രാമായണത്തിലൂടെ - 6
നമസ്തേ,
കഴിഞ്ഞ രണ്ട് ദിവസങ്ങളായി വിവിധ തിരക്കുകളിൽ പെട്ടുപോയി. രാമായണ കഥാസാരത്തിലേക്ക് നമുക്ക് മടങ്ങാം. താടകയെ വധിച്ച രാമലക്ഷ്മണന്മാരുടേയും, ഗുരു വിശ്വാമിത്ര മഹർഷിയുടെയും പാദങ്ങളിൽ നമുക്ക് നമസ്കരിക്കാം.
താടകയില്ലാത്ത ശാന്തമായ താടകാവനത്തിൽ, രാത്രി ഭയമറിയാതെ നിലാവൊഴുകി. കുയിലുകൾ സമാധാനത്തോടെ ഇടക്കിടെ മധുരഗീതങ്ങൾ പാടി. ആ താരാട്ടുകേട്ട് അവരുറങ്ങി. പിറ്റേന്ന് പ്രഭാതത്തിൽ മഹർഷി ഏറെ ആനന്ദത്തോടെ അവരെയും കൂട്ടി യാത്രയായി.
“ഒരു മഹത്തായ ലക്ഷ്യം നിനക്ക് നിറവേറ്റാനുണ്ട്." ത്രികാല ജ്ഞാനിയായ മുനി ഒരു പ്രവചനം പോലെ പറഞ്ഞു. “ഓരോ മനുഷ്യനും ഈ ഭൂമിയിൽ പിറക്കുന്നത് കുറെ ലക്ഷ്യങ്ങൾ ഭേദിക്കുവാൻ തന്നെയാണല്ലോ." ഒരു ചെറുചിരിയോടെ മുനി തുടർന്നു. “കാലം നിന്റെ ലക്ഷ്യങ്ങൾ കാട്ടിത്തരുന്ന തുവരെ കാത്തിരിക്കുക. ലോകമറിയുന്ന ഒരു യോദ്ധാവാകണം. അതിന് ഇപ്പോൾതന്നെ പഠനവും പരിശീലനവും തുടങ്ങണം. പൂർവാശ്രമത്തിൽ ഞാൻ ക്ഷത്രിയനായിരുന്നു. എന്നിലുള്ള ആയോധനവിദ്യകൾ നിനക്ക് പകർന്നുതരിക എന്ന ലക്ഷ്യത്തോടുകൂടിയാണ് നിർബന്ധപൂർവം ഞാൻ നിങ്ങളെ ഈ കാനനയാത്രയ്ക്കായി കൊണ്ടുവന്നത്”. മുനിയുടെ വാക്കുകൾ കുട്ടികൾ സശ്രദ്ധം കേട്ടിരുന്നു. "ദിവ്യാസ്ത്രങ്ങളും ദിവ്യായുധങ്ങളു മടക്കം അഭ്യസിക്കേണ്ട വിദ്യകൾ പലതാണ്. ദണ്ഡചക്രം, കാലചക്രം, ധർമ്മചക്രം, വിഷ്‌ണുചക്രം, ഇന്ദ്രചക്രം, വജ്രം, ശൈവശൂലം, ബ്രഹ്മശിരസ്, ഐഷികം പിന്നെ ബ്രഹ്മാസ്ത്രവും. കൂടാതെ ഗദാ യുദ്ധപാഠങ്ങളിലെ മോദകിയും ശിഖരിയും പ്രധാനം തന്നെ. ധർമ്മപാശം, കാലപാശം, വരുണപാശം, ശുഷ്‌കം, ആർദ്രം എന്നിങ്ങനെ വിദ്യകൾ വേറെയുണ്ട്. ആഗ്നേയം, വാരുണം, പാർജന്യം, വായവ്യം എന്നിങ്ങനെ അസ്ത്രവിദ്യയിൽ നീ സഞ്ചരിക്കണ്ട ദൂരങ്ങൾ ഇനിയു മേറെ. ഈ യാത്രയിൽ ഇവയെല്ലാം ഞാൻ നിനക്ക് ഉപദേശിച്ചുതരാം”.
യാത്രയുടെ ഓരോഘട്ടങ്ങളിൽ മഹർഷി, കുട്ടികൾക്ക് അസ്ത്രവിദ്യയുടെ പാഠങ്ങൾ, ദിവ്യമന്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ ഉപദേശിച്ചു. യാത്രകൾ അനുഭവങ്ങളാണ്. അറിവിന്റെ പുതിയ തീരങ്ങളിലൂടെയുള്ള സഞ്ചാരം ആനന്ദകരമാണ്. അതു നമ്മെ നിർമ്മലരാക്കുന്നു. നിരഹങ്കാരികളാക്കുന്നു.
കാലമാണെല്ലാം. മഹത്തായ ചില കർമ്മങ്ങൾക്കു വേണ്ടിയാണ് ഓരോ മനുഷ്യരും ഭൂമിയിലെത്തുന്നത്. അത് പൂർത്തിയാക്കാനാവശ്യമായ ആയുധങ്ങൾ അറിവായും ബലമായും നമുക്ക് കാലം തന്നെ തരുന്നു. ഓരോ കാരണങ്ങൾ ഇതിനുവേണ്ടി കാലം സൃഷ്ടിക്കുന്നു. അറിവുകൾ സ്വീകരിക്കുന്ന പാത്രങ്ങൾ മാത്രമാണ് നാം. നേടുന്ന അറിവുകൾ വീണ്ടും മറ്റൊരു പാത്രത്തിലേക്ക് പകരുക എന്നതാണ് നമ്മുടെ കടമ.
വിശ്വാമിത്രനെന്ന മഹാതപസ്വിക്ക്... ഇന്ദ്രാദിദേവകൾ പോലും ഭയപ്പെട്ടിരുന്ന ഉഗ്രതാപസന് വേണമെങ്കിൽ താടകയെ ഒറ്റനോട്ടത്താൽത്തന്നെ ഭസ്മമാക്കാമായിരുന്നു. തന്റെ യാഗം മുടക്കാനെ ത്തുന്ന മാരീചാദികളെ ശിലകളാക്കി മാറ്റാമായിരുന്നു. എന്നിട്ടും, കൗമാരം കടക്കാത്ത രണ്ടു കുട്ടികളെ ഇതിനായി നിയോഗിച്ചത് കാലത്തിന്റെ കേളീവിലാസം തന്നെ. രാജർഷിയായ വിശ്വാമിത്രനിലേക്ക് കാലം നിക്ഷേപിച്ച അറിവുകൾ അടുത്ത തലമുറയിൽ അർഹമായ മറ്റൊരാളിലേക്ക്. മറ്റൊരു പാത്രത്തിലേക്ക് ചൊരിയുക എന്ന വിധി അദ്ദേഹം അനുസരിക്കുന്നു.
അവർ യാത്ര തുടർന്നു. പൂർവ്വദിക്കിൽ നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന മലനിരകൾ, മഞ്ഞിൻ്റെ രജതകമ്പളം പുതച്ച് ആലസ്യത്തിലാണ്ട് ഏതോ സുന്ദരസ്വപ്‌നം കണ്ടെന്നതു പോലെ ഉറങ്ങുന്നു. മലനിരകളിൽ നിന്നൊഴുകിയിറങ്ങുന്ന നദികൾ അടിവാരത്തിൽ പൊട്ടിച്ചിരിക്കുന്നു. പെട്ടെന്ന്, ലക്ഷ്‌മണൻ എന്തോ കാഴ്ച കണ്ടിട്ടെന്നതുപോലെ നിന്നു. “ഹായ്... എന്തൊരു ഭംഗി...! നിരന്നു നിൽക്കുന്ന പൂമരങ്ങൾ". അവൻ ജ്യേഷ്‌ഠൻ്റെ തോളിൽ തൊട്ടു. രാമൻ, അവൻ കൈചൂണ്ടിയ ദിക്കിലേക്ക് നോക്കി.
ഇളം ചുവപ്പുനിറത്തിൽ പൂത്തിറങ്ങുന്ന വൃക്ഷങ്ങൾ നിരനിരയായി നില്ക്കുന്നു. ഭയാശങ്കകളില്ലാതെ തുള്ളിക്കളിക്കുന്ന ആശ്രമ മൃഗങ്ങൾ ചുറ്റിലും നിന്ന് അവരെ നോക്കുന്നു.
“ഏതാണീ പ്രദേശം..?" രാമൻ മഹർഷിയോട് ചോദിച്ചു. “ഇതാണുണ്ണീ സിദ്ധാശ്രമം.” വിശ്വാമിത്രൻ മറുപടി നല്‌കി. വീണ്ടും ഒരു കഥപറയാൻ തുടങ്ങുകയായിരുന്നു മഹർഷി.
കശ്യപപ്രജാപതിക്ക് രണ്ട് പത്നിമാരുണ്ടായിരുന്നു. ദിതിയും അദിതിയും. ഇവരിൽ ദിതിയുടെ പുത്രന്മാരാണ് ദൈത്യന്മാർ അഥവാ അസുരന്മാർ. അദിതിയുടെ പുത്രന്മാർ ദേവവർഗ്ഗവും. ബന്ധുക്കളായിരുന്നുവെങ്കിലും ദേവാസുരന്മാർ തമ്മിൽ നിരന്തരം കലഹിച്ചുകൊണ്ടിരുന്നു. ജനാധിപത്യമെന്ന കുടുംബത്തിലെ രാഷ്ട്രീയ പാർട്ടികളെപ്പോലെ.
അസുരവർഗ്ഗത്തിലെ പ്രസിദ്ധനായ രാജാവായിരുന്നു ഹിരണ്യകശിപു. മഹാവിഷ്‌ണു നരസിംഹാവതാരമെടുത്തു വധിച്ച അതേ ഹിരണ്യകശിപുതന്നെ. ഈ അസുരരാജാവിൻ്റെ മകനായിരുന്നു വിഷ്ണുഭക്തനായ പ്രഹ്ളാദൻ. പ്രഹ്ളാദൻ്റെ മകൻ വിരോചനൻ. വിരോചനപുത്രനാണ് ദാനശീലത്തിന് പേരുകേട്ട മഹാബലി. ഹിരണ്യകശിപുവിൻ്റെ മഹാസാമ്രാജ്യം പ്രഹ്ളാദനും വിരോചനനും ശേഷം ബലിയുടെ കൈകളിലെത്തിയപ്പോൾ വിസ്തൃതി തീരെ കുറഞ്ഞുകഴിഞ്ഞിരുന്നു. നാടിൻ്റെ നഷ്ടപ്രതാപം വീണ്ടെടു ക്കാൻ മഹാബലി ശ്രമങ്ങൾ തുടങ്ങിയതോടെ ആക്രമണങ്ങളും അധിനിവേശങ്ങളും തുടർക്കഥയായി. ദക്ഷിണദിക്കിലെ ജനപദങ്ങൾക്കപ്പുറത്തേക്കും അവ നീണ്ടു. വിന്ധ്യനപ്പുറത്ത് ആര്യാവർത്തവും മഹാബലിക്കു കീഴിലായി. ബലിക്ക് കപ്പം കൊടുക്കാതെ ഭരിക്കാനാവില്ല എന്ന നിലവന്നതോടെ പല രാജാക്കന്മാരും പരിഭ്രാന്തരായി ദേവേന്ദ്രനെ സമീപിച്ചു. ഇന്ദ്രസിംഹാസനവും മഹാബലിയുടെ മുന്നിൽ ആടിയുലയുകയായിരുന്നു.
എങ്ങനെയും മഹാബലിയെ തടയണം. ആയുധം കൊണ്ട് അയാളെ കീഴടക്കാനാവില്ല. തന്ത്രങ്ങൾതന്നെ ശരണം. ദേവേന്ദ്രൻ വിഷ്ണുസന്നിധിയിലെത്തി കാര്യങ്ങളെല്ലാം അവതരിപ്പിച്ചു.
“മഹാബലി ശക്തനാണ്. അതേസമയം പ്രജാവത്സലനും നന്മയുള്ളവനുമാണ്.” വിഷ്ണു തുടർന്നു. എന്തിനാണിങ്ങനെയൊ രാളെ സ്ഥാനഭ്രഷ്ടനാക്കുന്നത്?”
“ദേവവർഗ്ഗത്തിനാകെ ഭീഷണിയാണയാൾ. അസുരന്മാർ ലോകം ഭരിക്കുമ്പോൾ നന്മയെങ്ങനെയുണ്ടാവും. ബലി നല്ലവനായിരിക്കാം. പക്ഷെ അദ്ദേഹത്തിൻ്റെ പുത്രനായ ബാണാസുരൻ യൗവ്വനാരംഭത്തിൽ തന്നെ നിരന്തരം ആക്രമണങ്ങൾ നടത്തുന്നു. ഋഷിവര്യന്മാരെയും രാജാക്കന്മാരെയും വധിച്ച്, ഹിരണ്യകശിപുവിന്റെ പിൻഗാമിയാണ് താനെന്ന് തെളിയിക്കുന്നു. ഇങ്ങനെ പോയാൽ നാളെ ദേവലോകവും ഇന്ദ്രപദവും വരെ അസുരന്മാരുടെ അധീനതയിലാവും."
ഇന്ദ്രന്റെ കണ്ണീരുകണ്ട് മനസ്സലിഞ്ഞ വിഷ്‌ണു സമ്മതിച്ചു.
“പരിഹാരമുണ്ടാക്കാം. ദാനശീലനായ രാജാവിനോട് ദാനം ചോദിക്കാം.”
നർമ്മദാ നദിയുടെ പശ്ചിമതീരത്ത് മഹാബലി ഒരു യാഗം നടത്തുകയായിരുന്നു. യാഗം പൂർത്തിയാകുന്നതോടെ ബലി കൂടുതൽ ശക്തിനേടും. അസുരഗുരുവായ ശുക്രാചാര്യരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പുരോഹിതർ നദീതീരത്തെ യാഗഭൂമിയിൽ ഒത്തുകൂടിയിരിക്കുന്നു. യാഗസമാപനത്തിന് തൊട്ടുമുമ്പ് ഉയരം കുറഞ്ഞ തേജസ്വിയായ ഒരു ബ്രാഹ്മണകുമാരനവിടെ വന്നു. കമണ്ഡലുവും യോഗദണ്ഡും ഓലക്കുടയുമൊക്കെയായി ദേവചൈതന്യം സ്ഫുരിക്കുന്ന ഒരുണ്ണി സന്ന്യാസി.
“ആരാണങ്ങ്?” മഹാബലി ചോദിച്ചു. “ഇത്ര ചെറുപ്പത്തിൽത്തന്നെ സന്ന്യാസമാർഗം സ്വീകരിച്ചതെന്തിന്?”
“ഞാൻ കശ്യപഗോത്രത്തിലെ ഒരു മുനികുമാരനാണ്. തപസ്സുചെയ്യുവാൻ ഇടംതേടി നടക്കുന്നവൻ." ബാലൻ മറുപടി നല്‌കി. “ഇത്ര വിശാലമായ ഭൂമിയിൽ തപസ്സുചെയ്യാനിടം കിട്ടിയില്ലെന്നോ." ബലിക്ക് അത്ഭുതം തോന്നി.
“നന്മവിളയുന്ന ഭൂമിതേടി നടക്കുകയാണ് ഞാൻ. ഒടുവിൽ താങ്കളുടെ ഈ പുണ്യഭൂമിയിലെത്തി. എനിക്ക് മൂന്നടി മണ്ണുമതി. നിന്നുകൊണ്ടാണ് ഞാൻ തപസ്സുചെയ്യുന്നത്. അതിനുള്ള ഇടം വേണം." ബാലൻ പറഞ്ഞു.
“ആവശ്യങ്ങളുമായി വന്നവരെ ഞാനൊരിക്കലും നിരാശനാക്കിയിട്ടില്ല. മഹാബലി പറഞ്ഞു. അങ്ങേയ്ക്കാവശ്യമുള്ളത് അളന്നെടുക്കാം.
“പിന്നെ വാക്കുമാറരുത്." ബാലൻ ചിരിച്ചു.
"ബലിയുടെ വാക്കുകൾ ഹിമശൃംഗങ്ങളെക്കാൾ ഉറപ്പുള്ളതാണ്. " രാജാവ് മന്ദഹാസത്തോടെ മറുപടി നല്കി.
വിവരമറിഞ്ഞ് ശുക്രാചാര്യർ ഓടിയെത്തി.
"രാജാവേ... ഇതുചതിയാണ്. ഈ ബാലനിൽ എന്തോ ദിവ്യത്വമുണ്ട്. അങ്ങിതിൽ നിന്ന് പിന്മാറണം." ശുക്രാചാര്യർ മഹാബലിയെ തടഞ്ഞുവെങ്കിലും വൈകിപ്പോയിരുന്നു.
“പറഞ്ഞ വാക്ക് മാറ്റാനാവില്ല. വരുന്നതുവരട്ടെ." മഹാബലി മറുപടി നല്‌കി.
“ഞാൻ മൂന്നടിമണ്ണ് അളന്നെടുക്കട്ടെ?" ബാലൻ നിഷ്ക്കളങ്കമായ ചിരിയോടെ ചോദിച്ചു.
“എടുത്തോളൂ. എവിടെ വേണമെങ്കിലും." മഹാബലി മുനികുമാരന്റെ പാദങ്ങൾ കഴുകി പൂജിച്ചു.
പെട്ടെന്ന്... ആ ബാലൻ വളരാൻ തുടങ്ങി. നർമ്മദാ തീരത്തെ കൂറ്റൻ അരയാൽ വൃക്ഷങ്ങളെക്കാൾ ഉയരത്തിൽ, യാഗാഗ്നികുണ്ഠത്തിൽ നിന്നുയരുന്ന ധൂമപടലത്തിനും മുകളിലേക്ക്, വിണ്ണുയരത്തിൽ അവൻ വളർന്നു. അവൻ്റെ ശിരസ്സിൽ വെൺമേഘങ്ങൾ തൊട്ടു നില്ക്കുന്നതായി മഹാബലിക്ക് തോന്നി. ഒന്നാം പാദത്താൽ ഭൂമിയളന്നു. രണ്ടാംപാദത്താൽ സ്വർഗ പാതാളങ്ങളും.
“ഇനി... മൂന്നാമത്തെ അടി എവിടെ വയ്ക്കും രാജാവേ? സ്ഥലം കാട്ടിത്തരൂ.” ഇടിനാദം പോലെ ആകാശത്തുനിന്ന് അവന്റെ ശബ്ദം കേട്ടു. “ഇനി.. എന്റെയീ ശിരസ്സുമാത്രമേയുള്ളു. മൂന്നാമത്തെ അടി വച്ചുകൊള്ളുക." മഹാബലി നിറഞ്ഞ മനസ്സോടെ കുനിഞ്ഞിരുന്നു.
“അങ്ങാരാണ്...? കേവലം ഒരു മുനികുമാരനല്ല താങ്കളെന്ന് എനിക്കുറപ്പുണ്ട്. അവിടത്തെ പാദപതനം താങ്ങാൻ ഈ ശിരസ്സിനു കെൽപ്പില്ല. താഴ്ന്നുപോകുന്നതിനുമുമ്പ് ദയവായി അങ്ങയുടെ സ്വത്വം വെളിപ്പെടുത്തിയാലും" മഹാബലി അറിയിച്ചു.
"ഞാൻ മഹാവിഷ്‌ണുവിൻ്റെ അവതാരമായ വാമനൻ." വീണ്ടും ആ ശബ്ദം മുഴങ്ങി.
"ധന്യനായി. അടിയൻ ധന്യനായി. ആ ഭഗവത്പാദങ്ങൾ ശിരസ്സിലമരാൻ ഭാഗ്യം സിദ്ധിച്ചല്ലോ." മഹാബലി സായൂജ്യത്തോടെ വീണ്ടും ശിരസ്സുനമിച്ചു. വാമനൻ ആ ശിരസ്സിലേക്ക് പാദം സ്പർശിച്ചു. ആ നിമിഷത്തിൽ ഭൂമിപിളർന്ന് മഹാബലി താഴേക്ക് പതിച്ചു.
വിശ്വാമിത്ര മഹർഷി കഥപറഞ്ഞുനിറുത്തി. സിദ്ധാശ്രമത്തിലെ ദർഭക്കാടുകളിൽ കൊത്തിപ്പെറുക്കിനടക്കുന്ന നീലമയിലുകളെ ഉറ്റുനോക്കിക്കൊണ്ടദ്ദേഹം തുടർന്നു.
“വാമനനായി മഹാവിഷ്‌ണു ജന്മമെടുത്ത തപോവനമാണിത്. ഇവിടെയാണ് ഞാൻ ആ മഹായാഗം നടത്തുന്നത്. യാഗം മുടക്കാൻ നിശാചരവർഗം കിണഞ്ഞുശ്രമിക്കുന്നു. അവരെ തടഞ്ഞ് യാഗത്തിന് സുരക്ഷനൽകണം. അതിനാണ് നിങ്ങളെ ഞാൻ കൊണ്ടു വന്നത്.”
വേദമന്ത്രങ്ങളും അഗ്നിയും ഉയരുന്ന യാഗശാലയുടെ വിവരണവുമായി നമുക്ക് നാളെ കാണാം.
ഗുരുപാദസേവയിൽ
പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്.
വിശ്വകർമ്മ ശങ്കരാചാര്യ പീഠം.
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം.
പെരിയമ്പലം.
ഗുരുവായൂർ
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ