അഗ്നിയാണ് ആദി പ്രണവം.


ഓം അഗ്നിമീളേ പുരോഹിതം 
യജ്ഞസ്യ ദേവമൃത്വിജം
ഹോതാരം രത്നധാതമമം
(മണ്ഡലം:1, സൂക്തം:1, മന്ത്രം:1) 
(ഋഗ്വേദത്തിലെ പ്രഥമ മന്ത്രം)

അർത്ഥം: അഗ്നീ, പുരോഹിതനും യജ്ഞത്തിന്റെ ദേവനും ഋത്വിക്കും ഹോതാവും രത്നഖചിതനുമായ നിനക്ക് സ്തുതി!

എല്ലാ ഐശ്വര്യങ്ങൾക്കും കാരണവും ഊർജ സ്രോതസ്സുമായ അഗ്നിദേവനെ സ്തുതിക്കുകയാണ് ഈ മന്ത്രത്തിൽ.
ഋഗ്വേദ സംഹിത ആരംഭിക്കുന്നത് ഈ സൂക്തത്തോടെയാണ്. ഈ മന്ത്രത്തിന്റെ ദ്രഷ്ടാവ് അഥവാ ഋഷി മധുച്ഛന്ദസ്സാണ്.
വിശ്വാമിത്രന്റെ 101 പുത്രന്മാരിൽ 51-ാമത്തെ പുത്രനാണ് മധുച്ഛന്ദസ്സ്. വിശ്വാമിത്രനെന്നാൽ വിശ്വത്തിന്റെ മിത്രമാകുന്നു.

ഇവിടെ അഗ്നിയെ സ്തുതിക്കുന്നു. അഗ്നി അഗ്രഗാമിയായ നേതാവാണ്. അഗ്രഗാമിയെന്നാൽ മുമ്പേ പോകുന്നവനെന്നും സമർത്ഥനെന്നുമർത്ഥം. യജ്ഞത്തിന്റെ പുരോഹിതനാണ്.ദേവന്മാരെ മനുഷ്യരുടെ കർമ്മത്തിലേക്ക് വിളിച്ചാനയിക്കുന്ന, കർമ്മഫലം പ്രാപിപ്പിക്കുന്നവനാണ് അഗ്നി. ഇവിടെ അഗ്നി എന്നാൽ കത്തുന്ന തീയല്ല. ഹോമകുണ്ഡത്തിൽ അർപ്പിക്കുന്ന ആഹുതികളെ സ്വീകരിക്കുകയും എല്ലാ അഭീഷ്ടങ്ങളെയും നിറവേറ്റിക്കൊടുക്കുകയും ചെയ്യുന്നവനും സമ്പത്ത് തരുന്നതിൽ മുമ്പനുമായ ദേവനാണ്.

അഗ്നി എന്ന പദത്തിന്
'അഗ്രണീ: ' ദേവന്മാർക്ക് മുമ്പൻ, അവരുടെ സേനാനീയെന്നും,

'അഗ്നിർമ്മുഖം പ്രഥമോ
ദേവതാനാം ', അഗ്നിദേവന്മാർക്ക് മുഖവും മുമ്പനുമാണ് എന്നും അർത്ഥമുണ്ട്.

'അഞ്ചു ഗതി പൂജനയോ:' എന്നതനുസരിച്ച് ഗതിയെ കുറിക്കുന്നു. ഗതിയെന്ന പദത്തിന് ജ്ഞാനം, ഗമനം, പ്രാപ്തി എന്നീ 3 അർത്ഥങ്ങളുണ്ട്. എല്ലായിടത്തും ഗമിച്ചിരിക്കുന്നവനും എല്ലാറ്റിനെയും പ്രാപിച്ചിരിക്കുന്നവനുമാകയാൽ എല്ലാ ജ്ഞാനവും ഉള്ളവനാണ് അഗ്നി.
പൂജനത്തിന് സത്ക്കാരം എന്നർത്ഥം.
യാതൊന്ന് ജ്ഞാനസ്വരൂപനും, സർവജ്ഞനും, അറിയുവാനോ, പ്രാപിക്കുവാനോ, സൽക്കരിക്കുവാനോ യോഗ്യനുമാണോ അവൻ അഗ്നിയാണ്. ഇപ്രകാരമുള്ളവൻ സർവ്വേശ്വരനാണ്.
അതിനാൽ അഗ്നി എന്ന പദത്തിന് സർവേശ്വരൻ അഥവാ പരമാത്മസ്വരൂപൻ എന്നാണർത്ഥം. അങ്ങനെയുള്ള അഗ്നി ദിവ്യനും പൂജനീയനുമാണ്. സമ്പൂർണ ജഗത്തിനും ഗതിനൽകുന്ന എല്ലാ ജീവികൾക്കും ഉന്നതി നൽകുന്ന എല്ലാറ്റിന്റെയും നേതാവുമായ ഈശ്വരനെ
(അഹം ഈളേ) ഞാൻ സ്തുതിക്കുന്നു.

ആ അഗ്നി ഋത്വിജനാണ്. ഓരോ സമയത്തും പ്രത്യേകം ഋതുക്കളിൽ പൂജിക്കുന്നവനാണ്.
ഹോതാവാണ്. അതായത് സർവദാതാവ്, അഥവാ എല്ലാം തരുന്നവൻ എന്നർത്ഥം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം