രാമായണത്തിലൂടെ - 7
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ....
ഇന്ന് തൃപ്രയാറിനടുത്ത് ചാഴൂർ ശ്രീമഠത്തിൻ്റെ ആദ്യ വാർഷികമാണ്. പൂജനീയ തന്ത്രി ശേഷ്ഠനും ജ്യോതിഷിയുമായ ശ്രീകുമാർ ജിയുടെ ക്ഷണം സ്വീകരിച്ച് രാവിലെ 9.30 ആകുമ്പോൾ അവിടെയെത്തും. വട്ടേക്കാട് ശ്രീരുദ്ര മഹായാഗത്തിലൂടെ ലോക പ്രശസ്തനായ യുവ താന്ത്രിക ആചാര്യൻ, ബ്രഹ്മശ്രീ: ഡോ. അശ്വനിദേവ് തന്ത്രികൾ തുടങ്ങി നിരവധി ശ്രേഷ്ഠന്മാർ എത്തുന്നുണ്ട്. സിനിമാ സീരിയൽ രംഗത്തെ കലാപ്രതിഭകളും എത്തിച്ചേരുന്നു. തത്സമയ ദൃശ്യങ്ങൾ https://www.facebook.com/sadhu.krishnanandhasaraswathy?mibextid=ZbWKwL എന്ന fb പ്രൊഫൈലിൽ കാണാം.
തത്കാലം ഇപ്പോൾ നമുക്ക് രാമായണ കഥാ യാത്ര പുനരാരംഭിക്കാം. വിശ്വാമിത്ര മഹർഷിയോടൊപ്പം സിദ്ധാശ്രമത്തിൻ്റെ പുണ്യഭൂമിയിൽ എത്തിയ രാമലക്ഷ്മണന്മാരോടൊപ്പം നമുക്കും യാഗരക്ഷക്കായി കാവൽ നിൽക്കാം.
പിറ്റേന്നു പ്രഭാതത്തിൽ വിശ്വാമിത്രൻ യാഗദീക്ഷ ഏറ്റുവാങ്ങി ധ്യാനത്തിലമർന്നു. ഇനി ആറുദിവസക്കാലം കഠിനമായ വ്രതമാണ്. ഏഴാംനാൾ പ്രഭാതത്തിൽ യാഗം ആരംഭിക്കും.
രാമലക്ഷ്മണന്മാർ ആയുധധാരികളായി ആശ്രമകവാടത്തിൽ നിലയുറപ്പിച്ചു. ആറുദിവസങ്ങൾ കടന്നുപോയി. ഏഴാം നാൾ ബ്രാഹ്മ മുഹൂർത്തത്തിനു മുമ്പുതന്നെ വിശ്വാമിത്രൻ ധ്യാനത്തിൽ നിന്നുണർന്നു.
മഹായാഗം തുടങ്ങുകയായി. അഗ്നി ജ്വലിപ്പിച്ചു. മന്ത്രങ്ങൾ മുഴങ്ങി. നൂറുനൂറു കണ്ഠങ്ങളിൽനിന്ന് വേദമന്ത്രധ്വനികൾ ഉയർന്ന്, ആ യാഗഭൂമിയെ മുഖരിതമാക്കി. രാമലക്ഷ്‌മണന്മാർ ജാഗരൂകരായി കാവൽനിന്നു. പെട്ടെന്നാണ് ദിക്കുകളെട്ടും മുഴങ്ങുന്ന അട്ടഹാസങ്ങൾ കേട്ടത്.
"അതാ അവർ പാഞ്ഞെടുക്കുന്നു. ഉടനെ എന്തെങ്കിലും ചെയ്യുക." ഋത്വിക്കുകളിലൊരാൾ നിർദേശിച്ചു.
രാമൻ ഞാണൊലി മുഴക്കി, അമ്പുതൊടുത്തു കാത്തുനിന്നു. അപ്പോൾ താടകാപുത്രന്മാരായ മാരീചനും സുബാഹുവും പിന്നെ നൂറുകണക്കിനുവരുന്ന അനുചരന്മാരും ആശ്രമത്തിലേക്കു പാഞ്ഞടുത്തു.
പിന്നെ, രാമബാണങ്ങൾ മഴയായിപ്പൊഴിയുകയായിരുന്നു. ആശ്രമത്തിനുചുറ്റും നിശ്ചിത ദൂരത്തിൽ രക്തംവീണ് അശുദ്ധമായിക്കൂടാത്തതിനാൽ അകലെയെത്തുമ്പോൾതന്നെ അവർ വധിക്കപ്പെടണം എന്ന് തീരുമാനിച്ചിരുന്നു.
രാക്ഷസന്മാരിലൊരാൾക്കുപോലും ആശ്രമമുറ്റത്തേക്ക് കടക്കാൻ സാധിച്ചില്ല. നാഴികകൾക്കുള്ളിൽ രാക്ഷസപ്പട ചിതറിയോടി. പലരും പുഴയിൽ ചാടി നീന്തിരക്ഷപ്പെട്ടു. സുബാഹു ഒരു വലിയ മരക്കമ്പുമായി രാമനുനേരേ പാഞ്ഞടുത്തു. രാമൻ സാവധാനം ഒരമ്പു കൈയിലെടുത്തു. അവൻ്റെ പദവേഗം കണക്കുകൂട്ടി അമ്പ് ഞാണിൽ തൊടുത്ത് എയ്‌തുവിട്ടു. മാറിൽ തറച്ച രാമശരത്തിൻ്റെ ആഘാതത്തിൽ ഒന്നലറിക്കരയാൻ പോലും സാധിക്കാതെ സുബാഹു മരിച്ചുവീണു.
മാരീചൻ, വീണുകിടക്കുന്ന സഹോദരനെ നോക്കി. പിന്നെ, നിസ്സംഗഭാവത്തിൽ അടുത്ത അമ്പ് കൈയിലെടുക്കുന്ന ബാലകനായ രാമനെയും. ഇനി ഇവിടെ നിൽക്കുന്നത് ബുദ്ധിയല്ല. അമാനുഷശക്തിയുള്ള ഒരുവനെയാണ് വിശ്വാമിത്രൻ യാഗരക്ഷയ്ക്കായി കാവൽ നിറുത്തിയിരിക്കുന്നത്. മാരീചൻ ഒരു മരത്തിനു പിന്നിലൊളിച്ചു.
രാമൻ തുരുതുരാ ശരങ്ങളെയ്‌തതോടെ മരം മുറിഞ്ഞുവീണു. മാരീചൻ, ഇടതൂർന്നു നിൽക്കുന്ന വനവൃക്ഷങ്ങൾക്കിടയിലൂടെ പ്രാണ രക്ഷാർഥം ഓട്ടം തുടങ്ങി. ഒടുവിൽ അവനും നദിയിൽച്ചാടി എവിടേയ്ക്കോ രക്ഷപ്പെട്ടു.
യാഗം സമംഗളം പൂർത്തിയായി. വിശ്വാമിത്ര മഹർഷി കുട്ടികളെ അനുഗ്രഹിച്ചു. “ഉണ്ണീ... നിങ്ങൾ മഹത്തായൊരു കാര്യമാണ് ചെയ്തത്. കാലമേറെയായി മുനിവൃന്ദത്തെയാകെ ദ്രോഹിച്ചുകൊണ്ടിരുന്ന രാക്ഷസന്മാരെ നിങ്ങൾ തുരത്തിയിരിക്കുന്നു. എങ്കിലും കടമകൾ ഇനിയും ബാക്കിയാണ്. ലോകത്തെയാകമാനം ഭീതിയിലാഴ്ത്തുന്ന രക്ഷോവർഗം നമുക്കുചുറ്റും ഇപ്പോഴുമുണ്ട്. അവരെയെല്ലാം തോല്പിക്കാൻ നിങ്ങൾക്കാകട്ടെ."
രാമലക്ഷ്‌മണന്മാർ ഭക്ത്യാദരങ്ങളോടെ വിശ്വാമിത്രനേയും മറ്റുമുനിമാരെയും വണങ്ങി. ആ കാനനഭംഗിയാസ്വദിച്ച് അവരുടെ അതിഥികളായി കുറച്ചുദിവസങ്ങൾ താമസിച്ചു. പിന്നീടവർ ജനകൻ്റെ രാജ്യമായ മിഥിലയിലേയ്ക്ക് പുറപ്പെട്ടു.
മിഥിലാപുരി.
ഉത്തരഭാരതത്തിലെ പ്രസിദ്ധങ്ങളായ ജനപദങ്ങളിലൊന്ന്. വിദേഹമെന്നും ഈ രാജ്യത്തിന് പേരുണ്ട്. ദേവീഭാഗവതത്തിലെ ഒരുകഥകൂടി ചേർത്തുവായിക്കുമ്പോഴേ ഈ മിഥിലാചരിതം പൂർണമാകുകയുള്ളു.
ദശരഥന്റെയും ജനകൻ്റെയും മുതുമുത്തശ്ശന്മാർ സഹോദരങ്ങളായിരുന്നു. സൂര്യവംശത്തിലെ പ്രസിദ്ധനായ ചക്രവർത്തിയായ ഇക്ഷ്വാകുവിന് മൂന്ന് പുത്രന്മാരുണ്ടായിരുന്നു. ദണ്ഡൻ, നിമി, വികുക്ഷി എന്നിവർ. ഇതിൽ വികുക്ഷിയുടെ പരമ്പരയിലാണ് മഹാന്മാരായ ത്രിശങ്കുവും ഹരിശ്ചന്ദ്രനും ഭഗീരഥനുമൊക്കെ പിറന്നത്. സഹോദരനായ നിമിയുടെ പരമ്പരയിൽ പിറന്ന രാജാവാണ് ജനകൻ. വിദേഹം എന്ന വംശത്തിലായിരുന്നു ജനകന്റെ ജനനം. ഈ വിദേഹം എന്നപേര് എങ്ങനെയാണുണ്ടായത് എന്നു കേട്ടാൽ അത്ഭുതപ്പെടും
ഇക്ഷ്വാകുവിൻ്റെ പുത്രനായ നിമി ഒരിക്കൽ വസിഷ്ഠ മഹർഷിയുടെ ആശ്രമത്തിലെത്തി. ഒരു യാഗത്തിന് മുഖ്യ കാർമ്മികത്വം വഹിക്കാനായി മഹർഷിയെ ക്ഷണിക്കുക എന്നതായിരുന്നു ആഗമനോദ്ദേശം. മറ്റൊരു യാഗം തുടങ്ങിപ്പോയി. അതിനാൽ അത് പൂർത്തിയാകുന്നതുവരെ കാത്തിരിക്കണം എന്ന് മഹർഷി അറിയിച്ചു. നിമി മറുപടിയൊന്നും പറയാതെ മടങ്ങിപ്പോയി. താൻപറഞ്ഞത് അംഗീകരിച്ചാണ് നിമി പോയത് എന്ന് വസിഷ്‌ഠനും കരുതി. യാഗം പൂർത്തിയാക്കി മാസങ്ങൾക്കുശേഷം വസിഷ്ഠൻ നിമിയുടെ കൊട്ടാരത്തിലെത്തി.
തനിക്കുവേണ്ടി കാത്തിരിക്കുമെന്നു കരുതിയ നിമി, ഗൗതമ മഹർഷിയെക്കൊണ്ട് യാഗം നടത്തിക്കുന്നതാണ് വസിഷ്‌ഠൻ കണ്ടത്. അദ്ദേഹത്തിനു കോപം വന്നു. "യാഗാനന്തരം നീ ദേഹമില്ലാത്തവനാകട്ടെ” എന്ന ശാപവും നല്കി വസിഷ്‌ഠൻ മടങ്ങിപ്പോയി.
യാഗം പൂർത്തിയായതോടെ നിമിയുടെ ശരീരം നഷ്ടമായി. ഗൗതമാദികളായ മഹർഷിമാർ കൂടിയാലോചന നടത്തി. ദേഹി വേർപെട്ട നിമിയുടെ ശരീരം അവർ തൈലത്തോണിയിൽ സൂക്ഷിച്ചു. വംശം നശിക്കാതിരിക്കാൻ നിമിയുടെ ആത്മാവിനെ മഥനംചെയ്ത് അതിൽനിന്ന് ഒരു പുത്രനെ സൃഷ്ടിച്ചു.
ദേഹമില്ലാത്തവൻ്റെ വംശം വിദേഹമെന്നപേരിൽ അറിയപ്പെട്ടു. മഥനം ചെയ്തു പിറന്ന പുത്രന് മിഥിജനകൻ എന്ന് നാമകരണം ചെയ്തു. മിഥിയുടെ വംശത്തിൽ പിറന്നവർക്കെല്ലാം ജനകൻ എന്ന സ്ഥാനപ്പേരും നൽകപ്പെട്ടു. മിഥി സ്ഥാപിച്ച രാജ്യമാണ് മിഥിലാപുരി.
“ഇപ്പോഴത്തെ ജനകൻ്റെ പേര് സീരധ്വജൻ എന്നാണ്. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ഒരു മഹായാഗം നടക്കുന്നുണ്ട്. ഞങ്ങൾ അവിടേയ്ക്ക് പോകുന്നു. ഈ കുമാരന്മാരെയും കൂട്ടി അങ്ങും ഞങ്ങളോടൊപ്പം വരിക." മുനിമാർ വിശ്വാമിത്ര മഹർഷിയോട് അഭ്യർത്ഥിച്ചു. എങ്കിൽ അങ്ങനെയാകട്ടെ. മഹർഷി കുട്ടികളേയും കൂട്ടി മിഥിലാപുരിയിലേക്ക് പുറപ്പെട്ടു.
മിത്രങ്ങളെ, മിഥിലാപുരിയുടേയും അവിടെയുള്ള സന്യാസി ശ്രേഷ്ഠന്മാരുടേയും കഥ നമുക്ക് നാളെ കേൾക്കാം. നിങ്ങളുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നു.
തുടരും.
ഗുരുസേവയിൽ
പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്.
വിശ്വകർമ്മ ശങ്കരാചാര്യ പീഠം.
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം.
പെരിയമ്പലം.
ഗുരുവായൂർ
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ