രാമായണത്തിലൂടെ - 8
എത്ര കേട്ടാലും എത്ര പറഞ്ഞാലും എത്ര വായിച്ചാലും മതിവരാത്ത ഒരേയൊരു കാര്യമാണ് രാമായണം. ഇതൊരു കെട്ടുകഥയാണെന്ന് പ്രചരിപ്പിക്കുന്ന മതപരിവർത്തന തീവ്രവാദികൾക്ക് അസൂയ മാത്രമാണ്. എത്ര ശ്രമിച്ചിട്ടും ആർക്കും തകർക്കാൻ കഴിയാത്ത സനാതന ധർമ്മത്തിൻ്റെ അടിത്തറയാണ് ഭാരതത്തിൻ്റെ സംസ്കാരം വെളിപ്പെടുത്തുന്ന രാമായണം.
സൂര്യവംശത്തിലെ പ്രസിദ്ധനായൊരു രാജാവായിരുന്നു സഗരൻ. ഹരിശ്ചന്ദ്രന്റെയും ഇക്ഷ്വാകുവിൻ്റെയും വംശത്തിൽ പിറന്ന അദ്ദേഹത്തിന്റെ ജീവിതം സംഭവ ബഹുലമായിരുന്നു. ബാഹുകൻ എന്ന സുബാഹുവിന് യാദവിയിൽ ജനിച്ച പുത്രനാണ് സഗരൻ. രാജപരമ്പരയിൽ ജനിച്ചുവെങ്കിലും സഗരൻ്റെ ബാല്യകൗമാരങ്ങൾ ഔർവ്വമഹർഷിയുടെ ആശ്രമത്തിലായിരുന്നു. സുബാഹുവിന് പ്രായമേറെച്ചെന്നിട്ടും കുട്ടികൾ ഉണ്ടായില്ല. ഒട്ടനവധി പൂജകൾക്കും പ്രാർത്ഥനകൾക്കുമൊടുവിൽ പിറന്ന കുട്ടിയാണ് സഗരൻ. എന്നാൽ മകൻ്റെ മുഖം ഒരുനോക്കു കാണുവാൻ സുബാഹുവിന് ഭാഗ്യം ലഭിച്ചില്ല. വിധി പലപ്പോഴും അപ്രതീക്ഷിതമായി അമ്പുകളെയ്യുന്നു. സമ്പദ്സമൃദ്ധമായ അയോദ്ധ്യയെ ആക്രമിച്ചു കീഴടക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു, ഹേഹയരാജാവായ താലജംഘൻ.
വൃദ്ധനായ രാജാവ്, പുത്രന്മാരില്ലാതെ ദുഃഖത്തിൻ്റെ മഹാസാഗരത്തിൽ നീന്തുമ്പോൾ ശത്രുക്കൾ അതുമുതലെടുക്കുക സ്വാഭാവികം മാത്രം. താലജംഘൻ അയോദ്ധ്യ ആക്രമിച്ചു. സുബാഹു പ്രായംമറന്ന് സേനയെ നയിച്ചു മുന്നേറിയെങ്കിലും താലജംഘൻ്റെ ശക്തമായ ആക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. മരണം മുന്നിൽക്കണ്ട രാജാവ് നിറഗർഭിണിയായ പത്നിയോടൊപ്പം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു.
ഭൃഗുവംശത്തിലെ പ്രസിദ്ധനായ സന്യാസിവര്യനായിരുന്ന ച്യവനൻ്റെ പുത്രനായ ഔർവ്വൻ അക്കാലത്ത് ഹിമാലയത്തിൻ്റെ താഴ്വര യിൽ ആശ്രമം നിർമ്മിച്ച് തപസ്സുചെയ്യുന്നുണ്ടായിരുന്നു. സുബാഹു, മുനിയുടെ ആശ്രമത്തിൽ അഭയം തേടി. എന്നാൽ അധികനാൾ അവിടെ കഴിയാൻ രാജാവിന് ഭാഗ്യമുണ്ടായില്ല. ഗർഭിണിയായ പത്നിയെ ഒറ്റയ്ക്കാക്കി സുബാഹു മരണത്തിന് കീഴടങ്ങി. യാദവി, ഭർത്താവിൻ്റെ ചിതയിൽ ചാടി മരിക്കാനൊരുങ്ങിയ താണ്. ഔർവ്വമ ഹർഷിയുടെ സാന്ത്വനങ്ങൾ അവളെ അതിൽനിന്നും
പിന്തിരിപ്പിച്ചു. “മകളേ.. മരണം ഒന്നിനും പരിഹാരമല്ല. ഈ പ്രപഞ്ചത്തിൽ നാം അനുഭവിച്ചു തീർക്കേണ്ട പലതുമുണ്ട്. സുഖവും ദുഃഖവും ഒരേ മനസ്സോടെ സ്വീകരിക്കുക. നിൻ്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ നീ പ്രസവിക്കണം. അവനെ ലോകമറിയും വിധം വളർത്തണം. നാളെ അയോദ്ധ്യയുടെ ചക്രവർത്തിയാകേണ്ടവനാണവൻ. ഓർക്കുക.. ഘോരാട്ടഹാസങ്ങളോടെ രാത്രി താണ്ഡവമാടുന്നതുകണ്ട് ഭയന്നു തളരാതെ കാത്തിരിക്കുക. നാഴികകൾക്കു ശേഷം ആനന്ദകരമായ ഒരു പ്രഭാതം നമുക്ക് കാണാനാവും..”
ചില വാക്കുകൾ നമ്മെ, നിരാശയുടെ സാഗരത്തിൽ നിന്നു കര കയറ്റുന്ന തോണികളായിത്തീരും. ഔർവ്വൻ്റെ വാക്കുകൾ അവളുടെ മനസ്സിൽ ധൈര്യവും പ്രതീക്ഷയും നിറച്ചു. മാസങ്ങൾക്കു ശേഷം യാദവി ഒരാൺകുഞ്ഞിനെ പ്രസവിച്ചു. മുനി അവന് സഗരൻ എന്നു നാമകരണം ചെയ്തു.
പിതൃനിർവിശേഷമായ ലാളനയോടെ ഔർവൻ അവനെ വളർത്തി. താൻ ഒരു മുനികുമാരനാണെന്ന ധാരണയോടെ അവൻ വളർന്നുവന്നു. ഒരിക്കൽ പിതാവിനെയോർത്തു കരയുന്ന അമ്മയോട് അവൻ കാര്യങ്ങളന്വേഷിച്ചു. എല്ലാം കേട്ടറിഞ്ഞതോടെ സഗരനിലെ സൂര്യവംശരക്തം തിളച്ചു. അയോദ്ധ്യയിലേക്കു മടങ്ങണം. നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം. ആ കൗമാരക്കാരൻ്റെ മനസ്സിൽ തീരുമാനങ്ങളുടെ കനലുകൾ തിളങ്ങി.
താലജംഘന്റെ ദുർഭരണത്തിൽ രോഷംപൂണ്ടു കഴിയുകയായിരുന്നു കോസലരാജ്യത്തെ ജനങ്ങൾ. പ്രഭുക്കന്മാരും നാടുവാഴികളും സേനാപതികളും അയോദ്ധ്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സംഘടിച്ചു. അവർ കുലഗുരുവായ വസിഷ്‌ഠനെ ചെന്നു കണ്ടു. സുബാഹു മരണമടഞ്ഞുവെന്നും പുത്രനായ സഗരൻ ഔർവ്വൻ്റെ ആശ്രമത്തിൽ വളരുന്നുവെന്നും മുനി അറിയിച്ചതോടെ അവർ ആവേശഭരിതരായി ആശ്രമത്തിലെത്തി.
ജനങ്ങൾ തന്നിലർപ്പിച്ചിരിക്കുന്ന പ്രതീക്ഷകളും വിശ്വാസവും സഗരനിലെ രാജാവിനെ ഉണർത്തി. അദ്ദേഹം സേനകളുടെ നേതൃത്വമേറ്റെടുത്തു. താലജംഘനോട് പ്രതികാരം ചെയ്യാൻ തക്കംപാർത്തിരുന്ന അയൽനാടുകളും അവർക്കൊപ്പം ചേർന്നതോടെ സഗരൻ സേന, കടൽപോലെ വിസ്‌തൃതമായി. അവർ ശക്തമായ ആക്രമണം നടത്തി മുന്നേറി, താലംജംഘനെ കീഴടക്കി. സഗരൻ അയോദ്ധ്യയുടെ ചക്രവർത്തിയായി.
കാലം കടന്നു പോയി. സഗരൻ്റെ വിവാഹം കഴിഞ്ഞു. സുമതി, കേശിനി എന്നീ രണ്ടു ഭാര്യമാരുണ്ടായിരുന്നു സഗരന്. എന്നാൽ അച്ഛനെപ്പോലെ പുത്രഭാഗ്യത്തിനായി ഏറെനാൾ കാത്തിരിക്കേണ്ടി വന്നു അദ്ദേഹത്തിനും. ഹിമവാൻ്റെ താഴ്വരയിൽ വന്ദ്യവയോധികനായ ഭൃഗുമഹർഷി തപസ്സിരിക്കുന്നുണ്ടെന്നും പത്നിമാരോടൊപ്പം അവിടെയെത്തി മുനിയുടെ പാദപൂജചെയ്‌താൽ ഇതിനൊരു പരിഹാരമുണ്ടാകുമെന്നും വസിഷ്‌ഠ മഹർഷി ഉപദേശിച്ചു. സഗരൻ ഹിമാലയത്തിലേക്കു യാത്രയായി.
അയോദ്ധ്യയുടെ ചക്രവർത്തിയും റാണിമാരും മഹർഷിയുടെ പരിചാരകരായി ആശ്രമത്തിൽ കഴിഞ്ഞു. വർഷങ്ങൾക്കുശേഷം മുനി തപസ്സിൽ നിന്നുണർന്നു. സഗരൻ്റെ പൂജകളിൽ സംപ്രീതനായ മഹർഷി അവരെ അനുഗ്രഹിച്ചു. “നിങ്ങൾക്ക് പുത്രഭാഗ്യമുണ്ടാകും. പക്ഷെ...” മുനി പാതിയിൽ നിറുത്തിയതോടെ രാജാവിന് ആശങ്ക തോന്നി.
“നിൻ്റെ രണ്ടു ഭാര്യമാർക്കും കുട്ടികളുണ്ടാവും. ഒരാൾക്ക് ഒരു കുട്ടിയും മറ്റേയാൾക്ക് അറുപതിനായിരം കുട്ടികളും. “മുനി തുടർന്നു. ആ ഒരു മകനിലൂടെ, സൂര്യവംശം നിലനിൽക്കും". മഹർഷിയുടെ വാക്കുകളിൽ, വരാനിരിക്കുന്ന എന്തൊക്കെയോ സംഭവങ്ങളുടെ സൂചനയുണ്ടായിരുന്നു. മുനിയെ വന്ദിച്ച് രാജാവ് പത്നിമാരോടൊപ്പം അയോദ്ധ്യയിലേക്കുമടങ്ങി.
രണ്ടു റാണിമാരും ഗർഭവതികളായി. മാസങ്ങൾ കടന്നുപോയി. കേശിനിക്ക് ഒരാൺകുഞ്ഞു പിറന്നു. സുമതിയ്ക്കു ജനിച്ചത് ഒരു വലിയ മാംസപിണ്ഡമായിരുന്നു. അറുപതിനായിരം കുട്ടികൾ ജനിക്കുമെന്നു പറഞ്ഞ മുനിയുടെ വാക്കു ഫലിച്ചില്ലല്ലോ എന്ന് ദുഃഖിച്ചിരിക്കുന്ന രാജാവിനുമുന്നിൽ ഭൃഗുമുനി പ്രത്യക്ഷനായി. “മകനെ... സങ്കടം വേണ്ട. ഈ മാംസപിണ്ഡം ഏഴുനാൾ സൂക്ഷിക്കുക. ഏഴാം നാൾ ഇതിൽനിന്ന് അറുപതിനായിരം പുത്രന്മാർ പിറക്കും.” മുനി രാജാവിനെ ആശ്വസിപ്പിച്ചു.
ഏഴാംനാൾ സഗരന് അറുപതിനായിരം കുട്ടികൾ പിറന്നു. കേശിനിക്ക് പിറന്ന ഏകമകൻ അസമഞ്ജസ് എന്ന പേരിൽ വളർന്നു വന്നു. ചെറുപ്പം മുതൽക്കുതന്നെ ക്രൂരതയുടെ പര്യായമായിട്ടാണ് അവൻ വളർന്നത്. സഹജീവികളോട് തെല്ലും സ്നേഹമില്ലാത്ത പ്രകൃതം. സുമതിയുടെ കുട്ടികളെ അകാരണമായി ഉപദ്രവിക്കുക. അവരെ സരയു നദിയിലേക്കെടുത്തെറിഞ്ഞ് അതു കണ്ടുരസിക്കുക തുടങ്ങിയവയായിരുന്നു, അസമഞ്ജസിൻ്റെ വിനോദങ്ങൾ.
യൗവ്വനത്തിലെത്തിയിട്ടും അവൻ്റെ സ്വഭാവത്തിൽ മാറ്റമുണ്ടാ യില്ല. വിവാഹിതനായാൽ ഒരുപക്ഷെ എന്തെങ്കിലും വ്യത്യാസമുണ്ടാവുമെന്ന് കരുതിയ പിതാവിനു തെറ്റി. അസമഞ്ജസിന്റെ ഭാര്യയായിത്തീർന്ന വിദർഭത്തിലെ രാജകുമാരിക്ക് ഇയാളുടെ ക്രൂരപീഡനങ്ങളേറ്റ് കണ്ണീരുകുടിക്കാനായിരുന്നു വിധി. ഒടുവിൽ ഒരു കുഞ്ഞിനു ജന്മം നൽകി അവൾ മരണമടഞ്ഞു. ജനങ്ങളുടെയും ബന്ധുമിത്രാദികളുടെയും വെറുപ്പു മാത്രം സമ്പാദിച്ച് അസമഞ്ജസ് ജീവിച്ചു. സഗരരാജാവിനു മുന്നിൽ പരാതിക്കാരുടെ പ്രവാഹമായിരുന്നു എന്നും. ഒടുവിൽ പുത്രനെ നാടുകടത്താൻ അദ്ദേഹം തീരുമാനിച്ചു. പെരുമ്പറകൊട്ടി, വിളംബരം ചെയ്‌ത്, യുവരാജാവായ അസമഞ്ജസിനെ അയോദ്ധ്യയിൽ നിന്നും നാടുകടത്തി.
അസമഞ്ജസിൻ്റെ പുത്രനായ അംശുമാൻ ബുദ്ധിയും ശക്തിയും സമന്വയിച്ച അപൂർവ്വ പ്രതിഭാശാലിയായിരുന്നു. അയോ ദ്ധ്യയുടെ യുവരാജാവായി അംശുമാൻ അംഗീകരിക്കപ്പെട്ടു തുടങ്ങി. ആയിടക്കാണ് സഗരൻ അശ്വമേധം നടത്താൻ തീരുമാനിച്ചത്. യാഗാശ്വത്തോടൊപ്പം അതിൻ്റെ കാവൽക്കാരനായി സഞ്ചരിച്ചത് അംശുമാനായിരുന്നു.
സഗരന്റെ ഖ്യാതി നാൾക്കുനാൾ വർധിച്ചുവരുന്നതിൽ അസൂയാലുവായിരുന്നു ഇന്ദ്രൻ. അശ്വമേധം കൂടി നടത്തിയാൽ സഗരന്റെ യശസ്സ് വിണ്ണുലകത്തിലുമെത്തും എന്നറിഞ്ഞ ഇന്ദ്രൻ യാഗാശ്വത്തെ മോഷ്‌ടിച്ച് കടന്നുകളഞ്ഞു. അംശുമാന് നിരാശയായി. അയാൾ, കുനിഞ്ഞ ശിരസ്സോടെ കൊട്ടാരത്തിലേക്ക് മടങ്ങി. വിവിരമറിഞ്ഞ സഗരൻ തന്റെ അറുപതിനായിരം പുത്രന്മാരെയും ഇതിനായി നിയോഗിച്ചു.
സഗരപുത്രന്മാർ നാടുനീളെ അലഞ്ഞെങ്കിലും യാഗാശ്വത്തെ കണ്ടെത്താനായില്ല. കാടുംമേടുകളും കടന്ന് അവർ പാതാളലോകത്തെത്തി. അവിടെ തപസ്സമാധിസ്ഥനായ കപിലമഹർഷിയുടെ ആശ്രമത്തിനുമുന്നിൽ യാഗാശ്വത്തെ കണ്ടെത്തി. ഭൂമിയിൽ ഏകാഗ്രമായ ധ്യാനം അസാദ്ധ്യമായതിനാൽ പാതാളലോകത്തെ ഈ നിശ്ശബ്ദമേഖലയിൽ വന്നിരിക്കുകയാണ് കപിലമുനി.
വിശ്വബ്രഹ്മപുത്രനായ കർദ്ദമപ്രജാപതിക്ക് സ്വായംഭുവമനുവിന്റെ മകളായ ദേവഹുതിയിൽ ജനിച്ച മഹാതപസ്വിയാണ് കപിലൻ. ബ്രഹ്മാണ്ഡപുരാണമനുസരിച്ച് കപിലമഹർഷി മഹാവിഷ്‌ണുവിൻ്റെ ഉപാവ താരമാണ്. സ്വച്ഛന്ദം തപസ്സുചെയ്യാൻ തെരഞ്ഞെടുത്ത സ്ഥലത്ത് അറുപതിനായിരം പേരുടെ ആരവങ്ങളുയർന്നപ്പോൾ മുനിയുടെ തപസ്സിനു ഭംഗം നേരിട്ടു. അദ്ദേഹം മിഴികൾ തുറന്നു.
കുതിരയെ അഴിച്ച് ആഹ്ളാദാരവരങ്ങളോടെ തിരിഞ്ഞുനടക്കുന്ന സഗരപുത്രന്മാർ അറുപതിനായിരം പേരും ആ തീക്കണ്ണുകളിൽ നിന്നുയർന്ന കോപത്തിൽ വെന്തുചാമ്പാലായി.
മാസങ്ങൾ കടന്നുപോയി. കുതിരയെ തേടിപ്പോയ പുത്രന്മാരെക്കുറിച്ച് ഒരറിവും കിട്ടാതെ ദുഃഖിതനായ അയോദ്ധ്യാധിപൻ മകനായ അംശുമാനോട്, എങ്ങനെയെങ്കിലും അവരെക്കണ്ടെത്തണമെ ന്നാവശ്യപ്പെട്ടു. അംശുമാൻ പിതൃ സഹോദരന്മാരെത്തേടിയിറങ്ങി.
പാതാളലോകത്താണ് ആ യാത്ര അവസാനിച്ചത്. അംശുമാൻ കപിലമഹർഷിയുടെ ആശ്രമത്തിലെത്തി. അവിടെ തന്റെ യാഗാശ്വത്തെ കണ്ടെത്തി. പിതൃസഹോദരന്മാർക്ക് എന്തു സംഭവിച്ചു എന്നറിയില്ല. ധ്യാനത്തിലിരിക്കുന്ന മുനിയെ ഉണർത്താനുമാവില്ല. പെട്ടെന്നാണയാൾ മലപോലെ കൂടിക്കിടക്കുന്ന ചാരം കണ്ടത്. ഇത്രയധികം ചാരം ഇവിടെയെങ്ങനെവന്നു? കാട്ടുതീ ഉണ്ടായ ലക്ഷണമൊന്നും കാണുന്നുമില്ല.
ചിന്താഭരിതനായി നിൽക്കുന്ന അംശുമാൻ്റെ മുന്നിൽ പക്ഷി രാജനായ ഗരുഡൻ വന്നെത്തി.
"രാജകുമാരാ.. സംശയം വേണ്ട. ഇത് നിൻ്റെ ബന്ധുക്കളുടെ ചാരം തന്നെയാണ്. അവർ കപിലമഹർഷിയുടെ കോപാഗ്നിയിൽ വെന്തുചാമ്പലായി മാറി." ഗരുഡൻ അറിയിച്ചു.
"എൻ്റെ പിതൃക്കളുടെ ഉദകക്രിയ ചെയ്യണം. അടുത്തെവിടെയാണ് നദിയുള്ളത്?" അംശുമാൻ ചോദിച്ചു.
"കുമാരാ...ഇവർ മരിച്ചത് വിഷ്‌ണുഭഗവാന്റെ അംശാവതാരമായ കപില മഹർഷിയുടെ ക്രോധാഗ്നിയാലാണ്. അതിനാൽ സാധാരണ നദിയിലെ ജലം കൊണ്ട് ഉദകക്രിയ ചെയ്‌താൽ ഇവരുടെ ആത്മാക്കൾക്ക് മോക്ഷം കിട്ടുകയില്ല. ഇവർക്ക് സ്വർഗ്ഗപ്രാപ്‌തി ഉണ്ടാകണ മെങ്കിൽ ദേവഗംഗയുടെ സ്‌പർശം തന്നെ വേണം" ഗരുഡൻ പറഞ്ഞു.
സ്വർഗ്ഗലോകത്തുകൂടിയാണ് ഗംഗയൊഴുകുന്നത്. ആ പുണ്യനദിയിലെ ജലം സാധാരണ മനുഷ്യർക്ക് അപ്രാപ്യമാണ്. ഈ ചുടലച്ചാമ്പൽ സ്വർഗ്ഗത്തിലെത്തിക്കാനാവില്ല. സ്വർഗംഗയുടെ ജലം ഇങ്ങോട്ട് കൊണ്ടുവരാനും കഴിയില്ല. നിരാശനായ അംശുമാൻ യാഗാശ്വത്തെയുംകൂട്ടി അയോദ്ധ്യയിലേക്കു മടങ്ങി.
അശ്വമേധം പൂർത്തിയാക്കിയെങ്കിലും സഗരൻ്റെ മനസ്സ് കലുഷമായിരുന്നു. ഭൃഗുമഹർഷിയുടെ വാക്കുകൾ അദ്ദേഹമോർത്തു. അറുപതിനായിരം മക്കളിലൂടെയല്ല അസമഞ്ജസ് എന്ന ഒരൊറ്റ മകനിലൂടെയാണ് തൻ്റെ വംശം നിലനിൽക്കുക എന്ന് ത്രികാലജ്ഞാനിയായ മുനി മനസ്സിലാക്കിയിരുന്നു.
അംശുമാനെ ഭരണമേൽപ്പിച്ച് സഗരമഹാരാജാവ് അധികം വൈകാതെ മരണമടഞ്ഞു. "എങ്ങനെയെങ്കിലും പിതൃസഹോദരന്മാരുടെ ആത്മാവിനു മോക്ഷം കിട്ടണം. ഗംഗാജലം ഭൂമിയിലെത്തിച്ചാൽ മാത്രമേ അതു സാധിക്കൂ." മരിക്കുന്നതിനുമുമ്പ് സഗരൻ പറഞ്ഞു.
എന്നാൽ മുത്തശ്ശൻ്റെ ആഗ്രഹം സഫലമാക്കാൻ അംശുമാന് കഴിഞ്ഞില്ല. അംശുമാൻ്റെ പുത്രന്മാർക്കും പൗത്രനായ ദിലീപനും അതിനു സാധിച്ചില്ല. എന്നാൽ ഒരാൾക്കതിനു സാധിച്ചു. അസാദ്ധ്യമായി ഒന്നുമില്ലെന്നും, കഠിനപരിശ്രമം ചെയ്‌താൽ എത്ര ദുഷ്കരമായ പ്രവൃത്തിയും സാദ്ധ്യമാക്കാമെന്നും നമ്മെ പഠിപ്പിക്കുന്ന സംഭവ പരമ്പരകളാണ് പിന്നീടരങ്ങേറിയത്. സഹസ്ര വർഷങ്ങൾക്കിപ്പുറവും കഠിനപരിശ്രമം എന്നതിൻ്റെ പര്യായമായി നാം പറയുന്ന ഒരു പദമുണ്ട് ഭഗീരഥപ്രയത്നം. അതെ.. ആ ഭഗീരഥൻ്റെ കഥ നാളെ എഴുതാം.
ഗുരുപാദ സേവയിൽ
ദണ്ഡിസ്വാമി പീഠാധീശ്വർ
വിശ്വ ബ്രഹ്മണ ശങ്കരാചാര്യ പീഠം.
പെരിയമ്പലം
ഗുരുവായൂർ
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ