രാമായണം A
നാം നിത്യേന ഉപയോഗിക്കുന്ന ക്യാപ്‌സൂളുകൾ പോലെയാണ് നമ്മുടെ പുരാണേതിഹാസകഥകൾ. പല വർണങ്ങളിലുള്ള പുറന്തോടുകളാണ് ഇത്തരം ക്യാപ്‌സൂളുകളുടെ ആകർഷണം. എന്നാൽ അവയ്ക്കുള്ളിലാണ് മരുന്നുകളുള്ളത്. പുറന്തോടുകൾ,
സുഗമമായി ഇവ അകത്തെത്തിക്കാനുള്ള ഒരുപാധിമാത്രം. പുരാണ
കഥകൾക്കുള്ളിൽ മനുഷ്യസമൂഹത്തെ ചികിത്സിക്കാനുള്ള മഹത്തായ ഔഷധങ്ങൾ.... നന്മയുടെ സന്ദേശങ്ങൾ നിറച്ചുവെച്ചിരിക്കുന്നു. ലോകത്താകമാനം കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുമ്പോഴും ഭാരതത്തിലിന്നും സ്നേഹസുരഭിലമായ കുടുംബത്തിന്റെ പാരസ്പര്യത്തിൽ നാം അഭിരമിക്കുന്നത് ഇങ്ങനെ നമുക്ക് പകർന്നു കിട്ടിയ സന്ദേശങ്ങളിലൂടെയാണ്. അച്ഛനും മകനും.. ഭർത്താവും ഭാര്യയും.. ജ്യേഷ്‌ഠനും അനുജനും എന്നുവേണ്ട നമ്മുടെ സമസ്തബന്ധങ്ങളും ഇങ്ങനെ തീവ്രവും സ്‌നിഗ്ദ്‌ധവുമായ ഒരു നന്മ
വൃക്ഷത്തിന്റെ അടിവേരുകൾ വലിച്ചെടുത്ത നീരുണ്ടു നില നില്ക്കുന്നതാണ്. കുടുംബം മാത്രമല്ല. സമൂഹത്തിലെ മറ്റു മേഖലകളിലെല്ലാംതന്നെ ഇത് പ്രകടമാണ്. ഗുരു ശിഷ്യബന്ധവും സൗഹൃദങ്ങളും രാഷ്ട്രീയ സാമൂഹ്യ വൈദ്യശാഖകളുമൊക്കെ ഇത്തരത്തിൽ ബന്ധിതമായിരിക്കുന്നു. എല്ലാറ്റിനും ഉദാഹരണങ്ങളാകുന്ന കുറെ കഥകളിലൂടെ, വാല്മീകിയും വ്യാസനും പിന്നെ പേര് പോലുമറിയാത്ത ഒട്ടനവധി പുനരാഖ്യാതാക്കളും നമുക്ക് പകർന്നുതന്ന മഹത്തായ സന്ദേശങ്ങൾ.
ഇവയെല്ലാം ഹൃദയഹാരിയായ കഥകളിലൂടെയാണ് നമ്മിലേയ്ക്കവർ എത്തിച്ചത്. വർണാഭമായ ക്യാപ്‌സൂളുകൾക്കുള്ളിൽ നിറച്ചുവച്ച സിദ്ധൗഷധങ്ങൾപോലെ. വാല്‌മീകി, തിന്മയിൽ നിന്ന് നന്മയിലേക്കു സഞ്ചരിച്ച് ആദ്ധ്യാത്മീകതയുടെ പരമപദംപൂകിയ ഋഷി വര്യനായി മാറുകയായിരുന്നു. അതുകൊണ്ടുതന്നെ ഒരു മനുഷ്യൻ എപ്രകാരം ജീവിക്കണമെന്ന് വ്യക്തമായധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. രാമ കഥയുടെ മായികഭാവങ്ങൾ ക്യാപ്‌സൂളുകളുടെ പുറന്തോടുകൾപോലെ നിറം പിടിപ്പിക്കുമ്പോഴും ദശരഥനും രാമനും തമ്മിലുള്ള സുദൃഢമായ പിതൃപുത്രബന്ധത്തിൻ്റെ സന്ദേശം ഔഷധക്കൂട്ടുകളായി അനന്തരതലമുറയുടെ ചിന്തകൾക്കുവേണ്ടി അതിൽ കവി നിറച്ചുവെച്ചു. ഭരതനും ലക്ഷ്‌മണനും രാമനോടുണ്ടായിരുന്ന അകൈതവമായ സ്നേഹം നാളിതു വരെ ഭാരതീയസമൂഹത്തിൽ നിലനില്ക്കുന്ന സോദരസ്നേഹത്തിന്നാധാരമാകും വിധത്തിൽ അതിൽ പകർന്നുനിറച്ചു. ഓർക്കുക! മറ്റൊരുനാട്ടിലും സഹോദരങ്ങൾ തമ്മിൽ ഇത്ര മാത്രം സ്നേഹാദരങ്ങൾ നമുക്ക് കാണുവാ നാവില്ല.
വിദേശരാജ്യങ്ങളിൽ വിവാഹമോചനങ്ങൾ സർവ്വസാധാരണ മാകുമ്പോഴും നമുക്കിടയിൽ സുദൃഢമായ ഭാര്യാ- ഭർത്ത്യ ബന്ധം ഇന്നും നിലനില്ക്കുന്നുവെങ്കിൽ അതിനുകാരണവും രാമായണാദി കാവ്യങ്ങൾതന്നെ. സീതയുടെ ഭർത്തൃസ്നേഹം ഉദാഹരണമാക്കി ഈ നാട്ടിൽ വളർന്നുമറഞ്ഞ ലക്ഷോപലക്ഷം തലമുറകളിലൂടെ പകർന്നുകിട്ടിയ പാരമ്പര്യമാണ് ആസുരമായ വൈദേശികതയുടെ താണ്ഡവതാളങ്ങൾക്കൊപ്പം ചുവടുവയ്ക്കുന്ന വർത്തമാനകാല വ്യഥകൾക്കിടയിലും നമ്മെ പിടിച്ചുനിർത്തുന്നത്.
ഇങ്ങനെ, ഒരു സമൂഹത്തിന് മാർഗനിർദേശകങ്ങളാകുന്ന ഒട്ടനവധി ഘടകങ്ങൾ നമുക്ക് ചൂണ്ടിക്കാണിക്കുവാനാകും. എന്നാൽ തികച്ചും നിർഭാഗ്യകരമെന്നുപറയട്ടെ ഇന്നത്തെ ജനത ഇത്തരം ക്യാപ്‌സൂളുകളുടെ വർണാഭമായ പുറന്തോടുകൾക്കു പിന്നാലെ പായുന്നു. അവർക്ക് അകത്തു നിറച്ചുവെച്ച നന്മയുടെ സന്ദേശങ്ങൾ വേണ്ട. ഭരതൻ രാമൻ്റെ പാദുകങ്ങൾ സിംഹാസനത്തിൽവച്ച് പതിനാലുവർഷം ഭരണം നടത്തിയതും, അച്ഛൻ്റെ വാക്കുപാലിക്കാൻ രാമൻ കാട്ടിലലഞ്ഞതും മഹത്തായ രണ്ടുതത്ത്വങ്ങളാണ്. അവയൊക്കെവിട്ട്, രാമൻ്റെ പാദുകം തടികൊണ്ടായിരുന്നോ, തുകൽകൊണ്ടായിരുന്നോ എന്നും ദശരഥന് ആ പേരുകിട്ടിയത് പത്തു രഥമുണ്ടായിരുന്ന തുകൊണ്ടാണോ എന്നുമൊക്കെയുള്ള ബാലിശമായ ചോദ്യങ്ങൾക്കുപിന്നാലെ അവർ പായുമ്പോൾ ദുഃഖിക്കാൻ മാത്രമേ സാധിക്കുന്നുള്ളു.
വിഭ്രമാത്മക പശ്ചാത്തലങ്ങളൊരുക്കി, അഭൗമമായ ഒരു ലോകം സൃഷ്ടിച്ച്, സിനിമ, സീരിയലുകളിൽ ദൃശ്യവൽക്കരിക്കുന്ന പുരാണേതിഹാസങ്ങൾ ദൃശ്യസൗന്ദര്യങ്ങൾക്കപ്പുറം അവയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ തീർത്തും പരാജയപ്പെടുന്നു എന്നതിനാലാവണം അത്തരം കാഴ്‌ചകൾ കണ്ട് കഥപഠിക്കുന്ന പുതിയ തലമുറയുടെ ബോധമണ്ഡലം പ്രകാശരഹിതമാകുന്നത്. അവർ പുരാണേതിഹാസങ്ങൾ വായിക്കുന്നില്ല. അഥവാ ചില സംഗ്രഹങ്ങൾ വായിച്ചാൽതന്നെ അവ അപൂർണവുമായിരിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ