കൈവല്യോപനിഷത്ത്


സുകൃതികളായ നിങ്ങൾക്കെല്ലാം ശാന്തിയുണ്ടാകട്ടെ!

കൃഷ്ണയജുർവേദീയ വിഭാഗത്തിൽ പെടുന്ന കൈവല്യോ പനിഷത്താണ് നമ്മുടെ ഇന്നത്തെ ആത്മ സന്ദേശം. രണ്ടു ഖണ്ഡങ്ങളിയായാണ് ഈ ഉപനിഷത്തിലെ വിഷയങ്ങൾ വിവരിക്കുന്നത്. ബ്രഹ്മദർശന മാർഗ്ഗങ്ങളും ശതരുദ്രമഹത്വവുമൊക്കെ ഈ ഉപനിഷത്തിൽ വിഷയമാകുന്നുണ്ട്. ഈ ഉപനിഷത്ത് മലയാളത്തിലേക്ക് പകർത്തിയെഴുതുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. കഴിഞ്ഞ ദിവസം ഒരു വൃദ്ധസന്യാസിനിയായ മാതാജി മൂലം വന്ന മനോവ്യസനമാണ് ഹേതു. പ്രശ്നങ്ങളെ നേരിടുമ്പോൾ സമാധാനത്തിനായി സിദ്ധയോഗീശ്വരനായ സത്ഗുരു: കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിൽ പോയിരുന്ന് ദീക്ഷാ മന്ത്രം ജപിക്കും. അവിടെ നിന്ന് വ്യക്തമായ നിർദ്ദേശം ലഭിക്കും. ഇന്നലെ രാത്രി ധ്യാനിച്ചപ്പോൾ മനസ്സിൽ വന്നത് കൈവല്യാപനിഷത്ത് "ഹൃദയം കൊണ്ട്" വായിക്കൂ എന്ന ശബ്ദമാണ്. 108 ഉപനിഷത്തുക്കളിൽ ശ്രദ്ധേയമായ ഈ അമൂല്യ വചനങ്ങൾ വ്യസനഹേതുവായ വിഷയങ്ങളിൽ നിന്ന് മോചനം നൽകി ഞാനാരാണ് എന്ന് തിരിച്ചറിയാൻ സാധുവിനെ സഹായിച്ചു.

 ഇതു പകർത്തിയെഴുതുന്ന സാധുവിനും, വായിക്കുന്ന അങ്ങേക്കും അങ്ങിനെ നമുക്കു രണ്ടുപേർക്കും പരബ്രഹ്മത്തിൽനിന്നു രക്ഷയുണ്ടാകട്ടെ. അതിന്റെ പരിപാലനം നമുക്കു പേർക്കുമുണ്ടാകട്ടെ. നമുക്ക് ഒരുമിച്ചുതന്നെ കഴിവുകൾ നേടാനാവട്ടെ. നാം പഠിക്കുന്നതൊക്കെയും തേജസ്സ് നിറഞ്ഞതാകട്ടെ.  നമ്മിൽ പരസ്പരം വിദ്വേഷം ഇല്ലാതാകട്ടെ. എല്ലായിടവും ശാന്തി നിറയട്ടെ. അശ്വലായന മഹർഷി ബ്രഹ്മവിദ്യ ഗ്രഹിക്കണമെന്ന ആഗ്രഹത്തിൽ സമിത്പാണിയായി ബ്രഹ്മദേവനെ വിനയപൂർവം സമീപിച്ചു. എന്നിട്ടു പറഞ്ഞത്. ഹേ പ്രഭോ, എങ്ങനെയാണോ മഹാത്മാക്കൾ എപ്പോഴും മുന്നേറിക്കൊണ്ടിരിക്കുന്നത്, എങ്ങനെയാണോ വിവേകികൾ പൂർവ്വജന്മപാപങ്ങളിൽ നിന്നു മാറി പരബ്രഹ്മത്തെ അറിയുന്നത് ആ ശ്രേഷ്ഠ ബ്രഹ്മവിദ്യ തനിക്ക് ദയവുചെയ്ത് ഉപദേശിച്ചു തരണം എന്നതാണ്. ശ്രദ്ധയിലൂടെയും ഭക്തിയിലൂടെയും ധ്യാനത്തിലൂടെയും യോഗത്തിലൂടെയും അത് നേടുവാൻ ശ്രമിക്കണമെന്ന് ബ്രഹ്മാവ് അശ്വലായനോടു പറഞ്ഞു. ധനത്താലോ സന്താനത്താലോ കർമ്മത്താലോ ആ പരമതത്വം ഉൾക്കൊള്ളാൻ സാധ്യമല്ല. എന്നാൽ ത്യാഗത്തിലൂടെ അതു നേടിയെടുക്കാനാകും. ബ്രഹ്മം അറിയുന്നവർ ആ അമൃതത്ത്വത്തിൽ എത്തുന്നത് ത്യാഗത്തിലൂടെയാണ്. വേദാന്തപഠനത്തിൽ മനസ്സർപ്പിച്ച് കേഴ്‌വിയിലും ചിന്തയിലും യോഗത്തിലും കൂടെ പരമതത്വ പ്രാപ്തി നേടി അന്തഃകരണത്തിൽ ശുദ്ധിയുണ്ടാക്കി ബ്രഹ്മലോകലബ്ധിക്കു പ്രയത്നിക്കുന്ന യോഗിക്കു മാത്രമേ കൽപാന്തകാലം അമൃതത്വപ്രാപ്തി ലഭിക്കുകയുള്ളു. സന്യാസാശ്രമത്തിലിരുന്ന് ശരീരശുദ്ധി സ്നാനത്തിലൂടെ വരുത്തി തലയും കഴുത്തും ശരീരവും നേരെയാക്കി യോഗികൾ ഇന്ദ്രിയങ്ങളെ ഏകാന്തതയിലും ശ്രദ്ധയിലും ഭക്തിയിലും അർപ്പിച്ച് ഗുരുവിനെ ധ്യാനിച്ചു നമസ്കരിച്ച് ഉള്ളിൽ നിന്നും രജോഗുണത്തെ മാറ്റി ദുഃഖവും ശോകവും വെടിഞ്ഞ് സംശുദ്ധമായ ഭക്തിതത്വം മനനം ചെയ്യുന്നു. ഈവിധം ധ്യാനത്തിലൂടെ യോഗികൾ അവ്യക്‌തനും  അനന്തരൂപത്തിലുള്ളവനും മംഗളകാരിയും അദ്വിതീയനും എല്ലായിടവും വ്യാപിച്ചിരിക്കു ന്നവനും രൂപമില്ലാത്തവനും ബ്രഹ്മയോനിയും ഏകനും വിഭുവും ചിദാനന്ദനും അദ്ഭുതനും പരമേശ്വരനും പ്രഭുവും ത്രിനേത്രനും നീലകണ്ഠനും സർവയിടങ്ങളിലും നിറഞ്ഞിരിക്കുന്നവനും സർവ സാക്ഷിയുമായ ബ്രഹ്മത്തെ ധ്യാനത്തിലൂടെ സാക്ഷാത്കരിക്കുന്നു. ബ്രഹ്മാവും ശിവനും ഇന്ദ്രനും അക്ഷരബ്രഹ്മവും പ്രാണനും അഗ്നിയും കാലനും ഭൂതവും ഭവ്യവും സനാതനനും ആ വിധം സമസ്തവും അതു തന്നെയെന്നു മനസ്സിലാക്കിയാൽ മരണത്തെ ജയിക്കാൻ കഴിയുന്നു. ഇതല്ലാതെ മോക്ഷത്തിന് മറ്റു വഴികളില്ല. എല്ലാ ഭൂതങ്ങളിലും ആത്മാവിനെയും ആത്മാവിനെ എല്ലാ ഭൂതങ്ങളിലും കാണുന്നവനാണ് സാക്ഷാൽ പരമാത്മാവിനെ പ്രാപിക്കുന്നത്. വിവേകി അന്തഃകരണത്തെ കീഴെയുള്ള അരണിയാക്കി പ്രണവത്തെ ഉത്തരാരണിയാക്കി രണ്ടിനേയും നിരന്തരം മഥനം ചെയ്യുന്നു. അതിന്റെ ഫലമായി ഉണ്ടാകുന്ന ജ്ഞാനാഗ്നിയിൽ എല്ലാ പാപങ്ങളേയും ലയിപ്പിച്ച് സംസാരബന്ധനമുക്തനാകുന്നു. അവനാണ് മായാബന്ധിതമായ ആത്മാവോടെ ശരീരമാണ് എല്ലാം എന്നു വിചാരിച്ച കർമ്മങ്ങൾ ചെയ്തുവരുന്നത്. അവൻ തന്നെ വിഷയവാസനകളും അന്നപാനാദിസുഖങ്ങളും അനുഭവിച്ച് ജാഗ്രതാവസ്ഥയിൽ സംതൃപ്തനാകുന്നു. ആ മനുഷ്യൻ സ്വന്തം മായാകൽപിത ലോകത്ത് ശാരീരികസുഖങ്ങളെ ഉൾക്കൊള്ളുന്നു. സുഷുപ്തിയിൽ മായാ പ്രപഞ്ചവിര തിയിൽ തമോഗുണ പരാജിതനായി സുഖത്തെ ഉൾക്കൊള്ളുന്നു. ജന്മാന്തരകർമയോഗത്താൽ ആ മനുഷ്യൻ സുഷുപ്തിയിൽ നിന്ന് സ്വപ്നജാഗ്രതാവസ്ഥകളിലെത്തുന്നു. സൂക്ഷ്മവും സ്തൂലവും കാരണവുമായ മൂന്നു ശരീരങ്ങളിലും ജീവൻ ആനന്ദത്തെ അനുഭവിക്കുന്നു. മായാപ്രപഞ്ചത്തിന്റെ ഉദ്ഭവം അതിൽ നിന്നാണ്. മൂന്നുവിധത്തിലുള്ള ശരീരങ്ങൾ നശിക്കുമ്പോൾ ജീവൻ മായാപ്രപഞ്ചത്തിൽനിന്നു മുക്തമായി അഖണ്ഡമായ ആനന്ദം അനുഭവിക്കുന്നു. പ്രാണനും മനസ്സും മാത്രമല്ല എല്ലാ ഇന്ദ്രിയങ്ങളും ഇതിൽ നിന്നാണു സൃഷ്ടിക്കപ്പെടുന്നത്. അതിൽനിന്നു നിർമ്മിക്കപ്പെടുന്ന പൃഥ്വിയാണ് ആകാശം, വായു, അഗ്നി, ജലം തുടങ്ങി സർവ്വ ചരാചരങ്ങളേയും ധരിക്കുന്നത്. ഏതു പരബ്രഹ്മമാണോ ഒരിക്കലും നശിക്കാത്തത്, ആരെയാണോ ഒരു യന്ത്രങ്ങൾക്കും കാണാനാകാത്തത്, എന്താണോ സമസ്തതിനും ആധാരമായിരിക്കുന്നത്, ഏതാണോ സർവഭൂതങ്ങളുടേയും ആത്മാവായിരിക്കുന്നത് അതു തന്നെയാണ് നീ. ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന് അവസ്ഥകളിലും ജീവൻ കാണുന്ന ഈ മായാമയ ലോകം താൻ തന്നെയാണെന്നും ബ്രഹ്മസ്വരൂപം തന്നെയാണെന്നും മനസ്സിലാക്കുമ്പോൾ അത് സർവ വിധ ബന്ധനങ്ങളിൽനിന്നും മുക്തമാകുന്നു. മൂന്ന് അവസ്ഥകളിലും ഭോഗഭോഗ്യഭോക്തൃ രൂപത്തിൽ കാണപ്പെടുന്നതും ചൈതന്യമുക്തവും വിലക്ഷണസാക്ഷിരൂപനുമായിരിക്കുന്നത് ഞാൻ തന്നെയാണ്. എല്ലാം ജനിച്ചു ജീവിച്ചു മരിക്കുന്ന ബ്രഹ്മസ്വരൂപം തന്നെയാണു ഞാൻ. എല്ലാം എന്നിൽ നിന്നാണു പിറന്നത്. എല്ലാം എന്നിൽ തന്നെയാണു പ്രതിഷ്ഠിതമായിരിക്കുന്നത്. അവസാനം എല്ലാം വിലയം പ്രാപിക്കുന്നതും എന്നിൽ തന്നെയാണ്. അത്തരത്തിലുള്ള അണുവിലും അണുവും മഹത്തിലും മഹത്തുമാണു ഞാൻ. വിചിത്രമായിരിക്കുന്ന ഈ പ്രപഞ്ചം എന്റെ സ്വരൂപമാണ്. ഞാനാണ് പരമാത്മാവും വിരാട് സ്വഭാവനും. ഞാൻ പാണിപാദവിഹീനനും അചിന്ത്യശക്തിയുമായ പരബ്രഹ്മമാണ്. എന്നെ ആർക്കും അറിയാനോ മനനം ചെയ്യാനോ കഴിയുന്നില്ല. എനിക്ക് ബുദ്ധിയില്ലാതെ എല്ലാം മനസ്സിലാക്കാനും ശ്രോത്രമില്ലാതെ എല്ലാം കേൾക്കാനും കാഴ്ചയില്ലാതെ എല്ലാം കാണാനും കഴിയും. വേദം ഉപദേശിക്കുന്ന ഞാൻ തന്നെയാണ് വേദത്തെ സൃഷ്ടിച്ചത്. എല്ലാ വേദങ്ങളും സ്തുതിക്കപ്പെടുന്ന എനിക്ക് ജന്മനാശങ്ങളില്ല. പാപമോ പുണ്യമോ എന്നെ സ്പർശിക്കുന്നില്ല. ശരീരത്തിനും ബുദ്ധിക്കും മനസ്സിനും ഞാൻ അതീതനാണ്. എനിക്ക് ഭൂമിയോ ജലമോ അഗ്നിയോ ആകാശമോ ഒന്നുമില്ല. ഈവിധം മായാലോക പ്രപഞ്ചങ്ങൾക്കു മുകളിലായി ബുദ്ധി കോണിലുള്ള പരമാത്മസ്വരൂപം അറിയുന്നവനു മാത്രമേ പരിശുദ്ധമായ എന്റെ പരമാത്മസ്വരൂപത്തെ അറിയാനാകൂ. ആരാണോ ശതരുദ്രീയം അധ്യയനം ചെയ്യുന്നത്. അവൻ അഗ്നിയെപ്പോലെയും വായുവിനെപ്പോലെയും ജലത്തെപ്പോലെയും ആത്മാവിനെപ്പോലെയും പരിശുദ്ധനാകുന്നു. മദ്യപാന പാപത്തിൽ നിന്നും ബ്രഹ്മഹത്യാ പാപത്തിൽനിന്നും സ്വർണാപഹരണ പാപത്തിൽനിന്നും മാത്രമല്ല എല്ലാ ശുഭാശുഭകർമത്തിൽനിന്നും പരിശുദ്ധനാകുന്നു. മാത്രമല്ല ഭഗവത് കൃപ അവനുള്ളതാണ്. അക്കാരണത്താൽ വിവേകി ആ പരമതപസ്വികളെപ്പോലെ എല്ലായ്പ്പോഴുമോ ഒരിക്കലോ അധ്യയനം ചെയ്യണം. അതിലൂടെ മാത്രമേ ഈ സംസാരസാഗരത്തെ തരണം ചെയ്യാൻ കഴിയുന്ന ജ്ഞാനം ലഭിക്കാൻ കഴിയുകയുള്ളു. ആ അറിവു ലഭിച്ചാൽ പിന്നെ മോക്ഷഫലം കൈവരും.

 ശാന്തിപാഠം

 ഓം സഹനാ വവതു സഹനൗ ഭുനക്തു സഹവീര്യം കരവാവഹൈ തേജസ്വി നാവധീതമസ്തു മാ വിദ്വിഷാവഹൈ

 നമുക്കു രണ്ടുപേർക്കും പരബ്രഹ്മത്തിൽ നിന്നു രക്ഷയുണ്ടാകട്ടെ. അതിന്റെ പരിപാലനം നമുക്കു രണ്ടുപേർക്കുമുണ്ടാകട്ടെ. നമുക്ക് ഒരുമിച്ചുതന്നെ കഴിവുകൾ നേടാനാവട്ടെ. നാം പഠിക്കുന്നതോക്കെയും തേജസ് നിറഞ്ഞതാകട്ടെ. നമ്മിൽ പരസ്പരം വിദ്വേഷം ഇല്ലാതാകട്ടെ. എല്ലായിടവും ശാന്തി നിറയട്ടെ.

 (കൈവല്യോപനിഷത്ത് പൂർണം) 

 ഗുരുപാദ സേവയിൽ 

 സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് 
 പീഠാധീശ്വർ 
 വിശ്വബ്രഹ്മ സമൂഹ മഠം കേരള
 കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം 
 പെരിയമ്പലം 
 തൃശ്ശൂർ ജില്ല 
 90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം