മിത്രസഹൻ എന്ന കന്മാഷപാദൻ
മിത്രസഹൻ എന്ന കന്മാഷപാദൻ
ഭഗീരഥന്റെ അഞ്ചാം തലമുറയിൽപ്പെട്ട സൂര്യവംശ രാജാവായിരുന്നു മിത്രസഹൻ. ഇദ്ദേഹത്തിന്റെ പത്നിയായിരുന്നു മദയന്തി. അയോദ്ധ്യ ഭരിച്ച രാജാക്കന്മാരിൽ ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. ഒരിക്കൽ നായാട്ടിനിറങ്ങിയ രാജാവ്, കാട്ടിലൂടെ ഒറ്റയ്ക്ക നടക്കുകയായിരുന്നു. ഒരാൾക്കു നടന്നു പോകാൻ മാത്രം വീതിയുള്ള ഒരു പാറയിടുക്കിലൂടെ അപ്പുറം കടക്കാൻ ശ്രമിക്കുന്ന രാജാവ്, എതിരേ വരുന്ന ഒരു സന്യാസിയെ കണ്ടു. രാജാവിനെ ശ്രദ്ധിക്കാതെ അയാളും പാറയിടുക്കിലേയ്ക്കു കയറി. “അല്പം മാറി നില്ക്കുന്നു. ഞാൻ ആദ്യം അപ്പുറം കടക്കട്ടെ ” രാജാവ് ആജ്ഞാപിച്ചു. മുനി അത് കേട്ടഭാവം നടിക്കാതെ മുന്നോട്ടു നീങ്ങി. “നിങ്ങളോടല്ലേ മാറിനില്ക്കാൻ പറഞ്ഞത് " ? രാജാവിന് കോപം വന്നു. എന്നാൽ മുനി സൗമ്യഭാവത്തിൽ ചിരിക്കുകയാണു, “ബ്രാഹ്മണന് ക്ഷത്രിയൻ വഴിമാറിക്കൊടുക്കണമെന്നാണ് പ്രമാണം. അതിനാൽ അങ്ങ് തിരിച്ചിറങ്ങി പുറത്ത് മാറിനില്ക്കുന്നതാണ് ഉചിതം. ചാതുർവർണ്യത്തിൽ ബ്രാഹ്മണൻ ക്ഷത്രിയനെക്കാൾ മുകളിലാണല്ലോ “ഓഹോ..അപ്പോൾ താങ്കൾ, രാജ്യം ഭരിക്കുന്ന രാജാവിനെക്കാൾ മുകളിലാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണോ?” മിത്രസഹന് കോപം വന്നു . “നിങ്ങളോടു തർക്കിക്കാൻ എനിക്കു നേരമില്ല . സന്ധ്യാവന്ദന ത്തിനു സമയമാകുന്നു. ഒരു താപസനോട് ഒരിക്കലുമൊരു ഭരണാധികാരി ഇത്തരത്തിൽ പെരുമാറിക്കൂടാ .. ഞാൻ വസിഷ്ഠമഹർഷി യുടെ പുത്രനായ ശക്തിയാണ്". അദ്ദേഹം പറഞ്ഞു. ആരായാലെന്ത്.? രാജ്യം ഭരിക്കുന്ന ചക്രവർത്തിയെ ആദരിക്കാത്തവൻ ആരുടെ മകനായാലെന്തു കാര്യം? നിന്നെ ശിക്ഷിക്കണം. അതാണു വേണ്ടത്. രാജാവ് കോപാന്ധനായി ശബ്ദമുയർത്തി. വെറുതെ ഭീഷണിപ്പെടുത്തരുത് ! സന്ന്യാസി വീണ്ടും ചിരിച്ചു. ആ ചിരി മിത്രസഹന് അസഹനീയമായിത്തോന്നി. ഇയാൾ തന്നെ പരിഹസിക്കുകയാണ്. കയ്യിലിരുന്ന വില്ലുയർത്തി മുനിയുടെ ഇടം തോളിൽ ആഞ്ഞൊരടി കൊടുത്തു, രാജാവ്, മുനി വേദന കൊണ്ടു പുളഞ്ഞ് തറയിൽ ഇരുന്നു പോയി. മുനി മെല്ലെ എഴുന്നേറ്റു. ആ കണ്ണുകളിൽ അഗ്നി കത്തിപ്പടരുന്നുണ്ടായിരുന്നു . “സർവസംഗപരിത്യാഗിയായ ഒരു മുനിയെ ആക്രമിച്ച നരാധമനാണു നീ .. ഇതിനുള്ള ശിക്ഷ നീയനുഭവിക്കുക. ഒരു രാക്ഷസനായി നീ മാറട്ടെ. മനുഷ്യമാംസം ഭക്ഷിച്ച്, സമസ്ത ബന്ധങ്ങളുമുപേക്ഷിച്ച് നീ കാട്ടിലലയട്ടെ.” മഹർഷി ശാപവചസ്സുകൾ ചൊരിഞ്ഞു കൊണ്ട് വേദന കടിച്ചമർത്തി നടന്നകന്നു. രാജാവിന് കുറ്റബോധം തോന്നി. വേണ്ടായിരുന്നു. ഒരു നിമിഷത്തെ ക ക്രോധം മനുഷ്യനെ എന്തൊക്കെ അവിവേകങ്ങളിലേയ്ക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. എത്രയെത്ര ദുരിതങ്ങളാണവൻ അതിനാൽ വിളിച്ച വരുത്തുന്നത്. ഇനി എന്തൊക്കെയായാണാവോ സംഭവിക്കാൻ പോകുന്നത്. എന്തു ചെയ്യണമെന്നറിയാതെ രാജാവ് നിശ്ചലനായി നില്ക്കുമ്പോൾ, ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ മരങ്ങൾക്ക് പിന്നിൽ മറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു. മഹർഷി വിശ്വാമിത്രൻ എന്ന പോസ്റ്റിലൂടെ വസിഷ്ഠനും വിശ്വാമിത്രനും തമ്മിൽ നന്ദിനിപ്പശുവിനുവേണ്ടി നടത്തിയ ഏറ്റുമുട്ടലിന്റെ കഥ നാം വായിച്ചത് മറന്നിട്ടില്ലെന്ന് കരുതുന്നു. അതിനുശേഷം വിശ്വാമിത്രൻ രാജ്യവും അധികാരവുമു പേക്ഷിച്ച് തപസ്സുതുടങ്ങി. മഹാഋഷിയായി മാറി. പക്ഷെ, ഉള്ളിന്റെയുള്ളിൽ വസിഷ്ഠനോടുള്ള പകയുടെ കനലുകൾ ചാരം മൂടിക്കിടക്കുന്നുണ്ടായിരുന്നു. വസിഷ്ഠനെ തോല്പിക്കാൻ കിട്ടുന്ന എല്ലാ അവസരങ്ങളും വിശ്വാമിത്രൻ പരമാവധി ഉപയോഗിച്ചുപോന്നു. ത്രിശങ്കുവിന്റെ കഥയിലും ഇവർ തമ്മിലുള്ള മത്സരം നാം കണ്ടതാണ്. ഇപ്പോഴിതാ സൂര്യവംശത്തിലെ മറ്റൊരു രാജാവായ കന്മാഷപാദന്റെ ജീവിതത്തിലും ഇവർ ഭാഗഭാക്കുകളാവുന്നു. വസിഷ്ഠന്റെ പുത്രനും മിത്രസഹനെന്ന കന്മാഷ്പാദനും തമ്മിലുള്ള ഈ പ്രശ്നത്തിൽ ഇടപെട്ട് വസിഷ്ഠനോടു പകരം വീട്ടാനുറച്ച് വിശ്വാമിത്രമഹർഷി തന്ത്രങ്ങൾ മെനയാൻ തുടങ്ങി. നായാട്ടു നിറുത്തി, മിത്രസഹൻ കൊട്ടാരത്തിലേയ്ക്ക് മടങ്ങി. വഴിയിൽത്തന്നെ, തന്നിൽ എന്തൊക്കെയോ മാറ്റങ്ങളുണ്ടാകുന്ന തായി രാജാവിനുതോന്നി. ചിന്തകളിൽ എന്തൊക്കെയോ വൈരുദ്ധ്യങ്ങൾ, മനസ്സാക്ഷിയെ വധിച്ച് ആസക്തിയും ക്രൂരതയും മനസ്സിൽ ആധിപത്യം സ്ഥാപിക്കുന്നു. ആരോടും ദയയും കരുണയും തോന്നു ന്നില്ല. നന്മയുടെയും സ്നേഹത്തിന്റെയും പര്യായങ്ങളായ പൂർവി കരെക്കുറിച്ചോക്കുമ്പോൾ തന്നെ മനസ്സിൽ കോപം മുളപൊട്ടുന്നു. താൻ ക്രൂരനായൊരു രാക്ഷസനായി മാറുകയാണെന്ന് രാജാവ് തിരിച്ചറിഞ്ഞു. മഹർഷിയുടെ ശാപം ഫലിക്കുക യാണ്. അപ്പോഴാണ് ഒരു ബ്രാഹ്മണൻ രാജാവിനെ കാണാനെ ത്തിയത്. “രാജൻ, വല്ലാതെ വിശക്കുന്നു. രണ്ടു ദിവസമായി ഒന്നും കഴിച്ചിട്ടില്ല. എന്തെങ്കിലും തരണം. ഇന്നിവിടെ വിശ്രമിച്ച് നാളെ പ്രഭാതത്തിൽ മടങ്ങിക്കൊള്ളാം . “ ഇവിടെയൊന്നുമില്ല. നേരം വല്ലാതെ ഇരുട്ടി. അടുക്കള പൂട്ടിയിട്ടുണ്ടാവും. വല്ല വഴിയമ്പലത്തിലും പോയിക്കിടക്കുക. രാജാവ് തെല്ലും കരുണയില്ലാതെ പറഞ്ഞതുകേട്ട് അയാൾ ഞെട്ടി. സ്വന്തം ജീവൻ പോലും ദാനം ചെയ്യാൻ സന്നദ്ധരായ സൂര്യവംശ രാജാക്കന്മാരുടെ പരമ്പരയിൽപ്പെട്ട ഈ മനുഷ്യനെന്തേ ഇത്ര ക്രൂരനാകാൻ അയാൾ നിരാശനായി തിരിച്ചു നടന്നു. രാജാവിന്റെ മനസ്സിൽ നരാധമനായ കാട്ടാളൻ ക്രൂരമായി ചിരിച്ചു. കന്മാഷപാദൻ ആ ബ്രാഹ്മണനെ തിരികെ വിളിച്ചു. “സ്വാമീ .. ഞാനാരു കളിവാക്കു പറഞ്ഞതല്ലേ..വരൂ ഇരിക്കു അങ്ങേയ്ക്ക് ഉടൻ ഭക്ഷണമൊരുക്കാം.” രാജാവ് അയാളെ കൂട്ടിക്കൊണ്ടുചെന്ന് സ്വീകരണ മുറിയിലിരുത്തിയ ശേഷം ഒരു പരിചാരകനെ വിളിച്ചു . “തടവറയിലുള്ള ഒരു കുറ്റവാളിയെ കൊന്ന്, അവന്റെ മാംസം പാകം ചെയ്ത് ഇയാൾക്കു കൊടുക്കുക. രാജാവ് രഹസ്യമായി നിർദേശം നല്കി. രാജാവിൽ ബാധിച്ച, നരഭോജിയായ രാക്ഷസൻ ഉണർന്നെഴുന്നേറ്റു കഴിഞ്ഞു എന്ന സത്യം മനസ്സിലാക്കാതെ, അമ്പരന്നു നിന്ന് അവൻ ഭയത്തോടെ ആജ്ഞ അനുസരിച്ചു. തടവറയിൽ വധശിക്ഷ കാത്തുകിടന്ന കുറ്റവാളികളിലൊരാളെ പിടികൂടി വധിച്ചു. ആ മാംസം പാകം ചെയ്ത് ബ്രാഹ്മണന്റെ മുന്നിലെത്തിച്ചു. ഇലയിൽ വിളമ്പിയ മാംസാഹാരം കണ്ട് അയാൾ ഞെട്ടി വിറച്ചു. “ഒരു ശുദ്ധബ്രാഹ്മണനു മാംസം വിളമ്പുവാൻ നിനക്കെങ്ങനെ ധൈര്യം വന്നു? ഞാനിതാ നിന്നെ ശപിക്കാൻ പോകുന്നു അദ്ദേഹം അലറി, “സ്വാമീ..അരുത് .. എന്നെ ശിക്ഷിക്കരുത് . ഞാൻ നിരപരാധി യാണ്. രാജാവിന്റെ നിർദേശമനുസരിച്ചാണ് ഞാനീ നരമാംസം പാകം ചെയ്തത്. പരിചാരകൻ അദ്ദേഹത്തിന്റെ കാലിൽ വീണു. “ഓഹോ നരമാംസമാണല്ലേ .. എനിക്കു നരമാംസം നല്കിയ നിന്റെ രാജാവ് നിമിഷങ്ങൾക്കുള്ളിൽ നരഭോജിയായ കാട്ടാളനായി ഘോരവനങ്ങളിലേക്കോടും.. അതു വിധിയാണ്. ആർക്കും തടുക്കാനാവാത്ത വിധി.” അയാൾ കൊട്ടാരത്തിനു പുറത്തേയ്ക്ക് നടന്ന് ഇരുട്ടിൽ മറഞ്ഞു. ഉറങ്ങാൻ കിടക്കുകയായിരുന്നു മിത്രസഹൻ. ആരോ വിളിച്ചുണർത്തിയതുപോലെ, മൃഗീയമായൊരാവേശത്തോടെ രാജാവു ചാടിയെഴുന്നേറ്റു. പിന്നെ, ആടയാഭരണങ്ങൾ ഊരിയെറിഞ്ഞ് പുറത്തേക്കോടി, നാടും നഗരവും കടന്ന് നിബിഡമായ കാട്ടിനുള്ളിലെ ഇരുട്ടിലൊളിച്ചു. അയാളിപ്പോൾ മിത്രസഹനെന്ന രാജാവല്ല. സ്വന്തം വ്യക്തിത്വമൊന്നാകെ നഷ്ടപ്പെട്ട ഒരു നീചജന്മം. മനസ്സിൽ നിറയുന്നത് ക്രൂരത മാത്രം. എന്തുചെയ്യാനും മടിയില്ല. വന്യമൃഗങ്ങൾ പോലും അയാളെക്കണ്ടാൽ ഭയന്നോടുന്നു. കണ്ണിൽ കാണുന്ന മൃഗങ്ങളെക്കൊന്ന് പച്ചമാംസവും ചോരയും ഭക്ഷിച്ചുതുടങ്ങി. കുറെ ക്കഴിഞ്ഞ പ്പോൾ മനുഷ്യമാംസം ഒരു മോഹമായി അയാളുടെ മനസ്സിൽ നിറഞ്ഞു. ഒരുനാൾ അയാൾ പഴയ സന്ന്യാസിയെ കണ്ടുമുട്ടി. വിശ്വാമിത്രന്റെ പുത്രൻ ശക്തിയി തന്നെ ശപിച്ചു നിഷാദനാക്കിയ ശത്രുവിനെക്കണ്ടതോടെ അയാളിലെ മൃഗീയവാസനകൾ ഫണം വിരിച്ചു. “സൂര്യവംശ രാജാവായ എന്നെ നരഭോജിയായ ഒരു കാട്ടാളനാക്കി മാറ്റിയതു നീയാണ്.” മിത്രസഹൻ സന്ന്യാസിയെ തടഞ്ഞു നിറുത്തി. "ചെയ്ത തെറ്റിന്റെ ഫലമാണു നീ അനുഭവിക്കുന്നത്. ഇനി, ഞാൻ വിചാരിച്ചാലും നിന്നെ രക്ഷിക്കാനാവില്ല. സന്ന്യാസി കടന്നു പോകാനൊരുങ്ങുമ്പോൾ മിത്രസഹൻ അദ്ദേഹത്തെ പിടികൂടി. “എന്നെ ഈയവസ്ഥയിലാക്കിയിട്ട് നീ മാത്രം അങ്ങനെ സുഖിച്ചു ജീവിക്കണ്ട. നരഭോജിയാകട്ടെ എന്ന് നിന്റെ ശാപം ഫലിക്കുന്നത് നിന്നിലൂടെ തന്നെയാകട്ടെ, ഞാനിതുവരെ മനുഷ്യമാംസം തിന്നിട്ടില്ല. ആദ്യം നീ തന്നെ എന്റെ ആദ്യ ഇര. മുനി ഭയന്നു വിറച്ചു. മിത്രസഹന്റെ കണ്ണുകളിൽ, മാൻകുട്ടിയെ കണ്ട് സിംഹത്തിന്റെ ആർത്തി. “അരുത് .. നീ ഇനിയും പാപം ചെയ്യരുത്.” അയാളെ തടയാൻ വിഫലശ്രമം നടത്തുന്നതിനിടെ സന്ന്യാസി പറയുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും കേൾക്കാൻ പറ്റിയ നിലയിലായിരുന്നില്ല മിത്ര സഹൻ , സതിയായ ഒരു ക്രൂര മൃഗമെന്നപോലെ അയാൾ ചാടിവീണു. മുനിയെ കടിച്ചുകീറിത്തിന്നുതീർത്തു. മനുഷ്യമാംസത്തിന്റെ രുചിയറിഞ്ഞതോടെ, മൃഗങ്ങളുടെ മാംസത്തോട് വെറുപ്പും മടുപ്പും തോന്നി. ലോകത്ത് എത്രമാത്രം മനുഷ്യരുണ്ട്. എല്ലാവരെയും പിടിച്ചുതിന്നണം. അയാളുടെ മനസ്സു കൊതിച്ചു. കാട്ടിൽ അധികം ആളുകൾ വരാറില്ല. നാട്ടിലേയ്ക്കിറ ങ്ങാനും വയ്യ. മനുഷ്യമാംസം കിട്ടാതെ അയാൾക്കു ഭ്രാന്തുപിടിക്കുമെന്ന നിലയിലായി. അപ്പോഴാണ് ദൂരെ ഒരാശ്രമം കണ്ടത്. ചുറ്റിപ്പറ്റി നടന്ന് അവിടത്തെ കാര്യങ്ങൾ മനസ്സിലാക്കി. അത് വസിഷ്ഠമഹർഷിയുടെ ആശ്രമമാണ്. വസിഷ്ഠൻ സ്ഥലത്തില്ല. അദ്ദേഹത്തിന്റെ പുത്രന്മാർ അവിടെയാണ് താമസിക്കുന്നത്. ശിഷ്യന്മാരും മക്കളുമൊക്കെയായി നൂറോളം പേർ അവിടെയുണ്ട്. ദിവസവും ഓരോരുത്തരെ പിടിച്ചു തിന്നണം. അയാൾ തീരുമാനിച്ചു. ജലമെടുക്കാനും വിറകു ശേഖരിക്കാനും പൂക്കൾ പറിക്കാനു മൊക്കെയായി പുറത്തിറങ്ങുന്ന വസിഷ്ഠപുത്രന്മാരെ ഒറ്റപ്പെടുത്തി ആരുമറിയാതെ കൊന്നുതിന്ന് മിത്രസഹൻ വിശപ്പടക്കി. ഒരു തെളിവും അവശേഷിപ്പിക്കാതെ വളരെ വിദഗ്ദ്ധമായാണ് അയാൾ ഈ ക്രൂരകൃത്യങ്ങൾ ചെയ്തിരുന്നത്. ബദര്യാശ്രമത്തിൽ ഒരു യാഗത്തിൽ പങ്കെടുത്തശേഷം മടങ്ങിയെത്തിയ വസിഷ്ഠൻ, ശൂന്യമായിക്കിടക്കുന്ന പർണശാലകണ്ട് ആശങ്കയോടെ അന്വേഷണം തുടങ്ങി. ഒടുവിൽ സമാധിയിലിരുന്ന് ജ്ഞാനദൃഷ്ടിയാൽ കാര്യങ്ങൾ മനസ്സിലാക്കിയ വസിഷ്ഠനെ ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യവും പുറത്തുവന്നു. മിത്രസഹന്, അയാളറിയാതെ വിശ്വാമിത്രൻ ശക്തിപകരു ന്നുണ്ട്. തന്റെ നൂറുമക്കളും നഷ്ടപ്പെട്ടു. നാളിതുവരെ താൻ സമാഹരിച്ച് ജ്ഞാനമെല്ലാം അവർ പകർന്നു നല്കിയിരുന്നു. അവരിലൂടെ അടുത്ത തലമുറയ്ക്ക് ജ്ഞാനസംവേദനം നടത്താമെന്ന് തന്റെ മോഹം വിഫലമായിരിക്കുന്നു. ഇനി ഈ ജീവിതം തനിക്കെന്തിന് ? വസിഷ്ഠ മഹർഷി മരിക്കാൻ തീരുമാനിച്ചു. ഒരു വലിയ മലയുടെ മുകളിൽ ചെന്നുനിന്ന് അദ്ദേഹം താഴേയ്ക്ക് ചാടി. എന്നാൽ അഭൗമതേജസ്സും ദിവ്യശക്തികളുമുള്ള വസിഷ്ഠനെ സ്വീകരിക്കാൻ യമധർമനെത്തിയില്ല. വസിഷ്ഠൻ രക്ഷ പ്പെട്ടു. പിന്നീട് അഗ്നിയിൽ ചാടിനോക്കി. മരിക്കാൻ പലമാർഗങ്ങളും പരീക്ഷിച്ചു. മുനിയുടെ ജീവനെടുക്കാൻ യമധർമനു മനസ്സുവന്നില്ല. വരുണനെ മനസ്സിൽ ധ്യാനിച്ച് വസിഷ്ഠൻ സാഗരതീരത്തു ചെന്നുനിന്നു. ഒരു വലിയ കാട്ടുവള്ളി കഴുത്തിൽ കെട്ടി, അതിന്റെ മറ്റേയറ്റത്ത് വലിയൊരു കല്ലും ബന്ധിച്ച് മുനി കടലിലേയ്ക്ക് ചാടി. പക്ഷെ, വരുണദേവനും വായുദേവനും അദൃശ്യമായി വന്ന് കെട്ടുകൾ പൊട്ടിച്ച് മുനിയെ രക്ഷപ്പെടുത്തി. കടൽത്തിരമാലകളിൽ ആ മെലിഞ്ഞ ശരീരം പൊന്തിക്കിടന്ന് കരയ്ക്കടുത്തു. വസിഷ്ഠന് നിരാശതോന്നി. മഹാതപസ്വിയായിട്ടെന്താ.. മരിക്കാൻ പോലും തനിക്കാവു ന്നില്ലല്ലോ. പുത്രന്മാരെയും ശിഷ്യന്മാരെയുമൊക്കെ നഷ്ടപ്പെട്ട് ഏകനായി ഈ ലോകത്തു ജീവിക്കാനാവും തന്റെ വിധി. വരുന്നതെല്ലാം അനുഭവിക്കുകതന്നെ അദ്ദേഹം ആശ്രമത്തിലേയ്ക്ക് മടങ്ങി. ഒരുദിവസം പർണശാലയ്ക്കുള്ളിൽ ധ്യാനനിരതനായിരിക്കുകയായിരുന്നു വസിഷ്ഠൻ. പുറത്ത് ഒരു കാൽപ്പെരുമാറ്റം കേട്ടു. ആരായിരിക്കും ഈ കാട്ടിൽ ഒരുപക്ഷെ, അവനായിരിക്കും. തന്റെ പുത്രന്മാരെ കൊന്നുതിന്ന ആ നരഭോജി. വരട്ടെ.. അവൻ തന്നെയും ഭക്ഷിക്കട്ടെ. ആരോരുമില്ലത്തവനായി ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണം തന്നെയാണ്. വസിഷ്ഠൻ നിശ്ചലമായി മരണം കാത്തി രുന്നു. ഏറെനേരം കഴിഞ്ഞിട്ടും ആരും അകത്തേയ്ക്കു വന്നില്ല. വസിഷ്ഠൻ പുറത്തിറങ്ങി നോക്കി . ആശ്രമമുറ്റത്ത്, ഗർഭിണിയായ ഒരു സ്ത്രീ കമിഴ്ന്നു കിടക്കുന്നു. ദിവസങ്ങളോളം അലഞ്ഞു നടന്നതിന്റെ ക്ഷീണം. ഭക്ഷണം കണ്ടിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തം. വസിഷ്ഠൻ കരുണയോടെ അവളെ എഴുന്നേൽപ്പിച്ചു. “അദൃശ്യന്തി? എന്റെ മകള ... വസിഷ്ഠമഹർഷി അറിയാതെ വിളിച്ചുപോയി. അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശക്തിയുടെ പത്നിയാണവൾ. കറുത്തു കരുവാളിച്ച് മുഖമുയർത്തി അവൾ അദ്ദേഹത്തെ നോക്കി. “ഞാൻ അങ്ങയെത്തേടി എവിടെയൊക്കെ അലഞ്ഞു. എന്റെ കുഞ്ഞിന്റെ അച്ഛനെയും കാണുന്നില്ല” അവൾ വയറ്റിൽ തലോടി. “മകളേ, ധൈര്യം നേടുക. നിന്റെ ഭർത്താവ്.. എന്റെ മൂത്ത മകൻ.. അവൻ മരിച്ചു കഴിഞ്ഞു. എന്റെ മറ്റുപുത്രന്മാരും ശിഷ്യന്മാരുമെല്ലാം യമലോകത്തെത്തി. ഞാൻ മാത്രം മരിക്കാൻ പോലുമാ കാതെ.” വസിഷ്ഠൻ കരയുകയായിരുന്നു. കുറേനേരം ഇരുവരും കരഞ്ഞു. ഇപ്പോൾ മനസ്സിന്റെ ഭാരം കുറഞ്ഞിരിക്കുന്നു. “മകളേ, ഇത്രയും നാൾ മരണമെത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ എനിക്ക് ജീവിക്കാൻ തോന്നുന്നു. എന്റെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടെന്ന്.. ഇനിയും ചിലതെല്ലാം ചെയ്തുതീർക്കാൻ ബാക്കിയുണ്ടെന്നു തോന്നുന്നു. നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞ്. എന്റെ പേരക്കുട്ടി.. അവനെ വളർത്തണം. വലിയവനാക്കണം. അവനിലൂടെ ഞാൻ നേടിയ ജ്ഞാനമത്രയും ഈ ലോകത്തിനു പകർന്നു നൽകണം. വസിഷ്ഠൻ മകളെയും കൂട്ടി ആശ്രമത്തിലേയ്ക്കു കയറി. മാസങ്ങൾ കടന്നു പോയി. അദൃശ്യന്തിയുടെ പ്രസവകാലമടുത്തു. ഒരുദിവസം അവൾ ആശ്രമത്തിനു പുറത്തെ വഴിയിലൂടെ വെറുതെ നടക്കുകയായിരുന്നു. പെട്ടന്നാണ് പൊന്തക്കാടുകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടത്. അവൾ തിരിഞ്ഞു നോക്കി. മുന്നിൽ നില്ക്കുന്നു ഭീകരരൂപിയായ മിത്രസഹൻ. അവൻ കൈകൾ നീട്ടി അവൾക്കുനേരേ നടന്നടുക്കുന്നു. മനു ഷ്യമാംസത്തിന്റെ രുചി തേടി, അവന്റെ നാവ് പുറത്തേയ്ക്കു നീളുന്നു. “അച്ഛാ !!” അദൃശ്യന്തി അലറിവിളിച്ചുകൊണ്ട് ഓടാൻ തുടങ്ങി. മിത്രസഹൻ അവളെ പിന്തുടർന്നെത്തി. ഇപ്പോൾ അവർ തമ്മിൽ വലിയ അകലമില്ല. ഏതുനിമിഷവും അവന്റെ കൈകൾ തന്നെ പിടിങ്ങളെയും കൊന്നുതിന്ന നരഭോജി. ഇവർ തന്നെയാവും തന്റെ ഭർത്താവിനേയും സഹേദരങ്ങളേയും കൊന്നു തിന്ന നരഭോജി. തന്റെ ജീവിതവും ഇവന്റെ ഉദരത്തിലൊടുങ്ങാൻ പോകുന്നു. രക്ഷപെടാൻ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലെന്നു തിരിച്ചറിഞ്ഞ അവൾ മിഴികളടച്ചു നിന്നു മനസ്സിൽ ശ്രീപരമേശ്വരനെ സ്തുതിച്ചു. ചുറ്റും ശാന്തമായ നിശബ്ദത!. അവൾ കണ്ണുകൾ തുറന്നു. മുന്നിൽ ഒരു ശിലപോലെ നില്ക്കുന്നു ആ നരഭോജി ! പിന്നിൽ ചെമ്പകപ്പൂ വിരിയുന്നപോലെ മന്ദഹസിച്ചുകൊണ്ടു നടന്നുവരുന്ന വസിഷ്ഠൻ. അദ്ദേഹത്തിന്റെ വലം കൈയിലെ ചൂണ്ടുവിരൽ അവന്റെ ശിരസ്സിനു നേരേ നീട്ടിപ്പിടിച്ചിരിക്കുന്നു. പേടിച്ച് നില്ക്കുന്ന മകളെ ചേർത്തുപിടിച്ചുകൊണ്ട് വസിഷ്ഠ മഹർഷി വിരലുകൾ മെല്ലെ പിൻവലിച്ചു. ശാന്തനായ ഒരു കുഞ്ഞാടിനെപ്പോലെ മിത്രസഹൻ ശിരസ്സു താഴ്ത്തി നിന്നു. അല്പം മുമ്പുവരെ അയാളെ അടക്കി ഭരിച്ചിരുന്ന ഭാവങ്ങളെല്ലാം ഒഴുകിയകന്ന് ശാന്തമായ ഒരു തടാകംപോലെ ആ മുഖം. “ഗുരോ, മാപ്പ് .... മാപ്പ് .... മിത്രസഹൻ വസിഷ്ഠന്റെ പാദങ്ങളിൽ കിടന്നു കരഞ്ഞു. ഗുരു അയാളെ പിടിച്ചഴുന്നേല്പിച്ചു . അദൃശ്യന്തിക്ക് ഒന്നും മനസ്സിലായില്ല. ക്രൂരനായ ഒരു കാട്ടാളൻ തന്റെ പിതാവിന്റെ അംഗുലീബന്ധനത്താൽ മാൻകുട്ടിയെപ്പോലെ നില്ക്കുന്നു . എന്താണിത്? “ഇത് മിത്രസഹമെന്ന സൂര്യവംശരാജാവാണ്. നിന്റെ ഭർത്താവിന്റെ ശാപത്താൽ നരഭോജിയായ രാക്ഷസനായി മാറിയ അയോദ്ധ്യാധിപൻ, എന്റെ മകൻ നല്കിയ ശാപത്തിന് ഞാനിതാ മോചനം നല്കിയിരിക്കുന്നു. ഗുരോ. മനസ്സിൽ തിന്മയുടെ കറുപ്പു ബാധിച്ച് ഞാൻ എന്തൊ ചെയ്തുകൂട്ടിയത് . അങ്ങയുടെ പുത്രന്മാരെയെല്ലാം വധിച്ചു. മിത്രൻ തന്റെ കുറ്റങ്ങൾ ഏറ്റുപറയാൻ തുടങ്ങി. . "സാരമില്ല. ഒന്നും അറിഞ്ഞുകൊണ്ടായിരുന്നില്ലല്ലോ. നാം ചെയ്യുന്ന ചില ചെറിയ തെറ്റുകൾക്കു പോലും കാലം ചിലപ്പോൾ വലിയ ശിക്ഷകൾ നല്കും . എല്ലാം അനുഭവിച്ചു തീർക്കുക. അത്രമാത്രം . പിന്നെ എന്റെ മക്കൾക്കും അത്രയേ ആയുസ്സുണ്ടായി രുന്നുള്ളു എന്ന് ആശ്വസിക്കാം . അല്ലാതെന്തു ചെയ്യാൻ . ” വസിഷ്ഠൻ തുടർന്നു . “ താങ്കൾ എത്രയും വേഗം അയോദ്ധ്യയിലേയ്ക്ക് ചെല്ലുക . രാജാവിന്റെ അഭാവത്തിൽ നാട് അരാജകത്വത്തിലേയ്ക്ക് നീങ്ങുകയാണ്.” മിത്രസഹൻ വസിഷ്ഠനെ വണങ്ങി അയോദ്ധ്യയിലേയ്ക്ക് പുറപ്പെട്ടു. വസിഷ്ഠന്റെ പുത്രഭാര്യയായ അദൃശ്യന്തി കുറച്ചു നാളുകൾക്കു ശേഷം ഒരാൺകുട്ടിയെ പ്രസവിച്ചു. വസിഷ്ഠൻ, ആ കുഞ്ഞിനെ മഹാജ്ഞാനിയാക്കി വളർത്തി. വസിഷ്ഠാശ്രമത്തിൽ ജ്ഞാനത്തിന്റെ ദിവ്യപ്രകാശമേറ്റു വളർന്ന ആ കുട്ടിയാണ് പില്ക്കാലത്ത് ഏറെ പ്രസിദ്ധനായ പരാശരൻ അതെ! സത്യവതിയുടെ തോണിക്കഥയിൽ നാം കാണുന്ന സാക്ഷാൽ പരാശരമുനി. ഭാരത കഥയെഴുതിയ വേദവ്യാസന്റെ പിതാവ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ