സന്യാസിയും സന്യാസ ധർമ്മവും (യാജ്ഞവല്ക്യോപനിഷത്ത്)

സന്യാസിസിയും, സന്യാസ ധർമ്മവും എന്താണെന്ന് സമൂഹത്തെ അറിയിക്കാൻ കഴിയില്ലേ എന്ന ചോദ്യമാണ് ശുക്ലയജുർവേദ വിഭാഗത്തിൽപ്പെട്ട യാജ്ഞവല്ക്യോപനിഷത്ത് വ്യാഖ്യാനിച്ചെഴുതാൻ പ്രേരിതമായത്. സന്യാസം സ്വീകരിച്ച ജനകന് ഗുരു യാജ്ഞവല്ക്യ മഹർഷി നൽകുന്ന ഉപദേശങ്ങളാണിത്. സന്യാസിയിൽ കുടികൊള്ളുന്ന ഈശ്വരന്മാർ (പ്രാണനുകൾ) യോഗിക്കു ലഭിക്കുന്നു പരമഹംസ പദവി എന്നിവയൊക്കെ ഈ ഉപനിഷത്തിൽ ചർച്ചാ വിഷയം ആകുന്നു. സന്യാസദീക്ഷ സ്വീകരിച്ച് വർഷങ്ങളായെങ്കിലും സന്യാസ ധർമ്മത്തേക്കുറിച്ച് വീണ്ടും ചിന്തിക്കാൻ പ്രേരണ ലഭിച്ചത് ഗുരു പരമ്പരകളുടെ അനുഗ്രഹം ആണെന്ന വിശ്വാസത്താൽ സന്യാസദീക്ഷ നൽകിയ ഗുരു പൂജനീയ 108 സന്യാസഗുരു: സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റേയും,  . കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം സ്ഥാപക മഠാധിപതി സമാധിസ്ഥനായ ഗുരു കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റേയും, വിശ്വബ്രഹ്മ സമൂഹ മഠത്തിന്റെ ആചാര്യ ശ്രേഷ്ഠന്മാരുടേയും പാദങ്ങളിൽ നമസ്കരിക്കുന്നു.

വിദേഹ ചക്രവർത്തിയായ ജനകൻ യാജ്ഞവൽക്യനെ സമീപിച്ചു ചോദിച്ചത്, എന്താണ് സന്യാസലക്ഷണമെന്നാണ്. അദ്ദേഹം അതിന് മറുപടി നൽകി. വിധിപ്രകാരം ബ്രഹ്മചര്യം അവസാനിപ്പിച്ചതിനുശേഷം ഗൃഹസ്ഥാശ്രമത്തിലേക്കു കടക്കണം. അവിടെ പുത്രമിത്രാദിക ളുടെ സുഖങ്ങളൊക്കെയും നുകർന്നശേഷം വാനപ്രസ്ഥനായി സന്യാസത്തിലേക്കു പ്രവേശിക്കണം. അതല്ല, ജിതേന്ദ്രിയനാണെങ്കിൽ ബ്രഹ്മചര്യത്തിൽ നിന്നുതന്നെ ഇഷ്ടം പോലെ ഗൃഹത്തിൽ നിന്നോ വാനപ്രസ്ഥത്തിൽ നിന്നോ സന്യാസം സ്വീകരിക്കാം. വ്രതിയായാലും വ്രതരഹിതനായാലും സ്നാതകനായാലും അസ്നാതകനായാലും അഗ്നിഹോത്രിയായാലും അനഗ്നിഹോത്രിയായാലും എപ്പോഴാണോ സമ്പൂർണ വൈരാഗ്യം തോന്നുന്നത്, ആ സമയം സന്യാസം സ്വീകരിക്കാം. അതുകഴിഞ്ഞ് പ്രജാപത്യയജ്ഞം നടത്തണം. അല്ലെങ്കിൽ ആഗ്‌നേയി മാത്രം ചെയ്താലും മതി. കാരണം അഗ്നി തന്നെയാണു പ്രാണൻ. ഈ യജ്ഞത്തിലൂടെ പ്രാണപോഷണം സിദ്ധിക്കുന്നു. അതല്ലെങ്കിൽ സത്വ രജസ്തമസുകളെ സംബന്ധിക്കുന്ന യജ്ഞം ചെയ്യണം. താഴെ പറയുന്ന മന്ത്രത്താൽ അഗ്നിയെ ഘ്രാണിക്കണം . അല്ലയോ അഗ്നി, ഏതു മൂലകാരണത്താലാണോ അങ്ങ് ഉൽപന്നനായി ജ്വലിച്ചു കൊണ്ടിരിക്കുന്നത് അത് ഇതാണ്. ഇതു മനസ്സിലാക്കി നല്ലവണ്ണം ജ്വലിച്ച് അങ്ങ് ഞങ്ങളുടെ ഐശ്വര്യവും ധനവും വർധിപ്പിക്കണം. ഇതുതന്നെയാണ് അഗ്നിയുടെ മൂലകാരണം. അല്ലയോ അഗ്നി, അങ്ങ് സ്വന്തം യോനിയാകുന്ന പ്രാണനിലേക്ക് കടക്കുക. അതിനുശേഷം ഗ്രാമത്തിൽ നിന്ന് അഗ്നി എത്തിച്ച് പഴയതുപോലെ അഗ്നിയെ ഘ്രാണിക്കുക. അഗ്നി ലഭിച്ചില്ലെങ്കിൽ ജലത്തിൽ ഹോമിക്കാം. കാരണം, ജലത്തിൽ എല്ലാ ദേവതകളും അട ങ്ങിയിരിക്കുന്നു. താൻ എല്ലാ ദേവന്മാർക്കും വേണ്ടി ഹോമിക്കുന്നു സ്വാഹാ എന്ന് ഉച്ചരിച്ച് ഹോമിച്ച് ഭക്ഷിക്കണം. ഇത് രോഗത്തെ ഇല്ലാതാക്കുന്ന ഘൃതയുക്ത ഹവിസ് തന്നെയാണ്. മോക്ഷമന്ത്രങ്ങ ളാൽ വേദങ്ങളെ പ്രാപിക്കണം. അതുതന്നെ ബ്രഹ്മമെന്നറിഞ്ഞ് ഉപാസിക്കണം. യജ്ഞാപവീതവും ശിഖയും മുറിച്ച്, “ഞാൻ സന്യാസം സ്വീകരിച്ചു" എന്നു മൂന്നു പ്രാവശ്യം ഉച്ചരിക്കണം. ഇങ്ങനെയാണ് യാജ്ഞവൽക്യൻ ജനകനെ കേൾപ്പിച്ചത്.  ഇതിനുശേഷം അത്രിമുനി യാജ്ഞവൽക്യനോടു ചോദിച്ചത്, യജ്ഞാപവീതി എങ്ങനെ ബ്രാഹ്മണനാകുമെന്നാണ്. അതിന് യാജ്ഞവൽക്യമഹർഷി ഉചിതമായ മറുപടി നൽകി. ഓംകാരം തന്നെയാണ് സന്യാസിയുടെ യജ്ഞാപവീതം. പൂർവോക്ത വിധിപ്രകാരം ഹോമിച്ച് അതു ഭക്ഷിച്ച് ആചമനം ചെയ്യണം. അതാണു വിധി. ഈ വിധം കാഷായവസ്ത്രധാരിയായ സന്യാസി ബ്രഹ്മരൂപമായി മാറുന്നു. ഇത് സന്യാസികളുടെ മാർഗമാണ്. ഈ മാർഗമാണ് ജലപ്രവേശം, അഗ്നിപ്രവേശം, വീരഗതി, മഹാപ്രസ്ഥാനം എന്നിവയിലും മറ്റുള്ളതിലും ബ്രഹ്മം നിർദ്ദേശിച്ചിട്ടുള്ളത്. അങ്ങിനെ ബ്രാഹ്മണനായി (ബ്രഹ്മജ്ഞനായി)ത്തീരുന്നു.  ഏതു സന്യാസിമാരാണോ പരമഹംസന്മാർ എന്നറിയപ്പെടുന്നത്, അവർ ഉത്തമന്മാരാണ്. അവർ അവ്യക്തലിംഗധാരികളും അവ്യക്താചരണരും ഉന്മത്തന്മാരെപ്പോലെ കഴിയുന്നവരുമാണ്. എന്നാൽ ഇവർ ജാഗരൂകരായിരിക്കും. സംവർത്തകനും ആരുണിയും ഹാരീതനും ശ്വേതകേതുവും ദുർവാസസും ഋതുവും നിദാഘനും ദത്താത്രേയനും ശുകനും വാമദേവനുമൊക്കെ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. ഇവരിൽ സുഖമോ ദുഃഖമോ കാണപ്പെടുന്നില്ല. ഇവരിൽ ശിഖയോ യജ്ഞാപവീതമോ മറ്റ് അടയാളങ്ങളോ ഒന്നും തന്നെ ഉണ്ടാകുന്നതല്ല. ജനിച്ചവിധം ഭാവഭേദങ്ങളൊന്നുമില്ലാതെ ബ്രഹ്മമാർഗത്തിൽ സംശുദ്ധ മനസ്സോടെ പ്രാണരക്ഷാ സ്വഭാവത്തിൽ കൈയിലോ കപാലത്തിലോ ഭിക്ഷ സ്വീകരിച്ച് കമണ്ഡലുവിലെ ജലം കുടിച്ച് ആനന്ദത്തോടെ സഞ്ചരിക്കണം. യാചന വിശപ്പടക്കാൻ മാത്രമായിരിക്കണം. മിച്ചമായി ഒന്നും തന്നെ വക്കേണ്ടതില്ല. കഴിഞ്ഞുകൂടാനായി ഏകാന്തമായതും വിജനമായതുമായ സ്ഥാനം കണ്ടെത്തണം. ശൂന്യഗൃഹത്തിലോ ദേവാലയത്തിലോ ആശ്രമത്തിലോ വൽമീകത്തിലോ വ വൃക്ഷമൂലത്തിലോ കുശഗൃഹത്തിലോ യജ്ഞശാലയിലോ നദീതീരത്തിലോ ഗുഹയിലോ പാറയിലോ സ്ഥിര ഭവനം നിർമ്മിക്കാതെ ശുഭ അശുഭ ചിന്തയില്ലാതെ സന്യാസധർമ്മം അനുഷ്ഠിച്ച് ദേഹം ത്യജിക്കുന്നവനാണ് പരമഹംസൻ.  ആരെയും പ്രണമിക്കാതെ നഗ്നനായി സർവതിലും പരബ്രഹ്മം ദർശിച്ച് ഭാര്യാപുത്രമിത്ര ബസുത്വമില്ലാതെ ലക്ഷ്യാലക്ഷ്യനിവർത്തകനായി എല്ലാം ഉപേക്ഷിക്കുന്ന സന്യാസി പരമേശ്വരനാണ്. അതിനെക്കുറിച്ചുള്ള ശ്ലോകം ഇനിപ്പറയുന്നു.   തനിക്കും മുമ്പായി സന്യാസം സ്വീകരിച്ചവനെയും തുല്യധർമ്മം ആചരിക്കുന്നവനെയും പ്രണമിക്കണം, എന്നാൽ മറ്റാരെയും തന്നെ അങ്ങനെ ചെയ്യാൻ പാടില്ല. വിഷയാസക്തിയും നീചസ്വഭാവവും കലഹത്വവുമുള്ള സന്യാസിമാരെയും കണ്ടേക്കാം. (സന്യാസ ദീക്ഷ നൽകിയ ഗുരു നൽകിയ ദീക്ഷാ മന്ത്രം പോലും പഠിക്കാത്തതും, ഗുരുവിനെ നിന്ദിച്ച് ഗുരു അനുവദിക്കുന്നതിനു മുന്നേ സന്യാസ ദീക്ഷ നൽകി തുടങ്ങുന്നവരും, 41 സന്യാസി ശിഷ്യരുള്ളവർക്ക് മാത്രം ലഭിക്കേണ്ട മണ്ഡലേശ്വർ പദവി പണം കൊടുത്തു വാങ്ങുന്നവരും ഇന്നത്തെ സന്യാസിമാരിലുണ്ട് എന്നത് ഖേദകരമാണ്.) എന്നാൽ നാമത്തിനും ധാമത്തിനും കാമത്തിനും അതീതമായി ആത്മതത്വം സ്വീകരിച്ച സന്യാസി മറ്റാരെയും നമസ്കരിക്കേണ്ടതില്ല. പരിശുദ്ധനായ സന്യാസി എല്ലാറ്റിനെയും സ്വരൂപത്തിലാണ് ദർശിക്കുന്നത്. അവന് ലോകത്ത് ചെയ്തു തീർക്കാനായി ഒരു കർമ്മവുമില്ല. എല്ലാം അദ്ദേഹത്തിനു തുല്യമായിരിക്കും. ഈശ്വരൻ ജീവത്തിൽ എല്ലാ ജീവികളിലും കഴിയുന്നുവെന്നു മനസ്സിലാക്കുന്ന അദ്ദേഹം, എല്ലാ ജീവികളെ ദണ്ഡനമസ്കാരം ചെയ്യും. മാംസവും അസ്ഥിയും കൊണ്ട് നിർമ്മിച്ചിരിക്കുന്ന സ്ത്രീശരീരത്തിൽ എന്താണ് സൗന്ദര്യമായിട്ടുള്ളത്? ഇവയെ മാംസത്തെയും തൊലിയെയും രക്തത്തെയും ക നീർത്തുള്ളിയെയും പ്രത്യേകിച്ചു വേർപ്പെടുത്തി നോക്കിയാൽ സുന്ദരമായിട്ടൊന്നുമില്ല. അതിനാൽ അതിൽ മോഹിക്കാനുമൊന്നുമില്ല. സ്ത്രീകൾ അണിഞ്ഞിരിക്കുന്ന രത്നം കൊണ്ടു നിർമ്മിച്ച മാല മേരു തടത്തിൽ നിർഗളിക്കുന്ന ഗംഗയ്ക്കു തുല്യമാണ്. അങ്ങനെയുള്ള സ്ത്രീകളുടെ സ്തനാദികൾ ശ്മശാനത്തിലും മറ്റും കാണുമ്പോൾ പട്ടികൾ ചോറുരുള പോലെ അതിനെ തിന്നുന്നുണ്ട്. മനോഹരമായ തലമുടിയോടും കരിയെഴുതിയ കണ്ണുകളോടും കൂടിയ സ്ത്രീ എരിഞ്ഞുയരുന്ന അഗ്നിജ്വാലപോലെ പുരുഷന്മാരെ ഭസ്മീകരിക്കുന്നു. അവൾ വളരെ ദൂരെ വച്ചുതന്നെ ദഹിപ്പിക്കുന്നവളും രസമെന്നു തോന്നുമെങ്കിലും രസമില്ലാത്തവളും നരകാഗ്നിയുടെ പ്രേരണയുമാണ്. കാമനാകുന്ന വേടൻ മനുഷ്യരാകുന്ന പക്ഷികളെ തകർക്കാൻ വീശിയ വലയാണ് സ്ത്രീകളെന്നു പറയാം.  സ്ത്രീകൾ പുരുഷനാകുന്ന മത്സ്യത്തെ ബന്ധിച്ചു വേദനിപ്പിക്കുന്ന ചൂണ്ടയാണ്. അങ്ങനെയുള്ള, ദുഃഖശൃംഖലയായ സ്ത്രീയിൽ നിന്ന് ഈശ്വരൻ നമ്മെ രക്ഷിക്കട്ടെ. സ്ത്രീയുള്ളവന് ഭോഗാഗ്രഹമുണ്ടാകുമ്പോൾ സ്ത്രീയില്ലാത്തവന് അതുണ്ടാകുന്നില്ല. സ്ത്രീയെ ആരാണോ ഉപേക്ഷിച്ചത്, അവൻ പ്രപഞ്ചത്തെ ഉപേക്ഷിച്ചിരിക്കുന്നു. അതോടെ അവനിൽ സുഖമണയുന്നു. പുത്രനും ദുഖമാണു നൽകുന്നത്. പുത്രനില്ലെങ്കിൽ മാതാപിതാക്കൾക്ക് ദുഃഖമുണ്ടാകുന്നു. പുത്രൻ ജനിച്ചാലും ഗ്രഹബാധയും രോഗബാധയുമുണ്ടാകുന്നു. മാത്രമല്ല, ഒരുവേള അവൻ ധൂർത്തനായിത്തീരുകയും ചെയ്യുന്നു. ഉപനയനത്തിനു ശേഷവും അവൻ മൂഢനായിത്തീരാം . വിവാഹം തുടങ്ങിയവയുടെ തടസ്സവും ദുഃഖമാണു നൽകുന്നത്. യൗവനം തികഞ്ഞ പുത്രന് പരസ്ത്രീകളുമായി അവിഹിതബാന്ധവം ഉണ്ടാകുമോ എന്ന ഭയവും വന്നെത്താം. വിവാഹിതനായിക്കഴിഞ്ഞാൽ സന്താനങ്ങൾ വർധിച്ചുപോകുമോ എന്നും ഭയമുണ്ടാ കാം. പുത്രനിൽ നിന്ന് ബഹുവിധത്തിലുള്ള ദുഃഖങ്ങൾ വന്നെത്താം. ധനവാനാണെങ്കിൽ പുത്രനുണ്ടാവില്ല. ഉണ്ടായാൽ മരിച്ചുപോയി എന്നും വരാം. ഈ വിധം പലവിധ പ്രയാസങ്ങൾക്കും കാരണമുണ്ടാക്കുന്ന സ്ത്രീയെ പൂർണ്ണമായി ഒഴിവാക്കണം. വിവാഹം കഴിക്കണമെന്നുള്ള ആസക്തി വെടി യണം. (സ്ത്രീയുമായ ഈ വിഷയം സന്യാസ ദീക്ഷക്ക് തയ്യാറായ വിരക്തിയുള്ള സന്യാസിമാർക്ക് മാത്രമുള്ളതാണ്. സ്ത്രീ ഇല്ലാതെ ഈ പ്രപഞ്ചത്തിന് പോലും നിലനിൽപ്പില്ല എന്നും ഏറ്റവും കൂടുതൽ പൂജിക്കപ്പെടേണ്ടത് സ്ത്രീ തന്നെയെന്നും ഉപനിഷത്തുക്കളും മറ്റ് വേദപുരാണ ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നു.) കരചരണങ്ങളിലും നേത്രങ്ങളിലും വാക്കിലും യതിസമാനമായ സംയമനമുണ്ടായിരിക്കണം. എന്നുവച്ചാൽ ജിതേന്ദ്രിയനായേ പറ്റൂ. എങ്കിലേ ബ്രഹ്മമയനാകാൻ കഴിയൂ. ശരീരത്തിൽ ഏകഭാവം ദർശിക്കുന്ന യതിക്ക് ആരോടും കോപമില്ല. മനുഷ്യന് സ്വന്തം അവയവങ്ങളോട് കോപം തോന്നാറില്ല. ഒരുവേള ആരെങ്കിലും അപരാധം ചെയ്യാത്തവർക്കുനേരെ കോപം കാണിച്ചാൽ അവനോട് ധർമ്മാർത്ഥ കാമമോക്ഷങ്ങളുടെ ശത്രുവായ ക്രോധത്തോട് എന്തുകൊണ്ട് കോപിക്കുന്നില്ല എന്ന് ആരായണം. സ്വാശ്രയത്തെ സമ്പൂർണമായി നശിപ്പിക്കുന്ന കോപത്തിന് എന്റെ പ്രണാമം. എന്നിൽ വൈരാഗ്യം നൽകുന്നതും ദോഷം ചൂണ്ടിക്കാണിക്കുന്നതുമായ കോപത്തിനു നമസ്കാരം. സാധാരണ മനുഷ്യൻ ഉറങ്ങുമ്പോൾ സംയമിയായ മനുഷ്യൻ ഉണർന്നിരിക്കുന്നു. എന്നുവച്ചാൽ വിഷയാസക്തിയുടെ സമയം സംയമി തികച്ചും ജാഗരൂകനാകുന്നു എന്നു സാരം. സാധാരണ വ്യക്തി ഉണർന്നിരിക്കുമ്പോൾ യോഗിയാകട്ടെ സുഷുപ്തിയിലമരുന്നു. യതി പ്രപഞ്ചത്തിൽ ചിത്സ്വരൂപനാണ്. എല്ലാ സൃഷ്ടിയും ചിത്സ്വരൂപമാണ്. അഖണ്ഡ ബ്രഹ്മാണ്ഡം ചിന്മയമാണ്. എല്ലാം ചിത് രൂപമാണ്. ഞാനും ചിത് തന്നെയാണ്. എല്ലാ സൃഷ്ടിയും ചിത്സ്വരൂപമാണ്. യതികൾക്ക് ഉപാദേയമായിട്ടുള്ളത് പരമഹംസപദമായ മോക്ഷമാണ്. ഇതിലും മുകളിലായി മറ്റൊന്നുമില്ല. ഇതാണ് ആ ഉപനിഷത്ത്.  ബ്രഹ്മമാകുന്ന അത് പൂർണമാണ്. കാര്യബ്രഹ്മമായ ഇതും പൂർണം തന്നെ. പൂർണ്ണത്തിൽ നിന്നാണ് പൂർണ്ണം ഉണ്ടാകുന്നത്. പൂർണ്ണത്തിൽ നിന്നും പൂർണ്ണം എടുത്തുമാറ്റിയാലും പൂർണ്ണം അവശേഷിക്കുന്നു. (യാജ്ഞവല്ക്യോ പനിഷത്ത് പൂർണ്ണം)

ഇതാണ് ഇന്നത്തെ ആത്മസന്ദേശം. ഇത്രയും എഴുതിവന്നപ്പോൾ സമയം വൈകി. ക്ഷമിക്കുക. ഇവ നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നു എങ്കിൽ മറ്റുള്ളവർക്ക് അയക്കുക.
ഗുരുപാദ സേവയിൽ

സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
പീഠാധീശ്വർ
വിശ്വകർമ്മ സമൂഹ മഠം കേരള
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം