പീഠവും സമിതിയും പിന്നെ നിയമവും


വിശ്വബ്രാഹ്മണ ആചാര്യസമിതി ഇപ്പോൾ വിശ്വകർമ്മരുടെ ഇടയിൽ ചർച്ചാവിഷയം ആയിരിക്കുന്നു. പരസ്പരം മത്സരിച്ചും വിഘടിച്ചും തമ്മിൽ പിണങ്ങിയും കഴിഞ്ഞിരുന്ന സമുദായ സംഘടനകളേയും സംഘടനാ നേതാക്കളേയും ഒരു വേദിയിൽ ഒന്നിച്ചിരുത്തുക,
വിവിധ തരത്തിൽ ആചാര അനുഷ്ഠാനങ്ങൾ ചെയ്യുന്ന വിശ്വകർമ്മ കുലത്തിലെ ആചാര്യന്മാരെ ഓരോ ജില്ലയിലും ജില്ലാ സമിതികൾ രൂപീകരിച്ച് അതിലൂടെ ഒരുമിപ്പിച്ച് നിർത്തി വിശ്വകർമ്മ കുലത്തേയും, മറ്റ് കുലങ്ങളേയും ആചാര അനുഷ്ഠാനങ്ങളിൽ ഏകീകരണം വരുത്തി ഒന്നിപ്പിച്ച് രാഷ്ട്ര സേവ ചെയ്ത് സനാതന ധർമ്മം സംരക്ഷിക്കാൻ പ്രവക്രത്തിക്കുക,
വിശ്വകർമ്മ യുവതലമുറക്ക് ഉന്നത വിദ്യാഭ്യാസത്തിനും, തൊഴിൽ മേഖലകളിലും മുന്നേറാൻ സഹായിക്കുക,
വൃദ്ധരേയും, വികലാംഗരേയും, വിധവമാരേയും സംരക്ഷിക്കുകയും വാനപ്രസ്ഥ ആശ്രമ അന്തരീക്ഷത്തിൽ ആത്മീയ നിലവാരത്തിൽ വളരാൻ പദ്ധതികൾ തയ്യാറാക്കുകയും,
കുടുംബ - കുല ക്ഷേത്രങ്ങളും, പരമ്പരാഗതമായി വിശ്വകർമ്മർക്ക് അവകാശമുള്ള ആത്മീയവും ഭൗതികവുമായ അധികാര ആചാര അനുഷ്ഠാന സ്ഥാനങ്ങൾ സംരക്ഷിക്കുക, 
ഈശ്വരവിശ്വാസവും സനാതന ധർമ്മം സംരക്ഷിക്കും എന്ന് ഉറപ്പു നൽകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ വിശ്വകർമ്മരെ ജനാധിപത്യ സംരക്ഷണത്തിൻ്റെ നേതൃത്വനിരയിലേക്ക് വഴിനടത്തുക തുടങ്ങി നിരവധി പദ്ധതികളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം നേതൃത്വം നൽകുന്ന വിശ്വബ്രാഹ്മണ ആചാര്യ സമിതി സജീവ ചർച്ചാവിഷയമായിരിക്കുന്നു. 

എവിടെയാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്?
ആരാണ് തുടക്കം കുറിച്ചത്?
എവിടെയാണ് ഇതിൻ്റെ ആസ്ഥാനം?
ഇതിന് അംഗീകാരമുണ്ടോ?
അങ്ങിനെ ഒരുപാട് ചോദ്യങ്ങളും ഉയർന്നിരിക്കുന്നു.
എതിർക്കുന്നവരുണ്ട്.
അനുകൂലിക്കുന്നവരുണ്ട്.
എന്താകും എന്ന് കാത്തിരിക്കുന്നവരുണ്ട്.
ഇതേ ആശയത്തിൽ ഒരുപാട് പ്രവർത്തിച്ച് മടുത്തവരുണ്ട്. 
ആര് തുടങ്ങിയാലും എന്ത് ചെയ്താലും വിമർശിക്കാനും, കുറ്റം കണ്ടുപിടിക്കാനും അഗ്രഗണ്യന്മാരായവരും ഉണ്ട്. 
കേരള വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠത്തിന് തുടക്കമിട്ട ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ.
ഇത് ഒരു വ്യക്തിയുടെ താത്പര്യത്തിൽ ആരംഭിച്ചതല്ല.
തലമുറകളായി വിശ്വകർമ്മരുടെ ക്ഷേമവും ഐക്യവും ആഗ്രഹിച്ച് ജീവിച്ചു മൺമറഞ്ഞ കുറേ പൂർവ്വികരായ ഗുരുനാഥന്മാരുടെ ആ കാലഘട്ടങ്ങളിലെ പ്രവർത്തനങ്ങളുടെ കർമ്മ ഫലമാണ്.
 
കേരള വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം.

2004 ൽ പാലക്കാട് ജില്ലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച സംസ്ഥാന സന്യാസി സഭയുടെ നിയമാവലി പ്രകാരം സനാതന ധർമ്മം സംരക്ഷിക്കുന്നത് ഓരോ കുലങ്ങളിൽ നിന്നും അതാത് കുലങ്ങളെ ആത്മീയമായി ഉണർത്തുക എന്ന ലക്ഷ്യത്തോടെ ജഗത്ഗുരു ശങ്കരാചാര്യ ഭഗവത്പാദരുടെ ദശനാമാ സമ്പ്രദായത്തിൽ സന്യാസദീക്ഷ നൽകാനും അവരിൽ പ്രവർത്തന ശേഷിയുള്ളവരെ കുലധർമ്മ ആചരണത്തിനായി ഓരോ കുലത്തിൻ്റേയും ആചാര്യന്മാരായി നിർദ്ദേശിക്കുന്നു. 
സംസ്ഥാന സന്യാസി സഭ തന്നെ നേതൃത്വം നൽകി അതിനായി 2021 ൽ ആദിശങ്കര അദ്വൈത അഖാഡ രജിസ്റ്റർ ചെയ്തു. ആദ്യമായി ആ അഖാഡയിലൂടെ കർമ്മ ബ്രാഹ്മണനല്ലാത്ത കേരളത്തിലെ ആദ്യ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡി സ്വാമിയായി സ്വാമിസാധു കൃഷ്ണാനന്ദ സരസ്വതി തിരഞ്ഞെടുക്കപ്പെട്ടു. വിശ്വബ്രാഹ്മണ കുലത്തിൽ നിന്നും ജനിച്ച ആ സന്യാസിയുടെ നേതൃത്വത്തിലാണ് കേരള വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം പ്രവർത്തിച്ചു വരുന്നത്. പീഠത്തിന് ആസ്ഥാനം പീഠാധീശ്വർ ഏത് സന്യാസ ആശ്രമത്തിലാണോ അതാകുന്നു പീഠവും. പീഠത്തിൻ്റെ പ്രവർത്തനങ്ങൾക്ക് ആദിശങ്കര അദ്വൈത അഖാഡയുടേയും, സംസ്ഥാന സന്യാസി സഭയുയടേയം അംഗീകാരത്തോടെ ഇവയുടെ രജിസ്ട്രേഷൻ നമ്പരുകൾ ഉപയോഗിക്കാൻ അനുമതി ലഭിച്ചു. കേരള വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠത്തിൽ പീഠാധീശ്വർ, ഉപ പീഠാധീശ്വർ, ശ്രീമഹന്ത് , മഹന്ത്, സച്ചീവ് എന്നീ സ്ഥാനങ്ങളിലും വിശ്വകർമ്മ കുലത്തിൽ നിന്നും തന്നെ സന്യാസം സ്വീകരിച്ച സന്യാസിമാരുണ്ട്. 

ഇനിയും പുതിയൊരു സമുദായ സംഘടന എന്തിന്? എന്ന പലരുടേയും ചോദ്യത്തിന് പിന്നിലെ ചേതോവികാരമെന്തെന്ന് വഴിയേ നമുക്ക് മനസ്സിലാക്കാം.

വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം നേതൃത്വം നൽകുന്ന വിശ്വബ്രാഹ്മണ ആചാര്യ സമിതിയുടെ സംസ്ഥാന സമിതി രക്ഷാധികാരിയാണ് പീഠാധീശ്വർ. ആചാര്യ സമിതിക്ക് ഉപാദികളില്ലാതെ സ്വതന്ത്ര പദവിയോടെ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. സംസ്ഥാന അദ്ധ്യക്ഷനാണ് ആചാര്യസമിതിയുടെ തലവൻ. ഒരു സംസ്ഥാനത്തിൻ്റെ മന്ത്രിസഭ പോലെ തന്നെയാണ് പീഠത്തിൻ്റേയും ആചാര്യ സമിതിയുടേയും പ്രവർത്തനങ്ങൾ. പീഠാധീശ്വറെ പ്രഖ്യാപിക്കുന്നത് അഖാഡയുടെ മഹാ മണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി ആണ്. പീഠാധീശ്വർക്ക് അഞ്ചു വർഷമാണ് ഭരണകാല സമയം. പീഠാധീശ്വർ ആണ് സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷൻ്റെ നേതൃത്വത്തിൽ ഒരു ഉപദേശക സമിതിയുണ്ടാകും. നിലവിൽ ഉപദേശക സമിതിയുടെ രക്ഷാധികാരിയാണ് വിശ്വബ്രഹ്മ വൈദിക വിദ്യാപീഠം ആചാര്യ ദിവാകരൻ വാദ്ധ്യാർ. ഉപദേശക സമിതിയിൽ വൈദിക താന്ത്രിക ആചാര്യന്മാർ, വാസ്തു ശാസ്ത്രജ്ഞർ, ജ്യോതിഷ പണ്ഡിതർ, വൈദ്യശാസ്ത്രജ്ഞർ, യോഗാ ആചാര്യന്മാർ, വേദ പുരാണ പാരായണ വിദഗ്ധർ തുടങ്ങിയവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ അംഗങ്ങളാകും. സംസ്ഥാന പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും വിശ്വബ്രാഹ്മണ ആചാര്യ സംഗമങ്ങൾ നടത്തി അതിൽ നിന്നും നിർദ്ദേശിക്കപ്പെടുന്ന ജില്ലാ അദ്ധ്യക്ഷന്മാരെ സംസ്ഥാന സമിതിയിലേക്കും, മറ്റുള്ളവരെ ജില്ലാ സമിതിയിലേക്കും തിരഞ്ഞെടുക്കും. സംസ്ഥാന സമിതിയിൽ വിശ്വകർമ്മരുടെ ആത്മീയവും ഭൗതികവുമായ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുന്നതും, വിശ്വകർമ്മരുടെ അവകാശങ്ങൾക്കു വേണ്ടി നിലനിൽക്കുന്നതുമായ ഈശ്വരഭക്തിയുള്ള എല്ലാ സമുദായ സംഘടനാ അദ്ധ്യക്ഷന്മാരും, ജനറൽ സെക്രട്ടറിമാരും സംഘടനാ കാര്യസമിതി കൺവീനർമാരും, ജില്ലാ സമിതിയിൽ ജില്ലകളുടെ ചുമതലയുള്ളവർ ജില്ലാ സംഘടനാ കാര്യസമിതി കൺവീനർമാരും ആയിരിക്കും. സനാതന ധർമ്മം സംരക്ഷിക്കുമെന്നും ഹൈന്ദവ ആചാര അനുഷ്ഠാനങ്ങൾക്കു വേണ്ടി നിലനിൽക്കും എന്നും ഉറപ്പുതരുന്ന എല്ലാ രാഷ്ട്രീയ സംഘടനകളുടെ വിശ്വകർമ്മരായ ഭാരവാഹികളും സമിതിയുടെ രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ ആയിരിക്കും. 

ജില്ലാ സമിതിയുടെ അംഗങ്ങളിലൂടെ 
താഴെ പറയുന്ന ഉപ സമിതികൾ പ്രവർത്തിക്കുന്നു.

1.നിത്യാനുഷ്ഠാന പ്രചാര ഗുരുകുല സമിതി

2. വിദ്യാഭ്യാസ സമിതി

3. തൊഴിൽ - പുനരധിവാസ സമിതി

4. മാതൃസമിതി

5. സംഘടനാ കാര്യ സമിതി

6. രാഷ്ട്രീയ കാര്യ സമിതി

7. ധനകാര്യ സമിതി

8. കലാകായിക സാംസ്കാരിക സമിതി

 എന്നിവയാണ് ഉപസമിതികൾ. 

ഓരോ ഉപസമിതികൾക്കും പേര് പോലെ തന്നെ വിശ്വകർമ്മരുടെ ഇടയിലുള്ള വിഷയങ്ങളിൽ ഇടപെട്ട് സഹായിക്കാൻ കഴിയും. 

കേരള വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം, വിശ്വബ്രാഹ്മണ ആചാര്യ സമിതി എന്നിവയിൽ പ്രധാന ആചാര്യ സ്ഥാനങ്ങളിൽ വരുന്നവർക്ക് ആചാര അനുഷ്ഠാനങ്ങളിൽ നിബന്ധനകൾ നിഷ്കർഷിച്ചിട്ടുണ്ട്. 
അവ താഴെ രേഖപ്പെടുത്തുന്നു. 

പീഠാധീശ്വർ

വിശ്വകർമ്മ വിശ്വബ്രാഹ്മണ കുലത്തിൽ നിന്ന് ജഗത്ഗുരു ശങ്കരാചാര്യ ഭഗവത്പാദർ ചിട്ടപ്പെടുത്തിയ ദശനാമി സമ്പ്രദായത്തിലുള്ള നാല് മഠങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്നും നേരിട്ടോ,കൈവഴിയായി പരമ്പരയിലൂടെ സന്യാസ ദീക്ഷ സ്വീകരിക്കുകയും കുറഞ്ഞത് 5 വർഷമെങ്കിലും ഏതെങ്കിലും ഒരു സന്യാസി ആശ്രമത്തിൽ മഠാധിപതിയായി പ്രവർത്തി പരിചയവും ഉള്ളവരെയാണ് കേരള വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം പീഠാധീശ്വർ, സഹ പീഠാധീശ്വർ, സച്ചീവ്, മഹന്ത് എന്നീ പദവികൾക്ക് യോഗ്യത ഉള്ളവർ. 

കേരള വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം കേരളത്തിലെ വിശ്വകർമ്മ / വിശ്വബ്രാഹ്മണരുടെ ആത്മീയവും ശാരീരികവും മാനസികവും ഭൗതികവുമായ ഉണർവ്വിനും മുന്നേറ്റത്തിനും അതിലൂടെ തമ്മിൽ തമ്മിൽ എക്യം ഉണ്ടാകുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുകയും അതിനായി പരിപാടികൾ സംഘടിപ്പിക്കുകയും ബോധവത്കരിക്കുകയും ചെയ്യുന്നു. അതിനു വേണ്ടി കേരള സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലും വിശ്വബ്രാഹ്മണ ആചാര്യ സമിതി രൂപീകരിക്കാനും, എല്ലാ ജില്ലാ സമിതികളിൽ നിന്നും നിയോഗിക്കപ്പെടുന്നവരെ സംസ്ഥാന സമിതിയിലേക്ക് ചേർത്ത് അവരുടെ കഴിവുകൾക്കും അറിവുകൾക്കും അനുസരിച്ച് വിവിധ വിഭാഗങ്ങളുടെ ചുമതലകൾ നൽകുന്നു. 

കേരള വിശ്വബ്രാഹ്മണ ആചാര്യ ജില്ലാ സമിതി 

1.
രക്ഷാധികാരി
2.
ജില്ലാ അദ്ധ്യക്ഷൻ
3.
ജില്ലാ ഉപ അദ്ധ്യക്ഷന്മാർ
4.
ജില്ലാ കോഡിനേറ്റർ (ജില്ലാ സെക്രട്ടറി)
5. ജില്ലാ കോഡിനേറ്റർമാർ (സെക്രട്ടറിമാർ)
6. ജില്ലാ ഖജാൻജി
7. പ്രവർത്തക സമിതി അംഗങ്ങൾ.
ജില്ലാ തലത്തിൽ 1 മുതൽ 5 വരെയുള്ള സ്ഥാനങ്ങൾ വഹിക്കുന്നവർ സന്ധ്യാവന്ദനാദി ക്രിയകൾ ചെയ്യുന്നവരും സാത്വിക ജീവിതചര്യയുള്ളവരും ആകണം. ഉപസ്ഥാനങ്ങൾ വഹിക്കുന്നവർ ആചാര്യ സ്ഥാനങ്ങൾ ഉള്ളവർ തന്നെ വേണമെന്നില്ല എങ്കിലും സാത്വിക ചര്യ ഉള്ളവർ ആകണം.
 ജില്ലയിൽ നടത്തുന്ന എല്ലാ പരിപാടികളും സംസ്ഥാനത്തെ അദ്ധ്യക്ഷനെ ജില്ലയിൽ നിന്നുള്ള സംസ്ഥാന കോഡിനേറ്റർ മുഖാന്തിരം അറിയിച്ച് അനുമതി വാങ്ങുകയും ആ പരിപാടിയിലേക്ക് വേണ്ടുന്ന ധനം, സ്പോൺസർമാർ എന്നിവരെ ജില്ലാ സമിതികൾ തന്നെ കണ്ടെത്തേണ്ടതാണ്. നോട്ടീസുകൾ , ഫ്ലക്സുകൾ എന്നിവ തയ്യാറാക്കുമ്പോൾ സംസ്ഥാന സമിതിയുടെ മീഡിയാ കോഡിനേറ്ററുമായി ബന്ധപ്പെട്ട് വേണം തയ്യാറാക്കാൻ. എല്ലാ സാമ്പത്തിക ഇടപാടുകൾക്കും രസീത് നൽകി കോപ്പി സൂക്ഷിക്കേണ്ടതാണ്. ജില്ലാ സമിതികളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി ധനം ശേഖരിക്കുകയും ആ സമിതി നടത്തുന്ന പരിപാടിക്ക് ശേഷം ബാക്കി വരുന്ന തുക സംസ്ഥാന സമിതിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് രസീത് / വൗച്ചർ വാങ്ങി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ജില്ലാ ഖജാൻജിക്ക് ഉണ്ടായിരിക്കും. ആ തുക അതാത് ജില്ലകളുടെ പേരിൽ കൃത്യമായി രേഖപ്പെടുത്തിവക്കേണ്ടതും അടുത്ത പരിപാടിയിലേക്ക് ജില്ലാ സമിതി ആവശ്യപ്പെട്ടാൽ നൽകേണ്ടതുമാണ്. സംസ്ഥാനത്തിൻ്റെ ഏതെങ്കിലും ആവശ്യത്തിലേക്ക് ആ തുക എടുക്കേണ്ടി വന്നാൽ അതാത് ജില്ലാ സമിതികളുടെ അറിവോടെയും അനുമതിയോടെയും ആയിരിക്കണം. നിശ്ചിത സമയത്തിനുള്ളിൽ ആ തുക തിരികെ അക്കൗണ്ടിൽ നൽകിയിരിക്കണം. ജില്ലാ സമിതി ഖജാൻജിയുടെ കൈവശം സമിതിയുടെ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ടതിന് 3000 രൂപ വരെ സൂക്ഷിക്കാം. 

ജില്ലാ സമിതികളിൽ നിന്നും സംസ്ഥാന സമിതി അംഗങ്ങളായ കോഡിനേറ്റർമാർ അതാത് ജില്ലകളിലെ ആചാര്യന്മാരേയും, മറ്റ് അംഗങ്ങളേയും ഐക്യത്തോടെ ചേർത്തു നിർത്തി പ്രവർത്തിക്കേണ്ടതാണ്. 
സംസ്ഥാന സമിതിയിലും ജില്ലാ സമിതിയിലും വിവിധ തരത്തിൽ സാത്വിക അനുഷ്ഠാനക്രിയകൾ ചെയ്യുന്ന ആചാര്യന്മാർ ഉണ്ടാകും. എല്ലാവരും പരസ്പരം സ്നേഹിച്ചും ക്ഷമിച്ചും സഹകരിച്ചും മറ്റുള്ളവർക്ക് മാതൃകയായി പ്രവർത്തിക്കേണ്ടതാണ്. 
വാട്സപ്പ്, ഫെയ്സ്ബുക്ക്, തുടങ്ങി സാമൂഹിക മാധ്യമങ്ങളിൽ ധർമ്മപരമായ വിഷയങ്ങൾ മാത്രം ചർച്ച ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുക.

ആചാര്യന്മാർ തമ്മിൽ ഏതെങ്കിലും വ്യക്തിവൈരാഗ്യങ്ങൾ ഉണ്ടെങ്കിൽ അത് ആചാര്യസമിതികളിൽ അനുവദനീയമല്ല. പരസ്പരം ക്ഷമിക്കാനും സ്നേഹിക്കാനും കഴിയാത്തവർക്ക് എങ്ങിനെയാണ് ആചാര്യനാകാൻ കഴിയുക?

മാംസഭക്ഷണം, മദ്യപാനം, പുകവലി, മറ്റ് ദുർന്നടപ്പുകൾ, സാമ്പത്തിക ക്രമക്കേടുകൾ എന്നിവ ചെയ്യുന്നവരെ അതിൻ്റെ തെളിവുകൾ ലഭിച്ചാൽ വാട്സപ് ഗ്രൂപ്പുകളിൽ നിന്നും സമിതികളിൽ നിന്നും പുറത്താക്കുന്നത്തിന് സംസ്ഥാന അദ്ധ്യക്ഷന് അധികാരമുണ്ടായിരിക്കും.

 ജില്ലാ സമിതികളിലേക്കും സംസ്ഥാന സമിതികളിലേക്കും തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിശദവിവരങ്ങൾ പീഠാധീശ്വർ നിർദ്ദേശിക്കുന്ന അംഗങ്ങളുള്ള സമിതി അന്വേഷിക്കുകയും അവർ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് സമിതി അംഗങ്ങളായി അംഗീകരിക്കുകയും ചെയ്യുകയുള്ളൂ. അംഗീകരിക്കപ്പെട്ടവർ 50 രൂപ മുദ്രപത്രത്തിൽ വിശ്വകർമ്മനാണെന്നും പീഠത്തിൻ്റെയും സമിതിയുടേയും ആചാര അനുഷ്ഠാന നിർദ്ദേശങ്ങളും നിബന്ധനകളും അംഗീകരിച്ച് പ്രവർത്തിക്കുമെന്നും അല്ലാത്ത പക്ഷം ഗുരുതരമായ തെറ്റുകൾ ആവർത്തിച്ചാൽ പുറത്താക്കുന്നതിന് സമ്മതമാണെന്നും രേഖാമൂലം 2 സാക്ഷികൾ സഹിതം എഴുതി ഒപ്പിട്ട് നൽകണം. ജില്ലാ സമിതി അംഗങ്ങളെ സംസ്ഥാന അദ്ധ്യക്ഷനും സംസ്ഥാന സമിതി അംഗങ്ങളെ പീഠാധീശ്വറും ആയിരിക്കും പ്രഖ്യാപിക്കുക. 

വിശ്വകർമ്മ ഗൃഹങ്ങളിൽ പ്രഭാത - സന്ധ്യാ പ്രാർത്ഥനകൾ, സന്ധ്യാവന്ദനാദി ക്രിയകൾ, മറ്റ് ഷോഡശ്ശ അനുഷ്ഠാനങ്ങൾ എന്നിവ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ആചാര്യന്മാർ പ്രവർത്തിക്കണം. എല്ലാ ജില്ലകളിലും സമിതികൾ രൂപീകരിച്ചു കഴിഞ്ഞ ശേഷം നടത്തുന്ന കൂടി ആലോചനകളിലൂടെ ആചാര ഏകീകരണം നടത്തി ആചാര അനുഷ്ഠാന കൈപ്പുസ്തകം തയ്യാറാക്കണം. 
അതാത് ജില്ലകളിൽ കഴിയുന്ന ഗുരുതരമായ രോഗബാധിതരെ സന്ദർശിക്കുകയും, മരണ വീടുകളിലും, ക്ഷേത്രങ്ങളിലും വിവാഹങ്ങൾക്കും ധർമ്മ സത്സംഗങ്ങൾ നടത്തുകയും വേണം. കുടുംബ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ ശ്രമിക്കണം. മതപരിവർത്തനം, മദ്യം മയക്കുമരുന്ന് എന്നിവക്കെതിരെ സമുദായ അംഗങ്ങളെ ബോധവത്കരിക്കാൻ ആചാര്യന്മാർ തയ്യാറാകണം. 
സമിതിയുമായി സഹകരിക്കുന്ന സമുദായ സംഘടകളുടെ സഹകരണങ്ങളോടെ പഠനശിബിരങ്ങൾ നടത്തണം. 

സംസ്ഥാന ജില്ലാ സമിതികളിലെ എല്ലാ ആചാര്യന്മാരും കേരള വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠത്തിൻ്റെ അംഗങ്ങൾ ആയിരിക്കും. അംഗത്വ ഫോറം പൂരിപ്പിച്ച് 1000 രൂപ അംഗത്വ ഫീസ് സഹിതം ജില്ലാ സമിതിയിലും ജില്ലാ അദ്ധ്യക്ഷൻ വഴി സംസ്ഥാന അദ്ധ്യക്ഷനിലേക്കും സംസ്ഥാന അദ്ധ്യക്ഷൻ വഴി പീഠത്തിലേക്കും അപേക്ഷകൾ നൽകേണ്ടതാണ്. സ്വീകരിക്കപ്പെടുന്ന അപേക്ഷകനിൽ നിന്നും ലഭിക്കുന്ന ആചാര്യ അംഗത്വ ഫീസിൻ്റെ 30% ജില്ലാ സമിതി ഫണ്ടിലേക്കും, 40% സംസ്ഥാന ഫണ്ടിലേക്കും 30% പീഠത്തിലേക്കും വകയിരുത്തണം. ആ തുകകൾ അതാത് സമിതികൾക്ക് യുക്തമായ രീതിയിൽ മറ്റ് പരിപാടികൾക്കോ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ വിനിയോഗിക്കാവുന്നതാണ്. 

പീഠത്തിൻ്റെ അംഗത്വം നേടുന്ന സാധാരണക്കാർക്കു 200 രൂപ അംഗത്വ ഫീസ് ആയിരിക്കും. വാർഷിക വരിസംഖ്യ 50 രൂപയും. അംഗത്വ സംഖ്യയുടെ 20% ജില്ലകൾക്കും 10% സംസ്ഥാന സമിതിയിലേക്കും നൽകും. 

 ജില്ല സമിതിയിൽ നിന്നും സംസ്ഥാന സമിതിയിൽ നിന്നും പീഠത്തിൻ്റെ പ്രവർത്തനത്തിലേക്ക് ലഭിക്കുന്ന സംഭാവനകളുടെ 30% അതാത് സമിതികൾക്ക് ലഭിക്കും. 
പീഠത്തിൽ ലഭിക്കുന്ന തുക പീഠത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്കും, ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. 

സംസ്ഥാന സമിതി ജില്ലാ സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവർ കാലടി ശൃംഗേരി മഠത്തിൽ ശങ്കരാചാര്യ പ്രതിഷ്ഠക്ക് മുന്നിൽ വച്ച് വിശ്വബ്രഹ്മ മഹാകാവ്യം തൊട്ട് വിശ്വബ്രഹ്മദേവൻ്റേയും ഗുരു പരമ്പരകളുടേയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടതാണ്. എല്ലാതരത്തിലുള്ള അംഗങ്ങൾക്കും മഹാ മണ്ഡലേശ്വറും, പീഠാധീശ്വരും, ഒപ്പിട്ട ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകൾ നൽകുന്നതാണ്. 

ബാക്കി ഓരോ വിവരങ്ങളും ആചാര്യന്മാർക്കുള്ള പ്രവർത്തന നിബന്ധനകളും പിന്നാലെ നൽകുന്നതാണ്.

വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി
90 61 97 12 27

വിശ്വബ്രാഹ്മണ ആചാര്യ സമിതി അദ്ധ്യക്ഷൻ
ആചാര്യ KBസുരേഷ് ഞീഴൂർ
75 92 89 45 76

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം