രാമായണത്തിലൂടെ - 5
സുകൃതികളേ, രാമായണമെന്ന മഹാകാവ്യത്തിലൂടെ നമുക്കു ലഭിക്കുന്ന ഒരു സന്ദേശം കർമ്മഫലം ആരായാലും അനുഭവിക്കേണ്ടി വരും എന്നത് തന്നെയാണ്. കര്‍മ്മഫലവും പുനര്‍ജന്മവും ഭാരതീയ ചിന്താധാരകള്‍ക്ക് ആധാരമായ ഗ്രന്ഥങ്ങള്‍, വിശ്വാസങ്ങള്‍, ആചാരവിചാരങ്ങള്‍, സങ്കല്‍പം എന്നിവയിലെല്ലാം പുനര്‍ജന്മത്തെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഈ ലോകത്തില്‍ നിലനില്‍ക്കുന്നതെല്ലാം ഒരു ചാക്രികവൃത്തിക്ക് വിധേയമാണെന്നത് ആധുനിക ശാസ്ത്രവീക്ഷണമാണ്. ജനിച്ചതിനെല്ലാം മരണമുണ്ട്. മരിച്ചതിന് ജനനവുമുണ്ട്. ജനനമരണം പോലെ എല്ലാറ്റിനും ദ്വന്ദങ്ങളുണ്ടെന്നതും വസ്തുതയാണ്. സുഖം,ദുഃഖം, ലാഭം,നഷ്ടം, ഉയര്‍ച്ച താഴ്ച, ചിരി, കരച്ചില്‍, ശരിതെറ്റ് ശാസ്ത്ര ദൃഷ്ടിയിലൂടെ വിവരിച്ചാല്‍ എല്ലാറ്റിനും ജന്മമുണ്ടെങ്കില്‍ മരണമുണ്ടെന്ന് വിവക്ഷിക്കാം. ആത്മാവ് എന്താണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് ശാസ്ത്രവും, ഉപനിഷത്തും ഒരുപോലെ പറയുന്നു. വിസ്തരിച്ചുള്ള ഒരു വിവരണം ആത്മാവിനെക്കുറിച്ച് ആര് നല്‍കിയാലും അത് ആ വ്യക്തിയുടെ വീക്ഷണമെന്നേ പറയാന്‍ കഴിയൂ. ആത്മാവ് അനന്തമായി ഈ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നു. ഇനിയും നിലനില്‍ക്കും. ഒരു ജലത്തിന്റെ കണികപോലെ, അല്ലെങ്കില്‍ ഓക്‌സിജന്റെ 'തന്മാത്ര'പോലെ എല്ലാ ജീവജാലങ്ങളിലും ദ്രവ്യമുണ്ട്. ആ ദ്രവ്യങ്ങള്‍ കര്‍മ്മഫലം അനുസരിച്ച് ഒന്നില്‍ നിലനിന്ന് പിന്നീട് മറ്റൊന്നിലേക്ക് പോകുന്നു എപ്രകാരം മനുഷ്യന്‍ ജീര്‍ണ്ണിച്ച വസ്ത്രം ഉപേക്ഷിച്ച് പുതിയത് തെരഞ്ഞെടുക്കുന്നുവോ അതുപോലെ ആത്മാവ് ജീര്‍ണ്ണിച്ച ശരീരം ഉപേക്ഷിച്ച് മറ്റൊന്നിനെ തെരഞ്ഞെടുക്കുന്നു. അതായത് ആത്മാവ് പല ശരീരങ്ങളിലായി ശാശ്വതമായി അനവധി കാലം നിലനില്‍ക്കുന്നു. കർമ്മ ഫലങ്ങൾ അനുഭവിച്ച് തീർന്ന് പരമാത്മാവില്‍ അലിഞ്ഞു ചേരുന്നതുവരെ എന്നു പറയാം.അപ്പോള്‍ ആത്മാവ് ഒരു ശരീരത്തെ ഉപേക്ഷിക്കുന്നത് മരണവും മറ്റൊന്നിനെ സ്വീകരിക്കുന്നത് ജനനവുമായിത്തീരുന്നു. ഇതിലൂടെ ആത്മാവിന് മരണമില്ലെന്നും മരണം ശരീരത്തിനാണെന്നും വ്യക്തമാകുന്നു. ശരീരം ആത്മാവിനെ കൊണ്ടു നടക്കാനുള്ള ഒരു വാഹനം മാത്രമാണ്. ഭഗവാൻ ശ്രീകൃഷ്ണന്‍ പറയുന്നു. ''ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ". ''അര്‍ജ്ജുനാ ഈ ശരീരം ക്ഷേത്രമാണെന്നറിഞ്ഞാലും". ശരീരത്തിന് സംഭവിക്കുന്നതൊന്നും ആത്മാവിനെ ബാധിക്കാറില്ല. ഏതുപോലെന്നാല്‍; വൈദ്യുതി ഉപകരണത്തിന് എന്തു സംഭവിച്ചാലും വൈദ്യുതിക്ക് ഒന്നും സംഭവിക്കുന്നില്ല. ഇനി ചിന്തിക്കേണ്ടത് ആത്മാവ് എന്തടിസ്ഥാനത്തിലാണ് മറ്റൊരു ശരീരത്തെ സ്വീകരിക്കുന്നത് എന്നാണ്. ഇവിടെ നമുക്ക് ശാസ്ത്രീയമായി പറയാവുന്ന ഒരു പ്രയോഗം 'കര്‍മ്മഫലം' എന്നാണ്. നാം ചെയ്ത കര്‍മ്മങ്ങള്‍ നന്മയായാലും തിന്മയായാലും അത് അനുഭവിച്ചേ തീരൂ. കര്‍മ്മഫലം കൈമാറാവുന്നതല്ലെന്നര്‍ത്ഥം. വിശാലമായി ചിന്തിച്ചാല്‍ പ്രകൃതിയുടെ താളാത്മകമായ നിലനില്‍പ്പ് ഒരു സൂക്ഷ്മജീവി മുതല്‍ ഈ ബ്രഹ്മാണ്ഡത്തിലെ സൂര്യഗോളംവരെയാണ്. അതിലേതിന്റേയും നിലനില്‍പ്പിന് കോട്ടം വരുത്തിയാല്‍ അത് പാപവുമാണ്. അതിന്റെ കര്‍മ്മഫലം അനുഭവിച്ചേ തീരൂ. അനുഭവിച്ചുതീരുമ്പോള്‍ അതില്‍നിന്ന് മുക്തമാകുകയും ചെയ്യും. ആത്മാവിന് കൊണ്ടുപോകാന്‍ പാപകര്‍മ്മഫലങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ ആത്മാവിന് മോക്ഷപ്രാപ്തിയായെന്നു പറയാം.പാപപുണ്യങ്ങള്‍കൊണ്ടുപോകുന്നതിനെ ഇങ്ങനെ ഉപമിക്കാം: വൈദ്യുതി എത്ര ഉയര്‍ന്ന അളവിലായാലും വൈദ്യുതി കമ്പിയില്‍ക്കൂടി പോകുമ്പോള്‍ കമ്പിക്ക് ബാധകമാകാറില്ല. സുഗന്ധമോ, ദുര്‍ഗന്ധമോ ആയാലും വായു അതു പരത്തുമ്പോള്‍ വായുവിന്റെ അസ്ഥിത്വത്തെ ബാധിക്കാറില്ല. അതേപോലെയാണ് ആത്മാവിന്റെ കാര്യവും. സഞ്ചിതം, ആര്‍ജിതം, പ്രാരബ്ധം എന്നിങ്ങനെ മൂന്നിനം കര്‍മ്മഫലങ്ങളാണുള്ളത്. കഴിഞ്ഞ ജന്മംവരെയുള്ള ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങളില്‍ അനുഭവിച്ചു തീര്‍ക്കാത്തതാണ് സഞ്ചിതകര്‍മ്മം. ഈ ജന്മത്തില്‍ ചെയ്തു കൂട്ടിയത് അഥവാ ഈ ജന്മത്തില്‍ ആര്‍ജിച്ചതാണ് ആര്‍ജ്ജിത കര്‍മ്മം. അപ്പപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്റേതാണ് പ്രാരബ്ധകര്‍മ്മം. ഇവ മൂന്നും ഈ ജന്മത്തില്‍ അനുഭവിച്ചു തീര്‍ക്കണം.
കുരുക്ഷേത്രയുദ്ധത്തിന് ശേഷം ധൃതരാഷ്ട്രർ കൃഷ്ണനോട് ചോദിച്ചു “എനിക്കു ഉള്ള 100 പുത്രന്മാരും മരിക്കുവാൻ എന്താണ് കാരണം?”
കൃഷ്ണൻ ഉത്തരം പറഞ്ഞു “50 ജന്മങ്ങൾക്ക് മുന്പ് അങ്ങൊരു വേട്ടക്കാരൻ ആയിരുന്നു. വേട്ടക്കിടയിൽ അങ്ങു അമ്പെയ്ത ഒരു കിളി പറന്നു പോയ ദേഷ്യത്തിൽ കൂട്ടിലുണ്ടായിരുന്ന 100 കിളികുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞു. അച്ഛൻ കിളി നിസ്സഹായതയോടെ ഹൃദയംപൊട്ടി അതു കണ്ടുകൊണ്ടിരുന്നു. അങ്ങനെ ഒരച്ഛന് 100 മക്കളുടെ മരണം കണ്ടുകൊണ്ടിരിക്കുവാൻ അങ്ങു കാരണമായതാണ് സ്വന്തം മക്കളുടെ മരണം കാണുന്ന വേദന അനുഭവിക്കേണ്ടി വന്നത്.”
“അങ്ങനെയോ? പക്ഷെ ഇതനുഭവിക്കാൻ 50 ജന്മങ്ങൾ കാലതാമസം ഉണ്ടാകാൻ എന്തു കാരണം?”
കൃഷ്ണൻ പറഞ്ഞു “കഴിഞ്ഞ 50 ജന്മങ്ങൾ അങ്ങു 100 പുത്രന്മാരുണ്ടാകാനുള്ള പുണ്യം നേടുകയായിരുന്നു”.
ഭഗവത് ഗീതയിൽ കൃഷ്ണൻ പറയുന്നു (4.17) – “ഗഹന കർമ്മണാ ഗതി” – കർമ്മവും കർമ്മ ഫലവും ലഭിക്കുന്ന രീതി മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഏതു കർമ്മത്തിനു ഏതു കർമ്മഫലം നൽകണം എന്നു ഭഗവാനാണ് നിശ്ചയിക്കുന്നത്. ചിലപ്പോ കർമ്മഫലം ഈ ജന്മത്തിൽ അനുഭവിച്ചു തീർക്കാം, ചിലപ്പോ വരും ജന്മങ്ങളിലും. അതിനുള്ള മറ്റൊരു ഉദാഹരണമാണ് രാമായണത്തിലെ ദശരഥ മഹാരാജാവിൻ്റെ കഥ.
പുത്രഭാഗ്യമാണ് ഒരു മനുഷ്യൻ്റെ ആനന്ദത്തിനാധാരം. നന്മയുള്ള പുത്രന്മാർ അവനെ ശാന്തിയുടെയും സമാധാനത്തിന്റെയും സ്വർഗ്ഗസീമകളിലേയ്ക്കുയർത്തും. ദശരഥമഹാരാജാവിന് ആ ഭാഗ്യം ഒരിക്കലും ഉണ്ടാവില്ല എന്ന് സ്വയം തോന്നിത്തുടങ്ങിയ കാലമായിരുന്നു അത്. ഈയിടെയായി ഒന്നിലും ശ്രദ്ധയില്ല. സദാ മൗനിയായിരിക്കും. ഭാര്യമാരോടുപോലും സംസാരിക്കാറില്ല. രാജ്യകാര്യങ്ങൾ കുലഗുരുവായ വസിഷ്ഠനും മന്ത്രിമാരും ചേർന്നാണ് നോക്കുന്നത്.
മകളെ ദാനം ചെയ്യേണ്ടിയിരുന്നില്ല. സൂര്യവംശത്തിന് അവളിലൂടെയെങ്കിലും ഒരാൺതരി പിറക്കുമായിരുന്നു. ദിലീപനും രഘുവും യശസ്സുയർത്തിയ ഇക്ഷ്വാകുവംശം ഇതാ ദശരഥനോടുകൂടി വേരറ്റു പോകുന്നു. ഊണും ഉറക്കവുമില്ലാതെ, രാജാവ് അന്തഃപുരത്തിൽത്തന്നെ കഴിച്ചുകൂട്ടി.
“മനം തളർത്തുന്ന ചിന്തകളിൽ നിന്നു മോചനം നേടാൻ ഒരു യാത്രപോകുക." രാജഗുരു വസിഷ്‌ഠൻ ഉപദേശിച്ചു. "എല്ലാ മുറിവുകളും ചികിത്സിച്ചുണക്കുന്ന മഹാവൈദ്യനാണ് കാലം. അങ്ങയുടെ ഈ വേദനയ്ക്കും ഒരു മരുന്നുകിട്ടാതിരിക്കില്ല." നായാട്ടാണ് ദശരഥന്റെ ഇഷ്ട വിനോദം. “ഒറ്റയ്ക്ക് ശംബരാസുരനെ നേരിട്ട ദശരഥൻ്റെ കരവേഗം കാട്ടുമൃഗങ്ങളുമറിയട്ടെ." മുനി ചിരിച്ചു.
അതൊരു നല്ല ആശയമായിത്തോന്നി. അന്തഃപുരത്തിലെ അന്ധകാരത്തിൽ വേദനകൾ കരിംഭൂതങ്ങളായി ചുറ്റും നിൽക്കുന്നു. അവയിൽനിന്ന് തല്ക്കാലത്തേക്കൊരു മോചനം. ദശരഥൻ നായാട്ടിനു പുറപ്പെട്ടു. പരിവാരങ്ങളെയും സഹായികളെയും ഒഴിവാക്കി ഒറ്റയ്ക്കൊരു യാത്ര. ആദ്യം ഗുരു സമ്മതിച്ചില്ല. പക്ഷെ, രാജാവിൻ്റെ നിർബന്ധത്തിന് വഴങ്ങേണ്ടിവന്നു. സരയൂ നദിയ്ക്കപ്പുറത്തെ കൊടുങ്കാടുകളിലേക്ക് ദശരഥൻ ഒറ്റയ്ക്കു യാത്രയായി. ഇരുളടഞ്ഞ വനമേഖലകൾ തന്റെ മനസ്സുപോലെ തളർന്നുകിടക്കുന്നു. ഇടതൂർന്ന മരങ്ങൾ ക്കിടയിലൂടെ കുതിരപ്പുറത്തു സഞ്ചരിക്കുമ്പോൾ പക്ഷെ മനസ്സിന് അല്പം ആശ്വാസം തോന്നി.
പകൽ മുഴുവൻ കാടിൻ്റെ ഭംഗികളാസ്വദിച്ചുനടന്നു. നേരം സന്ധ്യയാവുന്നു. ചേക്കേറാൻ തിരക്കുകൂട്ടുന്ന പക്ഷികളുടെ കല പില ശബ്ദങ്ങൾ ചുറ്റുമുയരുന്നുണ്ട്. ജനവാസം തീരെയില്ലാത്ത കാട്. മറ്റിടങ്ങളിൽ ആശ്രമവാസികളായ മുനിമാരെങ്കിലും ഉണ്ടാവും. വിജനമായ ഈ കാട്ടിൽ ഒറ്റയ്ക്ക് രാത്രി കഴിച്ചുകൂട്ടുക ദുസ്സഹം തന്നെ. ഇടക്കിടെ മുന്നിലൂടെ ഓടിമറയുന്ന ചെറുമൃഗങ്ങളെ അദ്ദേഹം ഉപദ്രവിച്ചില്ല. നായാട്ട് തൻ്റെ പ്രൗഢിക്കൊത്തവണ്ണം വേണം.
കുറെദൂരം നടന്നപ്പോൾ ഒരനക്കം കേട്ടു. പുലികൾ മുരളുന്ന ശബ്ദം. അമ്പും വില്ലും കൈയിലെടുത്ത് ഒരു മരത്തിന് പിന്നിൽ ഒളിഞ്ഞുനിന്നു. ഒരു പെൺപുലി തൻ്റെ മൂന്നു കുട്ടികളെയും കൊണ്ട് നടന്നുവരുന്നു. പുഴക്കരയിൽ നിന്ന് മാളത്തിലേക്ക് മടങ്ങുകയാണവ. എടുത്ത ശരം ആവനാഴിയിലേയ്ക്കിടുമ്പോൾ ദശരഥൻ കൗസല്യയെ ഓർമിച്ചു. പിന്നെ കൈകേയി യെയും സുമിത്രയെയും.
പുഴക്കരയിൽ സന്ധ്യ താവളമടിച്ചുകഴിഞ്ഞു. ആകാശത്ത് പൂത്തുനിൽക്കുന്ന വെണ്ണിലാവ്, നദിയിൽ പൂക്കൾ ചൊരിയുന്നു. ഇടക്കിടെ വീശുന്ന ഇളംകാറ്റിൽ അവ ചിതറിയകലുന്നു. മനോഹരമായ ആ കാഴ്ച്‌ചകണ്ട് ദശരഥൻ മണൽപ്പരപ്പിൽ മലർന്നുകിടന്നു.
നദിയിൽ നീരാടിവന്ന കാറ്റ് താരാട്ടുപാടുന്നു. രാത്രി പുഷ്‌പങ്ങളുടെ മാസ്മരഗന്ധം വേദനകളകറ്റുന്ന ദിവ്യൗഷധങ്ങളാകുന്നു. ആ കിടപ്പിൽ എല്ലാം മറന്ന് ദശരഥൻ ഉറങ്ങിപ്പോയി.
എന്തോ ഒരു ശബ്ദം കേട്ടാണദ്ദേഹം ഉണർന്നത്. നിലാവു മാഞ്ഞുകഴിഞ്ഞു. ചുറ്റിലും പടർന്നിറങ്ങുന്ന ഇരുട്ടിൽ ഒന്നും കാണാനാവുന്നില്ല. അമ്പും വില്ലും തപ്പിയെടുത്ത് എഴുന്നേറ്റിരുന്നു. രാത്രിയുടെ അവസാനയാമങ്ങൾ കഴിഞ്ഞിരിക്കുന്നു. പുലരുവാൻ
ഇനി ഏതാനും നാഴികകൾ മാത്രമേ കാണൂ.
പെട്ടെന്നാണ്... ഒരു ശബ്ദം കേട്ടത്. ആന തുമ്പിക്കൈയിൽ ജലമെടുക്കുന്നതുപോലെ. ദശരഥൻ അമ്പുതൊടുത്ത് ജാഗരൂകനായി നിന്നു. അസമയത്തിറങ്ങുന്ന ആന അപകടകാരിയാണ്. മനുഷ്യ സാന്നിധ്യമറിഞ്ഞ് അവൻ ആക്രമിക്കും. അതിനുമുമ്പ് അതിനെ വധിക്കണം. അല്പം താഴെയായി പുഴക്കരയിലെ മുളങ്കൂട്ടത്തിനപ്പുറത്തുനിന്നാണ് ശബ്ദം കേൾക്കുന്നത്. നക്ഷത്രങ്ങൾ തളിക്കുന്ന ഇത്തിരി വെട്ടം മാത്രമേയുള്ളു. ശബ്ദവേധസൂത്രം പഠിച്ചിട്ടുണ്ട്. (ശബ്ദം കേൾക്കുന്ന ദിക്കിൽ കൃത്യമായി അമ്പെയ്‌ത് കൊളളിക്കുന്ന വിദ്യ.)
കണ്ണുകൾ ഇറുക്കിയടച്ച് കാതുകൾ തുറന്ന് അദ്ദേഹം ശരം തൊടുത്തു. രാത്രിയുടെ നിശ്ശബ്‌ദതയിൽ മൂളിപ്പറക്കുന്ന അമ്പ് ലക്ഷ്യത്തിൽ തറയ്ക്കുന്നത് അദ്ദേഹമറിഞ്ഞു. എന്നാൽ അടുത്ത നിമിഷം, മനുഷ്യഹൃദയം തുളച്ചുകയറുന്ന ശരമുനയുടെ വേദനയു ണർത്തുന്ന ഒരാർത്തനാദം അദ്ദേഹം കേട്ടു.
“ഹാ... അമ്മേ..!!"
“ദൈവമേ...!!” ദശരഥൻ്റെ മനസ്സിൽ ഭയാശങ്കകളുടെ ചുഴലിക്കാറ്റുകൾ ഒന്നിനു പുറകെ ഒന്നായി പിറവിയെടുത്തു. ഈ കാട്ടിൽ മനുഷ്യനോ...?! അദ്ദേഹം ശബ്‌ദം കേട്ട ദിക്കിലേക്കു പാഞ്ഞു.
അതൊരു മുനികുമാരനായിരുന്നു. കുടത്തിൽ ജലം മുക്കിയെടുക്കുന്ന ശബ്ദം കേട്ടാണ് താൻ തെറ്റിദ്ധരിച്ചത് എന്ന് ഒരു ഞെട്ടലോടെ രാജാവറിഞ്ഞു. അദ്ദേഹം അവനെ പിടിച്ചുയർത്തി.
“കുമാരാ... ഞാൻ അറിയാതെ..." അദ്ദേഹത്തിന്റെ വാക്കുകൾ കുറ്റബോധത്താൽ നനഞ്ഞിരുന്നു.
“സാരമില്ല..” അവൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. പിന്നെ ഒന്നു കിടക്കണമെന്ന് പറഞ്ഞൊപ്പിച്ചു. നെഞ്ചിനുതാഴെ തറച്ചു കയറിയിരിക്കുകയാണ് ശരം.
"ഞാൻ മരിക്കും. അതിനുമുമ്പ് താങ്കൾ എനിക്കൊരുറപ്പു തരണം."
മുറിഞ്ഞുവീഴുന്ന വാക്കുകളെ വേദനവിങ്ങുന്ന കരച്ചിലാൽ ബന്ധിപ്പിച്ച് അവൻ തുടർന്നു. "അതാ... അവിടെ വൃദ്ധരായ എന്റെ മാതാപിതാക്കൾ എനിക്കായി കാത്തിരിക്കുന്നുണ്ട്. അന്ധരാണവർ. അങ്ങ് ഈ ജലം അവർക്കു കൊണ്ടുപോയി ക്കൊടുക്കണം". അവൻ ഉറപ്പുകിട്ടാനെന്നോണം കൈകൾ നീട്ടി. ദശരഥൻ ആ കൈകളിൽ അമർത്തിപ്പിടിച്ച് വാക്കു കൊടുത്തു.
“എങ്കിൽ.. ഈ അമ്പുവലിച്ചൂരി എന്നെ മരിക്കാൻ അനുവദിക്കുക. ഈ വേദന സഹിക്കാനാവുന്നില്ല. വേഗം... വേഗം" അവൻ ആവശ്യപ്പെട്ടു.
ഭയാശങ്കകളോടെ അദ്ദേഹം ഒരുനിമിഷം നിന്നു. പിന്നെ വിറയ്ക്കുന്ന കൈയുയർത്തി അമ്പുവലിച്ചൂരി. ചീറ്റിത്തെറിക്കുന്ന ചുടു ചോരയോടൊപ്പം അവൻ്റെ അവസാനത്തെ ആർത്തനാദവുമുയർന്നു. അത് നദിയുടെ അങ്ങേക്കരയിൽ ചെന്നുതട്ടി മടങ്ങിയെത്തുന്നതിനുമുമ്പ് അവനൊന്നു പിടഞ്ഞു. പിന്നെ നിശ്ചലനായി.
കുടം കഴുകി, ജലംനിറച്ച് ദശരഥൻ നടന്നു. പാപിയാണു താൻ. മഹാപാപി. ദുഃഖങ്ങളിൽ നിന്നു രക്ഷനേടാൻ കാട്ടിലെത്തിയ തന്നെ അവ വേട്ടനായ്ക്കളെപ്പോലെ തുരത്തുന്നു. ഒരു പാവം മുനികുമാരന്റെ മരണത്തിന് കാരണക്കാരനായ താൻ ഇതിനെന്തു പ്രായശ്ചിത്തം ചെയ്യും. ഏത് പുണ്യതീർഥത്തിൽ മുങ്ങും?.
ജലമെടുക്കാൻ പോയ മകനെക്കാത്ത് ആ വൃദ്ധദമ്പതികൾ പർണ്ണശാലയ്ക്കു പുറത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു. ദശരഥൻ അടുത്തുചെന്നു. പാദപതനശബ്ദങ്ങൾ കേട്ടാവണം അവർ തിരി ഞ്ഞുനോക്കി.
“എന്താ നീയിത്ര വൈകിയത്...? ദാഹിച്ചുവലയുന്ന മാതാപിതാക്കൾക്ക് വെള്ളം കൊടുക്കുന്നതിനേക്കാൾ വലിയ കാര്യം എന്താണുണ്ണീ നിനക്കുണ്ടായിരുന്നത്.?" വൃദ്ധതാപസൻ ചിലമ്പിച്ച സ്വരത്തിൽ ചോദിച്ചു. ദശരഥൻ ഒന്നും മിണ്ടാതെ മുളങ്കുഴലിൽ ജലം പകർന്ന് ഇരുവർക്കും നല്‌കി. കാറ്റിലാടിയുലയുന്ന നെയ് വിളക്കിന്റെ പ്രകാശത്തിൽ, ചുക്കിച്ചുളിഞ്ഞ ആ മുഖങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു.
“എന്താ നീ ഒന്നും മിണ്ടാത്തത്... സുഖമില്ലേ?" അമ്മ കൈകൾ നീട്ടി. ഇനിയും മൗനമവലംബിക്കുന്നതിൽ അർഥമില്ലെന്ന് രാജാവിനു തോന്നി.
“ഞാൻ...” അത് മുഴുമിക്കേണ്ടി വന്നില്ല. മകന്റെ ശബ്ദമല്ല എന്നുതിരിച്ചറിഞ്ഞ മുനി ഒരു ഞെട്ടലോടെ ചോദിച്ചു. “ആരാ.. ആരാണ് നിങ്ങൾ?" “ഞാൻ ദശരഥൻ. അയോദ്ധ്യയിലെ രാജാവ്." അതു ശ്രദ്ധിക്കാതെ മുനി ചോദിച്ചു. "എൻ്റെ മകനെവിടെ..?"
എങ്ങനെ പറയണം.. എവിടെ തുടങ്ങണം?! ദശരഥന് ഒന്നു മറിയില്ലായിരുന്നു. ഒരുവിധത്തിൽ തപ്പിത്തടഞ്ഞ് കാര്യങ്ങൾ പറഞ്ഞു. ജീവനില്ലാത്ത മിഴികളിൽ നിന്നടർന്നുവീണ കണ്ണീർത്തുള്ളികൾ തുടച്ചുകൊണ്ട് വൃദ്ധൻ കൈകൾ നീട്ടി ഭാര്യയെത്തേടി. ഒരു താങ്ങുലഭിക്കുവാൻ കാത്തിരുന്നതുപോലെ അവൾ അദ്ദേഹത്തിന്റെ തോളിൽ ചാഞ്ഞു.
“എന്നെ അവന്റെ അടുത്തേക്ക് കൊണ്ടുപോകുക." വൃദ്ധ താപസന്റെ ശബ്ദത്തിൽ അപ്പോൾ തെല്ലും പതർച്ചയില്ലായിരുന്നു. സർവസംഗ ഒരു പരിത്യാഗിയായ മുനിയുടെ സ്ഥിരതയാർന്ന മനസ്സിന്റെ പ്രതിഫലനം.
ദശരഥൻ അവരേയുംകൂട്ടി നദീതീരത്തേക്കു നടന്നു. അവിടെയെത്തുമ്പോഴേയ്ക്കും സൂര്യൻ ഉദിച്ചുകഴിഞ്ഞിരുന്നു. മണൽപ്പരപ്പിൽ വീണുകിടക്കുന്ന സൂര്യതേജസ്സുള്ള ആ മുനികുമാരനുചുറ്റും ഉദയപർവ്വതത്തിലെന്ന പോലെ ചോരയുടെ കടുംചുവപ്പ്.
“എന്റെ ഉണ്ണിയെ ഇവിടെ ദഹിപ്പിക്കണം." മുനി പറഞ്ഞു. ദശരഥൻ മരങ്ങൾ മുറിച്ചടുക്കി, ആശ്രമത്തിൽനിന്ന് അഗ്നി കൊണ്ടുവന്നു. കുമാരൻ്റെ ശവശരീരം ചിതയിൽ കിടത്തി. പിന്നെ ചിതയ്ക്ക് തീകൊളുത്തി. ആളിക്കത്തുന്ന അഗ്നിജ്വാലകളെ നോക്കി കുറ്റബോധം നിറഞ്ഞമനസ്സുമായി നില്ക്കുന്ന രാജാവിനോട് താപസൻ പറഞ്ഞു.
"രാജാവേ.. ഞങ്ങളിരുവരും അന്ധരാണ്. ആലംബമില്ലാത്തവർ. ഞങ്ങളുടെ പ്രതീക്ഷകളിലേയ്ക്കാണ് താങ്കൾ ശരമയച്ചത്. അറിഞ്ഞോ അറിയാതെയോ താങ്കൾ ചെയ്‌തത് തെറ്റു തന്നെ. ഇതിനുള്ള ശിക്ഷ താങ്കൾ അനുഭവിക്കും. ഞങ്ങൾ കരയുന്നതുപോലെ പുത്ര ശോകത്താൽ താങ്കളും കരയും. മനസ്സുനീറി നീറി അങ്ങ് മരിക്കും.." ഒന്നു നിറുത്തി, ഭാര്യയെയും കൂട്ടി ചിതയ്ക്കരികിലേക്ക് നടക്കുന്ന തിനിടെ അദ്ദേഹം തുടർന്നു. "ഞങ്ങളിനി ജീവിച്ചിരിക്കുന്നതിൽ അർഥമില്ല."
ദശരഥൻ ശിരസ്സുകുനിച്ച് മിഴികളടച്ചുനിന്ന് ആ പിതാവിന്റെ ശാപം ഏറ്റുവാങ്ങി. ഒടുവിലത്തെ വാചകം പൂർത്തിയാകുമ്പോഴേ യ്ക്കും അവരിരുവരും ചിതയിലേക്കു ചാടിക്കഴിഞ്ഞിരുന്നു. മൂന്നു ശരീരങ്ങളെ അഗ്നി ഭക്ഷിക്കുന്നത് നിസ്സഹായനായി നോക്കിനില്ക്കാനേ ദശരഥനു കഴിഞ്ഞുള്ളു. "ഭഗവാനേ... ഇത്രയും ദുഃഖങ്ങൾ ഏറ്റുവാങ്ങാൻ ഞാൻ എന്തുപാപമാണ് ചെയ്‌തത്. ഒന്നിനുപിറകേ ഒന്നായി ദുരന്തങ്ങൾ എന്നെത്തേടി വരുന്നുവല്ലോ." തകർന്ന മനസ്സുമായി മൂന്നാംനാൾ ദശരഥൻ കൊട്ടാരത്തിലെത്തി.
നായാട്ടുകഴിഞ്ഞെത്തുമ്പോൾ രാജാവ് സന്തോഷവാനായി രിക്കും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു കുലഗുരുവായ വസിഷ്ഠൻ. ദശരഥൻ ഗുരുവിനെ പ്രണമിച്ചു. അദ്ദേഹത്തിന്റെ മുഖത്തെ നിരാശയും ദുഃഖവും കണ്ട മഹർഷി കാര്യങ്ങളന്വേഷിച്ചു.
“എല്ലാം വിപരീത ഫലങ്ങളാണുണ്ടാക്കുന്നത്. സന്തോഷം തേടിപ്പോയത് നിത്യദുഃഖത്തിലേയ്ക്കായിരുന്നു.” ദശരഥൻ പറഞ്ഞു. നടന്ന സംഭവങ്ങളെല്ലാം കേട്ട ഗുരു പക്ഷെ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്. ദശരഥന് ഒന്നും മനസ്സിലായില്ല. ശാപകഥ കേട്ട് ഗുരു ചിരിക്കുന്നതെന്തിന്?
“ഇത് ശാപമല്ല മഹാരാജൻ. അനുഗ്രഹമാണ്. അനുഗ്രഹം. ഇനി അയോദ്ധ്യയ്ക്ക് ആനന്ദത്തിൻ്റെ നാളുകളാണ് വരാൻ പോകുന്നത്.” വസിഷ്ഠൻ വീണ്ടും ചിരിച്ചു. ദശരഥൻ കാര്യം മനസ്സിലാകാതെ മിഴിച്ചു നില്ക്കുമ്പോൾ ഗുരു തുടർന്നു.
“പുത്രശോകത്താൽ മരിക്കും എന്നല്ലേ ശാപം. അതുഫലിക്കണമെങ്കിൽ ആദ്യം പുത്രനുണ്ടാകണമല്ലോ.”
ശരിയാണല്ലോ. അപ്പോൾ തനിക്ക് പുത്രൻ ജനിക്കും. അയോദ്ധ്യയ്ക്ക് അനന്തരാവകാശിയുണ്ടാവും. രഘുവംശം അവനിലൂടെ വളരും. ദൈവമേ.. ഈ ശാപം ഫലിക്കണേ. ദശരഥൻ ഉള്ളുരുകി പ്രാർത്ഥിച്ചു. ശാപം ഫലിക്കാൻ പ്രാർത്ഥിച്ച ആദ്യത്തെ മനുഷ്യൻ ഒരു പക്ഷെ ദശരഥനായിരിക്കും.
ഇതിലൂടെ നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്. അറിഞ്ഞും അറിയാതെയും ചെയ്യുന്ന കർമ്മങ്ങൾക്ക് പോലും ഫലം അനുഭവിക്കേണ്ടിവരും. നമ്മുടെ ഭരണാധികാരികളും രാഷ്ട്രീയക്കാരും ഇതൊന്ന് തിരിച്ചറിഞ്ഞെങ്കിൽ.......
തുടരും.
ഗുരുപാദസേവയിൽ
പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കേരള വിശ്വകർമ്മ ശങ്കരാചാര്യ പീഠം.
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം.
പെരിയമ്പലം
ഗുരുവായൂർ
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ