എന്താണ് മായ?
ഓം സത്ഗുരവേ നമഃ
മായയിൽ നിന്ന് എങ്ങനെ മുക്തി നേടാം നിങ്ങൾക്കറിയാമോ? എന്താണ് മായ?
ഒരിക്കൽ വൈകുണ്ഠത്തിലെത്തിയ നാരദമുനി മഹാവിഷ്ണുവിനോട് ചോദിച്ചു: "അങ്ങെനിക്ക് മായ എന്താണെന്ന് കാണിച്ചുതരാമോ? "അതിനെന്താ നാരദരേ, ഇപ്പോൾ തന്നെ കാണിച്ചു തരാമല്ലോ!”, ഇങ്ങനെ പറഞ്ഞ വിഷ്ണു നാരദരെയും കൂട്ടി ഭൂമിയിലേക്ക് പുറപ്പെട്ടു. ഭൂമിയിൽ കന്യാകുബ്ജം എന്ന ഒരിടത്തെ കാട്ടിൽ എത്തിയപ്പോൾ അവരവിടെ ഒരു കുളം കണ്ടു. "നാരദരേ, അങ്ങ് ഈ കുളത്തിലിറങ്ങി ഒന്നു കുളിക്കണം”, ഭഗവാൻ വിഷ്ണു ആവശ്യപ്പെട്ടു. നാരദൻ ഉടൻ തന്റെ കുളത്തിലിറങ്ങി. കുളത്തില് മുങ്ങിയ നാരദൻ നിവർന്നത് മറ്റൊരാളായാണ്- സുന്ദരിയായ ഒരു സ്ത്രീയായി! ആ സമയത്ത് കന്യാകുബ്ജത്തിലെ രാജാവായ താലധ്വജൻ കുതിരപ്പുറത്ത് അവിടെ വന്നു. സുന്ദരിയായ ആ സ്ത്രീയെ കണ്ട് അദ്ദേഹം ചോദിച്ചു: "സൗഭാഗ്യം സുന്ദരീ, നീ ആരാണ്? എന്താണ് പേര്? എങ്ങനെ ഇവിടെ വന്നു?”. അവൾ പറഞ്ഞു: "മഹാരാജാവേ, ഞാന് ആരാണെന്നോ പേരെന്താണെന്നോ ഒന്നും എനിക്കോർമ്മയില്ല. കുറച്ചു മുമ്പ് കുളത്തിൽനിന്ന് കുളിച്ചു കയറിയതേ എനിക്കറിയാവൂ!” ആരുമില്ലാത്ത അനാഥയായ ആ സുന്ദരിയെ താലധ്വജൻ തന്റെ ഭാര്യയായി സ്വീകരിച്ചു. പേരറിഞ്ഞുകൂടാത്ത അവൾക്ക് അദ്ദേഹം ‘സൗഭാഗ്യസുന്ദരി’ എന്നു പേരുമിട്ടു. അദ്ദേഹം അവളെ തന്റെ രാജധാനിയിലേക്ക് കൊണ്ടുപോയി. താലധ്വജനും സൗഭാഗ്യസുന്ദരിക്കും ഇരുപത് പുത്രന്മാർ ജനിച്ചു. ക്രമേണ അവർ മുതിർന്നു. അവർക്കും മക്കളുണ്ടായി. അങ്ങനെയിരിക്കെ അയല്പക്കത്തെ ഒരു രാജാവ് വലിയ പടയേയും കൂട്ടിവന്ന് കന്യാകുബ്ജത്തെ ആക്രമിച്ചു. ഭയങ്കരമായ യുദ്ധത്തില് താലധ്വജനും മക്കളും പേരമക്കളുമെല്ലാം മരിച്ചു. സൗഭാഗ്യസുന്ദരി ദുഃഖം സഹിക്കാതെ ഉറക്കെ കരഞ്ഞ് ബഹളംകൂട്ടി. സഖിമാരും ദാസിമാരും സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് ഒട്ടും ആശ്വാസം കിട്ടിയില്ല. ആ സമയത്ത് മഹാവിഷ്ണു വൃദ്ധനായ മുനിയായി വന്ന് സൗഭാഗ്യസുന്ദരിയോടു പറഞ്ഞു: "ദേവീ, ഭവതീ എന്തിനാണിങ്ങനെ കരയുന്നത്? ജനിച്ചവർക്കെല്ലാം ഇന്നല്ലെങ്കിൽ നാളെ മരണമുണ്ടാവും. എല്ലാം വിധിയാണെന്നു കരുതി സമാധാനിക്കൂ!” അതൊക്കെ കേട്ടിട്ടും സൗഭാഗ്യസുന്ദരിയുടെ ദുഃഖം കുറഞ്ഞില്ല. അപ്പോള് വിഷ്ണുഭഗവാന് അവളെയും കൂട്ടി ആദ്യം കണ്ട കുളത്തിന്റെ കരയിലെത്തി പറഞ്ഞു: ”ദേവീ, ഈ കുളത്തിലിറങ്ങി മുങ്ങൂ. ഭവതിയുടെ ദുഃഖം ഉടന് മാറും!” സൗഭാഗ്യസുന്ദരി കുളത്തില് മുങ്ങി. കരയ്ക്കു കയറിയപ്പോഴോ? അദ്ഭുതം! അവള് മുമ്പത്തെപ്പോലെ നാരദ മഹർഷിയായിത്തീർന്നു! വിഷ്ണു കരയിലിരുന്ന വീണയും മാൻ തോലും മുനിയുടെ കൈയില് കൊടുത്ത് സ്വന്തം രൂപമെടുത്ത് പുഞ്ചിരിച്ചു. അപ്പോൾ മഹർഷിക്ക് താൻ സൗഭാഗ്യ സുന്ദരിയായതും വിവാഹം കഴിച്ച് മക്കളും മക്കളുടെ മക്കളുമായി ജീവിതം നയിച്ചതും പിന്നീട് എല്ലാം നഷ്ടപ്പെട്ട് ദുഃഖിച്ചതും ഓർമ്മ വന്നു. അതെല്ലാം മായയായിരുന്നു എന്നും മനസ്സിലായി. "അങ്ങ് ഇപ്പോൾ മായയെ നേരിട്ടു കണ്ടില്ലേ?സത്യമല്ലാത്തതെല്ലാം മായതന്നെ!”, വിഷ്ണു പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു. മനുഷ്യജന്മമെടുത്ത പലരും ഇതുപോലെ ലക്ഷ്യം മറന്ന് മായക്കാഴ്ചകളില്‍ പെട്ട് സന്തോഷിക്കയും, ദു:ഖിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവയെല്ലാം മായാവിലാസങ്ങള്‍ ആണെന്നറിയുന്നവര്‍ താമരയിതളില്‍ വീണ വെള്ളം പോലെ ബാധിക്കപ്പെടാതെ ലക്ഷ്യത്തില്‍ ഉറച്ച് മുന്നേറുന്നു. പഞ്ചഭൂതങ്ങള്‍ (ഭൂമി, വായു, വെള്ളം, അഗ്നി, ആകാശം) കൊണ്ടാണ് ശരീരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അന്തഃകരണം (മനസ്, ബുദ്ധി, ചിത്തം, അഹങ്കാരം, ഭോക്തൃ ), ജ്ഞാനേന്ദ്രിയങ്ങള്‍ (കണ്ണ്, കാത്, നാക്ക്, മൂക്ക്, ത്വക്ക് ), കര്‍മ്മേന്ദ്രിയങ്ങള്‍ (വാക്ക് - സംസാരിക്കുന്നതിനുപയുക്തമായ അവയവങ്ങള്‍, കൈ, കാല്‍, ഗുഹ്യം, ഗുദം), പഞ്ചപ്രാണനുകള്‍ (പ്രാണന്‍-ശ്വാസകോശങ്ങളിലൂടെ കലകളിലെത്തുന്ന പ്രാണന്‍, അപാനന്‍ - ശരീരത്തില്‍നിന്ന് മാലിന്യങ്ങള്‍ പുറത്തു തള്ളുന്ന അധോവായു, വ്യാനന്‍ – ശരീരംമുഴുവന്‍ നിയന്ത്രിക്കുന്ന പ്രാണന്‍ – നാഡീ ഞരമ്പുകള്‍ രക്തചംക്രമണം എന്നിവയുടെ നിയന്ത്രണം, ഉദാനന്‍ - ശരീരത്തില്‍നിന്ന് മാലിന്യങ്ങള്‍ മുകളിലേക്ക് തള്ളുന്ന വായു - ഏമ്പക്കം ഛര്‍ദ്ദി എന്നിവയുണ്ടാക്കുന്നു, സമാനന്‍ - വായ മുതല്‍ ചെറുകുടല്‍ വരെ സഞ്ചരിച്ച് ദഹനപ്രക്രിയ ത്വരിതപ്പെടുത്തുന്ന വായു), പഞ്ചേന്ദ്രിയ വിഷയങ്ങള്‍(ശബ്ദം, സ്പര്‍ശം, രൂപം, രസം, ഗന്ധം) എന്നിവയടങ്ങുന്നവയാണ് ജീവികള്‍. പഞ്ചഭൂത നിര്‍മ്മിതമായ ശരീരത്തില്‍ വ്യാപിച്ച് അതിനെ നയിക്കുന്ന ജീവചൈതന്യമാണ് ജീവാത്മാവ്. ഇത് വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന പരമാത്മാവുതന്നെ. ഇത് നാശമില്ലാത്തതാണ്. സുഖദുഃഖങ്ങള്‍, വേദന തുടങ്ങിയവയൊന്നും ഇതിനെ ബാധിക്കുന്നില്ല. ഭൌതിക വസ്തുക്കള്‍ക്ക് കാലാവധിയുണ്ട്. അതുകഴിയുമ്പോള്‍ അത് നശിക്കുന്നു. ശരീരത്തിന്‍റെ കാര്യവും ഇതില്‍നിന്നും ഭിന്നമല്ല. എന്നാല്‍ വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന അനാദിയും അതുകൊണ്ടു തന്നെ അനന്തവുമായ ആത്മാവ് നശിക്കുന്നില്ല. പഞ്ചഭൂത നിര്‍മ്മിതമായ ശരീരം തന്നെയാണ് ജീവാത്മാവെന്ന (തന്‍റെ ശരീരം തന്നെയാണ് താന്‍ എന്ന) മിഥ്യാ ധാരണ വേദന, സുഖദുഃഖങ്ങള്‍ തുടങ്ങിയ അനുഭവങ്ങള്‍ക്കിടയാക്കുന്നു. പരമാത്മാവ് (ഈശ്വരന്‍) തന്നില്‍നിന്ന് അന്യനാണെന്ന മിഥ്യാ ധാരണമൂലം തന്‍റെ വേദനകള്‍ക്കെല്ലാം കാരണം ഈശ്വരനാണെന്ന് കരുതുന്നു. താന്‍ ഈ ജന്മത്തിലോ മുന്‍ ജന്മങ്ങളിലോ ചെയ്ത പാപങ്ങളുടെ ഫലം ഈശ്വരന്‍ തന്നതാണെന്ന മിഥ്യാധാരണയ്ക്കടിമപ്പെടുന്നു. അതിന്‍റെ പരിഹാരാര്‍ത്ഥം വഴിപാടുകള്‍, മന്ത്രവാദം തുടങ്ങിയവ നടത്തുന്നു. തന്നെക്കുറിച്ചു തന്നെയുള്ള അജ്ഞതയാണിതിനു കാരണം. ഈ അജ്ഞതയും അതുമൂലമുണ്ടാകുന്ന ദുഃഖാനുഭവങ്ങളുമാണ് മായ എന്നറിയപ്പെടുന്നത്. ഇനിയുളള വിഷയം കൃഷ്ണാനന്ദ ഗുരുനാഥന്റെ സമാധിക്കു സമീപത്തു നിന്നു കിട്ടിയ ഗ്രന്ഥത്തിൽ നിന്നും സാധു പറയാം. അറിവില്ലായ്മയാണ് മായാഹേതു. വിശ്വവ്യാപിയായ പരമാത്മാവിന്‍റെ അംശമാണ് താനെന്ന ബോധമുണ്ടാകുമ്പോള്‍ മായയില്‍ നിന്ന് മുക്തി നേടുന്നു. ചരാചരങ്ങളെല്ലാം തന്നെ ആ പരമാത്മാവിന്‍റെ അംശങ്ങളാണെന്ന തിരിച്ചറിവ് നമ്മെ ഉച്ചനീച വിവേചനങ്ങള്‍ക്കതീതരാക്കുന്നു. അസുഖങ്ങള്‍, വേദന, മരണം ഇതെല്ലാം ഭൗതിക ശരീരത്തിന്‍റെ അനിവാര്യതകളാണെന്നും നമ്മളില്‍ വ്യാപിച്ചിരിക്കുന്ന ഈശ്വരചൈതന്യം പാപപുണ്യങ്ങളുടെ കണക്കെടുത്ത് നമ്മളെ ശിക്ഷിക്കാനുള്ളതല്ലെന്നും നമ്മുടെ ആത്മാവിനെ ഉന്നതതലങ്ങളിലേക്കുയര്‍ത്താനുള്ളതാണെന്നുമുള്ള സത്യം മനസ്സിലാക്കുക. പരമാത്മാവിനെ സ്വാംശീകരിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലൂടെ പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയില്‍ നമ്മള്‍ സുഖദുഃഖാനുഭവങ്ങള്‍ക്കതീതരാകുന്നു. പഞ്ചേന്ദ്രിയങ്ങൾ മൂലം വിഷയം പിടിച്ചെടുക്കുമ്പോളാണ് കാമം ഉദിക്കുന്നത് അതായത് പ്രകൃതിയാണ് കാമത്തിന് ആധാരം എന്നാൽ ഇത് തന്നെ രണ്ട് തരത്തിലുണ്ട് സത്തും അസത്തും രണ്ടും പഞ്ചേന്ദ്രിയങ്ങൾ മുഖേനയാണ് ആഗ്രഹിക്കുന്നതെങ്കിലും അതിൽ ഒന്ന് ജ്ഞാന സംബന്ധമാണ് ആയതിനാൽ യഥാർത്ഥ കാമത്തിൽ പെടില്ല അതിന് ഇച്ഛ എന്ന്പറയാം അതായത് ചിലർ സംഗീതത്തിനായി വളരെ ത്യാഗങ്ങൾ ചെയ്യാറുണ്ട് പഠിക്കാനും കേൾക്കാനും അത് ജ്ഞാനമാകയാൽ ഈശ്വര സ്വരൂപമായതിനാൽ ഭക്തിയുടെ ഭാവമാണ് അത് കാമമല്ല അത് സത്തായ ആഗ്രഹം ആണ് എന്നാൽ ഒരു സുന്ദരിയായ പെൺകുട്ടിക്ക് വേണ്ടിയാണ് ത്യാഗം സഹിക്കുന്നതെങ്കിൽ അത് കാമമാണ് അത് പ്രകൃതിയാണ് അതിന് ഹേതു സംഗീതത്തിനോടുള്ള ഭ്രമം അത് ഈശ്വരീയമാണ് അപ്പോ ഇന്ദ്രിയങ്ങൾ സത്തും അസത്തുമായ കാമാദികളെ ഉണ്ടാക്കുന്നു ഇന്ദ്രിയം ശരീരത്തിന്റെയാണ് ആത്മാവിന് ഇന്ദ്രിയമില്ല എന്നാൽ ഇന്ദ്രിയങ്ങളുടെ പ്രവർത്തനത്തിന് പരമാത്മാവിന്റെ സാന്നിദ്ധ്യം വേണം താനും. സംഗീതത്തിനോടുള്ള ഭ്രമം ജന്മാന്തരങ്ങളിലൂടെ പരിപൂർണ്ണതയിൽ എത്തും അതിന്റെ ഫലം സത്തായിരിക്കും എന്നാൽ പ്രകൃതി സൃഷ്ടിക്കുന്ന കാമം ദുഃഖഹേതുവാണ്. അപ്പോൾ സദാ സമയത്തും ആനന്ദമാണ് ബ്രഹ്മസ്വരൂപം ആ സ്വരൂപം തന്നെയാണ് ജീവാത്മാവിനും വേണ്ടത് പക്ഷേ ദുഃഖം ആണ് തരുന്നതെങ്കിൽ അത് ബ്രഹ്മ ഭാവം അല്ലാത്തതിനാൽ അത് മായ എന്നറിയപ്പെടുന്നു കാരണം ഇല്ലാത്ത ഒന്നിനെ അനുഭവിപ്പിക്കുന്നു ബ്രഹ്മ സ്വഭാവമല്ലാത്തതൊക്കെ മായ യാണ്.
ഗുരുപാദ സേവയിൽ
സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്
കൺവീനർ
സംസ്ഥാന സന്യാസി സഭ കേരള. രജി:
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ