ഷഡ് പീഠപൂജാ തത്വം
ഓം ശ്രീ ഗുരുഭ്യോ നമഃ
ഷഡ്പീഠ പൂജാ തത്വം
1) ദേഹ ശുദ്ധി:-
വ്യക്തി ബോധത്തിൽ നിന്നും ദേവ ബോധത്തിലേക്കുള്ള പരിണാമ പ്രക്രിയയാണ് ദേഹശുദ്ധി. ഇത്തിന്റെ മർമ്മ പ്രധാനമായ ഭാഗങ്ങൾ സഗർഭഗമായ പ്രാണായാമവും തുടർന്നുള്ള ന്യാസങ്ങളും മൂല മന്ത്ര ജപവുമാണ്.
A) മാതൃ-പിതൃ-ഗുരു വന്ദനം:-
മാതാപിതാക്കന്മാരുടെ ജീവ ശക്തിയുടെ സംയോഗമാണ് നമ്മൾ ഭ്രൂണാവസ്ഥയിൽ ഉരുവാക്കപ്പെടുന്നത്. അതിലേക്ക് സ്വകർമ്മ ക്ലേശ ജ്യോതിതനായ ആത്മാവ് സൂക്ഷ്മ കാരണങ്ങളോട് കൂടി പ്രവേശിക്കുന്നു. തുടർന്ന് കർമ്മപ്രാരാബ്ധങ്ങളോടെ ജനിച്ചു ജീവിക്കുമ്പോൾ ഗുരു സമക്ഷം എത്തുകയും ദീക്ഷാ സമയത്ത് ഗുരു തന്റെ ആത്മ ശക്തി കുറച്ച് പകരുകയും ചെയ്യുന്നു.
ചുരുക്കി പറഞ്ഞാൽ മാതൃ-പിതൃ ജീവ ശക്തിയുടെയും ഗുരുവിന്റെ ധ്യാനാർജിത ശക്തിയുടെയും ആകെ തുകയാണ് ഒരു സാധകൻ.ആയതിനാൽ തന്നെ മാതൃ-പിതൃ-ഗുരു വന്ദനത്തിന്റെ പ്രസക്തി ഇവിടെ മനസ്സിലാക്കാം.
B)അഭിവാദ്യം:-
ഇത് വൈദീകമായ ഒരു ക്രിയയാണ്. കേരള തന്ത്രം സ്മാർത്തമാണ്. ശുദ്ധ തന്ത്രം അല്ല.
ആയതിനാൽ തന്നെ ഗോത്രം, സൂത്രം, പ്രവരം, വേദം, നക്ഷത്രം സാധകനാമം എന്നിവ അഭിവാദ്യത്തിൽ സൂചിപ്പിക്കുന്നു.
(പ്രവരം എന്നാൽ ഋഷി കുലങ്ങൾ.
ഒരു ഋഷി മുഖ്യ ആചാര്യനായിട്ടുള്ള കുലം ഏകാർഷയഃ പ്രവരം. രണ്ട് ഋഷിവര്യന്മാർ മുഖ്യ ആചാര്യന്മാരായിട്ടുള്ള കുലം ദ്വാർഷയഃ പ്രവരം. മൂന്ന് ഋഷിവര്യമ്മാർ മുഖ്യമായിട്ടുള്ള കുലം ത്രാർഷയഃ പ്രവരം.)
(ഋഗ് വേദ സൂത്രങ്ങൾ :ബോധായന സൂത്രം, കൗശീതക സൂത്രം
യജുർവേദ സൂത്രം : ആപസ്തംഭ സൂത്രം)
C)സ്വസ്തി ശിവാദി ശ്രീ ഗുരുഭ്യോ നമഃ
ശിവൻ തുടങ്ങി എന്റെ ഗുരു വരെയുള്ള ആ മഹാ പരമ്പരയെ വന്ദിക്കുക.
D)ഓം ശ്രീ മഹാ ഗുരുഭ്യോ നമഃ
അവനവന്റെ ഗുരു പരമ്പരയിലെ പൂർണ പ്രജ്ഞനായ ഏറ്റവും ഒടുവിലത്തെ ഗുരുവിനെ വന്ദിക്കുക.
E)ഗും ഗുരുഭ്യോ നമഃ
വലതു തോളിൽ ദേവ ഗുരുവായ ബ്രഹസ്പതിയെയും ഒപ്പം മന്ത്ര പൂർവ്വം പിങ്ഗളാ നാഡിയെയും വന്ദിച്ച് ബന്ധിക്കുകയാണ്.
F) ഗം ഗണപതയെ നമഃ
ഇടതുതോളിൽ ഗണപതിയെയും ഒപ്പം മന്ത്ര പൂർവ്വം ഇഡാ നാഡിയെയും വന്ദിച്ച് ബന്ധിക്കുന്നു.
ഇതിലൂടെ പ്രാണായാമം വഴി കുണ്ഡലിനീ ശക്തിയെ ഉണർത്തുമ്പോൾ പൂർണമായും സുഷുമ്ന വഴി മാത്രം സഞ്ചരിക്കുവാൻ ഈ ക്രിയ സഹായിക്കുന്നു.
G) ഓം പം പദ്മായ നമഃ
അഹം ബ്രഹ്മാസ്മി എന്ന ബോധം എല്ലാ ഭൂതങ്ങളുടെയും ഉള്ളിൽ വർത്തിക്കുന്നു. ആ ബോധത്തെ വന്ദിക്കുന്ന ക്രിയയാണ് ഇത്.
ഹൃദയത്തിൽ ഒരു ആത്മീയ പദ്‌മത്തെ സങ്കൽപ്പിച്ച് ആ ബോധത്തെ വന്ദിക്കുകയാണ്.
ഓം പം പദ്മായ നമഃ എന്ന മന്ത്രത്താൽ ആത്മീയ പദ്മത്തെ സങ്കല്പിച്ചു.
H)പം പരമാത്മനേ നമഃ
ഈ മന്ത്രത്താൽ 'അഹം ബ്രഹ്മാസ്മി' എന്ന ബോധത്തെയും വന്ദിച്ചു.
I) അഷ്ടകം / അട്ടകം:-
ഓം സുശർമ്മാസി സുപ്രതിഷ്ഠാനോ ബൃഹദുക്ഷേ നമഃ ഏഷതേ യോനിർ വിശ്വേഭ്യസ്‌ത്വാ ദേവേഭ്യ.
ഇതൊരു സങ്കല്പമാണ്. സാധാരണ രീതിയിൽ വൈദിക ക്രിയകൾക്കിടയിൽ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് ഒരു സങ്കല്പം ഉണ്ടാകും.
സർവ നന്മകളുടെയും ഉത്ഭവമായ ദേവകൾക്ക് നമസ്കാരം. ഓരോ വേദത്തിൽ ഉള്ളവർക്കും ഓരോ തരം മന്ത്രങ്ങൾ ആയിരിക്കും ഉണ്ടാവുക.
J) പീഠ സമഷ്ടി:-
പീഠ പൂജയിൽ സഹസ്രാര പ്രതീകമായി ഉപയോഗിക്കുന്ന മന്ത്രമാണ് ഇത്. പൂജകന്റെ സ്ഥിതിയെ/ അവസ്ഥയെ ഇത് ഓർമപ്പെടുത്തുന്നു. സഹസ്രാര സ്ഥിതനായിരിക്കണം പൂജകൻ. അതായത് പൂജകൻ സമാധി എന്ന അവസ്ഥയെ പ്രാപിച്ചിരിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു.
K)കരശോധന-കരന്യാസം
അസ്ത്ര മന്ത്രം കൊണ്ട് കരം പൂർണമായും ദഹിക്കുന്നതായി സങ്കൽപ്പിച്ച് പൂജക്ക് യോഗ്യമായ മന്ത്രമയമായ ഒരു നവ ഹസ്തം സൃഷ്ടിക്കുക.
L)കൊട്ടി രക്ഷിക്കുക
മൂലമന്ത്രം കൊണ്ട് ശിരസ്സിനു മുകളിൽ കൊട്ടി അസ്‌ത്ര മന്ത്രം കൊണ്ട് ശിരസ്സിന് ചുറ്റും ഏറ്റി അഗ്നി ബീജത്താൽ മൂന്ന് വലയങ്ങളും സൃഷ്ടിക്കുക. ഒന്നാമത്തെ അഗ്നി വലയം നാഭിക്ക് ചുറ്റും, രണ്ടാമത്തെ അഗ്നിവലയം ഹൃദയത്തിനു ചുറ്റും, മൂന്നാമത്തെ അഗ്നി വലയം ശിരസ്സിനു ചുറ്റും. ചുരുക്കത്തിൽ അഗ്നി സൂര്യ സോമ മണ്ഡലങ്ങളെ പൊതിയുന്ന കവച സങ്കല്പത്തെ പ്രതിനിധീകരിക്കുന്നു. ദേവതാ ചൈതന്യം അല്ലാതെ മറ്റൊരു ബാഹ്യ ശക്തികളും അർച്ചകനെ സ്വാധീനിക്കരുത് എന്നൊരു സങ്കൽപം കൂടി ഇതിനു പിന്നിലുണ്ട്.
M) പ്രാണായാമം
നിർഗുണ സ്വരൂപമായ (ഗുണാതീതമായ) പ്രണവത്താൽ 12 സമമാത്ര പൂരകം ചെയ്ത 24 ഉരു കുംഭകം ചെയ്ത് 12 സമ മാത്ര രേചകം ചെയ്യുമ്പോൾ കുണ്ഡലിനി ശക്തി അതിശക്തമായ വായുവിന്റെ താഡനത്താൽ ഉണരുന്നു. തുടർന്ന് വീണ്ടും മൂലമന്ത്രം കൊണ്ട് ഇതേ ക്രിയ ആവർത്തിക്കുമ്പോൾ ഉണർന്ന കുണ്ഡലിന്യാംശം സഗുണമായി (ദേവതയുടെ ഗുണം എന്താണോ) രൂപാന്തരപ്പെടുന്നു.
N)ഷഡംഗന്യാസം
ഷഡംഗന്യാസത്താൽ പൂർണ്ണമായും ദേവതയായി മാറുന്നു.
ഹൃദയ മുദ്ര:
ബോധത്താൽ ഞാൻ ദേവതയെ അറിയുന്നു.
ശിരസ്സ്:
എന്റെ ശിരസ്സ് ഞാൻ ദേവതയായി ഹോമിക്കുന്നു. (അഹങ്കാര ബുദ്ധി/ ഞാൻ എന്ന ബോധം)
ശിഖാ:
ദേവത എന്നെ സ്വീകരിച്ചു.
കവചം:
ദേവത എന്നീ സ്വീകരിച്ചതിനാൽ ഞാൻ സുരക്ഷിതനായി എന്ന ബോധം എന്നിൽ നിറഞ്ഞു നിൽക്കുന്നു. (അദ്വൈതാവസ്ഥ)
നേത്രം:
സുരക്ഷിതനായി എന്ന ബോധത്തെ ഞാനറിയുന്നു (അദ്വൈത ബോധത്തെ/സാക്ഷാത്കാരം മനസ്സിലാക്കുന്നു)
അസ്ത്രം:
എന്നിൽ ഇനി എന്തെങ്കിലും ലയിക്കാനായി ബാക്കിയുണ്ടെങ്കിൽ ഞാനും ഭഗവതിയിൽ/ ഭഗവാനിൽ ലയിച്ച് ഒന്നാകുന്നു.
കൊട്ടി രക്ഷിക്കുക:
ദേവതാ ബോധത്തിൽ നിന്നും വ്യക്തി ബോധത്തിലേക്ക് വരാതിരിക്കാൻ.
O)ഛന്ദസ്സ്
ആ മന്ത്രം ദർശിച്ച ആദ്യ ഋഷിയുടെ /aa മന്ത്രത്തിന്റെ ആദ്യ ഗുരുനാഥനായ aa ഋഷിയുടെ തൃക്കാൽപാദങ്ങൾ ശിരസ്സിൽ വച്ച് ഋഷിയുടെ പേരുചൊല്ലി അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ആ ദേവതയെ അറിയുവാൻ ശ്രമിക്കുന്നു.
ഈ മന്ത്രസ്പന്ദത്തെ പൊതിഞ്ഞുനിൽക്കുന്ന ശക്തിയാണ് ഛന്ദസ്സ്. നാവുകൊണ്ട് മന്ത്രം ജപിക്കുന്നതിനാൽ നാവിലേക്ക് ന്യസിക്കുന്നതിന് പകരം മേൽചുണ്ടിലേക്ക് തൊട്ടു വന്ദിക്കുന്നു.
ഹൃദയപദ്മത്തിൽ മന്ത്ര സൂചിതമായ ദേവതയെ ന്യസിക്കുന്നു.
P)ഇതിനു ശേഷമുള്ള കുറഞ്ഞ സംഖ്യയായ 108 ഉരു മൂല മന്ത്രജപത്താൽ മന്ത്ര സ്പന്ദത്തിന്റെ തീവ്രത വർധിപ്പിക്കുന്നു.
Q)ഛന്ദസ്സ് വിടർത്തി മൂലവ്യാപകം ചെയ്യുന്നതിനാൽ വർധിച്ച മന്ത്രചൈതന്യം ദേഹമാസകലം (സ്ഥൂലത്തിലും സൂക്ഷ്മത്തിലും) വ്യാപിപ്പിച്ച് നിറച്ചുനിർത്തുക എന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ