ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജന്മനക്ഷത്രങ്ങളുടെ പ്രത്യേകതകൾ


ഓരോ ജന്മനാളിന്റെയും പ്രത്യേകതകൾ


അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ ബുദ്ധിയും ധൈര്യവും ഉള്ളവരായും സുന്ദരരായും എല്ലാവര്‍ക്കും പ്രിയരായും അമ്മയ്‌ക്ക് ആണ്‍മക്കളില്‍ മൂത്തവനായും വിദ്യയെ അറിയുന്നവനായും ഭവിക്കും. ആരേയും വശീകരിക്കുന്ന ശരീരപ്രകൃതിയും അലങ്കാരങ്ങളോടുള്ള ആഭിമുഖ്യവും ഇവരെ ശ്രദ്ധേയരാക്കുന്നു. ഭാവനാ ശാലിത്വത്തേക്കാളേറെ യുക്‌തിചിന്തയുള്ളതുകൊണ്ടാകും ഇക്കൂട്ടര്‍ കലാരംഗത്ത്‌ ഉറച്ച്‌ നില്‌ക്കുന്നതായി കാണാറില്ല.പ്രേമകാര്യങ്ങളില്‍ ചാഞ്ചല്യം കാണിക്കുന്ന ഇവര്‍ വിജ്ഞാന സമ്പാദനത്തിന്‌ മുന്‍ഗണന നല്‍കും. സേവനശീലം ഇവരില്‍ പ്രത്യക്ഷമായിരിക്കും. സ്‌ത്രീകള്‍ക്ക്‌ സൗന്ദര്യംപുത്രസമ്പത്ത്‌സുഖംശുചിത്വം തുടങ്ങിയവയാല്‍ അനുഗൃഹീതരായിരിക്കും.

ഭരണി:

ഭരണി നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ ശാന്തരായും സത്യവാദിയായും സ്‌ത്രീസക്തരായും സുഖവും മാന്യതയും ധീരതയും ഉള്ളവരായും ദീര്‍ഘായുസ്സുള്ളവരായും പുത്രന്മാര്‍ കുറഞ്ഞവരായും ഭവിക്കും. ലക്ഷ്യം നേടുന്നതിന്‌ എത്രത്തോളം പോകാനും ഇവര്‍ ഒരുക്കമായിരിക്കും. സാമ്പത്തിക ഉയര്‍ച്ച പ്രാപിക്കുമെങ്കിലും പരിശ്രമത്തിനനുസരിച്ച്‌ വിജയിക്കണമെന്നില്ല.കലാപ്രേമികളെങ്കിലും ആ രംഗത്ത്‌ പ്രശസ്‌തി അവരെ അനുഗ്രഹിക്കാതെ പോയേക്കും. ഏത്‌ കാര്യത്തിന്റെയും മറ്റ്‌ വശത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ ഇവരുടെ സ്വഭാവമാണ്‌. സ്‌ത്രീകള്‍ ദൈവഭക്‌തിയുള്ളവരും പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കാനിഷ്‌ടപ്പെടുന്നവരുമായിരിക്കും. സ്‌നേഹശീലരെങ്കിലും ചിലപ്പോള്‍ പരുഷമായി പെരുമാറും. പൊതുവേ വിവാഹം വൈകിയിട്ടാണെങ്കിലും വിജയപ്രദമായിരിക്കും.

കാര്‍ത്തിക:

കാര്‍ത്തിക നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ സഹോദരന്മാര്‍ കുറഞ്ഞവരായും ഭക്ഷണപ്രിയരായും പരസ്‌ത്രീസക്‌തരായും പരോപകാരിയും നല്ല ശരീരത്തോടു കൂടിയവരായും സംഭാഷണപ്രിയരായും ഭവിക്കും. മുന്‍കോപികളായ ഇവര്‍ക്ക്‌ സത്യധര്‍മ്മ ബോധവും പുണ്യപാപ ബോധവും താരതമേന്യ കുറവായിരിക്കും. അഭിമാനത്തെ സ്‌പര്‍ശിക്കുന്ന കാര്യങ്ങള്‍ ഇവരെ പെട്ടെന്ന്‌ ക്ഷുഭിതരാക്കും. ജനമദ്ധ്യത്തില്‍ ഇവര്‍ പെട്ടെന്ന്‌ സ്വാധീനം നേടിയെടുക്കുന്നു. എന്നാല്‍ ഇവര്‍ക്ക്‌ ഉപകാരസ്‌മരണ അല്‌പം കുറഞ്ഞുവെന്ന്‌ വരാം. സ്‌ത്രീകള്‍ സദ്യ ഒരുക്കുന്നതിലും സ്‌നേഹത്തോടെ പെരുമാറുന്നതിലും പ്രശസ്‌തി നേടും.

രോഹിണി:

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ കുലശ്രേഷ്‌ഠരായും സത്യം പറയുന്നവരായും സുന്ദരരായും ധനമുള്ളവരായും ആര്‍ക്കും അനിഷ്‌ടം പറയാത്തവരായും ഭവിക്കും. ഇവര്‍ക്ക്‌ പലവിധത്തിലുള്ള സുഖഭോഗങ്ങളും അനുഭവപ്പെടും. സ്‌ത്രീ ജനങ്ങളുമായി കൂടിക്കഴിയുന്നതില്‍ ഇവര്‍ താല്‌പര്യം പ്രദര്‍ശിപ്പിക്കും. എപ്പോഴും ന്യായത്തിന്റേയും നീതിയുടേയും പക്ഷം പിടിക്കുന്നവരാണിവര്‍. ഏത്‌ രംഗത്തായാലും ഇവര്‍ പടിപടിയായി ഉയര്‍ച്ച പ്രാപിക്കും. പലതിനെപ്പറ്റിയും ഇവര്‍ പുതിയ ആശയങ്ങള്‍ പ്രകടിപ്പിക്കും. ഏത്‌ ജോലി നിര്‍വ്വഹിക്കുന്നതിലും ഇവര്‍ സമര്‍ത്ഥരായിരിക്കും. സ്‌ത്രീകള്‍ പൊതുവേ സുന്ദരികളും പതിവ്രതകളും ആയിരിക്കും. എന്നാല്‍ ചിലപ്പോള്‍ യാഥാസ്‌ഥിതിക മനഃസ്‌ഥിതി പ്രദര്‍ശിപ്പിക്കും.

മകയിരം:

ഈ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ ബാല്യത്തില്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരായും പില്‍ക്കാലം ബലവും സമ്പത്തും അനുഭവിക്കുന്നവരും ആയിരിക്കും. ചതുരമായി സംഭാഷണം ചെയ്യാന്‍ കഴിവുള്ള ഇവര്‍ക്ക്‌ സ്വാര്‍ത്ഥ ലക്ഷ്യങ്ങളെ വാക്‌സാമര്‍ത്ഥ്യംകൊണ്ട്‌ മൂടിവയ്‌ക്കാനും കഴിയും. ഇവര്‍ പൊതുവേ അദ്ധ്വാനശീലരും കുടുംബസ്‌നേഹികളും മാതൃഭക്‌തരും ഈശ്വരവിശ്വാസികളുമായിരിക്കും. ഇവര്‍ നല്ല വീടിനും വാഹനങ്ങള്‍ക്കും ഉടമസ്‌ഥരും ആയിരിക്കും. സ്‌ത്രീകള്‍ പൊതുവേ രൂപവതികള്‍ ആയിരിക്കും. പണം കൈകാര്യം ചെയ്യുന്നതില്‍ സമര്‍ത്ഥകളായിരിക്കും. മധുര ഭാഷണത്തിലൂടെ ആരെയും വശത്താക്കാനിവര്‍ക്ക്‌ കഴിവ്‌ കൂടും. ധര്‍മ്മ ബുദ്ധിയുള്ള ഇവര്‍ സന്താനസൗഭാഗ്യം അനുഭവിക്കും.

തിരുവാതിര:

തിരുവാതിരയില്‍ ജനിക്കുന്നവര്‍ ഗര്‍വ്വുള്ളവരും പരോപകാരം ചെയ്യുന്നവരും ഉപകാരസ്‌മരണ ഇല്ലാത്തവരും അസൂയയുള്ളവരും ദീര്‍ഘായുസ്സ്‌ ഉള്ളവരും ആയിരിക്കും. പലപ്പോഴും ദുര്‍വാശി പ്രകടിപ്പിക്കുന്ന ഇവര്‍ മറ്റുള്ളവരില്‍ മതിപ്പ്‌ ഉളവാക്കുന്ന സംഭാഷണസാമര്‍ത്ഥ്യം കാണിക്കും. പ്രേമകാര്യങ്ങളില്‍ ഇവര്‍ ചഞ്ചലത പ്രദര്‍ശിപ്പിക്കും. ഈ നക്ഷത്രക്കാരില്‍ പലര്‍ക്കും അസാധാരണമായ ഓര്‍മ്മശക്‌തി കണ്ടുവരുന്നു.ആരെങ്കിലും പ്രോത്സാഹിപ്പിക്കാനുണ്ടെങ്കില്‍ ഇവര്‍ ഉയര്‍ന്ന നിലയിലെത്തും. കാര്യങ്ങളുടെ ഉള്ളുകള്ളികള്‍ കാണുന്നതില്‍ ഇവര്‍ക്ക്‌ കഴിവ്‌ കൂടും. സ്‌ത്രീകള്‍ക്ക്‌ മറ്റുള്ളവരുടെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കാന്‍ മിടുക്ക്‌ കൂടും. പലരുടെയും വൈവാഹികജീവിതം സുഖം കുറഞ്ഞതായി കാണപ്പെടുന്നു.

പുണര്‍തം:

സന്തോഷ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ഇവര്‍ വിനയമുള്ളവരും സത്യാന്വേഷികളുമാണ്‌. അല്‌പമാത്ര ലബ്‌ധികൊണ്ട്‌ ഇവര്‍ സന്തുഷ്‌ടരാകും. വിജ്‌ഞാനത്തിന്റെയും കലകളുടെയും പക്ഷത്ത്‌ ഇവര്‍ താല്‌പര്യം കാണിക്കും. ബന്ധുക്കളോടും കുടുംബാംഗങ്ങളോടും രമ്യതയോടെ പെരുമാറും. ശുഭാപ്‌തിവിശ്വാസികളായ ഇവര്‍ ഒരു വിഷയം കൈവിട്ട്‌ മറ്റൊന്നില്‍ ശ്രദ്ധിക്കുക എന്ന ശാഖാചംക്രമണസ്വഭാവം കാണിക്കും.ഇവര്‍ പരോപകാരം ചെയ്യുന്നതിലും സേവനമനുഷ്‌ഠിക്കുന്നതിലും സദാനിരതരായിരിക്കും. പ്രസിദ്ധീകരണംബാങ്കിംഗ്‌നീതിന്യായവകുപ്പ്‌നേഴ്‌സിംഗ്‌സെയില്‍സ്‌മാന്‍ തുടങ്ങിയ ജോലികളില്‍ പ്രശോഭിക്കും. സ്‌ത്രീകള്‍ക്ക്‌ വസ്‌ത്രക്കമ്പം താരതമ്യേന കൂടുതലായിരിക്കും. ശുചിത്വത്തില്‍ ഏറെ ശ്രദ്ധ വയ്‌ക്കുകയും ചെയ്യും. ഭര്‍ത്താവിനോടും മാതാപിതാക്കളോടും ഭക്‌തിയുള്ള ഇവര്‍ സന്താനങ്ങളാല്‍ അനുഗ്രഹീതരാകും.

പൂയം
ഈ നക്ഷത്രക്കാര്‍ സന്തോഷവാന്മാരായും ശാന്തപ്രകൃതരായും വിദ്വാന്മാരായും ധനവാന്മാരായും ബുദ്ധിമാന്മാരായും പരോപകാരികളായും ഒന്നിലും ലജ്‌ജയില്ലാത്തവരായും ഭവിക്കും. ഗുരുഭക്‌തിയും മതനിഷ്‌ഠയും ഉള്ളവരും ആയിരിക്കും. ഏറ്റെടുത്ത ചുമതലകള്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും ഇവര്‍ നിര്‍വ്വഹിക്കും. മിതവ്യയവും സൂക്ഷ്‌മതയും ആത്മവിശ്വാസവുംമൂലം ഇവര്‍ ഉയര്‍ന്ന നിലയിലെത്തും.വസ്‌തുതകള്‍ക്ക്‌ നിരക്കാത്ത ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിക്കും. സ്‌ത്രീകള്‍ പടിപടിയായി സമ്പന്നതയിലേക്ക്‌ ഉയര്‍ത്തപ്പെടുന്നത്‌ കാണാം. സൗന്ദര്യവുംസൗഭാഗ്യവുംസന്താനങ്ങളും ഈ നക്ഷത്രക്കാര്‍ക്ക്‌ പ്രതീക്ഷിക്കാവുന്നതാണ്‌. കുളിച്ച്‌ അണിഞ്ഞൊരുങ്ങുന്നതില്‍ ഇവര്‍ എപ്പോഴും താല്‌പര്യം കാണിച്ചുകൊണ്ടിരിക്കും.

ആയില്യം:

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ ഹൃദയകാഠിന്യം ഉള്ളവരായും വഞ്ചനാ സ്വഭാവവും ചപലതാസ്വഭാവവും ഉള്ളവരായും ജ്‌ഞാനവും വാക്‌സാമര്‍ത്ഥ്യവും ഉള്ളവരായും സമ്പന്നരായും സംഘത്തിന്റെയോസമുദായത്തിന്റെയോ നായകരായും ഭവിക്കും. വാക്‌സാമര്‍ത്ഥ്യംകൊണ്ട്‌ ആരെയും സ്വാധീനിക്കുന്നവരും നര്‍മ്മസംഭാഷണത്തില്‍ തല്‌പരരും ആയിരിക്കും. ഇവര്‍ സമ്പന്നകുടുംബങ്ങളില്‍ നിന്നായിരിക്കും വിവാഹം കഴിക്കുക. ഈ നക്ഷത്രത്തില്‍ ജനിച്ച സ്‌ത്രീകള്‍ അഭിമാനഗര്‍വം പ്രകടിപ്പിച്ചേക്കും. ഏത്‌ കാര്യത്തിലും പറ്റിപ്പിടിച്ച്‌ നില്‍ക്കുകയോ ഒഴിഞ്ഞുമാറിപ്പോകാനോ ഉള്ള പ്രാവണ്യം കൂടിയിരിക്കും.

മകം:

അറിവുള്ളവരായും ധനവും സൗന്ദര്യവുമുള്ളവരായും പ്രശംസിക്കപ്പെടുന്നവരായും ശത്രുക്കളും അസൂയക്കാരും ഉള്ളവരായും പിതൃഭക്‌തരായും ആരോടും സ്‌നേഹമുള്ളവരായും പ്രസന്നരായും ഭവിക്കും. ഗുരുഭക്‌തരായ ഇവര്‍ സ്വയം യത്നിച്ച്‌ ഉയര്‍ന്ന പദവിയിലെത്തിച്ചേരും. സാന്ദര്‍ഭികമായി പെരുമാറാനും അവസരങ്ങള്‍ കണ്ടെത്താനും ഇവര്‍ക്ക്‌ കഴിയും. ഇവര്‍ കുടുംബത്തിലുള്ളവരെ സഹായിക്കുമെങ്കിലും തിരിച്ച്‌ സഹായം കിട്ടാന്‍ പ്രയാസമായിരിക്കും. സ്‌ത്രീകള്‍ ധാര്‍മ്മികകാര്യങ്ങളില്‍ നിന്നും വ്യതിചലിക്കാതെ കാര്യപ്രാപ്‌തിയോടെ പ്രവര്‍ത്തിക്കുന്നവരായിരിക്കും. ഗുരുജനങ്ങളെയും ഭര്‍ത്താവിനെയും അനുസരിക്കുന്ന ഇവര്‍ യാഗാദി കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഉത്സുകരായിരിക്കും.

പൂരം:

ഹിതകരമായി സംസാരിക്കുന്നവരും സാമര്‍ത്ഥ്യമുള്ളവരും സഞ്ചാരികളും ധൈര്യമുണ്ടെന്ന്‌ ഭാവിക്കുകയും ഉള്ളില്‍ പേടിയുള്ളവരും ആയി ഭവിക്കും. ഇവര്‍ വളരെയധികം ഓര്‍മ്മശക്‌തിയുള്ളവരാണ്‌. സംഭാഷണ മാധുര്യം കൊണ്ട്‌ ആരെയും വശത്താക്കും. ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കുറവായിരിക്കും. ചെറുപ്പം മുതലേ ഏത്‌ വിഷയത്തിലാണ്‌ താല്‌പര്യമെന്ന്‌ ഇവര്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കും. സത്യസന്ധരും വിവേകികളുമായ ഇവര്‍ ജീവിതത്തില്‍ വിജയശ്രീലാളിതരായിരിക്കും. സ്‌ത്രീകള്‍ മധുരമായി സംസാരിക്കും. കലകളിലും ശാസ്‌ത്രങ്ങളിലും താല്‌പര്യം പ്രദര്‍ശിപ്പിക്കും. നല്ല സന്താനങ്ങളോട്‌ കൂടിയവരും ആയിരിക്കും.

ഉത്രം:

സുഖവും ധനവും ഉള്ളവരായും ജനസമ്മതരായും കീര്‍ത്തിയും വിനയവുമുള്ളവരായും ആരോടും നല്ല വാക്കുകള്‍ പറയുന്നവരായും കുടുംബങ്ങളില്‍ പ്രമാണിമാരായും വിശപ്പ്‌ കുറഞ്ഞവരായും ഭവിക്കും. സാഹിത്യാദി കലകളില്‍ താല്‌പര്യം മൂലം ഇവര്‍ മറ്റുള്ളവരുടെ ആദരവിന്‌ പാത്രമാകും. എല്ലാക്കാര്യത്തിനും വിശാല മനസ്‌കതയും ശുഭാപ്‌തിവിശ്വാസവും പ്രദര്‍ശിപ്പിക്കും.തുടക്കത്തില്‍ എളിയ നിലയിലായാലും ക്രമേണ ഉയര്‍ന്നനിലയിലെത്തും. ക്ഷമാശീലവും ഉത്‌കര്‍ഷേച്‌ഛയും ഇവരുടെ മുഖമുദ്രയാണ്‌. ബിസിനസ്സിലും വൈവാഹിക രംഗത്തും ഇവര്‍ നല്ല കൂട്ടൂകാരായിരിക്കും. ഉത്തരവാദിത്വമേറ്റെടുത്ത്‌ വിജയത്തിലെത്തിക്കാന്‍ അത്യദ്ധ്വാനം ചെയ്യും. സ്‌ത്രീകള്‍ നീതിയുടെ ഭാഗത്ത്‌ നിലകൊള്ളും. കുടുംബഭരണത്തില്‍ നല്ല പ്രാപ്‌തി കൈവരുത്തും.

അത്തം :

കൗശലവും വാക്‌സാമര്‍ത്ഥ്യവും ഉള്ളവരായും വിദ്യയും ഓര്‍മ്മശക്‌തിയും ഉള്ളവരായും മദ്യത്തിലും കാമിനിയിലും പ്രിയരായും ലജ്‌ജയില്ലാത്തവരായും ഭവിക്കുന്നു. അദ്ധ്വാനശീലരായ ഇവര്‍ ക്രമേണ എല്ലാ ഉദ്ദേശ്യങ്ങളും സാധിച്ചെടുക്കും. സാമ്പത്തികഭദ്രത നിലനിര്‍ത്താനായി എന്ത്‌ ത്യാഗവും ചെയ്യും. ശുദ്ധഹൃദയമാകയാല്‍ തങ്ങളില്‍നിന്ന്‌ ഗുണമനുഭവിച്ചവര്‍തന്നെ കൃതഘ്‌നരായിമാറുന്ന സന്ദര്‍ഭങ്ങള്‍ കാണേണ്ടിവരും. സ്‌നേഹിതന്മാരെ ആകര്‍ഷിക്കാനിവര്‍ക്ക്‌ കൗശലം കൂടും.ഭാഗ്യദൗര്‍ഭാഗ്യങ്ങള്‍ മാറിമാറി അനുഭവിക്കേണ്ടിവന്നേക്കും. കവികളോശാസ്‌ത്രജ്‌ഞരോ ആയവര്‍ ദേശാന്തരങ്ങളിലും പ്രശസ്‌തി നേടും. വിവാഹശേഷമാണ്‌ ഇവര്‍ക്ക്‌ അഭിവൃദ്ധി കൈവരുന്നത്‌. സ്വന്തം വീട്‌ വിട്ട്‌ താമസിക്കുന്നവരായിരിക്കും ഇവര്‍. സ്‌ത്രീകള്‍ വളരെ ക്ഷമാശീലരും സുഗന്ധവസ്‌തുക്കളും കൗതുക വസ്‌തുക്കളും ശേഖരിക്കുന്നതില്‍ അമിത താല്‌പര്യം കാണിക്കുന്നവരുമായിരിക്കും. പ്രിയദര്‍ശിനികളാകാന്‍ ഇവരെപ്പോഴും ശ്രമിക്കുന്നത്‌ കാണാം.

ചിത്തിര:

വസ്‌ത്രപ്രിയരും ഉത്സാഹശീലരും സൗന്ദര്യമുള്ളവരും സ്വഗൃഹംവെടിഞ്ഞ്‌ താമസിക്കുന്നവരും സ്‌ത്രീകളില്‍ ഇഷ്‌ടമുള്ളവരും സുഖമുള്ളവരും കോപശീലമുള്ളവരും ഭാര്യാസുഖം കുറഞ്ഞവരും ആയി ഭവിക്കും. അദ്ധ്വാനിച്ച്‌ കാര്യങ്ങള്‍ നേടുന്നതില്‍ സമര്‍ത്ഥരാണ്‌. ഇഷ്‌ടപ്പെട്ട വ്യക്‌തികള്‍ക്ക്‌ ഉള്‍വിളി അനുഭവപ്പെട്ടുവെന്നു വരും.നാല്‌പതുകള്‍ക്കു ശേഷം ഇവരുടെ പെരുമാറ്റത്തില്‍ പെട്ടെന്ന്‌ മാറ്റം സംഭവിക്കും. സ്‌ത്രീകള്‍ പൊതുവേ വസ്‌ത്രങ്ങളിലും ആഭരണങ്ങളിലും അമിത താല്‌പര്യം കാണിക്കും. ഇവരുടെ മനസ്സ്‌ ഭര്‍ത്താവിനു പോലും വെളിപ്പെടുത്തുകയില്ല. ദാമ്പത്യത്തിന്‌ താമസം നേരിടുകയോ ചില വിഷമതകള്‍ വന്നുപെടുകയോ ചെയ്യുന്നത്‌ അപൂര്‍വ്വമല്ല.

ചോതി

ദാനശീലരായും ക്രയവിക്രയങ്ങളില്‍ പ്രാവീണ്യമുള്ളവരായും അഹിതംവരാതെ സംസാരിക്കുന്നവരായും അന്യദേശത്ത്‌ താമസിക്കുന്നവരായും വീണ്ടുവിചാരവും ദയവും ഉള്ളവരായും ഭക്ഷണപ്രിയരായും ഭവിക്കും. ഇവര്‍ സത്യവും നീതിയും വിനയവും ഉള്ളവരായിരിക്കും.നിരീക്ഷണപാടവവും ബുദ്ധിവൈഭവവും വിവേചനശക്‌തിയും ഇവര്‍ക്ക്‌ ജന്മസിദ്ധമാണ്‌. എന്തിനേയും ഇവര്‍ അഭിമുഖീകരിക്കും. എന്നാല്‍ നല്ല സുഹൃത്തുക്കളെയും കപടനാട്യക്കാരെയും തിരിച്ചറിയാന്‍ ഇവര്‍ക്ക്‌ പ്രയാസമാണ്‌. അതുപോലെ മറ്റുള്ളവരെപ്പറ്റി സ്വരൂപിച്ച അഭിപ്രായം മാറ്റാനും ഇവര്‍ തയ്യാറല്ല. ഇവര്‍ സദാ ബഹുജനങ്ങളുമായി പെരുമാറാനിഷ്‌ടപ്പെടുന്നു. മന്ദഗാമിനികള്‍ എന്ന പേരിന്‌ യോജിച്ച വിധത്തിലാണ്‌ ഈ നക്ഷത്രത്തില്‍ ജനിച്ച സ്‌ത്രീകള്‍ നടക്കുന്നത്‌. ഇവര്‍ ബന്ധുക്കള്‍ക്ക്‌ പ്രിയങ്കരരായിരിക്കും.

വിശാഖം:

ആരിലും ഈര്‍ഷ്യയുള്ളവരായും അനാവശ്യ ചെലവ്‌ ഇല്ലാത്തവരായും എന്നാല്‍ അറിയാതെ പണം ചോര്‍ന്ന്‌ പോകുന്നവരായും ധനവും പ്രസിദ്ധിയും ഉള്ളവരായും വാക്‌സാമര്‍ത്ഥ്യം ഉള്ളവരായും സ്‌തുതിക്കാനും നിന്ദിക്കാനും മടിയില്ലാത്തവരായും ഭവിക്കും. ഈശ്വരഭക്‌തിയും നീതിബോധവും ഉള്ളവരായിരിക്കും. നിശ്‌ചിത ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഠിനാദ്ധ്വാനം ചെയ്യും. സൗന്ദര്യവും ആകര്‍ഷകത്വവും ഉള്ളവരായ ഇവര്‍ സരസമായി സംസാരിക്കുന്നവരും സുഹൃത്തുക്കളെ സമ്പാദിക്കുന്നവരുമായിരിക്കും.ശരിയായ കാര്യങ്ങളില്‍ ഉറച്ച്‌ നില്‌കുന്ന ഇവര്‍ അന്യരെ സഹായിക്കാനും സന്നദ്ധരായിരിക്കും. യാഥാസ്‌ഥിതികരെങ്കിലും സ്വതന്ത്രചിന്തയിലും ഇവര്‍ വിമുഖരല്ല. ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന അതേ നിമിഷം നിഗൂഢശക്‌തികളിലും ഇവര്‍ വിശ്വാസം പുലര്‍ത്തും. സ്‌ത്രീകള്‍ പൊതുവേ ബന്ധുക്കളോട്‌ പ്രിയമുളളവരും നല്ല ഭര്‍ത്താക്കന്മാരോട്‌ കൂടിയവരും തീര്‍ത്ഥ സ്‌ഥാനങ്ങളിലും വ്രതാനുഷ്‌ഠാനങ്ങളിലും താല്‌പര്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും. സന്താനഭാഗ്യവും ധനപുഷ്‌ടിയും ഉണ്ടാകുമെന്ന്‌ മാത്രമല്ലവീടിന്റെ അഭിമാനം നിലനിര്‍ത്തുന്നതുമാണ്‌.

അനിഴം:

വിശപ്പും ദാഹവും അധികമുളളവരായും രോഗമുള്ളവരായും സഞ്ചാരപ്രിയരായും അന്യദേശവാസികളായും സ്‌ത്രീകളില്‍ ആസക്‌തിയുള്ളവരായും അല്‌പ ധനത്തോട്‌ കൂടിയവരായും ഭവിക്കും. ചെറുപ്പകാലത്ത്‌ നിയന്ത്രിതവും സന്തുഷ്‌ടവുമായ ചുറ്റുപാടില്‍ വളരാന്‍ ഈ നക്ഷത്രക്കാരില്‍ മിക്കവര്‍ക്കും കഴിഞ്ഞില്ലെന്ന്‌ വരും. വൈകാരികമായ സ്‌ഥൈര്യം കുറവാണെങ്കിലും ഇവര്‍ ചുറുചുറുക്കോടും ദൃഢനിശ്‌ചയത്തോടും അധികാര ഗര്‍വോടും കൂടി പ്രവര്‍ത്തിക്കും.
സ്വാതന്ത്ര്യബോധവും ക്രാന്തദര്‍ശിത്വവുമുള്ള ഇവര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഉന്നതനിലയിലെത്തുന്നു. ഇവര്‍ ഔദാര്യവും സേവനോത്സുകതയും പ്രദര്‍ശിപ്പിക്കും. ദൈവഭക്‌തരും കലാപ്രണയികളുമായ ഇവര്‍ സാധാരണ സ്വന്തം വീട്‌വിട്ട്‌ താമസിക്കുന്നവരായിരിക്കും. സ്‌ത്രീകള്‍ പൊതുവേ വൃദ്ധരിലും ഭര്‍ത്താവിലും ഭക്‌തിയുള്ളവരായിരിക്കും. ഈ നക്ഷത്രരാശികള്‍ വൈകാരികകാര്യങ്ങളില്‍ അല്‌പം തണുപ്പ്‌ കാണിക്കുമെങ്കിലും പാചകത്തില്‍ ചാതുര്യമുള്ളവരായിരിക്കും.

തൃക്കേട്ട:

കോപശീലരായും വളഞ്ഞവഴി മാത്രം ചിന്തിക്കുന്നവരായും ബന്ധുഹീനരായും സന്തുഷ്‌ടിയുള്ളവരായും ധര്‍മ്മനിരതരായും ബുദ്ധിയും കൗശലവും ഉള്ളവരായും എന്നാല്‍ ഭാഗ്യത്തില്‍ കുറവുള്ളവരായും ഭവിക്കും. ഇവര്‍ അദ്ധ്വാനശീലരും കര്‍മ്മനിരതരുമായിരിക്കും. ഫലിതം പറയാനും പ്രത്യുത്തരം പറയാനും ഇവര്‍ക്ക്‌ വിരുത്‌ കൂടുതലാണ്‌. സമ്പാദിക്കാനൊരുങ്ങാതെ സുഖജീവിതം നയിക്കാനും അറിവ്‌ വര്‍ദ്ധിപ്പിക്കാനും ഇവര്‍ ശ്രമിക്കും. ഇവരുടെ സുഹൃദ്‌വലയം പരിമിതമായിരിക്കും.ഒരു ജീവിതശൈലി വിട്ട്‌ വേറൊന്ന്‌ സ്വീകരിക്കാന്‍ ഇവര്‍ക്ക്‌ പ്രയാസമുണ്ടാകില്ല. ഉന്നതങ്ങളിലെത്തിയ ശേഷം പെട്ടെന്ന്‌ പിന്നാക്കം വയ്‌ക്കുന്ന സ്വഭാവം ഇവരില്‍ കാണുന്നു. ഈ നക്ഷത്രത്തില്‍ ജനിച്ച സ്‌ത്രീകള്‍ വാക്‌സാമര്‍ത്ഥ്യവും ബുദ്ധിശക്‌തിയുംകൊണ്ട്‌ ആരേയും ആകര്‍ഷിക്കും. പലഹാരങ്ങളുണ്ടാക്കുന്നതിലും സദ്യ ഒരുക്കുന്നതിലും ഇവര്‍ പ്രത്യേക അഭിരുചി കാണിക്കും. സ്വാതന്ത്ര്യത്തിലും സുഖസൗകര്യത്തിലും താല്‌പര്യം പ്രദര്‍ശിപ്പിക്കും.

മൂലം :

ബഹുമാന്യതയും വലിയ ധനികത്വവും ഉള്ളവരും സ്‌ഥിരമായ സൗഖ്യവും ഐശ്വര്യവും കീര്‍ത്തിയും നേടുന്നവരുമായിരിക്കും. ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഈ നക്ഷത്രക്കാര്‍ പുതിയ പ്രസ്‌ഥാനങ്ങളും പ്രവര്‍ത്തനങ്ങളും തുടങ്ങാന്‍ സമര്‍ത്ഥരാണ്‌. ഇവര്‍ ആരംഭിച്ച സംഗതികള്‍ സ്‌ഥിരമായി നില്‍ക്കുന്നത്‌ കാണാം. സ്വന്തം രക്ഷയെപ്പോലും വകവയ്‌ക്കാതെ ധീരമായി പ്രവര്‍ത്തിക്കുന്നതാണിവരുടെ പ്രത്യേകത.വിജ്‌ഞാനവും ചിന്തയും വാക്‌സാമര്‍ത്ഥ്യവും കലാരസികതയും ഇവരില്‍ ഒന്നിച്ച്‌ കാണപ്പെടുന്നു. ഇവര്‍ വാഹനാദികളോടുകൂടി ആഡംബരജീവിതം നയിക്കും. സത്യസന്ധരായ ഇവരെപ്പോഴും നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാനിഷ്‌ടപ്പെടുന്നു. സ്‌ത്രീകള്‍ ശാസ്‌ത്രപുരാണങ്ങള്‍ കേള്‍ക്കുന്നതില്‍ തല്‌പരരായിരിക്കും. എപ്പോഴും അണിഞ്ഞൊരുങ്ങി നടക്കണമെന്ന കാര്യത്തില്‍ ഇവര്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരിക്കും. സ്‌നേഹകാര്യത്തില്‍ മാറ്റം വരുത്താന്‍ ഇവര്‍ക്ക്‌ വലിയ പ്രയാസമുണ്ടാകില്ല.

പൂരാടം:

നല്ല ബന്ധുക്കളോടു കൂടിയവരും ബുദ്ധിസാമര്‍ത്ഥ്യമുള്ളവരും ഗര്‍വ്വിഷ്‌ടരും ഹിതാനുകാരിയായ ഭാര്യയോടു കൂടിയവരും സുഖിമാന്മാരായും ഭവിക്കും. ഇവര്‍ വിശാലമനസ്‌കരും അന്തസ്സും അഭിമാനവും നിലനിര്‍ത്തിക്കൊണ്ട്‌ പെരുമാറുന്നവരുമായിരിക്കും. മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുക്കാന്‍ ഇവര്‍ സന്നദ്ധരാണ്‌. എന്തിനെയും ചെറുത്ത്‌ നില്‍ക്കുന്നതിലും എതിര്‍ത്ത്‌ തോല്‌പിക്കുന്നതിലും ഇവര്‍ക്ക്‌ അസാമാന്യ കഴിവ്‌ ഉണ്ടാകും.സ്‌ത്രീകള്‍ സൗന്ദര്യവും ഊര്‍ജ്‌ജസ്വലതയും ഉള്ളവരായിരിക്കും. പലപ്പോഴും വിചാരിക്കാത്തവിധമുള്ള വിവാഹബന്ധങ്ങളിലേര്‍പ്പെടുന്നതും വൈവാഹിക ജീവിതത്തില്‍ അലോരസങ്ങളെ നേരിടുന്നതും അപൂര്‍വ്വമല്ല.

ഉത്രാടം:

സ്വപ്രയത്നംകൊണ്ട്‌ ജീവിക്കുന്നവരും നല്ല ബന്ധമുള്ളവരും സഞ്ചാരികളും അന്യദേശത്ത്‌ താമസിക്കുന്നവരും സൗന്ദര്യവും സദാചാരവും ഉള്ളവരുമായി ഭവിക്കും. എപ്പോഴും ഉല്‍ക്കര്‍ഷേച്‌ഛ മുന്‍നിര്‍ത്തിക്കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന വ്യക്‌തികളാണ്‌ ഈ നക്ഷത്രക്കാര്‍. ഒരു കാര്യത്തില്‍ പ്രവേശിച്ച്‌ കഴിഞ്ഞാല്‍ അതിന്റെ പാരമ്യതയില്‍ എത്തിച്ചേരുകയാണ്‌ ഇവരുടെ ലക്ഷ്യം. ധാരാളം സുഹൃത്തുക്കളെ ആകര്‍ഷിക്കുന്ന സ്വഭാവമുള്ള ഇവര്‍ തങ്ങള്‍ക്ക്‌ കിട്ടിയ സന്നാഹങ്ങളെ നന്ദിപൂര്‍വ്വം സ്‌മരിക്കുന്നവരാണ്‌.ഇവര്‍ മിതവ്യയവും ആത്മാര്‍ത്ഥതയും എല്ലാക്കാര്യങ്ങളിലും പ്രദര്‍ശിപ്പിക്കുന്നു. ഒരു കാര്യത്തിലും ഉപേക്ഷ സഹിക്കാത്ത ഇവര്‍ സമയത്തിന്‌ വലിയ വില കല്‌പിക്കുന്നവരാണ്‌. സ്‌ത്രീകള്‍ സൗന്ദര്യവും വിനയവും പ്രശസ്‌തിയുമുള്ളവരായിരിക്കും. ഇവരെപ്പോഴും കുടുംബഭരണത്തില്‍ ശ്രദ്ധിക്കുന്നത്‌ കാണാം. വീടും പരിസരവും മോടിപിടിപ്പിക്കുക ഇവരുടെ ഹോബിയാണ്‌. ഇവര്‍ക്ക്‌ എല്ലാവിധ സൗഭാഗ്യങ്ങളും കൈവരും.

തിരുവോണം:

സ്വപ്രയത്നംകൊണ്ട്‌ ഉപജീവനം തേടുന്നവരും ധനമുള്ളവരും സ്വഗൃഹം വെടിഞ്ഞ്‌ മാറിത്താമസിക്കുന്നവരും സുഖമായ ദാമ്പത്യജീവിതം അനുഭവിക്കുന്നവരും പണച്ചെലവുള്ളവരും സത്യം പറയുന്നവരും ബന്ധുബലം കുറവുള്ളവരും ഈശ്വരഭക്‌തരും ആയി ഭവിക്കും. ഇവര്‍ പൊതുവേ സത്യസന്ധരും ക്ഷമാശീലരും ചിന്തിച്ച്‌ മാത്രം പ്രവര്‍ത്തിക്കുന്നവരുമായിരിക്കും. അക്കാരണത്താല്‍ ഇവര്‍ വേണ്ടത്ര ധൈര്യം കാണിച്ചില്ലെന്നു വരും.മറ്റുള്ളവരുടെ ഉപദേശങ്ങളേക്കാളേറെ സ്വന്തം ലക്ഷ്യബോധമാണ്‌ ഇവരെ നയിക്കുന്നത്‌. മിതവ്യയം ചെയ്യുക ഇവരുടെ മുഖമുദ്രയാണ്‌. യുക്‌തിവിചാരവും യാഥാസ്‌ഥിതികതയും ഇവരില്‍ ഒരേ സമയം കാണാം. ഈ നക്ഷത്രക്കാര്‍ ഉപകാരസ്‌മരണ ഉള്ളവരും സന്തോഷലബ്‌ധികൊണ്ട്‌ അനുഗൃഹീതരുമായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്‌ത്രീകള്‍ വേഗം സുമംഗലികളാവുന്നതാണ്‌. ഇവര്‍ കിടക്കതലയണപട്ടുവസ്‌ത്രം എന്നീ വസ്‌തുക്കളില്‍ താല്‌പര്യം കാണിക്കും. ഇവരില്‍ ഭൂരിപക്ഷവും സത്യസന്ധരും ദാനശീലരുമായിരിക്കും.

അവിട്ടം:

സത്യവാദികളായും ലുബ്‌ധരായും ആരോടും നിര്‍ബന്ധിതരായി പെരുമാറുന്നവരായും സമ്പത്തുള്ളവരായും പുത്രന്മാര്‍ കുറവുള്ളവരായും ഐശ്വര്യത്തിന്‌ കുറവില്ലാത്തവരായും ഭവിക്കും. കലഹങ്ങള്‍ ഒഴിവാക്കി സമാധാനം സ്‌ഥാപിക്കാന്‍ ഇവര്‍ ശ്രമിക്കും. അല്‌പംപോലും അഹംഭാവം കാണിക്കാത്തവരാണിവര്‍. സാമൂഹികജീവിതം ഇഷ്‌ടപ്പെടുന്നതുകൊണ്ട്‌ ഇവര്‍ എളുപ്പം സുഹൃത്തുക്കളെ സമ്പാദിക്കുന്നു.അധികാരത്തിന്‌ കീഴടങ്ങുന്നതിനുപകരം അധികാരം പ്രയോഗിക്കാനാണിവര്‍ക്കിഷ്‌ടം. ശാസ്‌ത്രീയ ചിന്താഗതി പ്രദര്‍ശിപ്പിക്കുമെങ്കിലും ഇവര്‍ മതവിശ്വാസികളായായിരിക്കും. ജോലി ചെയ്യാനിഷ്‌ടപ്പെടുന്ന ഈ നക്ഷത്രക്കാര്‍ പൂന്തോട്ടങ്ങളും മറ്റും വച്ചുപിടിപ്പിക്കുന്നത്‌ സാധാരണമാണ്‌. സ്‌ത്രീകള്‍ പൊതുവെ ഗുരുഭക്‌തിയുള്ളവരും ഗുണവതികളുമാണ്‌. ധാന്യവും സ്‌നിഗ്‌ദ്ധതയുമുള്ള വസ്‌തുക്കളും ശേഖരിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും താല്‌പര്യം കാണിക്കും.

ചതയം:

മുഖം നോക്കാതെ പറയുന്നവരായും തന്റെ നയം കൊണ്ട്‌ ശത്രുക്കളെ ജയിക്കുന്നവരായും അന്ധവിശ്വാസം ഇല്ലാത്തവരായും നിസ്സാരകാര്യങ്ങളില്‍ പിണങ്ങുന്നവരായും മറ്റനവധി ഗുണങ്ങള്‍ ഉളളവരായും പിശുക്കരായും ഭവിക്കും. സ്വതന്ത്രചിന്തയും അദ്ധ്വാനശീലവും ഉള്ളവരും പല കാര്യങ്ങളിലും അലസത ഉള്ളവരുമായിരിക്കും. ആത്യന്തിക ധീരതയുള്ള ഇവര്‍ ശത്രുക്കളെ പരാജയപ്പെടുത്തുന്നതില്‍ സമര്‍ത്ഥരായിരിക്കും. ആര്‍ക്കും സംരക്ഷണം നല്‍കാന്‍ ഇവര്‍ സന്നദ്ധരാവും.
ജീവിതത്തിന്റെ ആദ്യകാലത്ത്‌ പല ക്ലേശങ്ങളും അനുഭവിക്കേണ്ടി വരുന്ന ഇവര്‍ ക്രമേണ അഭിവൃദ്ധി പ്രാപിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി എന്ത്‌ ത്യാഗവും സഹിക്കാന്‍ സന്നദ്ധരാകുകയും ചെയ്യും. ലോകപരിജ്‌ഞാനമുള്ള ഇവര്‍ ആളെ അറിഞ്ഞ്‌ പെരുമാറുന്നതിലും സുഖദുഃഖങ്ങളെ സമചിത്തതയോടെ കാണുന്നതിലും പ്രത്യേക കഴിവ്‌ പ്രദര്‍ശിപ്പിക്കും.സ്‌ത്രീകള്‍ ദേവന്മാരേയും ഗുരുജനങ്ങളേയും ആദരിക്കുന്നതില്‍ താത്‌പര്യം പ്രദര്‍ശിപ്പിക്കും. ഇവര്‍ സ്വജനങ്ങളില്‍ വച്ച്‌ ഏറ്റവും ഉയര്‍ന്ന പദവിയിലെത്തും. ഭര്‍ത്താവ്‌ തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കുചേരണമെന്ന്‌ ഇവര്‍ക്ക്‌ നിര്‍ബന്ധമാണ്‌.

പൂരൂരുട്ടാതി:

ഭാര്യയ്‌ക്കടിപ്പെട്ട്‌ ജീവിക്കുന്നവരായും ധനത്തിന്‌ വേണ്ടി പരവഞ്ചന ചെയ്യുന്നവരായും വ്യസനവും സാഹസികതയുമുള്ളവരായും ഭവിക്കും. സാധാരണഗതിയില്‍ നിയമങ്ങള്‍ പിന്‍തുടരുന്നവരും സുഖകാംക്ഷികളും ആഢംബരപ്രിയരുമായ ഇവര്‍ പണത്തിന്‌ പിശുക്ക്‌ കാണിക്കുകയില്ല. വേഗം ഉദ്യോഗത്തില്‍ പ്രവേശിക്കുന്നവരും സംഭാഷണപ്രിയരും ചഞ്ചലമനസ്‌ക്കരും ആണെങ്കിലും വിദ്യകൊണ്ട്‌ പണം നേടാനുള്ള മിടുക്ക്‌ ഇവരില്‍ കാണപ്പെടും.ഈ നക്ഷത്രത്തില്‍ ജനിച്ച സ്‌ത്രീകള്‍ക്ക്‌ ഉയര്‍ന്ന നിലയിലുള്ള ഭര്‍ത്താക്കന്മാരെ കിട്ടും. ഇവര്‍ക്ക്‌ കുലീനതയും സമ്പന്നതയും ഉണ്ടാകും. വീട്ടില്‍ ഭക്ഷണങ്ങളും വസ്‌ത്രങ്ങളും സമൃദ്ധമായിരിക്കണമെന്ന്‌ ഇവര്‍ക്ക്‌ നിര്‍ബന്ധമാണ്‌.

ഉത്രട്ടാതി:

ഹിതകരമായി സംസാരിക്കുന്നവരും ശാസ്‌ത്രപഠനത്തില്‍ തല്‍പരരും ശത്രുക്കള്‍ ഇല്ലാത്തവരും മാതാപിതാക്കളോട്‌ ഭക്‌തിയുള്ളവരും ധര്‍മ്മനീതി പാലിക്കുന്നവരുമായിരിക്കും. ഇവര്‍ ഏത്‌ സാഹചര്യത്തിലും ഇണങ്ങിച്ചേരും. ഏറ്റെടുത്ത കാര്യങ്ങള്‍ പരമാവധി കഴിവുപയോഗിച്ച്‌ നിര്‍വ്വഹിക്കും. ശരീരശുദ്ധിയിലും വസ്‌ത്രധാരണത്തിലും ശ്രദ്ധാലുക്കളായ ഇവര്‍ വീടും പരിസരവും ഭംഗിയായി സൂക്ഷിക്കുന്നതില്‍ താല്‌പര്യം കാണിക്കും. നല്ല സുഹൃത്തുക്കളുണ്ടാകുന്ന പക്ഷം ഇവര്‍ ഉയര്‍ന്ന പദവിയിലെത്തും.ഇവര്‍ വിജ്‌ഞാനത്തിന്റെ എല്ലാ ശാഖകളിലും താല്‌പര്യം പ്രദര്‍ശിപ്പിക്കും. ജനിച്ച സ്‌ഥലംവിട്ട്‌ താമസിക്കേണ്ടിവരുന്ന ഇവര്‍ വിദേശികളുമായി ബന്ധപ്പെട്ട ഏര്‍പ്പാടുകളില്‍ വിജയിക്കുന്നത്‌ സ്വാഭാവികമാണ്‌. സ്‌നേഹിതന്മാര്‍ക്ക്‌ ഉപകാരം ചെയ്യുന്ന ഇവര്‍ എതിരാളികള്‍ക്ക്‌ പോലും മാപ്പുകൊടുക്കും.സ്‌ത്രീകള്‍ ഗൃഹഭരണത്തില്‍ നിപുണകളും അതിഥി സല്‍ക്കാര തല്‍പരകളും ആയിരിക്കും. ഭര്‍ത്താവിനോടും ഗുരുജനങ്ങളോടും ക്ഷമാപൂര്‍വ്വം സന്തോഷത്തോടെ പെരുമാറുന്നതാണ്‌. ഒരിക്കലും അഹങ്കാരം പ്രദര്‍ശിപ്പിക്കാത്ത ഇവര്‍ എല്ലാക്കാര്യങ്ങളും നിഷ്‌കര്‍ഷയോടെ നിറവേറ്റും. ഈ നക്ഷത്രക്കാരികള്‍ എളുപ്പം സുമംഗലികളാകും.

രേവതി :

ജനങ്ങള്‍ക്കിഷ്‌ടരായും ധനവും ബുദ്ധിയും ഉള്ളവരായും നല്ല ശരീരഘടനയോട്‌ കൂടിയവരായും ഭാര്യയ്‌ക്കധീനരായും സ്‌ത്രീജിതരായും ഭവിക്കും. ഇവര്‍ ഏര്‍പ്പെടുന്ന രംഗങ്ങളില്‍ എളുപ്പം നേതൃസ്‌ഥാനത്തെത്തിച്ചേരും ഏതുകാര്യം എടുത്താലും അത്‌ വൈദഗ്‌ദ്ധ്യത്തോടെ നിര്‍വ്വഹിക്കുകയും ചെയ്യും. പുരുഷന്മാര്‍ക്ക്‌ സാധാരണയായി വിവാഹശേഷമാണ്‌ അഭിവൃദ്ധി ഉണ്ടാകുന്നത്‌.വീടിനോടെന്നപോലെ ഇവര്‍ സ്വന്തം ദേശത്തോടും സ്‌നേഹം കാണിക്കും. ഇവര്‍ ജീവിതത്തില്‍ എല്ലാ സുഖങ്ങളും അനുഭവിക്കുന്നവരും ആയിരിക്കും. സ്‌ത്രീകള്‍ സ്വതേ സല്‍സ്വഭാവികളും നല്ല ബന്ധുക്കളോട്‌ കൂടിയവരുമായിരിക്കും. ഇവര്‍ വീട്‌ ഭരിക്കാന്‍ സമര്‍ത്ഥകളാണെന്ന്‌ മാത്രമല്ല വാക്‌ചാതുര്യവും കലാകുശലതകളും ഉള്ളവരുമായിരിക്കും. വായ്‌പ നല്‍കുന്നതും ദോഷപ്രദമാകുമെന്ന്‌ പറയേണ്ടതില്ലല്ലോ. തീര്‍ച്ചയായും വ്യാഴദോഷപരിഹാരം ചെയ്യേണ്ടതാകുന്നു.നിത്യവും വിഷ്‌ണുവിന്റെ ദ്വാദശനാമാവലിയും തുടര്‍ന്ന്‌ ഒന്‍പത്‌ ഉരു രാജഗോപാലമന്ത്രവും ഭക്‌തിയോടെ ജപിക്കണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം