ കർമ്മത്തിൽ പ്രേരിതമായിട്ടാണ് ജീവൻ പ്രവർത്തിക്കുന്നത്. അതുമൂലം കർമ്മം ബ്രാഹ്മണനാകുന്നില്ല.
ധാർമ്മികത ബ്രാഹ്മണനാകുമോ എന്ന് അന്വേഷിച്ചാൽ അതിനും സാധുതയില്ല. എന്തെന്നാൽ നിരവധി ക്ഷത്രിയാദികൾ സ്വർണം ദാനം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ധാർമ്മികതയും ബ്രാഹ്മണനാകുന്നില്ല.
എങ്കിൽ ആരാണ് ബ്രാഹ്മണൻ?
"അദ്വതീയമായും ജാതിഗുണക്രിയാ രഹിതമായും, ഷഡൂർമി ഷഡ്ഭാവാദി സർവ്വ ദോഷരഹിതമായും, സത്യജ്ഞാനാനന്ദ സ്വരൂപമായും, സ്വയം വികൽപ്പഹീനമായും സകല കൽപ്പങ്ങൾക്കും ആധാരഭൂതമായും, സകല ഭൂതങ്ങളിലും അന്തര്യാമിയായും, ആകാശമെന്നോണം ഉള്ളിലും പുറത്തും വ്യാപിച്ചിരിക്കുന്നതായും, അഖണ്ഡാനന്ദ സ്വരൂപമായും, അപ്രമേയമായും, അനുഭവൈകവേദ്യമായും, പ്രത്യക്ഷാന ശോഭിക്കുന്നതായും, ഉള്ള ആത്മാവിനെ കൈത്തലത്തിരിക്കുന്ന നെല്ലിക്ക പോലെ സാക്ഷാത്കരിച്ച് കൃതാർഥനായും, കാമരാഗാദിദോഷ രഹിതനായും, ശമദമാദി സമ്പന്നനായും, ദംഭം, അഹങ്കാരം ഇവ കൈവിട്ടവനായും ആരാണോ കഴിയ ന്നത് അവനാണു ബ്രാഹ്മണൻ ". ഇത് ശ്രുതികളുടേയും പുരാണങ്ങളുടേയും ഇതിഹാസങ്ങളുടേയും അഭിപ്രായമാണ്. ഇതിൽനിന്ന് ഭിന്നമായി മറ്റൊരു തരത്തിലും ബ്രാഹ്മണ്യം ലഭിക്കില്ല. ആത്മാവ് തന്നെയാണ് സച്ചിദാനന്ദ സ്വരൂപമെന്നും അവിതീയമെന്നും മനസ്സിലാക്കി ഓരോരുത്തരും ബ്രഹ്മഭാവത്തെ തിരിച്ചറിയേണ്ടതാണ്.
വജ്രസൂചികോപനിഷത്തിലെ പ്രമാണം അനുസരിച്ച് വർണ്ണങ്ങൾക്ക് അതീതമാണ് ബ്രാഹ്മണ്യം. സാത്വികമായ ജീവിതചര്യയിലൂടെ ആർക്കും ബ്രാഹ്മണനാകാം. ആദ്യ ശാന്തി പാഠ വാക്യങ്ങളിൽ പറഞ്ഞതു പോലെ ബ്രഹ്മത്തെ തിരിച്ചറിയുക, ബ്രഹ്മവും ഞാനും തമ്മിൽ അഭേദ്യ ബന്ധമുണ്ടാകട്ടെ, ഞാൻ ബ്രഹ്മത്തിൽ നിന്നും അകലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാൻ അത് പാലിക്കാൻ എല്ലാവർക്കും കഴിയട്ടെ!
അങ്ങിനെ നമുക്കെല്ലാം വിശ്വബ്രാഹ്മണർ എന്ന് പറയാൻ കഴിയട്ടെ!
ഗുരുപാദ സേവയിൽ
ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
വിശ്വകർമ്മ ശങ്കരാചാര്യ പീഠം പീഠാധീശ്വർ
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
ഗുരുവായൂർ
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ