പ്രപഞ്ച രഹസ്യം സൂക്ഷിക്കുന്ന വിശ്വകർമ്മജർ.

പ്രപഞ്ച രഹസ്യങ്ങൾ അറിയുന്ന വിശ്വകർമ്മജർ സനാതന ധർമ്മത്തിന്റെ കാവൽക്കാർ.

സുകൃതികളേ,
വിശ്വകർമ്മ സമൂഹത്തിന്റെ ക്ഷേമത്തിനായി നിലനിൽക്കുന്ന അഖില കേരള വിശ്വകർമ്മ മഹാസഭ എന്ന മാതൃ പ്രസ്ഥാനത്തിന്റെ വൈക്കം യൂണിയൻ പ്ലാറ്റിനം ജൂബിലി സുവനീയറിനു വേണ്ടി എഴുതുമ്പോൾ തന്നെ വളരെ ആനന്ദമുണ്ട്. സഭയുടെ ഇനിയുള്ള നാളുകൾ അത്മീയതയിലൂടെ ഭൗതിക മുന്നേറ്റം ആകട്ടെ !. വിശ്വകർമ്മ കുലത്തെ സ്വന്തം കഴിവുകളേക്കുറിച്ച് തിരിച്ചറിവുള്ളവരാക്കുക, യഥാർത്ഥ പരമ്പരയിൽ വിശ്വ ബ്രാഹ്മണരായി ചാതുർവർണ്യത്തിലുളളവർക്ക് ഗുരുക്കന്മാരായി അവരെ ഐക്യത്തിലും ഐശ്വര്യത്തിലും നയിക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായിട്ടാണ് മഠം കുലാചാര ധർമ്മപ്രചരണവുമായി സജീവമാകുന്നത്. നൂറിലധികം വരുന്ന വിശ്വകർമ്മ സംഘടനകളുള്ള കേരളത്തിൽ സംഘടനാഭേതമില്ലാതെ, രാഷ്ട്രീയ വിത്യാസം ഇല്ലാതെ എല്ലാ വിശ്വകർമ്മജരും ഒന്നിക്കുക എന്ന സന്ദേശമാണ് നമ്മൾ നൽകുന്നത്. ഭാരതത്തിൽ വാസ്തു ശാസ്ത്രപ്രയോഗം വളരെയധികം സംശയജന്യപ്രയോഗമായി മാറിയിരിക്കുന്ന ഈ അവസരത്തിൽ വാസ്തുവിനെക്കുറിച്ചും വാസ്തു ശാസ്ത്രത്തെക്കുറിച്ചും പറയുമ്പോൾ പുശ്ചത്തോടു കൂടി മാത്രമായിരിക്കും പലരും അതിനെക്കാണുന്നത്. കാരണം നമ്മുടെ വൈദികകാലത്തിനുശേഷം ചാതുർവർണ്ണ്യം മുതൽ ഉള്ള ആചാര്യൻമാരുടെ ശാസ്ത്രപ്രയോഗവും അതെക്കുറിച്ചുള്ള പ്രതിപാദ്യവും സത്യസന്ധമല്ലായിരുന്നു എന്നല്ലേ അതു സൂചിപ്പിക്കുന്നത്. എന്നാൽ പുരാതനമായ വാസ്തുശാസ്ത്രം സത്യസന്ധവും തികച്ചും മനുഷ്യന്റെ മാനസികവും ശാരീരികവും സർവ്വാത്മനാ അത്മീയവുമായ ചേതനകളെ ഉണർത്തുന്നതും ആയിരുന്നു എന്നത് സ്മരണീയമാണ്. വൈദികകാലത്ത്, വിശ്വകർമ്മാക്കൾ മാത്രമായിരുന്ന കാലത്ത് വേദങ്ങളും മറ്റുചില പ്രമാണങ്ങളും വാസ്തുശാസ്ത്രം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം മുതലായ ശാസ്ത്രങ്ങൾ എല്ലാം തന്ന വിശ്വകർമ്മഋഷിമാരാലും മറ്റു വിദഗ്ദ്ധ വിശ്വകർമ്മജരാലും ദർശിച്ചതും, ഉണ്ടാക്കപ്പെട്ടതും രചിക്കപ്പെട്ടതുമാണ്. ശിൽപി ആകുന്ന വിശ്വകർമ്മ പുത്രനാൽ രചിക്കപ്പെട്ട "മാനസാരം" മനുവാകുന്ന വിശ്വകർമ്മ പുത്രനാൽ രചിക്കപ്പെട്ട "വിശ്വകർമ്മ പ്രകാശം" മയബ്രഹ്മാവിനാൽ രചിക്കപ്പെട്ട "മയമതം" ഈ മൂന്നുമായിരുന്നു ആദ്യമായി ഭാരതത്തിൽ ഉണ്ടായ വാസ്തുശാസ്ത്ര ഗ്രന്ഥങ്ങൾ. പിൽക്കാലത്ത് മറ്റു വിശ്വകർമ്മാക്കളാൽ എഴുതപ്പെട്ട മറ്റനവധി വാസ്തു ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. എന്നാൽ ചാതുർവർണ്ണ്യ വ്യവസ്ഥിതി വന്നപ്പോൾ വേദങ്ങൾ എന്നപോലെതന്നെ ഇത്തരം ശാസ്ത്ര ഗ്രന്ഥങ്ങളും ചില സ്വാർത്ഥമതികളായ ബ്രാഹ്മണീയ കൃത്രിമങ്ങൾക്ക് ഇരയാകുകയും അതിൽ പല തരത്തിലുള്ള പൊടിപ്പും തൊങ്ങലുകളും ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. വിശ്വകർമ്മാക്കളുടേതല്ലാതാക്കാൻ നടത്തിയ ശ്രമത്തിന്റെ ഭാഗമായി ഗ്രന്ഥകർത്താക്കളുടെ പേരുകൾ തന്നെ പലതിൽനിന്നും മാറ്റികളഞ്ഞിട്ടുണ്ട്. പണ്ടത്തെ വിശ്വകർമ്മാക്കളിൽ പലരും അവരുടെ ദിവ്യശക്തിയാൽ നവഗ്രഹങ്ങളെപ്പോലും നഗ്ന നേത്രത്താൽ ദർശിക്കുകയും ആ നവഗ്രഹങ്ങളുടെ ചലനങ്ങളും സ്വാധീനങ്ങളും ഒക്കെ മനസിലാക്കി ജ്യോതിശാസ്ത്രം എന്ന മഹനീയശാസ്ത്രത്തിന് രൂപം കൊടുത്തിട്ടുണ്ട്. ചാതുർവർണ്ണ്യത്തിനു തൊട്ടുമുൻപുവരെ വിശ്വകർമ്മ ഗുരുപറ്റം (ജഗദ്ഗുരു പീഠം അഥവാ തന്ത്രവിദ്യാ പീഠത്തിന്റെ അധിപതിയായിരുന്ന പരാശരമഹർഷിയും വരാഹമിഹിരനും ജ്യോതിശാസ്ത്രത്തിന് രൂപം കൊടുത്തിട്ടുള്ളത് സ്തുത്യർഹമാണ്. അങ്ങിനെ മനുഷ്യോപകാരപ്രദമായ വാസ്തുശാസ്ത്രവും, വേദവും, ജ്യോതിഷവും മറ്റനേക ശാസ്ത്രങ്ങളും അവരുടേതായുണ്ടെന്നുള്ളതു തന്നെയാണ് വിശ്വ കർമ്മജരെ പ്രപഞ്ച സൃഷ്ടാവിന്റെ പരമ്പരകൾ എന്ന പേരിനർഹരാക്കുന്നത്.
 വിശ്വകർമ്മാക്കൾ എന്നാൽ വിശ്വത്തെ ഉണ്ടാക്കിയ ആ സൃഷ്ടികർത്താവിന്റെ സന്തതികൾ എന്നാണ്. അതുകൊണ്ടുതന്നെ അവർ ചെയ്യുന്ന കർമ്മങ്ങൾ എല്ലാം തന്നെ സത്യസന്ധമായിരിക്കും. ആയിരിക്കണം. പരസ്പരം ഐക്യമില്ലായ്മയും, മദ്യപാനശീലവും, ധനസമ്പാദനശീലം ഇല്ലായ്മയും ഇപ്പോഴത്തെ വിശ്വകർമ്മജരുടെ കുറവുകളാണെങ്കിലും, അവർ സമൂഹത്തിന് എല്ലാ നന്മകളും ഉണ്ടാക്കി എന്ന വിഭാഗത്തിന്റെ പരമ്പരകളാണെന്ന പരിഗണന പലപ്പോഴും മറ്റുള്ളവരിൽ നിന്നും കുറഞ്ഞു പോകുന്നു എന്നുള്ളത് വിശ്വം സൃഷ്ടിച്ച ഈശ്വരനോടുതന്നെയുള്ള അവഗണനയാണ്. ആചാരിമാർ എന്നാൽ ശാസ്ത്രകാരന്മാർ എന്നും, ആചരിക്കുന്നവരും, ആചരിക്കപ്പെടേണ്ടവരുമാണ്. എന്നാൽ അതിനുവേണ്ടി വിശ്വകർമ്മജരിൽ പലരും ശ്രമിക്കുന്നില്ല എന്നതും, മറ്റുള്ളവരാൽ അവഹേളനപരമായ ജീവിതശൈലികൾ നടത്തിപ്പോരുന്നവരായും കാണുന്നുണ്ട്. അത്തരം ജീവിതരീതി മാറ്റി വിശ്വകർമ്മജൻ, വിശ്വകർമ്മജൻ ആയിത്തന്നെ ജീവിയ്ക്കണം. വിശ്വ ഗുരുക്കന്മാരായി മാറേണ്ടവർ വെറും കൂലി തൊഴിലാളികളായി മാറി. അതിനായി ആദ്യം വേണ്ടത് കുലാചാര ധർമ്മ പഠനവും ആചരണവുമാണ്. ഈശ്വരവിശ്വാസം,വിദ്യാഭ്യാസം എന്നിവയിലുള്ള സമർപ്പണവും, മദ്യപാനം, മാംസാഹാരം ഉപയോഗിക്കില്ല എന്ന പ്രതിജ്ഞ സ്വാഭിമാനം, സദാചാര ബോധം തൊഴിലിനോടുള്ള ആത്മാർത്ഥത പരസ്പര സ്നേഹവും വിശ്വാസവും, നിരഹങ്കാരം കർമ്മകുശലത, വൈരാഗ്യം, സകലശാസ്ത്രങ്ങളും സത്യസന്ധമായി പഠിയ്ക്കാനുള്ള ആവേശം അവനവന്റെ അറിവിനനുസരിച്ച ഗർവ്വ്, ഇതെല്ലാം കൃത്യമായി പാലിക്കുമ്പോൾ ഒരു വിശ്വകർമ്മജൻ ആകും. സനാതന ധർമ്മത്തിന്റെ ഇതുവരെയുള്ള നിലനിൽപ്പ് തന്നെ വിശ്വകർമ്മജരുടെ ശാസ്ത്രപാണ്ഡിത്യമാണെന്ന് പറയാതെ വയ്യ. "വിശ്വകർമ്മജൻ എന്നാൽ ലോകത്തിലെ ഏറ്റവും വലിയവൻ എന്നാണ് അർത്ഥം". “വിശ്വത്തെ കർമ്മം ചെയ്ത ശക്തിയുടെ പരമ്പര. വിധിപ്രകരം തച്ചുശാസ്ത്രം സത്യസന്ധമായി ചെയ്യുമ്പോൾ ചെയ്തു കൊടുക്കുന്നയാളിനും ആ ശാസ്ത്രത്തിന്റെ (പ്രകൃതിയുടെ) അനുഗ്രഹം നാം അറിയാതെയാണെങ്കിലും നമുക്ക് ലഭിയ്ക്കുന്നു. വൈദികാലത്ത് വിശ്വകർമ്മാക്കൾ തച്ചുശാസ്ത്രപരമായ കർമ്മങ്ങളിലൂടെ വിശ്വകർമ്മ പൂജയായിരുന്നു ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അത് വെറും തൊഴിൽ എന്ന അടിസ്ഥാനം മാത്രമാകുന്നു. തച്ചുശാസ്ത്രത്തിലൂടെ ഈ പ്രകൃതിയേയും ആ പ്രകൃതിയെയെല്ലാം സൃഷ്ടിച്ച വിശ്വകർമ്മാവിനേയും പൂജിച്ചിരുന്ന വിശ്വകർമ്മജർ ചെയ്തുകൊടുത്തിരുന്ന ഗൃഹങ്ങൾ എല്ലാം തന്നെ അത്യുത്തമങ്ങളായിരുന്നു. അതായിരുന്നു. വൈദികകാല വിശ്വകർമ്മജരുടെ മഹത്വം. അക്കാലത്തുണ്ടായ പല ക്ഷേത്രങ്ങളും ഇന്നും നിലനിൽക്കുന്നു എന്നതുതന്നെ അന്നത്തെ ശിൽപശാസ്ത്ര ശാഖയെ ഉത്തുംഗതയിൽ എത്തിക്കുന്നതാണ്. എന്നാൽ ഇപ്പോഴോ, തച്ചുശാസ്ത്രം കണ്ടുപിടിച്ചവരേയും അതു നിലനിറുത്തി പോന്നിരുന്നവരേയും, സാക്ഷാൽ ജഗദീശ്വരനായ വിശ്വകർമ്മാവിനെപ്പോലും അംഗീകരിയ്ക്കാതെയും, വിശ്വകർമ്മാക്കൾ കണ്ടുപിടിച്ച് ജനങ്ങൾക്ക് നൽകിയ വേദമുൾപ്പെടെയുള്ള ശാസ്ത്രങ്ങളെല്ലാം തന്നെ ഞങ്ങളുടേതാണെന്നു പറയുന്ന ചാതുർവർണ്ണ്യ വിഭാഗക്കാരുടെ അർഹതയില്ലാത്ത അധികാരം ഇന്ന് ശാസ്ത്രങ്ങളിലെ സത്യവും കൃത്യതയും വിദൂരമാക്കിക്കളയുന്നു.
 സകലകർമ്മങ്ങളിലും തികഞ്ഞ ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തിയിരുന്നതുകൊണ്ട് വേദികകാലത്തെ ഗൃഹങ്ങളും കൊട്ടാരങ്ങളും, ശില്പങ്ങളും, ആഭരണങ്ങളും, ഗ്രന്ഥങ്ങളും ഒക്കെ പൂർണ്ണതയുള്ളതായിരുന്നു. അതുകൊണ്ടായിരുന്നിരിക്കാം പണ്ടുകാലത്ത് വീടുവച്ച് പ്രവേശിച്ചു കഴിഞ്ഞാൽ സർവൈശ്വര്യങ്ങളും ലഭിച്ചിരുന്നത്. ഗൃഹപ്രവേശനം കഴിഞ്ഞാൽ സർവൈശ്വര്യങ്ങളും ലഭിയ്ക്കണമെങ്കിൽ ഗൃഹത്തിന്റെ കണക്ക് തച്ചുശാസ്ത്രത്തിലെ യഥാർത്ഥ നിയമത്തിലുള്ളതായിരിയ്ക്കണം. ഉത്തമ ഗൃഹലാഭത്തിനായി ശാസ്ത്രീയമായും ആത്മീയമായും ഉള്ള അടിസ്ഥാനത്തിലെ കർമ്മശുദ്ധി, ഗൃഹത്തിന്റെ നിർമ്മാണാരംഭം മുതൽ ലഭിച്ചിരിയ്ക്കണം. ശാസ്ത്രം എന്നാൽ ആത്മീയതയിൽ നിക്ഷിപ്തമാണ്. പലരും ഇതിനെ രണ്ടായിട്ടാണ് കാണുന്നത്. ശാസ്ത്രം എന്നാൽ ആത്മീയതയിൽ അധിഷ്ഠിതമായ സത്യമാണ് (കൃത്യതയാണ്). നല്ലതും ചീത്തയും എന്ന പോലെ തന്നെ ആത്മീയവും ശാസ്ത്രവും ബ്രഹ്മത്തിൽ നിക്ഷിപ്തമാണ്. പണ്ട് ക്ഷേത്രങ്ങൾ ഉണ്ടാക്കുമ്പോൾ ആ ക്ഷേത്രത്തിൽ നിന്നും നാടിന് സർവ്വവിധേനയുള്ള നന്മയും ലഭിക്കുന്നതിനായി ക്ഷേത്രം പണിയുന്ന വിശ്വകർമ്മ പുത്രന്മാർ (വാസ്തു ആചാര്യന്മാർ) അഞ്ച് ദിക്‌രാശികളും എട്ട് ഐശ്വര്യ രാശികളും, എട്ട് ദിക്കുകളും പന്ത്രണ്ട് സൂര്യരാശികളും, പന്ത്രണ്ട് ചന്ദ്രരാശികളും, പൃഥ്വി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചതത്വങ്ങളും സർവ്വചൈതന്യ സ്വരൂപമായ ബ്രഹ്മാണ്ഡ തത്വവും, ജീവ, പര, ആത്മ തത്വവും ഉൾക്കൊള്ളിച്ചു കൊണ്ട് ചൈതന്യമായ, പുണ്യനികുഞ്ജമായ വിഗ്രഹത്തെ പ്രതിഷ്ഠിക്കുന്നു. അന്തരീക്ഷത്തിൽനിന്നും ജീവജാലങ്ങളിൽനിന്നും ഉത്തമചൈതന്യം അത്തരം പ്രതിഷ്ഠകളിലേയ്ക്ക് എപ്പോഴും ആവാഹിക്കപ്പെടുന്ന രീതിയിലും വിഗ്രഹത്തിൽ നിന്നും ഉത്തമഊർജ്ജം ക്ഷേത്രത്തിന്റെ നാനാഭാഗത്തേയ്ക്ക് നിർഗമിയ്ക്കുന്ന രീതിയിലും ആണ് ശില കൊത്തിയിരുന്നതും ക്ഷേത്രനിർമ്മാണം നടത്തിയിരുന്നതും. പൂർണ്ണമായ താന്ത്രിക നിയമത്തിൽ അധിഷ്ഠിതമായിട്ടാണ് ക്ഷേത്രനിർമ്മാണം നടത്തുന്നത് എന്നുള്ളതു തന്നെ ആ താന്ത്രികവിധിയുടെ കൃത്യതയെ സൂഷ്മീകരിക്കുന്നു. പണ്ട് ക്ഷേത്രനിർമ്മാണ സമയത്ത് വിഗ്രഹം ആ ക്ഷേത്രത്തെ പരിപൂർണ്ണമായും, ക്ഷേത്രം വിഗ്രഹത്തെ പരിപൂർണ്ണമായും ഉൾക്കൊള്ളുന്ന രീതിയിലും വിഗ്രഹത്തിന്റെ വലിപ്പത്തിനും ശക്തിയ്ക്കും ആനുപാതികമായ രീതിയിൽ ക്ഷേത്രം പണിയുന്നതിനും അന്നത്തെ ആചാരിമാർ നിഷ്കർഷത പാലിച്ചിരുന്നു. വൈദികകാലത്ത് വിശ്വകർമ്മ ഋഷിമാരായിരുന്ന അഗസ്ത്യമുനിയും, വിശ്വാമിത്രമഹർഷി യും, കശ്യപമഹർഷിയും, ഭരദ്വാജ മഹർഷിയും ആയിരുന്നു പ്രതിഷ്ഠാകർമ്മികൾ. പിൽക്കാലത്ത് അതു പല കൈകളിലേയ്ക്കും കൈമാറ്റം ചെയ്യപ്പെട്ടു എന്നത് ക്ഷേത്രനിർമ്മാണത്തിന്റെ സദുദ്ദേശ്യത്തെ തകർത്തു എന്നത് വിസ്മരിക്കാവുന്നതല്ല. ചാതുർവർണ്ണ്യത്തിനും അതിലെ മേധാവിത്വത്തിനും ക്ഷേത്രത്തിന്റെ ഭൗതികമായ കാര്യങ്ങളിൽ മാറ്റം വരുത്തുവാൻ സാധിച്ചിരുന്നില്ലയെങ്കിലും താന്ത്രികത്തിലും പ്രതിഷ്ഠയിലും ആചാരങ്ങളിലും മാറ്റം വരുത്തുവാൻ സാധിച്ചു. ശിവപ്രതിഷ്ഠ നടത്തിയിരുന്നത് അഗസ്ത്യമുനിയും, വിഷ്ണുപ്രതിഷ്ഠ നടത്തിയിരുന്നത് വിശ്വാമിത്ര മഹർഷിയും, പരാശക്തി പ്രതിഷ്ഠ നടത്തിയിരുന്നത് കശ്യപ മഹർഷിയും ആയിരുന്നു എന്നതുതന്നെ ചാതുർവർണ്ണ്യത്തിന് ക്ഷേത്രങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു എന്ന് എടുത്തു കാണിക്കുന്നു. എല്ലാ നിയമങ്ങളും പാലിച്ച് വിഗ്രഹം കൊത്തിയും ക്ഷേത്രങ്ങൾ ഉണ്ടാക്കിയും, ക്ഷേത്രത്തെ പരിപാലിച്ചും, പ്രകൃതിശക്തിയുടെ പ്രഹരത്തിൽ നിന്നും രക്ഷനേടുന്നതിനായി മനുഷ്യരാശിയെ രക്ഷിച്ച രക്ഷകൻ ആയിരുന്ന വിശ്വകർമ്മാക്കളുടെ വൈദഗ്ദ്ധ്യത്തിനു മുൻപിൽ മാറ്റാനും എടുത്തുപറയേണ്ടതല്ല. എന്നാൽ പിൽക്കാലത്ത് വിശ്വകർമ്മാക്കൾ വിശ്വകർമ്മാവിനെ പൂജിക്കാതാകുകയും വിശ്വ സൃഷ്ടാവിന്റെ പരമ്പരയിൽപ്പെട്ടവരാണ് എന്നുമുള്ള കാര്യങ്ങൾ എല്ലാം മറന്ന് പ്രകൃതിയ്ക്ക് അനുകൂലമായി ജീവിയ്ക്കുന്നതിൽ വിമുഖത കാണിയ്ക്കുകയും ചെയ്യുകയാൽ അവർക്ക് തൊഴിൽ പരമായും ഭാഷാപരമായും ജ്ഞാനപരമായ സാമ്പത്തികമായും നിലവാരം കുറഞ്ഞു കുറഞ്ഞു വന്നു. ഏകദേശം 1900 ആയപ്പോഴേയ്ക്കും, അന്നും ചെറുതായിട്ടാണെങ്കിലും വിശ്വകർമ്മജർ ചെയ്തു പോന്നിരുന്ന വിവാഹസ്തംഭം, എന്ന വിധികളിൽ മാറ്റം വരുകയും അന്നുവരെ വാദ്യാർമാരായിരുന്ന വിശ്വകർമ്മാക്കൾ തൽസ്ഥാനത്തിന് അർഹതയില്ലാത്തവരാണ് എന്നു വരുത്തിത്തീർക്കുകയും ബ്രിട്ടീഷുകാരോടു ചേർന്നു പ്രവർത്തിച്ച ഉന്നതസ്ഥാനീയർക്ക് സാധിച്ചു. ഏകദേശം 1905 നുശേഷമാണ് ഗണകൻ എന്ന സമൂഹത്തിന് കേരളത്തിൽ തുടക്കമിട്ടു തുടങ്ങിയത്. കോഴിക്കോട് സാമൂതിരിയവർകളാൽ നിയോഗിക്കപ്പെട്ട വിഭാഗമാണ് കണിയാന്മാർ എന്ന് ചില ആചാര്യമതം പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. അതായത് 150നുശേഷം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അമർഷത്തിനു പാത്രമായവരാണ്. വിശ്വകർമ്മാക്കൾ ബ്രിട്ടീഷുകാരുടെ കൊടും ക്രൂരതയ്ക്കെതിരായി പ്രത്യക്ഷമായും പരോക്ഷമായും സമരം പ്രഖ്യാപിച്ച യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരായിരുന്നു. അന്നത്തെ അടിസ്ഥാനതൊഴിലാളികൾ ആയിരുന്ന വിശ്വകർമ്മജർ തൊഴിൽ ചെയ്യുന്നതിന് ന്യായമായ കൂലി വേണമെന്ന് ആദ്യമായി ന്യായാധിപന്മാരുടെ മുഖത്തുനോക്കി ചോദിച്ച ധൈര്യ ശാലികളും സത്യസന്ധരും ആയിരുന്ന വിശ്വകർമ്മജരെ അതേവിഭാഗത്തിൽപ്പെട്ട ഒരു വിഭാഗം ഒറ്റു കൊടുക്കുകയും കോഴിക്കോട്, മഞ്ചേശ്വരം, കാസർകോട് ഭാഗങ്ങളിൽ വിശ്വകർമ്മാക്കളെ നിഷ്ഠൂരമായി മർദ്ദിയ്ക്കാൻ അന്നത്തെ ഭരണാധികാരികളോടു കൂട്ടുനിൽക്കുകയും ചെയ്ത ഒരു വിഭാഗത്തെയാണ് പിൽക്കാലത്ത് ഗണകസമുദായത്തിൽപ്പെടുത്തിയത് എന്ന് അറിയാൻ കഴിയുന്നു. വൈദികകാലം മുതൽ അക്കാലംവരെയും ജ്യോതിഷം, തച്ചുശാസ്ത്രം എന്നിവ ചെയ്തുപോന്നിരുന്നത് വിശ്വകർമ്മാക്കൾ ആയിരുന്നു. ആ വിശ്വകർമ്മാക്കളിലെ ഒരു വിഭാഗം പിൻതിരിഞ്ഞ് പോവുകയും ജ്യോതിഷമെന്ന വൻ ശാസ്ത്രശാഖ ഗണക വിഭാഗത്തിന് കൈമുതലാകുകയും തച്ചുശാസ്ത്ര അക്കാലത്ത് ഉണ്ടായിരുന്ന മേലാളൻമാർ എല്ലാവരും കൂടി വീതിച്ച് ഉപയോഗിയ്ക്കാൻ തുടങ്ങുകയും ചെയ്തു. അതുവരെ ഈ ശാസ്ത്രങ്ങളുടെയെല്ലാം പ്രത്യക്ഷാധികാരികൾ ആയിരുന്ന വിശ്വകർമ്മാക്കൾ അന്നത്തെ ആധികാരികളുടെ (ചാതുർവർണ്ണ്യക്കാരുടെ) വെറും പണിക്കാർ മാത്രമായ മാറുകയും ചെയ്തു. അന്നുമുതൽ അവർ “പണിക്കന്മാർ" എന്നും “ആശാരി” മാരെന്നും വിളിച്ചു കളിയാക്കി തകർത്തു കളയുകയും ചെയ്തു. എന്നിരുന്നാലും ബുദ്ധിമാന്മാരായിരുന്ന വിശ്വകർമ്മാക്കളെ തീരെ തള്ളിക്കളയാൻ പറ്റാത്തതുകൊണ്ട് തച്ചുശാസ്ത്രത്തിൽ അവരെ പിന്നെയും ഉൾപ്പെടുത്താനും, വിശ്വകർമ്മാക്കളിൽനിന്നു തച്ചുശാസ്ത്രം അഭ്യസിക്കാനുമായി കാസർകോട് കാഞ്ഞങ്ങാട് ആസ്ഥാനമാക്കിയും തൃശ്ശിവപേരൂർ ആസ്ഥാനമാക്കിയും രണ്ടു തന്ത്രവിദ്യാപീഠങ്ങൾ രൂപീകരിച്ചതായി പറയപ്പെടുന്നു. എന്നാൽ ആ വിദ്യാപീഠത്തിന്റെ അധികാരസ്ഥാനത്ത് അന്നത്തെ ബ്രാഹ്മണസമൂഹത്തിലെ സംസ്കൃതജ്ഞാനിയായിരുന്ന ചിലരെ നിയോഗിച്ചിരുന്നതായും അവർ പിൽക്കാലത്ത് തച്ചു ശാസ്ത്രവും, ജ്യോതിഷവും, ലക്ഷണശാസ്ത്രങ്ങളും ഒക്കെ വിശ്വകർമ്മാക്കളുടെ സഹായത്തോടെ പുസ്തകങ്ങൾ ആക്കി മാറ്റുകയും അതിന്റെ രചനാ സ്ഥാനം തികച്ചും നമ്പൂതിരിമാർക്ക് അവകാശപ്പെട്ടതാക്കി മാറ്റുകയും ചെയ്തു. ഇതുപോലെയുള്ള വളരെയധികം കാര്യങ്ങൾ വിവിധ ആചാര്യന്മാരിൽ നിന്നും ഗ്രന്ഥങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത് വിശ്വകർമ്മാക്കളുടെ കഴിവിനെ തിരിച്ചറിയാത്ത വിശ്വകർമ്മരോട്  വിശ്വബ്രഹ്മ കുലത്തിന്റെ  പീഠാധീശ്വർ എന്ന നിലയിൽ ഓർമ്മിപ്പിക്കുവാൻ പ്രചോദനമായി.

ഗുരുപാദ സേവയിൽ

വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠം പീഠാധീശ്വർ ദണ്ഡിസ്വാമി 
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
ഗുരുവായൂർ
തൃശ്ശൂർ ജില്ല
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം