അഗസ്ത്യ ചരിതം


രാമായണത്തിലെ സന്യാസിമാരേക്കുറിച്ച് അവരുടെ ധർമ്മജ്ഞാനത്തേകുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. ഇന്നത്തെ സന്യാസിമാരും ചില്ലറക്കാരല്ല. മറ്റുള്ളവരേക്കൊണ്ട് പറയിപ്പിക്കാൻ പലരും മിടുക്കരാണ്. ചില നേരം ഞാനും അതിൽ പെടുമോ എന്ന് തോന്നിയിട്ടുണ്ട്. അഗസ്ത്യമുനി എന്ന മഹാതാപസനെ അറിയുക എന്നാൽ ഗുരു മഹത്വം പഠിച്ചു എന്നത്രേ വെല്ല്യമ്മച്ചി (അച്ചമ്മ) ബാല്യത്തിൽ പറഞ്ഞു തന്നിട്ടുള്ളത്. രാമായണത്തിലെ അഗസ്ത്യ ചരിതം ആകട്ടെ ഇന്നത്തെ ആത്മ സന്ദേശം. സൃഷ്ടി കാരകനായ വിശ്വബ്രഹ്മാവിൽനിന്ന് മരിചിയും മരീചിയിൽ നിന്ന് കശ്യപനുമുണ്ടായി. കശ്യപന് അദിതിയിൽ പിറന്ന ദേവന്മാരിലൊരാളാണത്രേ സൂര്യൻ. സൂര്യദേവൻ്റെ പുത്രനാണ് മഹാ തപസ്വിയായി മാറിയ അഗസ്ത്യൻ. ജന്മനാ ഉയരം കുറവായിരുന്നു അഗസ്ത്യന്. പക്ഷേ അസാമാന്യ തപഃസിദ്ധിയാൽ ദേവന്മാരാൽ പോലും പൂജിതനായിത്തീർന്നു. തപശക്തിയാൽ യഥേഷ്ടം മൂന്നുലോകങ്ങളിലും സഞ്ചരിക്കാൻ ഇദ്ദേഹത്തിന് സാധിക്കുമായിരുന്നു. മുനിമാർക്ക് കുടുംബജീവിതം നിഷിദ്ധമാണെങ്കിലും പല മഹർഷിമാരും ഗാർഹസ്ഥ്യവും സന്ന്യാസവും ഒരുമിച്ചു നയിച്ചിരുന്നു. ഈ കലിയുഗത്തിലേക്ക് ജഗത് ഗുരു ശ്രീ ശങ്കരാചാര്യ ഭഗവത് പാദർ നാല് മഠങ്ങൾ സ്ഥാപിച്ച് ദശനാമി സമ്പ്രദായത്തിൽ സന്യസ ജീവിത മാർഗ്ഗരേഖ നൽകിയിട്ടുണ്ട്. ഈ പരമ്പരയിലെ സന്യാസിമാർക്ക് ഗൃഹസ്ഥ ജീവിതം നിഷിദ്ധമാണ്. എന്നാലും ഇതിലും പലരും സന്യാസിനിമാരല്ലാത്ത ഭാര്യമാരോടൊപ്പം കഴിയുന്നവരുണ്ട്. അതിന്റെ ഫലം അവർ തന്നെ അനുഭവിക്കട്ടെ! അഗസ്ത്യനും ഒരു വിവാഹബന്ധത്തിലേർപ്പെട്ടു. അദ്ദേഹത്തിന്റെ ആ കഥ പറയാം.

ഒരിക്കൽ ഒരു വനത്തിലൂടെ സഞ്ചരിക്കുകയായിരുന്നു അഗസ്‌ത്യൻ. അപ്പോഴാണ് തൻ്റെ പിതൃക്കളുടെ ആത്മാക്കൾ ഒരു മലഞ്ചെരുവിൽ തലകീഴായി തൂങ്ങിക്കിടക്കുന്നത് മുനി കണ്ടത്. മുനി അവരുടെ അടുത്തെത്തി. എന്തിനാണിങ്ങനെകിടക്കുന്നത് എന്നന്വേഷിച്ചു. "വംശം നിലനിറുത്താൻ നിനക്ക് മക്കളില്ലല്ലോ. നിന്നോടു കൂടി ഞങ്ങളുടെ പരമ്പരയറ്റുപോകും. അതിനാൽ ഞങ്ങൾ മോക്ഷപ്രാപ്തിക്കർഹരല്ല", അവർ മറുപടി നല്‌കി.

"ഇതിന് പ്രതിവിധി ഒന്നുമില്ലേ?" അഗസ്ത‌്യൻ ചോദിച്ചു.

"നീ ഒരു വിവാഹം കഴിക്കണം. നിനക്ക് കുട്ടികൾ പിറന്നാലേ ഞങ്ങൾക്ക് മോക്ഷപ്രാപ്‌തി ഉണ്ടാകൂ. അവർ മറുപടി നല്‌കി. പിതൃക്കൾക്ക് മോക്ഷം കിട്ടണമെങ്കിൽ താൻ വിവാഹം ചെയ്യണം. സർവസംഗ പരിത്യാഗിയായ തനിക്ക് ഗൃഹനാഥനായി ജീവിക്കാനും വയ്യ. തൻ്റെ ദുർവാശികൾക്കും ചിട്ടവട്ടങ്ങൾക്കും അനുരൂപയായ ഒരുവധുവിനെ കണ്ടെത്തുകയെന്നതും ദുഷ്‌കരം തന്നെ. 'ഞാൻ ശ്രമിക്കാം' എന്ന് പിതൃക്കളോടു പറഞ്ഞശേഷം അഗസ്‌ത്യൻ യാത്രതുടർന്നു. പലയിടത്തും വിവാഹാഭ്യർഥന നടത്തിയെങ്കിലും ആരും അഗസ്ത്യന് കന്യകയെ നല്‌കാൻ ഒരുക്കമായിരുന്നില്ല.

വിദർഭ രാജാവിന് ഒരു പുത്രിയുണ്ട്. ലോപമുദ്ര. ഒന്നുചോദിച്ചുനോക്കാം. ഏറെക്കാലം കുട്ടികളില്ലാതിരുന്ന രാജാവിനുവേണ്ടി യാഗം നടത്തിയത് അഗസ്ത്യനായിരുന്നു. ആ നന്ദിയും കടപ്പാടും കാണിക്കാതിരിക്കില്ല. അഗസത്യൻ വിദർഭയിലെത്തി. കാര്യമറിഞ്ഞതോടെ വിദർഭരാജൻ പരിഭ്രാന്തനായി. പൊന്നോ മനപ്പുത്രിയെ എങ്ങനെ ഈ വൃദ്ധയോഗിക്ക് വിവാഹം ചെയ്‌തുകൊടുക്കും. സ്വന്തമായി ഒരാശ്രമം പോലുമില്ലാതെ നാടുചുറ്റിനടക്കുന്ന സന്ന്യാസി. പ്രായവുമേറെയായി. പക്ഷെ, നിരസിച്ചാൽ ശപിച്ചുകളയും. അത് നാടിനുതന്നെ ആപത്തായേക്കാം. രാജാവ് ധർമ്മസങ്കടത്തിലായി. "ആലോചിച്ച് വരുംവരായ്‌കകൾ കണക്കുകൂട്ടി ഒരു തീരുമാനമെടുക്കുക ഞാൻ അടുത്ത പൗർണമി നാളിൽ വരാം." അഗസ്‌ത്യൻ ഒരുഭീഷണിയുടെ സ്വരത്തിലാണതു പറഞ്ഞത്.

എന്തുചെയ്യണമെന്നറിയാതെ ഊണും ഉറക്കവുമുപേക്ഷിച്ച് രാജാവ് അന്തഃപുരത്തിൽ തളർന്നുകിടന്നു. ലോപമുദ്ര കാര്യങ്ങൾ അറിഞ്ഞ് അച്ഛന്റെ അടുത്തെത്തി.

"അച്ഛാ, മാതൃരാജ്യവും ഗൃഹവും ഇതിലൂടെ അനുഗ്രഹിക്കപ്പെടുമെങ്കിൽ എന്റെ അച്ഛന്റെ സുകൃതത്തിനുവേണ്ടി എൻ്റെ വ്യക്തിപരമായ സുഖവും സന്തോഷവും ഞാൻ ത്യജിക്കാം. അങ്ങ് മുനിയെ വിവരമറിയിക്കുക. അദ്ദേഹത്തിൻ്റെ പത്നിയായിരിക്കാൻ ഞാൻ തയ്യാർ.. ലോപമുദ്ര പറഞ്ഞു. അങ്ങനെ ലോപമുദ്ര അഗസ്ത്യമുനിയുടെ പത്നിയായി. കാടുകളിലും നദീതടങ്ങളിലും മലഞ്ചെരുവുകളിലും അവൾ മുനിയോടൊപ്പം ഒരു നിഴൽപോലെ സഞ്ചരിച്ചു. പരാതികളും പരിഭവങ്ങളുമില്ലാതെ അവൾ അഗസ്ത്യനെ പരിചരിച്ചു. ഒരുദിവസം മുനി അവളെ അടുത്തുവിളിച്ചു. “നമുക്കൊരു കുട്ടി ജനിക്കണം. എങ്കിലേ എന്റെ പിതൃക്കൾക്ക് മോക്ഷം ലഭിക്കൂ.” മുനി പറഞ്ഞു.

“നാഥാ, നാം രണ്ടുപേർ മാത്രമാണിപ്പോഴുള്ളത്. നമുക്ക് ജീവിക്കാനുള്ള വകപോലും കൈയിലില്ല. ഇനി ഒരു കുട്ടികൂടി പിറന്നാൽ അതിനെ നാം എങ്ങനെ വളർത്തും? അങ്ങ് ഒരു കാര്യം ചെയ്യുക. ദിവ്യശക്തിയുള്ള ആളല്ലേ. തപഃസിദ്ധികൊണ്ട് കുറെ ധനവും ധാന്യശേഖരവും ഗോസമ്പത്തുമൊക്കെ സൃഷ്ടിക്കൂ. കാടിനുപുറത്ത് നമുക്ക് താമസിക്കാൻ നല്ലൊരുവീടും. ഇതൊക്കെ യാഥാർഥ്യമായാലേ പുത്രനെക്കുറിച്ച് ഞാൻ ചിന്തിക്കൂ.” ലോപമുദ്രയുടെ വാക്കുകളിൽ തീരുമാനത്തിൻ്റെ കനലുകളുണ്ടായിരുന്നു. കെട്ടിയ പെണ്ണിന്റെ സ്ത്രീധനം കൊണ്ട് ധൂർത്ത് നടത്തുന്ന ഭർത്താക്കന്മാർക്ക് ഇതൊരു മുന്നറിയിപ്പ് കൂടിയാണ്.

“തപഃസിദ്ധി എന്റെ സ്വകാര്യാവശ്യങ്ങൾക്ക് ഞാനുപയോഗിക്കുകയില്ല. ഭിക്ഷുവായി ജീവിക്കുന്നവൻ ഭൗതികസുഖങ്ങൾ തേടുന്നത് ശരിയല്ല.” മുനിയുടെ വാദമുഖങ്ങൾ ലോപമുദ്ര അംഗീകരിച്ചില്ല.

“നമുക്കുവേണ്ടിയല്ല. നമ്മുടെ മകനുവേണ്ടി. അവനും ഇങ്ങനെ ഊരുതെണ്ടി നടക്കണമെന്നാണോ?" അവൾക്ക് ദേഷ്യം വന്നു. “എങ്ങനെയായാലും ധനം നേടണം. എന്നിട്ടുമതി പുത്രസൃഷ്ടി.” അവൾ ചവിട്ടിക്കുതിച്ച് അകത്തേയ്ക്കു പോയി. ധനം നേടണം. അതിനെന്താണൊരു മാർഗം? അഗസ്ത്യൻ തലപുകഞ്ഞാലോചിച്ചു. പരിചയത്തിലുള്ള ചില രാജാക്കന്മാരുണ്ട്. അവരോടു ചോദിക്കാം. ദാനമായി കുറെ ധനം തരാതിരിക്കില്ല. അഗസ്‌ത്യൻ ശ്രുതർവൻ എന്ന രാജാവിന്റെ കൊട്ടാരത്തിലെത്തി കാര്യങ്ങളറിയിച്ചു. “മഹർഷേ ക്ഷമിക്കണം... ഈ വർഷം കടുത്ത വരൾച്ചയായിരുന്നു. വയലുകളെല്ലാം കരിഞ്ഞുപോയി. അതിനാൽ ഖജനാവ് ശൂന്യമാണ്. ഈയവസ്ഥയിൽ അങ്ങയെ സഹായിക്കാൻ ഒരു നിവൃത്തി യുമില്ല. നമുക്കൊരു കാര്യം ചെയ്യാം. എന്റെ സുഹൃത്തായ ബ്രദ്ധ്നാശ്വനെ സമീപിക്കാം. അയാൾ സഹായിക്കാതിരിക്കില്ല.” ശ്രുതർവൻ അഗസ്ത്യനെയും കൂട്ടി സുഹൃത്തിൻ്റെ കൊട്ടാരത്തിലെത്തി.

“മഹാമുനേ.. അങ്ങയെ ഞാൻ സഹായിക്കുമായിരുന്നു. ഈ വർഷം രാജ്യത്ത് പകർച്ചവ്യാധികൾ മൂലം ഒട്ടനവധി ആളുകൾ മരി ച്ചു. നികുതി പിരിക്കാൻ സാധിച്ചിട്ടില്ല. ഖജനാവ് ശൂന്യമാണ്. ഞാൻ, എന്റെ സുഹൃത്തായ ത്രിദസ്യുവിൻ്റെ അടുത്ത് താങ്കളെ കൊണ്ടു പോകാം. അയാൾ ധനവാനാണ്. സഹായിക്കും." ബ്രദ്ധ്‌നാശ്വനും മുനിയെ കൈവിട്ടു.

അവർ ത്രിദസ്യുവിൻ്റെ കൊട്ടാരത്തിലെത്തി, കാര്യമറിയിച്ചു. "നിനച്ചിരിക്കാതെയാണ് അയൽനാട്ടിലെ രാജാവ് യുദ്ധം തുടങ്ങിയത്. അങ്ങേയ്ക്കറിയാമല്ലോ ഒരു യുദ്ധമുണ്ടായാൽ നാടിന്റെ സാമ്പത്തികനില ആകെ തകരാറിലാകുമെന്ന്. ഖജനാവ് ശൂന്യമാണ്." ത്രിദന്യുവും കൈകഴുകി.

“ഇനി എന്തുചെയ്യും?" അഗസ്ത്യൻ മൂവരെയും മാറിമാറി നോക്കി.

"എൻ്റെ ഒരു സുഹൃത്തുണ്ട് ദനുജരാജനായ ഇല്വലൻ. അദ്ദേഹത്തെ ചെന്നുകണ്ടാൽ സഹായിക്കുമെന്നുറപ്പാണ്.” ഇല്വലൻ മണിപുരനഗരത്തിലെ രാജാവായിരുന്നു. അസുര വർഗ്ഗത്തിൽപ്പെട്ട ഇല്വലന് വാതാപി എന്നൊരു സഹോദരനുമുണ്ട്. ഇരുവരും ഇണപിരിയാതെ ജീവിച്ചുപോന്നു. വിവാഹശേഷം ഏറെനാൾ കഴിഞ്ഞിട്ടും ഇല്വലന് പുത്രന്മാരുണ്ടായില്ല. പുത്രകാമേഷ്ടി നടത്തിയാൽ മക്കളുണ്ടാകുമെന്നറിഞ്ഞ ഇല്വലൻ അതിനായി ഒട്ടനവധി സന്ന്യാസിമാരെയും ബ്രാഹ്മണരെയും സമീപിച്ചു.

“ഇന്ദ്രതുല്യനായ ഒരു പുത്രൻ പിറക്കണം. അതിന് താങ്കൾ ഒരു മഹായാഗം നടത്തണം." ഇല്വലൻ ആവശ്യപ്പെട്ടു. എന്നാൽ ഇന്ദ്ര തുല്യനായ പുത്രനെ സൃഷ്ടിച്ചാൽ അത് ദേവലോകത്തിന് ഭീഷണിയാകുമെന്നറിയാമായിരുന്ന, സന്ന്യാസിമാർ ഇല്വലന്റെ യാഗത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു.

കലികയറിയ ഇല്വലൻ "എല്ലാ ബ്രാഹ്മണരേയും ഒടുക്കിയിട്ടേ എനിക്കിനി വിശ്രമമുള്ളു" എന്നു പ്രഖ്യാപിച്ച് ഗംഗാതീരത്തു തപസ്സുതുടങ്ങി. എന്നാൽ തപസ്സിന് ഫലമുണ്ടായില്ല. നിരാശനായ ഇല്വലൻ അസുരഗുരുവായ ശുക്രമഹർഷിയിൽ നിന്ന് മായാവേലകൾ അഭ്യസിച്ചു. മടങ്ങിയെത്തിയ ഇല്വലൻ ദാനം കൊടുക്കാനെന്ന മട്ടിൽ ദിവസവും ഓരോ ബ്രാഹ്മണരെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. അക്കാലത്ത് ബ്രാഹ്മണരും മാംസം ഭക്ഷിച്ചിരുന്നുവത്രെ. വരുന്ന അതിഥികൾക്ക് ഒരാടിനെ വെട്ടി പാചകം ചെയ്‌ത്‌ വിളമ്പുകയും അവർ അതുകഴിച്ചു തീരുന്നതുവരെ അതിഥിയെ വീശിക്കൊണ്ട് അയാൾ അടുത്തിരിക്കുകയും ചെയ്യും. പാകം ചെയ്‌ത ആട് യഥാർഥത്തിൽ ഇല്വലന്റെ അനുജനായ വാതാപിയാണ്.

ബ്രാഹ്മണർ ഭക്ഷണം കഴിച്ചുതീർന്ന ഉടനെ, ഒരുമന്ത്രം ചൊല്ലി ഇല്വലൻ ഉറക്കെപ്പറയും.

“വാതാപി... പുറത്തുവാ...."

അതിഥിയുടെ വയർ പിളർന്ന് വാതാപി പുറത്തെത്തുമ്പോഴേക്കും ആ ബ്രാഹ്മണൻ മരിച്ചുകഴിഞ്ഞിരിക്കും. ഇങ്ങനെ ആയിരക്കണക്കിന് ബ്രാഹ്മണരെ കൊന്ന ഇല്വലന്റെയടുത്തേക്കാണ് അവർ അഗസ്ത്യനെയും കൂട്ടിക്കൊണ്ടുചെന്നത്. പതിവുപോലെ ഇല്വലൻ മുനിയെ സ്വീകരിച്ചിരുത്തി.

“ആദ്യം ഭക്ഷണം. എന്നിട്ടാകാം ബാക്കി കാര്യങ്ങൾ" ഇല്വലൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു.

“ആകട്ടെ. ദാനം തരുമെന്നുറപ്പുണ്ടെങ്കിൽ ഞാൻ കഴിക്കാം." മുനിയും ചിരിച്ചു.

ഇല്വലൻ പാകം ചെയ്ത‌ അജമാംസം മഹർഷിക്കു വിളമ്പി. ഇഷ്ടമില്ലാതെയെങ്കിലും അഗസ്ത്യൻ അതുമുഴുവൻ ഭക്ഷിച്ചു. അവസാനത്തെ മാംസത്തുണ്ടും കഴിച്ചുതീർത്ത് ജലവും കുടിച്ച് മുനി കണ്ണടച്ചിരുന്നു.

അപ്പോഴാണ് ഇല്വലൻ്റെ ശബ്ദമുയർന്നത്. “വാതാപീ... പുറത്തു..." ഇല്വലൻ പറഞ്ഞുതീർക്കുന്നതിനുമുമ്പ് അഗസ്‌ത്യമുനിയുടെ ശബ്ദം മുഴങ്ങി.

“വാതാപി ദഹിച്ചുപോകട്ടെ..”

ഇല്വലൻ നടുങ്ങിപ്പോയി! അഗസ്ത്യൻ ചതി മനസ്സിലാക്കിയിരിക്കുന്നു. പ്രിയപ്പെട്ട അനുജൻ മുനിയുടെ ആമാശയത്തിൽ ദഹിച്ചൊടുങ്ങാൻ പോകുന്നു. ഇല്വലൻ മുനിയുടെ കാൽ വീണു. "പ്രഭോ... രക്ഷിക്കണം. അറിവില്ലായ്‌മ‌കൊണ്ട് ചെയ്‌തുപോയ അപരാധങ്ങൾ മാപ്പാക്കണം" അയാൾ കരഞ്ഞുതുടങ്ങി. ഞാനെന്തുവേണമെങ്കിലും തരാം."

“ചെയ്‌ത്‌ അക്ഷന്തവ്യമായ അപരാധമാണ്. ഇതിനുപരിഹാരം ചെയ്യണം. എനിക്കുമാത്രമല്ല. നീ വധിച്ച എല്ലാ മനുഷ്യരുടെയും കുടുംബങ്ങൾക്ക് ധനവും ധാന്യവും ഭൂമിയും പശുക്കളുമൊക്കെയായി കൈയയച്ച് ദാനം ചെയ്യണം. അത് പൂർത്തിയാക്കിയാൽ നിന്റെ അനുജന് മോചനം കിട്ടും." മുനി വയറു തടവിക്കൊണ്ടു പറഞ്ഞു.

ഇല്വലൻ യഥാവിധി ദാനധർമ്മങ്ങൾ ചെയ്‌തു. അഗസ്‌ത്യൻ്റെ വയറ്റിൽനിന്നും വാതാപി മോചിതനായി. ധാരാളം ധനവുമായി രണ്ടു വെള്ളക്കുതിരകളെപ്പൂട്ടിയ രഥത്തിൽ അഗസ്ത്യൻ കാട്ടിലേക്കു മടങ്ങി.

ലോപമുദ്രയ്ക്ക് സന്തോഷമായി. ആഗ്രഹിച്ചതുപോലെ തന്റെ മകനെ വളർത്താനുള്ള സൗകര്യങ്ങളുണ്ടായിരിക്കുന്നു.

"സാധാരണക്കാരായ ആയിരം പുത്രന്മാർ വേണോ... പത്തു പേരുടെ ബലമുള്ള നൂറു പുത്രന്മാർ വേണോ. നൂറുപേരുടെ ബലമുള്ള പത്തു പുത്രന്മാർ വേണോ... ആയിരം പുത്രന്മാരെക്കാൾ ശ്രേഷ്ഠനായ ഒരുമകൻ വേണോ...?" മഹർഷി ഭാര്യയോടു ചോദിച്ചു.

"നന്മയും ജ്ഞാനവും നിറഞ്ഞ ഒരു പുത്രൻ മതി." ലോപമുദ്ര ഒട്ടും കാത്തുനിൽക്കാതെ മറുപടി നല്കി. അങ്ങനെ ലോപമുദ്രയ്ക്ക് അഗസ്‌ത്യമുനിയിൽ പിറന്ന മകനാണ് ദൃഢസ്യൂ എന്ന ഇധ്‌മവാഹന മഹർഷി, ബാല്യത്തിൽതന്നെ വേദങ്ങൾ അഭ്യസിക്കുകയും മഹാജ്ഞാനിയാകുകയും ചെയ്ത ഇധവാഹനൻ നന്മയുടെ മാർഗ്ഗത്തിൽ മാത്രം സഞ്ചരിച്ച് ഒട്ടനവധി ശിഷ്യന്മാരെ അഭ്യസിപ്പിച്ചു. പുത്രൻ ജനിച്ചതോടെ പിതൃക്കൾക്ക് മോക്ഷം ലഭിച്ചതിനാൽ അഗസ്ത്യമുനി ഭാര്യയെയും മകനെയും ഉപേക്ഷിച്ച് വീണ്ടും സന്ന്യാസത്തിനായി കാടുകയറുകയും ചെയ്‌തു.

"അഗസ്ത്യന്റെ കഥകൾ ഇനിയുമുണ്ട്. സുദീർഘമായ നമ്മുടെ ആത്മ സന്ദേശ യാത്രയിൽ മറ്റൊരിക്കൽ അവ പറഞ്ഞുതരാം."

ഗുരു പാദസേവയിൽ

 സത്ഗുരു ദണ്ഡിസ്വാമി
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
വിശ്വകർമ്മ കുല പീഠാധീശ്വർ
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
അണ്ടത്തോട്
ഗുരുവായൂർ
തൃശ്ശൂർ ജില്ല.
679564
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം