രാമായണത്തിലൂടെ - 10
സജ്ജനങ്ങളേ,
രാമനും ലക്ഷ്മണനും ഗുരുവിനോടൊപ്പം പഴയ കാലത്തേക്ക് യാത്ര തുടരുകയാണ്. ഈ ഞാനും നിങ്ങളും ഒപ്പമുണ്ട്.
മൂക്കിൻതുമ്പത്തു കോപവുമായി യുഗങ്ങളിൽ നിന്നു യുഗങ്ങളിലേക്കും അവിടെനിന്നു മന്വന്തരങ്ങളുടെ ഗുഹാമുഖങ്ങൾക്കുമപ്പുറ ത്തേയ്ക്കും നടന്നുനീങ്ങുന്ന യോഗചൈതന്യം. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ഇദ്ദേഹത്തിന്റെ ശാപകഥകൾ നമ്മുടെ പുരാണേതിഹാസങ്ങളിൽ പലയിടങ്ങളിലും കാണാം.
ശിവന്റെ കോപത്തിൽ നിന്നാണത്രെ ദുർവാസാവിൻ്റെ ജനനം. താരകാസുരനിഗ്രഹത്തിനുശേഷം ദേവലോകത്ത് ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കപ്പെട്ടു. അസുരവംശത്തിൻ്റെ വേരറുത്തു എന്നു കരുതിയിരിക്കുമ്പോഴാണ് താരകപുത്രന്മാരായ താരകാക്ഷൻ, കമലാക്ഷൻ, വിദ്യുന്മാലി എന്നിവർ പ്രതികാരം ചെയ്യാൻ വേണ്ടി തപസ്സുതുടങ്ങിയത്.
അവർ ഉഗ്രതപസ്സിലൂടെ വിരാട്പുരുഷൻ വിശ്വബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി.
"ഞങ്ങൾ മൂവരും വധിക്കപ്പെടുന്നത് ഒരേസമയത്ത് ഒരമ്പുകൊണ്ടായിരിക്കണം." വിചിത്രമായ ഈ ആവശ്യം കേട്ട് എല്ലാം അറിയുന്ന വിശ്വബ്രഹ്മദേവൻ അംഗീകരിച്ചു. ബുദ്ധിമാന്മാരായ അസുരന്മാർ മൂന്നു നഗരങ്ങൾ നിർമ്മിച്ച് അവിടെ താമസമാക്കി. ഇവർ മൂവരും ഒരുമിച്ച്, ഒരിടത്തുനിന്നാൽ മാത്രമേ ഇവരെ വധിക്കാനാവൂ. വരസിദ്ധിയാൽ അഹങ്കാരികളായ അസുരസോദരന്മാർ അയൽരാജ്യങ്ങളെ ആക്രമിച്ചു തുടങ്ങി. ആക്രമണം ഒടുവിൽ ദേവലോകത്തേക്കുമെത്തി.
എന്തുചെയ്തിട്ടും ഇവരെ വധിക്കാനാവുന്നില്ല. ഇന്ദ്രന്റെ വജ്രായുധം പോലും ഇവർക്കുമുന്നിൽ തോറ്റുപോകുന്നു. എന്താണൊരു മാർഗ്ഗം?. അവർ വിശ്വബ്രഹ്മദേവനെ തന്നെ സമീപിച്ചു.
"മൂവരും ഒരിടത്തു വന്നാൽ മാത്രമേ ആർക്കെങ്കിലും അവരെ വധിക്കാനാവൂ. അവരാണെങ്കിൽ ഒരുമിച്ചു സഞ്ചരിക്കുന്നുമില്ല. പരമേശ്വരനു മാത്രമേ ഇതിനൊരു പോംവഴി കണ്ടെത്താൻ സാധിക്കൂ.” വിശ്വബ്രഹ്മദേവൻ അവരെയും കൂട്ടി കൈലാസത്തിലെത്തി.
ശിവൻ യുദ്ധസജ്ജനായി പുറപ്പെട്ടു. എന്നാൽ ശിവൻ് ആക്ര മണത്തെ അസുരസോദരന്മാർ ശക്തമായി പ്രതിരോധിച്ചു. മൂന്നു നഗരങ്ങളിൽ വാസമുറപ്പിച്ച് സേനകളെ മാത്രം ശിവനുനേരെ അയച്ച് അവർ ജീവൻ രക്ഷിച്ചു.
"ഇവരെ ഒരുമിച്ച് ഒരിടത്തുകൊണ്ടുവരാൻ ഇനി ഇതേ മാർഗ്ഗമുള്ളു.” ശിവൻ പാർവതിയോടു പറഞ്ഞു. “ഞാനിതാ മൂന്നാം തൃക്കണ്ണുതുറക്കുവാൻ പോകുന്നു. എൻ്റെ അഗ്നിനേത്രജാലകളാൽ ത്രിപുരങ്ങളും കത്തിയെരിയും. അപ്പോൾ, കൂടിയാലോചനയ്ക്കായി അവർ ഒത്തുചേരും
ശിവൻ തൃക്കണ്ണുതുറന്നു. മൂന്നുപുരങ്ങളും ദഹിച്ചു.
അസുരസോദരന്മാർ സംഭ്രമത്തോടെ ഒരിടത്തുവന്നുചേർന്നു. തങ്ങളുടെ അന്ത്യം അടുത്തിരിക്കുന്നു എന്നവർക്ക് ബോദ്ധ്യമായി ശിവൻ്റെ പിനാകമെന്ന മഹാചാപത്തിൽനിന്നും മൂളിപ്പറന്ന ദിവ്യാസ്ത്രം മൂവരുടെയും ജീവനെടുത്തു.
ത്രിപുരാദഹനത്തിനുവേണ്ടി മൂന്നാം തൃക്കണ്ണു തുറന്ന ശിവന് ആ കോപാഗ്നി അടക്കാനായില്ല. പാർവതീദേവിക്ക് ഭർത്താവിൻ്റെ സമീപം നില്ക്കുവാൻ പോലുമാകാത്ത അവസ്ഥ. ദുർവാസം ഭവതി മേ.. എന്നായി പാർവതി 'ഉടനെ ഈ കോപത്തീ എവിടെയെങ്കിലും നിക്ഷേപിക്കണം എന്നു കരുതിയ ശിവൻ അതിനുള്ള മാർഗ്ഗങ്ങൾ തേടി.
പതിവ്രതാരത്നമായ ശീലാവതിയുടെ ഭർത്താവായിരുന്നു ഉഗശ്രവസ്സ് ഒരിക്കൽ അണിമാണ്ഡവ്യമഹർഷി ഉഗ്രശ്രവസ്സിനെ ശപിച്ചു. 'നാളെ സൂര്യനുദിക്കുമ്പോൾ നിൻ്റെ തല പൊട്ടിത്തകർന്നു പോകട്ടെ' എന്നായിരുന്നു ശാപം. പിറ്റേന്നു സൂര്യനുദിച്ചാൽ ഭർത്താവ് മരിക്കുമെന്നറിഞ്ഞ ശീലാവതി "ഇനി സൂര്യനുദിക്കാതിരിക്കട്ടെ" എന്നു മറ്റൊരു ശാപം കൊടുത്തു.
സൂര്യനുദിക്കാതായതോടെ ഭൂമിയിൽ ജീവിതം സാദ്ധ്യമല്ലാതായി. ഇതിനൊരു പരിഹാരം കണ്ടേ മതിയാവു. ദേവകൾ ഒത്തു കൂടി. ശീലാവതിയെ സമീപിച്ച് ശാപം പിൻവലിപ്പിക്കാൻ ഒരാൾക്കേ കഴിയൂ, അത്രിമഹർഷിയുടെ പത്നിയായ അനസൂയയ്ക്ക്. ത്രിമൂർത്തികൾ ഒരുമിച്ച് അനസൂയയുടെ അടുത്തെത്തി. പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ദേവി സമ്മതിച്ചു.
അനസൂയ ആദ്യം അണിമാണ്ഡവ്യനെ ചെന്നുകണ്ട് ഉഗ്രശ്രവസ്സിനു ശാപമോചനം നേടിക്കൊടുത്തു. ഇക്കാരണം കാട്ടി, ശീലാവതിയുടെ ശാപവും പിൻവലിപ്പിച്ചതോടെ സൂര്യനുദിക്കുകയും പ്രപഞ്ചജീവിതം സാധാരണ മട്ടിലാവുകയും ചെയ്‌തു.
അനസൂയയുടെ ദൗത്യം പൂർത്തിയായതോടെ ത്രിമൂർത്തികൾ സന്തുഷ്ടരായി. ഇതിനു പകരമായി എന്തുവരമാണ് വേണ്ടത് എന്ന അവരുടെ ചോദ്യത്തിന് ബ്രഹ്മാവിഷ്‌ണു മഹേശ്വരന്മാർ തൻ്റെ ഉദരത്തിൽ പിറന്ന് അംശാവതാരങ്ങളാകണം എന്ന് അനസൂയ മറുപടി നൽകി.
ബ്രഹ്മാവ് ചന്ദ്രനായും, വിഷ്‌ണു ദത്താത്രേയനായും അനസൂയാ ഗർഭത്തിൽ പിറന്നു. ശിവൻ തൻ്റെ കോപാഗ്നി നിക്ഷേപിക്കാൻ ഒരിടം തേടിനടക്കുന്ന കാലമായിരുന്നു അത്. അനസൂയയുടെ ഉദരത്തിൽ ശിവാംശം ഒരു ശിശുവായി രൂപം കൊണ്ടു. ആ കുട്ടിയിൽ ത്രിപുരാ ദഹനാനന്തരം സ്വരൂപിച്ച കോപമത്രയും നിക്ഷേപിച്ച് ശിവൻ ശാന്ത നായി. അങ്ങനെ പിറന്ന കുട്ടിയാണ് പിൽക്കാലത്ത് ദുർവാസാവ് എന്ന പേരിൽ ഖ്യാതി നേടിയത്.
അമൃതമഥനത്തിനു കാരണക്കാരൻ ഈ മഹാമുനിയായിരുന്നു.
ഒരിക്കൽ ദുർവാസാവിന് ഒരു പൂമാല കിട്ടി.
ആയിരം വർഷങ്ങളിലൊരിക്കൽ മാത്രം പൂക്കുന്ന അത്യപൂർവ്വവും വിശിഷ്ടവുമായ പൂക്കളാൽ കൊരുത്ത ഒരു മാല. കാട്ടിലൂടെ നടക്കുമ്പോൾ ഗഗനചാരിയായ ഒരു വിദ്യാധര സുന്ദരിയാണ് മുനിക്ക് ഈ മാല സമ്മാനിച്ചത്.
കാട്ടിൽ വസിക്കുന്ന തനിക്കെന്തിനാണീ വിശിഷ്‌ടഹാരം. ഇതണിയേണ്ടത് സാക്ഷാൽ ദേവേന്ദ്രനാണ്. മുനി മാലയുമായി ദേവ ലോകത്തെത്തി അത് ദേവേന്ദ്രനു സമ്മാനിച്ചു.
ദേവേന്ദ്രൻ ഈ മാല, തൻ്റെ ആനയായ ഐരാവതത്തിന്റെ കൊമ്പിൽ തൂക്കിയിട്ടശേഷം സുഹൃത്തുക്കളുമായി സംഭാഷണം തുടർന്നു. മനംമയക്കുന്ന പരിമളത്തിൽ ആകൃഷ്‌ടരായി ആയിരക്കണക്കിനു വണ്ടുകൾ മാലയിൽ വട്ടമിട്ടുപറന്നു. ആനയ്ക്ക് കലിയളികി. അത് പൂമാല ചുരുട്ടി വലിച്ചെറിഞ്ഞു.
ഇതുകണ്ട് ദുർവാസാവിനു കോപം വന്നു.
“നിന്നോടു ഞാൻ കാട്ടിയ സ്നേഹാദരങ്ങളെ നീ അവമാനിച്ചു. ഇത്രയും ദൂരം സഞ്ചരിച്ച് ഇവിടെയെത്തിയതും ഈ മാല നിനക്കു തന്നതും എന്റെ തെറ്റ്. ഇതിനുള്ള ശിക്ഷ നീ അനുഭവിക്കണം. നിന്റെ സാമ്രാജ്യം ഐശ്വര്യം കെട്ടുപോകട്ടെ. നീയും നിൻ്റെ അനുചരവൃന്ദവും ഭൂമിയിലെ മനുഷ്യരെപ്പോലെ ജരാനരകൾ ബാധിച്ച് രോഗി കളും ക്ഷീണിതരുമായി വലയട്ടെ" ദുർവാസാവ് കലിതുള്ളി യാത്രയായി. ദേവലോകത്തിന്റെ ചൈതന്യം നശിച്ചു. ഭൂമിയിലെ ദരിദ്രമായൊരു നാട്ടുരാജ്യം പോലെ, നമ്മുടെ കേരളത്തിലെ ഇന്നത്തെ അവസ്ഥ പോലെ ദുരിതപൂർണ്ണമായി സ്വർഗ്ഗലോകം. ദേവന്മാർ ജരാനരകൾ ബാധിച്ച് വൃദ്ധരായി. കൂനിക്കൂടി തളർന്നു കിടക്കുന്ന ദേവകന്യകൾ. വടികുത്തി നടക്കുന്ന വൃദ്ധദേവന്മാർ. വിശന്നുകരയുന്ന കുട്ടികൾ. അവർ അഗ്നിദേവൻ്റെ നേതൃത്വത്തിൽ പ്രപഞ്ചസൃഷ്ടാവായ വിശ്വബ്രഹ്മ സവിധത്തിലെത്തി. വിശ്വബ്രഹ്മദേവൻ അവരെ വൈകുണ്ഠത്തിലേക്കു നയിച്ചു.
“പാൽക്കടൽ കടയണം.. മന്ദര പർവതത്തെ കടകോലാക്കി, വാസുകി എന്ന മഹാസർപ്പത്തെ കയറാക്കി പാലാഴി കടഞ്ഞാൽ അതിൽനിന്ന് അമൃത് ലഭിക്കും. അതു ഭുജിച്ചാൽ നിങ്ങൾക്ക് അമരത്വം നേടാം.” ബ്രഹ്മദേവൻ്റെ തന്നെ അംശമായ സ്ഥിതികാരകൻ മഹാവിഷ്ണു ഭഗവാൻ ഒരു മാർഗ്ഗം ഉപദേശിച്ചു.
അതത്ര എളുപ്പമുള്ള ഒരു കാര്യമായിരുന്നില്ല. ദേവന്മാർ ഇപ്പോൾ ദുർബലരും രോഗികളുമാണ്. യൗവനത്തിളപ്പുള്ള അപൂർവം ദേവന്മാരൊഴികെ മറ്റെല്ലാവരും മനുഷ്യരെപ്പോലെ ജരാനരകൾ ബാധിച്ച് വൃദ്ധരായിക്കഴിഞ്ഞു. ദേവന്മാർ മാത്രം വിചാരിച്ചാൽ മന്ദരപർവ്വതത്തെ പാൽക്കടൽവരെ എത്തിക്കാൻ പോലുമാവില്ല.
"അസുരന്മാരെ സഹായത്തിനു വിളിക്കുക. അതിശക്തന്മാരാണവർ. അമരത്വം ലഭിക്കുന്ന അമൃത് കിട്ടുമെന്നറിഞ്ഞാൽ അവർ സഹകരിക്കും. ബൃഹസ്‌പതി, അസുരഗുരുവായ ശുക്രാചാര്യരുമായി സംസാരിക്കട്ടെ." ദേവേന്ദ്രൻ നിർദേശിച്ചു.
"അമൃത് ഞങ്ങൾക്കും ലഭിക്കുമെന്നുറപ്പുതന്നാൽ സഹകരിക്കാം.” ശുക്രാചാര്യൻ പറഞ്ഞു. ബൃഹസ്‌പതിയുടെ ഉറപ്പിൻമേൽ അസുരന്മാർ ശത്രുത മറന്ന് പാലാഴിമഥനത്തിന് സഹകരിച്ചു.
വാസുകി എന്ന സർപ്പരാജനാണ് കയറായിക്കിടക്കുന്നത്. വാസുകിയുടെ വാൽ ഭാഗത്ത് ദേവന്മാരും തലയുടെ ഭാഗത്ത് അസുരന്മാരും നിന്നു.
പാലാഴി മഥനം തുടങ്ങി. മന്ദരം വെള്ളത്തിലാഴ്ന്നുപോകാതിരിക്കുവാൻ മഹാവിഷ്‌ണു കൂർമാവതാരം പൂണ്ട് പർവതത്തിന്നാധാരമായി നിന്നു. മഥനം ഉച്ചസ്ഥായിലെത്തിയതോടെ വാസുകി വിഷം വമിപ്പിക്കാൻ തുടങ്ങി. അഗ്നിപർവതത്തിൽ നിന്നു വരുന്ന തീക്കുഴമ്പുപോലെ കാളകൂടമെന്ന ഘോരവിഷം പുറത്തുവന്നു.
"ഇതു ഭൂമിയിൽ പതിച്ചാൽ എല്ലാം ചാമ്പലാകും" വിശ്വബ്രഹ്മ പറഞ്ഞു. "ഇതേറ്റുവാങ്ങാൻ സാക്ഷാൽ ശ്രീപരമേശ്വരനേ സാധിക്കൂ." ലോകരക്ഷാർഥം പരമേശ്വരൻ ആ വിഷം കൈക്കുടന്നയിലേറ്റുവാങ്ങി പാനം ചെയ്തു.
പാലാഴി മഥനത്തിനിടെ ഒട്ടനവധി ദിവ്യവസ്‌തുക്കൾ ലഭിച്ചു തുടങ്ങി. പാരിജാതം, കാമധേനു തുടങ്ങിയ പല വിശിഷ്ട വസ്തുക്കളും ദേവന്മാർ കൈക്കലാക്കി. വാല്‌മീകി രാമായണ കഥയനുസരിച്ച് ഐരാവതം ഇങ്ങനെ ഉയർന്നുവന്നതാണ്. എന്നാൽ ജരാനരകൾ ബാധിക്കാനും പ്രതിവിധിയായി പാലാഴിമഥനം നടത്താനും ഐരാവതമായിരുന്നു കാരണം എന്ന പഴയ കഥയോട് ചേർത്തു
വായിക്കുമ്പോൾ ഐരാവതം ഇതിനുമുമ്പുതന്നെ സ്വർഗ്ഗത്തിലുണ്ടായിരുന്നു എന്നു കരുതണം എന്നു കൂടി ഓർമ്മിപ്പിക്കട്ടെ.
ഔഷധക്കൂട്ടുകളുമായി ധന്വന്തരിയും ഒട്ടനവധി അപ്‌സരകന്യകളും പാൽക്കടലിൽനിന്ന് ആവിർഭവിച്ചു. പിന്നീടുയർന്നുവന്ന വാരുണീദേവിയെയും ദേവന്മാർ സ്വന്തമാക്കി. ഉച്ചെശ്രവസ്സ് എന്ന വെള്ളക്കുതിരയും മഹത്തായ കൗസ്‌തുഭരത്നവും പാലാഴിയിൽ നിന്നുലഭിച്ചു. അതും ദേവന്മാർ കൈക്കലാക്കി. ഇനി എന്താണു ലഭിക്കുന്നതെന്ന പ്രതീക്ഷയിൽ ദേവന്മാർ കാത്തുനിന്നു. അപ്പോഴാണ് ലക്ഷ്മീദേവി ഒരു സ്വർണത്താമരമലരിൽ ഉയർന്നുവന്നത്. ആ സൗന്ദര്യധാമത്തെ തനിക്കു കിട്ടണമെന്ന് ഓരോ ദേവനും മോഹിച്ചു. അഭൗമമായ ആ വശ്യതയിൽ സ്വയംമറന്ന് അവർ നിന്നു പോയി. ലക്ഷ്മീദേവിയുടെ കരങ്ങളിൽ അമൃതകുംഭമുണ്ടായിരുന്നു. അത് ദേവന്മാർ ശ്രദ്ധിച്ചതുമില്ല.
ദിവ്യവസ്‌തുക്കളെല്ലാം ദേവന്മാർ കൊണ്ടുപോയതോടെ നിരാശരായിരുന്ന അസുരന്മാർ നൊടിയിടയിൽ അമൃത കലശം തട്ടിയെടുത്ത് പാതാള ലോകത്തേയ്ക്കു പാഞ്ഞു. ദേവന്മാർക്ക് നിരാശയായി. അമൃതം ഭുജിച്ച് അസുരന്മാർ അമരത്വം നേടും. തങ്ങളുടെ ജരാനരകൾ മാറുകയുമില്ല. ഇനി അവരുടെ അടിമകളായി ജീവിക്കുവാനാണോ ഞങ്ങളുടെ വിധി? ജരാനരകൾ ബാധിച്ചു തളർന്ന ഇന്ദ്രൻ കണ്ണീരോടെ വിഷ്ണുവിനു മുന്നിൽ നിന്നു.
“വഴിയുണ്ടാക്കാം" വിഷ്‌ണു ആശ്വസിപ്പിച്ചു. അദ്ദേഹം വരവർണ്ണിനിയായ ഒരു കന്യകാരൂപം സ്വീകരിച്ചു. മോഹിനി എന്ന ആ സ്ത്രീ അസുരലോകത്തേക്കു യാത്രയായി.
അസുരന്മാർ അമൃത് ഭക്ഷിക്കാൻ അക്ഷമരായി കാത്തിരിക്കുകയായിരുന്നു. മോഹിനിയെ കണ്ടതോടെ അവർക്ക് അവളിൽ മോഹമുദിച്ചു. ഇതു മുതലാക്കി മോഹിനി അവരെ കബളിപ്പിച്ച് അമൃത കുംഭവുമായി മടങ്ങിയെത്തി. ദേവന്മാർ അമൃതു ഭുജിച്ച് വീണ്ടും അമരത്വം നേടി. ഭക്തിയും, സിദ്ധിയും, ബുദ്ധിയും, യുക്തിയും, ശക്തിയും ഒന്നിച്ചു ചേരുന്നിടത്തു മാത്രമേ അമരത്വം ഉണ്ടാവുകയുള്ളൂ എന്ന തത്വം ഹൈന്ദവ സമൂഹം തിരിച്ചറിയണം. കത്തിക്കരിഞ്ഞ ഒരു ആശ്രമം കണ്ടപ്പോൾ ഇതെന്താണ് ഇങ്ങനെ എന്ന ചോദ്യത്തിനുത്തരമായി അഹല്യാമോക്ഷ കഥ ഗുരു പറഞ്ഞു കൊടുത്തു. ആ കഥ നാളെ നമുക്ക് പറയാം.
ഗുരുപാദങ്ങളിൽ നിന്ന്
പീഠാധീശ്വർ ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി.
വിശ്വബ്രാഹ്മണ ശങ്കരാചാര്യ പീഠം
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
അണ്ടത്തോട്
9️⃣0️⃣6️⃣1️⃣9️⃣7️⃣1️⃣2️⃣2️⃣7️⃣
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ