രാമായണം പറയുന്ന തത്വം


ആത്മമിത്രങ്ങളേ,
നിങ്ങളിൽ പലരേയും നേരിൽ കണ്ടിട്ടില്ലെങ്കിലും എല്ലാ ദിവസവും ആത്മസന്ദേശത്തിലൂടെ നമുക്ക് സത്സംഗം നടത്താൻ കഴിയുന്നു. പലപ്പോഴും എഴുതുന്ന വരികൾ അധികമാകുന്നു എന്നറിയാം. ചുരുക്കി എഴുതണമെന്നുണ്ട്. പക്ഷേ, അതെങ്ങിനെ സാധിക്കും?. ഒരു കഥയുടെ തത്വം ബോധ്യപ്പെടുത്തണമെങ്കിൽ അതിന്റെ ആഴങ്ങളിലേക്ക് പോകണമല്ലോ. പലർക്കും കഥകളാണിഷ്ടം. ഭാഗവത സപ്താഹ വേദികളിൽ എത്ര തവണ ഒരേ കഥ ആവർത്തിച്ച് നാം കേൾക്കുന്നു. സത്യം പറഞ്ഞാൽ കഥ കേട്ട് കഥ കേട്ട് നാം കഥയില്ലാത്തവരായി തീർന്നിരിക്കുന്നു. രാമായണവും ഭാഗവതവും ഭഗവത്ഗീതയും എല്ലാം തത്വ ഉപദേശങ്ങളാണ്. 

നഗ്നത മറയ്ക്കാവുന്ന ഒരു വസ്ത്രം അരയിലുടുത്തിട്ടില്ലെങ്കിൽ പിന്നെ എന്തൊക്കെ ആഭരണങ്ങളുണ്ടായിട്ടും പ്രയോജനമില്ല. വസ്ത്രമുടുത്തിട്ടുണ്ടെങ്കിൽ പിന്നെ ആഭരണങ്ങളൊന്നുമില്ലെങ്കിൽക്കൂടെ ദോഷമില്ല താനും. അതുപോലെ സ്വയം ആത്മാനുഭൂതിയെ സമ്പാദിക്കാതെ വ്യാഖ്യാനങ്ങളും ഉപദേശങ്ങളും കഥാരൂപേണ പറയുന്നതുകൊണ്ടു വിശേഷിച്ചു പ്രയോജനമൊന്നുമില്ല. 

രാമായണമെന്ന മഹാകാവ്യം നൽകുന്ന ധർമ്മ പ്രകാശം പ്രപഞ്ചം നിലനിൽക്കുന്ന കാലത്തോളം ഒരിക്കലും അസ്തമിക്കാത്തതാണ്. ഒരു വ്യക്തിയുടേയും കുടുംബത്തിന്റേയും സമൂഹത്തിന്റേയും രാഷ്ട്രത്തിന്റേയും സംസ്കാര ഭരണഘടന തന്നെയാണ് രാമായണം. 

രാമായണത്തിന്റെ പ്രാധാന്യത്തിന്റെ കാരണം കവി വരച്ചുവെയ്ക്കുന്ന മാനവബന്ധങ്ങളുടെ മാതൃകകളാണ്. 'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്നാണ് മൃഗലോകത്തെ നീതി. ഈ സ്വാർഥത വിട്ട് പരസ്‌പരം സ്നേഹിക്കുമ്പോഴാണ് മാനവികത ഉറവെടുക്കുന്നത്. കുടുംബബന്ധങ്ങളിൽ നിന്നാണ് അതുണ്ടാകേണ്ടത്. അതിന്റെ മാതൃകകളാണ് രാമായണത്തിൽ വാല്‌മീകി വരച്ചുവെയ്ക്കുന്നത്. അച്ഛനും മകനും തമ്മിൽ, അമ്മയും മകനും തമ്മിൽ, സഹോദരങ്ങൾ തമ്മിൽ, ഭാര്യയും ഭർത്താവും തമ്മിൽ ഉണ്ടാകേണ്ട ബന്ധങ്ങളുടെ ദാർഢ്യം രാമായണം പോലെ മറ്റൊരു കാവ്യവും നമുക്ക് നൽകുന്നില്ല.

സഹോദരന്മാർ തമ്മിലുണ്ടാകേണ്ട ബന്ധമാണ് ഇതിലേറ്റവും മിഴിവുറ്റതായി വാല്മീകി കാണുന്നത്. മാതൃകയായി വാല്മീകി ചൂണ്ടിക്കാണിക്കുന്നത് ദശരഥപുത്രന്മാരായ നാൽവരെയുമാണ്. നാലുപേരുടേയും സ്വഭാവത്തിൽ വ്യത്യാസങ്ങളുണ്ട്. എന്നാൽ പരസ്പ‌രം ഉള്ള സ്നേഹവും വിശ്വാസവും ഏറെ ദൃഢമാണ്. നിനയ്ക്കാത്ത സമയത്ത് രാജ്യം കൈവന്ന ഭരതൻ, ജ്യേഷ്ഠന്റെ പാദുകത്തെയാണ് സിംഹാസനത്തിൽ പ്രതിഷ്‌ഠിക്കുന്നത്. ലക്ഷ്മണൻ ശ്രീരാമന്റെ നിഴലാണ്. സ്വന്തം ജീവിതവും സൗഭാഗ്യവും ത്യജിച്ചാണ് രാമനെ വനത്തിലേയ്ക്ക് പിന്തുടരുന്നത്. ശത്രുഘ്നൻ ജ്യേഷ്ഠന്മാരെ കടുകിട തെറ്റാതെ അനുസരിക്കുന്നവനാണ്.

ഈ സഹോദരബന്ധങ്ങൾ മഹത്തായ മാതൃകകളായി എടുത്തുകാട്ടുന്ന കവി മറിച്ചുള്ള ഉദാഹരണങ്ങളും കാണിക്കുന്നുണ്ട്. അതുപക്ഷേ, മനുഷ്യരിലല്ല, വാനരരിലും രാക്ഷസരിലുമാണ്. നിർണായക നിമിഷത്തിൽ ജ്യേഷ്‌ഠനെ വിട്ടു ശത്രുപാളയത്തിലെത്തുന്നു വിഭീഷണൻ. ലങ്കയിലെ രഹസ്യങ്ങൾ ശത്രുവിന് പകർന്നു കൊടുത്ത് ജ്യേഷ്ഠനെ കൊല്ലിക്കുകയാണ് ആ സഹോദരൻ. ബാലിയും സുഗ്രീവനും തമ്മിലുള്ള ബന്ധമാണ് മറ്റൊരു ഉദാഹരണം. ശത്രുതയുടെ കഥകളെന്തായാലും ഒരപരിചിതനോട് സഹോദരനെ വധിക്കാൻവേണ്ടി സഖ്യമുണ്ടാക്കുന്ന സുഗ്രീവൻ ഒരിക്കലും ആദരണീയനോ അനുകരണീയനോ ആകുന്നില്ല. ഇവിടെയാണ് വാല്മീകിയുടെ മഹത്ത്വം നമുക്ക് വെളിവാകുന്നത്. മനുഷ്യന്റെ കഥ പറയാനാണ് മുനി തുനിഞ്ഞത്. രാമായണത്തിൻ്റെ തുടക്കത്തിൽ കവി തന്നെ ഇക്കാര്യം തുറന്ന് പറയുന്നുണ്ട്. ലോകർക്കെല്ലാം മാതൃകയായി കൊണ്ടാടാവുന്ന നരൻ ആരെന്ന് വാല്‌മീകി നാരദമഹർഷി യോട് ചോദിക്കുന്നു:

കോന്വസ്മ‌ിൻ സാമ്പ്രതം ലോകേ ഗുണവാൻ കശ്ച വീര്യവാൻ?

എല്ലാ ഗുണങ്ങളും തികഞ്ഞവനായി നാരദമഹർഷി ചൂണ്ടി കാണിച്ചത് ശ്രീരാമനെയാണ്. ആ രാമൻ്റെ കഥയാണ് വാല്മീകി എഴുതിയത്. അതുകൊണ്ടാണ് മനുഷ്യബന്ധങ്ങൾക്ക് വാല്മീകി ഇത്രയധികം പ്രാധാന്യം കല്‌പിക്കുന്നത്.

രാമായണത്തിലെ ഇരുപത്തിനാലായിരം ശ്ലോകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്ലോകമേതാണ്? ലക്ഷ്‌മണൻ സീതാരാമന്മാരോടൊപ്പം വനവാസത്തിന് ഒരുങ്ങുന്നു. തന്റെ ജീവിതത്തെപ്പറ്റി ഓർത്തില്ല, പങ്കാളിയായ ഊർമ്മിളയേയും മറന്നു. ലക്ഷ്മണൻ അമ്മയുടെ മുൻപിൽ അനുഗ്രഹത്തിനായി തലകുനിച്ചു. സുമിത്രയുടെ ഉപദേശമിതായിരുന്നു.

രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം അയോദ്ധ്യാം അടവീം വിദ്ധി ഗച്ഛ താത യഥാസുഖം

ജ്യേഷ്ഠനായ രാമനെ പിതാവെന്ന് കരുതൂ; ജ്യേഷ്‌ഠപത്നിയെ അമ്മയായ ഞാനെന്നു കരുതൂ. കാനനം അയോദ്ധ്യയെന്ന് കരുതൂ. പൊന്നുമോനേ, സുഖമായി പോകൂ.

ഇതിൽപ്പരം അർത്ഥസമ്പുഷ്ടമായൊരു യാത്രാമൊഴി ആർക്കും നൽകാനാകില്ല. മനുഷ്യഹൃദയങ്ങളെ മുറുക്കുന്ന കനക നൂലാണ് സ്നേഹം. അതിൽ നഷ്ടങ്ങളേയുള്ളൂ. നഷ്ടങ്ങളിൽ ചൂളാതിരിക്കുക. അതായിരുന്നു കരഞ്ഞ് കവിതയെഴുതിയ ആദികവിക്ക് പറയാനുണ്ടായിരുന്നത്. 
മനുഷ്യൻ ഹൃദയത്തോടെ വസിക്കുന്ന കാലമത്രയും രാമായണം ഒരു തുണയായി കൂടെയുണ്ടാകും എന്ന കവിസ്വപ്നം സാർത്ഥകമാകുന്നതിവിടെയാണ്.

വ്യക്തിബന്ധം മാത്രമല്ല, പൗരധർമ്മവും പഠിപ്പിച്ച ആദർശ ഗ്രന്ഥം രാമായണമാണ്. കുടുംബങ്ങൾ ഗ്രാമങ്ങളായും സമൂഹങ്ങളായും രാഷ്ട്രങ്ങളായും പടിപടിയായി ഉയരുമ്പോൾ അനുകരണീയമായ മാതൃകകൾ അവിടെയുണ്ടാകണം. ഇവിടെ വാല്‌മീകിയുടെ സങ്കല്പം സാധാരണക്കാരുടേതിൽ നിന്ന് വിഭിന്നമാണ്. കുടുംബം ഗ്രാമത്തിന് വേണ്ടി, ഗ്രാമം രാജ്യത്തിന് വേണ്ടിയും. കുടുംബബന്ധങ്ങളും രാജ്യധർമ്മങ്ങളും തമ്മിൽ ഇടർച്ചവന്നാൽ രാജ്യത്തിന് പ്രഥമ പരിഗണന, അതുകഴിഞ്ഞ് ഗ്രാമം, അവസാനം കുടുംബം. മറിച്ചാണ് നമ്മുടെ മുൻഗണനാക്രമം. എന്നാൽ വ്യക്തിയല്ല, പൗരനാണ് വാല്മീകിക്ക് വലുത്. വ്യക്തികർമ്മത്തിൻ്റെ വികാസവും ഉദാത്തതയുമാണ് പൗരധർമ്മം. അതുകൊണ്ടാണ് അച്ഛനെ വേദനിപ്പിച്ചിട്ടും ശ്രീരാമൻ മരവുരി അണിഞ്ഞത്. അച്ഛൻ്റെ മരണത്തിനുതന്നെ ഇതു കാരണമായേക്കാം. വ്യക്തി മരിക്കും, സ്വാഭാവികം; എന്നാൽ സത്യം മരിക്കരുത്. അത് നിത്യമാണ്, സനാതനവും. അതുയർത്തി പ്പിടിക്കുകയാണ് തൻ്റെ ധർമ്മം. അച്ഛനോടു മാത്രമല്ല, പത്നിയോടും ക്രൂരതയാണ് ശ്രീരാമൻ കാണിച്ചത് എന്ന് തോന്നാം. ഇരുമെയ്യാർന്നൊരു ജീവിപോലെ കഴിഞ്ഞിട്ട് ഒരപവാദത്തിൻ്റെ പേരിൽ പരിത്യജിച്ചു; പത്നിയെ മാത്രമല്ല, പ്രജാതന്തുക്കളേയും. ഭർത്താവ് മാത്രമല്ല, പ്രജാപതിയുമാണ് താൻ. ഭർത്താവിന് കരയാം, പക്ഷേ സിംഹാസനത്തിനതാവില്ല. സൂര്യൻ ആകാശത്തിലുയർന്നേ നില്ക്കൂ, ആ വംശത്തിനും താഴെയ്ക്ക് പതിക്കാനാവില്ല.

വ്യക്തിബന്ധങ്ങളുടെ ദാർഢ്യം, പൗരധർമ്മത്തിൻ്റെ പാവനത - ഇവ രണ്ടുമാണ് സംസ്‌കൃതിയുടെ പ്രഥമകിരണങ്ങൾ ഏറ്റുതുടങ്ങുന്ന ആദിമസമൂഹത്തിന് സ്വന്തം രാമായണ കവിതയിലൂടെ ആദികവി ഉദാഹരിച്ച് കാണിച്ചത്. ഇന്നുമിവ പ്രസക്തങ്ങളാണ്. വികാരങ്ങളല്ല, ധർമ്മ ബോധമാണ് സമൂഹത്തെ നയിക്കേണ്ടതെന്ന പാഠമാണതിന്റെ തത്വസാര സർവസ്വം.

രാമായണ തത്വങ്ങൾ വിവാഹിതരാകാൻ പോകുന്നവർ പഠിച്ചിരിക്കണം. കുടുംബം എന്ന സംസ്കാരത്തെ പഠിപ്പിക്കാൻ മറ്റൊരു ഗ്രന്ഥവുമില്ല. കുലധർമ്മവും ആചാര അനുഷ്ഠാനങ്ങളും എല്ലാ കുലങ്ങളും ഗോത്രങ്ങളും വംശ ആളു പഠിച്ചിരിക്കണം. "ജനാധിപത്യ രാജ്യത്തെ കലികാലോപനിഷത്ത്" എന്ന ഗ്രന്ഥരചനക്കിടയിൽ തന്നെ "രാമരാജ്യത്തിലെ കുടുംബങ്ങൾ" എന്നൊരു കൈപ്പുസ്തകവും കൂടി സാധു തയ്യാറാക്കുന്നുണ്ട്. രാമ പ്രതിഷ്ഠ അയോദ്ധ്യയിൽ നടക്കുമ്പോൾതന്നെ രാമകഥാ തത്വവും നമ്മിൽ പ്രതിഷ്ഠിക്കപ്പെടട്ടെ! അന്നേ ദിവസം ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും ഭക്തഹനുമാന്റെ/ രാമന്റെ/ഓം/ നീ ചിത്രങ്ങളെഴുതിയ അഗ്നിവർണ്ണ ധ്വജങ്ങൾ ഉയർത്താം. രാമായണ പാരായണങ്ങൾ നടത്താം. സന്ധ്യക്ക് ബഹുമാന്യ പ്രധാനമന്ത്രിജിയുടെ നിർദ്ദേശം പോലെ വിളക്കുകൾ തെളിക്കാം. അതിനായി നമുക്കൊരുങ്ങാം. 

 പീഠാധീശ്വർ ദണ്ഡിസ്വാമി 
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
അണ്ടത്തോട്
ഗുരുവായൂർ
തൃശ്ശൂർ ജില്ല.
679564
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം