രാമായണ കഥ - 1


തമസോ മാ ജ്യോതിർഗമയഃ

കർക്കിടക മാസത്തിന് ഇനി അധികമില്ല. കർക്കിടക മാസത്തിൽ മാത്രം വായിക്കാനുള്ള ഗ്രന്ഥമാണ് രാമായണമെന്ന് വിശ്വസിക്കുന്ന ഹൈന്ദവരുടെ നാട്ടിലാണ് നാം. സനാതന ധർമ്മ സംസ്കാരത്തിൻ്റെ  ഭരണഘടനയാണ് രാമായണമെന്ന് സാധു വിശ്വസിക്കുന്നു. ഒരു കുടുംബം, അച്ഛൻ അമ്മ, മക്കൾ, ഭാര്യ സഹോദരങ്ങൾ, സുഹൃത്തുക്കൾ, രാജ്യം രാജാവ്, പ്രജകൾ തുടങ്ങി യഥാർത്ഥ ജനാധിപത്യമെന്താണെന്ന് വരെ വ്യക്തമാക്കുന്ന ഗ്രന്ഥം. രാമായണം. ആ രാമായണത്തിൻ്റെ 24000 ശ്ലോകങ്ങൾ കഥകളായി നിങ്ങൾക്കായി സമർപ്പിക്കുന്നു.

വന്ദേ ഗുരുപരമ്പരാം

ഗുരുനാഥന്റെ പാദങ്ങളിൽ നമസ്കരിച്ചു കൊണ്ട് നമുക്ക് കഥായാത്ര ആരംഭിക്കാം. ചിത്രകൂടപർവതത്തിൻ്റെ അടിവാരക്കാടുകൾ പൂത്തുലഞ്ഞു നിൽക്കുന്നു. ശിരസ്സിൽ പൂക്കാലമേന്തിയ നാഗകേസര വൃക്ഷങ്ങൾ മദ്ധ്യാഹ്നവെയിലിൽ സ്വർണ്ണകിരീടമണിഞ്ഞ രാജകുമാരന്മാരെ പ്പോലെ തോന്നി. ഉച്ചവെയിലിൽ തളർന്നുറങ്ങുന്ന മന്ദാകിനീ നദിയിലെ നിർമ്മലനീലജലത്തിൽ ചിത്രകൂടത്തിൻ്റെ കൊടുമുടികൾ ഒരു നിശ്ചലചിത്രംപോലെ പ്രതിഫലിച്ചു.

സാന്ദ്രഹരിതമായ കാനനത്തിൻ്റെ ഭീതിദമായ നിശ്ശബ്ദതയിലൂടെ അവൻ ഓടുകയായിരുന്നു. ഇടംകൈയിലെ മുളവില്ല വലം കൈയിലേക്കു മാറ്റി, വരണ്ട തൊണ്ടയിലേക്ക് രണ്ടുതുള്ളി ഉമിനീരിറക്കി അവൻ കാലുകൾക്ക് വേഗതകൂട്ടി അല്പം മുമ്പുവരെ താൻ തേടിനടന്ന മൃഗങ്ങൾ - തൻ്റെ ഇരകൾ - അവ, ഭയന്ന കണ്ണുകളുമായി മുന്നിൽ വന്നുപെടുന്നതും ചാടിയൊഴിഞ്ഞ് പൊന്തക്കാട്ടിൽ മറയുന്നതും അവൻ ശ്രദ്ധിച്ചില്ല. നാഴികകൾക്കു മുമ്പായിരുന്നെങ്കിൽ ആ മുളവില്ലിൽ നിന്നു ചീറിപ്പായുന്ന ഒരമ്പിൽ കോർത്ത്, ചോരവാർന്ന് അവ പിടഞ്ഞു വീഴുമായിരുന്നു. എന്നാലിപ്പോൾ, അമ്പുകളെക്കാൾ മൂർച്ചയുള്ളൊരു ചോദ്യം മനസ്സിൽ തറച്ചു കയറിയിരിക്കുന്നു. അതുമായി അവനോടുകയാണ്. ആ ശരം വലിച്ചൂരാനും ആശ്വാസമേകുന്ന ഒരു മറുപടിയാൽ മനസ്സിൻ്റെ മുറിവുണക്കാനും കഴിയുന്ന ഒരുത്തിയുടെ മുന്നിലേക്ക്. അവൻ, രത്നാകരൻ! കാടിൻ്റെ ഇരുളാകെ കരളിൽ നിറച്ചവൻ.

നന്മയുടെ വെളിച്ചം കാണാൻ നിയോഗമുണ്ടായിട്ടില്ലാത്ത വെറുമൊരു നിഷാദൻ. കൊന്നും തിന്നും കൊള്ളയടിച്ചും മൃഗങ്ങളെപ്പോലും ഭോഗിച്ചും കാലം കഴിക്കുന്നവൻ. ഇന്നലെയും നാളെയുമില്ലാതെ ഇന്നിൻ്റെ വഴിയിൽ മാത്രം സഞ്ചരിക്കുന്നവൻ. ഒരർത്ഥത്തിൽ അവനും ഒരു കാട്ടുമൃഗമാണ്.

ഘോരവനത്തിൻ്റെ മലഞ്ചെരുവിലെ മുളങ്കുടിലുകളിലൊന്നിൽ അവനൊരു കുടുംബമുണ്ട്. ഭാര്യയും മക്കളുമടങ്ങുന്ന വലിയൊരു കുടുംബം. അവരെ പോറ്റുവാനാണ് അവൻ ജീവിക്കുന്നതു തന്നെ. വല്ലപ്പോഴും വേട്ടയാടിക്കിട്ടുന്ന മാംസം മാത്രം ഭക്ഷിച്ചു കഴിയുന്ന അവർക്ക് ഇടയ്ക്കിടെ വനത്തിലൂടെ കടന്നുപോകുന്ന വർത്തക സംഘങ്ങളുടെ വരവ് ആഹ്ലാദകാലമാണ്. കൂട്ടം വിട്ടുസഞ്ചരിക്കുന്ന കച്ചവടക്കാരെ ആക്രമിച്ച് ധാന്യങ്ങളും വസ്ത്രങ്ങളും അവൻ കൊള്ളയടിയ്ക്കും. പിന്നെ കുറെക്കാലത്തേയ്ക്ക് ജീവിതം സുഖമാണ്. ധാന്യങ്ങൾ തീർന്നാൽ അടുത്ത സംഘത്തിൻ്റെ വരവിനുവേണ്ടി കാത്തിരിക്കും. താൻ ചെയ്യുന്നത് തെറ്റാണെന്ന ബോധം അവനൊരിക്കലും തോന്നിയിട്ടില്ല. ഗോത്രാചാരപ്രകാരം വിവാഹം കഴിക്കുമ്പോൾ മൂപ്പൻ പറഞ്ഞ വാക്കുകൾ അവൻ്റെ ഓർമ്മയിലുണ്ട്. “നീയാണിനി ഇവളെ പോറ്റേണ്ടത്. സുഖദുഃഖങ്ങളും പാപപുണ്യങ്ങളും നിങ്ങൾ പങ്കിട്ടനുഭവിക്കണം." അതു വിശ്വസിച്ച് ഇന്നോളം ജീവിച്ചു. എന്നാലിന്ന്. അവരേഴുപേരും ചേർന്ന് ആ വിശ്വാസത്തിൻ്റെ മൺപാത്രത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നു.

രാവിലെ മുതൽ ഒരു കാട്ടുപോത്തിനു പിന്നാലെ പായുകയായിരുന്നു. അവനെയും കൂട്ടുകാരെയും കബളിപ്പിച്ച് പോത്തു കടന്നുകളഞ്ഞു. നിരാശയോടെ നദീതീരത്തെ പാറക്കെട്ടിൽ തളർന്നിരിക്കുമ്പോഴാണ് അവരുടെ ശബ്ദം കേട്ടത്. കച്ചവടസംഘമാണെന്ന പ്രതീക്ഷയിൽ ചാടിയെഴുന്നേറ്റു.

അവർ ഏഴുപേരുണ്ടായിരുന്നു. നരച്ച താടിയും മുടിയും നീട്ടി വളർത്തിയവർ. മരവുരിയും കമണ്ഡലുവുമൊക്കെയായി തമ്മിൽ തമ്മിൽ എന്തൊക്കെയോ സംസാരിച്ച് അവർ കാട്ടിലൂടെ നടന്നടുത്തു.

"നിൽക്കവിടെ" ഒരു മരത്തിനുപിന്നിൽനിന്ന് അവൻ ചാടി വീണു. നീട്ടിപ്പിടിച്ച അമ്പും വില്ലുമായി മുന്നിൽ നില്ക്കുന്ന കാട്ടാളനെ കണ്ടിട്ടും അവർ ഞെട്ടിയില്ല.

“കയ്യിലുള്ളതെല്ലാം എടുത്തുവയ്ക്ക്...” അവൻ മുരണ്ടു. "മകനേ ഞങ്ങൾ സന്ന്യാസിമാരാണ്. സപ്‌തർഷികൾ എന്ന പേരിലറിയപ്പെടുന്ന ഒരു ഋഷിസംഘം." അവരിലൊരാൾ പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു.

“ആരായാലും കയ്യിലുള്ളതെല്ലാം തന്നിട്ടുപോയാൽ മതി. ഇല്ലെങ്കിൽ കൊന്നുകളയും ഞാൻ." അവൻ്റെ ശബ്ദമുയർന്നു. “ശരി, ഞങ്ങളുടെ സമ്പത്തുമുഴുവൻ നിനക്കുതരാം. പക്ഷെ എന്റെ ചില ചോദ്യങ്ങൾക്കുത്തരം നീ നല്കണം." അവരിലൊരാൾ, ശാന്തമായൊഴുകുന്ന മന്ദാകിനിപോലെ പറഞ്ഞു.

“എന്തുചോദ്യം?” അവൻ തീരെ താല്‌പര്യമില്ലാത്തമട്ടിൽ 
പിറുപിറത്തു.

"നീ എന്തിനാണിങ്ങനെ കൊള്ളയടിക്കുന്നത്?" അദ്ദേഹം

"എൻ്റെ കുടുംബം പോറ്റാൻ". അവന് തെല്ലും ആലോചിക്കേണ്ടിവന്നില്ല.

"ഇത് പാപമാണെന്നറിയില്ലേ?  മറ്റൊരാൾ ചോദിച്ചു. "പാപവും പുണ്യവുമൊന്നും ഞാൻ നോക്കാറില്ല”. അവൻ വന്യമായി മുരണ്ടു.

“നോക്കണം. പാപവും പുണ്യവും നോക്കിവേണം ഓരോ മനുഷ്യനും സ്വന്തം കർമ്മങ്ങൾ ചെയ്യാൻ. നമ്മുടെ വിധി ഇഹത്തിലും പരത്തിലും നിർണയിക്കുന്നത് സ്വന്തം പ്രവൃത്തികൾ തന്നെയാണ്." മഹർഷി അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. അദ്ദേഹത്തിന്റെ ദൃഷ്ടികൾ തൻ്റെ കണ്ണിലല്ല, മനസ്സിലാണ് തറച്ചുകയറുന്നത് എന്നവനുതോന്നി. ഇരുൾ നിറഞ്ഞ മനസ്സിലേക്ക് സൂര്യകിരണങ്ങൾ ആഴ്‌നിറങ്ങുന്നതുപോലെ. ആ പ്രകാശബിന്ദുക്കൾ പതിച്ച ഭാഗങ്ങളിൽ വിവേകത്തിൻ്റെ വെയിൽ പരക്കുന്നതുപോലെ.

“പക്ഷെ... ഇതെൻ്റെ കടമയല്ലേ? എൻ്റെ ഭാര്യയെയും മക്കളെയും പോറ്റേണ്ട ചുമതല എനിക്കില്ലേ?" അവൻ്റെ ശബ്ദത്തിനിപ്പോൾ അല്പം തണുപ്പുണ്ടായിരുന്നു.

“ശരി... അങ്ങനെയെങ്കിൽ നിൻ്റെ പാപങ്ങളുടെ ഫലം അനുഭവിക്കാൻ അവരും ബാധ്യസ്ഥരാണല്ലോ." മുനിമാരിലൊരാൾ അർത്ഥഗർഭമായി പുഞ്ചിരിച്ചു.

“തീർച്ചയായും." അവനതിൽ സംശയമില്ലായിരുന്നു. "എങ്കിൽ നീയൊരു കാര്യം ചെയ്യുക. നീ ചെയ്‌തുകൂട്ടുന്ന പാപത്തിൻ്റെ പങ്ക് നിൻ്റെ ഭാര്യ ഏറ്റെടുക്കുമോ എന്നു ചോദിക്കുക." അവൻ്റെ മുഖത്തെ ആശങ്ക മനസ്സിലാക്കിയെന്നോണം മഹർഷി വീണ്ടും ചിരിച്ചു. "സംശയം വേണ്ട. ഞങ്ങൾ മുനിമാർ അസത്യം പറയുകയോ പ്രവർത്തിക്കുകയോ ഇല്ല. നീ വരുന്നതുവരെ ഞങ്ങൾ ഇവിടെത്തന്നെയിരിക്കാം".

എന്തോ തീരുമാനിച്ചുറച്ച മട്ടിൽ അവനോടി. പൂത്തു നില്ക്കുന്ന നാഗകേസര വൃക്ഷങ്ങൾക്കിടയിലൂടെ, മന്ദാകിനി കാട്ടുകല്ലുകളിൽ തലതല്ലിച്ചിതറുന്ന മലഞ്ചെരുവുകളിലൂടെ, വെയിൽ നിഴലിനോടു കളിപറഞ്ഞുകിടക്കുന്ന പുറങ്കാടുകളിലൂടെ...

വീടിനു പുറത്തിരുന്ന് കാട്ടുവള്ളികൾ കൊണ്ട് കൂടകൾ മെനയുന്ന അവളെ അവൻ ദൂരെ നിന്നേ കണ്ടു. അസമയത്ത് ഓടി വരുന്ന ഭർത്താവിനെ കണ്ടതും അവൾ ചാടിയെഴുന്നേറ്റു.

“എന്താ എന്തുപറ്റി?” അവൾ അടുത്തേക്കോടിവന്നു. “ഞാൻ ചെയ്യുന്ന തെറ്റുകളുടെ പാപം നീ കൂടി ഏറ്റെടുക്കുമോ?”. ചെന്നപാടെ അവൻ ചോദിച്ചു. അവളുടെ മുഖത്ത് ആദ്യം പരിഹാസമാണ് വിടർന്നത്. “എൻ്റെ പാപങ്ങൾ നീയും പങ്കിട്ടനുഭവിക്കുകയില്ലേ?" അയാൾ വീണ്ടും ചോദിച്ചു.

“അതെങ്ങനെ...? അവൾ അവനെ രൂക്ഷമായി നോക്കി. "നിങ്ങളുടെ കടമയാണിത്. പാപമോ പുണ്യമോ എന്ന് എനിക്കറിയേണ്ടതില്ല. നിങ്ങൾ ചെയ്യുന്നതിൻ്റെ ശിക്ഷ നിങ്ങളനുഭവിക്കണം. ഒറ്റയ്ക്ക്”. അവൾ നടന്നുചെന്ന് പാതി മെടഞ്ഞ മുളങ്കൂട കൈയിലെടുത്തു.

മഹാമുനിമാരുടെ അർത്ഥഗർഭമായ പുഞ്ചിരി അവനോർത്തു. അവർ എല്ലാമറിയുന്നവരാണ്. ത്രികാലജ്ഞാനികളായ സന്ന്യാസിമാർ. ഒരുപക്ഷെ നാളിതുവരെ താൻ ചെയ്‌ത പാപങ്ങൾ തന്നെ ബോദ്ധ്യപ്പെടുത്താൻ ഈശ്വരനയച്ചതാകും അവരെ.

അവൻ തിരിഞ്ഞുനടന്നു. പിന്നിൽനിന്ന് അവൾ എന്തോ വിളിച്ചുപറയുന്നുണ്ട്. അകത്തുനിന്നും കുട്ടികളുടെ കലപില ശബ്ദം മുഴങ്ങുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ ഒരു സ്വപ്നാടകനെപ്പോലെ അവൻ നടന്നുനീങ്ങി. മനസ്സിലെ ഇരുളിൽ തിരിച്ചറിവിന്റെ സൂര്യകിരണങ്ങൾ പുലർവെയിൽ പരത്തുന്നു. അവിടെ നന്മയുടെ തുമ്പയും തുളസിയും വിടരാൻ തുടങ്ങുന്നു.

സപ്‌തർഷികൾ നദീതീരത്തു തന്നെയുണ്ടായിരുന്നു. കുനിഞ്ഞ ശിരസ്സുമായി തങ്ങൾക്കുമുന്നിൽ നിൽക്കുന്ന ആ കാട്ടാളൻ, നന്മയുള്ള മനുഷ്യനിലേക്ക് സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നതായി അവർക്ക് തോന്നി.

“ഇനി... നീ ചോദിച്ച ധനം ഞങ്ങൾ തരാം..." അവരിൽ ഒരാൾ പറഞ്ഞു.

“വേണ്ട. എനിക്കൊന്നും വേണ്ട. മഹാപാപിയായ ഈ നിഷാദനോട് പൊറുക്കണേ.” അവൻ അവരുടെ പാദങ്ങളിൽ പ്രണമിച്ചു. “അതുപറ്റില്ല. ഞങ്ങളുടെ കൈവശമുള്ള ധനം നീ സ്വീകരിച്ചേ പറ്റൂ." അവരിലൊരാൾ അവനെ പിടിച്ചെഴുന്നേല്‌പിച്ച് ശിരസ്സിൽ

“എനിക്കിനി എന്തിനാണ് ധനം..? ശിഷ്ടകാലം എൻ പാപങ്ങളിൽ പശ്ചാത്തപിച്ച് ഞാൻ കഴിഞ്ഞുകൊള്ളാം." അവൻ കരയുക യായിരുന്നു.

“പശ്ചാത്താപമാണ് ഏറ്റവും നല്ല പ്രായശ്ചിത്തം. ഇനി നിന്റെ ചിന്തകളെ സ്ഫുടം ചെയ്യാനുള്ള മഹത്തായ ധനമാണ് ഞങ്ങൾ നിനക്കു നല്‌കുന്നത്." അവിശ്വസനീയമായ അവൻ്റെ നോട്ടത്തിന് മറുപടിയായി അവരിലൊരാൾ തുടർന്നു.

"ഞങ്ങൾ മുനിമാരാണ്. സർവസംഗപരിത്യാഗികളായ സപ്ത‌ർഷികൾ. ജ്ഞാനമാണ് ഞങ്ങളുടെ ഏകസമ്പത്ത്. അജ്ഞാനം മൂലമാണ് നീ പാപിയായത്. നിൻ്റെ മനസ്സിൽ നിറഞ്ഞ അജ്ഞതയുടെ ഇരുളകറ്റി, അറിവിൻ്റെ പ്രകാശത്താൽ നന്മയുടെയും വിവേകത്തിന്റെയും പുതിയ കാഴ്‌ചകൾ കാണാൻ ഞങ്ങൾ നിന്നെ പ്രാപ്തനാക്കാം.”

രത്നാകരൻ അവരുടെ മുന്നിൽ ശിരസ്സു നമിച്ചുനിന്നു. പിന്നെ, ദിവസങ്ങൾ നീണ്ടുനിന്ന ജ്ഞാനോപദേശങ്ങൾ. നരാധമനായ രത്നാകരൻ നരോത്തമനായി മാറുന്ന മഹത്തായ പ്രക്രിയ. ഹൃദയത്തിൽ ജ്ഞാനത്തിൻ്റെ ദിവ്യപ്രകാശം നിറയുന്നു. ഇരുളകലുന്നു. അവൻ പുതിയൊരു മനുഷ്യനായി മാറുകയായിരുന്നു.

സപ്ത‌ർഷികൾ മടങ്ങി.

രത്നാകരൻ പക്ഷെ, വീട്ടിലേയ്ക്കുപോയില്ല. അയാൾ ചിത്ര കൂടത്തിന്റെ താഴ്വരയിൽനിന്നും ഉൾക്കാട്ടിലേയ്ക്കു നടന്നു. മനസ്സ്, തെളിഞ്ഞ നീലാകാശം പോലെയാണിപ്പോൾ. അവിടെ വെൺമേഘ ശകലങ്ങളെപ്പോലെ ചിന്തകൾ പാറി നടക്കുന്നു.

അറിവുകൾ അടുക്കിപ്പെറുക്കി വയ്ക്കുമ്പോഴേ ബുദ്ധിമാൻ പണ്ഡിതനാവുകയുള്ളു. മനസ്സിലങ്ങിങ്ങു ചിതറിക്കിടക്കുന്ന ചിന്ത കളെ തത്ത്വാധിഷ്‌ഠിതമായി വിശകലനം ചെയ്യേണ്ടതുണ്ട്. അദ്ദേഹം ഊണും ഉറക്കവുമുപേക്ഷിച്ച് ചിന്തയിലാണ്ട് ഒരു മരച്ചുവട്ടിലിരുന്നു. നിഷാദനെ മഹാമുനിയാക്കിയ പുനർജനിയുടെ ആരംഭം.

നദിമൂലവും ഋഷിമൂലവും തേടേണ്ടതില്ല എന്നാണ് പഴമൊഴി. ഉൽഭവമല്ല പ്രധാനം. ഇവ രണ്ടും എപ്രകാരം സമൂഹത്തിന് പ്രയോജനപ്പെടുന്നു എന്നതാണ്. രത്നാകരനെന്ന കാട്ടാളന് സപ്തർഷിമാർ രാമമന്ത്രം ഉപദേശിച്ചുവെന്നും അയാൾ ഒരു മരച്ചുവട്ടിലിരുന്ന് എല്ലാം മറന്ന് രാമനാമം ജപിച്ചു വെന്നുമുള്ള ഒരു കഥയും പ്രചാരത്തിലുണ്ട്. കഥ ഏതായാലും നരാധമനായ രത്നാകരൻ മഹാതപസ്വിയായി മാറിയ മഹത്തായൊരു പരിണാമപ്രക്രിയയാണ് ആ ജ്ഞാനദാനത്താൽ അവിടെ സംഭവിച്ചത്. കാലങ്ങൾ കടന്നുപോയി.

വർഷങ്ങൾക്കുശേഷം സപ‌തർഷിമാർ വീണ്ടും അതുവഴി വന്നു. യാത്രാമദ്ധ്യേ ജനവാസമില്ലാത്ത ആ വനാന്തരത്തിൽ നിന്നും ഒരു മനുഷ്യന്റെ ജപമർമരങ്ങൾ അവർ കേട്ടു. പിന്നെ ഒരുവലിയ ചിതൽപ്പുറ്റും ശ്രദ്ധയിൽപെട്ടു.

ആ വല്മീകം കുത്തിയുടച്ചപ്പോൾ ഒരു ഞെട്ടലോടെ അവർ കണ്ടു. അതിനുള്ളിൽ ധ്യാനനിരതനായിരിക്കുന്ന ഒരു മനുഷ്യൻ.

വല്മീകത്തിനുള്ളിൽ നിന്നും പുറത്തുവന്നത് പഴയ രത്നാകരനായിരുന്നില്ല. രൂപംകൊണ്ടും ചിന്തകൊണ്ടും തികച്ചും വ്യത്യസ്തനായ മനുഷ്യൻ തപഃശുദ്ധിയും മനഃശുദ്ധിയും നേടിയ സർവ്വസംഗ പരിത്യാഗി. അവരദ്ദേഹത്തിന് വാല്‌മീകി എന്ന് നാമകരണം നൽകി.

ലോകസാഹിത്യത്തിലെ ആദികാവ്യം രചിച്ച മഹായശസ്വിയായിത്തീർന്ന വാല്മീകി എന്ന മഹർഷി, അക്ഷരങ്ങൾക്കെല്ലാം അധീശത്വം നേടി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. ആ മഹാ യോഗീശ്വരനിലൂടെ നമുക്കു ലഭിച്ച രാമായണം നമ്മൾ പഠിക്കണം. രാമായണ കഥയല്ല, രാമതത്വമാണ് അറിയേണ്ടത്. ഈ വരുന്ന കർക്കിടക മാസത്തിനു മുമ്പേ നമുക്ക് രാമായണ പാരായണം ആരംഭിക്കാം. രാമകഥകൾ നിങ്ങളിലേക്കെത്തിക്കാൻ ഞാനും ശ്രമിക്കാം.

വിശ്വകർമ്മ ശങ്കരാചാര്യ പീഠം
പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
ഗുരുവായൂർ
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗർഭോപനിഷത്ത്

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

പ്രഭാകരം പ്രകാശമയം വന്ദേ ഗുരു പരമ്പരാം.