വിഷു ഫലം 2023
നാടെങ്ങും നിറഞ്ഞു പൂത്തു നിൽക്കുന്ന കണിക്കൊന്നകൾ. പ്രകൃതീശ്വരി എത്ര മനോഹരിയാണ്. സമൃദ്ധിയും ഐശ്വര്യവും ഐക്യവും സമാധാനവും നിറഞ്ഞു തുളുമ്പുന്ന ഒരു വിഷുക്കാലത്തെ നമുക്ക് എതിരേൽക്കാം. കഴിഞ്ഞ മൂന്നു വർഷമായി വിഷുഫലം എഴുതണം എന്ന് ചിന്തിക്കുന്നു. എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ. വിഷുവിനേക്കുറിച്ചും, 2023 - 2024 കാലത്തെ വിഷുഫലചിന്ത ഗുരുപാദങ്ങളിൽ നമസ്കരിച്ചു കൊണ്ട് സമർപ്പിക്കട്ടെ!
വിഷുവം എന്നാൽ തുല്യമായത് എന്നാണർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം. അത് മാർച്ച് 21/22, സെപ്റ്റംബർ 21/22 ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിലാണ് ഭൂമധ്യരേഖാ പ്രദേശത്ത് സൂര്യപ്രകാശം 180°യിൽ നേരെ പതിക്കുന്നത്. ഇതേ പ്രതിഭാസം നമ്മുടെ നാട്ടിൽ നടക്കുന്നതിനെ വിഷു എന്നും പറയുന്നു. മേടം ഒന്നിന് മേടവിഷുവും തുലാം ഒന്നിനു തുലാവിഷുവും ഉണ്ട്. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലഘട്ടത്തിൽ ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കും. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പോൾത്തന്നെ നിലവിൽ 24 ദിവസത്തോളം പിന്നിലാണ്. നാം വസിക്കുന്ന ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണമാണ് ഇതിന് കാരണം. മേഷാദി മേടത്തിൽ ആയിരുന്നു ആദ്യ കാലങ്ങളിൽ. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത് മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്. വിവിധ തരത്തിലാണ് വിഷുവുമായി ബന്ധപ്പെട്ട കഥകൾ പറയുന്നത്. രാവണന്റെ മേൽ ശ്രീരാമൻ നേടിയ വിജയം ആഘോഷിക്കുവാനാണ് വിഷു എന്നാണ് ഒരു ഐതിഹ്യം. രാമൻ തന്നെ സീതയുമായി അയോദ്ധ്യയിൽ തിരിച്ചെത്തിയ ദിവസം ദീപാവലിയായി കൊണ്ടാടുന്നതെന്ന് മറ്റൊരു ഐതിഹ്യം. നരകാസുരൻ ഭഗവാൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് മറ്റൊരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. എന്തു പുരാണ കഥകളാണെങ്കിലും എല്ലാം ആ ദിവസം കേന്ദീകരിച്ചതിനാൽ ദിവസ പ്രാധാന്യം കാണുന്നു. ഈ വർഷത്തെ വിഷുഫലം കൂടി നോക്കാം. മേടമാസത്തിൽ തുടങ്ങി മീനത്തിൽ അവസാനിക്കുന്ന പന്ത്രണ്ട് മാസങ്ങൾ (ഒരു കൊല്ലക്കാലം) ജ്യോതിഷ ശാസ്ത്രപരമായി പ്രാധാന്യമുള്ള കാലഗണനയാണ്. കൊല്ലവർഷം കണക്കാക്കുന്നത് എന്നാൽ രാശിക്രമവും നക്ഷത്രക്രമവും ചിങ്ങം തൊട്ട് കർക്കടകം വരെയാണെന്ന് നമുക്കറിയാം. എല്ലാം മേടമാസം മുതലും മേടക്കൂറിലെ അശ്വതി മുതലുമാണ് ഇവ കണക്കാക്കുന്നത്. ബ്രഹ്മപ്രളയാനന്തരം, മന്വന്തരങ്ങളും കല്പവുമെല്ലാം സമാരംഭിക്കുന്നത് മേടം മുതലാണല്ലോ, മേടത്തിലെ ‘വിഷുവത് പുണ്യകാലം’ എന്നാണ് ജ്യോതിഷസങ്കല്പം. വിവസ്വന മഹർഷിയുടേയും ശരണ്യൂ മാതാശ്രീയുടേയും പുത്രനായി ജനിച്ച് ശ്രദ്ധയെ വിവാഹം കഴിച്ച് ശ്രദ്ധദേവൻ എന്ന സത്യവ്രതനായ ഏഴാമത്തെ മനുവിന്റെ പുത്രനായ വൈവസ്വതന്റെ കാലാരംഭം, അതായത് ഇപ്പോൾ നടന്നുവരുന്ന ‘വൈവസ്വതമന്വന്തരം‘, മേടത്തിലാണ് തുടങ്ങിയിരിക്കുന്നതും. അങ്ങനെ പലനിലയ്ക്കും ജ്യോതിഷ വിശ്വാസികൾക്ക് വിഷുക്കാലം വരുന്ന ഒരു സംവത്സരത്തെ അറിയാൻ ഉതകുന്ന സമയബിന്ദു കൂടിയാണ്.
വിശദമായി പറഞ്ഞാൽ ശനി കുംഭം രാശിയിലും, വ്യാഴം മീനത്തിലും, രാഹുകേതുക്കൾ യഥാക്രമം മേഷതുലാദികളിലും കുജൻ മിഥുനത്തിലും ബുധൻ മേടത്തിലും ശുക്രൻ ഇടവത്തിലും ആയി നിൽക്കുമ്പോഴാണ് ഈ ആണ്ടിലെ വിഷുസംക്രമം ഭവിക്കുന്നത്. 1198 മീനം 31 ന്, 2023 ഏപ്രിൽ 14ന് വെള്ളിയാഴ്ച പകൽ ഭാരതീയ സമയം 2 മണി 58 മിനിറ്റിന്, മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിലായി ചന്ദ്രൻ സഞ്ചരിക്കവേയാണ് സൂര്യന്റെ മേടരാശി സംക്രമം എന്ന് പഞ്ചാംഗത്തിൽ നിന്നും നമുക്ക് അറിയാനാവും. അതിന്റെ പിറ്റേദിനം വിഷുദിനമായി നാം ആഘോഷിക്കുന്നു. മലയാള വർഷം1198 / ഇംഗ്ലീഷ് വർഷം 2023 ലെ വിഷു മുതൽ അടുത്ത വിഷുവരെയുള്ള ഒരാണ്ടത്തെ ഫലമാണ് ഇവിടെ നാം ചിന്തനം ചെയ്യുന്നത്.
മേടക്കൂറിൽ (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ഈ നക്ഷത്രക്കാർക്ക് ആത്മീയ ചിന്തകളിലൂടെ ആത്മപ്രഭാവം വർദ്ധിക്കും. ഭാരത ഖണ്ഡത്തിലെ, പ്രധാന ദേശീയ ഭരണാധികാരികൾക്കും, ലോക അധികാരമുള്ള പദവികൾ വന്നുചേരും. നിരാശരായി കഴിഞ്ഞ അവിവാഹിതർക്കും, യൗവ്വനക്കാരായ വിധവകൾക്കും വിവാഹം സിദ്ധിക്കുന്നതാണ്. ജീവിതപങ്കാളിയുടെ പൂർണപിന്തുണ കുടുംബ ജീവിതത്തിന് ശക്തിയേകും. പങ്കുകച്ചവടം അഭിവൃദ്ധിയിലേക്ക് നീങ്ങുന്നതാണ്. സ്വന്തമായി തൊഴിൽ തുടങ്ങാനും, നിലവിലുള്ള തൊഴിൽ നവീകരിക്കാനും സാധിക്കും. സാമ്പത്തിക സ്ഥിതി ഉയരുന്നതാണ്. നിക്ഷേപങ്ങൾ വർദ്ധിക്കാം. രാഷ്ട്രീയത്തിലുള്ളവർക്ക് വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. കുടുംബാധിപത്യം ഭരണത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും അകറ്റി നിർത്തപ്പെടുന്ന വർഷമാണിത്. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയത്തിൽ ഉപരി വിദ്യാഭ്യാസം സിദ്ധിക്കുന്നതാണ്. മക്കളുടെ പഠനം, വിവാഹം ഇവയെല്ലാം പ്രതീക്ഷിച്ചവിധം തന്നെ നടക്കാൻ സാധ്യത കാണുന്നു. പൂർവ്വികസ്വത്തുക്കൾ നന്നായി പരിപാലിക്കാൻ അനുകൂലമായ സാഹചര്യം ഉദിക്കും. കുടുംബസഹിതം വിനോദ- തീർത്ഥാടന യാത്രകൾ ഉണ്ടാവും. തുലാം മാസത്തിന് ശേഷം ഔദ്യോഗികമായി മുന്നേറ്റം പ്രതീക്ഷിക്കാം. കുടുംബത്തിലെ വൃദ്ധജനങ്ങളുടെ ആരോഗ്യാവസ്ഥ തൽസ്ഥിതിയിൽ തുടരും. മേടം, ഇടവം, തുലാം, വൃശ്ചികം, മീനം എന്നീ മാസങ്ങളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കരുത്. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ശ്രദ്ധ കൂടുതൽ വേണം. എല്ലാക്കാര്യത്തിലും ജാഗ്രത ഉണ്ടാവുകയും വേണം.
ഇടവക്കൂറിൽ (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി): ഈ നക്ഷത്രങ്ങളിൽ ജനിച്ചവർ സ്വന്തം കഴിവുകൾ എല്ലാം തന്നെ പുറത്തെടുക്കേണ്ട വർഷമാണ്. എന്നാൽ കാര്യസാധ്യത്തിനായി കൂടുതൽ അദ്ധ്വാനം വേണ്ടിവരും. സ്വദേശം വിട്ട് അന്യദേശത്ത് താമസിച്ച് പഠിക്കാനോ തൊഴിൽ ചെയ്യാനോ സാഹചര്യം ഒരുങ്ങി ആരംഭിക്കുന്നതാണ്. സഹിഷ്ണുതയും ക്ഷമയും ഗുണത്തിനായി വരുന്നതാണ്. സ്വന്തം തൊഴിലിൽ സാങ്കേതിക വിജ്ഞാനം പ്രയോജനപ്പെടുത്തും. ക്രയവിക്രയങ്ങളിൽ തരക്കേടില്ലാത്ത നേട്ടം വന്നുചേരുന്നതാണ്. ഊഹക്കച്ചവടം എല്ലാം ഗുണകരമാവണം എന്നില്ല. പുതിയ മുതൽ മുടക്കുകൾക്ക് തുലാം മാസം മുതൽ കാലം നല്ലതാണ്. സ്വന്തം ഭവനം വാഹനാദി സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ഭാഗികമായി കഴിയും. തൊഴിൽ ശാലകളിൽ പ്രതികൂലതകൾ തലപൊക്കിയാലും പ്രത്യുല്പന്നമതിത്വത്തോടെ അവയെ മറികടക്കാൻ സാധിച്ചേക്കും. വിവാഹാദികൾക്ക് കാലതാമസം സംഭവിക്കാം. കുല ധർമ്മം പാലിക്കാതെയുള്ള പ്രണയകാര്യങ്ങളിൽ തടസ്സങ്ങൾ, അപമാനങ്ങൾ എന്നിവ ആവർത്തിച്ചേക്കാം. പ്രവാസികളായ കമ്പനി ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്. ജീവിതശൈലീ രോഗങ്ങൾക്ക് ചികിത്സ വേണ്ടിവന്നേക്കും. മേടം, ഇടവം, കന്നി, ധനു മാസങ്ങളിൽ കൂടുതൽ കരുതൽ വേണം. മക്കളുടെ പഠന, വിവാഹാദികൾക്ക് വായ്പാ സഹായം സിദ്ധിക്കുന്നതാണ്.
മിഥുനക്കൂറിലെ ഫലം ചിന്തിക്കുമ്പോൾ (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ): ശനിയും വ്യാഴവും രാഹുവുമൊക്കെ അനുകൂലഭാവത്തിൽ നിലകൊള്ളുന്ന ശുഭ വർഷമാണിത്. ലക്ഷ്യബോധമുള്ള പ്രവർത്തനം വിജയകിരീടം ചൂടും. സാമ്പത്തികസ്ഥിതി ഉയരും. ഒന്നിലധികം തൊഴിൽ ആദായമാർഗ്ഗങ്ങൾ തുറക്കപ്പെടും. വ്യാപാര വ്യവസായ മേഖലയിൽ ഉയർച്ചയുണ്ടാകും. നിലവിലുള്ള സ്ഥാപനത്തിന് പുതിയ ബ്രാഞ്ചുകൾ ആരംഭിക്കാൻ കഴിഞ്ഞേക്കും. വിദ്യാർത്ഥികൾ മികച്ച പരീക്ഷാ വിജയം കരസ്ഥമാക്കുന്നതാണ്. കലാകായിക മത്സരങ്ങളിൽ പാരിതോഷികങ്ങൾ നേടാനാവും. പ്രൊഫഷണൽ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യം ഒരുങ്ങുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം, വേതനവർദ്ധനവ് എന്നിവ ന്യായമായിത്തന്നെ ലഭിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലക്ഷ്യം നേടാൻ സഹായിക്കും. പ്രണയികൾക്ക് സന്തോഷിക്കാനാവും. അവിവാഹിതർക്ക് കുടുംബജീവിതത്തിൽ പ്രവേശിക്കാൻ കാലം ശുഭഗുണമാണ്. ഗൃഹസ്ഥജീവിതം നയിക്കുന്നവർക്ക് ആഗ്രഹ നിവർത്തിയുണ്ടായി സന്താന സൗഭാഗ്യമുണ്ടാവാം. കടബാധ്യതയിൽ നിന്നും മോചനം ലഭിക്കുന്നതാണ്. ഗൃഹം മോടിപിടിപ്പിക്കാനും പുതിയ വാഹനം വാങ്ങാനും അവസരം വന്നുചേരുന്നതാണ്. രോഗികൾക്ക് ചികിത്സാരീതികൾ മാറുന്നത് കൊണ്ട് ആരോഗ്യം മെച്ചപ്പെട്ടേക്കാം. പുതിയ സംരംഭങ്ങൾ, പുതിയ നിക്ഷേപങ്ങൾ ഇവയും മറ്റുനേട്ടങ്ങൾ. ഇടവം, മിഥുനം, തുലാം, മകരം എന്നീ മാസങ്ങളിൽ കരുതൽ അനിവാര്യമാണ്.
കർക്കടകക്കൂറിൽ (പുണർതം നാലാം പാദം, പൂയം, ആയില്യം): കർമ്മരംഗത്ത് ഉണ്ടാകുന്ന വെല്ലുവിളികളെ ഭംഗിയായി മറികടക്കും. തൊഴിൽ സ്വയം നവീകരിക്കുന്നതിനൊപ്പം കാലോചിതമായ മാറ്റങ്ങളും കൊണ്ടുവരും. യന്ത്രങ്ങളേക്കാൾ മാനുഷിക വിഭവശേഷി കൂടുതൽ പ്രയോജനപ്പെടുത്തും. കുടുംബത്തിൽ അസ്വാരസ്യങ്ങൾ മാറി ശാന്തമാകുന്നതാണ്. വ്യാപാര വ്യവസായ മേഖലകളിലും, നിർമ്മാണ പ്രവർത്തികളിലും പുതുതലമുറയുമായി സഹകരിച്ചുള്ള നിർവ്വഹണങ്ങൾ മംഗളകരമായിത്തീരും. മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്ക് വായ്പകൾ ലഭിക്കും. ഭൂമി വസ്തുവില്പനയിൽ പ്രതീക്ഷിച്ച ആദായം വന്നുചേരണമെന്നില്ല. പ്രത്യേകിച്ച് ക്രയവിക്രയങ്ങളിൽ അബദ്ധങ്ങൾ സംഭവിക്കാതെ നോക്കണം. അന്യദേശതൊഴിലിനുള്ള പരിശ്രമങ്ങൾ ഫലവത്താകുന്നതാണ്. മേടം, ഇടവം, കന്നി, ധനു മാസങ്ങളിൽ ഉദ്യോഗത്തിൽ ഉയർച്ചയും, സ്ഥാനമാറ്റവും കച്ചവടത്തിൽ ആദായവും വർദ്ധിക്കും. മിഥുനം - കർക്കിടകം - കുംഭം മാസങ്ങളിൽ സാഹസിക കർമ്മങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. സർക്കാർ കാര്യങ്ങളിൽ ഇടപെടേണ്ടി വരുമ്പോൾ സൂക്ഷ്മത പുലർത്തണം. കുടുംബസമേതം ആത്മീയയാത്രകൾ നടത്താൻ സാധിച്ചേക്കാം. സാമ്പത്തിക അച്ചടക്കം പാലിക്കുകയും വേണം. ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്.*_
_*ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): ഈ നക്ഷത്രങ്ങളുടെ സ്വക്ഷേത്രബലവാനായി ഏഴാം ഭാവത്തിൽ നിൽക്കുന്ന ശനിക്ക് ദോഷം കുറയും. ഗുണാനുഭവങ്ങൾ വർദ്ധിക്കും. ശത്രുക്കളുടെ പ്രവർത്തനം ഏതാണ്ട് മന്ദീഭവിക്കും. വ്യാഴാനുകൂല്യം കൂടി വരുന്നതിനാൽ അനുരാഗസാഫല്യം, വിവാഹസിദ്ധി, സന്താനപ്രാപ്തി തുടങ്ങിയവയും പ്രതീക്ഷിക്കാവുന്ന വർഷമാണ്. ഭാഗ്യാനുഭവങ്ങൾ തടസ്സം കൂടാതെ വന്നെത്തുന്നതാണ്. തുലാം മാസം തൊട്ട്, വിശേഷിച്ചും. പഠനം, തൊഴിൽ, സ്ഥല സന്ദർശനം ഇത്യാദികൾക്കായി വിദേശയാത്രകളും അതുകൊണ്ട് പല വിധത്തിലുമുള്ള പ്രയോജനങ്ങളും സിദ്ധിക്കും. വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസം ആഗ്രഹിച്ച വിഷയത്തിൽ നടത്താനാവും. ഗവേഷകർക്ക് തങ്ങളുടെ പ്രബന്ധം സമർപ്പിക്കാനും അതുവഴി പ്രമോഷനോടു കൂടി മേൽതസ്തികകളിൽ പ്രവേശിക്കാനും അവസരം ഉണ്ടാവുന്നതാണ്. കോടതി നിയമ വ്യവഹാരങ്ങൾക്ക് അനുകൂലമായ വിധികൾ ലഭിക്കും. രാഷ്ട്രീയപ്രവർത്തനം അധികാര നേട്ടത്തിന് വഴിയൊരുക്കിയേക്കും. ക്ഷേത്ര- ഉത്സവാദികളുടെ ചുമതലകൾ ഏൽക്കേണ്ടതായി വരുന്നതാണ്. കൃഷി കാര്യങ്ങളിൽ ശ്രദ്ധ കൂടും. വ്യാപാര വ്യവസായ രംഗം വിപുലീകരിക്കുന്നതിന് ആവശ്യമായ വായ്പകൾ ലഭിക്കും. ഗുരുനാഥന്റെയും, മാതാപിതാക്കളുടേയും അനുഗ്രഹം കൊണ്ട് ജീവിത മുന്നേറ്റത്തിന് പ്രകാശം ചൊരിയും. കർക്കടകം, ചിങ്ങം, കന്നി, മീനം എന്നീ മാസങ്ങളിൽ ഉണർവ്വ് കുറയുന്നതാണ്.
കന്നിക്കൂറിൽ (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി): പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കും. വിദേശ - സ്വദേശ വ്യാപാരത്തിന് അനുമതി കിട്ടുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്വദേശങ്ങളിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതായിരിക്കും. കരാർ കോൺട്രാക്റ്റ് ജോലികൾ, ഫ്രാഞ്ചൈസികൾ, പാർട്ട് ടൈം ജോലികൾ എന്നിവയിൽ നിന്നും ആദായം വന്നുചേരുന്നതാണ്. പ്രതികൂല ഘടകങ്ങളെ സമർത്ഥമായി പ്രതിരോധിച്ച് അനുകൂലമാക്കി മുന്നേറും. ഗൃഹ നിർമ്മാണത്തിൽ പുരോഗതി കുറഞ്ഞേക്കും. മേടം, ചിങ്ങം, കന്നി, തുലാം എന്നീ മാസങ്ങളിൽ പുതിയസംരംഭങ്ങൾ ആരംഭിക്കരുത്. നിലവിലുള്ള ഭവനം മാറി താമസിക്കേണ്ടി വരാം. കർക്കിടക മാസത്തിൽ പ്രശസ്തിയും, അംഗീകാരങ്ങളും ലഭിക്കും. നിക്ഷേപങ്ങൾ, വായ്പ ഇവ മൂലം ധനസ്ഥിതി മെച്ചപ്പെടും. കുടുംബകലഹങ്ങൾ മാറി ധാരണ പ്രകാരം പരിഹാരമാകും. വൃശ്ചിക മാസത്തിൽ ബാധ്യതകൾ ഒട്ടൊക്കെ പരിഹരിക്കാനാവും. പകുതിയിൽ നിലച്ചുപോയ വിദ്യാഭ്യാസം പുനരാരംഭിക്കാനും ഉപരിപഠനത്തിനും സാധ്യതയുള്ള കാലമാണ്. രാഹുവിന്റെ സ്ഥിതിക്ക് തുലാം മാസം മുതൽ അനുകൂലമായ മാറ്റം വരികയാൽ വിവാഹതടസ്സം നീങ്ങുന്നതാണ്. കുറേയേറെ കാലങ്ങളായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ സാക്ഷാത്കരിക്കാനാവും. തളർന്ന് കിടക്കുന്ന നിത്യ രോഗികൾക്ക് ആശ്വാസം വരും. വൃദ്ധരായ മാതാപിതാക്കളുടെ ആരോഗ്യ സമാധാന പരിരക്ഷയിൽ കൂടുതൽ ശ്രദ്ധയുണ്ടാവണം. സ്വയം ചികിത്സിച്ചിട്ടുള്ള സാഹസങ്ങൾക്ക് മുതിരരുത്. വാത, കഫ, പിത്ത രോഗങ്ങൾക്ക് കാലതാമസം കൂടാതെ ചികിത്സാസഹായം തേടണം.
തുലാക്കൂറിൽ കാണുന്ന (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ): നക്ഷത്രങ്ങളിൽ ഈ വർഷത്തെ ജീവിതം കൂടുതൽ ആനന്ദഭരിതമാകും. വ്യാപാര വ്യവസായങ്ങൾ ലാഭത്തിലേക്ക് നീങ്ങുന്നതാണ്. വസ്തുക്കൾ വിൽക്കാനും തന്മൂലം വിവിധ ബാധ്യതകൾ തീർക്കാനും കഴിയും. പ്രതീക്ഷിച്ചതിലും വലിയ തോതിലുള്ള തൊഴിൽ ഉടമ്പടികളും, കരാറുകളും നേടിയെടുക്കാനാകും. രാഷ്ട്രീയ - സംഘടനാ തെരഞ്ഞെടുപ്പുകളിൽ അഭിമാനിക്കാവുന്ന വിജയം വന്നെത്തുന്നതാണ്. സമൂഹത്തിൽ ആദരവും സ്വാധീനവും വർദ്ധിക്കും. വിദേശ വാസ ജീവിതം വിജയകരമായി തുടരാൻ സാധിക്കും. കാത്തിരുന്ന പ്രണയസാഫല്യം, വിവാഹം, ദാമ്പത്യഭദ്രത എന്നിവ ചില സൽഫലങ്ങളാണ്. സാങ്കേതികവിദ്യയിൽ ഉപരിപഠനം സാധ്യമാകും. പുതുവാഹനം വാങ്ങുക, ഗൃഹം മോടിപിടിപ്പിക്കുക, എന്നിവ അനുഭവത്തിലെത്തും. മക്കളുടെ വിവാഹകാര്യത്തിൽ നല്ല തീരുമാനങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ഇടവം, കന്നി, തുലാം എന്നീ മാസങ്ങളിൽ സാമ്പത്തിക ക്രയവിക്രയം കൂടും ബാധ്യതകൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ ഇക്കാലത്ത് തുടങ്ങരുത്. ആരോഗ്യപരമായി ശ്രദ്ധ വേണം. അഗ്നിബാധാ ദോഷം, വാഹന അപകടം, വൈദ്യുതിയിൽ നിന്നുള്ള അപകടം എന്നിവക്ക് സാധ്യത കൂടുതലായതിനാൽ ഇവയുടെ ഉപയോഗം അങ്ങേയറ്റം കരുതലോടെയാവണം.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): ആത്മീയമായി കൂടുതൽ അന്വേഷണ ത്വര വർദ്ധിക്കുന്ന നക്ഷത്രങ്ങളാണ്. ഇച്ഛയും ജ്ഞാനവും ക്രിയയും സമന്വയിപ്പിക്കാൻ സാധിക്കും. തൊഴിൽ മേഖലകളിലും, ഗൃഹത്തിലും സമയബന്ധിതമായി പൂർത്തീകരിക്കേണ്ട ദൗത്യങ്ങളുടെ ചുമതല കൂടുതലായി വന്നുചേരുന്നതാണ്. അന്യനാടുകളിൽ പോയി തൊഴിൽ ചെയ്യാനും ഒപ്പം പഠിക്കാനുമുള്ള അവസരങ്ങൾ ലഭിക്കും. യൗവ്വനക്കാരുടെ വിവാഹതീരുമാനം നീണ്ടുപോകാനിടയുണ്ട്. തറവാട് വീട് പരിഷ്കരിക്കാനും പുതുക്കാനും പണം കണ്ടെത്തും. ഓഹരി വിപണിയിൽ നഷ്ടങ്ങളേർപ്പെട്ടേക്കാം. മക്കളുടെ വിവാഹം നടക്കും. കുടുംബ പ്രാരബ്ധങ്ങൾ ചിലപ്പോൾ കടബാധ്യതകൾ സൃഷ്ടിച്ചേക്കാം. വലിയ സാമ്പത്തിക മുതൽമുടക്കുള്ള സംരംഭങ്ങൾക്ക് കാലം അനുകൂലമല്ലെന്ന് ഓർമ്മവേണം. മിഥുനം, തുലാം, വൃശ്ചികം എന്നീ മാസങ്ങളിൽ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ വേണം. കലഹ സംഭാഷണങ്ങളിൽ നിന്നും, വാദപ്രതിവാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം. ബന്ധുമിത്രാദികളുടെ പിന്തുണ വലിയ ആശ്വാസമേകും. പങ്കാളിത്ത ബിസിനസ്സുകളിലും, ഇടപാടുകളിലും പങ്കാളിയാവുമ്പോൾ എല്ലാവശങ്ങളും അറിഞ്ഞിരിക്കുവാൻ ശ്രദ്ധിക്കണം. അന്യരുടെ പണമിടപാടുകൾക്കും, ഭൂമി, കേസ് സംബന്ധമായ കാര്യങ്ങൾക്കും ജാമ്യം നിൽക്കുന്നത് ആലോചിച്ചിട്ടാവണം. അനാവശ്യമായ ചിലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്.
ധനുക്കൂറിൽ കാണുന്ന നക്ഷത്രങ്ങളായ (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം):എന്നിവക്ക് ഇടക്കാലത്തെ തടസ്സങ്ങൾക്കുശേഷം ജീവിതനദി ശാന്തമായൊഴുകുന്ന വർഷമാണ്. ന്യായമായ ആഗ്രഹങ്ങൾ മിക്കതും സഫലമാകും. സഹോദരരും ബന്ധുമിത്രാദികളും പിന്തുണയുമായി ഒപ്പമുണ്ടാവും. അസാദ്ധ്യം എന്ന് കരുതിയ കാര്യങ്ങൾ അധികം വിയർപ്പൊഴുക്കാതെ നേടിയെടുക്കും. സ്ഥിരജോലിയിൽ ഉയർച്ച, കരാറുകൾ ഉറപ്പിച്ചു കിട്ടുക, വ്യാപാരത്തിൽ മുന്നേറ്റം എന്നിവ പ്രതീക്ഷിക്കാം. സാങ്കേതികപഠനം, കലാപഠനം എന്നിവയ്ക്ക് അവസരം വന്നെത്തും. ഭൂമിയിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും ഉയർന്ന വരുമാനം പ്രതീക്ഷിക്കാം. വിദേശ വിദ്യാഭ്യാസം, വിദേശ ജോലി, വിവാഹം, സന്താനലബ്ധി എന്നിവ ശുഭസാധ്യതകളാണ്. മക്കൾക്ക് പലവിധം അഭ്യൂദയം കൈവരും. ഗൃഹം മോടി പിടിപ്പിക്കും. പുതുവാഹനം വാങ്ങും. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ മടക്കിക്കിട്ടുന്നതാണ്. കർക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങളിൽ പ്രതികൂലാനുഭവങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ കൂടുതൽ ജാഗ്രത വേണം.
മകരക്കൂറിന് (ഉത്രാടം 2 ,3,4 പാദങ്ങൾ, 1.1 1, അവിട്ടം 1,2 പാദങ്ങൾ): കുടുംബ ജീവിതത്തിൽ സുഖവും സമാധാനവും അനുഭവപ്പെടും. സുഹൃത്തുക്കളും ബന്ധുക്കളും പിന്തുണയേകും. ഉപരിവിദ്യാഭ്യാസം പ്രതീക്ഷിച്ച വിഷയത്തിൽ, ഉയർന്ന സർവ്വകലാശാലയിൽ നടത്തുവാൻ സാധിക്കും. ഗവേഷണ പൂർത്തീകരണം തൊഴിൽ നേട്ടത്തിന് കാരണമാകും. കലാപ്രവർത്തനത്തിന് നല്ലരീതിയിൽ . പ്രോൽസാഹനം ലഭിക്കുന്നതാണ്. കൃഷിയിൽ നവീനസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. വ്യാപാരം ലാഭത്തിലേക്ക് നീങ്ങുന്നതാണ്. തൊഴിൽ തേടുന്നവർ നിരാശപ്പെടുകയില്ല. വിദേശതൊഴിൽ വലിയ സാധ്യതയാണ്. വിവാഹാഭിലാഷം നിറവേറ്റപ്പെടും. ഭൂമി വാങ്ങാൻ / ഗൃഹം നിർമ്മിക്കാൻ സന്ദർഭം സംജാതമാകുന്നതാണ്. തീർത്ഥാടനവും ദൈവ സമർപ്പണങ്ങളും മനസ്സന്തോഷത്തിന് വഴിയൊരുക്കും. ചിങ്ങം, കന്നി, ധനു, മകരം മാസങ്ങളിൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധ കൂട്ടണം. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം. പുതിയ സംരംഭങ്ങൾ തുടങ്ങരുത്.
കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ): പ്രതീക്ഷകൾ നിറവേറുന്നത് അല്പം വൈകിയിട്ടാവും. വാഗ്ദാനങ്ങൾ പാഴായിപ്പോകാം. അദ്ധ്വാനം വർദ്ധിക്കുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങുകയെക്കാൾ എളുപ്പമാവും, ഉള്ളത് നിലനിർത്തിപ്പോകുന്നത്. നിത്യവരുമാനക്കാർ നിരാശപ്പെടുകയില്ല. കരാർ ജോലികൾ തടസ്സം കൂടാതെ മുന്നേറുന്നതാണ്. ഉദ്യോഗസ്ഥർക്ക് ദൂരദിക്കുകളിലേക്ക് സ്ഥലം മാറ്റം ഭവിക്കും. മക്കളുടെ പഠനം, വിവാഹം ഇത്യാദികൾക്ക് നല്ല രീതിയിലുള്ള സാമ്പത്തികസഹായം കൈവരുന്നതാണ്. ഗാർഹിക ജീവിതത്തിൽ സമാധാനം പുലരും. സഹോദരരും സുഹൃത്തുക്കളും പ്രതിസന്ധികളിൽ ഉറച്ച പിന്തുണയേകും. മേടം, കർക്കടകം, വൃശ്ചികം, ധനു എന്നീ മാസങ്ങളിൽ കാര്യങ്ങൾ സുഗമവും സുലഭവുമാകും. വിദേശത്ത് പോകാനും പഠനം – തൊഴിൽ എന്നിവയിൽ ഏർപ്പെടുവാനും കാലം അനുകൂലമാണ്. കിടപ്പ് രോഗികൾ, കുടുംബത്തിലെ വൃദ്ധജനങ്ങൾ എന്നിവരുടെ സ്ഥിതി ഭേദപ്പെടുന്നതാണ്. കന്നി, തുലാം, മകരം മാസങ്ങളിൽ മനോവാക്കർമ്മങ്ങളിലും ആരോഗ്യകാര്യത്തിലും ജാഗ്രത വേണ്ടതുണ്ട്.
മീനക്കൂറിലെ നക്ഷത്രങ്ങളായ ( പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി) എന്നിവക്ക് ഏഴരശനി തുടങ്ങിയ വർഷമാണ്. വിദ്യാഭ്യാസത്തിനോ തൊഴിൽ സംബന്ധമായും വീടും നാടും വിട്ടുനിൽക്കേണ്ട സ്ഥിതി ഉണ്ടാവാം. ഉദ്യോഗസ്ഥർക്ക് സ്വദേശത്തു നിന്ന് അകലങ്ങളിലേക്ക് സ്ഥലം മാറ്റം വരാവുന്നതാണ്. ധനക്ലേശത്തിന് ഒട്ടൊക്കെ അറുതിയാകും. കച്ചവടത്തിൽ വരുമാനം വർദ്ധിക്കുന്നതാണ്. ഏജൻസി പ്രവർത്തനം വിപുലീകരിക്കും. തൊഴിൽ തേടുന്നവർക്ക് ആശ്വസിക്കാനാവും. പഠന മികവ് അംഗീകരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, പഠനോപകരണങ്ങൾ എന്നിവ കൈവരും. പഠനകാലത്ത് ജോലി ലഭിക്കുന്ന സാഹചര്യവും വരാവുന്നതാണ്. കുടുംബാംഗങ്ങൾക്കിടയിൽ ഉള്ള അനൈക്യം അവസാനിക്കും. പ്രണയസാഫല്യം, വിവാഹയോഗം ഇവയും പ്രതീക്ഷിക്കാവുന്നതാണ്. മേടം, ഇടവം, ചിങ്ങം, ധനു, മകരം എന്നീ മാസങ്ങളിൽ സ്ഥാനലബ്ധി, അംഗീകാരം, രാഷ്ട്രീയവിജയം, സാമ്പത്തിക മുന്നേറ്റം എന്നിവ ചില സാധ്യതകളാണ്. ഗൃഹനവീകരണം, പുതിയ വാഹനം എന്നിവയും അനുഭവത്തിൽ വന്നേക്കാം.
കൃഷ്ണാനന്ദം ആത്മസന്ദേശം നിത്യവും വായിക്കുന്ന ആത്മാന്വേഷികൾക്കും, സത് വാർത്താ പ്രചാരകർക്കും സ്നേഹോപദേശങ്ങളാൽ തെറ്റുകൾ തിരുത്തി നൽകുന്ന ഗുരുനാഥന്മാർക്കും ജ്യോതിഷ പണ്ഡിതരായ ഗുരു ജനങ്ങളുടെയും പാദങ്ങൾ പ്രണമിച്ച് ഐശ്വര്യസമൃദ്ധമായ വിഷു ആശംസകൾ മുൻകൂറായി നേർന്നുകൊള്ളുന്നു.
ദക്ഷിണ ഭാരത വിശ്വബ്രഹ്മ സമൂഹ മഠം പീഠാധീശ്വർ.
സത്ഗുരു: സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്.
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
ഗുരുവായൂർ
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ