സീതാപഹരണം
ഇത് വെറുമൊരു പുരാണകഥയല്ല. ഈ നൂറ്റാണ്ടിലും ഇതുപോലുള്ള നവയുഗ രാവണന്മാർ യഥേഷ്ടം വിലസുന്നു.
വൃദ്ധനായൊരു താപസൻ. ജടയും നരച്ചുനീണ്ട താടി മീശക ളുമായി, കൈയിൽ കമണ്ഡലുവും യോഗദണ്ഡുമേന്തി അയാൾ സീതയുടെ മുന്നിൽ നിന്നു. ആശങ്കാകുലമായ മനസ്സിൽ, പ്രാർഥനാ മന്ത്രങ്ങളുമായി
മിഴികളടച്ചു നില്ക്കുകയായിരുന്നു സീത. സന്ന്യാസിയെ കണ്ടതും അവൾ വിനയാന്വിതയായി ആ പാദങ്ങളിൽ പ്രണമിച്ചു. വരൂ .. മഹാമുനേ.... അങ്ങ് ആരാണ് ?
ഈ കാട്ടിൽ ഇതിനുമുമ്പ് അങ്ങനെ കണ്ടിട്ടില്ലല്ലോ. ഇതാ, ഈ പീഠത്തിലിരുന്നാലും. അവൾ, മരം മുറിച്ചെടുത്ത വലിയൊരു പീഠം അദ്ദേഹത്തിന് മുന്നിലേക്ക് നീക്കിവെച്ചു. മുനി പീഠത്തിലിരിക്കാതെ ചുറ്റും നോക്കി, മറ്റാരും അവിടെയില്ല എന്നുറപ്പുവരുത്തി. “ആരാണു നീ ?... ഈ കൊടുങ്കാട്ടിൽ നീയെങ്ങനെ വന്നു ? ദേവസരസ്സിൽ വിരിഞ്ഞ പൊൻതാമരപ്പൂവുപോലെ ശോഭിക്കുന്ന നിനക്ക് ഈ കാനനത്തിലെ ഭയാനകമായ അന്തരീക്ഷത്തിൽ എങ്ങനെ കഴിയാനാകുന്നു ? മുനി ചോദിച്ചു. ചുരുങ്ങിയ വാക്കുകളിൽ അവൾ തന്റെ കഥകൾ പറഞ്ഞു. “ കഷ്ടം ! അന്തഃപുരത്തിന്റെ ശീതളാനന്ദം അനുഭവിക്കേണ്ട നീ എന്തിനിങ്ങനെ ദുരിതത്തിൽ വെന്തുനീറുന്നു. ഞാനൊരു കാര്യം പറയട്ടെ. ”സീതയുടെ പ്രതികരണം ശ്രദ്ധിച്ച് തെല്ലിട നിന്നശേഷം മുനി തുടർന്നു.“ എല്ലാ സുഖസൗകര്യങ്ങളും നിനക്കു ഞാൻ നല്കാം. “എല്ലാം ത്യജിച്ച് കാനനജീവിതം തെരഞ്ഞെടുത്തവരാണ് ഞങ്ങൾ. പതിനാലുവർഷം പൂർത്തിയാകാൻ ഇനി അധികകാലമില്ല. അങ്ങുപറഞ്ഞ സുഖവും ആനന്ദവും തിരികെ അയോദ്ധ്യയിലെത്തിയിട്ട് ഞാൻ അനുഭവിച്ചുകൊള്ളാം”. സീത രാമൻ പോയ ദിക്കിലേക്കു തന്നെ ശ്രദ്ധിച്ചുകൊണ്ടു പറഞ്ഞു. “ അതല്ല ... ജീവിതം ആസ്വദിക്കാനുള്ളതാണ്. പ്രത്യേകിച്ചും യൗവനത്തിൽ. അത് ഇങ്ങനെ കാട്ടിൽ കിടന്നു നരകയാതനയനുഭവിച്ചു നശിപ്പിക്കരുത്. മുനിയുടെ കണ്ണുകൾ തന്റെ ശരീരത്തിൽ തറച്ചിറങ്ങുന്നത് ഒരു ഞെട്ടലോടെ സീത തിരിച്ചറിഞ്ഞു. “ ആരാണങ്ങ് ? ഒരു സന്ന്യാസിയുടെ ഭാഷയല്ല താങ്കൾ ഉപയോഗിക്കുന്നത് !. സീതയുടെ വാക്കുകൾക്ക് മൂർച്ചയേറി “ബുദ്ധിമതിയാണു നീ ... ഞാൻ ഒരു സന്ന്യാസിയല്ല. കേട്ടിട്ടില്ലേ ലങ്ക എന്ന മഹാനഗരത്തെപ്പറ്റി ? ദേവശില്പിയായ വിശ്വകർമ്മാവ് സാക്ഷാൽ കുബേരനുവേണ്ടി നിർമ്മിച്ച നഗരം. ഭൂമിയിലെ സ്വർഗം, പുഷ്പകവിമാനവും സ്വർണമയമായ രാജധാനിയുമുള്ള ലങ്കാപുരി. അതിന്റെ ഉടയോനാണീ രാവണൻ. സീത ഞെട്ടിത്തരിച്ചുനിന്നു. ലക്ഷ്മണന്റെ വാക്കു കേൾക്കാതിരുന്നതിന്റെ ഫലം. പെൺമനസ്സിന്റെ ചപലചിന്തകൾ വിവേകത്തെ കീഴടക്കിയതിന്റെ വിപരീതഫലം. ഈശ്വരാ ... ! അവർ വേഗം മടങ്ങി വന്നെങ്കിൽ. സീത മനമുരുകി പ്രാർഥിച്ചു. “ദേവീ ... നീ എന്നോടൊപ്പം പോരിക. ലങ്കയിലെ അന്തഃപുരത്തിൽ, വിശ്വവിജയിയായ രാവണന്റെ പട്ടമഹിഷിയായി നിനക്കുകഴി യാം.” രാവണൻ പ്രലോഭനങ്ങളുടെ വലയെറിയാൻ തുടങ്ങി. “സന്ന്യാസി വേഷത്തിൽ വന്ന രാക്ഷസൻ ! നിന്റെ ശക്തി എനി ക്കിപ്പോൾ ബോദ്ധ്യമായി. രാമനെ നേരിട്ടെതിർക്കാൻ ത്രാണിയില്ലാതെ, ചതിപ്രയോഗവുമായി വന്ന നീചൻ. ജീവൻ വേണമെങ്കിൽ നീ മടങ്ങിപ്പോകുക. മൂന്നേമുക്കാൽ നാഴികകൊണ്ട് പതിനായിരക്കണക്കിന് രാക്ഷസന്മാരെ കൊന്നുവീഴ്ത്തിയ രാമന്റെ കണ്ണിൽപ്പെട്ടാൽ തീർന്നു നിന്റെ കഥ. ”സീത ശബ്ദമുയർത്തി“. രാവണനെ നിനക്കറിയില്ല. ഭയമെന്നത് എന്റെ നിഘണ്ടുവി ലില്ല . കൈലാസം കുലുക്കി, ശിവപാർവതിമാരെ ഒരുമിപ്പിച്ച രാവണൻ. അതിനു പ്രതിഫലമായി ശിവനിൽനിന്ന് ചന്ദ്രഹാസം സമ്മാനമായി നേടിയ വീരൻ. ഭാരതഖണ്ഡത്തിലെ ഓരോ രാജാവിന്റെയും നിദ്രാവേളകളിൽ പേടിസ്വപ്നമായി പടർന്നിറങ്ങുന്നവൻ ലങ്കേശൻ. ഒന്നും ചെയ്യാനാവില്ല നിന്റെ രാമന്. പിന്നെ, വേഷം മാറിവന്നത് ... സ്നേഹപൂർവം പറഞ്ഞു ബോദ്ധ്യപ്പെടുത്തി നിന്നെ കൂട്ടിക്കൊണ്ടു പോകാനാണ്. അതിനി നടക്കുമെന്നു തോന്നുന്നില്ല . ഒരുനിമിഷം മതി നിന്നെ പുഷ്പകവിമാനത്തിലേറ്റി കടൽകടക്കാൻ. “ രാവണൻ കൈകളുയർത്തി. തന്റെ ജടയും താടിയും അഴിച്ചുമാറ്റാനെന്ന പോലെ, പിന്നെ, സീത കണ്ണടച്ചു തുറക്കുന്നതിനിടെ സർവാഭരണ വിഭൂഷിതനായി മുന്നിൽ നിന്നു, അഴകിയ രാവണൻ. “ നോക്ക് ... എന്റെ മേനിയിലണിഞ്ഞിരിക്കുന്ന ദിവ്യാഭരണങ്ങൾ. ദേവലോകത്തുപോലും ലഭിക്കാത്ത വിശിഷ്ടരത്നങ്ങൾ. അമൂല്യങ്ങളാണിവ. ഇതിന്റെ നൂറിരട്ടി നിനക്കായി ലങ്കയിലൊരുക്കി വെച്ചിട്ടുണ്ട്. നീ എന്റെ പത്നിയാകുക. മണ്ഡോദരി നിനക്ക് ദാസ്യവേലചെയ്യും. അതല്ല, വീണ്ടും നീതിശാസ്ത്രങ്ങളും ധർമബോധനവുമാണ് ലക്ഷ്യമെങ്കിൽ ... കൈക്കരുത്തുമാത്രമേ എന്റെ മുന്നിൽ വഴിയുള്ളു. ''രാവണൻ ഭീഷണി മുഴക്കി.“ കൈക്കരുത്ത് കത്തിപ്പടരുന്ന കാട്ടുതീ വാരി ഉത്തരീയത്തിൽ നിറച്ചുകൊണ്ടുപോയ മന്ദബുദ്ധിയുടെ കഥ കേട്ടിട്ടുണ്ട്. ബാല്യത്തിൽ. അതിനേക്കാൾ വലിയ വിഡ്ഢിത്തമാണ് നീ ചിന്തിക്കുന്നത്. എന്നെ തട്ടിയെടുത്ത് നീ എവിടം വരെ പോകും?. രാമബാണങ്ങൾക്ക് ചെന്നെത്താനാവാത്ത മറ്റേതെങ്കിലും ലോകമുണ്ടോ .. ? നീ സ്വയംവരിക്കുകയാണ് മരണം. നിന്റെ സാമ്രാജ്യത്തിന്റെ സർവനാശത്തെ നീ ക്ഷണിച്ചു വരുത്തുകയാണ്. സീത വഴിയിലേക്കുതന്നെ ശ്രദ്ധിച്ചു കൊണ്ട് സംസാരം തുടർന്നു. രാവണൻ അതു ശ്രദ്ധിച്ചു. സമയം കളയുകയാണവളുടെ ലക്ഷ്യം. രാമലക്ഷ്മണന്മാർ മടങ്ങിയെത്തുന്നതുവരെ തന്നെ പിടിച്ചുനിറുത്തുക. അതാണവളുടെ തന്ത്രം. ഇനിയും വൈകിയാൽ കാര്യങ്ങൾ താളംതെറ്റും. “എനിക്കു കാത്തുനില്ക്കാൻ സമയമില്ല. നീ സ്വയം പുഷ്പക വിമാനത്തിൽ കയറുക. ആകാശത്തിലൂടെയുള്ള യാത്ര ആസ്വദിക്കുക. കടലിനുമുകളിലൂടെ, വെൺമേഘങ്ങളെ തൊട്ടുരുമ്മി നമുക്ക് പറക്കാം . ” രാവണൻ കൈ ഞൊടിച്ചപ്പോൾ ആശ്രമത്തിനുമുന്നിൽ സ്വർണരഥ സമാനമായ പുഷ്പകവിമാനം പറന്നെത്തി. “അരുത് ... പതിവ്രതയായ ഒരു സ്ത്രീയെ, അവളുടെ സമ്മതമില്ലാതെ കൊണ്ടുപോകുന്നത് അധർമ്മമാണ്. എന്റെ ഭർത്താവിനോടൊത്തുള്ള ജീവിതമാണ് എനിക്കാനന്ദം നല്കുന്നത്. ദയവായി അ മടങ്ങിപ്പോകുക.” സീത ഭയന്നു തുടങ്ങിയിരുന്നു. അവളുടെ വാക്കുകൾ വിറപൂണ്ടിരുന്നു. എന്നാൽ ആ വിലാപം കേൾക്കാൻ സാധിക്കുന്ന അവസ്ഥയി ലായിരുന്നില്ല. രാവണൻ. സീത അയാളുടെ മനസ്സിൽ വെറുമൊരു സ്ത്രീരൂപം മാത്രം. സൗന്ദര്യത്തികവാർന്ന ഒരുസ്ത്രീ പുരുഷന് അധീനയാകുവാൻ മാത്രം വിധിക്കപ്പെട്ട പെണ്ണിന്റെ പ്രതിരോധത്തിന് അവന്റെ കരബലത്തിനുമുന്നിൽ എന്താണു വില രാവണൻ നിർദാക്ഷിണ്യം അവളെ എടുത്തുയർത്തി രഥത്തിലിരുത്തി. രഥത്തിന്റെ സ്വർണച്ചിറകുകൾ അന്തരീക്ഷത്തിൽ ഉയർന്നു താണു. രാവണൻ ചുറ്റും ഒന്നുകൂടി നോക്കിയ ശേഷം രഥത്തിൽ കയറി. പുഷ്പകമെന്ന ആ വിചിത്രരഥം അന്തരീക്ഷത്തിലേക്കു യർന്ന് പറന്നുനീങ്ങി. സൂക്ഷിക്കുക ഇത്തരം രാവണന്മാർ പല കുടുംമ്പങ്ങളിലും കടന്നു കൂടി അപഹരണം നടത്തുന്നു.
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ