സ്വാമി നിത്യാനന്ദ സരസ്വതി മഹാരാജ്
സത്‌വാർത്താ കാംക്ഷികളായ സുകൃതികളേ,
_*ശിവാനന്ദ പ്രസ്ഥാനങ്ങളുടെ എല്ലാമായ പാലക്കാട് ശിവാനന്ദ ആശ്രമം മഠാധിപതി ആയിരുന്ന സംപൂജ്യ സ്വാമി സത്ഗുരു: നിത്യാനന്ദ സരസ്വതി മഹാരാജിന്റെ 89 മത് ജയന്തിയാണ് ഇന്ന്.*_ സമാധിയായിട്ട് ഒരു വർഷം ആകാൻ പോകുന്നു. 26-1-2022 വെളുപ്പിന് 3.46 ന് ആശ്രമത്തിൽ തന്നെയായിരുന്നു സമാധി. പൂജനീയ ഗുരുനാഥൻ ജ്ഞാനാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയുടെ അഗ്നികോണിലാണ് സ്വാമിജിയെ സമാധിയിരുത്തിയിരിക്കുന്നത്. പൂജനീയ സ്വാമി സ്വരൂപാനന്ദ സരസ്വതി മഹാരാജ് ആയിരുന്നു സ്വാമിയുടെ പരിചരണത്തിന് ഏറെ ശ്രദ്ധ കൊടുത്ത് കൂടെ നിന്നിരുന്നത്. ഇപ്പോൾ ശിവാനന്ദ ആശ്രമത്തിന്റെ കീഴിലുള്ള എല്ലാ ആശ്രമങ്ങളുടേയും സ്ഥാപനങ്ങളുടെയും ചുമതലയും സ്വരൂപാനന്ദ ജി മഹാരാജിനാണ്.
സാധുവിന്റെ ഗുരുനാഥൻ പൂജനീയ മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ സന്യാസ ദീക്ഷാ ഗുരുവാണ്. സത്ഗുരു: സ്വാമി നിത്യാനന്ദ സരസ്വതി മഹാരാജ്.
1934 വൃശ്ചികമാസം അനിഴം നക്ഷത്ര ത്തിൽ പത്തനംതിട്ട് ഇടപ്പാവൂർ പാലമുറ്റത്ത് വീട്ടിൽ ശ്രീ.നാരായണപിള്ളയുടെയും മേലെ കൈപ്പള്ളിയിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്ന് Bsc Physics ബിരുദംനേടി. തുടർന്ന് Bombay Law College ൽ LLB ചെയ്തു. അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ജോലി ചെയ്തു വന്നിരുന്ന അദ്ദേഹം Lona Vala ( Pune ) Yoga College ൽനിന്ന് യോഗയിൽ ഡിപ്ലോമ നേടി. തുടർന്ന് ഔദ്യോഗികവൃത്തി ഉപേക്ഷിച്ച് കന്യാകുമാരി വിവേകാനന്ദ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുമ്പോൾ ശ്രീ . ഏക നാഥറാനഡെയുടെ നിർദ്ദേശപ്രകാരം കാശ്മീരിലെ ശ്രീരാമകൃഷ്ണ മഹാസമ്മേളനാശ്രമം മഠാധിപതിയായി രണ്ടരവർഷക്കാലം സേവനം അനുഷ്ഠിച്ചു. ഋഷീകേശ് ശിവാനന്ദാശ്രമം, വാഴൂർ തീർത്ഥപാദാശ്രമം, തൃശ്ശൂർ ശ്രീരാമകൃഷ്ണാശ്രമം എന്നി വിടങ്ങളിലും കുറച്ചുകാലം ബ്രഹ്മചര്യവൃത്തി നിർവ്വഹിച്ചിരുന്നു. ചട്ടമ്പിസ്വാമി പരമ്പരയിലെ സ്വാമി വിദ്യാനന്ദ തീർത്ഥപാദ സ്വാമിജി മഹാരാജിൽ നിന്ന് ഹഠയോഗവും ഖേചരീമുദ്രയും ഉപാസനകളും അഭ്യസിച്ചിട്ടുണ്ട് . തുടർന്ന് കന്യാകുമാരിയിൽ തിരിച്ചെത്തി, വിവേകാനന്ദ കേന്ദ്രത്തിലെ ആദ്യ യോഗ അധ്യാപകനായി സേവനമനുഷ്ഠി ക്കുന്ന കാലത്ത് പൂജനീയ ഗുരുനാഥൻ ജ്ഞാനാനന്ദ സരസ്വതി മഹാരാജിൽ നിന്ന് 30.6.1976 ൽ സന്യാസദീക്ഷ സ്വീകരിച്ച് സ്വാമി നിത്യാനന്ദ സരസ്വതി എന്ന നാമധേയം സ്വീകരിച്ചു. മാതൃഹന ഭോജനം എന്ന വാക്യത്തെ സത്യമാക്കാനായി സ്വാമി നിത്യാനന്ദ സരസ്വതി മഹാരാജ് പൂർവ്വാശ്രമത്തി ലെത്തി സ്വമാതാവിൽനിന്ന് ആദ്യ ഭിക്ഷ സ്വീകരിച്ചു . മാതൃദേവോഭവ: എന്ന വേദവാക്യം അന്വർത്ഥമാക്കി ശ്രീമതി പാർവ്വതിയമ്മയുടെ അനുഗ്രഹം വാങ്ങി. രഥോത്സവങ്ങളുടെ നാടായ പാലക്കാട് എല്ലാ ആധ്യാത്മിക പ്രസ്ഥാനങ്ങളുടെയും ഉറവിടമായിരുന്നു. തപോവൻ മഹരാജ്, മഹാരാജ് രാമാനന്ദ സ്വാമി, യോഗാചാര്യൻ വിഷ്ണുദേവാനന്ദസരസ്വതി മഹാരാജ്, സ്വാമി സുരേശാനന്ദപുരി മഹാരാജ്, സ്വാമി ജ്ഞാനാനന്ദ സരസ്വതി മഹാരാജ്, സ്വാമി മൃഡാനന്ദജി മഹാരാജ്, തുടങ്ങിയവരുടെ ജന്മംകൊണ്ട് ധന്യമാണ് പാലക്കാട് ജില്ല . ശ്രീ പി.കെ.ദിവാകരകൈമളുടെ നേതൃത്വത്തിൽ ദിവ്യജീവനസംഘം ( DLS ) എന്നപേരിൽ പാലക്കാട് റെയിൽവേകോളനി യിൽ ഒരാദ്ധ്യാത്മിക സംഘം പ്രവർത്തിച്ചിരുന്നു. റെയിൽവേ ജീവനക്കാരുടെ സഹകരണത്തോടെ ശിവാനന്ദ ഗ്രന്ഥാലയവും പ്രവർത്തിച്ചിരുന്നു. അതോടൊപ്പം ശിവാനന്ദ മഹാരാജ് സ്വാമിയുടെ ശിഷ്യന്മാരായ ജ്ഞാനാനന്ദ സരസ്വതി മഹാരാജ്, രാമാനന്ദസരസ്വതി മഹാരാജ് മുതലായ സന്യാസി ശ്രേഷ്ഠന്മാരും ധാരാളം മഹത്വ്യക്തികളും ഇവിടെ ഇടയ്ക്കിടെ വന്ന് സത്സംഗം നടത്താറുണ്ടായി രുന്നു. സംസ്കൃത പഠനത്തിനായി അമരഭാരതി പദ്ധതിയുമായി ഇവിടെ ആദ്യം താമസം തുടങ്ങിയ സന്യാസി ശ്രേഷ്ഠൻ സ്വാമി ശ്രീധരാനന്ദ സരസ്വതി മഹാരാജ് ആയിരുന്നു. 1979 ലെ ഗുരുപൂർണ്ണിമാ പരിപാടികൾ ഒരു ഓലപന്തലിൽ ഗണപതി ക്ഷേത്രാങ്കണത്തിൽ നടത്തുമ്പോൾ സ്വാമി നിത്യാനന്ദ സരസ്വതി മഹാരാജ് ഗുരുനാഥന്റെ കൂടെ കന്യാകുമാരിയിൽ നിന്നു വരികയും പ്രഭാഷണം നടത്തുകയും ചെയ്തു. 1980 ലെ ഗുരുപൂർണ്ണിമാദിനത്തിൽ ഗുരുനാഥൻ ജ്ഞാനാനന്ദ സരസ്വതി മഹാരാജ് ദിവ്യജീവന സംഘം പ്രവർത്തകരുടെ യോഗത്തിൽ വച്ച് ഒരു മണ്ഡപം നിർമ്മിക്കുന്നതിനായി ചിന്തിച്ചു. തുടർന്ന് 8.9.1980 ൽ സ്വാമിജി ദിവ്യജീവന സംഘത്തോടൊപ്പം ചേർന്ന് 1.10.80 ന് ഗുരുദക്ഷിണഹാളിന് തറക്കല്ലിടുകയും 14.2.1981 ന് കേവലം നാലുമാസങ്ങൾകൊണ്ട് മണ്ഡപത്തിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. അന്നത്തെ ഗവർണ്ണർ ബഹുമാനപ്പെട്ട ജ്യോതി വെങ്കിടാചലം ഗുരുദക്ഷിണ ഹാൾ ഉത്ഘാടനം ചെയ്യു കയും ചെയ്തു. തുടർന്ന് സ്വാമിജിയുടെ അദ്ധ്യക്ഷതയിൽ ശിവാനന്ദാശ്രമം എന്ന പേരിൽ സ്ഥാപനം അറിയപ്പെടാൻ തുടങ്ങി. സ്വാമി നിത്യാനന്ദ സരസ്വതി മഹാരാജിനെ പ്രസിഡന്റായും സുദർശനം രാമകൃഷ്ണൻജിയെ സെക്രട്ടറിയായും സ്വാമിജി നിയോഗിച്ചു.
ജസ്റ്റീസ് ബാലകൃഷ്ണ ഏറാടി, വൈശ്രവണത്ത് രാമൻ നമ്പൂതിരി, എം . പി . വിരേന്ദ്രകുമാർ, ചിറ്റൂർ സി.ആർ. കൃഷ്ണഅയ്യർ തുടങ്ങിയ പ്രമുഖർ ഈ സന്നിധിയിൽ എത്തി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. കാഞ്ഞങ്ങാട് സച്ചിദാനന്ദ മഹാരാജ് സ്വാമിജി സ്വാമി ചിന്മയാനന്ദ സരസ്വതി മഹാരാജ്, വിഷ്ണുദേവാനന്ദ മഹാരാജ് ( പറക്കും സ്വാമി ), സ്വാമി പ്രകാശകാനന്ദ, സ്വാമി മൃഡാനന്ദ, സ്വാമി ദയാനന്ദ സരസ്വതി തുടങ്ങിയ അനേകം ആചാര്യന്മാർ ജ്ഞാനാനന്ദ തിരുവടികളോ ടൊപ്പം ഇവിടെ സന്നിഹിതരായി സത്സംഗം ചെയ്തിട്ടുണ്ട്. പാലക്കാട് ശിവാനന്ദാശ്രമത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സത്സംഗപരിപാടികൾ, യോഗാക്ലാസ്സുകൾ മുതലായവ നടത്തുന്നതിനും നേതൃത്വം നൽകിയത് സ്വാമി നിത്യാനന്ദ സരസ്വതി മഹാരാജ് തന്നെയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞങ്ങൾ, യോഗാ ക്ലാസ്സുകൾ, സത്സംഗങ്ങൾ, സംപൂർണ്ണഗീതാജ്ഞാനയജ്ഞങ്ങൾ സ്വാമിജി സംഘടിപ്പിച്ച് നടത്തിയിരുന്നു. പാലക്കാട് ചിന്മയാമിഷൻ, കൊപ്പം വിജ്ഞാന രമണിയാശ്രമം, സായി സമിതി കേന്ദ്രങ്ങൾ, ക്ഷേത്രങ്ങൾ, ഗൃഹങ്ങൾ എന്നിവ വേദിയാക്കി അനേകം സത്സംഗങ്ങൾ, യോഗാക്ലാസ്സുകൾ, നടത്തിവന്നിരുന്നു. കുലാചാര ധർമ്മ പ്രബോധകൻ സത്ഗുരു ദണ്ഡി സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് മഠാധിപതിയായി സേവചെയ്യുന്ന തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ പെരിയമ്പലം കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിലെ സ്ഥാപക മഠാധിപതി സംപൂജ്യ ഗുരുനാഥൻ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ ഗുരുനാഥൻ സംപൂജ്യ സ്വാമി നാരായണാനന്ദ സരസ്വതി മഹാരാജും സ്വാമിജിയും സംപൂജ്യ ഗുരുനാഥൻ സ്വാമി ജ്ഞാനാനന്ദ സരസ്വതി മഹാരാജിന്റെ ശിഷ്യരാണ്. ആദ്ധ്യാത്മിക വിഷയങ്ങൾ താത്ത്വികമായി പഠിക്കുവാനും പരിശീലിക്കുവാനും ഉള്ള മുഖ്യ കേന്ദ്രമായി ശിവാനന്ദാശ്രമം വളർന്നത് സ്വാമിജിയുടെ പരിശ്രമം കൊണ്ടുമാത്രമാണ്. പരമഗുരു ശിവാനന്ദജിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഗണപതി ക്ഷേത്രത്തിന്റെ തെക്കു ഭാഗത്ത് മാതൃമന്ദിരം നിർമ്മിച്ചു. 1981 കാലഘട്ടത്തിലെ നിലയ്ക്കൽ പ്രശ്നത്തിൽ പൂജനീയ സ്വാമി സത്യാനന്ദ സരസ്വതി മഹാരാജ്, സ്വാമി നിർമ്മലാനന്ദ ഗിരി മഹാരാജ്, സ്വാമി ശിവാനന്ദഗിരി മഹാരാജ്, എന്നിവർക്കൊപ്പം സജീവസാന്നിദ്ധ്യമായിരുന്നു സ്വാമി നിത്യാനന്ദ സരസ്വതി മഹാരാജ്. കേരളത്തിലെ എല്ലാ ആധ്യാത്മിക പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന തിൽ സ്വാമിജി പൂർണ്ണമായും വിജയിച്ചിരുന്നു. പ്രഗത്ഭരായ സ്വാമിജിയുടെ ശിഷ്യന്മാരിൽ ഒരാളാണ് ഇപ്പോൾ ദക്ഷിണ ഭാരതത്തിലെ ആദ്യ മഹാമണ്ഡലേശ്വർ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ്. അയ്യപ്പ സ്വാമിയുടെ പേരിലുള്ള ലോകത്തിലെ ആദ്യത്തെ സന്യാസ ആശ്രമമായ മങ്കര അയ്യപ്പസേവാശ്രമം സ്ഥാപകനും, മിനി ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രത്തിന്റെ തന്ത്രിയും, സംസ്ഥാന സന്യാസി സഭയുടെയും, ആദിശങ്കര അദ്വൈത അഖാഡയുടെയും പ്രഥമ ഗുരുസ്ഥാനീയനുമാണ് സ്വാമിജി. കേരളത്തിലെ ഒട്ടുമിക്ക എല്ലാ ഹൈന്ദവ പ്രസ്ഥാനങ്ങളുടെയും ആചാര്യനാണ് സംപൂജ്യ സ്വാമി. വേദാന്തവും, ഹഠയോഗവും, പുരാണവും ആനുകാലിക വിഷയങ്ങളിലേക്ക് സമന്വയിപ്പിച്ച് അവതരിപ്പിക്കാനുള്ള പ്രാവീണ്യം നേടിയ സ്വാമിജി അനേകം യുവജനങ്ങളുടെ ഗുരുനാഥനായിതീർന്നു.
ശക്തമായ സങ്കല്പവും മൂർച്ചയേറിയ വാക്കുകളും വിട്ടുവീഴ്ചയില്ലാത്ത തീരുമാനവും സ്വാമിജിയെ മറ്റുള്ളവരിൽനിന്ന് എപ്പോഴും വ്യതിരിക്തനാക്കിയിട്ടുണ്ട്. മുതിർന്നവരുടെ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നപോലെ ആദ്യം നീരസമനുഭവപ്പെടുമെങ്കിലും അല്പകാലംകൊണ്ട് അതിന്റെ ഗുണവശങ്ങൾ സ്വയം നമുക്കനുഭവിക്കാൻ കഴിയും. “സഹോദരാ നീ മരിക്കാൻ തുടങ്ങിയിട്ടെത്രനാളായി" എന്ന് ചോദിച്ചാൽ ആർക്കെങ്കിലും ഇഷ്ടമാകുമോ ? ഒരുവൻ ജനിച്ച് മരിക്കാനെടുക്കുന്ന കാലമാണ് അവന്റെ ജീവിതമെന്നു പറയുന്നത്. അതുകൊണ്ട് പ്രതിദിനം മരണത്തെക്കുറിച്ച് ഓർക്കുന്നവൻ സദാചാരവും സത് വൃത്തിയും നന്നായി ആചരിക്കും എന്ന് സ്വാമിജി എപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്. ഇത് ഒരു ഉദാഹരണം മാത്രം. തന്റെ വ്യക്തിജീവിതത്തിലൂടെ ഈശ്വരനിലും ഗുരുവാക്യത്തിലും അടിയുറച്ച സാധ നാബലത്തിലും അധിഷ്ഠിതമായി ജീവിതം ധന്യമാക്കിയ മഹാത്മാവിന്റെ ജീവിതം നമുക്കും മാർഗ്ഗദീപമായി ഭവിക്കട്ടെ ! ഗുരുനാഥന്റെയും ഗുരുപരമ്പരയുടെയും അനുഗ്രഹം എപ്പോഴും നമ്മളിൽ ഉണ്ടാകട്ടെ പ്രാർത്ഥനയോടെ സംപൂജ്യ ഗുരുനാഥന്റെ 89 മത് ജയന്തി ദിനം ധ്യാന ജപാദികളിലൂടെയും, സത്സംഗമായും ഗുരുപാദങ്ങളിൽ അർപ്പിക്കാം. വന്ദേ ഗുരുപരമ്പരാം ഓം.
കൺവീനർ
സംസ്ഥാന സന്യാസി സഭ കേരള.
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ