സ്വാമി ഗുരു ബാബാനന്ദ സരസ്വതി
സ്വാമി ഗുരുബാബാനന്ദ
സരസ്വതി
ആദിശങ്കര അദ്വൈത ആശ്രമം.. വരന്തരപ്പിള്ളി ....
തൃശ്ശൂർ ജില്ലയിൽ വരന്തരപ്പിള്ളി വേപ്പൂർ ദേശത്ത് പുന്നശ്ശേരിമന ശ്രീമാൻ രാഘവൻകുട്ടിയുടെയും ശ്രീമതി സുലോചനയുടെയും രണ്ടാമത്തെ പുത്രനായി 1964ൽ കന്നിമാസത്തിലെ തിരുവോണ നക്ഷത്രത്തിൽ ജനനം..
പള്ളിക്കുന്ന്, വരന്തരപ്പിള്ളി എന്നിവിടങ്ങളിൽ സ്കൂൾ പഠനം പൂർത്തീകരിച്ചു. സൂര്യവ്രതം അനുഷ്ഠിച്ച പിതാവിന്റെ പുത്രൻ ആയതുകൊണ്ടാകാം ചെറുപ്പം മുതൽ ആത്മീയ കാര്യങ്ങളിലും നാമജപധ്യാനങ്ങളിലും വളരെ താല്പര്യമായിരുന്നു.. കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് വരന്തരപ്പിള്ളി എന്ന മലയോര വനമേഖലയിൽ വന്നെത്തുകയും കൃഷി ഉപജീവനമാക്കുകയും ചെയ്ത കുടുംബം ആയിരുന്നു. ടിപ്പുസുൽത്താന്റെ പടയോട്ട കാലത്ത് നശിപ്പിക്കപ്പെട്ടു പോയതാകാം എന്നു കരുതുന്ന ദുർഗ്ഗാ ക്ഷേത്രവും സർപ്പക്കാവും അവിടെയുണ്ടെന്ന് അറിയാതെ കൃഷിക്കായി ഭൂമി ഒരുക്കുന്നതിനിടയിൽ ദുർഗ്ഗാ വിഗ്രഹം ലഭിക്കുകയും സർപ്പക്കാവ് നശിപ്പിക്കപ്പെടുകയും ചെയ്തു . അതിന്റെ ഫലമായി തന്നെ സഹോദരങ്ങൾക്ക് ചിത്തഭ്രമം പോലെയുള്ള അസുഖങ്ങളും മാറാവ്യാധികളും ആയി. മനസമാധാനം ഇല്ലാത്ത കുടുംബ സാഹചര്യങ്ങൾ അലട്ടുമ്പോഴെല്ലാം കൗമാരപ്രായത്തിൽ തന്നെ പല ക്ഷേത്രങ്ങളിലൂടെയുള്ള തീർത്ഥാടനങ്ങളിൽ നിന്നും അദ്ദേഹം മനസ്സമാധാനം കണ്ടെത്തിയിരുന്നു. അതികഠിനവും ദുഃഖകരവുമായ കഷ്ടപ്പാടുകളിലൂടെയുള്ള ജീവിതയാത്രകളിൽ എപ്പോഴും ഈശ്വരൻ എന്ന മഹാ സത്യത്തെ തേടി അലയുകയും ഒരുപാട് യാത്രകളും ക്ഷേത്ര സന്ദർശനങ്ങളും നടത്തുകയും ചെയ്തു. അങ്ങനെ ഒരു തീർത്ഥാടനത്തിൽ നിന്നും കൂടെ കൂട്ടായി ചേർന്ന ഈശ്വര ചൈതന്യം മുന്നോട്ടുള്ള ജീവിതത്തിന് ലക്ഷ്യബോധം നൽകുകയും തന്റെ യഥാർത്ഥ സഞ്ചാരപഥം കൗമാരത്തിൽ തന്നെ തിരിച്ചറിയുകയും ഉണ്ടായി. വിവിധ പരമ്പരകളിലുള്ള ഗുരുക്കന്മാരിൽ നിന്നും വേദ വൈദിക താന്ത്രിക ക്രിയാദികളും ആയുർവേദ വൈദ്യശാസ്ത്രങ്ങളും വാസ്തു ശാസ്ത്രങ്ങളും സ്വായത്തമാക്കി. അനശ്വര മഹാപ്രപഞ്ച സത്യത്തെ തിരിച്ചറിയുന്നതിനുള്ള യാത്രയിൽ മണ്ണൂർ ശ്രീരാമാനന്ദ ആശ്രമത്തിൽ എത്തിച്ചേരുകയും പൂജനീയ സ്വാമി പരമേശ്വരാനന്ദ ഗുരുവിന്റെ ശിഷ്യത്വം സ്വീകരിച്ച് വളരെക്കാലം അദ്ദേഹത്തിന് ഒപ്പം ജീവിക്കാനും സാധിച്ചു. എന്നാൽ ഗുരുവിന്റെ സ്നേഹോപദേശ പ്രകാരം കുടുംബത്തിലേക്ക് മടങ്ങി വരികയും മാതാപിതാക്കളെയും സഹോദരങ്ങളേയും സംരക്ഷിക്കുന്നതോടൊപ്പം നടിലപറമ്പിൽ വേലപ്പൻകുട്ടിയുടെയും അമ്മിണിയമ്മയുടെയും മകളായ ഗീതാദേവിയെ വിവാഹം ചെയ്യുകയും ഒരു പുത്രനും പുത്രിയ്ക്കും ജന്മം നൽകുകയും ചെയ്തു. ഗൃഹസ്ഥാശ്രമധർമ്മം വളരെ ഭംഗിയായി പൂർത്തീകരിക്കുന്നതോടൊപ്പം പാരമ്പര്യ സിദ്ധിയായി ലഭിച്ച ആയുർവേദ ചികിത്സയും അദ്ദേഹം മാറോട് ചേർത്തിരുന്നു. നശിച്ചുപോയ ദുർഗാക്ഷേത്രവും സർപ്പക്കാവും പുനപ്രതിഷ്ഠിച്ച് സംരക്ഷിച്ചുകൊണ്ട് കുടുംബത്തിന്റെ മനസ്സമാധാനം വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പുന്നശ്ശേരിമന ആശ്രമം എന്ന പേരിൽ സ്ഥാപിച്ച ആശ്രമത്തിൽ ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരികയും ധാരാളം ശിഷ്യർക്കും ഭക്തർക്കും നിറവെളിച്ചമായും വഴികാട്ടിയായും ആത്മപ്രബോധനം നൽകിക്കൊണ്ട് മുന്നോട്ടുപോവുകയും വിവിധ ക്ഷേത്രങ്ങളുടെ തന്ത്രിയായും ജോതിഷ ആചാര്യൻ ആയും ജ്യോതിഷ പ്രശ്നപരിഹാരകനായും പ്രവർത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പാരമ്പര്യ വൈദ്യശാസ്ത്രത്തെ കൂടുതൽ പഠിക്കുകയും ഈ ഭൂമിയിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള സകലവിധരോഗങ്ങൾക്കും മാറാവ്യാധികൾക്കും പാമ്പ് കടിയേറ്റതും മറ്റ് വിഷബാധകൾക്കും ഈ പ്രകൃതിയിൽ തന്നെ ചികിത്സയുണ്ടെന്ന് തിരിച്ചറിയുകയും, എല്ലാവിധ ചികിത്സകളും ആശ്രമത്തിൽ ചെയ്തു പോരുകയും ചെയ്തിരുന്നു. എന്നാൽ ചില രാഷ്ട്രീയ - സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങളിൽ പാരമ്പര്യ വൈദ്യ ചികിത്സ ഇടയ്ക്ക് നിർത്തിവയ്ക്കേണ്ടി വരികയും അദ്ദേഹം പൂർണമായും ആശ്രമ ആത്മീയ കാര്യങ്ങളിലേക്ക് തിരിയുകയും ചെയ്തു. മകനും മകളും വിവാഹിതരാവുകയും മകനും മരുമകനും അദ്ദേഹത്തിന്റെ ശിഷ്യത്വത്തിൽ ക്ഷേത്ര പൂജാരിമാരായി പ്രവർത്തിച്ചു വരികയും ചെയ്യുന്നു. ഗുരുവിനെ ഈശ്വരനു തുല്യം സ്നേഹിക്കുന്ന നിരവധി ഭക്ത ശിഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ട്.
അവിചാരിതമായി ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതിയെ പരിചയപ്പെടാൻ ഇടയാകുകയും ഏതോ പൂർവ്വജന്മ ആത്മബന്ധം എന്നപോലെ സാധു സ്വാമിയോടുള്ള സ്നേഹവും ബന്ധവും വളരുകയും അദ്ദേഹവുമായി കൂടുതൽ അടുത്തതിന്റെ ഫലമായി അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം 2022ൽ മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ 111)-മത് ശിഷ്യനായി സന്യാസദീക്ഷ സ്വീകരിക്കുകയും അതോടൊപ്പം പൂർവാശ്രമ പത്നിയായ ഗീതാദേവിയും "ഗീത ഗുരുപ്രിയാനന്ദ സരസ്വതി" എന്ന നാമത്തിൽ സന്യാസദീക്ഷ സ്വീകരിക്കുകയും ഉണ്ടായി.. പുന്നശ്ശേരിമന ആശ്രമം എന്ന നാമം ആദിശങ്കര അദ്വൈത ആശ്രമം എന്ന് നാമകരണം ചെയ്യപ്പെട്ടു. എല്ലാ മതങ്ങളെയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതിന്റെ ഫലമായി ഈ മഹാപ്രപഞ്ചത്തിൽ ഒരു സൂര്യനും അതിന് കീഴിൽ ആണും പെണ്ണും എന്നീ രണ്ടു ജാതിയും മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവും എല്ലാ മനുഷ്യരെയും ജാതിമതഭേദമന്യേ സ്നേഹിക്കാനും ചേർത്തുനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. കുടുംബ കാര്യങ്ങളെല്ലാം മക്കളെ ഏൽപ്പിച്ച് പൂർണ്ണമായും ആശ്രമ ആത്മീയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സ്വാമിജിയും മാതാജിയും മുന്നോട്ടു പോകുന്നു.
നമശിവായ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ