കലികാല ആചരണവിധി


കലികാലത്ത് ദൈവ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ധർമ്മവും മനുഷ്യർക്ക് പ്രയാസകരമാകുമെന്ന് യുഗങ്ങൾക്ക് മുമ്പേ ഋഷിശ്രേഷ്ഠന്മാർ പറഞ്ഞിട്ടുണ്ട്. അതെല്ലാം ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നു. ഗുരു സ്ഥാനത്ത് ആദരിക്കുകയും കേൾക്കുകയും ചെയ്യേണ്ട സന്യാസിമാരെ പോലും  പരിഹസിക്കുന്ന സമൂഹം. കാരണം സന്യാസിയുടെ ഉപദേശങ്ങൾ കേൾക്കാനും ആചരിക്കാനും ഭൂരിപക്ഷത്തിനും കഴിയുന്നില്ല.  

ലോകത്തിൽ എല്ലാവർക്കും സുഖമാണാവശ്യം. സുഖത്തിനു വേണ്ടിയാണോരോരുത്തരും ജീവിക്കുന്നതും പ്രവർത്തിക്കുന്നതും എല്ലാം തന്നെയും. പ്രവർത്തി പലരും പലതാണ് ചെയ്യുന്നതെങ്കിലും ഉദ്ദേശമൊക്കെ ഒന്നാണ്; സുഖം വരണമെന്നുമാത്രം. അങ്ങിനെതന്നെ സുഖത്തിനു വേണ്ടി പലരുടേയും ആഗ്രഹങ്ങളും, അനുഭവങ്ങളും പലതാണ്. ഒരാൾക്ക് മദ്യപാനം ചെയ്യുന്നത് സുഖമായ് തീരുമ്പോൾ മറെറാരാൾക്ക് മദ്യത്തിന്റെ നാമശ്രവണം പോലും ഉപദ്രവമാണ്. ഒരാൾ സുഖത്തിനു വഞ്ചന ആപൽക്കരമാണെന്നു കരുതുമ്പോൾ മറെറാരാൾ ചുമരു തുരന്നു കക്കാൻ പോവുന്നു. ഭരണാധികാരികളും അങ്ങിനെ തന്നെ.  ഇങ്ങിനെ സുഖത്തിനുളള പരിശ്രമങ്ങളും അനുഭവങ്ങളും വിചിത്രമായിക്കാണാം. എന്നാൽ എന്താണീ സുഖം ? ഒരു ദരിദ്രനോട് ചോദിച്ചാൽ സമ്പത്താണ് സുഖമെന്നു പറയും. എന്നാൽ സമ്പന്നനായ ഒരാൾ അത് സമ്മതിക്കാൻ തയ്യാറില്ല. വിശക്കുന്നവൻ ആഹാരം കഴിക്കലാണ് സുഖമെന്നു പറയും എന്നാൽ വിശപ്പില്ലാത്തവൻ അതിനെ എതിർക്കാൻ തയ്യാറാണ്. ഇങ്ങിനെ ലോകത്തിലുളള ഓരോ വസ്തുവും അതിനോടടുക്കാതിരിക്കും കാലത്തോളം സുഖമായിത്തോന്നും. പക്ഷെ, അടുത്തുകഴിഞ്ഞാൽ അത്രയും ഉപദ്രവം മറെറാന്നില്ലെന്നു തോന്നാൻ തുടങ്ങും. എന്നാൽ പരമാർത്ഥത്തിൽ സുഖത്തിൻറ സ്വരൂപമെന്താണ് ? മനസ്സിന്റെ സംതൃപ്തിയാണ് സുഖം. മനസ്സ് എപ്പോഴും സംതൃപ്തവും കൃതാർത്ഥവുമാണെങ്കിൽ എന്തുണ്ടായാലും ഇല്ലെങ്കിലും വിരോധമില്ല. അങ്ങിനെതന്നെ മനസ്സെപ്പോഴും അസംതൃപ്തമാണെങ്കിലും എന്തുണ്ടായിട്ടും കാര്യമില്ല. സംതൃപ്തി തന്നിലുളളതാണ്. അത് മറെറാരിടത്തുനിന്നോ; വസ്തുവിൽനിന്നോ കൊണ്ടു വരേണ്ടതോ കിട്ടേണ്ടതോ അല്ല. തന്നിലില്ലെങ്കിൽ മറ്റെവിടെനിന്നും കിട്ടാനും പോവുന്നില്ല. ഇതാണ് പലർക്കും ജീവിതത്തിന്റെ അവസാനം വരെ അലഞ്ഞിട്ടും സുഖം കിട്ടാതിരിക്കാൻ കാരണം. പാണ്ഡവന്മാർ കാട്ടിലും സംതൃപ്തന്മാരായിരുന്നതിനാൽ അവർക്കു സുഖത്തിന്നു കുറവുണ്ടായിരുന്നില്ല. കൗരവന്മാർ കൊട്ടാരത്തിലും അസംതൃപ്തന്മാരായിരുന്നതിനാൽ ദുഃഖികളാവേണ്ടിയും വന്നു.

സജ്ജനങ്ങളേ,
നല്ല പ്രവർത്തികളുടെ ഫലമാണ് മനസ്സിന്റെ സംതൃപ്തിയും സമാധാനവും. ഒരിക്കലും നല്ല പ്രവർത്തികൾ ചെയ്യാതെയും എപ്പോഴും ചീത്തപ്രവർത്തികൾ ചെയ്തും കഴിയുന്ന ഒരാൾക്ക് സംതൃപ്തിയും സമാധാനവും ഉണ്ടാവാൻ വയ്യ. നല്ല പ്രവർത്തികൾ മാത്രം ചെയ്തുകൊണ്ടിരിക്കുന്ന ഒരാളുടെ സംതൃപ്തിയും സമാധാനവും പോവാനും വയ്യ, അപ്പോൾ സുഖത്തിനുവേണ്ടി അലയുന്ന ഒരാൾ പദാർത്ഥങ്ങളിലേക്കല്ല; തന്റെ ജീവിതത്തിലേക്കും ജീവിതത്തിൽ താൻ ചെയ്യുന്ന പ്രവർത്തികളിലേയ്ക്കുമാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നു വരുന്നു. മിക്കപ്പോഴും ആ സമ്പ്രദായം കുറഞ്ഞുപോകുന്നതിനാൽ പലർക്കും സുഖിക്കാനുളള എല്ലാ പരിസരങ്ങളും ഒത്തുചേർന്നാലും മിക്കപ്പോഴും സുഖിക്കാൻ സാധിക്കാറില്ല. ഉദാഹരണത്തിന് രാവണനെനോക്കൂ. എന്തെല്ലാം വിഭവങ്ങളുടെ സമൃദ്ധിയാണ് ലങ്കയിലുണ്ടായിരുന്നത് ! പക്ഷെ, രാവണന്റെ അവസ്ഥയെന്തായി ! അവസാനമായി പോർക്കളത്തിലേയ്ക്ക് പോകുമ്പോൾ ഒരാളോടും അഭിപ്രായം ചോദിക്കാനില്ലാതെ തന്റെ ഭാര്യയായ മണ്ഡോദരിയോട് “ഞാൻ എന്താണ് ചെയ്യേണ്ടതെന്നു ചോദിക്കുന്ന രംഗ മൊന്നാലോചിച്ചുനോക്കൂ. അങ്ങിനെതന്നെ പാണ്ഡവന്മാരുടേയും ശ്രീകൃഷ്ണഭഗവാന്റെയും സമക്ഷത്തിൽ ഗംഗാതീരത്തുവെച്ച് തന്റെ മരിച്ച നൂറുമക്കൾക്കും തിലോദകം കൊടുക്കുന്ന ധ്യതരാഷ്ട്രന്റെ അവസ്ഥയൊന്നാലോചിച്ചുനോക്കൂ. ഇങ്ങിനെ പല ചിത്രങ്ങളുമുണ്ട് പുരാണങ്ങളിൽ. പുരാണങ്ങളിലെ കഥകൾ കേൾക്കുക അവയിൽ ലയിക്കുക എന്നതാണ് നമ്മുടെ ശൈലി. പക്ഷേ യഥാർത്ഥ്യത്തിൽ പുരാണ കഥകൾ നമുക്ക് നൽകിയിരിക്കുന്നത് തത്വബോധം വരുത്തുന്നതിനാണ്. നാമോ ?
കഥ കട്ട്
കഥകേട്ട് നാം കഥയില്ലാത്തവരായി. പുരാണങ്ങളിലേക്കൊന്നും പോവണ്ട നമ്മുടെ കൺമുന്നിൽത്തന്നെ ഇത്തരം അനുഭവ ചിത്രങ്ങൾ ധാരാളം കാണാം. ഇതൊക്കെ ജീവിതത്തിലെ ദുർവൃത്തികളുടെ ഫലമല്ലാതെ മറെറാന്നുമല്ല. ഇങ്ങനെ ശ്രുതി കൊണ്ടും, യുക്തികൊണ്ടും അനുഭവംകൊണ്ടും എങ്ങിനെ നോക്കിയാലും സദാചാരനിഷ്ഠമല്ലാത്ത ഒരു ജീവിതം കൊണ്ട് ആർക്കും സുഖവും സമാധാനവും കിട്ടാൻ പോകുന്നില്ല. "പദാർത്ഥങ്ങളിലല്ല; മനസ്സിലാണ് സുഖസമാധാനങ്ങൾ". അപ്പോൾ പദാർത്ഥങ്ങളല്ല, മനസ്സാണ് അനുകൂലമായിത്തീരേണ്ടിയിരിക്കുന്നത്. സൽപ്രവർത്തികളെ കൊണ്ടും, സത്യവും, സദാചാരനിഷ്ഠവുമായ ജീവിതം കൊണ്ടും മാത്രമേ ഒരാൾക്ക് തന്റെ മനസ്സ് ശാന്തവും അനുകൂലവുമായിത്തീരൂ. അതിനാൽ ഒരാളുടെ മനസ്സ് അവശ്യം സദാചാരനിഷ്ഠമായിത്തീരേണ്ടതാണ്. ഇതാണ്  വേദങ്ങളും, ഉപനിഷത്തുക്കളും പ്രതിപാദിക്കുന്നത്. മതത്തിന്റെ ആവശ്യം തന്നെ ജീവിതം സദാചാരിന്ഷഠവും, തനിക്കും മററുളളവർക്കും ഉപദ്രവമില്ലാത്തതും ഉപകാരമുളളതുമാക്കിത്തീർക്കലാണ്. പക്ഷേ മത ഗ്രന്ഥങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് അതിന്റെ ഹിന്ദുക്കളുടെ വൈദീക സാഹിത്യത്തിൽ “മതമെന്ന ശബ്ദമെ ഇല്ല. സനാതന ധർമ്മമെന്നാണ് പറയുന്നത്. എന്നാൽ വൈദികസിദ്ധാന്തപ്രകാരം ഹിന്ദു മതമെന്നല്ലാ ഹിന്ദുധർമ്മമെന്നാണ് പറയേണ്ടത്.

എന്താണ് സദാചാരനിഷ്ഠ ?

 അതു വേണ്ടപോലെ അറിയാൻ വളരെ വിഷമമാണ്. കാരണം, കാലവും ദേശവും കർത്താവും മാറുമ്പോൾ ധർമ്മത്തിനു മിക്കപ്പോഴും മാററം വരും. ഒരു കാലത്തും, ഒരു ദേശത്തും, ഒരാൾക്കും അനുകൂലമായ ധർമ്മം മറെറാരു കാലത്തും, മറെറാരു ദേശത്തും, മറെറാരാൾക്കും എപ്പോഴും പ്രതികൂലമായേ ക്കാം. അപ്പോൾ കാലദേശകർത്താക്കളുടെ തിരിച്ചറിവോടുകൂടിവേണം ധർമ്മം തീർച്ചപ്പെടുത്താനെന്നു വരുന്നു. അതിനുളള വിവേകം വേണ്ടപോലെ എല്ലാവർക്കുമുണ്ടായെന്നുവരില്ല. അതിനാൽ ശാസ്ത്രങ്ങളുടെയും ആപ്തന്മാരായ സജ്ജനങ്ങളുടെയും സന്യാസിമാരുടേയും നിർദ്ദേശങ്ങളാണ് സാധാരണജനങ്ങളുടെ ജീവിതത്തിനു മാർഗ്ഗദർശകങ്ങൾ, അവയെ നിരസിച്ചുകൊണ്ടുളള ജീവിതം ഒരിക്കലും സുഖപ്രദമാവാൻ വഴിയില്ല. ശാസ്ത്രസിദ്ധാന്തങ്ങളേയും, ആപ്തവചനങ്ങളേയും അവശ്യം മാനിക്കേണ്ടതാണ്. പർണ്ണങ്ങളും ആശ്രമങ്ങളുമാകുന്ന പരിധികളുടെ ഉള്ളിൽ ഒതുക്കിക്കൊണ്ടാണ് മനുഷ്യജീവിതത്തെ ധാർമ്മികമായി ശ്രുതി നിയന്ത്രിച്ചിരിക്കുന്നത്. അതൊക്കെ വേണ്ടപോലെ അറിയാനും ആചരിക്കാനും കഴിഞ്ഞാൽ വളരെ നന്നായി. ഇനി അതൊന്നുമില്ലെങ്കിൽ കൂടി ഒരു മനുഷ്യർ എന്നുളള നിലയ്ക്ക് അവശ്യം അറിയേണ്ടതും, ആചരിക്കേണ്ടതുമായ ചില കൃത്യങ്ങളുണ്ട്. അവയെ മനുഷ്യധർമ്മങ്ങളെന്നു പറയുന്നു. ഏതു നിലയിലുളള ഒരാളും അവയെ അറിയുകയും ആചരിക്കുകയും ചെയ്യേണ്ടതാണ്. ആചാര ലംഘനങ്ങൾക്ക് അധികാര വർഗ്ഗം തന്നെ അവസരം ഒരുക്കിക്കൊടുക്കുന്ന നവോത്ഥാന സേവങ്ങൾ നാം ദിനംതോറും കാണുന്നു.        

സത്യം ദയാ തപശ്ശൗചം തിതിക്ഷേക്ഷാശമോമ:  അഹിംസാ  ബ്രഹ്മചര്യ ത്യാഗ സ്വാദ്ധ്യായ ആർജവം. സന്തോഷഃ സമദൃക്സേവാ ഗ്രാമ്യൈഹൊ പരമ:ശനൈ: നൃണാം വിപര്യയെ ഹെക്ഷാ മൌനമാത്മവിമർശനം അന്നാദ്യാദെ: സംവിഭാഗൊ ഭൂതേഭ്യശ്ചയഥാർഹത: ത്വേഷാദേവതാബുദ്ധി: സുതരാം ദൃഷ്ഠ പാണ്ഡവ ശ്രവണം കീർത്തനം ചാസ്യ സ്മരണം മഹതാം ഗതേ: സേവെജ്യാവനതീർദ്ദ്യാസ്യം നൃണാമയം പരോധർമ്മ: സർവേഷാം സമുദാഹൃത:

സത്യം, ദയാ, സംയമം, ബാഹ്യാഭ്യന്തരശുദ്ധി, സഹനശക്തി, ശാസ്ത്രജ്ഞാനം, വിഷയനിവൃത്തി, ഇന്ദ്രിയസംയമം, ജീവകാരുണ്യം, ബ്രഹ്മചര്യം, ത്യാഗം, വേദപഠനം, കർമ്മശുദ്ധി, എപ്പോഴും സന്തുഷ്ടനായിരിക്കൽ, ജീവികളിൽ സാമ്യഭാവം, സേവനബുദ്ധി, വൈരാഗ്യത്തെ മുൻനിർത്തിക്കൊണ്ടുള്ള വിഷയസേവനം, മനുഷ്യ സഹജമായ സംസ്കാരത്തിന്നു കൊള്ളരുതാത്ത ആഗ്രഹങ്ങളേയും, അറിവിനേയും നിലനിർത്താതിരിക്കൽ, അടക്കം, ആത്മാന്വേഷണം, ജീവികളുടെ അർഹതക്കനുസരിച്ച് അന്നാദി വസ്തുക്കളെ ദാനം ചെയ്യൽ, ജീവികളിൽ പൊതുവെ ആത്മബുദ്ധിയേയോ ഈശ്വരബുദ്ധിയേയോ വളർത്തിക്കൊണ്ടിരിക്കൽ, മഹാത്മാക്ക ളുടെ ജീവിതത്തെ അറിയാൻ ശ്രമിക്കൽ, ഈശ്വരങ്കൽ പരമാർത്ഥമായ വിശ്വാസം, സേവനം, യജനം, പൂജനം,  കൈങ്കര്യം, പ്രേമഭാവംകൊണ്ടുളള അടുപ്പം, സർവ്വാ സമർപ്പണം ചെയ്യൽ ഇങ്ങനെ മുപ്പതു രൂപത്തിൽ വേർതിരിച്ചു കാണിച്ച ഉൽകൃഷ്ടമായ വൈദിക സംസ്കാരത്തേയാണ് മനുഷ്യധർമ്മമെന്നു പറയുന്നത്. കാലവും ദേശവും കർത്താവുമാകുന്ന വ്യത്യാസങ്ങൾ നോക്കാതെ എല്ലാകാലത്തും, എല്ലാദേശത്തും ജീവിക്കുന്ന എല്ലാ മനുഷ്യരും ഒരുപോലെ ആചരിക്കേണ്ടവയാണ് മുൻ പറയപ്പെട്ട മുപ്പതു ധർമ്മങ്ങളെന്നാണ് സാമാന്യ നിയമം. എന്നാൽ അതും ഇക്കാലത്തുളള തിരക്കറിയ മനുഷ്യർക്ക് വളരെ വിഷമമായിരിക്കും. എല്ലാ ധാർമ്മിക നിയമങ്ങളേയും സാമാന്യേന സംഗ്രഹിച്ചുകൊണ്ടു പൂജനീയ സ്വാമി ജ്ഞാനാനന്ദ സരസ്വതി മഹാരാജ് സദാചാര ജീവിതം എന്ന ലഘുഗ്രന്ഥത്തിൽ  വിവരിക്കുന്ന ഈ നിഷ്ഠകൾ സുഗമവും സുന്ദരവുമായ ജീവിതക്രമത്തിലെങ്കിലും ശ്രദ്ധിക്കുന്നപക്ഷം ജീവിതം വിജയമായി കലാശിക്കും.

1. കളവു പറയാതിരിക്കുക.

2. ആരേയും വഞ്ചിക്കാതിരിക്കുക.

3. അർഹതയില്ലാത്തതു സ്വീകരിക്കാതിരിക്കുക.

4. ലോഭത്തേക്കാൾ ത്യാഗത്തെ മാനിക്കുക.

5. എല്ലാ ജീവികളേയും ഒരേ നിലയിൽ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുക.

6. കൊളളരുതാത്ത ചീത്ത പ്രവർത്തികൾ ചെയ്യാതിരിക്കുക.

5. എല്ലാ ഒരേനിലയിൽ സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുക.

7. ആരേയും ഒന്നിനേയും അധികം ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാതിരിക്കുക.
8. പ്രതികാരബുദ്ധിയെ വളർത്താതിരിക്കുക.
9. ആസ്തികനായിരിക്കുക.

10. അത്യാവശ്യമില്ലാത്ത ഒന്നിലും ഒരിടത്തും പ്രവേശിക്കാതിരിക്കുക.

എന്നിങ്ങനെ പത്തു അടിസ്ഥാന ധർമ്മങ്ങളെ നിലനിർത്തിക്കൊണ്ടായിരിക്കണം ഒരാൾ ജീവിക്കുന്നത്. അടിസ്ഥാനപരങ്ങളായ സാമാന്യധർമ്മങ്ങളിൽ ഉറച്ചു നിലക്കാത്ത ജീവിതംകൊണ്ട് വിഷധർമ്മങ്ങളെ ആചരിച്ചതുകൊണ്ടു പ്രയോജനമുണ്ടാവാൻ വയ്യ. എപ്പോഴും കളവും ദുർവ്വാക്കുകളും ഉപയോഗിക്കുന്ന ഒരാൾ ഇടക്കെപ്പോഴെങ്കിലും കുറച്ചു നാമം ജപിച്ചു എന്നുളളതുകൊണ്ടെന്താണ് മെച്ചം? എപ്പോഴും സത്യത്തേയും, നല്ല വാക്കുകളേയും ഉച്ചരിക്കുന്ന ഒരാൾ നാമം ജപിച്ചില്ലെങ്കിൽ കൂടി ദോഷമില്ല. അങ്ങനെതന്നെ സൽപ്രവർത്തികളേയും പരസേവനങ്ങളേയും മാത്രം ചെയ്യുന്ന ഒരാൾ ഈശ്വര പൂജ ചെയ്തില്ലെങ്കിൽ കൂടി ദോഷമില്ല. പല ദുഷ്കൃത്യങ്ങളും ചെയ്യുന്ന ഒരാൾക്ക് ഇടക്ക് ഈശ്വരപൂജ ചെയ്തിട്ടെന്താണ് കാര്യം? ആശ്രമത്തിലെത്തുന്ന സന്യാസിമാരോടും ഭക്തജനങ്ങളോടും ഇതു തന്നെയാണ് സാധുവും പറയുക. വിലയേറിയ ഒരു സിദ്ധൗഷധം സേവിക്കുന്ന ഒരാൾ വിപരീതങ്ങളായ പല അപത്ഥ്യങ്ങളെ ആചരിക്കുന്നുണ്ടെങ്കിൽ ആ ഔഷധത്തിന്റെ വിര്യം ഫലിക്കാത്തതുപോലെ പല ദുരാചാരങ്ങളും ചെയ്യുന്ന ഒരാൾക്കു സദാചാരങ്ങളുടെ നന്മ ഫലിക്കാൻ വിഷമം. സദാചാരമൊന്നും ചെയ്തില്ലെങ്കിൽ കൂടി ദോഷമില്ല. ദുരാചാരം ചെയ്യാതിരുന്നാൽ മതി. പക്ഷെ ഒന്നും ചെയ്യാതിരിക്കാൻ വയ്യെന്നുളളതുകൊണ്ട് സദാചാരം ചെയ്യുന്നില്ലെങ്കിൽ ദുരാചാരം ചെയ്യും. അതിനാൽ ദുരാചാരങ്ങളെ അകറ്റുകയും സദാചാരങ്ങളെ പരിപാലിക്കുകയും വേണം. മുൻപറഞ്ഞ പത്തു ധർമ്മങ്ങളിൽ ഉറപ്പോടുകൂടിയ ജീവിതംകൊണ്ട് ദുരാചാരങ്ങളെ അകറ്റി സദാചാരങ്ങളെ സേവിച്ച് ജീവിതത്തിന്റെ നല്ല ഫലങ്ങളേയും സംതൃപ്തിയേയും സമാധാനത്തേയും അനുഭവിച്ച് എപ്പോഴും കൃതാർത്ഥനായി കഴിയണമെന്നാഗ്രഹിക്കുന്നവർ ജീവിക്കേണ്ട ക്രമമാണ് താഴെ വിവരിക്കാൻ പോവുന്നത്.

എല്ലാ ദിവസവും പ്രഭാതത്തിൽ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നെഴുന്നേല്ക്കണം. ഉദയത്തിനുമുമ്പുളള രണ്ടു നാഴികയെയാണ് ബ്രാഹ്മമുഹൂർത്തമെന്നു പറയുന്നത്. ആ സമയത്ത് യാതൊരു കാരണവശാലും ഉറങ്ങാനിടവരരുത്. ഉണർന്ന ഉടനെ നല്ല വിചാരങ്ങളോടുകൂടി എഴുന്നേറ്റ് ആ കിടക്കയിൽത്തന്നെ കിഴക്കോട്ടു തിരിഞ്ഞിരുന്ന് ഹൃദയത്തിൽ പ്രകാശിക്കുന്ന ആത്മസ്വരൂപിയായ ഈശ്വരനെ സ്മരിക്കണം.

1. ഓം പ്രാതഃ സ്മരാമി ഹൃദി സംസ്ഫുരദാത്മതത്വം സച്ചിൽസുഖം പരമഹംസഗതിം തുരീയം. യൽ സ്വപ്നജാഗരസുഷുപ്ത വൈതി 
നിത്യം തൽ ബ്രഹ്മനിർമ്മലമഹം നമഭൂതസംഘ:

2. പ്രാതർ ഭജാമി ച മനോവച്ച സാമഗമ്യം വായോ വിഭാന്തി നിഖിലായദനുഗ്രഹേണ 
യം നേതി നേതി വചനർന്നി ഗമാ അവോചൻ 
തം ദേവദേവമജ മച്യുതമാഹുരഗ്ര്യം.

3. പ്രാതർന്നമാമി തമസ: പരമർക്കവർണ്ണം പൂർണ്ണം സനാതനപദം പുരുഷോത്തമാഖ്യം രജ്വാം ഭുജംഗമ ഇവ പ്രതിഭാസിതം വൈ.

4. ശ്ലോകത്രയമിദം പുണ്യം ലോകത്രയവിഭൂഷണം പ്രാതഃകാലെ പഠേദ്യസ്തുസഗൽ ച്‌ഛേൽ പരമം പദം.

എന്നിങ്ങനെ അർദ്ധചിന്തയോടും ഭക്തിയോടും കൂടി ഈ ശ്ലോകങ്ങളെ ജപിച്ച് ആത്മസ്വരൂപത്തെ ധ്യാനിക്കാൻ കഴിഞ്ഞാൽ വളരെ നന്നായി. അർത്ഥചിന്ത സാദ്ധ്യമല്ലെങ്കിൽ വേണ്ട. ഭക്തിയോടുകൂടി ശ്ലോകങ്ങളെ ജപിച്ച് ഉദിച്ചുപൊന്തുന്ന ആദിത്യബിംബം പോലെ ഉദ്ദീപ്തമായ തേജസ്സിനെ ഹൃദയത്തിൽ ധ്യാനിക്കണം. അതു കരുണാമയനും പരമപുരുഷനുമായ ഈശ്വരനാണെന്നും, അവിടുത്തെ കാരുണ്യം കൊണ്ട് ഇന്നെനിക്ക് അമംഗളാനുഭവമൊന്നുമുണ്ടാവില്ലെന്നും എല്ലാം മംഗളാനുഭാവങ്ങളു മുണ്ടാവുമെന്നും ബോധിച്ച് വിശ്വസിച്ച് മനസ്സുകൊണ്ടു നമസ്കരിച്ച് കിടക്കയിൽ നിന്നെഴുന്നേൽക്കണം, അനന്തരം പുറത്തു പോയിവന്ന് ശൌചം, ദന്തധാവനം, സ്നാനം മുതലായവയെ ആചരിക്കണം. നന്നായി ശൗചിക്കണം, അതുകൊണ്ട് പല ഗുണങ്ങളുമുണ്ട്. ദന്തധാവനത്തിന് പലപൊടികളും പേസ്റുകളും ഉണ്ടെങ്കിലും പഴുത്തമാവിലയും ഉപ്പും ചേർത്തു പൊടിച്ച് ഉമിക്കരികൊണ്ടുളള ദന്തധാവനത്തോളം ഹൃദ്യമല്ല. അതിനാൽ ആ വസ്തുക്കളെത്തന്നെ അംഗീകരിക്കുന്നതാണുത്തമം. ഒഴുക്കുളള ശുദ്ധജലത്തിൽ ചെയ്യുന്ന സ്നാനത്തോളം ഹൃദ്യമല്ല മറെറാന്നും. തീരെ ആരോഗ്യമില്ലെങ്കിൽ മാത്രമെ ചൂടുവെളളത്തിൽ സ്നാനമാചരിക്കാവൂ. ഒഴുക്കുളള നദികളൊന്നും അടുത്തില്ലെങ്കിൽ കുളത്തിലെങ്കിലും ആവണം സ്നാനാചരണം. സ്നാനാന്തരം ആദിത്യന് അർഘ്യം കൊടുത്ത് വെളളത്തിൽനിന്നു തന്നെ കിഴക്കു നോക്കി ആദിത്യബിംബത്തെ സ്മരിച്ചുകൊണ്ട് ഏറ്റവും ചുരുങ്ങിയത് പന്ത്രണ്ട് ഉരുവെങ്കിലും ഗായത്രീമന്ത്രം ജപിക്കണം. ഓം ഭൂർഭുവസ്വഃ തൽസവിതുർ വരേണ്യം. -ഭർഗ്ഗോദേവസ്യധീമഹി ധിയോ യോന: പ്രചോദയാൽ, ഇതാണ് ഗായത്രീമന്ത്രം. അനന്തരം ജലത്തിൽ നനച്ച ഭസ്മം ധാരണം ചെയ്യുക. ഭസ്മധാരണം ചെയ്യുന്നത് ആദ്യം ശിരസ്സിലും, പിന്നീട് നെറ്റിയിലും കണ്ഠത്തിലും മാറിലും നാഭിയിലും വലത്തു കയ്യിയിലും ഇടത്തുകയ്യിലും മുതുകിലും രണ്ടു കാലുകളിലും വഴിക്കു വഴിയായിരിക്കണം. പിന്നീട് ഇഷ്ടദേവതാ ധ്യാനത്തോടും, ഇഷ്ടമന്ത്രജപത്തോടും തൊഴുകയ്യോടും കൂടി കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് കിഴക്ക് മൂല എന്നിവടങ്ങളിലേക്ക് യഥാക്രമം തിരിഞ്ഞ്
കിഴക്കോട്ട് തിരിഞ്ഞ് ഓം സത്യോജാധായ നമ എന്നും പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് അഘോരമായ നമമ എന്നും വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് പുരുഷായ നമ എന്നും തെക്ക് ഭാഗത്തേക്ക് തിരിഞ്ഞ്ഓം വാമദേവായ നമ എന്നും വടക്ക് കിഴക്ക് മൂലയിലേക്ക് തിരിഞ്ഞ് ഓം ഈസാനായ നമ എന്നും ചൊല്ലിക്കൊണ്ട് പുരുഷന്മാർ സാഷ്ടാംഗം നമസ്കരിക്കുകയും സ്ത്രീകൾ അവർക്ക് പറഞ്ഞിരിക്കുന്നത് പോലെ നമസ്കരിക്കുകയും ചെയ്യുക അതിനുശേഷം   കുടുംബ ക്ഷേത്രമോ ഗ്രാമ ക്ഷേത്രമോ അടുത്തുണ്ടെങ്കിൽ ക്ഷേത്രദർശനത്തിനു പോകാം. ക്ഷേത്രത്തിൽ ഏതു ദേവനെ ദർശിക്കുമ്പോഴും തന്റെ ഇഷ്ടദേവതയായിക്കണ്ട് അത്യന്തഭക്തിയോടു കൂടി തൊഴുതു നമസ്കരിക്കണം. നമ്മുടെ ആവശ്യങ്ങളുടെ ലിസ്റ്റ് നൽകേണ്ട സ്ഥലമല്ല ക്ഷേത്രം. പ്രാർത്ഥന എന്നത് താനും ദൈവവും മാത്രമായിരിക്കുന്ന സമയം ഭക്തൻ ദൈവത്തോട് പറയേണ്ട കാര്യങ്ങളാണ്. ക്ഷേത്രങ്ങൾ ധ്യാന ജാപാധികൾക്കുള്ള സ്ഥലമാണ്. ഏതെങ്കിലും ഒരു മന്ത്രമോ കീർത്തനമോ മനസ്സിൽ ചൊല്ലിയോ, കൂട്ടമായി ഒരേ സ്വരത്തിൽ നാമങ്ങൾ കീർത്തനങ്ങൾ ചൊല്ലിയോ വേണം ക്ഷേത്ര ദർശനം നടത്താൻ. ചോദിക്കാതെ തന്നെ ഭക്ത ഹൃദയങ്ങളെ അറിയുന്നവരാണ് ദേവതകൾ.  പ്രദക്ഷിണം ആൽപ്രദക്ഷിണം മുതലായവ കഴിഞ്ഞ് ഭക്തിയോടുകൂടി ദേവ പ്രസാദം ശിരസ്സിൽ ധരിച്ച് കൃതാർത്ഥനായി ഗൃഹത്തിലേയ്ക്ക് മടങ്ങണം. അല്ലാത്തപക്ഷം ഗൃഹത്തിൽ പ്രത്യേകമായൊരു പൂജാമുറിയുണ്ടായിരിക്കുന്നതേറ്റവും നല്ലതാണ്. അതില്ലെങ്കിൽ ശുദ്ധിയുളള സ്ഥലത്തുവന്നിരുന്ന് അനന്തരകൃത്യങ്ങളെ നിർവ്വഹിക്കണം. ഇഷ്ടദേവന്റെ ചിത്രമോ, വിഗ്രഹമോ മുമ്പിൽ വെച്ച് അഭിമുഖമായിരുന്ന് ദീപം ചന്ദനത്തിരി എന്നിവ ജ്വലിപ്പിച്ച് ആദ്യം ഗുരുനാഥന്മാരെ, ധ്യാനിച്ച് സ്മരിക്കുക. ഗണപതിയെ സ്മരിക്കുക. സരസ്വതിയെ സ്മരിക്കുക.ശേഷം പ്രപഞ്ച സൃഷ്ടാവായ പരബ്രഹ്മസ്വരൂപനെ ഇഷ്ട ദേവതാ സങ്കൽപ്പത്തിൽ സ്മരിച്ച് ധ്യാനിക്കുക. തുടർന്ന് വിഷ്ണുസഹസ്രനാമം ഒരു പരിവൃത്തി ജപിക്കുക. ഭഗവത്ഗീത ഒരദ്ധ്യായമെങ്കിലും വായിക്കുക. ദേവൻ സ്തോത്രങ്ങളിൽ പ്രിയപ്പെട്ട ചിലതിനെ ഭക്തിയോടുകൂടി ചൊല്ലി ജപിക്കുക. അനന്തരം പതുക്കെ കണ്ണടച്ച് കുലദേവതാസ്വരൂപത്തെ ഉജ്വലമായ തേജസ്സോടു കൂടി മനസ്സിൽ ധ്യാനിക്കുക. അരമണിക്കൂറെങ്കിലും ഏകാഗ്രമായി ധ്യാനിച്ചെഴുന്നേറ്റ് കർപ്പൂരം കത്തിച്ചാരാധിച്ച് നമസ്കരിച്ചെഴുന്നേറ്റ് പൂജാമുറിയിലാണെങ്കിൽ അടച്ച് പുറത്തുവന്ന് തുളസിക്കോ ഏതങ്കിലും ചെടികൾക്കു ജലം ഒഴിക്കുക. പക്ഷി പറവകൾക്ക് അന്നം നൽകുക. ആഹാരം കഴിച്ച് തന്റെ നിത്യവ്യാപാരത്തിനിറങ്ങാം.

ജീവിത സമ്പാദനത്തിനുളള പ്രവർത്തി എന്തായാലും കൊളളാം. പക്ഷെ കളവു പറയാതിരിക്കുക; വഞ്ചിക്കാതിരിക്കുക; മറ്റുളളവർക്ക് നഷ്ടം പറ്റാവുന്ന ലാഭം ആഗ്രഹിക്കാതിരിക്കുക. ഇത്രയും സംഗതി പ്രത്യേകം മനസ്സിരുത്തേണ്ടതാണ്. ഏതു പ്രവൃത്തി ചെയ്യുമ്പോഴും അത് ഈശ്വര പൂജയാണെന്നും, എന്തനുഭവിക്കുമ്പോഴും അത് ഈശ്വര പ്രസാദമാണെന്നും, പൂർണ്ണമായി വിശ്വസിക്കുക. എല്ലാം ഈശ്വരന് വേണ്ടിയും ഈശ്വരന്റേതുമാണെന്നും ബോധിക്കുക. താനായോ, തന്റേതായൊ ഒന്നുമില്ലന്നോർക്കുക. തന്റെ ഗൃഹകുടുംബാദികൾ കൂടി ഈശ്വരസ്വരൂപമാണെന്നു വിചാരിച്ചു പെരുമാറുക. ഒരു ജീവിയേയും ഉപദ്രവിക്കാതിരിക്കുക. അഗതികളേയും ആർത്തന്മാരേയും യഥാശക്തി സേവിക്കുക, ആരോടും പ്രതികാരം ചെയ്യാതിരിക്കുക. ഒഴിവു സമയങ്ങൾ കുടുംബത്തോടൊപ്പം കഴിയുക. കുടുംബമായി സമീപദേശത്തെ ആശ്രമങ്ങൾ സന്ദർശിക്കുക. സന്യാസിമാരെ കണ്ടാൽ നമസ്കരിക്കുക. കഴിവുപോലെ ദക്ഷിണ നൽകുക. ഇങ്ങനെ പകൽ മുഴുവൻ ധർമ്മത്തിന്റെ അതിർത്തി തെറ്റാതെ നിരുപദ്രവമായി ജീവിച്ച്, വൈകുന്നേരവും ദേഹശുദ്ധി ചെയ്ത് വിഷ്ണുസഹസ്രനാമമോ, ലളിതാ സഹസ്ര നാമമോ കീർത്തനങ്ങളും ജപിച്ച് അരമണിക്കൂർ ധ്യാനിച്ച് കീർത്ത നങ്ങളെക്കൊണ്ടും തിരുനാമങ്ങളെക്കൊണ്ടും സ്തുതിച്ച് നമസ്കരിക്കുക. അനന്തരം മിതമായ ആഹാരം കഴിച്ചുറങ്ങുക.

രാഷ്ട്രീയം സമൂഹനന്മക്ക് വേണ്ടിയുള്ളതാണ്. നമുക്കും രാഷ്ട്രീയം വേണം. എന്നാൽ ഇന്നത് കൊല്ലാനും ചതിക്കാനും അഴിമതിയിലൂടെ സ്വജന പക്ഷപാതത്തിനുമുള്ള മാർഗ്ഗമാക്കിയിരിക്കുന്നു. അതുകൊണ്ട് അമിതമായ രാഷ്ട്രീയ ഭക്തി ഒഴിവാക്കുക. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മുതൽ ഫലം വരുന്ന നിമിഷം വരെ രാഷ്ട്രീയ ആവേശമാകാം. സഭ്യതയുടെ അതിരു വിടരുത്. ആര് ജയിച്ചാലും അവരെ അംഗീകരിക്കുക. നല്ലതു ചെയ്താൽ പ്രോത്സാഹിപ്പിക്കുക. തെറ്റു ചെയ്താൽ പ്രതിഷേധം അറിയിക്കുക. രാഷ്ട്രീയ പാർട്ടികൾക്കോ സംഘടനകൾക്കോ അടിമകൾ ആകാതിരിക്കുക. 

ഈ സമ്പ്രദായത്തിലാണൊരാളുടെ എല്ലാ ദിവസവുമുളള ജീവിതമെന്നു വന്നാൽ ഇഹത്തിലും പരത്തിലും അവനു ശ്രേയസ്സുണ്ടാവാതിരിക്കയില്ല. ഈശ്വരകാരുണ്യത്താൽ അവൻ എല്ലാ അഭീഷ്ടങ്ങളും നിറവേറുകയും ചെയ്യും.

ശുഭം.

ഗുരു പാദസേവയിൽ

സത്ഗുരു:
ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
വിശ്വകർമ്മ കുല പീഠാധീശ്വർ
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
ഗുരുവായൂർ
തൃശ്ശൂർ ജില്ല.
90 61 97 12 27


ജ്ഞാനാനന്ദ സരസ്വതിമഹാരാജിനോട് കടപ്പാട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം