ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജഗത്ഗുരുവിന് ജാതി വിവേചനമില്ല.


ശങ്കര ദേശിക മേ ശരണം

ഭാരതീയ ധർമ സങ്കല്പമനുസരിച്ച് ഓരോ യുഗത്തിനുമുണ്ട് ഒരു യുഗാചാര്യൻ. "ദ്വാപരേ ഭഗവാൻ വ്യാസഃ കലൗ ശ്രീ ശങ്കര: സ്വയം" എന്നാണ് തലമുറകളായി തുടർന്ന് പോരുന്ന നമ്മുടെ വിശ്വാസം . അങ്ങനെയുള്ള ശങ്കരാചാര്യസ്വാമികൾ, ബ്രഹ്‌മാവ്‌ മുതൽ പുൽക്കൊടി വരെയുള്ള എല്ലാ ചരാചരങ്ങളുടെയും ആത്മാവ് തൻ്റെ ആത്മാവ് തന്നെയാണെന്ന ദർശനം സിദ്ധിച്ച മഹാത്മാവായിരുന്നു എന്ന് തെളിയിക്കാൻ പോന്നതാണ് അദ്ദേഹം രചിച്ച പ്രസ്ഥാനത്രയ ഭാഷ്യം. ഒരു മുമുക്ഷു അകറ്റി നിർത്തേണ്ടത് എന്തിനെയെല്ലാം എന്ന ചോദ്യം ഉയരുമ്പോൾ ജാതിയെ എന്നാണ് ആചാര്യർ ആദ്യം പറഞ്ഞത് (ഉപദേശസാഹസ്രി 17 - 76). ഇങ്ങനെ ജീവാത്മാപരമാത്മാനോരൈക്യം സിദ്ധിച്ച ആചാര്യർ, ജാതിവ്യവസ്ഥ ഇവിടെ പ്രചരിപ്പിച്ചുവെന്നും മറ്റും കാലങ്ങളായി തല്പര കക്ഷികൾ ആരോപിച്ചു കൊണ്ടിരിക്കുന്നു. വേദാന്തസൂത്രഭാഷ്യങ്ങളിൽ പിൽക്കാലത്ത് കടന്നു കയറിയ ചില പ്രക്ഷിപ്തങ്ങളെ അവലംബിച്ചാണ് ചിലരുടെ പ്രചരണങ്ങൾ . വിദ്യാലാഭത്തെ തെല്ലും ശ്രദ്ധിക്കാതെ ആചാര്യനിന്ദ മാത്രം ലക്ഷ്യമാക്കി ആചാര്യന്റെ ഭാഷ്യങ്ങളിൽ നിന്ന് പ്രകരണവിചാരം കൂടാതെ ചില ഭാഗങ്ങൾ അടർത്തി വ്യാഖ്യാനിക്കുന്ന സംസ്കൃത വിദ്വാന്മാരുടെ വക ആരോപണങ്ങൾ വേറെയും . ഇത്തരുണത്തിൽ അദ്ധ്യാത്മശാസ്ത്ര കുതുകികൾ കുപ്രചരണങ്ങളിൽ ഭ്രമിക്കുക സ്വാഭാവികം. ബൃഹത്തായ ഭാഷ്യങ്ങൾ അധ്യയനം ചെയ്യാൻ സാമാന്യ ജനത പൊതുവെ ഉദ്യമിക്കാറില്ല എന്ന വസ്തുത നിലനിൽക്കെ, യാഥാർഥ്യത്തെ അവരിൽ എത്തിക്കുക എന്ന ധർമ്മത്തിനായി ശ്രമം ആവശ്യമുണ്ട്. എന്ത് കൊണ്ട് ശങ്കരാചാര്യർ വീണ്ടും വീണ്ടും ദോഷൈകദൃക്കുകളുടെ ദൂഷണങ്ങൾക്ക് ലക്ഷ്യമാകുന്നുവെന്ന് മനസിലാക്കുവാൻ അധികം ചിന്തിക്കേണ്ടി വരില്ല. നാനാവിധമായ അനാചാരങ്ങളാലും പാഷണ്ഡക ബാഹുല്യം കൊണ്ടും ഒരു ഘട്ടത്തിൽ അപചയോന്മുഖമാകുമോ എന്ന് സന്ദേഹിക്കപ്പെട്ടിരുന്ന സനാതന ധർമത്തിന് പുതു ഊർജം നൽകി ധർമത്തെ പുനഃസ്ഥാപിച്ച് ധർമസന്ദേശ വ്യാപനത്തിന് സംന്യാസ സമ്പ്രദായവും മഠങ്ങളും സ്ഥാപിച്ച ആചാര്യൻ സ്വാഭാവികമായും ധർമ വിദ്വേഷികൾക്ക് അനഭിമതനാകും. ഭാരതം എന്ന രാഷ്ട്ര സങ്കല്പത്തെ പോലും ഉൾക്കൊള്ളാനാവാത്തവർക്ക് രാഷ്ട്രത്തിന്റെ ആണിക്കല്ലായ ധർമത്തെ പുനഃസ്ഥാപിച്ച ആചാര്യനെ വിദ്വേഷിച്ചല്ലേ കഴിയൂ. ജനങ്ങൾക്കിടയിൽ ആചാര്യന് കിട്ടുന്ന സ്വീകാര്യതയുടെ ലേശമാത്രം കൊണ്ട് പോലും അവർ അസ്വസ്ഥരാകുന്നു, സെമിനാറുകളും ചർച്ചകളും കൊഴുപ്പിക്കുന്നു.  വിദ്വേഷപ്രചാരണത്തിന് രാഷ്ട്രീയമാണല്ലോ എളുപ്പ വഴി. നവീനമായുണ്ടായ ആദ്ധ്യാത്മിക ഉണർവിന്റെ ഭാഗമായി കേരളത്തിൽ പ്രചാരത്തിൽ വന്ന രാമായണ മാസാചരണം പോലെ ആചാര്യ പൂജയും വ്യാപകമാകും എന്നവർ ഭയപ്പെടുന്നു. ഈ പരിതസ്ഥിതിയിൽ, ഒരു വേദിയിൽ കേട്ട ചില ആക്ഷേപങ്ങൾക്ക് മറുപടി എന്ന നിലയിൽ ചില കാര്യങ്ങൾ കുറിക്കുന്നു. പൂർവപക്ഷങ്ങൾക്ക് സമാധാനം നൽകുക എന്ന നിലയിലാണ് ഈ കുറിപ്പിന്റെ ഘടന.
ആക്ഷേപം
വെറും അഞ്ചു ശ്ലോകങ്ങളുള്ള മനീഷാപഞ്ചകം എന്ന ഒറ്റ കൃതിയെ ആധാരമാക്കിയാണ് ഭാഷ്യങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന ജാതി ചിന്തയെയും ചാതുർ വർണ്യത്തെയും ആചാര്യകൃതമല്ല എന്ന് വാദിക്കുന്നത്
മറുപടി
ആചാര്യന്റെ ഭാഷ്യങ്ങളിൽ കാണുന്ന ജാതി-വർണധർമാതീതങ്ങളായ പ്രഖ്യാപനങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും ആശയപരമായി ആ നിലപാടിന് വിരുദ്ധവും പൂർവാപരാബന്ധവിശകലനത്താൽ തന്നെ പ്രക്ഷിപ്തമെന്ന് വ്യക്തമാകുന്ന ഒന്നോ രണ്ടോ ശ്ലോകങ്ങളെ ഉയർത്തികാട്ടി അദ്ദേഹത്തെ ജാതിവാദിയാക്കുന്നതിലെ കൗശലം ആണ് ഈ ആക്ഷേപത്തിന് പിന്നിൽ.
ആചാര്യസ്വാമികൾ , ബൃഹദാരണ്യകഭാഷ്യത്തിൽ പറയുന്നു;
"അത്ര അവിദ്വാൻ വർണ്ണാശ്രമാദ്യഭിമാനോ ധർമേണ നിയമ്യ മാനോ ദേവാദി ധർമകർത്തവ്യതയാ പശുവത് പരതന്ത്ര "
"വർണാശ്രമവുമായി താദാത്മ്യം പ്രാപിച്ചവനും ധർമ്മത്താൽ നിയന്ത്രിതനുമായ ഒരു അജ്ഞാനി ദേവാദികൾക്കായി അനുഷ്ഠിക്കേണ്ടുന്ന കർത്തവ്യം മൂലം മൃഗസമാനം പരതന്ത്രനാണ് "
ഇവിടെ വർണാശ്രമ അഭിമാനത്താൽ അജ്ഞതയിലുഴലുന്ന എല്ലാ വർണികളുടെയും സംസാര ബന്ധനത്തെപ്പറ്റിയാണ് , മറിച്ച് ഏതെങ്കിലും ഒരു വർണ്ണത്തിലുള്ളവർ മാത്രം മൃഗസമാനം പരതന്ത്രനാണെന്നല്ല അദ്ദേഹം വിവരിക്കുന്നത് . മോക്ഷപ്രാപ്തിക്കായി വർണാഭിമാനത്തിൽ നിന്ന് മുക്തരാകാൻ ഉദ്ബോധിപ്പിക്കുന്ന ആചാര്യസ്വാമികൾ ജാതീയതക്കു വേണ്ടി നിലകൊണ്ടുവെന്നു പറയുന്നതിൽ എന്ത് ഔചിത്യമാണുള്ളത്!
ജാതിയെ മാറ്റി നിർത്തുന്ന ആചാര്യന്റെ നിലപാട് ഉപദേശസാഹസ്രിയിലെ താഴെ കൊടുക്കുന്ന ശ്ലോകത്തിലും വ്യക്തമാണ്
"ഹിത്വാ ജാത്യാദി സംബന്ധാൻ
വാചോ/ന്യാ: സഹകർമഭിഃ
ഓമിത്യേവം സദാത്മാനം
സർവം തുല്യം പ്രപദ്യഥ" 
 (17 - 76)
അർത്ഥം - 
'ജാതി തുടങ്ങിയ എല്ലാ കെട്ടുപാടുകളെയും സംഭാഷണത്തെയും കർമത്തോടൊപ്പം ഉപേക്ഷിച്ചിട്ട് സർവാശ്ലേഷിയും ശുദ്ധവുമായ ആത്മാവിനെ പ്രണവരൂപത്തിൽ ധ്യാനിക്കുക'
ഇനി ഗീതയിലെ ഒരു ഉദാഹരണത്തിലേക്കു വരാം
"വിദ്യാ വിനയ സമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി ശുനി ചൈവ ശ്വപകേ ച പണ്ഡിതാഃ സമദര്‍ശിന:"
ഈ ശ്ലോകത്തെ ആചാര്യസ്വാമികൾ വ്യാഖ്യാനിക്കുന്നത് നോക്കുക.
"വിദ്യാ ച വിനയ: ച വിദ്യാവിനയൗ വിദ്യാ ആത്മനോ ബോധോ വിനയ ഉപശമ:താഭ്യാം വിദ്യാ വിനയാഭ്യാം സമ്പന്നോ വിദ്യാവിനയ സമ്പന്നോ വിദ്വാൻ വിനീത: ച യോ ബ്രാഹ്മണ: തസ്മിൻ ബ്രാഹ്മണേ ഗവി ഹസ്തിനി ശുനി ച ഏവ ശ്വപാകെച പണ്ഡിതാ: സമദർശിനഃ"
'വിദ്യ ആത്മബോധമാണ്, വിനയം ശാന്തിയും. ഇങ്ങനെ വിദ്യകൊണ്ടും വിനയം കൊണ്ടും സമ്പന്നനും അറിവുള്ളവനും സൗമ്യനുമായ ബ്രാഹ്മണനിലും പശുവിലും ആനയിലും നായയിലും അധഃകൃതനിലും ജ്ഞാനികൾ സമദർശികളാണ് '
സമസ്ത പ്രാണികളെയും പാരമാർത്ഥിക തലത്തിൽ ഒരേ ചൈതന്യമായി കാണുന്ന അദ്വൈത സമ്യഗ് ദർശനത്തിൽ വർണാദ്യഭിമാനങ്ങളുടെ നിസ്സാരത ഇവിടെ എടുത്തു കാട്ടിയിരിക്കുന്നു.
ഗീതാഭാഷ്യത്തിലെ ഈ വാക്യങ്ങൾ കൂടി ശ്രദ്ധിക്കാം
"നിർദോഷം യദ്യപി ദോഷവത്സു ശ്വപാകാദിഷു മൂഢൈ തദ്ദോഷൈ: ദോഷവദ് ഇവ വിഭാവ്യതേ, തഥാപി തദ്ദോഷൈ: അസ്പൃഷ്ടം ഇതി നിർദോഷം ദോഷവർജ്ജിതം ഹി യസ്മാത്"
"നിർദോഷവും സമവുമാണ് ബ്രഹ്മമെങ്കിലും ചണ്ഡാളർ മുതലായവരുടെ ദോഷം അവരിൽ കുടി കൊള്ളുന്ന ബ്രഹ്മചൈതന്യത്തിലുമുണ്ടെന്ന് മൂഢന്മാർ കരുതുന്നു പക്ഷെ അവരുടെ ദോഷങ്ങൾ ബ്രഹ്മത്തെ സ്പർശിക്ക പോലും ചെയ്യുന്നില്ല , കാരണം ബ്രഹ്മം ദോഷരഹിതമാണ് "
ഉച്ച, മധ്യമ, നീചാദി ഭേദങ്ങളൊന്നും കൂടാതെ എല്ലാ പ്രാണികളിലും അന്തര്യാമിയായ ചൈതന്യം ഒന്നെന്ന ഈ പ്രഖ്യാപനം ജാതിയെ സംബന്ധിച്ചുള്ള ഒരു വിധിയും ശങ്കരാചാര്യരെ അശേഷം സ്വാധീനിച്ചിരുന്നില്ല എന്നതിന് തെളിവാണ്.
മനീഷാ പഞ്ചകം എന്ന പ്രകരണ ഗ്രന്ഥത്തിൽ മാത്രമേ ജാതി വർണ ധർമങ്ങളെ അതിവർത്തിക്കുന്ന നിലപാടുകൾ ആചാര്യ സ്വാമികൾ കൈക്കൊള്ളുന്നുള്ളൂ എന്ന മൗഢ്യവാദത്തിന് ഗീതാ ഭാഷ്യത്തിലെയും ഉപനിഷത് ഭാഷ്യത്തിലെയും പ്രസ്തുത ആചാര്യ വാണികൾ തന്നെയാണ് മറുപടി.
ആക്ഷേപം
അപശൂദ്രാധികാരണം ശങ്കരന്റെ അല്ല എന്ന് പറയുന്നവർ ഉയർത്തുന്ന വാദം ബ്ര.സൂ. 1 -ാം സൂത്രമാണ്. എന്നാൽ, വേദ സംഹിത പഠിക്കാത്തവർക്കും ബ്രഹ്മവിദ്യക്ക് അധികാരമുണ്ടെന്ന് സ്ഥാപിച്ചു ഉപനിഷത്തുകളാണ് വേദം എന്ന രീതിയിൽ പൂർവ മീമാംസകരെ എതിർക്കാൻ വേണ്ടിയാണ് ‘അഥ’ ശബ്ദത്തിനു ശങ്കരൻ അവിടെ കൊടുക്കുന്ന അർത്ഥം.

മറുപടി
വേദ പ്രാമാണ്യത്തോടു കൂടി തത്ത്വം അറിയാനുള്ള വിചാരമാണ് മീമാംസ. ഈ മീമാംസ രണ്ടു വിഭാഗമായിരിക്കുന്നു. കർമ്മകാണ്ഡത്തെ വിഷയമാക്കിയ ജൈമിനി മഹർഷി പ്രണീതമായ സൂത്രാത്മകമായ പൂർവ മീമാംസയും, ഉപാസനാകാണ്ഡവും ജ്ഞാനകാണ്ഡവും ചേർന്ന വ്യാസകൃതമായ ഉത്തരമീമാംസയും. ഉത്തരമീമാംസയിലെ ബ്രഹ്മസൂത്രങ്ങൾ എന്നറിയപ്പെടുന്ന ഒടുവിലത്തെ നാല് അദ്ധ്യായം നിർഗുണ ബ്രഹ്മത്തെപ്പറ്റിയുള്ള ജ്ഞാനകാണ്ഡമാണ്. ഇതിനാണ് ജഗദ്ഗുരു ശങ്കരാചാര്യർ ഭാഷ്യം രചിച്ചിട്ടുള്ളത്. പൂർവമീമാംസകർ യാഗാദി കർമ്മാനുഷ്ഠാനങ്ങളിൽ ശ്രദ്ധയുള്ളവരാണ്. പൂർവ മീമാംസയുടെയും ഉത്തരമീമാംസയുടെയും ലക്ഷ്യങ്ങൾ തന്നെ ഭിന്നങ്ങളാണ്. ഭിന്ന ലക്ഷ്യങ്ങൾ ആയിരിക്കേ അവയ്ക്കുള്ള അധികാരി ഗുണങ്ങളും ഭിന്നങ്ങളാകുന്നു സ്വർഗാദിഭോഗങ്ങൾ ഉൾപ്പെട്ട നശ്വരമായ അഭ്യുദയം ആണ് പൂർവമീമാംസയുടെ ലക്ഷ്യം. തന്നിൽ നിന്ന് വ്യതിരിക്തമല്ല സത്യമെന്നറിയുന്നതിലൂടെ അനശ്വരമായ നിശ്രേയസ്സ് അഥവാ മോക്ഷം ആണ് വേദാന്തിയുടെ ലക്ഷ്യം. അപ്പോൾ മനസ്സിന്റെ ഉപശമാദികൾ കൂടിയേ തീരൂ. പ്രസ്തുത അന്തരംഗാധികാരഘടകങ്ങളാണ് സാധനാ ചതുഷ്ടയങ്ങൾ. കർമ്മാനുഷ്ഠാനം കൊണ്ടുണ്ടാകുന്ന ഒന്നല്ല മോക്ഷം. "നാസ്ത്യ കൃത: കൃതേന " (മുണ്ഡകം 2.12. ) എന്ന് ശ്രുതി തന്നെ പ്രഖ്യാപിക്കുന്നു. കർമ്മങ്ങളെല്ലാം പുരുഷ തന്ത്രങ്ങളാണ് . എന്നാൽ ബ്രഹ്മ ജീജ്ഞാസയിലാകട്ടെ അന്വേഷകൻ തന്റെ തന്നെ സ്വരൂപമായ ജ്ഞാനത്തെ സ്വയം ബോധിക്കുകയാണ് . ജ്ഞാനം വസ്തുതന്ത്രമാണ്, സ്വരൂപവസ്തുവിന് അധീനമാണ് . സ്വരൂപത്തിൽ എല്ലാവരും അതു തന്നെയായിരിക്കെ അതിന് എല്ലാവരും തന്നെ അധികാരിയാണ്. അനുഭവ പ്രധാനമാണ് ബ്രഹ്മാന്വേഷണം എന്നതിനാൽ, “ഇനി ബ്രഹ്മാന്വേഷണം തുടങ്ങാം. " എന്നിടത്തെ “അഥ” എന്ന ശബ്ദത്താൽ അന്വേഷകന് സാമാന്യമായി വേണ്ടുന്ന അന്തരംഗ അധികാരഘടകങ്ങളായ സാധനാ ചതുഷ്ടയങ്ങളെ സൂചിപ്പിക്കുന്നു. ബ്രഹ്മാന്വേഷണത്തിനു മുമ്പ് വേദം പഠിച്ചിരിക്കണം എന്നാണ് ‘അഥ’ ശബ്ദത്തിന് പൂർവപക്ഷമായി പൂർവ മീമാസകർ ശങ്കിക്കുന്നത്. ഇതിന് മുപടിയായി സിദ്ധാന്ത പക്ഷമായി ആചാര്യൻ സാധനാ ചതുഷ്ടയ സമ്പന്നരായ എല്ലാവരും ബ്രഹ്മ ജിജ്ഞാസയക്ക് അധികാരികളെന്ന് സ്ഥാപിക്കുന്നു. ആദ്യ സൂത്രത്തിൽ തന്നെ തന്റെ നിലപാട് വ്യക്തമാക്കുന്ന ആചാര്യസ്വാമികൾ പിന്നീടൊരിക്കൽ അതിന് കടകവിരുദ്ധമായി ശൂദ്രർക്കധികാരമില്ല എന്ന് പറയില്ലെന്ന് ആചാര്യ ഭാഷ്യങ്ങളെ പരിചയിച്ച ആർക്കും ബോധ്യമാകും.
ബ്രഹ്മസൂത്രഭാഷ്യം ഒന്നാം അദ്ധ്യായം മൂന്നാം പാദം 26 മുതല്‍ 38 വരെയുള്ള സൂത്രങ്ങള്‍ ആണ് വികലവാദം നടത്തുന്നവര്‍ പ്രമാണമായി ചൂണ്ടി കാട്ടുന്നത്. അവിടെ ശൂദ്രന്‍ വേദം പഠിക്കുവാന്‍ അര്‍ഹനല്ല എന്ന് സമര്‍ത്ഥിച്ചിരിക്കുന്നു. ഈ പാദം ശ്രദ്ധിച്ചാല്‍ പ്രധാന വിഷയത്തില്‍ നിന്നും ഉള്ള വ്യതിചലനം ആണ് ഈ സൂത്രങ്ങള്‍ എന്ന് കാണാം. മൂന്നാം പാദത്തില്‍ നിര്‍ഗുണ ബ്രഹ്മത്തെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. സകല പ്രപഞ്ചത്തിനും ആധാരമായി നിലനില്‍ക്കുന്നത് ബ്രഹ്മം ആണെന്നും, ഭൂമാവെന്നും, അക്ഷരമെന്നും അറിയപ്പെടുന്നതും ബ്രഹ്മം തന്നെയെന്നും പറയുന്നു. കാഠക ഉപനിഷത്തില്‍ പറയുന്ന അന്ഗുഷ്ട മാത്രമായ പുരുഷനും ബ്രഹ്മം തന്നെ. 25-ാം സൂത്രം ഇപ്രകാരമാണ്. “ ഹൃദ്യപേക്ഷയാ തു മനുഷ്യാധികാരത്വാത്‌ “. അന്ഗുഷ്ട മാത്രമായ പുരുഷനെ സകലത്തിന്റെയും ഹൃദയത്തില്‍ സച്ചിദാനന്ദ സ്വരൂപമായ്‌ വര്‍ത്തിക്കുന്ന ബ്രഹ്മമായി പറഞ്ഞിരിക്കുന്നതും ഈ സൂത്രവും തമ്മില്‍ ആത്മസാക്ഷാത്കാരത്തിന് മനുഷ്യനുള്ള അധികാരികതെയ സൂചിപ്പിക്കുന്നു. മറ്റു ജീവജാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവേകമുള്ളത് മനുഷ്യനാണ്. ആ മനുഷ്യജന്മത്തിലൂടെ ആണ് ജീവന്‍ സംസാരബന്ധനത്തില്‍ നിന്നും മുക്തനാകുവാന്‍ ഉപാസനയും ശ്രവണമനനാദികളും പരിശീലിക്കുന്നതും. സൂത്രം 26 മുതല്‍ 33 വരെ ദേവകള്‍ക്കുള്ള അധികാരം വിശദീകരിക്കുന്നു. 34 മുതല്‍ 38 വരെയുള്ള സൂത്രങ്ങള്‍ ശൂദ്രന്റെ അധികാരത്വം ചോദ്യം ചെയ്യുന്നു. ഇത് പിന്നീട് കൂട്ടിചേര്‍ത്തതാവാനേ തരമുള്ളൂ. മനുഷ്യന്‍ അധികാരി ആണെന്ന് മുന്‍ സൂത്രം കൊണ്ട് ഭാഷ്യകാരന്‍ വ്യക്തമാക്കുന്നു. മനുഷ്യന്‍ അധികാരി ആണെങ്കില്‍ എന്തുകൊണ്ട് ശൂദ്രന്‍ അധികാരി ആകില്ല. ശൂദ്രന്‍ മനുഷ്യനല്ലേ? മനുഷ്യന്റെ ഗുണകര്‍മ്മഭേദം കൊണ്ടുള്ള ഒരു വര്‍ണ്ണം മാത്രമാണ് ശൂദ്രന്‍. ഒരേ മനുഷ്യന്‍ തന്നെ ഗുണങ്ങളും കര്‍മങ്ങളും മാറുന്നതനുസരിച്ചു വര്‍ണ്ണവും മാറിക്കൊണ്ടിരിക്കും. പല പ്രമാണങ്ങള്‍ കൊണ്ടും ശൂദ്രന്‍ എന്നത് ഗുണകര്‍മ്മഭേദത്താല്‍ ആണെന്നും ജന്മം കൊണ്ടല്ല എന്നും വ്യക്തമാണ്. ശ്രുതിയിലും സ്മൃതിയിലുംഎല്ലാം ഇത് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുമുണ്ട് (കൂടുതല്‍ ഉദാഹരണങ്ങള്‍ പ്രാചീന മലയാളം, വേദാധികാരനിരൂപണം എന്നീ കൃതികളില്‍ ഉണ്ട്). നിരവധി പ്രമാണങ്ങള്‍ ഉള്ളപോള്‍ ശങ്കരാചാര്യനെപ്പോലെ മഹാ അദ്വൈതി ആയ ഒരു ഋഷി ശൂദ്രാധികാരത്തെ പറ്റി പറയും എന്ന് വിശ്വസിക്കാന്‍ വകയില്ല. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ആവുമ്പോൾ പ്രാമാണിത്വം ലഭിക്കും എന്ന ദുഷ്ടബുദ്ധിയാല്‍ ചിലര്‍ ഇത് തിരുകികയറ്റിയതാവാന്‍ ആണ് സാധ്യത, ആചാര്യസ്വാമികളെ ഒരു ബ്രാഹ്മണവിധേയനായി ചിത്രീകരിക്കുവാനും മറ്റും ചിലര്‍ ഇത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
സാധനാ ചതുഷ്ടയ സമ്പന്നരായ എല്ലാവരും ബ്രഹ്മ ജിജ്ഞാസയക്ക് അധികാരികളെന്ന് ബ്രഹ്മസൂത്രം മൂന്നാമധ്യായം വിധുരാധികരണത്തിൽ സൂത്രം 36 ലും ഭാഷ്യകാരൻ ശങ്കരാചാര്യർ ചർച്ച ചെയ്യുന്നു,
"വിധുരാദീനാം ദ്രവ്യാദി സംപത് രഹിതാനാഞ്ച അന്യതമാശ്രമപ്രതിപത്തിഹീനാനാം അന്തരാളവർത്തിനാം കിം വിദ്യായാമധികാരോ/സ്തി കിം വാ നാസ്തീതി സംശയേ."
അർത്ഥം - 'വിരഹിതരും നിർധനരും മറ്റും, ഒരാശ്രമത്തിലുമുൾപ്പെടാതെ പലയിടങ്ങളിൽ കഴിയുന്നവരുണ്ട്. ഇവർക്ക് പ്രസ്തുത വിദ്യാധികാരമുണ്ടോ ഇല്ലയോ '
അധികരണത്തിന്റെ സിദ്ധാന്ത പക്ഷമായി സൂത്രം 38 ന്റെ ഭാഷ്യത്തിൽ
"ദൃഷ്ടാർഥാ ച വിദ്യാ പ്രതിഷേധാഭാവമാത്രേണാപ്യർഥിനമധികരോതി ശ്രവണാദിഷു. തസ്മാദ്വിധുരാദീനാമപ്യധികാരോന വിരുധ്യതേ."
അർത്ഥം - 'വിദ്യയുടെ പ്രയോജനം പ്രത്യക്ഷമാകയാൽ, പ്രതിഷേധമില്ലാത്തത് കൊണ്ടുതന്നെ, ശ്രവണത്തിനും മറ്റുമുള്ള അധികാരം വിദ്യാർത്ഥിക്കുണ്ടാകുന്നു. അതുകൊണ്ടു വിരഹിതർക്കും ആശ്രമങ്ങളിലുൾപ്പെടാത്തവർക്കും വിദ്യാധികാരമുണ്ടാകുന്നതിൽ വിരോധമില്ല.'
മാണ്ഡൂക്യ ഭാഷ്യത്തിലും ഗീതാ ഭാഷ്യത്തിലും സ്ത്രീയ്ക്കും വൈശ്വനും ശൂദ്രനും പരമപദം പ്രാപിക്കാം എന്ന് വ്യക്തമായി രേഖപ്പെടുത്തിയ ആചാര്യർ ജാനശ്രുത്യുപാഖ്യാനത്തിൽ ശൂദ്രനെ തള്ളിപ്പറയുമെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് തോന്നില്ല. മാത്രമല്ല ശ്രദ്രനും വേദാധികാരമുണ്ടെന്ന് പ്രഖ്യാപിക്കുന്ന ശ്രുതികൾ സ്വതഃ പ്രമാണമായുള്ളപ്പോൾ വേദ വിരുദ്ധമായ സ്മൃതിയെ ആചാര്യൻ അവലംബിക്കുമെന്ന് കരുതാൻ വയ്യ.
ഈ പക്ഷത്തിന് ശ്രുതിയും പ്രമാണമായുണ്ട്.
"യഥേമാം വാചം കല്യാണീ മാവദാനി ജനേഭ്യഃ, ബ്രഹ്മരാജന്യാഭ്യാം ശൂദ്രായ ചാര്യായ പ്രിയോദേവാനാം ദക്ഷിണായൈ ദാതുരിഹ ഭൂയാസമയജേകാമഃ സമൃയ്യതാമുപമാദോ നമതു. "
അർത്ഥം - 'ബ്രാഹ്മണ ക്ഷത്രിയ വൈശ്യ ശൂദ്രര്‍ ബന്ധു ശത്രു എന്നീ ജനങ്ങള്‍ക്ക് ഈ മംഗളകരമായ വാക്കിനെ പറയുന്നതിനാല്‍ ഈ ലോകത്തില്‍ ദേവകള്‍ക്കു പ്രിയനായി ദക്ഷിണയ്ക്കായിട്ടു കൊടുക്കുന്നവനാകുമാറാക; എന്റെ ഈ അപേക്ഷ സഫലമാകത്തക്കതാകട്ടെ എന്നു ദേവതകളുടെ പ്രീതിസംപാദനാര്‍ത്ഥം ശൂദ്രനുള്‍പ്പെട്ട സകല ജാതിക്കാര്‍ക്കും നന്മയരുളുന്ന വേദത്തെ ഉപദേശിക്കുന്നവനാക എന്നു പറഞ്ഞിരിക്കുന്നു.' (യജുർവേദം 26. 2.) വേദത്തിൽ പറഞ്ഞതിന് വിപരീതമായി സ്മൃതിയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ ആ സ്മൃതിവാക്യം തള്ളണമെന്ന് ആചാര്യൻ തന്നെ ഭാഷ്യത്തിൽ പറയുന്നുമുണ്ട്. ആ നിലയ്ക്ക് യജുർവേദം ശൂദ്രന് നല്കിയ അധികാരത്തെ വിഗണിച്ചു കൊണ്ട് ആചാര്യൻ ജാനശ്രുതിയുടെ കാര്യത്തിൽ തെറ്റായി വിധിയെഴുതുമെന്ന് കരുതാനാവില്ല.
ആക്ഷേപം
ഗീത. വർണ ധർമ്മത്തെ ഉറപ്പിക്കുന്നു. ‘ചാത്രുവർണ്യം മയാ സൃഷ്ടം’ എന്ന ഗീതാശ്ലോകത്തെ ശങ്കരാചാര്യർ വ്യാഖ്യാനിക്കുന്നത് പുരുഷസൂക്തം ഉപയോഗിച്ചാണ്
മറുപടി
ചാതുർവർണ്യം - ഭാരതീയ വൈദിക പരമ്പരയിൽ മോക്ഷശാസ്ത്രങ്ങളുടെ ലക്‌ഷ്യം എന്തെന്ന് അറിഞ്ഞാൽ മാത്രമേ വര്‍ണ്ണം എന്ന സങ്കല്‍പ്പത്തെ അതിന്റെ യഥാർത്ഥ അര്‍ത്ഥത്തില്‍ മനസിലാക്കാനാവൂ. വൈദിക ജീവിത പദ്ധതി പ്രകാരം പുരുഷാര്‍ത്ഥങ്ങള്‍ - ജീവിതം പ്രയോജനമുള്ളതാക്കാന്‍ വേണ്ട സാധനങ്ങള്‍ - നാലാണ്. അവ ധര്‍മ്മം അര്‍ത്ഥം കാമം മോക്ഷം ഇവയാണ്. ഇവയില്‍ മോക്ഷമാണ് പരമപുരുഷാര്‍ത്ഥം. ആത്യന്തികമായ ദുഃഖ നിവൃത്തിയാണ് മോക്ഷത്തിന്റെ ഫലം. താന്‍ തന്നെ സൃഷ്ടിച്ചു തനിക്ക് തന്നെ ബന്ധനമായിത്തീര്‍ന്ന പ്രപഞ്ചത്തില്‍ നിന്നും വിവേകപൂര്‍വ്വം മോചിച്ചു തന്റെ യഥാര്‍ത്ഥ സ്വരൂപത്തില്‍ സ്ഥിതി ചെയ്യുകയെന്നതാണ് മോക്ഷം. മോചിക്കുവാനുള്ള ആഗ്രഹമാണ് മുമുക്ഷുത്വം. മോചിക്കേണ്ടത് ജീവസൃഷ്ടമായ പ്രപഞ്ചത്തില്‍ നിന്നാണ്. ജീവന്‍ സ്വയം സൃഷ്ടിച്ചു വച്ചിരിക്കുന്ന ബന്ധനങ്ങളില്‍ നിന്നും മോചിക്കുമ്പോഴാണ് തന്റെ യഥാര്‍ത്ഥ സ്വരൂപം ബോധിക്കാന്‍ സാധിക്കുന്നത്. മുമുക്ഷുവായ ഒരുവനെ സംബന്ധിച്ച് പരമപുരുഷാർത്ഥമായ മോക്ഷത്തിലേക്കുള്ള ആദ്യ പടി ധർമ്മാചരണമാണ് . “ജഗത:സ്ഥിതികാരണം പ്രാണിനാം സാക്ഷാദ്‌ അഭ്യുദയനി:ശ്രേയസഹേതു സ: ധര്‍മ്മം” എന്ന് ആചാര്യപാദര്‍ ധര്‍മ്മത്തെ നിര്‍വചിച്ചിരിക്കുന്നു. ഈ ധര്‍മ്മം അനുഷ്ഠിക്കേണ്ടത് വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ പാലിച്ചു കൊണ്ടാണ്. ഇന്ന് വര്‍ണ്ണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന്റെ ശാസ്ത്രീയാടിസ്ഥാനം എന്തെന്നറിയാതെ ചന്ദ്രഹാസമിളക്കുന്നവരുണ്ട്. വര്‍ണ്ണം ജാതിവ്യവസ്ഥയല്ല.ഓരോരുത്തരുടെയും ഗുണഘടനയ്ക്കനുസരിച്ചു സ്വാഭാവികമായി ഉള്ളതാണു.
എല്ലാ പ്രാണികളിലും സത്വം രജസ്സ് തമസ്സ് എന്നീ മൂന്നു ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍ അവയില്‍ ഏതിനാണോ പ്രാധാന്യം അതനുസരിച്ചായിരിക്കും പ്രവൃത്തി. സത്വപ്രധാനിക്ക് ഇന്ദ്രിയമനോനിയന്ത്രണം, തപസ്സ്, ശൌചം, ക്ഷമ, ഋജുത്വം, ജ്ഞാനം, വിജ്ഞാനം, ആസ്തിക്യം മുതലായവയോടു കൂടിയ കര്‍മ്മങ്ങള്‍ മാത്രമേ സ്വാഭാവികമായി ചെയ്യാന്‍ സാധിക്കൂ. അദ്ദേഹം ബ്രാഹ്മണനാണ്. രാജസപ്രധാന സാത്വികതാമസഗുണമുള്ളവര്‍ക്ക് ശൌര്യം, കര്‍മ്മനിപുണത, ധര്‍മ്മയുദ്ധങ്ങളില്‍ നിന്നും പിന്തിരിയാതിരിക്കുക, ദാനം, നിയന്ത്രണം മുതലായവയോടു കൂടിയ കര്‍മ്മങ്ങള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ. അദ്ദേഹം ക്ഷത്രിയനാണ്. രാജസപ്രധാന താമസസാത്വികഗുണമുള്ളവര്‍ക്ക് കൃഷി വാണിജ്യം ഗോരക്ഷ തുടങ്ങിയവയിലായിരിക്കും അഭിരുചി. അവര്‍ വൈശ്യരാണ്. താമസപ്രധാനിക്ക് പരിചര്യാത്മകമായ കര്‍മ്മങ്ങള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ. മനുഷ്യരുടെ ഗുണമനുസരിച്ച് സ്വാഭാവികമായി സ്വീകരിക്കുന്ന കര്‍മ്മമാണ് വര്‍ണ്ണം കൊണ്ട് വൈദികകാലത്ത്‌ ഉദ്ദേശിച്ചിട്ടുള്ളത്. ഒരേ അച്ഛനും അമ്മയ്ക്കും നാല് വര്‍ണ്ണത്തില്‍ പെട്ട മക്കള്‍ ഉണ്ടായിരുന്നു എന്നും അവര്‍ യാതൊരു ഉച്ചനീചത്വവുമില്ലാതെ കഴിഞ്ഞിരുന്നു എന്നും വേദത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ കഴിയും. ഗുണഘടന അനുസരിച്ചേ മനുഷ്യന് കര്‍മ്മം ചെയ്യുവാന്‍ സാധിക്കൂ. അതാണ്‌ വ്യക്തിയുടെയും സമൂഹത്തിന്റെയും സുസ്ഥിതിക്കും അഭിവൃദ്ധിക്കും യോജിച്ചതും . ഗുണകര്‍മ്മമനുസരിച്ചുള്ള ഈ ചാതുര്‍വര്‍ണ്ണ്യ വിഭജനം ജാതിവ്യവസ്ഥയല്ല എന്നതിന് മറ്റൊരു ഉദാഹരണം സംഗീതശാസ്ത്രത്തില്‍ സ്വരങ്ങള്‍ക്ക് വര്‍ണ്ണത്വം കല്പിച്ചിട്ടുണ്ട് എന്നതാണ്. സ്വരങ്ങളുടെ കര്‍മ്മവും ഗുണവും അനുസരിച്ചാണ് ഈ വിഭജനം. ഇതേ രീതിയില്‍ ധനുര്‍വേദത്തിലും ആയുധങ്ങളെ ഗുണങ്ങള്‍ അനുസരിച്ച് നാലു വര്‍ണ്ണങ്ങളില്‍ പെടുത്തിയിട്ടുണ്ട്. ഈ അർത്ഥത്തിലുള്ള വർണ വ്യവസ്ഥയെയാണ് ചാതുർവർണ്യം മയാ സൃഷ്ടം എന്ന ഗീതാവചനവും പുരുഷ സൂക്തത്തിലെ പുരുഷന്റെ ഓരോ അംഗങ്ങളിൽ നിന്ന് ഈ വർണങ്ങൾ ഉണ്ടായി എന്നും മറ്റുമുള്ള സ്‌മൃതി ശ്രുതി വാക്യങ്ങൾ വിവക്ഷിക്കുന്നത്. ഈ ഗുണങ്ങൾ സ്ഥിരങ്ങളുമല്ല, കർമ്മ ശുദ്ധിയിലൂടെ പടി പടിയായി സത്വഗുണ പ്രധാനന്മാരാകാനുള്ള അവസരം ഓരോ ജീവനുമുണ്ട്. അതിലേക്കാണ് കർമയോഗാദി സാധനകൾ. ഗുണപ്രധാനത്വം മാറുന്നതിനനുസരിച്ച് കർമരംഗവും മാറി വരാം. ചാതുര്‍വ്വര്‍ണ്യത്തിന്റെ നിലനില്പിന് അതിന്റെ അടിസ്ഥാനമായ ഗുണകര്‍മ്മവിഭാഗം കാരണമാകയാല്‍ അതിൽ തുടരുന്നതിനു അതാതു വര്‍ണ്ണങ്ങളിലേക്കു നിശ്ചയിക്കപ്പെട്ടിട്ടുള്ള ഗുണകര്‍മ്മങ്ങളുള്ളവന്‍ മാത്രമേ യോഗ്യനാവൂ എന്നും അല്ലാത്തവന്‍ വര്‍ണ്ണത്തിലെ പിതൃമാതൃക്കളില്‍നിന്നു ജനിച്ചവനായാലും ആ വര്‍ണ്ണങ്ങളിൽ തുടരാൻ യോഗ്യനാകയില്ലെന്നും ഏതെങ്കിലും ഒരു വര്‍ണ്ണത്തില്‍ ജനിച്ചവനില്‍ ആ വര്‍ണ്ണത്തിലേക്കു വേണ്ടതായ ഗുണകര്‍മ്മങ്ങളില്ലാതിരിക്കയും മറ്റു വര്‍ണ്ണത്തിലേക്കു തക്കതായ ഗുണകര്‍മ്മങ്ങളുണ്ടായിരിക്കയും ചെയ്താല്‍ യഥായോഗ്യം അതിലേക്ക് മാറ്റപ്പെടാമെന്നും നിരവധി ശ്രുതി സ്‌മൃതി ഇതിഹാസ പ്രമാണങ്ങളാൽ തെളിയുന്നതാണ് . വര്‍ണ്ണം നാലേ ഉള്ളു. ജാതിയോ ആയിരക്കണക്കിലും. അതുകൊണ്ടുതന്നെ , ജാതിചിന്തയും ജാതിവിഭജനവുമൊക്കെ ശാസ്ത്രം വിഭാവനംചെയ്യുന്നതല്ലെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഇവിടെ പ്രധാനമായും ഓർത്തിരിക്കേണ്ടുന്നത് ഇതെല്ലാം പറഞ്ഞിരിക്കുന്നത് മുമുക്ഷുവിനെ കേന്ദ്രമാക്കിയാണ്. മുമുക്ഷുവായ ഒരുവൻ, താൻ ഇപ്പോൾ നിലവിൽ ഏതു ഗുണത്തിനധീനനാണ് എന്ന് മനസിലാക്കി സാധനാദികളാൽ സത്വപ്രധാനനായി മാറി മോക്ഷത്തിന് അധികാരിയായിത്തീരുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് മോക്ഷശാസ്ത്രം.
ചട്ടമ്പിസ്വാമികൾ പ്രാചീനമലയാളം എന്ന കൃതിയിൽ പറയുന്നു.
"ചാതുര്‍വര്‍ണ്യത്തിനെ രണ്ടായി പിരിക്കാം. അവയില്‍ ഒന്ന് ഗുണകര്‍മ്മങ്ങളെ അടിസ്ഥാനപ്പെടുത്തിയും മറ്റേതു കുക്ഷിപൂരണമതത്തെ അടിസ്ഥാനപ്പെടുത്തിയും ഇരിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥമായ വര്‍ണ്ണവിഭാഗം ശരിയല്ലാത്തതാണെന്നോ അതിന്‍പ്രകാരം ഇഹപരസുഖങ്ങള്‍ സാധിക്കയില്ലെന്നോ യാതൊരു വര്‍ഗ്ഗത്തിനും ഇതുമാതിരിയുള്ള ഏര്‍പ്പാടില്‍ പ്രതിബിംബഭാവത്തില്‍ എങ്കിലും അകപ്പെടാതെ ലോകത്തു ജീവിപ്പാന്‍ കഴിയുമെന്നോ പറവാന്‍ പാടില്ല; പറയുന്നുമില്ല. ഇപ്പോള്‍ ഇവിടെ നടപ്പിലിരിക്കുന്ന ചാതുര്‍വര്‍ണ്യനിയമം ഒന്നാമതായി പറഞ്ഞ ഗുണകര്‍മ്മവിഭാഗപ്രധാനമായ നിയമത്തിലുള്ളതല്ല. വിധിപ്രകാരമുള്ള ബ്രാഹ്മണക്ഷത്രിയാദി നാമങ്ങളെ മാത്രം വച്ചുംകൊണ്ട് ആ നിയമത്തിന്റെ ഉദ്ദേശത്തിനു വിപരീതമായും അതിന്റെ ശരിയായ സ്വരൂപത്തിന് മറവായും നാശകരമായും ഉള്ള രണ്ടാമത്തെ പിരിവിനെയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇത് ഒരിക്കലും ആദ്യം മഹാന്മാരാല്‍ അനുഷ്ഠിക്കപ്പെട്ട ചാതുര്‍വര്‍ണ്യനിയമമല്ല എന്നു നിശ്ചയംതന്നെ. ഇതിനെ പാഷണ്ഡമതലോകായതമതമിശ്രമായ ദുര്‍വ്യവസ്ഥയെന്നോ കഷ്ടിപിഷ്ടി ചാതുര്‍വര്‍ണ്യാഭാസമെന്നോ മറ്റോ വേണം പറവാന്‍. പൂര്‍വ്വനിയമം അമൃതം: ഇതു വിഷം." ഇത് കൊണ്ട് തന്നെ വൈദിക ശാസ്ത്രങ്ങളിൽ പരാമർശിതമായ വർണവിഭാഗവുമായി ഇന്ന് നിലവിലുള്ള സാമൂഹിക ജാതിവ്യവസ്ഥയ്ക്ക് ബന്ധമില്ല എന്ന് തെളിയുന്നു. വൈദികമായ വർണധർമം ജാതിയല്ല എന്ന് വ്യക്തമായതിനാൽ ആചാര്യസ്വാമികൾ പുരുഷസൂക്തത്തെ തന്നെ പ്രമാണമാക്കി ചാതുർവർണ്യം മയാ സൃഷ്ടംഎന്ന ഗീതാശ്ലോകത്തിനു ഭാഷ്യം ചമച്ചത് ഉപപന്നമാണെന്നു തെളിയുന്നു.
ആക്ഷേപം
ഗീത അദ്ധ്യായം 18, 41 - 48 ശ്ലോക വ്യാഖ്യാനങ്ങളിലാണ് ശങ്കരാചാര്യരുടെ ജാതീയത മറനീക്കുന്നത്. സ്വഭാവ കർമങ്ങൾ എന്താണെന്ന് വ്യാഖ്യാനിച്ചു ശങ്കരാചാര്യരും ജാതിയെ സ്ഥാപിക്കുന്നു,
മറുപടി
അടുത്ത ആക്ഷേപം ഗീതയിലെ മോക്ഷസംന്യാസയോഗാധ്യായത്തിൽ 41 മുതൽ 48 വരെയുള്ള ശ്ലോകങ്ങളുടെ ശാങ്കര ഭാഷ്യം ജാതീയതയെ സ്ഥാപിക്കുന്നു എന്നതാണ്. മനപൂർവമോ അല്ലാതെയോ പ്രസ്തുത ശ്ലോകങ്ങളെ മാത്രം പ്രകാരണത്തിൽ നിന്ന് അടർത്തി വായിക്കുന്നത് കൊണ്ടും, ഭാഷ്യകാരന്റെ സുവ്യക്തമായ പ്രസ്താവനകളെ കണ്ടില്ല എന്ന് നടിക്കുന്നത് കൊണ്ടുമാണ് ഈ വിധത്തിൽ ആക്ഷേപങ്ങളുയർത്തുന്നത്. 41-ാം ശ്ലോകം പെട്ടെന്ന് ഒരു ബന്ധവുമില്ലാതെ തുടങ്ങുന്ന ഒരു ശ്ലോകമല്ല. മുൻ ശ്ലോകങ്ങളിലൂടെ പറഞ്ഞു വരുന്ന ആശയങ്ങളുടെ തുടർച്ചയാണ് ഈ ശ്ലോകവും.
മോക്ഷസംന്യാസയോഗം 18-ാം ശ്ലോകം.
"ജ്ഞാനം ജ്ഞേയം പരിജ്ഞാതാ
ത്രിവിധാ കർമ്മചോദനാ
കാരണം കർമ്മ കർത്തേതി
ത്രിവിധ: കര്മസംഗ്രഹ:"
കർമങ്ങളെ പ്രവർത്തിപ്പിക്കുന്നതെന്താണെന്നു പറയുന്നു. 'ജ്ഞാനം, ജ്ഞേയം, ജ്ഞാതം എന്നിങ്ങനെ കർമം ചെയുവാനുള്ള പ്രേരണ മൂന്ന് വിധമാണ്. ഇന്ദ്രിയം, കർമം, കർത്താവ് എന്നിങ്ങനെ കർമസംഗ്രഹത്തിന് മൂന്ന് ഭേദങ്ങളുണ്ട്. '
തുടർന്നു വരുന്ന ശ്ലോകങ്ങളിൽ ഇപ്പറഞ്ഞ ആറു ഘടകങ്ങളെ ഓരോന്നിനെയും വിശദമാക്കുന്നു. ഈ ഓരോന്നിനെയും സത്വ രജ തമോ ഗുണങ്ങളുടെ ആധിക്യമനുസരിച്ചു 19 മുതൽ 28 വരെയുള്ള ശ്ലോകങ്ങളിൽ മൂന്നായി തിരിച്ചു പറയുന്നു.
ശേഷം ഇതേ മട്ടിൽ 29 മുതൽ 39 വരെയുള്ള ശ്ലോകങ്ങളിൽ ബുദ്ധി, ധൃതി(ധൈര്യം), സുഖം എന്നിവയെയും സാത്വികം രാജസികം , താമസികം എന്നിങ്ങനെ മൂന്നായി വേർതിരിച്ചു കാട്ടുന്നു.
തുടർന്ന് 40 -ാം ശ്ലോകത്തിൽ പറയുന്നു "പ്രകൃതിയിലുള്ള ഈ മൂന്ന് ഗുണങ്ങളിൽ നിന്ന് മുക്തമായ യാതൊരു ജീവസമൂഹവും ഭൂമിയിലോ സ്വർഗ്ഗത്തിലോ ദേവന്മാരിലോ ഇല്ല".
ശേഷം 41 -ാം ശ്ലോകം മുതൽ പുരുഷാർത്ഥം ആഗ്രഹിക്കുന്നവർ അനുഷ്ഠിക്കേണ്ട വസ്തുതകളെ വിശദമാക്കുന്നു. ഇത് വരെ തുടർന്ന് വന്ന ഗുണ സംഗ്രഹം ഇനിയുള്ള ശ്ലോകങ്ങളിലും കാണാം.
"ബ്രാഹ്മണ ക്ഷത്രിയവിശാം
ശൂദ്രാണാം ച പരന്തപ
കർമ്മാണി പ്രവിഭക്താനി
സ്വഭാവ പ്രഭവൈർ ഗുണൈ"
ഭാഷ്യം : ബ്രാഹ്മണാ: ചാ ക്ഷത്രിയാഃ ചാ വിശ: ച ബ്രാഹ്മണക്ഷത്രിയവിശ: തേഷാം 'ബ്രാഹ്മണക്ഷത്രിയവിശാം ശൂദ്രാണാം ച' ശൂദ്രാണാം അസമാസകാരണം ഏക ജാതിത്വേ സതി വേദേ അനധികാരാത്, ഹേ പരന്തപ കർമ്മാണി പ്രവിഭക്താനി ഇതരേതര വിഭാഗേന വ്യവസ്ഥാപിതാനി’.
‘ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർ ശൂദ്രർ എന്നിങ്ങനെ നാല് വർണങ്ങളിൽ പെട്ടവരും ചെയ്യേണ്ട കർമങ്ങളെ ഇനം തിരിച്ചു പറയുന്നു. വേദ പഠനത്തിന് അർഹരല്ലാത്തതിനാൽ ബ്രാഹ്മണക്ഷത്രിയവിശാം എന്ന സമാസ പദത്തിൽ നിന്ന് ശൂദ്രൻ എന്ന പദം ഏക ജാതിയായി തിരിച്ചു നിർത്തിയിരിക്കുന്നു.’
ഇത് ഇവിടെ എടുത്ത് പറയേണ്ടുന്ന ഉത്തരവാദിത്വം ഭാഷ്യകാരനുണ്ട്. കാരണം ഈ 'ബ്രാഹ്മണക്ഷത്രിയവിശാം ശൂദ്രാണാം' എന്ന പ്രത്യേക പ്രയോഗം തന്നെ. 'ബ്രാഹ്മണ ക്ഷത്രിയവിശശൂദ്രാണാം' എന്ന സമാസമായിരുന്നുവെങ്കിൽ, നാലിനെയും ഒരുമിച്ചു പറയപ്പെട്ടാൽ ഈ ഒരു വരി ഭാഷ്യത്തിൽ ആവശ്യമില്ല . ഗീതാശ്ലോകത്തിൽ തന്നെ മൂന്നും ഒന്നും എന്ന അസമാസ പ്രയോഗമാണ് അതിനാൽ ഭാഷ്യകാരന് അത് സൂചിപ്പിക്കേണ്ടതുണ്ട്.
തുടർന്ന് ഈ നാല് വർണ വിഭജനത്തിനടിസ്ഥാനം എന്തെന്ന് ഭാഷ്യകാരൻ പറയുന്നു .."യേഷാം ഗുണാനാം തേ സ്വഭാവ പ്രഭവാ: തൈ: ശമാദീനി കർമ്മാണി പ്രവിഭക്താനി ബ്രാഹ്മണാദീനാം " അർത്ഥം - 'സ്വഭാവ പ്രഭാവമായ സത്വ രജ തമോ ഗുണങ്ങൾ കൊണ്ട് അതാത് ഗുണത്തിന് അനുരൂപമായ കർമങ്ങൾ കൊണ്ട് ബ്രാഹ്മണാദി ചതുർ വർണങ്ങളെ വിഭജിച്ചിരിക്കുന്നു'. ഇനി ഏതേത് ഗുണാധിക്യത്താലാണ് ഓരോ വർണവും വേറിട്ട് നിൽക്കുന്നത് എന്ന് പറയുന്നു.
"ബ്രാഹ്മണ സ്വഭാവസ്യ സത്ത്വ ഗുണ: പ്രഭവ: കാരണം, തഥാ ക്ഷത്രിയ സ്വഭാവസ്യ സത്ത്വോപസർജ്ജനം രജ: പ്രഭവ: കാരണം, തഥാ വൈശ്യ സ്വഭാവസ്യ തമ ഉപസർജ്ജനം രജ: പ്രഭവ, ശൂദ്ര സ്വഭാവസ്യ രജ: ഉപസര്ജ്ജനം തമ: പ്രഭവ: പ്രശാന്ത്യൈശ്വര്യേ ഹാമൂഢതാ സ്വഭാവ ദർശനാത് ചതുർണാം ".
അർത്ഥം - ' ബ്രാഹ്മണ സ്വഭാവത്തിനു കാരണം സത്ത്വ ഗുണമാണ്. ക്ഷത്രിയ സ്വഭാവത്തിനു കാരണം പ്രധാനമായി രജോഗുണവും അതിൽ കലർന്നിട്ടുള്ള സത്ത്വ ഗുണവുമാണ് . വൈശ്യ സ്വഭാവത്തിന്റെ കാരണം രജോഗുണവും താമസഗുണവും കൂടിച്ചേർന്നതും, ശൂദ്ര സ്വഭാവത്തിന്റെ കാരണം മുഖ്യമായി തമോഗുണവും അതിൽ കലർന്നിട്ടുള്ള രജോഗുണവും ആകുന്നു. ഇവയിൽ യഥാക്രമം പ്രശാന്തത, ഐശ്വര്യം, ആഗ്രഹം, മൂഢത എന്നിവ സ്വഭാവങ്ങളായി കാണാം.'
ശങ്കരാചാര്യർ ഇവിടെ ശ്രുതിയില്‍ പറഞ്ഞപ്രകാരം ത്രൈവർണികൾക്കുള്ള അധ്യയന അധികാരം സ്വീകരിച്ചു. അങ്ങനെ സ്വീകരിക്കുമ്പോഴും ശൂദ്രന്‍ എന്നത് തമോഗുണപ്രധാനനും മൌഡ്യസ്വഭാവം ഉള്ളവനും എന്ന അര്‍ത്ഥത്തില്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. കാരണം പ്രകരണം കൊണ്ട് ഗുണ നിരൂപണം ആണ് 19 -ാം ശ്ലോകം മുതലിങ്ങോട്ട് തുടർന്ന് വന്നത്. അങ്ങനെയുള്ള സ്വഭാവ പ്രകൃതമായ ശൂദ്ര വർണികൾക്ക് അധികാരലക്ഷണമായ നിത്യാനിത്യവസ്തുവിവേകം ചെയ്യാന്‍ കഴിവുണ്ടാകില്ല. ആ തത്ത്വം പൊതുവില്‍ സ്വീകരിച്ചാണ് ഭാഷ്യകാരന്‍ അത് വിശദീകരിച്ചത്. എന്നാല്‍ ശൂദ്രനെങ്കിലും ഏതോ പൂര്‍വ്വകര്‍മ്മപുണ്യബലത്താല്‍ ജിജ്ഞാസ ഉണ്ടായിക്കൂടെന്നില്ല. അതിനാല്‍ ചില ശ്രുതിയില്‍ ശൂദ്രനും അധികാരം പറയും. അതിനാൽ വേദം അദ്ധ്യയനം ചെയ്യാൻ പാടില്ല എന്ന വിദ്ധ്യർത്ഥം സ്വീകരിക്കുന്നതിൽ യുക്തിയില്ല മറിച്ച് സ്ത്രീകളും ശൂദ്രരും വേദം പഠിച്ചേ കഴിയൂ എന്നില്ല എന്ന ഔചിത്യാര്‍ത്ഥം ആണ് മനുസ്മൃതിയും മറ്റും പറയുന്നത്. അധികാരലക്ഷണങ്ങൾ ഇല്ലാത്തിടത്തോളം, തമോഗുണപ്രധാനരും മൌഡ്യസ്വഭാവമുള്ളവരും വേദാധ്യയനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക എന്നതാണ് പ്രസ്തുത ഏകജാതിത്വം.
പ്രകൃതത്തിൽ ജന്മ ശൂദ്രത്വം എന്ന നിലയിൽ ഒരു സൂചനയും ഇല്ല. ഒരു ജീവൻ ഇന്ന കുലത്തിൽ ജനിച്ചു എന്നത് കൊണ്ട് അതിന്റെ ഗുണ കർമ്മ വിഭാഗങ്ങൾ നിശ്‌ചയിക്കപ്പെടുന്നില്ല, അതേ ജീവന്റെ സ്വയം ആർജ്ജിതമായ പൂർവ ജന്മ സംസ്കാരങ്ങളാണവയെ നിശ്ചയിക്കുന്നത്. ഭാഷ്യത്തിൽ ഈ വിഷയത്തെത്തന്നെ ആചാര്യൻ വിശദീകരിക്കുന്നു
"അഥവാ ജന്മാന്തര കൃത സംസ്കാര: പ്രാണിനാം വർത്തമാനജന്മനി സ്വകാര്യാഭിമുഖത്വേന അഭിവ്യക്ത: സ്വഭാവ: സ: പ്രഭാവോ യേഷാം തേ സ്വഭാവ പ്രഭാവാ: ഗുണാഃ".
അർത്ഥം - 'ജന്മാന്തരങ്ങളായി ചെയ്തു വരുന്ന പ്രവൃത്തികളിൽ നിന്നും കിട്ടുന്ന സംസ്കാരം അവരുടെ സ്വന്ത കാര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ പ്രകടമാകുന്നതാണ് സ്വഭാവം. ഗുണങ്ങളുടെ കാരണവും ഈ സ്വഭാവം തന്നെയാണ്.' ഇവിടെ ആശയം വ്യക്തമാണ്. ഒരുവന്റെ ജന്മം അഥവാ മാതാപിതാക്കൾ അല്ല അവന്റെ വർണം നിശ്ചയിക്കുന്നത്, ആ ജീവന്റെ തന്നെ പൂർവകർമകൃതമായ സംസ്കാരമാണതിന്റെ ഹേതു.
മാത്രമല്ല , വേദത്തില്‍തന്നെ ഒന്നിനൊന്നു വിരോധമായ രണ്ടു മാര്‍ഗ്ഗങ്ങളെ പറഞ്ഞിരുന്നാല്‍ അവ രണ്ടും സമഗൗരവമായി സമ്മതിക്കപ്പെടേണ്ടതാണെന്നു മനുസ്മൃതി വിധിച്ചിരിക്കുന്നു.
‘ശ്രുതിദ്വൈധം തു യത്ര സ്യാ-
ത്തത്ര ധര്‍മ്മാവുഭൗ സ്മൃതൗ’ (മനു. 2-14)
ഈ വിധിയാല്‍ വേദത്തില്‍ ഒരു സ്ഥലത്തു ക്ഷത്രിയാദികള്‍ക്ക് അധ്യാപനവും, ശൂദ്രന് അധ്യയനവും പാടില്ലാ എന്നു വിധിച്ചിരുന്നാല്‍പോലും മറ്റുള്ള ഭാഗങ്ങളില്‍ ആദരിച്ചിരിക്കുന്ന ആചാരബലത്താല്‍ ക്ഷത്രിയാദികള്‍ക്ക് അധ്യാപനവും, ശൂദ്രന് അധ്യയനവും ചെയ്യാമെന്നു നിര്‍വ്വിവാദമായി തെളിയുന്നു. ഗീതയിൽ തന്നെയുള്ള അസമാസ പ്രയോഗത്തിന് ശാസ്ത്രദൃഷ്ട്യാ വ്യക്തത വരുത്തിയ ഭാഷ്യകാരനിൽ ജാതീയതയുടെ ദോഷം നിലനിൽക്കുന്നില്ല.
ആക്ഷേപം
ഭഗവദ് ഗീതയിൽ ജാതി ശബ്ദമില്ല, എന്ന വാദം ശരിയല്ല .: 18 -ാം അദ്ധ്യായം 44 -ാം ശ്ലോകത്തിന്റെ ഭാഷ്യം പറയുന്നത് "ഏതേഷാം ജാതി വിഹിതാനാം കർമാണാം സമ്യഗനുഷ്ഠിതാനാം സ്വർഗ്ഗ പ്രാപ്തി: ഫലം സ്വഭാവതഃ " എന്നാണ് . ജാതി (വർണമല്ല) വിഹിത കർമ്മാനുഷ്ഠാനം സ്വർഗ്ഗപ്രാപ്തിക്ക് ഫലം ചെയ്യുമെന്ന്.
മറുപടി
19 -ാം ശ്ലോകം മുതലിങ്ങോട്ട് തുടർന്ന് വന്ന പ്രകരണത്തിന്റെ ഭാഗമായിട്ട് 42,43,44 ശ്ലോകങ്ങളിൽ ഓരോ വർണങ്ങൾക്കും സ്വഭാവേന ഗുണാനുസാരിയായ കർമങ്ങൾ വിഭജിച്ചു പറഞ്ഞു.
44 -ാം ശ്ലോകത്തിന്റെ ഭാഷ്യത്തിൽ പറയുന്നു "ഏതേഷാം ജാതി വിഹിതാനാം കർമ്മണാം സമ്യഗനുഷ്ഠിതാനാം സ്വർഗ്ഗ പ്രാപ്തി: ഫലം സ്വഭാവതഃ "
അർത്ഥം - ‘മേൽപ്പറഞ്ഞ ഓരോ വിഭാഗത്തിനുമായി പറഞ്ഞിട്ടുള്ള കർമ്മങ്ങൾ അവരവർ പൂർണ്ണതയോടെ ചെയ്‌യൂന്പോൾ കിട്ടുന്ന ഫലം സ്വർഗ്ഗപ്രാപ്തി തന്നെ ‘
തുടർന്ന്,
"'വർണ്ണാ: ആശ്രമാശ്ച സ്വകർമ്മനിഷ്ഠാ: പ്രേത്യകർമ്മഫലമനുഭൂയഃ തതഃ ശേഷേണ വിശിഷ്ടദേശജാതികുലധർമായു: ശ്രുതവൃത്ത വിത്ത സുഖ മേധ സ: ജന്മ പ്രതിപദ്യന്തേ'. ഇത്യാദി സ്‌മൃതിഭ്യ: പുരാണേ ച വർണ്ണിനാം ആശ്രമിണാം ച ലോകഫലഭേദവിശേഷ സ്മരണാത്."
അർത്ഥം - 'അതാത് വർണ്ണങ്ങളും ആശ്രമങ്ങളും അവരവർക്ക് വിഹിതങ്ങളായ പ്രവൃത്തികൾ ചെയ്ത് കർമഫലമനുഭവിച്ചു മരിക്കുന്നു. ശേഷിക്കുന്ന കർമഫലം കൊണ്ട് വിശിഷ്ടമായ ജാതിയിലും കുലത്തിലും ജനിക്കുന്നു. എന്നിട്ട് ആയുസ്സ്, വിദ്യ, സുശീലത, സുഖം, ബുദ്ധി,ധനം എന്നിവയെ നേടുന്നു. ഇങ്ങനെ സ്‌മൃതി പുരാണങ്ങളിൽ വർണാശ്രമങ്ങളെയും ലോകത്തിലുണ്ടാകുന്ന ഫലങ്ങളെയും പറയുന്നുണ്ട്.'
ഇവിടെ ജാതി വിഹിതാനാം കർമ്മണാം എന്നിടത്തെ ജാതി ശബ്ദത്തെ ചൊല്ലിയാണ് ആരോപണം. ജാതി ശബ്ദത്തിനു മുഖ്യമായും അർത്ഥം സമാന ഗുണങ്ങളെയവലംബിച്ചുള്ള വിഭാഗം എന്നാണ്. ഗോ ജാതി മനുഷ്യജാതി ഇത്യാദി പ്രയോഗങ്ങൾ ഉദാഹരണം. അതായത് ഇവിടെ വിവക്ഷിച്ചിരിക്കുന്നത് ഇത് വരെ ഗുണകർമവിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ പറഞ്ഞു വന്ന നാല് വർണങ്ങളെ തന്നെയാണ്, ജന്മത്താലുള്ള ജാതിയല്ല. ഇതിന് പ്രമാണമായി ധർമസൂത്രത്തിൽ നിന്നുള്ള "വർണ്ണാ: ആശ്രമാശ്ച സ്വകർമ്മനിഷ്ഠാ:..." എന്ന സ്മൃതി വാക്യത്തെയും ആചാര്യൻ തുടർന്ന് നൽകി. ഈ പ്രമാണം കൊണ്ടും ജാതിവിഹിതാനം കർമ്മണാം എന്ന പ്രയോഗം വിഭാഗ അർത്ഥത്തിൽ ആണെന്ന് കാണാം. തുടർന്നും ഇതേ പ്രകരണത്തിൽ 46 -ാം ശ്ലോകത്തിന്റെ ഭാഷ്യത്തിലും സമാനമായ വരികൾ കാണാനാകും . ഭാഷ്യകാരൻ പറയുന്നു, "'സ്വകർമണാ' പൂർവോക്തേന പ്രതിവർണം 'തം' ഈശ്വരം 'അഭ്യർച്യ' പൂജയിത്വാ ആരാധ്യ കേവലം ജ്ഞാനനിഷ്ഠായോഗലക്ഷണാം 'സിദ്ധിം വിന്ദതി മാനവോ' മനുഷ്യ:" അർത്ഥം - ' വിവിധ വർണങ്ങളിൽ പെട്ടവർ മുൻപേ പറയപ്പെട്ടതായ അവരവർക്കുള്ള കർമ്മങ്ങൾ കൊണ്ട് അർപ്പണഭാവേന ഈശ്വരനെ ആരാധിക്കുന്പോൾ അവർക്ക് ജ്ഞാനനിഷ്ഠ കൊണ്ടുള്ള യോഗസിദ്ധി ഉണ്ടാകുന്നു.' അതിനാൽ, പ്രകരണം കൊണ്ടും, പ്രസ്തുത വരിയെ തുടർന്ന് വരുന്ന ഭാഷ്യങ്ങൾ കൊണ്ടും ജാതി ശബ്ദം ഇന്ന് വ്യവഹരികുന്ന ജാതീയതയുടെ അർത്ഥത്തിലല്ല എന്ന് സ്പഷ്ടം.
ആക്ഷേപം
“ശമോ ദമസ്തപ ശൗചം
ക്ഷാന്തിരാർജ്ജവമേവച
ജ്ഞാനം വിജ്ഞാനമാസ്തിക്യം
ബ്രഹ്മകർമസ്വഭാവജം”
എന്ന ശ്ലോകത്തിൽ ശൗചകർമം ബ്രാഹ്മണർക്കായി മാത്രം പറഞ്ഞിരിക്കുന്നു. ബാക്കിയുള്ളവർക്ക് കഴുകാൻ പോലും പാടില്ലേ!
മറുപടി
ശൗചത്തെ സംബന്ധിച്ച് ഗീതയിൽ തന്നെ പല സ്ഥലങ്ങളിലായിട്ടുള്ള ഭാഷ്യകാരന്റെ വാക്കുകൾ ശ്രദ്ധിക്കാം
ക്ഷേത്രജ്ഞനായ ആത്മ ചൈതന്യത്തെ അറിയുവാൻ വേണ്ടിയുള്ള ജ്ഞാന സാധനങ്ങളെ ഗീത വിവരിക്കുന്നു, ക്ഷേത്ര ക്ഷേത്രജ്ഞയോഗാദ്ധ്യായത്തിൽ;
"അമാനിത്വമദംഭിത്വ-
മഹിംസാ ക്ഷാന്തിരാർജ്ജവം
ആചാര്യോപാസനം ശൗചം
സ്ഥൈര്യമാത്മ വിനിഗ്രഹ" (13 - 7)
ഇതിന്റെ ഭാഷ്യത്തിൽ ആചാര്യസ്വാമികൾ ശൗചത്തെ നിർവചിക്കുന്നു.
"'ശൗചം'- കായമലാനാം മൃജ്ജലാഭ്യാം പ്രക്ഷാളനം അന്ത: ച മനസ: പ്രതിപക്ഷഭാവനയാ രാഗാദിമലാനാം അപനയനം ശൗചം"
അർത്ഥം - 'ശൗചം എന്നാൽ ബാഹ്യശരീരത്തിലെ മാലിന്യങ്ങളെ മണ്ണ്, ജലം എന്നിവ കൊണ്ട് കളയുക. മനസിലുള്ള രാഗാദി ദോഷങ്ങളെയാകട്ടെ അവയുടെ ദോഷവശങ്ങളെ വിചിന്തനം ചെയ്തുകൊണ്ട് വിപരീത ഭാവനായാൽ ഇല്ലാതാക്കുക.'
അതായത് മോക്ഷശാസ്ത്രത്തിൽ ശൗചം എന്നത് ആത്മാവിനെയറിയുന്നതിലേക്കുള്ള യോഗ്യതകളിൽ ഒന്നാണ്.
മറ്റൊരിടത്തു ഇങ്ങനെ ഭാഷ്യകാരൻ പറയുന്നു. "ദേഹേന്ദ്രിയവിഷയസംബന്ധാദിഷു അപേക്ഷാ വിഷയേഷു യസ്യ നാസ്തി സ 'അനപേക്ഷാ' നിസ്പൃഹ, 'ശുചി:' ബാഹ്യേന ആഭ്യന്തരേണ ചാ ശൗചേന സന്പന്ന:, 'ദക്ഷ:' പ്രത്യുത്പന്നെഷു കാര്യേഷു സദ്യോ യഥാവത് പ്രതിപത്തും സമർത്ഥ:" (12 - 16) . ശരീരത്തിന്റെ പുറത്തും അകത്തും പരിശുദ്ധിയുള്ളവനാണ് ശുചി എന്ന് ഇവിടെയും വ്യക്തമാക്കിയിരിക്കുന്നു.
ഇനി ആക്ഷേപമുന്നയിക്കപ്പെട്ട ശ്ലോകം 18 - 42 ലേക്ക് വരാം
"ശമോ ദമസ്തപ: ശൗചം
ക്ഷാന്തിരാർജ്ജവമേവ ച
ജ്ഞാനം വിജ്ഞാനമാസ്തിക്യം
ബ്രഹ്മകർമസ്വഭാവജം"
അർത്ഥം - ‘ശമം, ദമം, തപസ്സ്, ക്ഷമ, സരളത, വേദജ്ഞാനം , അനുഷ്ഠാനജ്ഞാനം, ആസ്തിക്യം ഇവയെല്ലാം സ്വാഭാവികമായ ബ്രാഹ്മണ കർമങ്ങളാണ്.’
ഈ ശ്ലോകത്തിന്റെ ഭാഷ്യത്തിൽ പറയുന്നു, "ശൗചം വ്യാഖ്യാതം (16 - 3 ) " - 'ശൗചത്തെ നേരത്തെ 16 - 3 ൽ വ്യാഖ്യാനിച്ചു കഴിഞ്ഞു.'
ഏത് പ്രകാരം? "ശൗചം ദ്വിവിധം മൃതജലകൃതം ബാഹ്യം ആഭ്യന്തരം ച മനോബുദ്ധ്യോ: നൈർമല്യം, മായാരാഗാദി കാലുഷ്യഅഭാവ: ഏവം ദ്വിവിധം ശൗചം." - ' ശൗചം രണ്ടു രീതിയിലുണ്ട്. ജലം കൊണ്ടും മണ്ണ് കൊണ്ടും പുറമെയുള്ള മാലിന്യത്തെ കഴുകിക്കളയുന്നതും, രാഗദ്വേഷാദി മനോമാലിന്യങ്ങളെ നീക്കി മനസിനെ നിർമ്മലമാക്കുന്നതും, രണ്ടും ശൗച വൃത്തി തന്നെയാണ്.'
നിശ്രേയസ്സ് ലക്ഷ്യമാക്കുന്ന മുമുക്ഷുവിന് മനസ്സിന്റെ ഉപശമാദികൾ കൂടിയേ തീരൂ. അങ്ങനെ അധികാരിയായിത്തീരുന്ന മുമുക്ഷു സ്വാഭാവികമായി സത്വഗുണ പ്രധാനനാവാതെ തരമില്ല. സത്വ ഗുണപ്രധാനികളുടെ സ്വാഭാവിക കർമങ്ങളിലൊന്നായിട്ടാണ് ശൗചം ഇവിടെ പറയപ്പെട്ടത്. ബാഹ്യ ശൗചം ആന്തരിക ശൗചത്തിന് ഭാവനാരൂപത്തിൽ പ്രേരകവുമാണ്. മുൻ ശ്ലോകങ്ങളിൽ നിന്ന് തുടർന്ന് വരുന്ന ഗുണനിരൂപണ പ്രകരണം കൊണ്ട് തന്നെ ഇവിടെ 'ബ്രഹ്മകർമസ്വഭാവജം' എന്നത് കൊണ്ട് വിവക്ഷിക്കപ്പെട്ട ബ്രാഹ്മണ വർണം ഗുണ കർമ്മങ്ങളെ അടിസ്ഥാനമാക്കിയതാണെന്നതിന് സംശയവുമില്ല. ബാഹ്യവും ആഭ്യന്തരവുമായ രണ്ടു വിധേനയുമുള്ള ശൗചം എന്ന അർത്ഥമാണ് ഇവിടെ ആചാര്യൻ ഭാഷ്യത്തിൽ സ്വീകരിച്ചിരിക്കുന്നത് എന്നത് കൊണ്ട് പ്രസ്തുത ആക്ഷേപം ഭാഷ്യത്തിൽ തന്നെ കൊടുത്തിട്ടുള്ള നിർവചനം കാണാത്തത് കൊണ്ടുണ്ടായതാണ്.
ആക്ഷേപം
ശാങ്കരസ്മൃതി എഴുതിയത് ശങ്കരാചാര്യരാണ്. അതിനു അവതാരിക തയാറാക്കിയ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഈ അഭിപ്രായത്തെ ശരിവയ്ക്കുന്നു
മറുപടി
കേരളത്തിൽ മാത്രം നിലവിലുണ്ടായിരുന്ന ഒരു സ്‌മൃതി ഗ്രന്ഥമാണ് ശാങ്കരസ്‌മൃതി. ഗ്രന്ഥത്തിന്റെ കർത്താവായി 'ശങ്കരൻ' എന്നാണ് ആലേഖനം ചെയ്തിട്ടുള്ളത്. പ്രാമാണികത ലഭിക്കാനായി ഇത് ശ്രീ ശങ്കരാചാര്യരാണെന്ന് ചിലർ വാദിച്ചു വരുന്നു. 32 അധ്യായങ്ങളുള്ള ഈ കൃതിയിൽ നിർദോഷങ്ങളായ ഉപദേശങ്ങളും നിർദേശങ്ങളും നല്കിയിരിക്കുന്നതിന് പുറമെ കേരളത്തിൽ മാത്രം നിലനിന്നിരുന്ന 64 അനാചാരങ്ങളെ, പ്രാമാണികതയാ പുലർത്തേണ്ടുന്ന ആചാരങ്ങളായി നിർദേശിച്ചിരിക്കുന്നു. ശാങ്കരസ്മൃതിയുടെ ആധികാരികതയെക്കുറിച്ച് മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതുന്നു: "കേരളത്തിലെ ആചാരങ്ങളെ വിവരിക്കുന്ന ശാങ്കരസ്മൃതി ഏതോ ശങ്കരൻ നമ്പൂതിരിയുടെ കൃതിയെന്നല്ലാതെ അത് ഭഗവത്പാദരുടെ നിബന്ധമാണെന്നു പറയുവാൻ യാതൊരു നിർവാഹവും കാണുന്നില്ല. കാരണങ്ങൾ ഇവയാണ്: 1) അതിന്റെ അടിസ്ഥാനമെന്നു പറയുന്ന ഭാർഗ്ഗവസ്മൃതി ഇനിയും കണ്ടുകിട്ടിയിട്ടില്ല. 2) ശാങ്കരസ്മൃതിയെയോ ഭാർഗ്ഗവസ്മൃതിയെയോ ഇതര സ്മൃതികാരന്മാർ സ്മരിച്ചിട്ടില്ലെന്നു മാത്രമല്ല, മാധവാചാര്യർ പോലും സർവ്വസ്മൃതിപ്രദീപമായ പരാശരാമാധവീയത്തിൽ അങ്ങനെ ഗ്രന്ഥമുള്ളതായി പറയുന്നില്ല. ശിഷ്യനായ സുരേശ്വരാചാര്യരുടെ 'ബാലക്രീഡ'യിലും ശാങ്കരസ്മൃതിയെ സ്മരിച്ചു കാണുന്നില്ല. 3) ശങ്കരാചാര്യരുടെ കവിതാശൈലി ശാങ്കരസ്മൃതിയിൽ ഒരിടത്തും തൊട്ടു തെറിച്ചിട്ടു പോലുമില്ല. 4) സംന്യാസിവര്യനായ ആ മഹാത്മാവ് കേരളാചാരങ്ങളെ ക്രോഡീകരിച്ച് ഒരു ഗ്രന്ഥം നിർമിച്ചിരിക്കുകയില്ലെന്നു മാത്രമല്ല, നിർമ്മിച്ചാൽ തന്നെ കർമകാണ്ഡോപാസാകാരായ അന്നത്തെ നമ്പൂതിരിമാർ അത് പ്രമാണത്വേന അംഗീകരിച്ചിരിക്കുകയുമില്ല. 5) 'ജല്' ധാതുവിൽ നിന്ന് 'ജല്‌മി' എന്ന പടവും ജല്‌മി രൂപാന്തരപ്പെട്ട് ജന്മി എന്ന പദവും ഉണ്ടായി എന്നത്രേ ഗ്രന്ഥകാരൻ പറയുന്നത്. ഇത്രമാത്രം അസംബന്ധമായ ഒരു നിരുക്തത്തിന് സർവശാസ്ത്രജ്ഞനായ ഭഗവദ്പാദരെ ഉത്തരവാദിയാക്കുന്നത് അന്യായമാണ്." (കേരള സാഹിത്യ ചരിത്രം വാല്യം 1, പുറം 123)
ആചാര്യർ കുട്ടിക്കാലത്തു തന്നെ കേരളം വിട്ടിരുന്നെന്നും 12 -ാം വയസിൽ നർമദാ നദീതീരത്ത് ഗോവിന്ദപാദാശ്രമത്തിൽ താമസിച്ചുകൊണ്ട് പ്രസ്ഥാനത്രയ ഭാഷ്യം രചിച്ചു എന്നും 32 -ാം വയസിൽ സമാധി പൂകി എന്നും മറ്റും ജീവചരിത്രകാരന്മാർ അംഗീകരിച്ചിട്ടുള്ളതാണ്. സ്വമാതാവിന്റെ ദേഹവിയോഗം ആസന്നമായി എന്നറിഞ്ഞപ്പോൾ മാത്രമാണ് ആചാര്യർ കേരളത്തിലേക്ക് തിരിച്ചു വന്നതും ഏതാനും ദിവസങ്ങൾ മാത്രം ഇവിടെ താമസിച്ചതും. അമ്മയുടെ ദേഹ വിയോഗം കഴിഞ്ഞ ഉടൻ ആചാര്യർ കേരളം വിട്ടു, പിന്നീട് തിരിച്ചു വന്നില്ല. എങ്കിൽ പിന്നെ എപ്പോഴായിരിക്കും ആചാര്യർ സ്മൃതി രചിച്ചിരിക്കുക എന്ന സാമാന്യ യുക്തിയാലും ശങ്കരസ്മൃതി ആചാര്യകൃതമല്ല എന്നാണ് തെളിയുന്നത്. ഭാഷ്യങ്ങളിൽ പാടെ നിഷേധിച്ചതും വേദാന്ത വിരുദ്ധവുമായ ആശയങ്ങളും ഉള്ള ഒരു സ്‌മൃതിഗ്രന്ഥം ആചാര്യർ വിരചിക്കില്ലെന്ന് വിവേകബുദ്ധിയുള്ളവർക്ക് ചിന്തിച്ചറിയാവുന്നതേയുള്ളു.
ഗുരുപരമ്പരകൾക്ക് പ്രണാമം

കടപ്പാട്

ബ്രഹ്മസൂത്രം ശങ്കരഭാഷ്യം
ശ്രീമദ് ഭഗവത് ഗീത ശങ്കര ഭാഷ്യം
പ്രാചീനമലയാളം - ചട്ടമ്പിസ്വാമികൾ
വേദാധികാരനിരൂപണം - ചട്ടമ്പിസ്വാമികൾ
ലേഖനങ്ങൾ - വിദ്യാവാചസ്പതി വി. പനോളി
കേരള സാഹിത്യ ചരിത്രം - മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ

ഗുരുപാദ സേവയിൽ

ദണ്ഡിസ്വാമി പീഠാധീശ്വർ
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
ഉപ സച്ചീവ് (സെക്രട്ടറി)
ആദി ശങ്കര അദ്വൈത അഖാഡ
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം