രാമായണത്തിലൂടെ - 9

ഭൃഗുവംശത്തിലെ പ്രസിദ്ധനായ കുലഗുരു ച്യവനൻ്റെ പുത്രനായിരുന്ന ഔർവ്വൻ്റെ ആശ്രമത്തിൽ വളർന്ന സഗരൻ്റെ കഥ വായിച്ചില്ലേ?
കഥ വായിച്ചാൽ മാത്രം പോര. കഥാസാരം / കഥാതത്വം കൂടി മനസ്സിലാക്കണം. കൃതയുഗത്തിലും ത്രേതായുഗത്തിലും, ദ്വാപരയുഗത്തിലും അന്നത്തെ സന്യാസിമാർ ഓരോ വംശത്തിൻ്റെയും (കുലം, ഗോത്രം) ഗുരുക്കന്മാരായിരുന്നു. ഇന്ന് കുലത്തേയും, ഗോത്രത്തേയും നവോത്ഥാനിച്ച് ജാതി എന്ന ഓമനപേരിട്ട് അതിൻ്റെ യഥാർത്ഥ വശങ്ങളിൽ നിന്നും ദുർവ്യാഖ്യാനവും കൂട്ടി ചേർക്കലും ചെയ്ത് തമ്മിൽ കണ്ടാൽ മിണ്ടരുതാത്ത, തൊട്ടുകൂടാത്ത ഒന്നാക്കി മാറ്റി. ആ വേദകാലങ്ങളിലും ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഉണ്ടായിരുന്നു. പക്ഷേ ഇന്നത്തെപ്പോലെ ജാതി വേർതിരിവും, അയിത്തവും ഇല്ലായിരുന്നു. ഓരോ കുലത്തിനും ഗോത്രത്തിനും ഓരോ തൊഴിലും കർമ്മങ്ങളും ഉണ്ടായിരുന്നു. തൻ്റെ വംശത്തിൻ്റെ കർമ്മമേഖലയിൽ ഓരോരുത്തരും കൃത്യത ഉള്ളവരായിരുന്നു. അതുകൊണ്ടുതന്നെ പ്രകൃതിക്ഷോഭങ്ങളും, രാജാക്കന്മാരുടെ ദൂർത്തും മൂലം മാത്രമായിരുന്നു പട്ടിണിയും കഷ്ടതയും. അപ്പോൾ മാത്രമായിരുന്നു അയൽ രാജ്യത്തു നിന്ന് ഭക്ഷ്യസാധനങ്ങൾ കടം വാങ്ങുന്നത്. ഇന്ന് പ്രജകളുടെ തലയെണ്ണി കാണിച്ച് സ്വന്തം രാജ്യത്തു നിന്നും, വിദേശ രാജ്യത്തു നിന്നും കടം വാങ്ങുക എന്നത് ആചാരമായി തീർന്നിരിക്കുന്നു. ഇതിനെല്ലാം കാരണം കുലഗുരു എന്ന സ്ഥാനം ഓരോ കുലവും നശിപ്പിച്ചു കളഞ്ഞതുകൊണ്ടാണ്. ഗുരു ഇല്ലാതായാൽ ആചാര അനുഷ്ഠാനങ്ങൾ ഇല്ലാതാകും. അതോടെ സംസ്കാരം നഷ്ടപ്പെടും. സംസ്കാരമില്ലാത്ത കുലം മുടിയും. മറ്റ് തൊഴിലുകൾ തേടും. ഈശ്വരവിശ്വാസം ഇല്ലാതെയാകും. നിരീശ്വരവാദ പ്രസ്ഥാനങ്ങളും, കൊലപാതക രാഷ്ട്രീയവും ശക്തി പ്രാപിക്കും. ദൈവത്തിൻ്റെ പേരും പറഞ്ഞ് മനുഷ്യനെ തമ്മിലടിപ്പിച്ച് കൊന്ന് സ്വർഗ്ഗം നേടിക്കൊടുക്കാമെന്ന വാഗ്ദാനവുമായി വൈദേശിക മതങ്ങൾ മതപരിവർത്തനവും മതതീവ്രവാദവും വളർത്തും. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് പ്രപഞ്ചസൃഷ്ടാവായ വിശ്വബ്രഹ്മദേവൻ്റെ ആദ്യ മനുഷ്യ സൃഷ്ടികളായ പഞ്ചകുലത്തിലെ ത്വഷ്ടപുത്രനായി ജഗത്ഗുരു ശ്രീശങ്കരാചാര്യ ഭഗവത് പാദർ ഷൺമതം സ്ഥാപിച്ച് നിരവധിയായിരുന്ന ആചാര അനുഷ്ഠാനങ്ങൾ ഏകീകരിച്ച് നൽകിയത്. ആ മഹാഗുരുവിൻ്റെ പരമ്പരയിൽ തന്നെ വിശ്വബ്രാഹ്മണ /വിശ്വകർമ്മ കുലത്തിൽ അവരുടെ ആത്മീയ ഗുരുവായി സാധുവിനെ തിരഞ്ഞെടുത്തതും ആ കുലഗുരുവായിരുന്ന് മറ്റു കുലങ്ങളിലും കുലഗുരു സമ്പ്രദായം കൊണ്ടുവരുന്നതിനുവേണ്ടി പ്രവൃത്തിക്കുന്നതും. 

ഇനി ഇന്നലത്തെ രാമായണ കഥാ യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് പോകാം. കഠിനപരിശ്രമത്തിലൂടെ ഏത് പ്രവൃത്തിയും സഫലമാക്കാം എന്നതിൻ്റെ ഉത്തമ ഉദാഹരണ കഥാപാത്രമാണ് ഭഗീരഥൻ. 

ഭഗീരഥൻ അയോദ്ധ്യയുടെ സിംഹാസനത്തിൽ അധികകാലം ഇരുന്നില്ല. അധികാരത്തെക്കാൾ ആത്മീയത ഇഷ്‌ടപ്പെട്ടിരുന്ന ഭഗീരഥന് യോഗികളുമായിട്ടായിരുന്നു സഹവാസം. വേദവും വേദാന്തവും പഠനവിധേയമാക്കി രാവേറെച്ചെല്ലുന്നതുവരെ അവർ ചർച്ചകൾ നടത്തും. തിതുലൻ എന്ന മഹായോഗിയുടെ ഉദ്ബോധനത്താൽ രാജ്യവും അധികാരവുമുപേക്ഷിച്ച് ഭഗീരഥൻ സന്യാസമാർഗ്ഗ ത്തിലേക്കിറങ്ങി.

ഭഗീരഥൻ രാജ്യം ഉപേക്ഷിച്ചത് ഏറെ വ്യത്യസ്‌തമായ രീതിയിലായിരുന്നു. തൻ്റെ സ്വകാര്യസ്വത്തുക്കളത്രയും ദരിദ്രർക്കു ദാനം ചെയ്ത അദ്ദേഹം, കോസലരാജ്യം കീഴടക്കാൻ പലതവണ ശ്രമിച്ചു പരാജയപ്പെട്ട അയൽനാട്ടിലെ രാജാവിന്, തന്റെ രാജ്യം ദാനം ചെയ്ത് മരവുരി ധരിച്ച് തീർഥാടനത്തിനിറങ്ങുകയായിരുന്നു. തന്നെ ആരും തിരിച്ചറിയാത്ത നാടുകളിലും പുണ്യതീർഥങ്ങളിലുമൊക്കെ ഭഗീരഥൻ വർഷങ്ങളോളം ചുറ്റിത്തിരിഞ്ഞു. തിതുലമഹർഷി പറഞ്ഞ ആത്യന്തികമായ ആത്മനിർവൃതി ഒന്നുമില്ലായ്‌മയിലാണ് ലഭിക്കുന്നത് എന്നദ്ദേഹം ആനന്ദത്തോടെ തിരിച്ചറിഞ്ഞു.

യാത്രയ്ക്കിടയിൽ, വർഷങ്ങൾക്കുശേഷം ഒരിക്കൽ വീണ്ടും ഭഗീരഥൻ അയോദ്ധ്യയിലെത്തി. താടിയും മുടിയും നീട്ടിവളർത്തിയ, ജടാവത്ക്കലധാരിയായ അദ്ദേഹം മന്ത്രിമന്ദിരങ്ങളിലൊന്നിൽ ഭിക്ഷ യാചിച്ചു ചെന്നെത്തി. ഭിക്ഷാപാത്രം നീട്ടിമുന്നിൽ നിൽക്കുന്ന ആ താപസനെ മന്ത്രി തിരിച്ചറിഞ്ഞു. ആളുകൾ വിവരമറിഞ്ഞ് ചൂറ്റും കൂടി.

ഭഗീരഥൻ നാട്ടിലെത്തിയിരിക്കുന്നു എന്നറിഞ്ഞ രാജാവ് ദാനം കിട്ടിയ കിരീടവും ചെങ്കോലും അദ്ദേഹത്തിന്റെ പാദങ്ങളിൽ വച്ചു നമസ്കരിച്ച്, വീണ്ടും അധികാരമേൽക്കണമെന്ന് അഭ്യർഥിച്ചു. എന്നാൽ അദ്ദേഹം അതിനു തയ്യാറായില്ല.

മിത്രങ്ങളേ, കാലം ചില തീരുമാനങ്ങളെടുക്കും. ആര് എപ്പോൾ ഏതൊക്കെ വേഷങ്ങൾ കെട്ടണമെന്ന് കാലമാണ് തീരുമാനിക്കുന്നത്. ഭഗീരഥന് വീണ്ടും സിംഹാസനത്തിലിരിക്കാനായിരുന്നു വിധി. പക്ഷെ അയോദ്ധ്യയിലായിരുന്നില്ല അത്.

ദേശാടനത്തിടെ ചെന്നെത്തിയ മറ്റൊരു നാട്ടിൽ, തികഞ്ഞ അരാജകത്വത്തിൽ നട്ടംതിരിയുന്ന ജനങ്ങൾ നല്ലൊരു ഭരണാധികാരിയെ തേടുകയായിരുന്നു. ഭഗീരഥൻ്റെ സാരോപദേശങ്ങൾ കേട്ട ജനങ്ങൾ സമാധാനത്തിന്റെ പാതയിലേക്കു നീങ്ങി. അതോടെ ഭഗീരഥൻ അവരുടെ ഗുരുവും നേതാവുമായിമാറി. അനന്തരാവകാശിയില്ലാതെ അനാഥമായ ആ നാടിൻ്റെ സിംഹാസനത്തിൽ ജനങ്ങൾ അദ്ദേഹത്തെ അവരോധിച്ചു. സന്യാസിമാർ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറയുന്ന വിഡ്ഡി കൂശ്മാണ്ഡങ്ങൾ ഇടക്ക് "വാത്മീകീ രാമായണവും" ഉപനിഷത്തുക്കളും വായിക്കുന്നത് നന്നായിരിക്കും. 

ഭഗീരഥൻ വീണ്ടും രാജാവായ വിവരം അയോദ്ധ്യാവാസികൾ അറിഞ്ഞു. രാജാവും മന്ത്രിമാരും പരിവാരങ്ങളോടെ അദ്ദേഹത്തെ കാണുവാനെത്തി. അവരുടെ നിരന്തരനിർബന്ധങ്ങൾക്കുമുന്നിൽ അദ്ദേഹത്തിന് തോൽവി സമ്മതിക്കേണ്ടിവന്നു. ഭഗീരഥൻ വീണ്ടും അയോദ്ധ്യയുടെ രാജാവായി.

പഴയൊരു കടം വീട്ടാനുണ്ട്. തലമുറകളായി കൈമാറിക്കിട്ടിയ ബാദ്ധ്യത. സഗരപുത്രന്മാരായ അറുപതിനായിരം പൂർവ്വികരുടെ ആത്മാക്കൾ മോക്ഷം കിട്ടാതെ അലയുന്നു. ആകാശ ഗംഗയെ ഭൂമിയിലെത്തിക്കാനെന്താണൊരുവഴി. ഭഗീരഥൻ ആലോചിച്ചു.

ഗംഗാദേവിയെ തപസ്സുചെയ്യുക തന്നെ.

വീണ്ടും ഭരണം മന്ത്രിമാരെ ഏല്‌പിച്ച് ഭഗീരഥൻ സമുദ്രതീര ത്തുപോയി ഗംഗാദേവിയെ തപസ്സുചെയ്യാൻ തുടങ്ങി. വർഷങ്ങൾ നീണ്ട കഠിന തപസ്സിനുശേഷം ഗംഗാദേവി പ്രത്യക്ഷയായി. ഭഗീരഥൻ ആവശ്യമറിയിച്ചു.. 'അതിനാൽ ദേവി ഭൂമിയിലെത്തണം..പിതൃക്കൾക്ക് മോക്ഷം നൽകി അനുഗ്രഹിക്കണം.'

“അത്ര എളുപ്പമുള്ള കാര്യമല്ല." ഗംഗാദേവി തുടർന്നു “ഞാൻ സുരലോക വാഹിനിയാണ്. എൻ്റെ പ്രവാഹം അതിശക്തമാണ്. അത് ഭൂമിയിൽ നേരിട്ടു പതിക്കുക എന്നത് അപകടകരമാണ്. ആ കരുത്തിനെ തടഞ്ഞുനിറുത്താൻ ഭൂമീദേവിക്കാവില്ല.”

ഭഗീരഥൻ നിരാശനായി. “ഇതിനൊരു പരിഹാരവുമില്ലേ?" അദ്ദേഹം ചോദിച്ചു. “പരിഹാരമില്ലാത്തതായി ഒന്നും ഈ പ്രപഞ്ചത്തിലില്ല. ഒരു വാതിലടയുമ്പോൾ അടുത്തത് തുറക്കാൻ ശ്രമിക്കുക. പരാജയത്തിൽ തളരാതെ പരിശ്രമം തുടരുക. ഭഗവാൻ ശ്രീപരമേശ്വരൻ തന്റെ തിരുജടയിൽ എന്നെ സ്വീകരിക്കുകയാണെങ്കിൽ ഞാൻ ഭൂമിയിലേക്കു പതിക്കാം. മറ്റാർക്കും എൻ്റെ പ്രവാഹത്തെ താങ്ങാനാവില്ല. നീ പരമേശ്വരനെ ഭജിക്കുക. എല്ലാം ഭംഗിയായി നടക്കും." ഭഗീരഥനെ അനുഗ്രഹിച്ച്, ഗംഗാദേവി മടങ്ങി.

തളരാത്ത മനസ്സുമായി ഭഗീരഥൻ ശിവനെ തപസ്സു ചെയ്‌. വർഷങ്ങൾ നീണ്ട തപസ്സിനൊടുവിൽ പരമേശ്വരൻ പ്രത്യക്ഷനായി.

"നിൻ്റെ കഠിനപരിശ്രമത്തെ ഞാനഭിനന്ദിക്കുന്നു. നീ ആഗ്രഹിക്കുന്നതു നടക്കും. ഗംഗാപ്രവാഹത്തെ ശിരസ്സിൽ സ്വീകരിക്കാൻ ഞാൻ ഒരുക്കമാണ്.” ഭഗവാൻ സമ്മതമറിയിച്ചു.

മനുഷ്യനായാലും ദൈവമായാലും ചില സമയത്തു തോന്നുന്ന വക്രബുദ്ധികൾ അവരെ വല്ലാത്ത പ്രതിസന്ധിയിലാക്കും. ഗംഗാ ദേവിയുടെ മനസ്സിലുണ്ടായ ഒരു ചെറു കുസൃതി ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണമായി.

തന്റെ മുന്നിൽ ശിരസ്സുകുനിച്ചു നിൽക്കുന്ന സംഹാരമൂർത്തിയെ കണ്ടപ്പോൾ ഗംഗയ്ക്ക് തെല്ലൊരഹങ്കാരം തോന്നി. ലോകം ചുട്ടെരിക്കാൻ പോന്ന മഹാശക്തിമാൻ. മൂന്നാം തൃക്കണ്ണുള്ള മഹേശ്വരൻ. ഇതാ തൻ്റെ മുന്നിൽ വിനീത വിധേയനായി ശിരസ്സു താഴ്ത്തി നിൽക്കുന്നു. ആ ശിരസ്സു തളർത്തിയിട്ടുതന്നെ കാര്യം. ഗംഗ അതി ശക്തമായ മഹാപ്രവാഹമായി താഴെക്കു പതിച്ചു. ശിവന് കാര്യം മനസ്സിലായി. ഇതിനു മറുമരുന്നു നൽകുക തന്നെ. പരമേശ്വരൻ ഗംഗാജലമത്രയും ശിരസ്സിലേയ്ക്കാവാഹിച്ചു. ഗംഗ പ്രവഹിച്ചുകൊ ണ്ടിരുന്നു. പക്ഷെ, ജലം ജടയിൽ നിന്ന് ഭൂമിയിൽ പതിക്കുന്നില്ല.

ഗംഗയും ശിവനും തമ്മിലുള്ള ഈ മത്സരത്തിൽ ഭഗീരഥനായിരുന്നു വലഞ്ഞത്. അദ്ദേഹം വീണ്ടും ശിവനെ ഭജിച്ചുതുടങ്ങി. ഭഗീരഥന്റെ പ്രാർഥന കേട്ടില്ലെന്നു നടിക്കാൻ ശ്രീപരമേശ്വരനു സാധി ച്ചില്ല. അദ്ദേഹം ഗംഗയെ സ്വതന്ത്രയാക്കി. ഹിമാലയത്തിലെ ബിന്ദു സരസ്സിലേക്ക് ആകാശ ഗംഗ ഒഴുകിയിറങ്ങി. പിന്നെ എട്ടു ശാഖകളായി പടർന്നൊഴുകി. അതിലൊന്ന് ഭഗീരഥൻ്റെ അടുത്തേക്കു പാഞ്ഞു. ഭഗീരഥൻ പ്രാർത്ഥനാനിരതനായി ഗംഗയെ നയിച്ചു നീങ്ങി. അവർ കപിലാശ്രമം ലക്ഷ്യമാക്കി യാത്ര തുടർന്നു. ഇടയ്ക്ക് ശക്തമായ ഒഴുക്കിൽ ജാഹു എന്ന മഹർഷിയുടെ ആശ്രമം വെള്ളത്തിൽ മുങ്ങി. തപസ്സുചെയ്യുകയായിരുന്നു മഹർഷി, കോപാക്രാന്തനായ ജാഹുമഹർഷി ഗംഗയെ സ്ത‌ംഭിപ്പിച്ചു. മഞ്ഞു കട്ടകളായി ഗംഗ തണുത്തുറഞ്ഞ് ഒഴുകാനാവാതെ കിടന്നു.

ഭഗീരഥൻ മഹർഷിയുടെ കാൽക്കൽ വീണ് മാപ്പ് അപേക്ഷിച്ചു. താൻ ഇതുവരെ അനുഭവിച്ച ബുദ്ധിമുട്ടുകളും തൻ്റെ ലക്ഷ്യവുമെല്ലാം ഭഗീരഥൻ വിശദീകരിച്ചതോടെ മനസ്സലിഞ്ഞ മഹർഷി ഗംഗയ്ക്ക് വീണ്ടും യാത്രാനുമതി നൽകി. ജാഹുവിൻ്റെ അനുഗ്രഹം നേടി ഒഴുകുന്നതിനാൽ ഗംഗാനദി ഇന്നും ജാഹ്നവി എന്നറിയപ്പെടുന്നു.

ഭഗീരഥൻ, കഠിന പ്രയത്നങ്ങൾക്കൊടുവിൽ കപിലാശ്രമത്തിലെത്തി. തന്റെ പൂർവികരുടെ ഭൗതികാവശിഷ്ട‌ങ്ങൾ സുരഗംഗാ പ്രവാഹത്തിൽ ലയിപ്പിച്ച് കൃതാർത്ഥനായി. ഇന്നും അസാദ്ധ്യമാണെന്നു നാം കരുതുന്ന പലതും തങ്ങളുടെ കഠിന പ്രയത്നത്താൽ സാധിക്കുന്ന പ്രതിഭാശാലികൾ 'ഭഗീരഥ പ്രയത്നം ചെയ്യുന്നവരാണെന്ന്' നാം പറയുന്നത് മഹാനായ ഈ സൂര്യവംശ രാജാവിന്റെ ഓർമ്മയിലാണ്. ഭഗീരഥന്റെ പേരിലാണ് ഭാഗീരഥി എന്ന ഖ്യാതിയോടെ ഗംഗ ഒഴുകുന്നത്. പുണ്യവാഹിനായായ ഗംഗയിൽ നിരവധി തവണ സ്നാനം ചെയ്യാൻ എനിക്കും അവസരം ലഭിച്ചിട്ടുണ്ട് 2023 നവംബർ 3 മുതൽ 10 വരെ കാശിയിലും വാരണാസിയിലും നടന്ന സംസ്കൃതി സംസദിൽ പങ്കെടുക്കവേ ഗംഗാജലം കൊണ്ട് കാശി വിശ്വനാഥ ശിവലിംഗത്തിൽ നേരിട്ട് അഭിഷേകം ചെയ്യാനും ആ അഭിഷേക തീർത്ഥം ആശ്രമത്തിലേക്ക് കൊണ്ടുവരാനും സാധിച്ചു. ഇന്നും ഒരൽപ്പം ഗംഗാതീർത്ഥം കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിൽ ഗുരുസമാധിയിൽ സൂക്ഷിക്കുന്നു. ഇന്ന് നമ്മുടെ കേരളത്തിന് ആവശ്യമായി വന്നിരിക്കുന്ന ഒരു മഹാഗുരുവിൻ്റെ കഥ പറയാം.
  തുടരും.

പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്.
വിശ്വബ്രാഹ്മണ ശങ്കരാചാര്യ പീഠം.
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം.
പെരിയമ്പലം
ഗുരുവായൂർ
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം