കുലധർമ്മം ഭഗവത് ഗീതയിൽ
മിശ്രവിവാഹം വേണോ?
കുലാചാരം നാം പാലിക്കണം.
വിശ്വകർമ്മജർ മാത്രമല്ല എല്ലാ കുലങ്ങളും അതാത് കുല ധർമ്മം പഠിക്കണം. ആചരിക്കണം. അതിലൂടെ മാാത്രമേ
സനാതന ധർമ്മം നിലനിൽക്കൂ. കുലാചാര ധർമ്മ പഠനത്തിലെ ആദ്യപാഠം ഞാനാരാണ് ഓരോരുത്തരും എന്ന് തിരിച്ചറിയുക എന്നതാണ്.
യേന കേനാപി വേശേന യേന കേനാപ്യലക്ഷിതഃ യത്ര പുത്രാശ്രമേ തിഷ്ടേത് കുലയോഗീ കുലേശ്വരി.
കുലയോഗി എവിടെ കഴിഞ്ഞാലും ശരി, ഏതു വേഷത്തിലായിരുന്നാലും എങ്ങനെ എല്ലാം എവിടെയെല്ലാം ഒളിച്ച് കഴിഞ്ഞാലും ഏതാശ്രമം സ്വീകരിച്ചാലും ശരി സദാ സർവ്വദാ കുലയോഗി തന്നെയായിരിക്കും. കുലധർമ്മത്തിൽ നിന്നും വ്യതിചലിക്കില്ല.
"ഗുരുപദേശ രഹിതാ മഹാന്ത ഇതി കേചന മോഹയന്തി ജനാൻ സർവാൻ സ്വയം പൂർവ വിമോഹിതാഃ"
ഗുരൂപദേശം കൂടാതെ സ്വയം ഗുരുവായി നടിച്ചു നടക്കുന്ന ചില ആചാര്യന്മാർ സ്വയം മായാവിമോഹിതരായിത്തീർന്നിട്ട് അന്യരേയും മായാവലയത്തിൽ ബദ്ധരാക്കിത്തീർക്കുന്നു.
"ദുരാചാരപരാഃ കേചിദ്വാചയന്തി ച പാമരാ കഥം ഭൂതോ ഭവേത് സ്വാമീ സേവകാഃ സ്യൂസ്തഥാവിധാഃ".
ദുരാചാരപരന്മാരായ ചില ആചാര്യന്മാർ സാധുക്കളായ ശിഷ്യന്മാരെ തങ്ങളുടെ മാർഗ്ഗത്തിലേക്ക് തന്നെ ആനയിക്കുന്നു. ദുരാചാരമാർഗ്ഗിയായ ഗുരുവിനെപോലെ തന്നെയാണല്ലോ ശിഷ്യനും ഭവിക്കുക.
അജ്ഞാത്വാ കൗലികാചാരമയഷ്ട്വാ ഗുരുപാദുകാം യോസ്മിൻ ശാസ്ത്രേ പ്രവർത്തേത തം ത്വം പീഡയസി ധ്രുവം
കുലാചാരം അറിയാതെയും കുലശാസ്ത്രജ്ഞാനം ഇല്ലാതെയും ഗുരുപാദുക പൂജനം ചെയ്യാതെയും ആരാണോ കുലശാസ്ത്രം കൈകാര്യംചെയ്യുന്നത്. അയാൾ തീർച്ചയായും ദേവീകോപത്തിന് പാത്രമാകും. ഗുരുമുഖത്തിൽ നിന്ന് നേരിട്ട് കുലജ്ഞാനം നേടാതെ കുലമാർഗ്ഗത്തിൽ പ്രവേശിക്കുന്നതുകൊണ്ട് ദേവാനുഗ്രഹമല്ല ദേവകോപമാണ് അനുഭവിക്കേണ്ടി വരിക.
കൗലജ്ഞാനേ ഹ്യ സിദ്ധോ യസ്തദ്രവ്യം ഭോക്തുമിച്ഛതി സ മഹാപാതകീ ജ്ഞേയ: സർവ്വ ധർമ്മ ബഹിഷ്കൃത:
ആരാണോ കുലജ്ഞാനം കൂടാതെയും കുലശാസ്ത്രാദികൾ അനുഷഠിക്കാതെയും കുലദ്രവ്യങ്ങൾ സേവിക്കാൻ ആഗ്രഹിക്കുന്നത്. അയാൾ മഹാപാതകിയും സ്വധർമ്മശാസ്ത്രങ്ങളിൽ നിന്നും ബഹിഷ്കൃതനുമായി
സമയാചാരഹീനസ്യ സ്വൈരവൃത്തേർ ദുരാന്മാന: ന: സിദ്ധയ: കുലഭ്രംശസ്തത് സംസർഗം ന കാരയേത്.
തന്നിഷ്ടം പോലെ ദുരാചാരങ്ങളിൽ മുഴുകി ജീവിക്കുന്നവനും സമയാചാര തല്പരനുമല്ലാത്തവന് സിദ്ധി ഒരിക്കലും ലഭിക്കുകയില്ല കുലനായ അയാളുടെ സംസർഗ്ഗം തന്നെ ദോഷകരമാണ്, പാടില്ലതന്നെ.
യ: ശാസ്ത്രവിധി മുത്സൃജ്യ വർത്തതേ കാമകാരത:
സ സിദ്ധിമിഹ നാപ്നോതി പരത്ര ന പരാം ഗതി:
ശാസ്ത്രവിധികളെ ധിക്കരിച്ചിട്ട് തന്നിഷ്ടം പോലെ ആരാണോ ഭൗതികസുഖങ്ങളിൽ മുഴുകിയിരിക്കുന്നത്, അയാൾക്ക് ഈ ലോകത്തിൽ സിദ്ധിയോ പരലോകത്തിൽ പരമഗതിയോ (മുക്തിയോ) ഒരിക്കലും ലഭിക്കുകയില്ല.
"ബഹവഃ കൗലികം ധർമ്മം മിഥ്യാജ്ഞാന വിഡംബകാ സ്വബുദ്ധ്യാ കല്പയന്തീത്ഥം പാരമ്പര്യ വിവർജ്ജിതാഃ".
ഗുരുശിഷ്യ പാരമ്പര്യമോ ഗുരുപദേശമോ ഇല്ലാത്തവരും തെറ്റായ കാര്യങ്ങൾ അവരുടേതായ വഴിയിൽ അഭ്യസിച്ചിട്ടുള്ളവരുമായവർ കുലധർമ്മത്തെ സ്വബുദ്ധിക്കനുസരണമായി തെറ്റായ വിധത്തിലാണ് കല്പിച്ചിരിക്കുന്നത്. ഗുരു ഉപദേശം കൂടാതെ കുല ധർമ്മത്തിന്റെ സത്തറിയാൻ പ്രയാസമാണ്. മാത്രമല്ല, തെറ്റായ രീതിയിൽ വ്യാഖ്യാനിക്കാനും ഇടയാകും. "മകാരപഞ്ചകം" തന്നെ ഉദാഹരണമായി ചിന്തിക്കാം.
"മദ്യപാനേന മനുജോ യദി സിദ്ധിം ലഭേത വേ മദ്യപാനരതാഃ സർവേ സിദ്ധിം ഗച്ഛന്തു പാമരാഃ".
മദ്യപാനം കൊണ്ട് മനുഷ്യർക്ക് സിദ്ധി ലഭിക്കുമെങ്കിൽ മദ്യപാനികളും ബുദ്ധിഹീനന്മാരുമായ സകലർക്കും സിദ്ധി ലഭിക്കേണ്ടതല്ലേ ? പഞ്ചമകാരങ്ങളായ "മദ്യം മാംസം , മത്സ്യം മുദ്ര മൈഥുനം" എന്നിവയെപ്പറ്റി ഓരോന്നിനേയും ആധാരമാക്കി ശിവഭഗവാൻ പാർവ്വതീ ദേവിയുമായി ചർച്ച ആരംഭിക്കുകയാണ്.
"മാംസഭക്ഷണ മാത്രേണ യദി പുണ്യാ ഗതിർ ഭവേത് ലോക മാംസാശിനഃ സർവേ പുണ്യഭാജോ ഭവന്തി ഹി"
മാംസഭക്ഷണം കൊണ്ട് പുണ്യം നേടാമെന്നാണെങ്കിൽ മാംസഭക്ഷികളായ ലോകത്തിലുള്ള സകല ജനങ്ങൾക്കും തീർച്ചയായും മോക്ഷം ലഭിക്കണമല്ലോ?
"ശക്തി സംഭോഗ മാത്രേണ യദി മോക്ഷോ ഭവേത വേ സർവ്വേപി ജന്തവോ ലോകേ മുക്താഃ സ്യൂ: സ്ത്രീ നിഷേവനാത്."
മൈഥുനം കൊണ്ട് മോക്ഷം ലഭിക്കുമെന്നാണെങ്കിൽ സംഭോഗനിരത രായ സകല ജന്തുക്കളും മുക്തരായി ഭവിക്കുമായിരുന്നല്ലോ?
ഭഗവാൻ പറയുകയാണ്
"അന്യഥാ കൗലികേ ധർമ്മേ ആചാര: കഥിതോ മയാ വിചരന്ത്യന്യഥാ ദേവി മൂഢാഃ പണ്ഡിതമാനിന:"
അല്ലയോ ദേവി, കുലധർമ്മത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ ഞാൻ തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. പണ്ഡിത ശ്രേഷ്ഠന്മാരെന്നു ധരിച്ചവരായ മഠയന്മാർ തങ്ങൾക്കൊത്തവണ്ണം ഇവയെ മാറ്റി മറിച്ചിരിക്കുന്നു.
സജ്ജനങ്ങളേ,
ഭഗവത് ഗീതയിൽ അർജ്ജുന വിഷാദയോഗത്തിൽ കുല ധർമ്മത്തേക്കുറിച്ച് പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്.
ശ്ലോകം 40
കുലക്ഷയേ പ്രണശ്യന്തി
കുലധര്‍മ്മാഃ സനാതനാഃ
ധര്‍മ്മേ നഷ്ടേ കുലം കൃത്സ്നം
അധര്‍മ്മോഭിഭവത്യുതഃ
അര്‍ത്ഥം:
കുലനാശം വന്നാല്‍ സനാതനമായ കുലധര്‍മ്മങ്ങള്‍ നശിച്ചുപോകും. ധര്‍മ്മം നശിക്കുമ്പോള്‍ നിശ്ചയമായും കുലത്തെ മുഴുവനും അധര്‍മ്മം ബാധിക്കും.
ഭാഷ്യം:
ഭഗവാനേ, കേട്ടാലും. ഈ പാപങ്ങളുടെ വലിപ്പം എത്രത്തോളമുണ്ടെന്നു ഞാന്‍ പറയാം. കുലം ക്ഷയിച്ചാല്‍ പരമ്പരയായി നിലനിന്നുവരുന്ന കുലാചാരങ്ങള്‍ക്ക് അതിയായ ഹാനി തട്ടും. കുലാചാരം നശിച്ചാല്‍ കുലം മുഴുവനും അധര്‍മ്മം ബാധിച്ചു ദുഖിക്കാന്‍ ഇടവരും.
മരക്കഷണങ്ങള്‍ കൂട്ടിയുരച്ചാണ് അഗ്നി ജ്വലിപ്പിക്കുന്നത്. ആ അഗ്നി എല്ലാ മരങ്ങളെയും നശിപ്പിക്കുന്നു. അതുപോലെ ദ്രോഹചിന്തമൂലം ഒരു കുലത്തില്‍പ്പെട്ട ആളുകള്‍ പരസ്പരം കൊല്ലുന്നതിനു (സ്ഥാനമാനങ്ങൾക്കു വേണ്ടിയും, അസൂയ കൊണ്ടും തമ്മിലടിക്കുന്നത് ) തുനിഞ്ഞാല്‍ അത് വലിയ പാപത്തിനു ഇടയാവുകയും, ആ പാപം കുലത്തെ മുഴുവന്‍ കരിച്ചുകളയുകയും ചെയ്യുന്നു.
ശ്ലോകം 41
അധര്‍മ്മാഭിഭവാലത് കൃഷ്ണ,
പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാഷു വാര്‍ഷ്ണേയ
ജായതേ വര്‍ണ്ണസങ്കരഃ
അര്‍ത്ഥം:
അല്ലയോ കൃഷ്ണാ, അധര്‍മ്മം ബാധിച്ചാല്‍ കുലസ്ത്രീകള്‍ ദോഷപ്പെടുന്നു. അല്ലയോ വൃഷ്ണിവംശജ, സ്ത്രീകള്‍ ദോഷപ്പെട്ടാല്‍ വർണ്ണസങ്കരം ഉണ്ടാകുന്നു.
ഭാഷ്യം:
കൃഷ്ണാ, അധര്‍മ്മങ്ങള്‍ കടന്നുകൂടി ദുഷിച്ചാല്‍ കുലത്തിലെ സ്ത്രീകള്‍ വഴി തെറ്റാൻ ഇടവരുന്നു. അല്ലയോ വൃഷ്ണിവംശജനായ കൃഷ്ണാ, സ്ത്രീകള്‍ പതിച്ചാല്‍ അതോടെ വര്‍ണ്ണസങ്കരം ഭവിക്കുന്നു. അങ്ങനെ വരുമ്പോള്‍ ധര്‍മ്മാചരണങ്ങളും ശരിയായ പെരുമാറ്റവും മറ്റും നമ്മില്‍നിന്ന് അകന്നുമാറുന്നു. കൈയിലിരിക്കുന്ന വിളക്ക് അണച്ചിട്ട് അന്ധകാരത്തില്‍ കൂടി നടന്നാല്‍ സമതലത്തിലാണെങ്കില്‍പ്പോലും വഴുതി വീഴാന്‍ ഇടയാകുന്നതുപോലെയാണത്.
കുലം നശിപ്പിക്കുമ്പോള്‍ പൗരാണികമായ ആചാര്യങ്ങളും അനുഷ്ഠാനങ്ങളും നശിക്കും. മനോനിയന്ത്രണമില്ലാതെ ഇന്ദ്രിയങ്ങള്‍ സ്വച്ഛമായി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ കുലസ്ത്രീകള്‍ പോലും കുലടകളായിമാറും. അപ്പോള്‍ ശ്രേഷ്ഠകുലജാതര്‍ അധമ സ്വഭാവമുള്ളവരുമായി ഇടപഴുകും. കുലങ്ങളുടെ മിശ്രീകരണംകൊണ്ട് കുലധര്‍മ്മങ്ങള്‍ക്ക് ച്യുതി സംഭവിക്കും. തുറന്നസ്ഥലത്ത് വയ്ക്കുന്ന ബലിപിണ്ഡം തിന്നാന്‍ കാക്കകള്‍ ഇരച്ചു കയറുന്നതുപോലെ ധര്‍മ്മലോപം വന്ന കുലങ്ങളില്‍ ദുഷ്കൃതങ്ങള്‍ ഇരച്ചു കയറും.
ശ്ലോകം 42
സങ്കരോ നരകായൈവ
കുലഘ്നാനാം കുലസ്യ ച
പതന്തി പിതരോ ഹ്യേഷാം
ലുപ്തപിണ്ഡോദകക്രിയാഃ
അര്‍ത്ഥം:
വര്‍ണ്ണസങ്കരം കുലനാശം വരുത്തുന്നവര്‍ക്കും കുലത്തിനും നരകഹേതുവായി ഭവിക്കുന്നു. എന്തുകൊണ്ടെന്നാല്‍ കുലഘ്നന്‍മാരുടെ പിതൃക്കള്‍ പിണ്ഡോദകക്രിയകള്‍ ഇല്ലാതെ പതിച്ചുപോകുന്നു.
ഭാഷ്യം;
സങ്കരം കുലത്തെ നശിപ്പിക്കുന്നവരെയും കുലത്തിലെ ഭാവിസന്താനങ്ങളെയും നരകത്തില്‍ എത്തിക്കും. സ്വര്‍ഗ്ഗത്തില്‍ എത്തിയിട്ടുള്ള പൂര്‍വ്വികന്മാര്‍ക്ക് തിലോദകം തുടങ്ങിയ പിതൃപൂജകളൊന്നും ലഭിക്കാതെവരും. തന്മൂലം അവരും പിതൃലോകത്തുനിന്ന് നരകത്തിലേക്ക് പതിക്കും. അപ്പോള്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ തുടരാന്‍ കഴിയാതെ കുലത്തിലേക്ക് മടങ്ങിയെത്തേണ്ടിവരും. കാലില്‍ പാമ്പുകടിയേറ്റാലും വിഷം ശരീരമൊട്ടാകെ വ്യാപിച്ചു തല്‍ക്ഷണം ശിരസ്സിലെത്തുന്നതുപോലെ സ്വജനങ്ങളെ കൊല്ലുന്നതു കൊണ്ടുണ്ടാകുന്ന പാപം കുലത്തെയൊട്ടാകെ നരകത്തിലാഴ്ത്തുന്നു.
ശ്ലോകം 43
ദോഷൈരേതൈഃ കുലഘ്നാനാം
വര്‍ണ്ണസങ്കരകാരകൈഃ
ഉത്സാദ്യന്തേ ജാതിധര്‍മ്മാഃ
കുലധര്‍മ്മാശ്‍ച ശാശ്വതാഃ
ശ്ലോകം 44
ഉത്സന്നകുലധര്‍മ്മാണാം
മനുഷ്യാണാം ജനാര്‍ദ്ദന!
നരകേ നിയതം വാസഃ
ഭവതീത്യനുശുശ്രുമ
ശ്ലോകം 45
അഹോ ബത മഹത്‍പാപം
കര്‍ത്തും വ്യവസിതാ വയം
യദ്രാജ്യസുഖലോഭേന
ഹന്തും സ്വജനമുദ്യതാഃ
അര്‍ത്ഥം:
കുലനാശകരുടെ വര്‍ണ്ണസങ്കരമുണ്ടാക്കുന്നതായ ഈ ദോഷങ്ങളാല്‍ അനാദിയായ വർണ്ണധര്‍മ്മങ്ങളും കുലധര്‍മ്മങ്ങളും നശിച്ചുപോകുന്നു. അല്ലയോ ജനാര്‍ദ്ദനാ, കുലധര്‍മ്മങ്ങള്‍ നശിച്ചുപോയിരിക്കുന്ന മനുഷ്യര്‍ക്ക് നരകത്തിലാണ് എന്നും വാസമെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്, ഞങ്ങള്‍ രാജ്യസുഖേച്ഛകൊണ്ട് ബന്ധുജനങ്ങളെ കൊല്ലുവാന്‍ തുനിഞ്ഞവരാകയാല്‍ മഹാപാപത്തെ ചെയ്യുവാനൊരുങ്ങുന്നു. അയ്യോ! ഇതെന്തൊരു മഹാകഷ്ടമാണ്.
ഭാഷ്യം:
അര്‍ജ്ജുനന്‍ തുടര്‍ന്നു: വര്‍ണ്ണമിശ്രംകൊണ്ടു കുലത്തെ നശിപ്പിക്കുന്ന കുലദ്രോഹികളുടെ ദുഷ്കൃതം നിമിത്തം ചിരകാലമായി നിന്നുപോരുന്ന ജാതി ആചാരങ്ങളും (ഇന്ന് തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ജാതിയല്ല.) കുലാചാരങ്ങളും നശിച്ചുപോകുന്നു. നഷ്ടപ്പെട്ട കുലാചാരങ്ങളോടുകൂടിയ മനുഷ്യര്‍ എല്ലായ്പോഴും നരകത്തില്‍ വസിക്കാന്‍ ഇടയാകുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. രാജ്യത്തിലും സുഖത്തിലും ഉള്ള അതിമോഹം നിമിത്തം നാം സ്വന്തം ആളുകളെ യുദ്ധത്തില്‍ കൊല്ലാന്‍ ഒരുമ്പെട്ടത് വലിയ പാപം ചെയ്യാനുള്ള ഉദ്യമം തന്നെയാണ്. അത് മഹാകഷ്ടമായിപ്പോയി.
ബന്ധുക്കളുടെ കൊലകൊണ്ട് മറ്റൊരു ഗുരുതരമായ പാപംകൂടി ചെയ്യാന്‍ ഇടയാകുന്നു. പാപകരമായ ആചാരദൂഷണം പരമ്പരാഗതമായ സംസ്കാരങ്ങളും ആചാരങ്ങളും ധ്വംസനം ചെയ്യപ്പെടുന്നു. ഒരുവന്റെ വീട്ടിലുണ്ടാകുന്ന അഗ്നിബാധ മറ്റുള്ള വീടുകളിലേക്കുകൂടി വ്യാപിച്ച് അവയേയും നശിപ്പിക്കുന്നതുപോലെ, കുലനാശം വന്ന കുലങ്ങളുമായിട്ടുള്ള ബന്ധം ബന്ധപ്പെട്ട കുലങ്ങളെയും നശിപ്പിക്കും. അവിടത്തെ സന്തതികള്‍ നിത്യനരകത്തില്‍പ്പെട്ടുഴലും. അവര്‍ക്ക് അതില്‍നിന്നു യാതൊരു മോചനമാര്‍ഗ്ഗവുമില്ല.
കൗലാ: പശുവത്രസ്ഥാശ്ചേത് പക്ഷദ്വയവിഡംബക: കേശസംഖ്യാ സ്മൃതാ യാവത്താവത്തിഷ്ഠന്തി രൗരവേ
കൗലമാർഗ്ഗം സ്വീകരിച്ചിട്ട് സാധാരണക്കാരെപ്പോലെ ജീവിക്കുകയാണെങ്കിൽ രണ്ടുപക്ഷക്കാരുടേയും - സാധാരണജനങ്ങളുടേയും കൌലികരുടേയും അവഹേളനത്തിന്റെ പാത്രമാകും. കുല ജ്ഞാന ബഹിഷ്കൃതനായി അയാളുടെ ശരീരത്തിലുള്ള കേശ സംഖ്യക്കു സമാനമായ കാലം രൗരവം എന്ന നരകത്തിൽ കിടന്ന് യാതന അനുഭവിക്കേണ്ടിവരും.
കുലദ്രവ്യാണി സേവേത യോളന്യദർശനമാശ്രിത:
തദംഗേരോമസംഖ്യാതം ഭൂത യോനിഷു ജായതേ
കുലസമ്പ്രദായം വിട്ട് അന്യദർശനമാർഗ്ഗം അവലംബിച്ച് ജീവിക്കുകയും, അതേ സമയം കുലദ്രവ്യങ്ങൾ സേവിക്കുകയും ചെയ്താൽ അയാളുടെ ശരീരത്തിലെ രോമ സംഖ്യക്കു സമാനമായ കാലം ഭൂതയോനികളിൽ ജനിക്കേണ്ടതായിവരും.
മദ പ്രച്ഛാദികാതാത്മാ ച ന കിഞ്ചിദപി വേത്തി ച ന ധ്യാനം ന തപോ നാർച്ചാ ന ധർമ്മോ ന ച സത്‌ക്രിയാ
മദ്യപാനം കൊണ്ട് ഉന്മത്തനായി തന്റെ ആത്മാവിനെ മറച്ചിരിക്കുന്നവൻ യാതൊന്നും തന്നെ അറിയുന്നില്ല. ധ്യാനമില്ല, തപസ്സില്ല, അർച്ചന, പൂജ ഒന്നും തന്നെയില്ല. ധർമ്മാദികളും സ്ക്രിയകളും ഇല്ല.
ന ദൈവം ന ഗുരുർനാത്മവിചാരോ ന സ കാലിക: കേവലം വിഷയാസക്ത: പതത്യേവ ന സംശയ:
ദൈവവിശ്വാസമില്ല, ഗുരുഭക്തിയില്ല. ആത്മോന്നതി പ്രാപിക്കണമെന്ന ആഗ്രഹമില്ല. പ്രപഞ്ചസുഖങ്ങളിൽ, ശരീരസുഖത്തിൽ മാത്രം, തത്പരൻ, അപ്രകാരമുള്ളവൻ കൗലികനല്ല. അയാൾ വിഷയാസക്തനായി അധഃപതിക്കുമെന്നതിൽ സംശയമില്ല.
മദ്യാസക്തോ ന പൂജാർത്ഥി മാംസാശീ സ്ത്രീനിഷേവക: കൗലോപദേശഹീനോ യഃ സോളക്ഷയം നരകം വ്രജേത്.
കുലധർമ്മത്തിന് വിരുദ്ധമായി, കുലോപദേശങ്ങൾ അനുസരിക്കാതെ മദ്യാസക്തനും മാംസം ഭജിക്കുന്നവനും സ്ത്രീലമ്പടനും കുലപൂജനം ചെയ്യാത്തവനുമാണെങ്കിൽ അയാൾ സ്ഥിരമായിതന്നെ നരകത്തിൽ കഴിയേണ്ടി വരും.
അസംസ്കാരി ത യോ നൗ സ്യാത് പഞ്ചമുദ്രാ നിഷേവതേ കുലേശി ബ്രഹ്മനിഷ്‌ഠോപി നിന്ദ്യതാമധിഗച്ഛതി
ഹേ കുലേശീ, ഒരുവൻ ബ്രഹ്മജ്ഞാനിയായിരുന്നാൽ പോലും കുലസമ്പ്രദായപ്രകാരമുള്ള കുലജ്ഞാനം സിദ്ധിക്കാതെ പഞ്ചമുദ്രകൾ അനുഷ്ഠിക്കുകയാണെങ്കിൽ തീർച്ചയായും അയാൾ നിന്ദിക്കപ്പെടേണ്ടവനാണ്.
കുല ധർമ്മ ആചരണങ്ങളേക്കുറിച്ച് ഭഗവത്ഗീതയും ഉപനിഷത്തുക്കളും, കുലാർണ്ണവതന്ത്രവും ഇങ്ങനെ നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു. സ്വകുല ധർമ്മം ആചരിച്ച് അന്യകുലങ്ങളെ ബഹുമാനിക്കാനും നാം പഠിക്കണം. കുലം മാറി വിവാഹം കഴിക്കുന്നവരേക്കുറിച്ചും, കുലം ഉപേക്ഷിക്കുന്നവരേക്കുറിച്ചും മാംസ മദ്യപാനികളായ പൂജാരിമാരേക്കുറിച്ചും വേദങ്ങൾ പറഞ്ഞതാണ് ഇവിടെ രേഖപെടുത്തിയിരിക്കുന്നത്.കുലം എന്ന വാക്ക് പോലും ജാതിയെന്നാക്കി തെറ്റായി വ്യാഖ്യാനിച്ചാണ് കുബുദ്ധികളായ ചിലർ പഠിപ്പിച്ചിരുന്നത്. തൊട്ടുകൂടായ്മയുടേയും തീണ്ടലുകളുടേയും അയിത്തത്തിന്റേയും കാലമല്ല കലിയുഗം. ചാതുർവർണ്യത്തിൽ പറയുന്ന ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവരും, വിശ്വ ബ്രഹ്മജരും അടക്കം എല്ലാ ഗോത്രങ്ങളും കുലാചാരങ്ങൾ അനുസരിച്ച് പരസ്പര ബഹുമാനിക്കണം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുലങ്ങളിൽ നിന്നും നീക്കം ചെയ്യണം.
ഇതിനായി നമുക്ക് പ്രയത്നിക്കാം
ഗുരുപാദ സേവയിൽ
വിശ്വകർമ്മ കുല പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
വിശ്വകർമ്മ ശങ്കരാചാര്യ പീഠം കേരള
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ