തുളസ്യോപനിഷത്ത്


*സിദ്ധ യോഗീശ്വരായ വിദ്മഹേ കൃഷ്ണാനന്ദായ ധീമഹീ തന്നോ ഗുരു പ്രചോദയാത്:*

വളരെ പ്രാധാന്യത്തോടു കൂടി ചർച്ച ചെയ്യപ്പെടുന്നതും ശാസ്ത്രീയ രഹസ്യം ഒളിഞ്ഞിരിക്കുന്നതുമായ ഒരു ഉപനിഷത്താണ് ഇന്നത്തെ ആത്മസന്ദേശമായി സമർപ്പിക്കുന്നത്. തുളസ്യുപനിഷത്ത് എന്ന ഈ ഉപനിഷത്തിൽ തുളസീ മാഹാത്മ്യവും തുളസീ പൂജയുമൊക്കെ  ഉൾപ്പെടുന്നു. നിത്യകർമ്മങ്ങളിൽ തുളസിയുടെ ഉപയോഗ മഹത്വത്തെക്കുറിച്ച് ഇതിൽ വിസ്തരിക്കുന്നുണ്ട്.   ഈ ഉപനിഷത്തിന്റെ ഋഷി നാരദമഹർഷിയാണ്. ഛന്ദസ്സാകട്ടെ അഥർവാംഗിരസും. ദേവത അമൃതതുളയിസും ബിജും സുധയാണ്. വസുധയാണു ശക്തി. നാരായണൻ കീലകവും. കൃഷ്ണവർണയും കൃഷ്ണശരീരിണിയും ഋഗ്വേദസ്വരൂപയും യജുർവേദചിത്താത്മകയും അഥർവ്വവേദപ്രാണയും വേദാംഗഹസ്തയും അനന്തസുഖപ്രദയും വൈഷ്ണവിയുമായ തുളസി വിഷ്ണുപ്രിയയുമാണ്. ജനനമരണനാശിനിയായ തുളസിയെ ദർശിക്കുന്ന മാത്രയിൽ പാപങ്ങൾ ഇല്ലാതാകുന്നു. നമിക്കുകയാണെങ്കിൽ രോഗശമനം സംഭവിക്കും. സേവിച്ചാൽ മൃത്യുഭയമില്ലാതാകും. വിഷ്ണുപൂജയ്ക്കെടുത്താൽ ആപത്തുകളില്ലാതാകും. പ്രാണശക്തി ഏറെ നൽകുന്ന തുളസിയെ പ്രദക്ഷിണം വയ്ക്കുകയാണെങ്കിൽ ദാരിദ്ര്യം ഇല്ലാതാകുന്നു. തുളസിയുടെ ചുവട്ടിൽ മണ്ണിട്ടാൽ പാപങ്ങൾ ഒഴിയുകയും വാസനിച്ചാൽ ദുർഗന്ധമകലുകയും ചെയ്യുന്നു. ഈവിധം അറിഞ്ഞ് ആരാണോ തുളസിയെ ആരാധിക്കുന്നത് അവർ വിഷ്ണുഭക്തന്മാരായി മാറുന്നു. തുളസിക്കതിർ വറുതെ നുള്ളരുത്. കണ്ടാലുടൻ പ്രദക്ഷിണം വയ്ക്കണം. രാത്രിയിൽ തുളസിയിൽ സ്പർശിക്കരുത്.  പർവദിനങ്ങളിൽ തുളസി നുള്ളാൻ ശ്രമിച്ചാൽ അവർ വിഷ്ണുദ്രോഹികളായിത്തീരുന്നു. മഹാവിഷ്ണുവിനു പ്രിയപ്പെട്ടതായ തുളസിയെ പ്രണമിക്കുക. അങ്ങനെയുളള വിഷ്ണുപ്രിയയായ തുളസിയെ പ്രണമിക്കുക. അമൃതസ്വരൂപത്തിലുള്ള ആ തുളസി നമ്മെ അമൃതത്തിനാണ് പ്രേരിപ്പിക്കുന്നത് അമൃതസ്വരൂപയായ തുളസിയെ അക്കാരണത്താൽ അമൃതയെന്നു വിളിക്കുന്നു. തുളസി അമൃതദായിനിയാണ്. അങ്ങനെയുള്ള തുളസി എന്നെ ഈ സംസാര സാഗരത്തിൽ നിന്ന് ഉദ്ധരിക്കട്ടെ. തുളസി ലക്ഷ്മീ ദേവിയുടെ തോഴിയാണ്. ആനന്ദം നിറഞ്ഞവളുമാണ്. ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും  പ്രിയപ്പെട്ടവളായ തുളസി എനിക്ക് സന്തോഷം നൽകട്ടെ. അഭയമുദ്ര കൊണ്ട് അലംകൃതമായ ഹസ്തത്തോടു ചേർന്ന തുളസി എന്നിൽ കൃപചൊരിയട്ടെ. ചെറുതാണെങ്കിൽപ്പോലും അല്ലയോ തുളസി അവിടുന്ന് മഹാവൃക്ഷമാണ്. എന്നിലെ അന്ധകാരത്തെ അകറ്റിയാലും. ഒരിക്കലും ജര ബാധിക്കാത്ത തുളസിയെ മറ്റൊന്നിനോടും ഉപമിക്കാനാകില്ല. സാക്ഷാൽ വിഷ്ണു മാത്രമേ തുളസിക്ക് സമാനത വഹിക്കുന്നുള്ളു. അങ്ങനെ ഭഗവാൻ വിഷ്ണുവിനു പ്രിയപ്പെട്ടവളായ തുളസി എന്നിൽ അനുഗ്രഹം ചൊരിയട്ടെ. ആ വിധമുള്ള തുളസിയുടെ ഛായയിലാണ് മഹാലക്ഷ്മി പോലും വസിക്കുന്നത്. തുളസിയുടെ വേരിലാണ് വിഷ്ണുഭഗവാൻ വസിക്കുന്നത്. തുളസിവൃക്ഷത്തിന്റെ ചുവട്ടിൽ മുഴുവൻ ദേവന്മാരും സിദ്ധമാരും ചാരണന്മാരും നാഗങ്ങളും വസിക്കുന്നു. തുളസിയുടെ ചുവട്ടിൽ എല്ലാ തീർത്ഥങ്ങളും വസിക്കുന്നു. തുളസിയുടെ മധ്യഭാഗത്താണ് ബ്രഹ്മദേവൻ കുടികൊള്ളുന്നത്. അഗ്രഭാഗത്ത് വേദശാസ്ത്രം ഉൾക്കൊള്ളുന്ന തുളസിക്കു മുന്നിൽ ഞാൻ പ്രണാമം അർപ്പിക്കുന്നു. തുളസി, ലക്ഷ്മീദേവിയുടെ സഖിയും മംഗളമയിയും പാപങ്ങളെ ഇല്ലാതാക്കുന്നവളും പുണ്യം നൽകുന്നവളുമാണ്. അങ്ങനെയുള്ള തുളസി ബ്രഹ്മദേവന്റെ ആനന്ദാശ്രുക്കളിൽ നിന്നാണ് ഉദ്ഭവിച്ചത്. വൃന്ദാവനത്തിൽ വസിക്കുന്ന അല്ലയോ തുളസീ, അവിടുന്ന് സർവാംഗധാരിണിയാണ്. അങ്ങനെയുള്ള തുളസി എന്നിലെ പാപങ്ങളെയൊക്കെയും അകറ്റട്ടെ. തുളസി കൂടാതെയുള്ള ശ്രാദ്ധം ഫലമില്ലാത്തതാണ്. തുളസി കൂടാതെയുള്ള പൂജ മഹാവിഷ്ണുവിനു പ്രിയമല്ലാത്തതാണ്. യജ്ഞത്തിലും ദാനത്തിലും തപസിലും തീർത്ഥത്തിലും ശ്രാദ്ധത്തിലും ദേവപൂജയിലും തർപ്പണത്തിലും മാർജനത്തിലുമൊക്കെ തുളസി ഇല്ലായെങ്കിൽ എല്ലാം നിർഫലം. തുളസിമാല ആഗ്രഹിക്കുന്ന ഫലം നൽകുന്നതാണ്. ഏതൊരു ബ്രാഹ്മണനാണോ ഈ തത്വം ഗ്രഹിക്കാത്തത് അയാൾ ചണ്ഡാളനെക്കാൾ നീചത്വമുള്ളവനാണ്. ഇതൊക്കെയും ശ്രീമന്നാരായണൻ ബ്രഹ്മാവിനോടും ബ്രഹ്മാവ് നാരദസനകാദികളോടും പറഞ്ഞതാണ്. സനകാദികൾ വേദവ്യാസനോടും വേദവ്യാസൻ ശുകനോടും ശുകൻ വാമദേവനോടും വാമദേവൻ മുനികളോടും പറഞ്ഞതാണ്. മുനികളാണ് മനുഷ്യർക്കു പറഞ്ഞു കൊടുത്തത്. മനുഷ്യർക്കു തുളസീമാഹാത്മ്യം പറഞ്ഞു കൊടുത്ത് മഹാപുണ്യം  ഉണ്ടാകാൻ സാധു സജ്ജനങ്ങൾക്ക് പറഞ്ഞു തരുന്നു. ഈ സത്യം അറിയുന്നവൻ ആരാണോ അവൻ സ്ത്രീഹത്യയിൽ നിന്നും വീരഹത്യയിൽ നിന്നും ബ്രഹ്മഹത്യയിൽ നിന്നും മഹാദുഃഖത്തിൽ നിന്നുമൊക്കെ മുക്തനാകും. മാത്രമല്ല മരണശേഷം വൈകുണ്ഠത്തിൽ എത്തുകയും ചെയ്യുന്നു.

തുളസ്യുപനിഷത്തിൽ നിന്നും.

ഗുരുപാദ സേവയിൽ

സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
പീഠാധീശ്വർ
വിശ്വബ്രഹ്മ സമൂഹ മഠം കേരള
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം