ലങ്കയിലെ സീത

സത്സംഗ കുതുകികളായ സജ്ജനങ്ങളേ,
നാം പുതിയ വർഷത്തിലേക്ക് കടന്നിരിക്കുന്നു. ലാഭവും നഷ്ടവും സന്തോഷവും സങ്കടവും ഇടകലർന്ന ദിവസങ്ങൾ പിന്നിട്ടു. നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവർ നമുക്കു നഷ്ടമായിട്ടുണ്ടാക്കാം. കാത്തിരുന്ന സൗഭാഗ്യമായി ചിലർ കൂടെ വന്ന് ചേർന്നിട്ടുണ്ടാകാം. കണക്കുകൂട്ടലുകൾ പലതും പിഴച്ചിട്ടുണ്ടാകാം. നാമിപ്പോൾ 2024 ന്റെ ആദ്യ മണിക്കൂറുകളിലാണ്. എല്ലാവർക്കും ശുഭകരമായ ഒരു വർഷം ആശംസിക്കുന്നു. 

ഇതുപോലെ പന്ത്രണ്ട് മാസം കാത്തിരുന്ന സീതാദേവി രാവണവധവും കഴിഞ്ഞെത്തുന്ന ഭർത്താവിനെ സമീപിച്ച കഥ എത്ര വർണ്ണിച്ചാലും മതിവരില്ല. പതിവ്രതയായ ഒരു ഭാര്യയേയും ഭർത്താവ് എന്നതിലുപരി ഭരണകർത്താവ് എന്ന നിലയിൽ ജനഹിതം നടപ്പിലാക്കിയ രാമനും വർണ്ണനകൾക്കതീതമാണ്. പുതുവർഷ പുലരിയിൽ ആ ചരിത്ര കഥയിലൂടെ നമ്മുടെ മനസ്സിനെ യാത്രയാക്കാം.

രാവണവധം കഴിഞ്ഞ് ഹനുമാൻ സീതാദേവിയെ കണ്ടു. രാമ രാവണ യുദ്ധ കഥ പറഞ്ഞു. നാളത്തെ ദിവസം സീതാരാമ സംഗമമാണെന്ന് കേട്ടപ്പോൾ സീത കോരിത്തരിച്ചു. 

 “അവിടുത്തെ ആജ്ഞപോലെ. ഞാൻ സ്വാമിയോട് എന്താണു മറുപടിയായി പറയേണ്ടത്?” ഹനുമാൻ ചോദിച്ചു.

 "അങ്ങയെ കാണാൻ..ആ സ്നേഹവചസ്സുകൾ കേൾക്കാൻ, ഞാൻ കാത്തിരിക്കുകയാണെന്നു മാത്രം പറയുക." സീത ചിരിച്ചു.

 “നാളെ പ്രഭാതത്തിൽ നിങ്ങളിരുവരും കണ്ടുമുട്ടും. ഈ ഒരു രാത്രികൂടി ദേവി ക്ഷമിക്കുക" സീതയെ വന്ദിച്ച് ഹനുമാൻ യാത്രയായി.

ഇരുൾ വീണ പടനിലത്തിൽ അങ്ങിങ്ങായി, മങ്ങിക്കത്തുന്ന തീവെട്ടികൾ വിതറുന്ന ഇത്തിരി പ്രകാശത്തിൽ പരിചാരകർ തങ്ങളുടെ ജോലികൾ തുടരുന്നുണ്ടായിരുന്നു. ശവശരീരങ്ങൾ മറവു ചെയ്യാനും പൊട്ടിത്തകർന്ന തേരുകൾ എടുത്തുമാറ്റാനും അവർ ഏറെ പണിപ്പെട്ടു. രക്തവും അസ്ഥികളും മാംസക്കഷ്ണങ്ങളും ചിതറിക്കിടക്കുന്ന യുദ്ധഭൂമിയിൽനിന്ന് അസഹനീയമായ ദുർഗന്ധമുയരുന്നുണ്ട്. കുറുനരികളും ചെന്നായ്ക്കളും കൊതിയോടെ, ഇരുട്ടുവീണ് മൂലകളിൽ തക്കം പാർത്തു നടക്കുന്നു .

ഹനുമാൻ മടങ്ങിയെത്തുമ്പോൾ പടകുടീരത്തിനുപുറത്തെ പാറക്കെട്ടിൽ ചാഞ്ഞിരിക്കുകയായിരുന്നു രാമൻ. ദൂരെ ഇരുൾമൂടിയ സാഗരത്തിൽ അവിടവിടെയായി കാണുന്ന നക്ഷത്രത്തിളക്കങ്ങൾ ശ്രദ്ധിച്ചുകൊണ്ട്. ലക്ഷ്മണനും അടുത്തു നില്ക്കുന്നു. “സ്വാമീ. അടിയൻ മടങ്ങിയെത്തിയിരിക്കുന്നു. ദേവിയെ കണ്ടു. അങ്ങയുടെ സന്ദേശമറിയിച്ചു. അങ്ങയെ കാണാനും അവിടുത്തെ സ്നേഹവചസ്സുകൾ കേൾക്കാനും കാത്തിരിക്കുകയാണു ദേവി." ഹനുമാൻ അറിയിച്ചു. രാമന്റെ മിഴികൾ നിറയുന്നതും അടർന്നുവീഴുന്ന കണ്ണീർത്തുള്ളികൾ പളുങ്കുമണികൾപോലെ ചിതറുന്നതും ഹനുമാൻ ശ്രദ്ധിച്ചു.

“ഇനി, താങ്കൾ നന്നായൊന്നുറങ്ങുക. എത്ര ദിവസമായി വിശ്രമിച്ചിട്ട്." രാമൻ പറഞ്ഞു.

“ഇല്ല, സ്വാമീ.. അടിയനു വിശ്രമിക്കാൻ സമയമായിട്ടില്ല. നിങ്ങളിരുവരും ഉറങ്ങുക, ഞാനിവിടെ കാവലിരിക്കാം." ഹനുമാൻ ശിരസ്സു കുനിച്ചു.

“എങ്കിൽ നാം മൂവരും ഉറങ്ങുന്നില്ല." ലക്ഷ്‌മണൻ കളി വാക്കു പറഞ്ഞു.

“ഞങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് ഒരുവർഷം തികയുന്നു" അയോദ്ധ്യയുടെ പൂർവ്വകാല ചരിത്രവും രഘുവും കാകുൽസ്ഥനും ഖട്വംഗനും അജനും ദശരഥനുമടങ്ങുന്ന മുൻഗാമികളുടെ വീരഗാ ഥകളും രാമൻ ഹനുമാനു പറഞ്ഞുകൊടുത്തു. കടലിൽ മുങ്ങിക്കയറിവരുന്ന കുളിർകാറ്റിൽ സരയൂ തീരത്തെ മഹാരഥന്മാരുടെ ചരിത്രം കേട്ടുമനംകുളിർത്ത് ആ വിനീതദാസനിരുന്നു. ഇരുൾ മാഞ്ഞതും.. നക്ഷത്രങ്ങൾ മിഴിപൂട്ടിയതും ഒരു സുന്ദര സിന്ദൂര തിലകംപോലെ ഉദയഗിരിക്കുമുകളിൽ സൂര്യനുദിച്ചതും അവരറിഞ്ഞില്ല.

പ്രഭാതത്തിൽ ആദ്യം വന്നത് വിഭീഷണനാണ്. തൊട്ടു പിന്നാലെ സുഗ്രീവനുമെത്തി.

“എത്രയും വേഗം ദേവിയെ അണിയിച്ചൊരുക്കി ആനയിക്കണം" രാമൻ പറഞ്ഞു. വിഭീഷണൻ തന്റെ അനുചരന്മാരെ അതിനായി ചുമതലപ്പെടുത്തി. അവർ എല്ലാവരും ലങ്കയുടെ സഭാമണ്ഡപത്തിനു പുറത്തെ മൈതാനത്തേയ്ക്കു പുറപ്പെട്ടു. അവിടെയാണ് വിഭീഷണന്റെ അഭിഷേക ചടങ്ങുകൾ നടക്കുന്നത്.

പുതിയ രാജാവ് അധികാരമേൽക്കുന്നു എന്നറിഞ്ഞ് ജനങ്ങൾ അവിടെ തടിച്ചു കൂടിയിരുന്നു. ഒരു രഥമോ കുതിരയോ പോലുമില്ലാതെ, കുറെ കുരങ്ങന്മാരെയും കൂട്ടിവന്ന് രാവണനെ വധിച്ച രാമനെന്ന ധീരയോദ്ധാവിനെ കാണാൻ അവർ തിക്കിത്തിരക്കി നില്ക്കുന്നുണ്ടായിരുന്നു.

ആചാര്യന്മാരുടെയും മന്ത്രിമാരുടെയും സാന്നിദ്ധ്യത്തിൽ നടന്ന അഭിഷേകച്ചടങ്ങിന് മാല്യവാനാണ് നേതൃത്വം നൽകി യത്.

“വിഭീഷണ മഹാരാജാവ് നീണാൾ വാഴട്ടെ. ലങ്കയുടെ യശസ്സ് ലോകമെങ്ങും വ്യാപിക്കട്ടെ." ജനങ്ങൾ ആർത്തു വിളിച്ചു.

അപ്പോഴേയ്ക്കും സീതയെ അണിയിച്ചൊരുക്കി, ഒരു സ്വർണ രഥത്തിലേറ്റി രാക്ഷസിമാർ അവിടേയ്ക്കുകൊണ്ടുവന്നു. “സീത..സീത.." ആളുകൾ പിറുപിറുത്തു.

രാവണന്റെ ഹൃദയം കവർന്ന വരവർണ്ണിനി. അവളെ ഒരു നോക്കുകാണാൻ ജനങ്ങൾ തിക്കിത്തിരക്കി മുന്നോട്ടുവന്നു കൊണ്ടിരുന്നു.

തേരിൽ നിന്നിറങ്ങുമ്പോഴേ സീതയുടെ കണ്ണുകൾ രാമനെ തേടുകയായിരുന്നു. ഒരുവർഷം മുമ്പ് കാട്ടിലെ കുടിലിൻ്റെ മുറ്റത്ത് താൻ അവസാനമായിക്കണ്ട ആ കോമളരൂപം. വിരഹവേദനയും യുദ്ധത്തിന്റെ ക്ഷീണവുമെല്ലാം അദ്ദേഹത്തെ ആകെ മാറ്റിയിരിക്കുന്നു. തന്നെ കണ്ട ഉടൻ അദ്ദേഹം ഓടിയെത്തും. കുടിച്ചുതീർത്ത കണ്ണീർപുഴകൾ തൻ്റെ ആനന്ദാശ്രുക്കളായി ആ മാറിലൂടെയൊഴുകിയിറങ്ങും. സീത ഓരോന്നു ചിന്തിച്ച്, ജനക്കൂട്ടം തിങ്ങിനിൽക്കുന്ന ഇടവഴിയിലേക്കിറങ്ങാനാവാതെ വിഷമിച്ചു നിന്നു.

രാമൻ സീതയെ കണ്ടു..

“സീതാദേവിയെ പുറത്തേയ്ക്കിറക്കുക.” അദ്ദേഹം വിഭീഷണനോടു നിർദേശിച്ചു. വിഭീഷണൻ്റെ വിരൽ തുമ്പൊന്നു ചലിച്ചതും കൊട്ടാരം പരിചാരകർ ജനങ്ങളെ പിടിച്ചുമാറ്റാൻ തുടങ്ങി. സീതയെ ഒരുനോക്കു കാണുവാനെത്തിയ ജനങ്ങൾ അവരുടെ നിർദേശങ്ങളനുസരിക്കാതെ തിക്കിത്തിരക്കി മുന്നോട്ടു കയറിയതോടെ ഭടന്മാർ ചൂരലുകൾകൊണ്ട് അവരെ അടിച്ചോടിക്കാൻ തുടങ്ങി. രാമൻ മുഖം ചുവന്നു.

“അരുത്...ആരെയും ഉപദ്രവിക്കരുത്. അവർ സീതയെ കണ്ടു കഴിഞ്ഞിട്ടു മതി ബാക്കിയെല്ലാം. ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാവുന്നതൊന്നും നാം ചെയ്‌തുകൂടാ.." രാമൻ ഭടന്മാരെ വിലക്കി. ലക്ഷ്മണനും സുഗ്രീവനും പരസ്‌പരം നോക്കി.

രാമൻ്റെ ഭാവങ്ങളിൽ അന്നോളം കാണാത്ത ഒരു മാറ്റം.

സീതയെ കണ്ടതും ആനന്ദത്തോടെ ഓടിച്ചെന്ന് തേരിൽ നിന്നു പിടിച്ചിറക്കി കൂട്ടിക്കൊണ്ടുപോരും എന്നാണവർ കരുതിയത്. എന്നാലിതാ ഒരു രാജാവിൻ്റെ മാത്രം ഭാവങ്ങളോടെ അദ്ദേഹം ആജ്ഞകൾ നല്‌കുന്നു. വിജയം രാമൻ്റെ മനസ്സിലും...?! ഹേയ്.. അതൊരിക്കലും സംഭവിക്കില്ല. ലക്ഷ്‌മണൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

ജനങ്ങൾ ഇരുവശത്തേക്കും മാറി, സീതയ്ക്കു വഴിയൊരുക്കി. ഭർത്താവിനു മുന്നിലേയ്ക്കെത്താൻ ധൃതിപൂണ്ടു നടക്കുമ്പോഴും ആയിരക്കണക്കിനാളുകളുടെ മിഴികൾ തന്നെ പൊതിയുന്നു എന്നതിൽ സീതയ്ക്ക് സംഭ്രമം തോന്നി. അവൾ രാമൻ്റെ അടുത്തെത്തി ശിരസ്സു കുനിച്ചുനിന്നു.

“ഇതെന്റെ പത്നി. ഇവൾക്കു വേണ്ടിയാണു ഞാനീ യുദ്ധം നടത്തിയത്. അത് ഞാൻ ജയിച്ചിരിക്കുന്നു." രാമൻ തന്നെ ചേർത്തു പിടിച്ച് ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചു നില്ക്കുകയായിരുന്നു സീത.

പക്ഷെ..രാമൻ മൗനം പാലിക്കുന്നു.

അവൾ ഇടംകണ്ണിൻ്റെ കോണുകളാൽ രാമനെ നോക്കി. തന്നിൽനിന്നല്പ്പം അകന്നുമാറി പ്രജകളെത്തന്നെ ശ്രദ്ധിച്ചു നിൽക്കുകയാണ് രാമൻ. എന്തോ കടുത്ത ചിന്തയിലാണദ്ദേഹം. രാമൻ്റെ മനസ്സു കലുഷമായിരുന്നു.

പ്രജകൾ രാവണൻ്റെ ദുഃസ്വഭാവങ്ങളെപ്പറ്റി പറയുന്നുണ്ട്. അന്തഃപുരത്തിലെ അനേകം റാണിമാരെപ്പറ്റിയും രാവണൻ്റെ ദുർന്നടത്തങ്ങളെപ്പറ്റിയും അവർ പിറുപിറുക്കുന്നുണ്ട്. ഇവർ സീതയെപ്പറ്റി എന്തായിരിക്കും ചിന്തിക്കുന്നത്? രാമന് ആശങ്ക തോന്നി. എല്ലാവരും രാമനെത്തന്നെ ഉറ്റുനോക്കുമ്പോൾ, പെട്ടെന്ന് സീതയുടെ നേരെ തിരിഞ്ഞ്, തികഞ്ഞ ഗൗരവത്തോടെ രാമൻ പറഞ്ഞുതുടങ്ങി.

'ദേവീ.. ശത്രുക്കളെ ഒന്നൊഴിയാതെ കൊന്നൊടുക്കി, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. ഒരു യോദ്ധാവ് ഇത്തരമൊരവസ്ഥയിൽ ചെയ്യേണ്ടതെന്തോ അതുതന്നെയാണ് ഞാൻ ചെയ്തത്. സുഗ്രീവന്റെയും വിഭീഷണന്റെയും ഹനുമാനുൾപ്പെട്ട വാനരപ്രമുഖരുടെയും അനുജൻ ലക്ഷ്‌മണൻ്റെയും തുണയോടെ, നമ്മോട് രാവണൻ ചെയ്‌ത കൊടുംക്രൂരതയ്ക്കു പകരംവീട്ടി നിന്നെ സ്വതന്ത്രയാക്കിയിരിക്കുന്നു." രാമൻ്റെ വാക്കുകളിൽ സീത പ്രതീക്ഷിച്ച ആർദ്രതയുണ്ടായിരുന്നില്ല. വെയിലേറ്റ പാറക്കെട്ടുപോലെ കടുത്തതും ചൂടുള്ളതുമായ വാക്കുകൾ, സീതയുടെ മനസ്സിൽ ആശങ്കയുടെ ബാഷ്പങ്ങളുണർത്തി. 

“തന്റെ പത്നിയെ മറ്റൊരുവൻ അപഹരിക്കുക. ഏതുപുരുഷനും ദുഃഖകരമായൊരവസ്ഥയാണത്. അവൾ ശത്രുവിന്റെ അധീനതയിൽ കഴിയുമ്പോൾ അവനൊരിക്കലും തലയുയർത്തി നടക്കാനുമാവില്ല. ശത്രുനിഗ്രഹം കൊണ്ട് ആ അപമാനം ഇന്നു ഞാൻ തീർത്തിരിക്കുന്നു. പക്ഷെ.." രാമൻ തെല്ലിട മൗനം പാലിച്ചു. പിന്നെ, കൂടിനിന്ന ജനങ്ങൾ കേൾക്കുമാറുച്ചത്തിൽ അദ്ദേഹം സീതയോടായി തുടർന്നു.

“നീ ഒരുവർഷക്കാലം രാവണൻ്റെ അധീനതയിൽ കഴിഞ്ഞവളാണ്. നിന്നെ സ്വീകരിക്കുന്നത് കുലധർമ്മത്തിനു വിരുദ്ധമാണ്. നീയിന്നു സ്വതന്ത്രയായതിനാൽ ആരുടെയൊപ്പം വേണമെങ്കിലും പോകാം."

ഹനുമാനു ദുഃഖം തോന്നി. രാമൻ എന്ന ആദർശധീരനായ നായകന് തെല്ലും യോജിക്കാത്ത വാക്കുകളാണ് അദ്ദേഹത്തിന്റെ നാവിൽ നിന്നുതിരുന്നത്.

നിൻ്റെ ചാരിത്ര്യം സംശയാസ്പദമാണ്. നിന്നെ സ്വീകരിക്കുവാനല്ല, വംശത്തിനു നാണക്കേടുണ്ടാകാതിരിക്കാനാണ് ഞാൻ നിന്നെ മോചിപ്പിച്ചത്" എന്നിങ്ങനെയൊക്കെയാണ് അദ്ദേഹം സംസാരിക്കുന്നത്. തന്നെ ദൂതുമായി അയയ്ക്കുകയും ദേവി, മരച്ചുവട്ടിൽ വെറും തറയിലാണു കഴിയുന്നതെന്നറിയുകയും ചെയ്ത രാമൻ. സീതയില്ലാതെ താനെങ്ങനെ ജീവിക്കുമെന്ന് വിലപിച്ച രാമൻ.... ജനങ്ങളെ ബോധിപ്പിക്കാനാണെങ്കിൽപോലും ഇത്ര പരുഷവും നിന്ദ്യവുമായ വാക്കുകൾ പറയാൻ എങ്ങനെയദ്ദേഹത്തിനു കഴിയുന്നു?? പക്ഷെ, എന്തെങ്കിലും കാരണമില്ലാതെ സ്വാമി ഇങ്ങനെ പറയുകയില്ല, ആ മുഖഭാവം, താനിന്നോളം കാണാത്തത്ര ക്രൂരവുമാണ്.

തന്റെ ഭർത്താവിൽ നിന്ന് താനൊരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ടതോടെ സീത പാരവശ്യത്തിന്റെ അഗ്‌നിയിൽ പതിച്ചു. അദ്ദേഹം തന്നെ സംശയിക്കുന്നു. നിഴൽപോലും കൂട്ടു വരാത്ത വനാന്തരത്തിലെ ഘോരമാർഗങ്ങളിൽ താനദ്ദേഹത്തിന്റെ നിഴലായി നടന്നവളാണ്. രാമനെയല്ലാതെ ഒരു പുരുഷനെ മനസ്സിൽ പോലും നിനയ്ക്കാതെ ജീവിച്ചവൾ. എന്നിട്ടും തന്നെയദ്ദേഹം സംശയിക്കുന്നു. സീതയുടെ സകല നിയന്ത്രണങ്ങളും വിട്ടുപോയി. കൂടിനിൽക്കുന്ന ജനങ്ങൾക്കു മുന്നിൽവച്ചാണദ്ദേഹം സ്വന്തം പത്നിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത്.

"അങ്ങയിൽ നിന്ന് ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകളാണല്ലോ പുറപ്പെടുന്നത്. ഏറ്റവും നീചനായ ഒരുവൻ അധമയായ തൻ്റെ ഭാര്യയോടു പറയുന്നതുപോലുള്ള വാക്കുകൾ. അധർമ്മിയായ രാവണൻ എന്നെ അപഹരിച്ചതും എന്നെ ഇവിടെ കൊണ്ടുവന്നു പാർപ്പിച്ചതും എൻ്റെ എതിർപ്പിനെ മറികടന്നാണ്. മനസ്സാ വാചാ കർമ്മണാ എൻ്റെ ഭർത്താവിനെയല്ലാതെ മറ്റൊരു പുരുഷനെ ഞാൻ സ്വീകരിച്ചിട്ടില്ല.

ഞാൻ രാവണന്റെ അന്തഃപുരത്തിലല്ല വസിച്ചത്. കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് ശിംശിപവൃക്ഷച്ചുവട്ടിലെ വെറും തറയിലാണു കഴിഞ്ഞത്. ഒരു വർഷം മുഴുവൻ അങ്ങയെ മനസ്സിൽ സ്‌മരിച്ച്. ഹനുമാൻ ഇവിടെയെത്തി അതുകണ്ട് അങ്ങയെ അറിയിച്ചതുമാണല്ലോ. എന്നിട്ടുമെന്തേ ഒരു സംശയം? ഇങ്ങനെയൊരാരോപണം അന്ന് ഉന്നയിച്ചിരുന്നുവെങ്കിൽ ഞാൻ സ്വയം ജീവനൊടുക്കുമായിരുന്നല്ലോ? അപ്പോൾ അങ്ങയുടെ ഈ മനംമാറ്റത്തിന് മറ്റെന്തൊക്കെയോ കാരണമുണ്ട്.” സീത മിഴികൾ തുടച്ചു. മനസ്സിൽ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ അവൾ ലക്ഷ്‌മണൻ്റെ അടുത്തേക്കുചെന്നു.

“മതി. ഒരു പെണ്ണായിപ്പിറന്നതിന് ആവശ്യത്തിലധികം ശിക്ഷ കിട്ടി. ബാല്യം കടക്കുന്നതിനു മുമ്പ് അയോദ്ധ്യയിലെ രാജകുമാരന്റെ പത്നിയായി. ആ സൗഭാഗ്യം ആസ്വദിച്ചു തുടങ്ങുന്നതിനു മുമ്പ് കാടിന്റെ ഇരുട്ടിലേയ്ക്കിറങ്ങി. ഒടുവിൽ രാക്ഷസന്റെ തടവുകാരിയുമായി. ഇപ്പോഴിതാ എല്ലാറ്റിനും മീതെ അശനിപാതം പോലെ ഭർത്താവിൻ്റെ സംശയവും. വയ്യ.! ഈ പഞ്ചാഗ്നിമദ്ധ്യത്തിലിങ്ങനെ ഉരുകിത്തീരുന്നതിനുമുമ്പ്... പ്രിയപ്പെട്ട അനുജാ, നീ എനിക്കായി ഒരു സഹായം ചെയ്യുക. ഈ പാഴ്‌ജന്മം കത്തിയെരിയുവാൻ ഒരു ചിത.. ഒരു ചിതയെനിക്കൊരുക്കിത്തരൂ.." പൊട്ടിക്കരഞ്ഞു കൊണ്ട് സീത ലക്ഷ്‌മണനു മുന്നിൽ തൊഴുതുനിന്നു.

ലക്ഷ്‌മണൻ രാമനെനോക്കി. ഭാവമാറ്റമേതുമില്ലാതെ നിശ്ചലനായി നിൽക്കുകയാണു രാമൻ. ലക്ഷ്‌മണന് ജ്യേഷ്‌ഠത്തിയുടെ നിരപരാധിത്വം ജ്യേഷ്ഠനെ ബോധിപ്പിക്കണമെന്നുണ്ട്. പക്ഷെ ഇത്രയും പേരുടെ മുന്നിൽവച്ച് എങ്ങനെ അദ്ദേഹത്തെ എതിർത്തു സംസാരിക്കും. നാളിതുവരെ ആ മനുഷ്യൻ്റെ ആജ്ഞകൾ അനുസരിച്ചിട്ടേയുള്ളു.

ലക്ഷ്‌മണൻ കനൽ നിറഞ്ഞ മനസ്സോടെ പരിചാരകർക്കു നിർദേശം നൽകി. ഉടൻ തന്നെ അവിടെ ഒരു ചിതയൊരുങ്ങി.

ചിത കത്തിപ്പടരുകയാണ്.. അഗ്‌നിനാളങ്ങൾ കടൽക്കാറ്റേറ്റ് ആടിയുലയുന്നു. സീത അവസാനമായി രാമനെ നോക്കി. ഒരുവാക്കു കൊണ്ടോ... നോക്കുകൊണ്ടോ അദ്ദേഹം തന്നെ തടഞ്ഞെങ്കിലെന്ന് അവളാഗ്രഹിച്ചു. പക്ഷെ, രാമൻ അവളെ ശ്രദ്ധിക്കുകപോലും ചെയ്‌തില്ല.

"സൃഷ്‌ടി സ്ഥിതി സംഹാരങ്ങൾക്കാധാരമായ ത്രിമൂർത്തികളേ.. സൂര്യചന്ദ്രതാരാഗണങ്ങളേ.. സൂര്യവംശത്തിലെ യശസ്വികളായ പൂർവ്വപിതാക്കളേ.. അത്രിയും അഗസ്ത‌്യനും വസിഷ്‌ഠനും വിശ്വാമിത്രനുമടങ്ങുന്ന ഋഷിവര്യന്മാരേ.. കാറ്റും കടലും ഗിരിനിരകളുമടങ്ങുന്ന പ്രകൃതിദേവതകളേ.. സീത ഇതാ അഗ്നിയിൽ പ്രവേശിക്കുന്നു." ചുണ്ടുകൾ കടിച്ചമർത്തി ഒരു പ്രാർഥനയിലെന്ന പോലെ അവൾ അല്‌പനേരം നിന്നു.

"അറിയാത്ത തെറ്റിന് അഗ്നിയിൽ ജീവനൊടുക്കുകയാണിവൾ. കണ്ടനാൾ മുതല്ക്കിന്നേവരെ എൻ്റെ ഭർത്താവിനെയല്ലാതെ മറ്റൊരു പുരുഷനെയും മനസ്സിൽ നിനയ്ക്കാതെ ജീവിച്ച നിരാലംബയായ സീത.. അവമാനിതയായി ഇതാ അഭയം ചോദിക്കുന്നു എല്ലാറ്റിനെയും ശുദ്ധീകരിക്കുന്ന അഗ്നിദേവാ..!!" ഒരു ദീനവിലാപം പോലെ സീത വിളിച്ചു .

“എന്നെ.. എന്നെയും ആ നാളങ്ങളാൽ ആവാഹിച്ചെടുക്കൂ. ഈ ദുരിതജന്മം എനിക്കിനിവേണ്ട.. വേണ്ട.." ഒരലർച്ചയോടെ സീത ആ തീയിലേക്ക് എടുത്തുചാടി. അതുകാണാനാവാതെ വിഭീഷണനും ലക്ഷ്‌മണനും സുഗ്രീവനും ഹനുമാനുമൊക്കെ തലകുനിച്ച് കണ്ണുകളടച്ചുനിന്നു. ലങ്കാപുരിവാസികളായ ജനങ്ങൾ നെഞ്ചു പൊട്ടും വിധത്തിൽ അലറിയാർത്തുകൊണ്ട് ആ കാഴ്ച കണ്ടുനിന്നു. അപ്പോഴും രാമനു ഭാവമാറ്റമൊന്നുമില്ല.

എന്നാൽ! ഏവരെയും വിസ്‌മയഭരിതരാക്കിക്കൊണ്ട് അഗ്നിനാ ളങ്ങൾക്കിടയിലൂടെ സീത പുറത്തേയ്ക്കുവന്നു.

ആ ഘട്ടത്തിൽ, ബ്രഹ്മദേവൻ, വരുണൻ, ഇന്ദ്രൻ, കുബേരൻ, ശിവൻ തുടങ്ങിയ ദേവന്മാരെല്ലാം അവിടെ വന്നെത്തിയെന്നും സീത കളങ്കമറ്റവളാണ് എന്ന് രാമനെ ബോദ്ധ്യപ്പെടുത്തിയെന്നും വാല്മീകി രാമായണത്തിൽ പറയുന്നു. സീതയെ അഗ്നിയിൽ നിന്നു പുറത്തേയ്ക്കു കൊണ്ടുവരുന്നത് സാക്ഷാൽ അഗ്നിദേവനാണത്രെ.

നിസ്സംഗനായി നിൽക്കുന്ന രാമനെ നോക്കി അഗ്നിദേവൻ പറയുന്നു. “ഭവാന്റെ ധർമപത്നിയായ സീത, വാക്കാലോ പ്രവൃത്തിയാലോ അങ്ങയേക്ക് ദ്രോഹം ചെയ്യാത്തവളാണ്. മനസ്സുകൊണ്ടു പോലും അശുദ്ധയാകാത്ത ഈ പവിത്ര സ്ത്രീജന്മം നാരീകുലത്തിനുതന്നെ അഭിമാനമാണ്. ഇവളെ സ്വീകരിച്ചാലും.”

അഗ്നിദേവൻ്റെ വാക്കുകൾ കേട്ടതോടെ രാമൻ അതുവരെ അട ക്കിവച്ചിരുന്ന അന്തഃസംഘർഷങ്ങൾ അണപൊട്ടിയൊഴുകി. നിറകണ്ണുകളോടെ അദ്ദേഹം സീതയെ നോക്കികൊണ്ടു പറഞ്ഞു.

“ഇവൾ എന്റെ ധർമ്മപത്നി. എന്നെ മാത്രം നിനച്ചു ജീവിച്ച ഇവൾ പരിശുദ്ധയാണെന്ന് എനിക്ക് ഉത്തമ ബോദ്ധ്യമുണ്ട്. എന്നാൽ അത് ജനങ്ങൾക്കുകൂടി ബോദ്ധ്യമാകണം. അന്യൻ്റെ തടവിൽ കഴിഞ്ഞ ഒരു സ്ത്രീ. അവളെത്ര പരിശുദ്ധയാണെങ്കിലും ജനങ്ങളുടെ ദൃഷ്ടിയിൽ സംശയിക്കപ്പെടുന്നവളാണ്. അഗ്നിക്കുപോലും സീതയുടെ ശുദ്ധമായ ജീവിതത്തെ സ്‌പർശിക്കുവാനാവില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതിനാലാണ് എൻ്റെ മനസ്സിനെ ശിലയാക്കി ഞാനീ ക്രൂര പരീക്ഷണത്തിനു മുതിർന്നത്. നീചവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ചത്.” ഒരു ക്ഷമാപണം പോലെ രാമൻ വിശദീകരിച്ചു.

മിത്രങ്ങളേ,
ഇവിടെ ജനങ്ങളുടെ ഹിതമാണ് ഒരു ഭരണാധികാരിയുടെ ഏറ്റവും പ്രധാന ലക്ഷ്യം എന്ന് രാമൻ്റെ പ്രവൃത്തികളിലൂടെ രാമായണം നമ്മെ പഠിപ്പിക്കുന്നു. സ്വാർത്ഥതയും സ്വജനപക്ഷപാതവും അഴിമതിയും ദൂർത്തും ആഡംഭര ജീവിതവും ലക്ഷമാക്കി അധികാര സ്ഥാനത്തെ ദുർവ്വിനിയോഗം ചെയ്യുന്ന ഈ കാലഘട്ടത്തിലെ ഭരണാധികാരികൾ ഭരണഘടനയും രാമായണവും വായിക്കണം. വ്യക്തിയുടെ സന്തോഷങ്ങൾ സമൂഹത്തിനു വേണ്ടി ത്യാഗം ചെയ്യുന്ന ഭരണാധികാരികൾ പിൽക്കാലത്ത് രാമ രാജ്യമെന്ന സങ്കല്പത്തിലൂന്നി ഭരണം നടത്തിയത് ഇത്തരം സന്ദർഭങ്ങളുടെ സ്‌മരണയിലാകണം.)

ദേവദുന്ദുഭികൾ മുഴങ്ങി. ആകാശത്തുനിന്ന് പുഷ്‌പവൃഷ്‌ടിയുണ്ടായി.

ബ്രഹ്മാദിദേവന്മാരെല്ലാവരും ജാനകീസമേതനായ ശ്രീരാമചന്ദ്രനെ അനുഗ്രഹിച്ചു. അവർ സ്വർഗ്ഗത്തിലേക്കു മടങ്ങുന്നതിനു മുമ്പ് രാമനോടു പറഞ്ഞു.

“താങ്കളുടെ പിതാവ് ദിവ്യരഥത്തിൽ കാത്തിരിക്കുന്നുണ്ട്. സാധാരണ മനുഷ്യർക്ക് ഒരിക്കലും ലഭിക്കാത്ത ഭാഗ്യമാണിത്. മകനെ കാണണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു." ലക്ഷ്മണനെയും സീതയെയും കൂട്ടി രാമൻ, ദശരഥനെ കാണുവാനെത്തി. ഒരു മായികലോകത്തെന്നപോലെ അവർ ദശരഥനു മുന്നിൽ നിന്നു.

മകനേ.. സ്വർഗ്ഗവാസം എനിക്ക് തെല്ലും സുഖകരമായിതോന്നുന്നില്ല. നിന്നെ കാണാനാകുന്നില്ലെങ്കിൽ സ്വർഗ്ഗം നരകത്തേക്കാൾ ദുഃഖമേകുന്നതാണെനിക്ക്. അറിയാതെയാണെങ്കിലും നിന്നോടു ഞാൻ ചെയ്‌തത്‌ മഹാപരാധം തന്നെയാണ്. എന്നാൽ ഇതെല്ലാം വിധിയുടെ നിശ്ചയമാണെന്ന് ഇപ്പോൾ ഞാനറിയുന്നു. നീ കാട്ടിലേയ്ക്കു പുറപ്പെട്ടതും രാവണൻ സീതയെ അപഹരിച്ചതും അവളെ വീണ്ടെടുക്കുവാൻ നീയീ ഘോരയുദ്ധം നടത്തിയതും രാവണനെ നിഗ്രഹിക്കുവാനായിരുന്നു. ബ്രഹ്മദേവനിൽ നിന്നു വരം നേടി അഹങ്കാരിയായിത്തീർന്ന് മൂന്നുലോകങ്ങളെയും ദ്രോഹിച്ചു കൊണ്ടിരുന്ന രാവണനിൽനിന്ന് ലോകത്തെ രക്ഷിക്കുവാൻ മനുഷ്യനായി പിറന്ന ഒരാൾക്കേ കഴിയൂ. ആ നിയോഗം ലഭിച്ചത് നിനക്കാണ്. ഈ ദുരിതങ്ങളെല്ലാം അതിനുവേണ്ടിയായിരുന്നു. എല്ലാ ദുരിതങ്ങളും തീർന്നുകഴിഞ്ഞു. ഇനി ആനന്ദത്തിൻ്റെ നാളുകൾ. നിങ്ങൾ സന്തോഷത്തോടെ മടങ്ങുക.” ദശരഥൻ അനുഗ്രഹിച്ചു.

"മകനേ.. ലക്ഷ്മ്‌മണാ.” ദശരഥൻ വിളിച്ചു. സഹോദര സ്നേഹത്തിന്റെ മകുടോദാഹരണമായി കാലം നിന്നെ വാഴ്ത്തും. ജ്യേഷ്ഠനു വിധിച്ച വനവാസത്തിന് നീയും പങ്കാളിയായത് മഹത്തരമായ സ്നേഹത്താലാണ്. ഇക്കാലമത്രയും അവനു കാവൽ നിന്നതും മറുവാക്കുപോലും പറയാതെ ആജ്ഞകളെല്ലാം ശിരസ്സാവഹിച്ചതും അനന്തര തലമുറകൾ കണ്ടു പഠിക്കട്ടെ!

 സനാതന സംസ്കാരത്തിന്റെ ധർമ്മ മാർഗ്ഗത്തിൽ രാജ്യം ഭരിക്കാൻ രാമനും ലക്ഷ്മണനും ജനദ്രോഹ നടപടികളിലൂടെ ജനത്തിന്റെ നെഞ്ചിലൂടെ നരക യാത്ര നടത്തുന്ന രാവണനും ഈ കലിയുഗത്തിലും അവതരിച്ചിട്ടുണ്ട്. അവരെ തിരിച്ചറിയാൻ നിങ്ങൾക്കു സാധിക്കട്ടെ!
യാഥാർത്ഥ്യ ബോധം നിങ്ങളിലുയരട്ടെ!

പീഠാധീശ്വർ ദണ്ഡിസ്വാമി 
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
അണ്ടത്തോട്
ഗുരുവായൂർ
തൃശ്ശൂർ ജില്ല.
679564
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം