വിശ്വാമിത്രൻ


നല്ല ചിന്തകൾക്കു മുമ്പിൽ വേദനകൾ മായ്ഞ്ഞു പോകുമെന്ന വാത്സല്യ മൊഴികൾ നൽകിയ സിദ്ധയോഗീശ്വരൻ സത്ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ സമാധിയിലെ ചൈതന്യം എല്ലാവർക്കും അനുഗ്രഹമാകട്ടെ!


എത്ര വലിയവനായാലും ചെറിയവനാകണം. ചെറുതാകും തോറും വലുതാകും. ഇതാണ് ജീവിതമാകേണ്ടതെന്ന് പഠിക്കാൻ സാധുവിന് സാധിച്ചു. അത് നിങ്ങളേപ്പോലുള്ളവർ നൽകുന്ന സ്നേഹം കൊണ്ട് മാത്രമാണ്.  ഒരു സന്യാസിയുടെ ജീവിതം സുഖങ്ങൾ നിറഞ്ഞതല്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ സാധു ഉൾപ്പെടെ പലരും പരിത്യാഗമല്ല പരിവേദനങ്ങളുടെ ഭാണ്ഡവുമായിട്ടാണ് യാത്ര ചെയ്യുന്നത്. കൊട്ടാരത്തിലെ സുഖങ്ങൾ ഉപേക്ഷിച്ച വിശ്വാമിത്രമഹാരാജാവ് സന്യാസിയായ കഥയാകട്ടെ ഈ കർക്കിടകത്തിലെ ആദ്യ കഥ.

വിശ്വാമിത്രമഹർഷി. വിശ്വകർമ്മ ശില്പികളുടെ  കലാപരമായ കഴിവു കൊണ്ടും, ശാസ്ത്ര പഠനം കൊണ്ടും പ്രസിദ്ധമായി തീർന്ന രാജ്യമായിരുന്നു കന്യാകുബ്ജം. ശില്പശാസ്ത്രങ്ങളിലും കലകളിലും മാത്രമല്ല കുലചാര പ്രമാണിയും വേദപണ്ഡിതനുമായിരുന്ന വിശ്വമിത്രൻ എന്ന രാജാവ് വിശ്വാമിത്രൻ എന്ന് അറിയപ്പെട്ടു.
ന്യാകുബ്ജത്തിന്റെ ഭരണാധികാരിയാ ണദ്ദേഹം. എങ്ങിനെയാണ് അദ്ദേഹം സിംഹാസനത്തിൽ നിന്നും സന്ന്യാസമാർഗത്തിലേക്കിറങ്ങിയത് എന്ന കഥയാകട്ടെ ഇന്നത്തെ ആത്മസന്ദേശം.  ഒരിക്കൽ, വിശ്വാമിത്ര മഹാരാജാവ് പരിവാര സമേതം നായാട്ടിനിറങ്ങി. ഇടതൂർന്ന വനങ്ങളിൽ വേട്ടയാടി നടന്ന അവർ ഒടുവിൽ വസിഷ്ഠമഹർഷിയുടെ ആശ്രമത്തിൽ എത്തിച്ചേർന്നു. വസിഷ്ഠ ശിഷ്യന്മാർ, രാജാവിനെയും പരിവാരങ്ങളെയും സ്വീകരിച്ചിരുത്തി. എല്ലാവരും ക്ഷീണിതരാണ്. നല്ല വിശപ്പുമുണ്ട്. ഇവിടെ നിന്ന് ഭക്ഷണമൊന്നും കിട്ടാൻ സാദ്ധ്യതയില്ല. സർവസംഗപരിത്യാഗിയാണ് വസിഷ്ഠൻ. ഫലമൂലാദികൾ ഭക്ഷിച്ചു ജീവിക്കുന്ന താപസൻ തൊട്ടുമുന്നിൽ മനോഹരിയായൊരു നദിയൊഴുകുന്നു. ഒന്നു കുളിച്ചു വിശ്രമിക്കാം. വിശ്വാമിത്രൻ കരുതി. അപ്പോഴാണ് വസിഷ്ഠമുനിയുടെ വരവ്. “വന്നാലും മഹാരാജൻ” മുനി, രാജാവിനെ അകത്തേക്കു ക്ഷണിച്ചു. പർണശാലയ്ക്കുള്ളിലെ സുഖകരമായ തണുപ്പിൽ ദർഭപ്പുല്ലുകൾ വിരിച്ച് മെത്തയിൽ തളർന്നു കിടക്കുമ്പോൾ രാജാവിന്റെ മനസ്സിൽ ഒരുതരം അപൂർവാനുഭൂതിയായിരുന്നു. കൊട്ടാരത്തിലെ സപ്രമഞ്ചത്തിൽ കിടക്കുമ്പോൾ ലഭിക്കാത്ത മനഃശാന്തി ഇവിടെ ലഭിക്കുന്നു. എങ്കിൽ നമുക്കിനി ഭക്ഷണം കഴിക്കാം. വസിഷ്ഠൻ രാജാവിനെ ക്ഷണിച്ചു. പ്രതീക്ഷകളൊന്നുമില്ലാതെ ഇലയ്ക്ക് മുന്നിലിരുന്ന രാജാവിനെ ഞെട്ടിച്ചുകൊണ്ട് പരിചാരകർ ഭക്ഷണം വിളമ്പിത്തുടങ്ങി. മുറ്റത്ത് വിശാലമായൊരു പന്തൽ ഉയർന്നിരിക്കുന്നു. തന്റെ പരിവാരങ്ങളായ എല്ലാവർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന വലിയൊരു പന്തൽ. അതിൽ നിരത്തിയിട്ട് ഇലകൾ, വന്നുകയറുമ്പോൾ നാലോ അഞ്ചോ ശിഷ്യന്മാർ മാത്രമാണ് ആശ്രമത്തിലുണ്ടായിരുന്നത്. ഇപ്പോഴിതാ നൂറുകണക്കിന് ജോലിക്കാർ. കാട്ടിൽ കുടിൽ കെട്ടിത്താമസിക്കുന്ന വെറുമൊരു താപസന് ഇത സമ്പത്തും സ്വാധീനവും ഉണ്ടെന്നോ? രാജാവിന് അത്ഭുതമായി. ഭക്ഷണം വിളമ്പിത്തുടങ്ങിയതോടെ അത്ഭുതം ഇരട്ടിയായി. കൊട്ടാരത്തിൽപോലും കിട്ടാത്തത് വിശിഷ്ട വിഭവങ്ങൾ. അത്യന്തം രുചികരമായ ഭക്ഷണപദാർഥങ്ങൾ, മധുരപാനീയങ്ങൾ. വിശ്വസിക്കാനാവാതെ തുറിച്ച് കണ്ണുകളോടെ ചുറ്റും നോക്കുമ്പോഴാണ് വിശ്വാമിത്രൻ അതുശ്രദ്ധിച്ചത്. വിളമ്പുകാരുടെ പാത്രങ്ങൾ എത്ര വിളിമ്പിയിട്ടും ശൂന്യമാകുന്നില്ല. വിളമ്പുകാരെല്ലാം മത്സരിച്ചു വിളമ്പുന്നു. തന്റെ പരിവാരങ്ങൾ മത്സരിച്ചുണ്ണുന്നു. പാത്രങ്ങളിൽ ഭക്ഷണം അതേപടി കാണുന്നു. വിശ്വാമിത്രൻ വസിഷ്ഠനെ നോക്കി. ഭക്ഷണം കഴിക്കുന്നവരെ കരുണയോടെ നോക്കിനിൽക്കുകയാണ് മഹർഷി. ഭക്ഷണം കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു. ഇലകളും മറ്റുമെടുത്ത് പന്തൽ വൃത്തിയാക്കി, ജോലിക്കാർ ആശ്രമത്തിനു പിന്നിലേയ്ക്കു പോയി. രാജാവിന്റെ പരിവാരങ്ങൾ മരച്ചുവട്ടിലും പാറ ക്കെട്ടുകളിലുമൊക്കെ കിടന്ന് ഉറക്കം പിടിച്ചു. വിശ്വാമിത്രനു കിട ക്കാൻ പന്തലിൽത്തന്നെ ഒരു മലർമഞ്ചം ഒരുക്കിയിരുന്നു. പക്ഷെ കിടന്നിട്ടുറക്കം വരുന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണു വിശ്വാമിത്രൻ, വസിഷ്ഠന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു? ഇത്രയധികം ജോലിക്കാരുണ്ടായിട്ടും ആശ്രമത്തിനു പിന്നിൽ നിന്ന് ചെറിയൊരനക്കം പോലും കേൾക്കുന്നില്ല എന്നദ്ദേഹം അത്ഭുതത്തോടെ ശ്രദ്ധിച്ചു. കൊട്ടാരത്തിലെ അടുക്കളപ്പുരയിൽ എന്തൊരു ബഹളമായിരിക്കും. തനിക്കറിയാത്ത എന്തൊക്കെയോ രഹസ്യങ്ങൾ. അതുകണ്ടെത്തണം രാജാവ് മെല്ലെ എഴുന്നേറ്റു. ഒരു കള്ളനെപ്പോലെ പമ്മിപ്പമ്മി വിശ്വാമിത്രൻ പർണ്ണശാലയുടെ പിൻഭാഗത്തേക്കു ചെന്നു. ഉദ്ദേശിച്ചതുപോലുള്ള ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ആളില്ല.. അനക്കവുമില്ല. ഒരു പശു നിൽക്കുന്നുണ്ട്. നല്ല ചൈതന്യമുള്ളാരു പശു. ആരു കണ്ടാലും നോക്കിനിന്നുപോകുന്ന കൊഴുപ്പും മിനുപ്പുമുള്ളാരു പശു. രാജാവ് അടുത്തുചെന്നു. അതിനെ തൊട്ടുതലോടി. പശു  വെള്ള ചെവികളാട്ടി നിന്നു. “മഹാരാജാവെന്താ ഇവിടെ? ഉറക്കം വന്നില്ല അല്ലേ ..?” വസിഷ്ഠന്റെ ശബ്ദം കേട്ട് രാജാവു തിരിഞ്ഞുനോക്കി. “ഇല്ല. ഞാൻ ഈ ആശ്രമപരിസരങ്ങൾ ചുറ്റിക്കാണുകയായിരുന്നു പശുവിനെ തലോടിക്കൊണ്ട് വിശ്വാമിത്രൻ തുടർന്നു “ഇത് .. ?” “ഇവൾ കാമധേനു.. വസിഷ്ഠൻ മറുപടി നൽകി  “കാമധേനു" ...? ! വിശ്വാമിത്രന് അത്ഭുതം അടക്കാനായില്ല. പാലാഴിമഥനത്തിനിടെ ഉയർന്നുവന്ന ദിവ്യധേനും ചോദിക്കുന്നതെ ന്തും തരുന്ന സുരഭിയെന്ന അത്ഭുതപ്പശു. ദേവന്മാർ കൈക്കലാക്കി ദേവേന്ദ്രന്റെ യശസ്സുയർത്തിയ ആ പശുവെങ്ങനെ ഇവിടെയെത്തി ...? മുനി, രാജാവിന്റെ മനസ്സു വായിച്ചെന്നപോലെ അതിനു മറുപടി നൽകി. “എന്റെ യാഗം തീരുന്നതുവരെ ഇവൾ എന്നോടൊപ്പമുണ്ടാകും. ദേവന്മാരുടെ സമ്മാനം. വിശ്വാമിത്രന് വിശ്വസിക്കാനായില്ല. സ്വർഗലോകത്തെ അത്ഭുതങ്ങൾ ഭൂമിയിലുമെത്തുന്നുവെന്നോ .. പറഞ്ഞുകേട്ട കഥകളിൽ ചോദിക്കുന്നതെന്തും നൊടിയിടയിൽ നൽകുന്ന ഒരു ദിവ്യധേനുവു ണ്ടായിരുന്നു. സുരഭിയെന്നും കാമധേനുവെന്നും ശബളയെന്നു മൊക്കെ വിളിക്കപ്പെടുന്ന പശു. നേരിട്ടു കാണാനാവുമെന്നു കരുതിയതുമല്ല. വസിഷ്ഠൻ കാമധേനുവിന്റെ അത്ഭുത സിദ്ധികൾ വിവരിച്ചുകൊണ്ടേയിരുന്നു. എല്ലാം കേൾക്കുന്നുണ്ടെങ്കിലും വിശ്വാമിത്രന്റെ മനുഷ്യമനസ്സ് മറ്റെന്തൊക്കെയോ ആലോചനകളിലായിരുന്നു. അവർക്ക് തിരിച്ചുപോകാൻ സമയമായി. ആ പശുവിനെ കണ്ടിട്ട് വെറുതെയങ്ങു മടങ്ങാൻ തോന്നുന്നില്ല. ഈ ദിവ്യധേനുവിനെ വസിഷ്ഠന് എന്തിനാണ് ? ഭക്ഷണം പോലും ഉപേക്ഷിച്ചു ജീവിക്കുന്ന യോഗിക്ക് എല്ലാം തരുന്ന പശുവിന്റെ ആവശ്യമില്ല. കൊട്ടാരത്തിലാണിവൾ നിൽക്കുന്നതെങ്കിൽ നാട്ടിലെ പ്രജകൾക്കെല്ലാം സമൃദ്ധിയും ഐശ്വര്യവും നൽകാനാവും, നാട്ടിൽ പട്ടിണിയും ദാരിദ്ര്യവുമുണ്ടാവില്ല. എങ്ങനെയെങ്കിലും കാമധേനുവിനെ കൊട്ടാരത്തിലെത്തിക്കണം. വിശ്വാമിത്രൻ മുനിയുടെ അടുത്തുചെന്ന് ഭവ്യതയോടെ സംസാരിച്ചു തുടങ്ങി. "മഹർഷേ എനിക്കൊരു ആഗ്രഹമുണ്ട്. അത് സാധിച്ചുതരണം” ആകട്ടെയെന്നോ ഇല്ലെന്നോ ത്രികാലജ്ഞാനി യായ മുനി പറഞ്ഞില്ല . “പറയൂ” വസിഷ്ഠൻ ഒരു ഗൂഢമന്ദസ്മിതത്തോടെ പറഞ്ഞു. “ എനിക്ക് .. കാമധേനുവിനെ വേണം .. “പറ്റില്ല ..” ഒട്ടും കരുണയില്ലാതെ വസിഷ്ഠൻ മറുപടി നൽകി. പകരമായി പതിനായിരം പശുക്കളെ തരാം. അതിൽ കൂടുതൽ കൊടുക്കാനും തയ്യാറായിരുന്നു . വിശ്വാമിത്രൻ “പതിനായിരമല്ല. ഒരു കോടി പശുക്കളെ തന്നാലും ഇവളെ വിട്ടു തരില്ല. വസിഷ്ഠൻ തീരെ താല്പര്യമില്ലാത്ത മട്ടിൽ മുഖം തിരിച്ചു". “ഈ ആശ്രമത്തിലല്ല അവൾ ജീവിക്കേണ്ടത്. കൊട്ടാരത്തിൽ അവളുണ്ടെങ്കിൽ രാജ്യത്തെ ജനങ്ങളുടെ പട്ടിണിമാറും. രാജ്യം സമൃദ്ധമാകും രാജാവ് വീണ്ടും അനുനയത്തിന്റെ ഭാഷയിൽ പറഞ്ഞു. “രാജ്യത്തിലെ പട്ടിണിമാറാൻ ഇതല്ല മാർഗ്ഗം. നല്ല നല്ല പദ്ധതികൾ ആവിഷ്കരിച്ച് കൃഷിയും വ്യാപാരവും വർദ്ധിപ്പിക്കണം. വസിഷ്ഠൻ കളിയാക്കുന്ന മട്ടിലാണതു പറഞ്ഞത്. രാജാവ് എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയിട്ടും വസിഷ്ഠന്റെ മനസ്സുമാറ്റാൻ സാധിച്ചില്ല. ഇനി അനുനയത്തിന്റെ മാർഗം കൊണ്ടു രക്ഷയില്ലെന്ന് വിശ്വാമിത്രനു മനസ്സിലായി. അധികാരത്തിന്റെ ചെങ്കോൽ കൈയ്യിലെടുത്ത് വാക്കുകളിൽ ഗൗരവം വരുത്തി രാജാവ് ചോദിച്ചു. “ഞാനീ നാടിന്റെ രാജാവും താങ്കളിവിടുത്തെ വെറുമൊരു പ്രജയുമാണെന്നത് അങ്ങോർമയുണ്ടോ?” “തപസ്വികൾ ആരുടെയും പ്രജകളല്ല. ഭൗതിക ജീവിതം നയിക്കുന്ന സാധാരണക്കാരോടു പോരേ, താങ്കളുടെ രാജാധികാര പ്രക ടനങ്ങൾ തെല്ലും കൂസലില്ലാതെ വസിഷ്ഠൻ ചോദിച്ചു. “പക്ഷെ .. നിങ്ങളിപ്പോൾ എന്റെ നാട്ടിലാണു കഴിയുന്നത്. എന്റെ അധികാരപരിധിയിലാണ് കാട്. അതോർക്കണം. എന്റെ നാട്ടിൽ കഴിയുമ്പോൾ ഞാൻ പറയുന്നതനുസരിക്കണം.” രാജാവിന്റെ സ്വരത്തിൽ ഭീഷണി തുളുമ്പി. “ഓഹോ..അങ്ങനെയെങ്കിൽ ഈ നിമിഷം താങ്കളുടെ നാട്ടിൽ നിന്നു പോയേക്കാം.” വിനീതനെന്നോണം വസിഷ്ഠൻ വാപൊത്തി. “എന്നാലും കാമധേനുവിനെ തരില്ല അല്ലേ .. ?“ ഇല്ല. ഇത് എന്റെ യജ്ഞത്തിനു വേണ്ടി, ഏറെക്കാലം തപസ്സു ചെയ്ത് ഇന്ദ്രനിൽ നിന്നു നേടിയെടുത്തതാണ്. “തപസ്സ് ..” വിശ്വാമിത്രനു കോപം വന്നു .. “കാട്ടിൽ വെറുതേയിരുന്ന് ഒരു കർമ്മവും ചെയ്യാതെ ജീവിക്കുന്ന സൂത്രപ്പണി. “താപസന്മാരെ അവഹേളിക്കരുത്. തപഃശക്തി എന്താണെന്ന് ഇത്രയുമായിട്ടും അങ്ങേയ്ക്ക് മനസ്സിലായില്ല അല്ലേ? വസിഷ്ഠനും വിട്ടില്ല. “രാജാധികാരമാണോ തപോബലമാണോ കേമം എന്ന് ഞാൻ കാണിച്ചുതരാം .” വിശ്വാമിത്രൻ ശബ്ദമുയർത്തി. “ എന്നാൽ അങ്ങനെതന്നെ. ബലം പ്രയോഗിച്ച് താങ്കൾ കാമധേനുവിനെ കൊണ്ടുപോകുകയാണെങ്കിൽ എനിക്കും സമ്മതം. വസിഷ്ഠൻ ചിരിച്ചു. അസാദ്ധ്യമെന്ന് ഉറപ്പുള്ള ചിരി. “പിടിച്ചുകെട്ട് , ഈ കള്ളസന്ന്യാസിയെ.. എന്നിട്ട് ആ പശുവിനെയും കൊണ്ട് കൊട്ടാരത്തിലേക്ക് പുറപ്പെടുക. വിശ്വാമിത്രൻ സേനാംഗങ്ങൾക്ക് ഉത്തരവു നൽകി. ഭടന്മാർ ആയുധങ്ങളുമായി മനസ്സില്ലാമനസ്സോടെ മുന്നോട്ടുനീങ്ങി. വിശന്നു വലഞ്ഞെത്തിയ തങ്ങൾക്ക് വയറുനിറയെ ഭക്ഷണം തന്നയാളാണ്. പോരാത്തതിന് ദിവ്യശക്തികളുള്ള മഹർഷിയും. ഭടന്മാർ പരുങ്ങി. പക്ഷെ, രാജാ വിന്റെ ആജ്ഞ അനുസരിക്കാതെ പറ്റില്ലല്ലോ. “വേണ്ട, ബുദ്ധിമുട്ടേണ്ട. ആരോഗ്യമില്ലാത്ത ഈ വൃദ്ധൻ നിങ്ങൾക്കൊരു ഉപദ്രവവും ചെയ്യില്ല. “വസിഷ്ഠൻ കൈകൂപ്പി. ഭടന്മാർ അദ്ദേഹത്തിന്നിരുവശത്തുമായി നിന്നു. കുറെ പടയാളികൾ ഇതിനിടെ ആശ്രമത്തിനു പിന്നിലേയ്ക്കു പോയിരുന്നു. പശുവിനെയും കൊണ്ട് എത്രയും വേഗത്തിൽ മടങ്ങാ മെന്നു കരുതി കാത്തുനിന്ന് രാജാവിനെ ഞെട്ടിച്ചുകൊണ്ട് അവർ ഓടിവന്നു. ശരീരമാസകലം ചോരപുരണ്ട അവർ ഭീതിയോടെ പിന്നി ലേക്കു കൈചൂണ്ടിപ്പറഞ്ഞു. "അവിടെ.. അവിടെ.... !! കാര്യമറിയാൻ, ശേഷിച്ച ഭടന്മാരെയും കൂട്ടി വിശ്വാമിത്രൻ പിൻവശത്തേക്കു കുതിച്ചു. അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായി രുന്നു. കാമധേനുവിനു ചുറ്റും ആയുധധാരികളായ നൂറുകണക്കിനു പടയാളികൾ. രാജാവിനെയും ഭടന്മാരെയും കണ്ടതോടെ അവർ ചാടിവീണു. തിരിഞ്ഞോടാൻ സമയം കിട്ടുന്നതിനുമുമ്പ് അവർ വിശ്വാമിത്രസേനയെ വെട്ടിവീഴ്ത്താൻ തുടങ്ങി. നിസ്സഹായനായി അതുനോക്കി നിൽക്കാനേ വിശ്വാമിത്രനു കഴിഞ്ഞുള്ളു. പരിവാരങ്ങളിൽ പലരും വീണു. ശേഷിച്ചവർ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. അമ്പരന്നു നിൽക്കുന്ന വിശ്വാമിത്രനു നേരേ കാമധേനുവിന്റെ കാവൽക്കാർ പാഞ്ഞടുത്തു. മരണം നൂറുനൂറു കരങ്ങളിൽ ആയുധമേന്തി മുന്നിൽ വന്നതോടെ രാജാവിന്റെ മനസ്സിൽ വിവേകത്തിന്റെ വെയിൽ പരന്നു. അദ്ദേഹം തിരിഞ്ഞോടി. വസിഷ്ഠ മഹർഷി അപ്പോഴും ശാന്ത നായി ആശ്രമമുറ്റത്തു നിൽക്കുകയായിരുന്നു. “മഹർഷേ, മാപ്പ് .. മാപ്പ് ... കൊല്ലരുത് ...” വിശ്വാമിത്രൻ വസിഷ്ഠന്റെ കാൽക്കൽ വീണു കരഞ്ഞു. വസിഷ്ഠമഹർഷി കൈയ്യുയർത്തി. സേനകൾ അപ്രത്യക്ഷരായി. വീണുകിടക്കുന്ന വിശ്വാമിത്ര ഭടന്മാർ ഉറക്കമുണർന്നതു പോലെ എഴുന്നേറ്റിരുന്നു. വിശ്വാമിത്രനെ പിടിച്ചെഴുന്നേൽപ്പിച്ച് വസിഷ്ഠൻ വീണ്ടും നിലാവുപോലെ ചിരിച്ചു. “മഹർഷേ .. മനസ്സിലായി . എനിക്കെല്ലാം മനസ്സിലായി. ""ആയുധ ബലത്തേക്കാൾ വലുത് തപോബലം തന്നെ"". ഇത്രയും കാലം കര ബലത്തിലും അധികാരത്തിലും അഹങ്കരിച്ച വിശ്വാമിത്ര മഹാരാ ജാവ് അങ്ങയുടെ കാൽച്ചുവട്ടിൽ മരിച്ചു വീണു. ഇനി രാജാവില്ല .. ഞാൻ അങ്ങയുടെ മാർഗം ... സന്യാസമാർഗം സ്വീകരിക്കുന്നു . വിശ്വാമിത്രൻ വസിഷ്ഠനെ വണങ്ങി. പിന്നീട് അതിനുള്ള ശ്രമങ്ങളായിരുന്നു. രാജ്യവും അധികാരവും ഉപേക്ഷിച്ച് വിശ്വാമിത്രൻ വനത്തിലേയ്ക്കിറങ്ങി. കഠിന തപസ്സിന്റെ നാളുകൾ. ഏകാന്തധ്യാനത്തിന്റെ ഇരുണ്ട തണലുകൾ. വർഷങ്ങൾ കടന്നുപോയി. പഠനത്തിന്റെയും മനനത്തിന്റെയും കാലങ്ങൾക്കൊടുവിൽ വിശ്വാമിത്രൻ മഹർഷിയായി. തപഃശക്തിയിൽ വസിഷ്ഠനെപ്പോല.. കോപത്തിൽ ദുർവാസാവിനെപ്പോലെ ... ഭക്തി യിൽ നാരദനെപ്പോലെ ... ജ്ഞാനത്തിൽ അഗസ്ത്യനെപ്പോലെ . എന്നാൽ .. സർവസംഗ പരിത്യാഗിയായിട്ടും വിശ്വാമിത്രനും വസിഷ്ഠനും തമ്മിലുള്ള ശീതസമരം തുടർന്നു. ആരാണ് കേമൻ എന്ന തർക്കം പലരുടേയും ജീവിതം തകർത്തു. കഥയൽപ്പം നീണ്ടു പോയി അല്ലേ? സാധു അങ്ങിനെയാ ഒന്നും ചുരുക്കി പറയാൻ അറിയില്ല. ക്ഷമിക്കുക. ഭാരതീയ പുരാണേതിഹാസങ്ങളിൽ ഇവരുടെ മത്സരങ്ങളുടെയും ആ മത്സരങ്ങളിൽ ദുരിതപൂർണ്ണമായ ഹരിശ്ചന്ദ്രനെപ്പോലുള്ളവരുടെ ജീവിതകഥകളുടെയും ആവിഷ്ക്കാരങ്ങൾ നമുക്കു കാണാം. നമുക്കു ലഭിക്കുന്ന കഴിവുകൾ മറ്റുള്ളവരുടെ നന്മയ്ക്കുമാത്രമായി വിനിയോഗിക്കുമ്പോഴാണ് നാം യഥാർത്ഥത്തിൽ മഹാന്മാരാകുന്നത്. അത് ഋഷിമാരായാലും സാധാരണക്കാരായ മനുഷ്യരായാലും.

ഗുരു പാദങ്ങളിൽ സമർപ്പിക്കുന്നു.

സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27


ആശ്രമ ധർമ്മ സേവക്ക് സഹായിക്കാൻ മനസ്സുള്ളവർക്ക് പ്രതിമാസം 100 രൂപ വീതമോ കഴിവുപോലെയോ സഹായിക്കാവുന്നതാണ്.

Swami Sadhu krishnanandha Saraswathy       

SBl Pattambi branch       

A/c : 37707148920       

IFSC : SBIN0070186. 

Google Pay 9061971227

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം