കുലാചാരവും , ആചാര്യനും .
ഓം ഗും ഗുരുഭ്യോ നമഃ
മിത്രങ്ങളേ, എല്ലാവരും ചോദിക്കുന്ന കാര്യമാണ് എന്താണ് കുലാചാരം.?
ആരാണ് ആചാര്യൻ ?
കഴിഞ്ഞ കുറേ നാളുകളായി വിശ്വബ്രഹ്മ സമൂഹ മഠത്തിന്റെ കർമ്മാചാര്യൻ ഈ വിഷയത്തേക്കുറിച്ച് വളരെ വിശദമായി തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ എഴുതിയിട്ടുണ്ട്. കുലധർമ്മം ആചരിക്കാതെ അനുഷ്ഠിക്കാതെ ഏതു വർണ്ണത്തിൽ പെടുന്നവരായാലും സാക്ഷാൽ വിശ്വ ബ്രഹ്മജർ ആയാലും ചെയ്യുന്ന കർമ്മങ്ങൾക്ക് ഫലം ലഭിക്കില്ല എന്ന് വ്യക്തമാക്കുന്ന നിരവധി പ്രമാണ ശ്ലോകങ്ങൾ വേദ ഗ്രന്ഥങ്ങളിലുണ്ട്. അടച്ചിട്ട മുറിയിലിരുന്നും, തുറസ്സായ സ്ഥലത്തിരുന്നും ധ്യാന ജപാദികളോടെ അവയെ ദേവ സ്പർശ ഗ്രന്ഥങ്ങളായ ഉപനിഷത്തുക്കളിൽ നിന്നും, വേദപുരാണ ഇതിഹാസ ഗ്രന്ഥങ്ങളിൽ നിന്നും കണ്ടെത്തിയാണ് ആചാര്യന്മാർ പോസ്റ്റുകൾ തയ്യാറാക്കുന്നത്.
"കുലപൂജാം വിനായസ്തു കരോത്യേവം സുദുർമതി:
സ യാതി നരകം ഘോരമേക വിംശതിഭി: കുലൈ:"
ദുർബുദ്ധിയായ ഒരുവൻ കുലപൂജ കൂടാതെ ചെയ്യുന്നതായ കർമ്മങ്ങൾ കൊണ്ട് അവൻ ഘോര നരകത്തെ പ്രാപിക്കുമെന്നു മാത്രമല്ല, അയാളുടെ ഇരുപത്തിയൊന്ന് (21) തലമുറ കൂടി ഘോര നരകത്തിൽ പതിക്കാൻ ഇടയാകും.
ഈ ശ്ലോകത്തിൽ മൂന്ന് വിഷയങ്ങൾ സൂചിപ്പിക്കുന്നു.
1. ദുർബുദ്ധി.
2. കർമ്മങ്ങൾ.
3. തലമുറകളുടെ നരകവാസം.
ദുർബുദ്ധി
നല്ലതല്ലാത്തതും മറ്റുള്ളവരെ വേദനിപ്പിക്കുന്നതും സത്യസന്ധമല്ലാത്തതുമായ ബുദ്ധിയാണ് ദുർബുദ്ധി എന്ന് നമുക്കറിയാം. അങ്ങിനെയുള്ള ഒരുവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് ഫലപ്രാപ്തി ഉണ്ടാകില്ല എന്ന് സ്പഷ്ടം.
വ്യക്തമായി പറഞ്ഞാൽ ദുർബുദ്ധിയുള്ളവൻ വിവാഹം കഴിച്ചാൽ, വ്യാപാരം തുടങ്ങിയാൽ, പൂജാദി കർമ്മങ്ങൾ ചെയ്താൽ, ഗൃഹങ്ങൾക്കും ക്ഷേത്രങ്ങൾക്കും സ്ഥാനനിർണ്ണയം നടത്തിയാൽ അത് അവസാന നിമിഷം വരെ ദോഷത്തിലേ ഭവിക്കൂ എന്ന് സാരം. മറ്റുള്ളവരോട് പകയും വിദ്വേഷവും വൈരാഗ്യവും അസൂയയും മനസ്സിൽ സൂക്ഷിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന വ്യക്തികളെ ആചാര്യ സ്ഥാനങ്ങളിൽ, പൂജാരിയാകട്ടെ, മഠാധിപതിയാകട്ടെ, സ്ഥപതിയാകട്ടെ അതായി തീരുമാനിക്കുന്നത് വേദ വിരുദ്ധമാണ്.
കർമ്മങ്ങൾ
ചെയ്യുന്ന കർമ്മങ്ങൾ (ക്രിയകൾ) വ്യക്തവും സ്പഷ്ടവുമായിരിക്കണം. താൻ ആചരിക്കുന്ന കാര്യങ്ങളെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവനെയാണ് ആചാര്യൻ എന്ന് പറയുന്നത്.
മുൻപ് സൂചിപ്പിച്ചതുപോലെ ,ഭാരതീയ ശാസ്ത്രങ്ങൾ എല്ലാം തന്നെ, ദർശനാധിഷ്ടിതം ആണ്. ജ്യോതിഷവും, വാസ്തുവും എല്ലാം അങ്ങനെ തന്നെ. മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവ ജാലങ്ങൾക്കും, വാസഗൃഹം അത്യാവശ്യം ആണ്. അതുണ്ടാക്കുവാൻ അവർ പ്രയത്നിക്കുകയും ചെയ്യുന്നു.
പ്രകൃതിയും, പ്രകൃതി തത്ത്വങ്ങളും ആയി സമരസപ്പെട്ടു വരുന്നതാവണം ഗൃഹങ്ങൾ. അങ്ങനെ ഉള്ളവയിൽ താമസിക്കുന്നവർക്ക്, നല്ല അനുഭവങ്ങൾ ലഭിക്കുന്നു.
അത്തരത്തിൽ ഒരു ഗൃഹം രൂപ കല്പന ചെയ്യണമെങ്കിൽ പ്രസ്തുത വിഷയത്തിൽ, അറിവും, പ്രവർത്തി പരിചയവും അത്യാവശ്യം ആണ്. സാധുവിന് ഈ വിഷയത്തിൽ പൂർണ്ണമായ പ്രവർത്തി പരിചയം ഇല്ല. ആ അജ്ഞത ഉൾക്കൊണ്ട് തന്നെ ആണ് ഇന്നത്തെ ഈ ആത്മസന്ദേശവും.
വിശ്വകർമ്മാവിന്റെ മക്കൾ അഞ്ച്പേർ. അവർ
1 . മനു - ഇരുമ്പ് പണി ചെയ്യുന്ന ആൾ
2 . മയ - മരപ്പണി ചെയ്യുന്ന ആൾ
3 . ത്വഷ്ട - ഓട്ടു പാത്രങ്ങൾ ചെയ്യുന്ന ആൾ
4 . ശില്പി - വിഗ്രഹങ്ങൾ ചെയ്യുന്ന ആൾ
5 . വിശ്വജ്ഞ - ആഭരണങ്ങൾ ചെയ്യുന്ന ആൾ.
ഇവർ അഞ്ചുപേരും ചെയ്യുന്നത് കുല തൊഴിൽ ആണ്. അവർക്ക് അതിൽ വാസനയും ഉണ്ടാവും. (കുഴപ്പക്കാർ ഇല്ല എന്നല്ല അർത്ഥം)
"ഭോഗോ മോക്ഷായതെ സാക്ഷാത് സുകൃതായാതെ, മോക്ഷായതെ ച സംസാര; കുലധർമം കുലേശ്വരി"
എന്ന വാക്യം കുലധർമ്മത്തെയും അതിൻെറ പ്രാധാന്യവും കാണിക്കുന്നു. ഓരോ കുലത്തിനും ഓരോ കർമ്മങ്ങൾ പറഞ്ഞിരിക്കുന്നു. എന്നാൽ കാലം മാറിയപ്പോൾ, എല്ലാ വിഭാഗത്തിലും ഉള്ള ആളുകൾ, എല്ലാ വിഭാഗത്തിലും ഉള്ള തൊഴിലുകൾ ചെയ്യുന്നുണ്ട്. അതിൽ തെറ്റ് പറയാനും ഇല്ല. നല്ലത് തന്നെ. എന്നാൽ വാസ്തു പോലുള്ള വിഷയങ്ങൾ, കൈകാര്യം ചെയ്യ്മ്പോൾ അതിൽ പാകപ്പിഴ വന്നുകൂടാൻ പാടില്ല.
ഒരു പഴംചൊല്ലുണ്ട്, "കർമ്മാളൻ കണ്ടത് കണ്ണല്ല എങ്കിൽ ച്ചുമ്മാടും കെട്ടി ചുമക്കണം"
വാസ്തു രൂപകൽപ്പന ചെയ്യുന്നതിൽ നാല് പേരുണ്ട്.
സ്ഥപതി, സൂത്രഗ്രാഹി, തക്ഷക, വർധകി. സ്ഥപതി ശാസ്ത്രം പറയുന്നത്,
"സർവശാസ്ത്ര ക്രിയാപടു, സർവ ഭാവ ഹിത മാനസ."
സ്ഥപതി പരമാവധി ശാസ്ത്രങ്ങൾ അറിയുന്നവനും, അവ യുക്തി പൂർവ്വം ചിന്തിച്ചു, പ്രാവർത്തികം ആക്കാൻ കഴിവുള്ള ആളും ആവണം, മാത്രവുമല്ല
''ധാർമ്മിഗൊ വിഗത മൽസാരധികൊ''
ആവശ്യം ഇല്ലാത്ത മത്സര സ്വഭാവിയോ, ആവശ്യം ഇല്ലാത്ത സ്ഥലത്തും അസമയത്തും വിഷയം അവതരിപ്പിക്കാൻ ശ്രമിക്കുന്ന ആളോ ആവരുത്.'
ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിൽ ഇതിനു അപവാദങ്ങൾ കാണാം. തനിക്ക് സ്ഥാനം ലഭിക്കില്ല എന്ന് കാണുമ്പോൾ ഏത് വിധേനയും പ്രസ്ഥാനങ്ങളേയും, വ്യക്തികളേയും, ആചാര്യന്മാരേയും തെളിവുകൾ നൽകാതെ വ്യാജ ആരോപണങ്ങളാൽ അപകീർത്തിപ്പെടുത്തുന്ന പ്രായാധിക്യം കൊണ്ട് മാനസിക വിഭ്രാന്തി നിറഞ്ഞ ചില സ്ഥപതിമാരേയും കാണാം. (എല്ലാവരും അങ്ങിനെയല്ല.) അതിനെ കലികാല വൈഭവം എന്നെ പറയുവാൻ ഉള്ളു.
മനുഷ്യൻ ഇഹ ജന്മത്തിൽ ആർജിക്കേണ്ട ഒരു ഗുണം ആണ് ''സപ്ത വിഷമങ്ങളിൽ നിന്നുള്ള മോചനം'' സപ്തവിഷമങ്ങൾ എന്നാൽ "ദ്യുതം ച മദ്യം പിശുനം ച വേശ്യ സ്തേയം മൃഗവ്യം പരദാരസേവ, ഏതാനി സപ്ത വ്യസനാനി" എന്നാണ് പ്രമാണം.
ചൂത് (ധന മോഹം കൊണ്ട് നടത്തുന്ന പണം വച്ചുള്ള കളികൾ) കളിക്കാത്തവൻ.
മദ്യപാനം ഇല്ലാത്തവൻ.
പിശുക്ക് ഇല്ലാത്തവൻ.
വേശ്യകളെ പ്രാപിക്കാത്തവൻ.
മാംസം ഭക്ഷിക്കാത്തവൻ.
പരദൂഷണം പറയാത്തവൻ.
ഇങ്ങനെയുള്ളവനാണ് യഥാർത്ഥ സ്ഥപതി.
സ്ഥപതിയെ പോലെ തന്നെ കഴിവുകൾ ഉള്ള ആളുകൾ ആവണം മറ്റു മൂന്നുപേരും. ഈശ്വരാനുഗ്രഹം ഉള്ളവർക്ക് മാത്രമേ ഇത്തരം സൽഗുണങ്ങൾ ഉള്ള ഉത്തമനായ ഒരു സ്ഥപതിയെ ലഭിക്കൂ. അതിനായി ഈശ്വരനോട് പ്രാർത്ഥിച്ചു വേണം ഒരു ഗൃഹ നിർമ്മാണം തുടങ്ങുവാൻ.
എന്തായാലും ജീവിതത്തെ ക്രമീകരിക്കാൻ കണ്ടെത്തുന്ന ഗുരുവും, ഗൃഹനിർമ്മാണ ക്രമീകരണത്തിന് കണ്ടെത്തുന്ന സ്ഥപതിയും മറ്റ് ആചാര്യന്മാരും ഉത്തമരാകാൻ വിവേചന ബുദ്ധിയുള്ളവരാകാം.
പ്രാർത്ഥനയോടെ
സത്ഗുരു:
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
പീഠാധീശ്വർ
വിശ്വബ്രഹ്മ സമൂഹ മഠം
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
ഗുരുവായൂർ
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ