സ്ത്രീകൾ അറിയേണ്ടത്

പുരുഷന്മാർക്കായി കണ്ടെത്തിയതും  ഇന്ന് സ്ത്രീകൾ  ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതുമായ വസ്തു ഏതാണ് ?

പുരുഷന്മാർക്കായി കണ്ടെത്തിയതും ഇന്ന് സ്ത്രീകൾ  ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതുമായ വസ്തുവാണ് സാനിട്ടറി പാഡുകള്‍. ഒന്നാം ലോക മഹായുദ്ധകാലത്ത് ഇത് ആദ്യം കണ്ടെത്തിയത് തന്നെ പുരുഷന്മാര്‍ക്ക് വേണ്ടിയാണ്. ആ സമയത്ത് വെടിയുണ്ട കൊണ്ട് പരിക്കേല്‍ക്കുന്ന സൈനികരുടെ മുറിവുകള്‍ വെച്ചുകെട്ടാന്‍ വേണ്ടിയാണ് സെല്ലുകോട്ടണ്‍ എന്ന തരം പാഡ് ഉപയോഗിച്ചു തുടങ്ങിയത്. പില്‍ക്കാലത്ത് ഇത് സാനിട്ടറി പാഡുകൾ ആക്കിയപ്പോൾ ഇത് സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് ഉപയോഗിക്കാമെന്ന് വാണിജ്യാടിസ്ഥാനത്തിൽ തിരിച്ചറിയുകയും വിപണിയിൽ സുലഭമായി തുടങ്ങുകയും ചെയ്തു.

ഒന്നാം ലോക മഹായുദ്ധക്കാലത്ത്  പഞ്ഞിക്ക് ക്ഷാമം ആയിരുന്നു. പഞ്ഞി ഉപയോഗിച്ച് നിർമ്മിക്കുന്ന ബാൻഡ് എയ്ഡുകൾക്കും അതുകൊണ്ട് സ്വാഭാവികമായും ക്ഷാമം വന്നു.യുദ്ധത്തിൽ പരിക്ക് പറ്റിയ പട്ടാളക്കാരുടെ രക്തം വാർന്ന് പോകുന്നതിൽ നിന്ന് അവരെ രക്ഷിക്കാൻ കിമ്പർലി ക്ലാർക്ക് എന്ന കമ്പനി പഞ്ഞി ഇല്ലാത്ത തരം ഒരു 'ബാൻഡ് എയ്ഡ്' ഉണ്ടാക്കി. കടലാസ് നിർമ്മാതാക്കൾ ആയ ഇവരുടെ ഈ പുതിയ കണ്ടുപിടിത്തം മരം സംസ്കരിച്ച് നിർമിച്ചതായിരുന്നു. രക്തം ആഗിരണം ചെയ്യാൻ കഴിയുമായിരുന്ന ഈ വസ്തുവിനെ ഇവർ 'സെല്ലുകോട്ടൺ' എന്ന് വിളിച്ചു.

പഞ്ഞിയെക്കാളും അഞ്ചിരട്ടി ആഗിരണ ശേഷിയുള്ള ഈ ബാൻഡ് എയ്ഡിന്റെ വില പഞ്ഞി ബാൻഡ് എയ്ഡിന്റെ നേർ പകുതിയായിരുന്നു. ഇത് കാരണം സർക്കാരിനും, റെഡ് ക്രോസിനും ഇത് വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കാൻ ശങ്ക ഒട്ടുമേയില്ലായിരുന്നു. അങ്ങനെ അമേരിക്കയിലെ യുദ്ധ വകുപ്പിനും , റെഡ് ക്രോസിനും ഒരു ഡോളർ പോലും ലാഭം ഉണ്ടാക്കാതെ ഈ കമ്പനി സെല്ലുകോട്ടൺ ബാൻഡ് എയ്ഡുകൾ വിതരണം ചെയ്യാൻ തുടങ്ങി.

അങ്ങനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിത വഴിത്തിരിവ് ഉണ്ടായത്. റെഡ് ക്രോസിലെ നഴ്സുമാർ ഈ സെല്ലുകോട്ടൺ ബാൻഡ് എയ്ഡുകൾക്ക് ഒരു പുതിയ ഉപയോഗം കണ്ടെത്തി. ആർത്തവ സമയത്ത് അവർ ഇത് ഉപയോഗിക്കാൻ തുടങ്ങി. യുദ്ധം കഴിഞ്ഞപ്പോൾ ബാൻഡ് എയ്ഡുകളുടെ ഉപയോഗവും കുറഞ്ഞു.യുദ്ധകാലത്ത് നിരവധി ജീവനുകൾ രക്ഷിക്കാൻ സാധിച്ച ഈ ഉത്പന്നത്തിന് യുദ്ധകാലത്തിനു ശേഷം 'പണിയൊന്നും' ഇല്ലാതായി. സെല്ലുകോട്ടൺ കൊണ്ട് ഇനിയെന്ത് ഉപയോഗം എന്നത് കിമ്പർലി ക്ലാർക്കിന് മുന്നിൽ വലിയ ഒരു ചോദ്യമായി ഉയർന്നു.

ആർത്തവ കാലത്ത് സ്ത്രീകൾക്ക് ഈ വസ്തു കൊണ്ട് ഉപയോഗമുണ്ടാകും എന്ന് റെഡ് ക്രോസ് നഴ്സുമാരിൽ നിന്നും മനസ്സിലാക്കിയ കമ്പനി ആ വഴിക്ക് തിരിഞ്ഞു. അങ്ങനെ യുദ്ധത്തിൽ പട്ടാളക്കാർക്ക് വേണ്ടി നിർമിച്ച സെല്ലുകോട്ടൺ, 1920 ആകുമ്പോഴേക്കും ഡിസ്പോസിബിൾ സാനിറ്ററി പാഡുകൾ നിർമ്മിക്കാൻ ഉപയോഗിക്കാൻ തുടങ്ങി.
അതുവരെ തുണിയും മറ്റും ഉപയോഗിച്ചു കൊണ്ടിരുന്ന സ്ത്രീകൾക്ക് ഈ പാഡുകൾ വലിയൊരു അനുഗ്രം ആയിരുന്നു. സെല്ലുനാപ് (സെല്ലുകോട്ടൺ നാപ്കിൻസ് എന്നതിന്റെ ചുരുക്കം) എന്ന പേരിൽ ആയിരുന്നു കിമ്പർലി ക്ലാർക്ക് ലോകത്തിലെ ആദ്യത്തെ സാനിറ്ററി നാപ്കിൻ ഇറക്കാൻ തുനിഞ്ഞത്. ഇവരുടെ മാർക്കറ്റിങ് ഏജൻസി ഇതിന്റെ പേരൊന്നു മാറ്റാൻ നിർദ്ദേശിച്ചു. നാപ്കിനിലെ 'നാപ്' എന്നതൊക്കെ ഒഴിവാക്കി കോട്ടെക്സ് എന്നതായിരുന്നു പുതിയ പേര്. 'കോട്ടൺ ടെക്സ്റ്റൈൽ' എന്നതിന്റെ ചുരുക്കമാണ് കോട്ടെക്സ്.

കോട്ടക്സ് എന്ന പുതിയ സംഭവം കടയിൽ വയ്ക്കാൻ കച്ചവടക്കാർ വിസമ്മതിച്ചു. പരസ്യം സ്വീകരിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല. വളരെ പണിപ്പെട്ടതിനു ശേഷം ലേഡീസ് ഹോം ജേണൽ എന്ന പ്രസിദ്ധീകരണം ഇതിന്റെ പരസ്യം നൽകി. അതാകട്ടെ അങ്ങും ഇങ്ങും തൊടാതെയുള്ള പരസ്യവും. ഇത്തരം നിരവധി പ്രതിസന്ധികൾക്ക് ഇടയിൽ ഈ ഉത്പന്നം തന്നെ നിർത്തലാക്കിയാലോ എന്ന് കിമ്പർലി ക്ലാർക്ക് കമ്പനി ആലോചിച്ചു. ഭാഗ്യവശാൽ അവർ അത് ചെയ്തില്ല. ആദ്യകാലത്തെ കഷ്ടപ്പാടുകൾക്ക് ശേഷം കിമ്പർലി ക്ലാർക്കിന്റെ കോട്ടക്സിന്റെ രാശി തെളിഞ്ഞു. 1945 ആകുമ്പോഴേക്കും അമേരിക്കയിലെ ഒരു വിധം സ്ത്രീകളും ഇത്തരം പാഡുകളും ടാമ്പോണും ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. 

ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ, സ്ത്രീകളുടെ സ്വകാര്യ ശുചിത്വം എന്നത് വലിയ ഒരു വ്യവസായം ആയിരിക്കുന്നു. ഇന്ന് ഉപയോഗിക്കാനും, സംസാരിക്കാനും, പരസ്യം സ്വീകരിക്കാനും ഒക്കെ മടിയില്ലാത്ത ഒരു ഉത്പന്നം ആയിരിക്കുന്നു പാഡുകൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം