രാമായണത്തിലൂടെ 2

ചക്രവാള സീമകൾ കടന്ന് ശാസ്ത്രം സൗരയുഥത്തിൽ വിയർപ്പിന്റെ മുത്തുമണികൾ വീഴ്ത്തുമ്പോൾ കമ്പ്യൂട്ടറുകൾ കൊണ്ട് കവിതകൾ രചിക്കുകയും കാൽക്കുലേറ്ററുകൾ കൊണ്ട് കണക്ക് കൂട്ടുകയും ചെയ്യുന്ന ഈ ആധുനിക തലമുറയിൽ ചൊവ്വയിലേക്ക് ചന്ദ്രനിലേക്കും ഏറ്റവും ഒടുവിൽ സൂര്യനിലേക്ക് യാത്ര ചെയ്യാൻ ഒരുങ്ങുന്ന ഈ കാലഘട്ടത്തിൽ ഇപ്പോഴും മാറ്റങ്ങൾ ഇല്ലാതെ നിലനിൽക്കുന്ന അഭൂതപൂർവ്വമായ ഒരു മഹാകാവ്യമാണ് രാമായണം. ഓരോ വരികളിലൂടെയും വ്യക്തിയുടെ കുടുംബത്തിന്റെ സമൂഹത്തിന്റെ രാഷ്ട്രത്തിന്റെ ഭരണാധികാരിയുടെ ദൈനംദിന ചര്യകളെക്കുറിച്ച് വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഗ്രന്ഥം ഇതല്ലാതെ മറ്റെന്തുണ്ട് ചൂണ്ടിക്കാണിക്കാൻ?  വൈദേശിക മതങ്ങളുടെ കടന്നുകയറ്റം മൂലം ആചാര അനുഷ്ഠാനങ്ങളിൽ മാറ്റം വന്നിരിക്കുന്ന നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന അനുഷ്ഠാനം. അത് ഒന്നു മാത്രമാണ് കുടുംബ വ്യവസ്ഥ. ഭാരതത്തിന് മാത്രമേ അങ്ങനെയൊരു വ്യവസ്ഥയെ കുറിച്ച് പരസ്യമായി പറയുവാൻ കഴിയുന്ന ഒരു ഭരണഘടന കാണുകയുള്ളൂ. അച്ഛൻ അമ്മ ഗുരു ദൈവം സഹോദരൻ സഹോദരി തുടങ്ങി ഓരോ വ്യക്തിക്കും നൽകപ്പെട്ടിരിക്കുന്ന സ്ഥാനം ഇത് ഒരിക്കലും മാറ്റുവാൻ കഴിയുന്നതല്ല. നിരീശ്വരവാദ കമ്മ്യൂണിസ രാഷ്ട്രീയത്തിൽ പോലും ഈ വ്യവസ്ഥ അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പരസ്യവും രഹസ്യവുമായ സത്യം. കേരളത്തിൽ അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത കഞ്ചാവിൻ്റേയും കാമത്തിൻ്റെയും ഗുണ്ടായിസത്തിൻ്റേയും മറവിൽ ജീവിക്കുന്ന കുറച്ചു പേരെ കണ്ടേക്കാം. ആ കമ്മ്യൂണിസ്റ്റുകാർ പോലും ഭയപ്പെടുന്ന ഒരേ ഒരു ഭാരതീയ സംസ്കാരം സനാതന ധർമ്മമാണ്. ആ സനാതന ധർമ്മത്തെ തകർക്കുവാൻ ശ്രമിക്കുന്നവർക്ക് ഒരു മുന്നറിയിപ്പാണ് രാമായണം. രാമായണം രാമന്റെ കഥ മാത്രമല്ല, സീതയുടെ കൂടിയാണ് ഭൂമിദേവിയുടെ കഥയാണ് പകലിനെ പ്രണയിച്ച സൂര്യനെ സ്നേഹിച്ച ഒരു പെൺകുട്ടിയുടെ കഥ. സ്വന്തം ജീവിതം ഭർത്താവ് എന്ന സംഹിതയ്ക്ക് മുന്നിൽ വ്യക്തമായ മാതൃകയോടെ അനുഷ്ഠാനങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് ജീവിക്കാൻ ശ്രമിച്ച ഒരു പതിവ്രതയുടെ കഥ. ഇത് വായിക്കുക അറിയുക അനുഭവിക്കുക. ആ സീതയിൽ നിന്നും ആദ്യകാവ്യമായ രാമായണത്തിലേക്കുള്ള യാത്ര നാം ആരംഭിക്കുകയാണ്.

കുടമണി കിലുക്കി കുതിച്ചുപായുന്ന കുതിരകളുടെ കുളമ്പടി നാദം തമസാ നദീതീരത്തെ ഇരുൾക്കാടുകൾക്കുമപ്പുറത്തെവിടെയോ ലയിച്ചുചേരുമ്പോൾ, പ്രതീക്ഷകളുടെ അവസാനത്തെ നക്ഷത്രവും നിരാശയുടെ കറുത്ത ആകാശത്ത് കത്തിയൊടുങ്ങുമ്പോൾ, കവിളിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർത്തുള്ളികളാൽ വരണ്ട ചുണ്ടുകളെ നനച്ച് അവൾ ഇരിക്കാനൊരിടം തേടി. തളരുന്ന കാലു കൾക്ക് ഒരാലംബം വേണം.

അവൾ ഒരു മരച്ചുവട്ടിലിരുന്നു. എന്താണു സംഭവിച്ചത്? അല്പനേരം മുമ്പുവരെ കാനനഭംഗികളാസ്വദിച്ച് സ്വർണരഥത്തിലിരുന്നവൾ. അയോദ്ധ്യാധിപനായ ശ്രീരാമചന്ദ്രൻ്റെ പട്ടമഹിഷിയായ സീത, ഇതാ ഒരനാഥയായി നദീതീരത്തെ ഈ വിജനമേഖലയിൽ. ഏതാണ് സത്യം? ഏതാണ് മിഥ്യ? ഒന്നും തിരിച്ചറിയാനാവാതെ അവൾ മരത്തിൽ ചാരിയിരുന്നു. കരിമ്പടം വിരിച്ച് ഉറങ്ങാനൊരുങ്ങുന്ന കാട് അവളെ പേടിപ്പെടുത്തി. നിറവയറിനുള്ളിലെ ജീവന്റെ തുടിപ്പുകൾ അവൾ കേട്ടു. തളർന്ന വിരലുകളാൽ വയറ്റിൽ തലോടി സ്വയം ആശ്വസിപ്പിക്കാനെന്നപോലെ അവൾ പിറുപിറുത്തു.

“കുഞ്ഞേ, ഇനി നീ മാത്രം... പരിത്യക്തയായ മൈഥിലിക്ക് ഇനി... ഇനി നീ മാത്രം.”

ചുറ്റിലും മൃഗങ്ങളുടെ മുരൾച്ച കേൾക്കുന്നു. അവൾക്കപ്പോൾ ഭയം തോന്നിയില്ല. എന്തിനുഭയക്കണം?. ഘോരരാക്ഷസന്മാരുടെ  ഇടയിൽക്കഴിഞ്ഞ സീത, കാട്ടുമൃഗങ്ങളെ ഭയക്കുന്നതെന്തിന്?. മനസ്സു പെട്ടെന്ന് തിരുത്തി. പക്ഷെ അന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. ശ്രീരാമചന്ദ്രൻ തന്നെ രക്ഷിക്കാനെത്തുമെന്ന്. എന്നാലിപ്പോൾ? നിരാലംബയും നിസ്സഹായയുമായ ഒരു പെണ്ണ്. ദുരന്തങ്ങളുടെ മഹാഗ്നിനാളങ്ങളിലൂടെ കടന്നുപോന്നവൾ. എന്നും ദുരിതങ്ങൾ ഭുജിച്ചും കദനം കുടിച്ചും കഴിയാൻ വിധിക്കപ്പെട്ടവൾ.

ലക്ഷ്മണന്റെ രഥം ഇപ്പോൾ കാടിൻ്റെ അതിർത്തി കടന്ന് കുശവത്തെരുവുകൾക്കപ്പുറമെത്തിയിട്ടുണ്ടാവും. അവനും കരയുകയാ യിരുന്നുവെന്ന് സീതയോർത്തു. എന്നും ജ്യേഷ്‌ഠനെ അനുസരിക്കാൻ മാത്രം ശീലിച്ചവൻ. പതിനാലുവർഷം കാട്ടിൽ തനിക്ക് കാവലായി നിന്നവൻ. അനുജനല്ല. അവൻ തനിക്ക് പിറക്കാത്ത മകൻ തന്നെ.

“ഞാൻ മടങ്ങുകയാണ്. ജ്യേഷ്ഠത്തിയെ ഇവിടെ ഉപേക്ഷക്കാനാണ് ശ്രീരാമചന്ദ്രപ്രഭുവിൻ്റെ കല്‌പന. അനുസരിക്കാനേ എനിക്കാവൂ. അങ്ങനെയേ ശീലിച്ചിട്ടുള്ളു." അവൻ തൻ്റെ കണ്ണുകളിലേക്ക് നോക്കാതെയാണതു പറഞ്ഞത്.

ഭൂമി പിളരുന്നതുപോലെ തോന്നി, അതുകേട്ടപ്പോൾ എന്തിനണദ്ദേഹം എന്നെ ഉപേക്ഷിച്ചത്? ഇന്നോളം ആ മനസ്സിൽ മുറിവുണ്ടാക്കുന്ന ഒന്നും ചെയ്‌തിട്ടില്ല. അഹിതമായി ഒരു വാക്കുപോലുമുച്ചരിച്ചിട്ടില്ല. സ്വന്തം നിഴൽപോലും കൂടെ വരാത്ത വനാന്തതമസ്സിൽ അദ്ദേഹത്തോടൊപ്പം നടന്നലഞ്ഞപ്പോഴും തെല്ലും ദുഃഖം തോന്നിയിട്ടില്ല. എന്നിട്ടും എന്തിനായിരുന്നു! എന്തിനായിരുന്നു?" അവൾ ആ ചോദ്യം സ്വയം ചോദിച്ചുകൊണ്ടേയിരുന്നു.

ചുറ്റിലും രാത്രി കനക്കുന്നു. ഈ നിബിഡകാനനത്തിൽ ഏകാകിനിയായ താൻ ഇനി എന്തുചെയ്യും? നിറവയറിനുള്ളിൽ തുടിക്കുന്ന ജീവൻ ഈ പ്രപഞ്ചത്തിൻ്റെ വർണവിസ്‌മയങ്ങൾ കാണാൻ ധൃതിപൂണ്ട് കൈകാലിട്ടടിക്കുന്നു.

“കുഞ്ഞേ... നീ കരുതുന്നതുപോലെയാവില്ല ഈ പ്രപഞ്ചജീവിതം. ദുരിതകാന്താരയാത്രയാണത്. അനുദിനം അഗ്നികുണ്ഠങ്ങളിലൂടെയുള്ള കഠിന സഞ്ചാരമാണത്. എങ്കിലും നിന്നെ ഞാൻ വളർത്തും. എല്ലാദുഃഖങ്ങളും കടിച്ചമർത്തി ഞാൻ നിന്നെ വളർത്തും. ചെയ്യാത്ത കുറ്റങ്ങളുടെ ശിക്ഷകളേറ്റുവാങ്ങി തഴമ്പിച്ച മനസ്സിൽ തീരുമാനങ്ങളുടെ വിളക്കുകൊളുത്തി പ്രതീക്ഷയുടെ പ്രഭാതം കാത്ത് വിജനമായ നദീതീരത്ത് അവളിരുന്നു. പിന്നെയെപ്പോഴോ ബോധരഹിതയായി തളർന്നുവീണു. ചുറ്റും വിങ്ങിക്കറുത്ത ആ രാത്രിയിൽ അവൾക്ക് തുണയായി വഴിതെറ്റിയലയുന്ന മിന്നാമിനുങ്ങുകൾ വട്ടമിട്ട് വെളിച്ചം വിതറിപ്പറക്കുന്നുണ്ടായിരുന്നു.

നദിയിൽ ജലമെടുക്കാൻ പോയ മുനികുമാരന്മാരാണ് അവളെ ആദ്യം കണ്ടത്. മരച്ചുവട്ടിൽ തളർന്നുകിടക്കുന്ന ഗർഭിണിയായൊരു സ്ത്രീ. കുട്ടികൾ ഓടിയെത്തി. വാല്‌മീകി മഹർഷിയെ വിവരമറിയിച്ചു.

ബോധരഹിതയായിക്കിടക്കുകയായിരുന്നു സീത കുമാരന്മാർ അവളെ ആശ്രമത്തിലേയ്ക്ക് കൊണ്ടുപോയി. വാടിയ താമരപ്പൂപോലെയുള്ള ആ മുഖത്തേയ്ക്ക് മഹർഷി സൂക്ഷിച്ചുനോക്കി.

“അയോദ്ധ്യാധിപനായ ശ്രീരാമചന്ദ്രപ്രഭുവിൻ്റെ... പത്നി? മഹർഷി സംശയത്തോടെ ചോദിച്ചു. പ്രഥമശുശ്രൂഷകൾക്കുശേഷം ഉണർന്ന സീത പർണ്ണശാലയുടെ തൂണിൽ ചാരി തളർന്നിരിക്കുകയായിരുന്നു.

“അതെ, ഞാൻ സീത..." അവൾ മറുപടി നല്കി.

“മകളേ...ഇതെന്തൊരു ദുർവിധിയാണ്. സപ്രമഞ്ചത്തിൽ കിടക്കേണ്ട നീ എങ്ങനെയീ കൊടുങ്കാട്ടിലെത്തി...? മുനി ചോദിച്ചു. അവൾ, ദൂരെ നദിയ്ക്കുമപ്പുറത്തെ ഇടതൂർന്ന കാടുകൾക്കു മുകളിൽ ഒറ്റതിരിഞ്ഞുനില്ക്കുന്ന നക്ഷത്രത്തെ നോക്കിയിരുന്നു. പിന്നെ എന്തോ പറയാനെന്നപോലെ അവളുടെ ചുണ്ടുകൾ വിറപൂണ്ടു. ആ ഹൃദയത്തിൽ ഭൂതകാലം ഹിമാദ്രിയിൽ നിന്ന് ഗംഗയെന്നതുപോലെ ഉറന്നൊഴുകിത്തുടങ്ങി.

 കരുനാഗപ്പള്ളിയിലെ പതാരം വൈഷ്ണോവി ശനീശ്വര ദേവസ്ഥാനത്ത് നടന്ന ശശമംഗള ശ്രീരുദ്ര മഹായാഗശാലയിൽ ഇരിക്കുമ്പോഴാണ് രാമായണത്തെയും സീതയേയും അക്ഷരങ്ങളുടെ വരികളിലൂടെ പകരണം എന്ന് തോന്നിയത്. 
ഒരു പെണ്ണിന്റെ കഥ.
ഒരു രാജാവിന്റെയും അവൻ്റെ കുടുംബത്തിന്റെയും കഥ. ഭാരതമെന്ന മഹാരാജ്യത്തിൻ്റെ കഥ. സ്നേഹസൗഹൃദങ്ങളുടെയും ത്യാഗങ്ങളുടെയും കഥ. ഭീതിദമായ മഹായുദ്ധത്തിന്റെ രക്തപങ്കിലമായ കഥ.
സൂര്യവംശാരംഭം മുതൽ ത്രേതായുഗാന്ത്യം വരെ നീളുന്ന നന്മതിന്മകളുടെ രണഭേരിനാദങ്ങളുയരുന്ന കഥ. കാലാതിവർത്തിയായി മാറിയ കവിയുടെ പിറവിക്കും മഹ ത്തായൊരിതിഹാസ രചനക്കും കാരണമായ സംഭവകഥ അവൾ മഹർഷിയോട് പറഞ്ഞുതുടങ്ങി.

സീതാദുഃഖവും രാമകഥയും കനലുകളായി മനസ്സിൽ നീറിപ്പടരുന്ന കാലം. ഒരിക്കൽ നദീതീരത്തുകൂടി ചിന്താമഗ്നനായി നടക്കു കയായിരുന്നു വാല്മീകി. പെട്ടെന്നാണദ്ദേഹം ആ കാഴ്‌ച കണ്ടത്. നദീതീരത്തെ ഒരു മരക്കൊമ്പിൽ കൊക്കുകളുരുമ്മി പ്രണയം പങ്കിടുന്ന രണ്ടു ക്രൗഞ്ചപ്പക്ഷികൾ. വസന്തത്തിലെ ആ മനോഹരസന്ധ്യയിൽ എല്ലാം മറന്ന് സല്ലപിക്കുന്ന ഇണക്കിളികളെ എയ്‌തുവീഴ്ത്താൻ അമ്പുതൊടുത്തു നില്ക്കുന്ന ഒരു കാട്ടാളൻ.

“അരുത്! അരുത് കാട്ടാളാ... അതിനെ കൊല്ലരുത്.." മഹാമുനിയുടെ മനസ്സിൽനിന്ന് ഒരലർച്ചയായി വാക്കുകൾ ഉയർന്നു. പക്ഷെ. അപ്പോഴേയ്ക്കും ആ വാക്കുകളേക്കാൾ വേഗത്തിൽ അവന്റെ ശരം പാഞ്ഞെത്തിക്കഴിഞ്ഞിരുന്നു. ക്രൗഞ്ചപ്പക്ഷികളിലൊന്ന് താഴെവീണ് പിടയുന്നതും ഇണപ്പക്ഷി ചിറകടിച്ച് അതിനുചുറ്റും പറക്കുന്നതും അദ്ദേഹം കണ്ടു.

പിന്നെ, ആ ഹൃദയത്തിൽ നിറഞ്ഞ മറ്റൊരു വിരഹകഥയിലേക്ക് ഈ ക്രൗഞ്ചപ്പക്ഷികൾ കൂടുമാറി. കാലം എയ്‌തു വീഴ്ത്തിയ രണ്ടിണക്കിളികൾ. ഒന്ന് ചിറകുതളർന്ന് തൻ്റെ ആശ്രമത്തിൽ. മറ്റൊന്ന് യാന്ത്രികമായി ചിറകടിച്ചാർത്തു കൊണ്ട് അയോദ്ധ്യയിൽ.

കവിഹൃദയത്തിൽ അക്ഷരം വിത്തുകളെറിഞ്ഞു. ഭാവനയുടെ പുതുമണ്ണിൽ അവ മുളച്ചുപൊന്തി. ചിന്തകൾ വെള്ളവും വളവും നല്കി. രാമകാവ്യം മെല്ലെ രൂപപ്പെട്ടുതുടങ്ങി.

ലോകസാഹിത്യത്തിലെ ആദ്യകൃതി. ലോകത്തിന്നോളമുണ്ടാ യിട്ടുള്ളതിൽ ഏറ്റവും ശക്തവും ഭദ്രവുമായ കൃതി. രാമായണമെന്ന ആദികാവ്യം രചിക്കപ്പെടുകയായിരുന്നു.

ഇനി, ആ മനോഹരകാവ്യത്തിലെ അക്ഷരവീഥികളിലൂടെ നമുക്കും സഞ്ചരിക്കാം. അതിനായി വഴിയൊരുക്കി നൽകിയ ബാബുരാജ് കളമ്പൂര് എന്ന മഹാകവിയുടെ പാദങ്ങളിൽ പ്രണമിക്കുന്നു.

ദണ്ഡിസ്വാമി
 സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
അണ്ടത്തോട്
ഗുരുവായൂർ
തൃശ്ശൂർ ജില്ല
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗർഭോപനിഷത്ത്

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

പ്രഭാകരം പ്രകാശമയം വന്ദേ ഗുരു പരമ്പരാം.