നാഡീ പരിശോധന ലഘുപഠനം


🌀 നാഡിപിടിച്ച് നോക്കി രോഗനിർണ്ണയം നടത്തുന്നതിനെ കുറിച്ച് കേട്ടിരിക്കും . ഇന്ന് അപൂർവ്വമായ ഈ വിദ്യയിൽ എങ്ങനെയാണ് നാഡിപിടിച്ച് രോഗനിർണ്ണയം നടത്തുന്നത് എന്നതിൻ്റെ സാമാന്യ വിവരണം താഴെ കൊടുക്കുന്നു 🌀

🌀 നാഡി പരീക്ഷ 🌀

🌀നാഡിയെ പരീക്ഷിക്കുന്ന സ്ഥാനങ്ങൾ 🌀

🌀 1 🌀 കൈ
🌀 2 🌀 കണ്ഠം
🌀 3 🌀 കന്നച്ചുഴി
🌀 4 🌀 കാൽ പെരുവിരൽ 
🌀 5 🌀 കണങ്കാൽ ഇവകളാണ്. 

ഇവയിൽ എല്ലാറ്റിലും വച്ച് കയ്യ് പരീക്ഷിക്കുന്നതാണ് ഉത്തമം.

🌀 നാഡിപരീക്ഷ കൊണ്ട് രോഗമറിയാനുള്ള കാരണം 🌀

ഹൃദയം വികസിക്കുകയും, ചുരുങ്ങുകയും ചെയ്യുമ്പോൾ നാഡി ഞരമ്പുകളും വിരിയുകയും ചുരുങ്ങുകയും ചെയ്യുന്നുണ്ട്. ഹൃദയചലനത്തിന് നാഡീചലനവും ഒത്തിരിക്കുന്നതു കൊണ്ടു.ശരീരത്തിൽ ഉള്ള രോഗങ്ങളെ ഹൃദയം അറിഞ്ഞു നാഡികൾ വഴിയായി അറിയിക്കുന്നു. വീണയിലുള്ള കമ്പികൾ എല്ലാ രാഗങ്ങളെയും പാടുന്നതു പോലെ നാഡികളും എല്ലാ രോഗങ്ങളെയും പ്രകാശിപ്പിക്കും. 

🌀 നാഡി പരീക്ഷിക്കുന്ന ക്രമം 🌀

വലത്തെ കരത്തിൻ്റെ തള്ളവിരലിനു (പെരുവിരലിനു ) താഴെ ഓടുന്ന നാഡിയെ മണിക്കെട്ടിനു ഒരു അംഗുലം മേലായി വൈദ്യൻ്റെ വലത്തെ പാണിയുടെ മൂന്നു വിരൽ കൊണ്ട് (ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരൽ ഇവ കൊണ്ട് ) അമർത്തിയും, ഇളക്കിയും (തളർത്തിയും) സമമായും (രണ്ടുമല്ലാതെയും) മാറി മാറി പരിശോധിച്ചാൽ നാഡി നടയറിയാം. പുരുഷന്മാനുടെ വലത്തെ കയ്യും , സത്രീകളുടെ ഇടത്തെ കയ്യും ഇപ്രകാരം പരിശോധിക്കണം. രണ്ടു കയ്യും പരീക്ഷിക്കുന്നത് ഏറ്റവും ഉത്തമമാണ്. 

🌀നാഡിനോക്കാൻ പാടില്ലാത്തവർ 🌀

അപ്പോൾ സ്നാനം ചെയ്തവൻ്റെയും , ഉടനടി ഭക്ഷിച്ചവൻ്റെയും, എണ്ണ തേച്ചു കുളിച്ചവൻ്റെയും, സ്ത്രീസംഗം ചെയ്തവൻ്റെയും, വിശപ്പു കൊണ്ടോ, ദാഹം കൊണ്ടൊ ക്ഷീണിച്ചവൻ്റെയും, ഉറങ്ങി എഴുന്നേറ്റിട്ടു അധിക സമയം കഴിയാത്തവൻ്റെയും നാഡി പരിശോധിച്ചാൽ നല്ലതുപോലേ വിവരങ്ങൾ അറിയാൻ ഒക്കുകയില്ല.

🌀 നാഡിലക്ഷണങ്ങൾ 🌀 

മനുഷ്യ ശരീരത്തിൽ ഉളള സുഖദു:ഖങ്ങളെ വൈദ്യന്മാർ അറിയുന്നത് അംഗുഷ്ഠമൂലമാർഗ്ഗത്തിൽ (പെരുവിരൽച്ചുവടിനു താഴെ) ഉള്ള ജീവസാക്ഷിണിയായ നാഡി പരീക്ഷിച്ചാണ്. പരീക്ഷണത്തിൽ ചൂണ്ടുവിരൽ വയ്ക്കുന്ന സ്ഥാനം വാതനാഡിയും, നടുവിരൽ വയ്ക്കുന്ന സ്ഥാനം പിത്തനാഡിയും, മോതിരവിരൽ വയ്ക്കുന്ന സ്ഥാനം കഫ നാഡിയും ആണ്. (മുമ്പിലുള്ളത് വാതനാഡിയും ,മദ്ധ്യത്തിൽ ഉള്ളത് പിത്തനാഡിയും, ഒടുവിൽ ഉള്ളത് ശ്ലേഷമനാഡിയും ആണ് )

🌀 വാതനാഡി 🌀

പാമ്പ്, അട്ട ഇവകളെപ്പോലെ നടക്കും.

🌀 പിത്തനാഡി 🌀

കാക്ക, തവള, ചീവൽ പക്ഷി (കൂതികുലുക്കിപ്പക്ഷി ) ഇവകളെപ്പോലെ നടക്കും.

🌀 കഫനാഡി 🌀

അരയന്നം, മയിൽ, പ്രാവ്, കോഴി ഇവകളെപ്പോലെ നടക്കും. 

🌀 വാത പിത്തനാഡി 🌀

വാതവും, പിത്തവും കോപ്പിച്ചിരിക്കുമ്പോൾ നാഡി ആദ്യം സർപ്പത്തിനേപ്പോലേയും പിന്നീടു തവളയെപ്പോലെയും ഇങ്ങനെ ഒന്നിടവിട്ടു മണ്ഡുകഗതിയിലും, സർപ്പഗതിയിലും നടക്കും. ഭാരം ചുമന്നു നടക്കുന്നതുപോലെയും നടക്കും.

🌀 വാതശ്ശേഷ്മനാഡി 🌀

വാതശ്ശേഷ്മ കോപത്തിൽ നാഡി ആദ്യം സർപ്പത്തിനെപ്പോലെയും, പിന്നീട് അരയന്നത്തിനെപ്പോലെയും മുൻപറഞ്ഞതു പോലെ നടന്നു കൊണ്ടിരിക്കും. മുറിഞ്ഞ അരണ വാൽതുടിക്കുന്നതു പോലെയും നടക്കും.

🌀 പിത്തവാതനാഡി 🌀

വാതപിത്ത കോപത്തിൽ നാഡി വീണയടിക്കുന്നതു പോലെ നടക്കും.

🌀 പിത്ത ശ്ലേഷ്മനാഡി 🌀

പിത്ത ശ്ലേഷ്മ കോപത്തിൽ നാഡി തവള നടക്കുന്നതു പോലെയും , അരയന്നം നടക്കുന്നതു പോലെയും, കുട്ടിയെ തൊട്ടിലിൽ ഇട്ടു ആട്ടുന്നതു പോലെയും നടക്കും.

🌀 ശ്ലേഷ്മ വാതനാഡി 🌀

ശ്ലേഷ്മ വാതനാഡി പൊങ്ങിയും താണും നടക്കും.

🌀 ശ്ലേഷ്മ പിത്തനാഡി 🌀

ശ്ലേഷ്മപിത്തനാഡി വണ്ടിച്ചക്രം ഗമിക്കുന്നതു പോലെ നടക്കും .

🌀 അതി വാതനാഡി 🌀

അതിവാത നാഡി മറ്റു രണ്ടു നാഡിക്കളക്കാൾ കൂടുതൽ നടക്കും.

🌀 അതിപിത്തനാഡി 🌀

അതിപിത്തനാഡി മറ്റു രണ്ടു നാഡികളേക്കാൾ അധികം നടക്കും. 

🌀 അതിശ്ശേഷ്മനാഡി 🌀

അതിശ്ശേഷ്മനാഡി മറ്റു രണ്ടു നാഡികളെക്കാളും അധികം നടക്കും. 

🌀 വാതപിത്തശ്ലേഷ്മനാഡി 🌀

മൂന്നു നാഡികളും ഒന്നുപോലേ പടപടായെന്നു അടിക്കുകയോ , ചീവൽ പക്ഷി, തിത്തിരിപ്പുള്ള്, കാടപ്പക്ഷി ഇവകളെപ്പോലെ നടക്കയോ ഉടനുടൻ മന്ദമായും ദ്രുതമായും നടക്കുകയോ , നിന്നു നിന്നു നടക്കുകയോ ചെയ്യും.

🌀 ഒരു മിനിട്ടിൽ നാഡിനടക്കുന്നതിനുള്ള പ്രമാണം 🌀

അപ്പോൾ ജനിച്ച ശിശുവിന് ഒരു മിനിട്ടിൽ 140 തവണയും ബാല്യത്തിൽ സ്ത്രീ പുരുക്ഷന്മാർക്ക് ഒരു മിനിട്ടിൽ  120 തവണക്ക് മേൽ 130 പ്രാവശ്യവരെയും ബാല്യത്തിന്നും യൌവ്വനത്തിനും മദ്ധ്യേയുള്ള പ്രായത്തിൽ ഒരു മിന്നിട്ടിൽ 100 തവണ വീതവും, യൌവനത്തിൽ ഒരു മിനിട്ടിൽ തൊണ്ണുറു തവണയും, പ്രായപൂർത്തി വന്ന പുരുഷന് ഒരു മിനിട്ടിൽ എഴുപതുതവണയ്ക്കുമേൽ എഴുപത്തി അഞ്ചു തവണ വരേയും സംപൂർണ്ണ പ്രായം വന്ന ഒരു സ്ത്രീക്കു എഴുപത്തി അഞ്ചു തവണക്കു മേൽ എണ്പതുതവണവരേയും ക്ഷീണിച്ച സമയങ്ങളിൽ ഒരു മിനിട്ടിൽ എഴുപതു തവണ വീതവും വാർദ്ധക്യത്തിൽ ഒരു മിനിട്ടിൽ എഴുപത്തി അഞ്ചു തവണയ്ക്കുമേൽ എണ്പതുവരെയും, മനുഷ്യൻ നില്ക്കുമ്പോൾ ഒരു മിനിട്ടിൽ എഴുപത്തി ഒമ്പതു തവണ വീതവും ഇരിക്കുമ്പോൾ ഒരു മിനിട്ടിൽ എഴുപതുതവണ വീതവും കിടക്കുമ്പോൾ ഒരു മിനിട്ടിൽ അറുപത്തി ഏഴു തവണ വീതവും നടക്കും.

🌀നാഡി പരീക്ഷ കൊണ്ടു രോഗങ്ങൾ നിശ്ചയിക്കുന്ന വിവരം 🌀

🌀രോഗിയുടെ നാഡി പരീക്ഷയിൽ നടക്കുന്നത് വാതപിത്തനാഡിയായിരുന്നാൽ :- 🌀

🌀പാണ്ഡു, കാമില, മഹോദരം, ശോഫം, മുതലായ രോഗങ്ങളും വയറ്റു വേദന, വയറ്റിൽ പുളിപ്പ്, ദഹനക്കുറവ്, തണ്ണീർദാഹം, മുതലായ സുഖക്കേടുക്കളും തൽ സംബന്ധമായി വരാവുന്ന അന്യരോഗങ്ങളും ഉണ്ടെന്നു പറയണം. 🌀

🌀 വാത ശ്ലേഷ്മനാഡിയിയായിരുന്നാൽ :- 🌀

🌀സന്നി, മയക്കം,ശോഫം, പാണ്ഡു, മൂർഛ മുതലായ രോഗങ്ങളും തലക്കുത്ത്, കൈകാൽ കഴപ്പ്, വയറ്റു പെരുക്കം മുതലായ സുഖക്കേടുകളും ഉണ്ടെന്നു പറയണം 🌀

🌀പിത്തവാതനാഡിയായിരുന്നാൽ :-🌀

🌀 പീനസം, മൂലരോഗങ്ങൾ, കാസശ്വാസം, ഭഗന്ദരം, ഗുഹ്യ രോഗങ്ങൾ മുതലായ രോഗങ്ങളും ശരീരത്തിൽ വേദന, ചൂട്ടുനീറക്കം, നാക്കിനും , ഹൃദയത്തിന്നും വറൽച്ച ,സർവാംഗവേദന മുതലായി സുഖക്കേടുകളും  ഉണ്ടെന്നു പറയണം.🌀

🌀 പിത്ത ശ്ലേഷ്മനാഡിയായിരുന്നാൽ :-🌀

🌀തലച്ചുറ്റ്, വയറ്റു വേദന, പിടലി കഴപ്പ്, വയറ്റു പെരുക്കം, മനമ്മറിച്ചിൽ, കണ്ണെരിവ്, കൺ മഞ്ഞളിപ്പ് മുതലായ രോഗങ്ങളും സുഖക്കേടുക്കളും കാണും 🌀

🌀 ശ്ശേഷ്മവാതനാഡിയായിരുന്നാൽ :- 🌀

🌀 സന്നി, തലവേദന, കഫാധിക്യം, ദാഹം, മുതലായ രോഗങ്ങളും സുക്കേടുക്കളും ഉണ്ടാക്കും 🌀

🌀 ശ്ലേഷ്മപിത്തനാഡിയായിരുന്നാൽ :- 🌀

🌀 സന്നി, തലക്കുത്ത്, ചെവി കേൾക്കാൻ വയായ്ക്ക, നാക്കു മധുരിപ്പ് മുതലായ സുഖക്കേടുകൾ ഉണ്ടാകും 🌀

🌀 അതിവാതനാഡിയായിരുന്നാൽ :- 🌀

🌀 പല പ്രകാരത്തിലുള്ള വാതരോഗങ്ങളും ,ശരീരനൊമ്പരവും, ശരീരസ്വാധീനക്കുറവും, ഭക്ഷണ വിരോധവും ഉണ്ടാകും. 🌀

🌀 അതിപിത്ത നാഡിയായിരുന്നാൽ 🌀

🌀 പല പ്രകാരത്തിലുള്ള പിത്തരോഗങ്ങളും , കുറുകുറുപ്പും, മനം മറിച്ചിലും, ശക്തി ക്ഷീണവും, വെള്ളായ്പും, നീർവാളിപ്പും ഉണ്ടാകും 🌀

🌀 അതിശ്ലേഷ്മനാഡിയായിരുന്നാൽ :-🌀

🌀 സന്നിയും, ശൈത്യവും ,മരണവും ഉണ്ടാകും.🌀

🌀ത്രിദോഷ നാഡിയായിരുന്നാൽ :-🌀

🌀 മിശ്രരോഗങ്ങളും ,സന്നിപാതവും ,മിശ്ര രോഗങ്ങൾക്കും സന്നിപാതത്തിന്നും ഉള്ള ലക്ഷണങ്ങളും കാണും. 🌀

🌀 അസാദ്ധ്യരോഗങ്ങൾ പിടിപെട്ടിരിക്കുമ്പോൾ ഉണ്ടാകുന്ന നാഡീ ചലനം .🌀

🌀 മന്ദമായോ, ശിഥിലമായോ, തിരിച്ചറിയാൻ പാടില്ലാതെയോ, ദ്രുതഗതിയായോ, സ്ഥാനം വിട്ട് മേലോട്ടോ ,കീഴോട്ടോ മാറിയോ അതിസൂക്ഷ്മമായോ, വക്രമായോ ഉള്ള നാഡീ ചലനം അപ്പോൾ നേരിട്ടിട്ടുള്ള രോഗത്തിൻ്റെ അസാദ്ധ്യതയേയും ,പ്രയത്ന സാദ്ധ്യതയേയും സൂചിപ്പിക്കുന്നതാണ് . 🌀

🌀 സാദ്ധ്യരോഗങ്ങൾ പിടിപ്പെട്ടിരിക്കുമ്പോൾ ഉണ്ടാക്കുന്ന നാഡീ ചലനം 🌀

🌀 ചൂണ്ടുവിരൽ പതിയുന്ന നാഡി വേഗത്തിലും, മദ്ധ്യവിരൽ പതിയുന്ന നാഡി ചഞ്ചലമായും ,മോതിരവിരൽ പതിയുന്ന നാഡി മന്ദമായും അതായത് ആദ്യ നാഡി വേഗത്തിലും ,രണ്ടാമത്തേതു തെറിച്ചും ,മൂന്നാമത്തേതു മന്ദമയും നടന്നാൽ രോഗിക്കു അപ്പോൾ പിടിപ്പെട്ടിട്ടുള്ള രോഗം അപ്പോൾ തന്നെ വിട്ടുമാറിപ്പോകും.🌀

🌀 അപായത്തെക്കാണിക്കുന്ന നാഡീഗമനം 🌀

🌀 ത്രിദോഷനാഡികൾ അതാതിൻ്റെ സ്ഥാനം വിട്ടു ചലിക്കുക, ഇടവിട്ടു ചലിക്ക, ക്ഷീണ ഗതിയായി ചലിക്കുക, തണുപ്പേറിയിരിക്കുക മുതലായവ അപായത്തെക്കാണിക്കുന്ന നാഡീഗമനങ്ങളാണ് 🌀

🌀 അവസ്ഥാഭേദങ്ങളെക്കൊണ്ടുള്ള നാഡീ ചലനത്തിൻ്റെ വ്യത്യാസങ്ങൾ 🌀

🌀 ജ്വരമുള്ളപ്പോൾ നാഡി വളരെ ഉഷ്ണത്തോടു കൂടിയും, വേഗമായും, ഇരിക്കും, അത് പോലേ തന്നെ കോപമോ, കാമമോ ഉള്ളപ്പോൾ നാഡി വേഗത്തിലും , ചിന്തയോ, ഭയമോ ഉള്ളപ്പോൾ നാഡി ക്ഷീണിച്ചും നടക്കും.

വിശപ്പു കുറഞ്ഞിരിക്കുപ്പോഴും ,ശരീരത്തിലെ ധാതുകൾ ക്ഷയിച്ചിരിക്കുമ്പോഴും എറ്റവും മന്ദഗതിയായും, ആമദോഷം അധികമായിട്ടുള്ളപ്പോൾ രക്തം നിറഞ്ഞ് കുറഞ്ഞൊന്നു ചൂടു ശമിച്ച് പിടച്ചുപിടച്ചും നടക്കും. വിശപ്പുളളവൻ്റെ നാഡി വേഗത്തിൽ ചപലമായും ,വിശപ്പിലാത്തവൻ്റെ നാഡി വലിവോടുകൂടെ ദൃഢമായും നടക്കും.🌀

🌀 മണിക്കെട്ടളന്നു രോഗിക്കുണ്ടാകുന്ന കൂടുതൽ രോഗങ്ങൾ അറിയുന്ന വിധം🌀

🌀 മണിക്കെട്ടിനു മേൽ നാലു വിരൽ തള്ളി കയ്യിൻ്റെ ചുറ്റളവിനെ ഒരു കയർകൊണ്ടു അളന്നു നോക്കിയാൽ പത്തു വിരൽക്കിട കാണുകയാണെങ്കിൽ വായു കോപം കൊണ്ട് നെഞ്ചിൽ വേദനയും, കൈക്കാൽ കഴപ്പും ,വയറു വേദനയും, ഗുന്മരോഗവും ഉണ്ടാകുമെന്നു പറയണം. 

ഒമ്പതേ മുക്കാൽ ആയിരുന്നാൽ അരയാപ്പ്, പുളക മെലിവ്, ചുമ ഇവകൾ ഉണ്ടാകും.

ഒമ്പതര ആയിരുന്നാൽ, ശരീരവീക്കം, ഉഷണം, കൺ പുകച്ചിൽ, ഉള്ളിൽ ജ്വരം , മേഹം, അന്നദ്വേഷം ഇവയുണ്ടാകും 

ഒമ്പതേകാൽ ആയിരുന്നാൽ കൺപുകച്ചിൽ, നീരടപ്പ് , ഉറക്കമില്ലായ്മ , പീനസം, ഇവയുണ്ടാവും.

ഒമ്പതായിരുന്നാൽ കാതടപ്പ്, കൺ പുകച്ചിൽ, നടുവുകഴപ്പ്, രണ്ടു തുടകൾക്കും ബലക്കുറവ് നടക്കാൻ പാടില്ലായ്മ മുതലായവ ഉണ്ടാകും. 

എട്ടേമുക്കാൽ ആയിരുന്നാൽ ശരീരം ചൂടുകയും , വിഷം സംബന്ധിച്ചു കുഷ്ഠം പോലെയുള്ള വ്യാധികൾ ഉണ്ടാകുകയും മൂലസ്ഥാനത്തിൽ വായു കോപിച്ച് വയറ് പെരുക്കം ഉണ്ടാക്കുകയും ,കണ്ണിൽ കാചം വരികയും, പീനസം ഉണ്ടാവുകയും ചെയ്യും.

എട്ടരയായിരുന്നാൽ ശരീരം വിളറുകയും, ചൂടു വർദ്ധിക്കുകയും, ഗ്രന്ഥിക്കൾ ഉണ്ടാവുകയും കുഷ്ഠം ചൊറി, ചിരങ്ങ്, കുടൽ വാതം, ധാതു നഷ്ടം മുതലായവ ഉണ്ടാവുകയും ചെയ്യും.

എട്ടേകാൽ ആയിരുന്നാൽ ശരീരം കുത്തിനോവ് തല വരൾച്ച, തലവേദന ,പീനസം, വിയർപ്പ് , വിഷദോഷം മൂലമുള്ള തളർച്ച  ,ചുമ മുതലായവ ഉണ്ടാകും

എട്ടായിരുന്നാൽ മേഹച്ചൂട്, അഗ്നിമാന്ദ്യം, വയർ വീർപ്പ് ,അന്നദ്വേഷം, സുഖഹാനി മുതലായവ നേരിടും.

ഏഴേ മുക്കാൽ ആയിരുന്നാൽ മൂലച്ചൂട്, കൈകാൽച്ചൂട്ടുനീറ്റം, തലവേദന, ഇവ ഉണ്ടാവുകയും രണ്ടു വർഷത്തിനകം കണ്ഠമാല നേരിടുകയും , നാൾ കഴിയുംതോറും മൂക്കിൽ നിന്നു രക്തം വരികയും ചെയ്യും.

ഏഴരയായിരുന്നാൽ അസ്ഥിയുരുക്കം,മേഹം ,വയറ്റു പെരുക്കം ,കണ്ണെരിച്ചിൽ ,ശരീരം ചുട്ടു നീറ്റം, കൈകാൽ തളർച്ച, ബുദ്ധിഭ്രമം മുതലായവ ഉണ്ടാകും.

ഏഴേകാൽ ആയിരുന്നാൽ ഇടുപ്പിൽ വായു പിടിത്തം, കുത്തിനോവ്, ശിരസ്സിൽ പിത്ത കോപം, കണ്ണ് നോവ്, പാണ്ഡു, ശോഫം , കൈകാൽ ചുട്ടു നീറ്റം അതിനിദ്ര ഇവയുണ്ടാക്കും.

ഏഴായിരുന്നാൽ തലയിൽ പിത്തം കയറുകയും, വായിൽ കൂടി രക്തം വരികയും, ക്ഷയം പിടിപ്പെടുകയും, കൈകാൽ നീറ്റം ഉണ്ടാവുകയും, ചിലന്തിപ്പുണ്ണുകൾ ഉണ്ടാവുകയും ചൂടു വർദ്ധിക്കുകയും മലത്തിൽ വലിയ ചൂടുകാണുകയും ചെയ്യും.

ആറെ മുക്കാൽ ആയിരുന്നാൽ ആന്ത്രനോവ് ,കണ്ണ് നോവ് മയക്കം, മൂന്നു വർഷത്തിനകം മൂത്രയ്കൃച്ഛറം ഉണ്ടാവുക, കൈകാൽ ചുട്ടു നീറ്റം ,കുത്തിനോവ്, മുഖം വിയർപ്പ് ഇവ നേരിടും.
 

ആറരയായിരുന്നാൽ ശരീരത്തിൽ വലിയ ചൂട്, കുത്തി വേദന, ദാഹം ,അന്നദ്വേഷം, വാത കോപം ഇവയുണ്ടാക്കും.

ആറേകാൽ ആയിരുന്നാൽ ഗ്രഹണി, അമ്ലപിത്തം, ഛർദി, പുളിച്ചു തികട്ടൽ, മുതലായവയും, തുട മുതലായ സ്ഥാനങ്ങളിൽ നീരും, വ്രണം മുതലായ രക്തദൂഷ്യങ്ങളും മേഹം സംബന്ധിച്ച രോഗങ്ങളും ഉണ്ടാകും.

ആറായിരുന്നാൽ നെഞ്ചിൽ കഫം കെട്ടുകയും ഇരുപതു ദിവസത്തിനകം മരിക്കുകയും ചെയ്യും.

അഞ്ചെ മുക്കാൽ മുതൽ നാലു വിരൽക്കിടവരെയും ആയിരുന്നാൽ നേരിട്ട രോഗങ്ങൾ വർദ്ധിച്ചു ജീവഹാനി സംഭവിക്കും. 🌀

🌀നാഡിനോക്കി ത്രിദോഷകോപങ്ങളെ നിശ്ചയിക്കുന്നതിനുള്ള എളുപ്പ വഴി🌀

🌀 ചൂണ്ടുവിരൽ പതിയുന്ന നാഡി അതിവേഗമായി നടന്നാൽ വാത കോപമെന്നും, നടുവിരൽ പതിയുന്ന നാഡി അതിവേഗത്തിൽ നടന്നാൽ പിത്ത കോപമെന്നും, മോതിരവിരൽ വയ്ക്കുന്ന നാഡിക്കു അതിവേഗത്തിൽ നടന്നാൽ കഫ കോപമെന്നും, ചൂണ്ടുവിരൽ വയ്ക്കുന്ന നാഡിയും, നടുവിരൽ വയ്ക്കുന്ന നാഡിയും കൂടി മിശ്രമായി അതിവേഗത്തിൽ നടന്നാൽ വാതപിത്തകോപമെന്നും, ചൂണ്ടുവിരൽ പതിയുന്ന നാഡി ക്ഷീണിച്ചും, മോതിരവിരലും, നടുവിരലും പതിയുന്ന നാഡികൾ മിശ്രമായി അതിവേഗത്തിലും നടന്നാൽ പിത്തകഫകോപമെന്നും , ചൂണ്ടുവിരലും, മോതിരവിരലും പതിയുന്ന നാഡികൾ മിശ്രമായി അതിവേഗത്തിൽ നടന്നാൽ വാതകഫ കോപമെന്നും, മൂന്നു നാഡികളും മിശ്രമായി അതിവേഗത്തിൽ നടന്നാൽ ത്രിദോഷ കോപമെന്നും വൈദ്യൻ നിശ്ചയിക്കേണ്ടതാകുന്നു.🌀

🌀 വാതഗതി🌀

🌀 കാറ്റടിക്കുമ്പോൾ അതിൻ്റെ നേരേയുള്ള വസ്തു ദ്രുതമായും ,അതിനപ്പറത്തുള്ള സാധനം മന്ദമായും ഇളക്കുന്നതു പോലെ വാതനാഡി അതിൻ്റെ അടുത്തു സ്ഥിതി ചെയ്യുന്ന പിത്തനാഡിയെ അതിവേഗത്തിലും , അതിനപ്പുറം ഉള്ള കഫനാഡിയെ മന്ദമായും നടത്തുന്നു .

പിത്തനാഡിക്കും, കഫനാഡിക്കും തന്നത്താൻ നടക്കുന്നതിനു വേണ്ട ശക്തിയില്ല. അവ രണ്ടും വാതനാഡിയുടെ ഗമനം അനുസരിച്ചാണ് നടക്കുന്നത്. വാതനാഡി നടന്നാൽ മറ്റു രണ്ടു നാഡികളും നടക്കും . വാതനാസി നടക്കാത്തപ്പോൾ അവയും നടക്കുകയില്ല. 🌀

🌀 സുഖനാഡി ലക്ഷണം 🌀

🌀 സ്ഥിരമായും, ബലമായും, പ്രഭാതത്തിൽ തണുപ്പില്ലാതെയും മദ്ധ്യാഹ്നത്തിൽ ചൂടൊടുകൂടിയും ,വൈക്കുന്നേരം തീവ്രമായും നടക്കും.🌀

🌀 ദോഷനാഡീ ലക്ഷണം 🌀

🌀 വാത രോഗിയുടെ നാഡി വക്രമായും, പിത്ത രോഗിയുടെ നാഡി ചഞ്ചലമായും, കഫരോഗിയുടെ നാഡിസ്ഥിരമായും, സന്നിപാതരോഗിയുടെ നാഡിമിശ്രമായും നടക്കും .🌀

🌀മരണ ലക്ഷണ നാഡി🌀

🌀 അധികം ഉഷ്ണമുള്ളപ്പോൾ തണുപ്പോടുകൂടിയും, അധികം തണുപ്പുള്ളപ്പോൾ അധികം ഉഷ്ണത്തോടു കൂടിയും വിവിധ വിധത്തിലുള്ള നാഡി ചലനം സദ്യോമരണനാഡി ലക്ഷണമാകുന്നു. 🌀

🌀 സന്നിപാത മരണനാഡി ലക്ഷണം🌀

🌀 മൂന്നു ദോഷങ്ങളും കോപിച്ചിരിക്കുന്ന രോഗിയുടെ നാഡി ചഞ്ചലമായിട്ടിരിക്കും. എന്നാൽ മരണ കാലം സമീപിക്കുമ്പോൾ നാഡി ഏറ്റവും നിശ്ചഞ്ചലമായിരിക്കും.🌀

🌀സപ്തദിവസാന്തര മൃത്യു നാഡിലക്ഷണം 🌀

🌀 ശരീരത്തിൽ നീരില്ലാത്തപ്പോൾ നാഡി അതിൻ്റെ സ്വാഭാവിക ഗതിക്കു വിപരീതമായി ക്ഷണനേരം തീവ്രമായും,ക്ഷണനേരം ശാന്തമായും നടന്നാൽ അത് ഒരു വാരത്തിനകമുള്ള മരണ ലക്ഷണമാണ് . 🌀

🌀 മൂന്നു ദിവസത്തിനകമുള്ള മരണ ലക്ഷണം🌀

🌀 അതിഘോരമായ ജ്വരം ഉള്ളപ്പോൾ നാഡിപിടിച്ചു നോക്കിയാൽ മഞ്ഞുകട്ടി പോലെ തണുത്തിരിക്കുകയൊ ത്രിദോഷ കോപത്തിൽ ഉള്ള നാഡി ലക്ഷണം പോലേ കാണുകയൊ ചെയ്താൽ രോഗി മൂന്നു ദിവസത്തിനകം മരിക്കും. 🌀

🌀 നാലു ദിവസത്തിനകമുള്ള മരണ ലക്ഷണം 🌀

🌀 മുഖത്തിലും ,വലതുപാദത്തിലും ഒരോ നാഡികൾ തീവ്രമായി നടന്നു കൊണ്ടിരുന്നാൽ അവൻ നാലു ദിവസത്തിനകം മരിക്കും .🌀

🌀 പന്ത്രണ്ടു യാമത്തിനകം ഉള്ള മരണ നാഡീലക്ഷണം🌀

🌀നാഡി വണ്ടിനെപ്പോലെ " കിർ, കിർ " എന്നു ഓടി ഭൂജം വരെ നടക്കുകയും ,വിരലുകളിൽ നടക്കാത്തിരിക്കുകയും ചെയ്താൽ ആ രോഗി പന്ത്രണ്ടു യാമത്തിനകം കാലഗതിയെ പ്രാപിക്കും 🌀

🌀 ദിനാന്തര മൃത്യു നാഡീലക്ഷണം🌀

🌀 മുഖത്തിലെ നാഡി മഴക്കാലത്തെ മിന്നൽ പോലേ അതിതീവ്രമായി നടക്കുന്ന രോഗി ഒരു ദിവസത്തിൽ കൂടുതൽ കാലം ജീവിച്ചിരിക്കുകയില്ല.🌀

🌀സദ്യോ മരണ നാഡി ലക്ഷണം.🌀

🌀 കയ്യിലെ നാഡികൾ അതിൻ്റെ സ്ഥാനം വിട്ടു നടക്കുകയോ ഒട്ടും നടക്കാതിരിക്കുകയോ ചെയ്താലും ഹൃദയത്തിൽ തീവ്രമായ എരിച്ചിൽ ഉണ്ടായിരുന്നാലും ആ മനുഷ്യൻ ഉടൻ (ആ എരിച്ചിൽ അടങ്ങുന്നതിനകം ) മരണത്തെ പ്രാപിക്കും.🌀

🌀 അരയാമത്തിനകമുള്ള മരണനാഡി ലക്ഷണം🌀

🌀 അംഗുഷ്ഠ മൂലത്തിൽ നടക്കുന്ന നാഡികൾ സ്വസ്ഥാനം വിട്ടു രണ്ടര അംഗുലം കീഴായും നടുവിരലും മോതിരവിരലും പതിയുന്ന നാഡികൾ ശരിയായും നടന്നു കൊണ്ടിരുന്നാൽ അരയാമത്തിനകം ആ മനുഷ്യൻ മരിക്കും. 

നാഡികൾ അംഗുഷ്ഠ മൂലത്തെ വിട്ട്, രണ്ടര അംഗുലത്തിന്നു കീഴായി അനാമികാ വിരലിൻ്റെ ഞരമ്പോടു ചേർന്ന്, നടന്നു കൊണ്ടിരുന്നാൽ ആ മനുഷ്യൻ അരയാമത്തിനകം മരിക്കും.🌀

🌀 ഒന്നരയാമത്തിനകം മരണമുണ്ടാക്കുന്ന നാഡി ലക്ഷണം🌀

🌀നാഡികൾ ചൂണ്ടുവിരലിൻ്റെയും, നടുവിരലിൻ്റെയും സ്ഥാനങ്ങൾ വിട്ട് അനാമികാ വിരൽ പതിയുന്ന സ്ഥാനത്തിൽ രേഖാകാരമായി സഞ്ചരിച്ചു കൊണ്ടിരുന്നാൽ ആരോഗി ഒന്നര യാമത്തിൽ കൂടുതൽ സമയം ജീവിച്ചിരിക്കുകയില്ല🌀

🌀 ആറു യാമത്തിനകം മരണം നേരിടുന്ന നാഡി ലക്ഷണം🌀

🌀 അംഗുഷ്ഠ മൂലത്തിലെ നാഡികൾ എല്ലാം മദ്ധ്യമ (നടു) വിരൽ ഞരമ്പിൽ ചേർന്നു സൂക്ഷമായും, നിശ്ചഞ്ചലമായും ഇരിക്കുകയാണെങ്കിൽ ആ രോഗി ആറു യാമത്തിനകം മരണത്തെ പ്രാപിക്കും 🌀

🌀 അഭിഘാതരോഗ നാഡി ലക്ഷണം 🌀

🌀 അഭിഘാതം, മൂർച്ഛ, ഭയം, അതിദു:ഖം മുതലായവകൾ നേരിട്ടവന്നെൻ്റെ നാഡി അയഞ്ഞും സ്തംഭിച്ചും ഇരിക്കും. മരം മുതലായവയിൽ നിന്നും വീണവൻ്റെയും, അസ്ത്രശസ്ത്രങ്ങളെക്കൊണ്ടു മർമ്മസ്ഥാനങ്ങളിൽ മുറിവു പറ്റിയവൻ്റെയും ഇന്ദ്രിയ നഷ്ടം അധികമായി സംഭവിച്ചവൻ്റെയും നാഡി മരണ ലക്ഷണങ്ങളോടുകൂടിയതായിക്കാണും . എന്നാൽ അതു കൊണ്ടു മാത്രം ജീവനാശം സംഭവിച്ചു പോകുമെന്നു നിശ്ചയിച്ചുകളയരുത്. 🌀

🌀 ഭൂതപ്രേതാദി പീഡിതനാഡി ലക്ഷണം🌀

🌀 ഭൂതപ്രേതങ്ങളാൽ പീഡിക്കപ്പെട്ടവൻ്റെയും തൻമൂലം ഭയന്നവൻ്റെയും നാഡി ത്രിദോഷ കോപനാഡി പോലെ വാതപിത്ത ശ്ലേഷമനാഡികൾ ഒന്നായിച്ചേർന്ന് ,എറ്റക്കുറച്ചിൽ കൂടാതെ തുല്യമായി നടക്കും. 🌀

🌀 അരോഗിയുടെ സദ്യോ മരണനാഡി ലക്ഷണം🌀

🌀 രോഗമൊന്നും ഇല്ലാതെ അകാലമരണം സംഭവിക്കാൻ പോകുന്നവൻ്റെ നാഡി സന്നിപാതരോഗതിലെ നാഡി പോലെ അടിക്കും. 🌀

🌀 വ്യസനത്തോടു കൂടിയവനെൻ്റെയും തണുപ്പിൽ സഞ്ചരിക്കുന്നവൻ്റെയും നാഡി ലക്ഷണം🌀

🌀 അങ്ങനെയുള്ളവരുടെ നാഡി ചലനം സ്വസ്ഥാനത്തിൽ നിന്നും കുറച്ചു മുകളിലോട്ടു കയറിയായിരിക്കും. അങ്ങനെയിരുന്നാലും അവന്നു ദോഷമൊന്നും സംഭവിക്കുകയില്ല 🌀

🌀 ദുഷ്ട പിത്തനാഡി ലക്ഷണം🌀

🌀 ദുഷ്ട പിത്ത ദോഷത്തിൽ വാതശ്ലേഷമനാഡികൾ അല്പമായും പിത്ത നാഡി എറ്റവും ബലിഷ്ഠമായും നടക്കും🌀

🌀 എണ്ണ, ശർക്കര, ഉഴുന്ന്, പാൽ, തേൻ ഇവകൾ ഭക്ഷിച്ചവൻ്റെ നാഡികൾ🌀

🌀 എണ്ണ കുടിച്ചവൻ്റെ നാഡി വലിവോടു കൂടിയും, ശർക്കര, ഉഴുന്ന് ഇവ ഭക്ഷിച്ചവൻ്റെ നാഡി വലിയ തടി പോലെ നീളത്തിലും ,പാൽ കുടിച്ചവൻ്റെ നാഡി ഇളക്കമില്ലാതെ നിന്നു നിന്നു മന്ദമായും തേൻ കുടിച്ചവൻ്റെ നാഡി തവളയെപ്പോലെയും നടക്കും.🌀

🌀ഷഡ്രസഭോജികളുടെ നാഡികൾ🌀

🌀 മധുരപദാർത്ഥങ്ങളെ ഭുജിച്ചവൻ്റെ നാഡി മയിലിനെപ്പോലെ നടക്കുകയും, കയ്പുള്ള പദാർത്ഥങ്ങളെ ഭക്ഷിച്ചവൻ്റെ നാഡി സ്ഥൂലിച്ചിരിക്കുകയും, പുളിയുള്ള പദാർത്ഥങ്ങളെ ഭക്ഷിച്ചവൻ്റെ നാഡി കുതിച്ചു കുതിച്ചു നടക്കുകയും , തുവർപ്പുരസത്തോടു കൂടിയ പദാർത്ഥങ്ങളെ ഭക്ഷിച്ചവൻ്റെ നാഡി കുഴവി പോലെ കിറുകിറാ എന്നു നടക്കുകയും, എരിരസത്തോടു കൂടിയ പദാർത്ഥങ്ങളെ ഭക്ഷിച്ച എൻ്റെ നാഡി കഠിനമായും ലവണ പദാർത്ഥങ്ങളെ ഭക്ഷിച്ചവൻ്റെ നാഡി സൂക്ഷ്മമായും , കഠിനമായും നടക്കുകയും ചെയ്യും . 

പശപ്പുള്ള പദാർത്ഥങ്ങൾ ഭക്ഷിച്ചവൻ്റെ നാഡി കഠിനമായും, കഠിന പദാർത്ഥങ്ങൾ ഭക്ഷിച്ചവൻ്റെ നാഡി ലളിതമായും രണ്ടും കൂടിയ പദാർത്ഥങ്ങൾ ഭക്ഷിച്ചവൻ്റെ നാഡി മിശ്രമായും നടക്കും.

പുളിപ്പോടുകൂടിയതോ അല്ലെങ്കിൽ പുളിപ്പും മധുരവും കൂടി കലർന്നതോ ആയ പദാർത്ഥങ്ങളെ ഭക്ഷിച്ചവൻ്റെ നാഡി ഏറ്റവും തണുത്തും അവൽ ,വറുത്ത പദാർത്ഥങ്ങൾ മുതലായവകൾ ഭക്ഷിച്ചവൻ്റെ നാഡി സ്ഥിരമായും. മന്ദമായും നടക്കും 🌀

🌀 ഫലമൂലങ്ങൾ ഭക്ഷിച്ചവൻ്റെ നാഡി ലക്ഷണം🌀

🌀 പൂയണിക്കാ, മുള്ളങ്കി, മുതലായവ ഭക്ഷിച്ചവൻ്റെ നാഡി രക്തപുഷ്ടിയോടു കൂടിയതായും നടക്കും 🌀

🌀 മാംസം, വാഴപ്പഴം, ഇവ ഭക്ഷിച്ചവൻ്റെ നാഡീലക്ഷണം🌀

🌀 മാംസം ഭക്ഷിച്ചവൻ്റെ നാഡിസ്ഥിരമായിരിക്കും. വാഴപ്പഴം ഭുജിച്ചവൻ്റെ നാഡി വാതപിത്തകോപനാഡി പോലെ നടക്കും 🌀

🌀 ജ്വരം വാതരോഗം🌀

🌀 ജ്വര രോഗിയുടെയും, വാത രോഗിയുടെയും നാഡി കുറുക്കെ നടക്കും 🌀

🌀പിത്ത ജ്വരം🌀

🌀 പിത്ത ജ്വര രോഗിയുടെ നാഡി വേഗത്തിലും ദീർഘമായും നടക്കും. 🌀

🌀മലബന്ധം ,അജീർണ്ണം ഇവയുള്ളവൻ്റെ നാഡി 🌀 

🌀ഇവ ഉള്ളവരുടെ നാഡിഏറ്റവും അയഞ്ഞിരിക്കും 🌀

🌀 ദുഷ്ടരക്ത വ്യാപക നാഡി🌀

🌀രക്തം ദുഷിച്ചവൻ്റെ നാഡി നടുവിരൽ പതിയുന്ന സ്ഥലത്തു മാത്രം നടക്കും .🌀

🌀 ഭൂത ജ്വരം ,ആഹ ജ്വരം, വിഷജ്വരം ഇവകളോടു കൂടിയവൻ്റെ നാഡി ലക്ഷണം 🌀

🌀 ഭൂതജ്വരത്തോടു കൂടിയവൻ്റെ നാഡി അതിവേഗമായും, മുറപ്പനി, വിഷജ്വരം ഇവയോടു കൂടിയവൻ്റെ നാഡി ഇടവിട്ടു വേഗമായും മന്ദമായും നടക്കും 🌀

🌀 ദ്വാഹിക ,ത്രാഹിക ചതുരാഹിക ജ്വരനാഡി🌀

🌀 രണ്ടാം മുറപ്പനി, മൂന്നാം മുറപ്പനി, നാലാം മുറപ്പനി ഇവയോടു കൂടിയവരുടെ നാഡി ഉഷ്ണിച്ചു കുഴവി പോലെ കിടുകിടാ എന്നു നടക്കും.🌀

🌀 ക്രോധ കാമ ജ്വരനാഡിലക്ഷണം🌀

🌀 ക്രോധ ജ്വരത്തിൽ നാഡിവൃത്തമായും, കാമ ജ്വരത്തിൽ നാഡി ഒന്നോടൊന്നു ചേർന്നും നടക്കും .🌀

🌀 വിരഹജ്വരനാഡി🌀

🌀 സ്ത്രീവിരഹം കൊണ്ട് കാമ ജ്വരം പിടിപ്പെട്ട പുരുഷൻ്റെ നാഡി ശിഥിലമായും ,പുരുഷൻ്റെ വേർപാടുമൂലം വിരഹ ജ്വരം പിടിപ്പെട്ട സ്ത്രീയുടെ നാഡി ക്ഷീണിച്ചും മന്ദമായും ഇരിക്കും 🌀

🌀 അന്നപക്വകാലത്തിലെ നാഡി 🌀

🌀 അന്നം പക്വമാക്കുന്ന സമയത്തിൽ നാഡി പുഷ്ടിരഹിതമായും മന്ദമായും നടക്കും 🌀

🌀 രക്തം കൂടിയിരിക്കുമ്പോഴുള്ള നാഡിലക്ഷണം🌀

🌀 ശരീരത്തിൽ രക്തം വർദ്ധിച്ചിരിക്കുമ്പോൾ നാഡി ചൂടൊടു കൂടിയിരിക്കും🌀

🌀 അഗ്നിമാന്ദ്യം, ഗ്രഹണി🌀

🌀 ഇവയുള്ളപ്പോൾ നാഡി പാദത്തിലേതു അന്നത്തെപ്പോലെയും ,കയ്യിലേതു തവളയെപ്പോലെയും നടക്കും 🌀

🌀 ആമാതിസാരം🌀

🌀 ഈ രോഗിയിൽ നാഡി തൂങ്ങിക്കിടക്കുന്നതുപോലെയടിക്കും🌀

🌀 അതിസാരം🌀

🌀 ഈ രോഗിയിൽ നാഡി തേജോവിഹീനമായി നടക്കും🌀

🌀 വിളംബികാരോഗം🌀

🌀 ഈ രോഗാവസ്ഥയിൽ നാഡി കടലിൽ പടകു സഞ്ചരിക്കുന്നതു പോലെ നടക്കും🌀

🌀മലമൂത്രബന്ധകനാഡി🌀

🌀മലമൂത്രങ്ങളെ അടക്കുന്നവൻ്റെ നാഡി അതിവേഗത്തിൽ നടക്കും🌀

🌀 വിഷൂചികാരോഗം🌀

🌀 ഈ രോഗിയുടെ നാഡി തവള നടക്കുന്നതു പോലെ നടക്കും 🌀

🌀 വാത ശൂല 🌀

🌀 ഇതിൽ നാഡി വക്രമായി നടക്കും🌀

🌀 പിത്ത ശൂല🌀

🌀 ഇതിൽ നാഡി അധികജ്വാലയോടുകൂടെ നടക്കും 🌀

🌀 ആമ ശൂല 🌀

🌀 ഇതിൽ നാഡി ഏറ്റവും പുഷ്ടിയായി നടക്കും 🌀

🌀 പ്രമേഹ രോഗം 🌀

🌀 പ്രമേഹത്തിൽ നാഡി മിശ്രമായും, ഗ്രന്ഥി രൂപമായും ഇരിക്കും🌀

🌀 വിഷദോഷം🌀

🌀 വിഷദോഷത്തിൽ നാഡി ഊർദ്ധ്വഗതിയോടു കൂടിയിരിക്കും 🌀

🌀 ഗുന്മരോഗം🌀

🌀 ഗുന്മരോഗിയുടെ നാഡി അധോമുഖമായി നടക്കും .അധോഗതിയൊടു കൂടിയ നാഡീ ചലനം ഊർദ്ധ്വഗതിയിൽ വരുമ്പോൾ എത്ര വലിയ ഗുന്മവായുവും ശമിക്കും 🌀

🌀 വ്രണഭഗന്ദര രോഗങ്ങൾ 🌀

🌀 ഇവയിൽ നാഡി പിത്തനാഡി പോലെ നടക്കും🌀

🌀ഛർദി🌀

🌀ഛർദിയിൽ നാഡി മദിച്ച ആനയെപ്പോലെയും ,അന്നത്തെപോലെയും കാണപ്പെടും.🌀

🌀 1929 ൽ റ്റി.എൻ. നാണുപിള്ള ആശാൻ എഴുതി പ്രസീദ്ധികരിച്ച ആയുർവേദപ്രകാശിക ഒന്നാം ഭാഗം എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തത് 🌀

സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം