സാധു കണ്ട വിഭീഷണൻ


ഭാരതത്തിലെ മഹത്തായ രണ്ട് ഇതിഹാസങ്ങളാണ് രാമായണവും മഹാഭാരതവും. ഇവ രണ്ടിലും അതിഭീകരമായ യുദ്ധങ്ങൾ നാം കാണുന്നു. ഒന്ന് മണ്ണിനു വേണ്ടിയും മറ്റൊന്ന് പെണ്ണിനു വേണ്ടിയും. ഇത് , നമുക്ക് പൊതുവേ തോന്നുന്ന കാര്യമാണെങ്കിലും ഇവയ്ക്കു പിന്നിൽ ധർമാധർമ്മങ്ങളുടെ ഒരു ബലപരീക്ഷണം തന്നെ ദൃശ്യമാണ് . അധികാരവും സ്ത്രീയും ഇതിഹാസങ്ങളിലെ യുദ്ധ കാരണങ്ങളാണെങ്കിലും അവ മാത്രമായിരുന്നില്ല ആ യുദ്ധങ്ങൾക്കു പിന്നിൽ. ധർമ്മവും അധർമ്മവും തമ്മിലുള്ള ഒരു പോരാട്ടം, അതിനൊടുവിൽ അധർമ്മത്തിന്റെ പതനവും ധർമ്മത്തിന്റെ സ്ഥാപനവും. രാവണൻ, താൻ നേടിയ വരങ്ങൾ സൽക്കർമ്മങ്ങൾക്കായി വിനിയോഗിച്ചിരുന്നുവെങ്കിൽ രാമ രാവണ യുദ്ധമുണ്ടാവുകയില്ലായിരുന്നു. ലങ്ക എന്ന നാടിന്റെ സമവൈശ്വര്യങ്ങളും പണയംവച്ച് ഒരുയുദ്ധം. അതെന്തിനു വേണ്ടിയായിരുന്നു ? സീതയെ അപഹരിച്ച് സ്വന്തമാക്കാൻ. ശൂർപ്പണഖയ്ക്കു നേരിട്ട അവമാനത്തിനുള്ള പ്രതികാരമായിട്ടാണ് രാവണൻ സീതാപഹരണം നടത്തിയതെന്നു വാദിച്ചാൽ അതിനും ന്യായീകരണമില്ല. സീതയുടെ സൗന്ദര്യത്തിൽ മതിമയങ്ങിയാണയാൾ ആ ദുഷ്കർമ്മം ചെയ്യുന്നത്. മഹാഭാരതത്തിലാകട്ടെ. തനിക്കവകാശപ്പെട്ട പാതിരാജ്യം കൊണ്ടു തൃപ്തനാകാതെ ദുര്യോധനൻ യുധിഷ്ഠിരന്റെ ഇന്ദ്രപ്രസ്ഥം കൂടി കൈക്കലാക്കാനൊരുങ്ങി യപ്പോഴാണ് യുദ്ധം അനിവാര്യമായത്. യുദ്ധം ആസുരമാണ്. അത് നിരപരാധികളായ ആയിരക്കണക്കിനാളുകളുടെ ജീവനെടുക്കുന്നു. അവരുടെ ശാന്തിയും സമാധാനവും തകർക്കുന്നു. പലരും യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയാണ്. ഒരു താപസനെപ്പോലെ കാനനത്തിന്റെ സ്വച്ഛശീതളമായ അന്തരീക്ഷത്തിൽ ജീവിച്ചിരുന്ന രാമനെ യുദ്ധത്തിലേക്കു തള്ളിവിട്ടത് രാവണൻ തന്നെയാണ്. ശൂർപ്പണഖ അതിന് ഒരു നിമിത്തമായി ഭവിച്ചിരിക്കാം. യുദ്ധമൊഴിവാക്കാൻ രാവണനു മുന്നിൽ എത്ര മാർഗങ്ങളുണ്ടായിരുന്നു. ഹനുമാൻ രാമന്റെ അത്ഭുതശക്തികൾ എണ്ണിയെണ്ണി പറഞ്ഞിട്ടും രാവണനതു ബോധ്യം വന്നില്ല. മണ്ഡോദരിയുടെയും വിഭീഷണന്റെയും ഉപദേശങ്ങൾ അയാൾ ഒരിക്കലും ചെവിക്കൊ ണ്ടിരുന്നില്ല.  "ആപത്തുവരുമ്പോൾ മിത്രങ്ങളുടെ നല്ല ഉപദേശങ്ങൾ അംഗീകരിക്കാൻ നമുക്കു തോന്നുകയില്ല. വിധി അലംഘനീയമാണല്ലോ. മുൻകൂട്ടി ഉത്തരം എഴുതിവെച്ച ചോദ്യങ്ങളാണ് വിധി നമുക്കായി തയ്യാറാക്കിയിരിക്കുന്നത്." 
 കോയമ്പത്തൂർ സരസ്വതീ ഹോസ്പിറ്റൽ കിടക്കുന്ന സമയത്ത് രാമായണം വായിച്ചപ്പോൾ തോന്നിയ ആശയമാണ് സാധു ഏറെ ഇഷ്ടപ്പെടുന്ന വിഭീഷണനെക്കുറിച്ച് എഴുതണമെന്ന്. അക്ഷരത്തെറ്റുകളും,  ആശയലോപവും ക്ഷമിക്കുക.

നമുക്ക് കഥയിലേക്ക് അല്ല ലങ്കയിലേക്ക് പോകാം.

 നഗരം ചുറ്റിക്കാണുകയായിരുന്നു രാവണൻ. പൊട്ടിത്തകർന്നു കിടക്കുന്ന മണ്ഡപങ്ങൾ. അറ്റുവീണ ധ്വജങ്ങൾ. ചരിഞ്ഞുകിടക്കുന്ന വിളക്കുമാടങ്ങൾ. മുറിവേറ്റു കരയുന്ന സേനാനികളുടെ വേദനവിങ്ങുന്ന മുഖങ്ങൾ. നൂറുകണക്കിനു വന്മരങ്ങൾ പിഴുതെറിയപ്പെട്ടിരിക്കുന്നു. നന്ദനോദ്യാനത്തിനു സമമായ ലങ്കയിലെ സുന്ദരമായ ഉപവനം ഉഴുതുമറിച്ച വയൽപോലെ കിടക്കുന്നു. മനസ്സ് കലുഷമാകുന്നു. ഇവൻ സാധാരണക്കാരനല്ല. തന്നെപ്പോലെ വരം നേടി ശക്തനായ ഒരുവനുമാത്രം സാധിക്കുന്ന കാര്യങ്ങളാണ് ഹനുമാൻ ഒറ്റയ്ക്ക് ചെയ്തിരിക്കുന്നത്.  കത്തിപ്പടർന്ന അഗ്നിനാളങ്ങൾ നക്കിത്തുടച്ച് കൊട്ടാരക്കെട്ടുകൾ , കറുത്തിരുണ്ട് വൃദ്ധ രാക്ഷസികളെപ്പോലെ നില്ക്കുന്നു. പലതിന്റെയും മേൽക്കൂരകൾ പൂർണമായി കത്തി നശിച്ചിട്ടുണ്ട്. അവയ്ക്കുള്ളിലുണ്ടായിരുന്ന ആളുകളും മരിച്ചിട്ടുണ്ടാവാം. മനുഷ്യ മാംസം വെന്ത ദുർഗന്ധം പരക്കുന്ന നഗര ചത്വരത്തിൽ എന്തുചെയ്യണമെന്നറിയാതെ രാവണൻ നിന്നു. സഭ കൂടുക. ഇനി എന്തുവേണമെന്ന് തീരുമാനമെടുക്കണം. പ്രഹസ്തന് നിർദേശം നല്കി രാവണൻ നടന്നകന്നു. ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത് എട്ടംഗങ്ങളുള്ള ഒരു മന്ത്രിസഭയാണ്. പ്രഹസ്തനും വിഭീഷണനും ശുകനും കുംഭകർണനുമുൾപ്പെടുന്ന സഭയാണ് ലങ്കാപുരിയുടെ നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത്. തുടർച്ചയായി ദിവസങ്ങളോളം ഉറങ്ങുന്ന കുംഭകർണൻ പലപ്പോഴും സഭയിൽ ഉണ്ടാവാറില്ല. അനുജന്റെ കരബലം ആവശ്യമുള്ളപ്പോൾ മാത്രം ഉണർത്തിയാൽ മതി എന്നാണ് രാവണന്റെ നിർദേശം നഗരത്തിൽ നിന്ന് ഏറെ അകലെ കടൽത്തീരത്തുള്ള ഒരു മാളികയിലാണ് കുംഭകർണ്ണന്റെ വിശ്രമം. തലേന്നത്തെ യുദ്ധസമാനമായ സ്ഥിതിവിശേഷങ്ങളൊന്നും കുഭകർണൻ അറിഞ്ഞിരുന്നില്ല. (കുംഭകർണൻ ആറുമാസം ഭക്ഷണം കഴിക്കുമെന്നും അടുത്ത ആറുമാസം ഉറങ്ങുമെന്നുമൊക്കെ അതിഭാവുകത്വം നിറഞ്ഞ പല കഥകളും വാമൊഴിയായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. രാമായണം സൂക്ഷ്മമായി പഠിക്കുമ്പോൾ നമുക്കു മനസ്സിലാകുന്നത്, വാല്മീകീവിരചിതമായ രാമകഥയിലെ കുംഭകർണൻ തന്റെ വിശ്രമമന്ദിരത്തിൽ ദിവസങ്ങളോളം തുടർച്ചയായി ഉറങ്ങുന്ന ശീലമുള്ള ഒരാളാണെന്നു മാത്രമാണ് . യുദ്ധാരംഭത്തിൽ കുംഭകർണനെ ഉണർത്താൻ രാക്ഷസന്മാർ അയാളുടെ മൂക്കിലും ചെവിയിലും കയറിയെന്നും ആനയുടെ തുമ്പിക്കയ്യിൽ ജലമെടുപ്പിച്ച് ഒഴിച്ചുവെന്നുമൊക്കെയുള്ള കഥകൾ കഥകളായിത്തന്നെയിരിക്കട്ടെ. കുട്ടികൾക്ക് കൗതുകമുണ്ടാക്കുന്ന ഇത്തരം കഥകൾ രസകരവുമാണല്ലോ. സഭയിൽ അന്ന് കുംഭകർണനും സന്നിഹിതനായിരുന്നു. “ലങ്കയുടെ ചരിത്രത്തിൽ ഏറ്റവും ലജ്ജാകരമായ ദിവസമാണിന്ന്. രാവണൻ സംസാരിച്ചു തുടങ്ങി. അദ്ദേഹത്തിന്റെ വാക്കുകളിൽ ഒരു പരാജിതന്റെ വേദനയുടെ നനവുണ്ടായിരുന്നു. ലങ്കാലക്ഷ്മിയെ കാവൽ നിറുത്തിയ ലങ്കാപുരിയുടെ കവാടങ്ങൾ ഭേദിച്ച് ഒരു വാന രൻ ഇവിടെവന്ന് കാട്ടിക്കൂട്ടിയ അക്രമങ്ങൾ. നമ്മുടെ നഗരമിന്ന് മാനസമാനമായിരിക്കുന്നു. ഇത് നമുക്കൊക്കെ അവമാനകരമാണ്. രാവണൻ സദസ്യരെ നോക്കി. ഞാൻ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കാറില്ല. ലങ്കയുടെ സമൃദ്ധിയും ഐശ്വര്യവും നിലനിറുത്തുക എന്നതുമാത്രമാണെന്റെ ലക്ഷ്യം. എന്തും നിങ്ങളോട് ആലോചിക്കാറുണ്ട്. പക്ഷെ, എല്ലാവരെക്കാളും എനിക്ക് പ്രധാനം ലങ്കാനിവാസികളുടെ അഭിമാനമാണ്. സദസ്സ് തെല്ലുനേരം മൗനം പാലിച്ചു. രാവണന്റെ സ്വഭാവം എല്ലാവർക്കുമറിയാം. സഭയിൽ ഇത്തരം മഹദ് വചനങ്ങൾ ഉരുവിടുന്ന ചക്രവർത്തിക്ക് എതിർത്തു സംസാരിക്കുന്നവരെ തീരെ ഇഷ്ടമല്ല. പലപ്പോഴും അപ്രിയം പറയുന്നവർക്ക് വധശിക്ഷവരെ ലഭിക്കാറുണ്ട്. വെറുതെ എന്തിന് രാജകോപത്തിനാളാകണം ?


മഹാരാജൻ .. അങ്ങയുടെ ഖ്യാതി ത്രിലോകങ്ങളിലും വ്യാപിച്ചിരിക്കുന്നു. നാഗലോകത്തെ ഭോഗാവതിപട്ടണം കീഴടക്കിയ ആദ്യ രാജാവാണു താങ്കൾ. ലോകത്തിലെ ഏറ്റവും സമ്പന്നനും ശക്തനുമായ വൈശ്രവണനെ തോൽപ്പിച്ച് പുഷ്പക വിമാനവും ലങ്കയുടെ അധികാരവും നേടിയ മഹാവീരൻ, കൈലാസാധിപനായ ശ്രീപര മേശ്വരന്റെ പ്രീതിക്കു പാത്രമായി അദ്ദേഹത്തിൽനിന്ന് ചന്ദ്രഹാസമെന്ന ദിവ്യായുധം നേടിയ അങ്ങയുടെ മഹത്വം ഇന്ദ്രനുപോലും അസ്വസ്ഥതയുളവാക്കുന്നു. അവിടത്തെ യുദ്ധതന്ത്രങ്ങൾക്കു മുന്നിൽ അടിപതറിയ രാജാക്കന്മാരെത്രയെത്ര!. ചന്ദ്രഹാസത്തിന്റെ മൂർച്ചയറിഞ്ഞു ശിരസ്സു കുനിച്ചവർ. അങ്ങയുടെ കാൽക്കൽ സ്വന്തം കിരീടം വച്ചു കീഴടങ്ങിയവർ. എണ്ണിയാലൊടുങ്ങുമോ. കുംഭീനസിയുടെ ഭർത്താവായ മധു, പരാക്രമശാലികളായ വരുണപുത്രന്മാർ ... ആ നിരയങ്ങനെ നീളുകയല്ലേ.” പ്രഹസ്തൻ രാവണന്റെ അപദാനങ്ങൾ വാഴ്ത്തിക്കൊണ്ടിരുന്നു. “ഒരു കുരങ്ങൻ .. അർധരാത്രിയിൽ നടത്തിയ ഒളിപ്പോർ ലങ്കയുടെ മഹത്വത്തെയോ രാവണചക്രവർത്തിയുടെ അഭിമാനത്തേയോ തെല്ലും കുറയ്ക്കുന്നില്ല. നേരിട്ടു യുദ്ധം ചെയ്ത് ലങ്കയെ കീഴടക്കാൻ ഇനി ഒരുവൻ പിറക്കേണ്ടിയിരിക്കുന്നു. ലങ്കാപതിയായ അങ്ങു കൈക്കൊള്ളുന്ന എന്തു തീരുമാനത്തെയും ഈ നാടും ഇവിടത്തെ ജനങ്ങളും സർവാത്മനാ അംഗീകരിക്കും. രാവണനു സന്തോഷമായി. ഒരു നിറപുഞ്ചിരി പ്രഹസ്തനു നേരേയെറിഞ്ഞ് രാവണൻ സിംഹാസനത്തിൽ ചാരിയിരുന്നു. അടുത്തതാര് എന്ന ചോദ്യം ഒരു നോട്ടമായി സഭയെ ഉഴിഞ്ഞു. അപ്പോൾ രാവണ സോദരന്മാരിലൊരുവനായ വിഭീഷണൻ എഴുന്നേറ്റുനിന്നു. “രാജാവിനെ പ്രീതിപ്പെടുത്തുക എന്നതല്ല, ഉപദേശകരുടെ ധർമം. അവൻ തെറ്റായ വഴികളിലൂടെ സഞ്ചരിക്കാൻ തുടങ്ങുമ്പോൾ വരുംവരായ്കകൾ ബോദ്ധ്യപ്പെടുത്തി നേർവഴിയിലേയ്ക്കാ നയിക്കുക എന്നതാണ്. എന്നാൽ രാജാവിന് അപ്രിയങ്ങളാവും എന്നതിനാൽ പലരും സത്യങ്ങൾ വിഴുങ്ങുന്നു. പ്രിയങ്കരങ്ങളായ നുണകൾ പറഞ്ഞ് ഭരണാധികാരിയുടെ പ്രീതിക്കു പാത്രമാകുന്നു. അത് രാജ്യത്തിന്റെ നിലനിൽപ്പു തന്നെ അപകടത്തിലാക്കും.  മുഖവുരയെന്നപോലെ പറഞ്ഞ്, എല്ലാവരെയും കണ്ണുകളാൽ ഒന്നു വലംവച്ച്  വിഭീഷണൻ തുടർന്നു. എന്റെ ജ്യേഷ്ഠനായ ലങ്കാധിപൻ അതിശക്തനാണ് അജയ്യ നുമാണ്. പക്ഷെ ആ അജയ്യത എല്ലായ്പൊഴും ലഭിക്കണമെന്നില്ല. രാവും പകലും പൗർണമിയും അമാവാസിയും വേലിയേറ്റവും വേലിയിറക്കവുമൊക്കെ സംഭവിക്കുന്നതുപോലെ ജയവും പരാജയവും ഏവർക്കും സംഭവിക്കും. അതങ്ങനെ മാറിക്കൊണ്ടിരിക്കും. വിജയം ശാശ്വതമാണെന്ന് അഹങ്കരിച്ച് നാം തെറ്റുകളിൽ നിന്ന് തെറ്റുകളിലേയ്ക്ക് നീങ്ങുമ്പോൾ പരാജയത്തിന്റെ അഗാധഗർത്തങ്ങൾ നമ്മെ കാത്തിരിക്കുന്നുണ്ടാവും. ധർമ്മമാണ് ഓരോ മനുഷ്യന്റെയും ജീവിത വിജയത്തിനാധാരം. എത്ര ശക്തനാണെങ്കിലും എത്രയെത്ര ദിവ്യായുധങ്ങൾ കൈയിലുണ്ടെങ്കിലും എന്തൊക്കെ വരങ്ങൾ നേടിയിട്ടുണ്ടെങ്കിലും ധർമ്മം കൂട്ടിനില്ലെങ്കിൽ വിജയം നമുക്കൊപ്പം ഉണ്ടാകില്ല. ഇവിടെ ലങ്കയിന്നഭിമുഖീകരിക്കുന്ന പ്രശ്നവും അതുതന്നെ യാണ്. ധർമ്മം നമ്മുടെ പക്ഷത്തല്ല. ഞാൻ അന്വേഷിച്ചറിഞ്ഞതിൽ നിന്ന് രാമനും ലക്ഷ്മണനും ധർമ്മമാർഗത്തിൽ മാത്രം സഞ്ചരിക്കുന്നവരാണ്. “ധർമ്മമാർഗം.!” ഇടിവെട്ടും പോലെ രാവണന്റെ ശബ്ദമുയർന്നു. “ഏതു ധർമ്മത്തിലാണ് സ്ത്രീയുടെ കാതും മൂക്കും മുറിച്ച് അപമാനിക്കാൻ പറയുന്നത്?. ഗംഗാതീരക്കാരുടെ വേദങ്ങളിലോ?. മനുവിന്റെ നീതിശാസ്ത്രങ്ങളിലോ?. ധർമ്മം അവരുടെ പക്ഷത്താണത്രെ.” രാവണന്റെ മുഖം കോപത്താൽ തുടുത്തു. “ ജ്യേഷ്ഠാ  എന്തിനാണവർ അങ്ങനെ ചെയ്തതെന്നന്വേഷിച്ചുവോ താങ്കൾ? ശൂർപ്പണഖയുടെ സ്വഭാവം നമുക്കൊക്കെ വ്യക്തമായറിയാം . ലങ്കയുടെ സമൃദ്ധിയിൽ സുഖമായി അവൾക്ക് ജീവിക്കാമായിരുന്നു. പക്ഷെ അപരിഷ്കൃതരായ കാട്ടുവാസികളേപ്പോലെ അലഞ്ഞുനടക്കാനും കാണുന്ന പുരുഷന്മാരൊടെല്ലാം കൂട്ടുകൂടാനുമാണ് അവൾക്കിഷ്ടം. പ്രണയം പിടിച്ചുപറിക്കേണ്ടതല്ല, ഏകപത്നീ വ്രതക്കാരായ രാമലക്ഷ്മണന്മാരോട് പ്രണയാഭ്യർഥന നടത്തിയവളാണ് ശൂർപ്പണഖ. അത് നിരാകരിക്കപ്പെട്ടപ്പോൾ സീതാദേവിയെ പിടികൂടി വധിക്കാൻ ശ്രമിച്ചു. അപ്പോഴാണ് ലക്ഷ്മണൻ ആക്രമിച്ചത്. തെറ്റ് നമ്മുടെ ഭാഗത്തുള്ളപ്പോൾ അതിനെ ന്യായീകരിക്കുന്നത് മഹാരഥന്മാർക്ക് ഭൂഷണമല്ല.” വിഭീഷണൻ തുടരുന്നതിനിടെ കലി കയറിയ രാവണൻ സിംഹാസനത്തിൽ നിന്നു ചാടിയെഴുന്നേറ്റ് പുറത്തേക്ക് നടന്നുകോപിഷ്ടനായ രാജാവിനെ സമാധാനപ്പെടുത്താൻ പ്രഹസ്തനും, മറ്റു ചില മന്ത്രിമാരും പുറപ്പെട്ടതോടെ സഭ നിശബ്ദമായി. പീഠത്തിൽ ചാരിക്കിടന്ന് കൂർക്കം വലിക്കുന്ന കുംഭകർണനെ ദയനീയമായൊന്നു നോക്കി വിഭീഷണൻ പുറത്തേയ്ക്കു നടന്നു . അന്നുസന്ധ്യയ്ക്ക് വിഭീഷണൻ രാവണനെ കാണാൻ അരമനയിലെത്തി. കൈയലൊരു മധുചഷകവുമായി  ദൂരെ അലറിയാർക്കുന്ന സാഗരത്തെ മട്ടുപ്പാവിൽ നിൽക്കുകയായിരുന്നു രാവണൻ. കടുത്ത മാനസിക സമ്മർദം ജ്യേഷ്ഠനെ തളർത്തുന്നുണ്ടെന്ന്  വിഭീഷണനു തോന്നി. കനൽ പുകയുന്ന ഒരു നോട്ടത്താൽ ആഗമനാദ്ദേശമെന്തെന്നു തിരക്കി, രാവണൻ വീണ്ടും കടലിലേക്കു ദൃഷ്ടി തിരിച്ചു. ജ്യേഷ്ഠാ, ഒരു മന്ത്രിയോ ഉപദേശകനോ ആയിട്ടല്ല. അങ്ങയെ ഏറ്റവുമധികം സ്നേഹിക്കുന്ന ഒരനുജനായിട്ടാണ് ഞാനിവിടെ വന്നിരിക്കുന്നത്. വിഭീഷണന്റെ വാക്കുകൾ രാവണനിൽ ഒരു പ്രതികരണവും ഉളവാക്കിയില്ല. “വെറുമൊാരു വാനരൻ. അവൻ ഈ മഹാസാഗരം ചാടിക്കടന്ന് ഇവിടെയെത്തുമെന്ന് അങ്ങ് കരുതുന്നുണ്ടോ? നമുക്കജ്ഞാതമായ എന്തോ ഇവിടെ നടക്കുന്നുണ്ട്. മനുഷ്യകുലത്തിൽ പിറന്ന ഒരവനുതന്നെ അസാധ്യമായ കാര്യങ്ങളാണ് ആ വാനരൻ ഇവിടെ ചെയ്തുകൂട്ടിയത്. കാര്യങ്ങൾ കൈകളിൽനിന്നു വഴുതിപ്പോകുന്ന തിനുമുമ്പ് എന്തെങ്കിലും ചെയ്യണം.” വിഭീഷണന്റെ സംസാരം രസിക്കാത്ത മട്ടിൽ രാവണൻ രൂക്ഷമായി ഒന്നുനോക്കി. വിഭീഷണൻ അതുശ്രദ്ധിച്ചില്ല. “ജ്യേഷ്ഠാ, നമ്മുടെ രാജ്യം അനാഥമായിക്കൂടാ. ഐശ്വര്യവും സമാധാനവും നിറഞ്ഞ ലങ്കാപുരിയെ ഒരുയുദ്ധത്തിലേയ്ക്ക് തള്ളി വിടരുത്. തെറ്റ് നമ്മുടെ ഭാഗത്താണ്. രാമൻ അങ്ങയോട് എന്തു തെറ്റാണു ചെയ്തത് ?. ഏതു പകയുടെ പേരിലായാലും സീതാ ദേവിയെ അപഹരിച്ചത് അപരാധം തന്നെ. അങ്ങയുടെ പത്നിയെ മറ്റൊരുവൻ അപഹരിച്ചാൽ അങ്ങ് എങ്ങനെയാണ് പ്രതികരിക്കുക?...... അതി നാൽ ...” വിഭീഷണൻ പാതിയിൽ നിർത്തി. “അതിനാൽ ,?” രാവണൻ കോപാക്രാന്തനായി തിരിഞ്ഞു നിന്നു. ഒഴിഞ്ഞുകിടന്ന തുകൽ ഭരണി ഇടംകാലുകൊണ്ട് തട്ടിയെറിഞ്ഞ്, കൈയിലെ മധുചഷകം പീഠത്തിലേയ്ക്കിട്ട് രാവണൻ ചോദിച്ചു. “ബാക്കി കൂടി പറയുക. അതിനാൽ ഞാൻ അവന്റെ കാല പിടിക്കണം. സീതയെ കൊണ്ടുപോയി അവന്റെ മുന്നിൽ സമർ പ്പിക്കണം. അതോടെ ലങ്കയുടെ കഷ്ടകാലം തീരും, ലങ്കയുടെയും രാവണന്റെയും അഭിമാനം വാനോളം ഉയരും അല്ലെ ..?” രാവണൻ പുച്ഛഭാവത്തിൽ വിഭീഷണനെ നോക്കി. ഇനി, രാവണന്റെ അപ്രീതിയെപ്പറ്റി ചിന്തിച്ചിട്ടു കാര്യമില്ല. പറയാനുള്ളതു പറഞ്ഞ് പറ്റൂ. ഒരുപക്ഷേ, ഇയാൾ തന്നെ വധിച്ചേക്കാം. മരണം ഏതായാലും ഉറപ്പാണ്. യുദ്ധം നടന്നാൽ രാവണ പക്ഷത്തു നിലയുറപ്പിക്കേണ്ടിവരും. അങ്ങനെയെങ്കിൽ, അതിനേക്കാൾ ഭേദം ധർമ്മത്തിന്റെ പക്ഷത്തുനിന്ന് മരിച്ചു വീഴുകയല്ലേ ? വിഭീഷണൻ ചിന്തിച്ചു. “ജേഷ്ഠാ .. സീത ലങ്കയിലെത്തിയതു മുതൽ നമുക്ക് എന്തൊക്കെ അനർഥങ്ങളാണുണ്ടായിട്ടുള്ളത്. എങ്ങും ദുശ്ശകുനങ്ങളുടെ ഘോഷയാത്രകൾ തന്നെ. ജ്യോതിഷിമാർ ദുരന്തങ്ങൾ പ്രവചിക്കുന്നു. നമ്മുടെ കുല വിനാശമടുത്തിരിക്കുന്നു എന്ന് എന്റെ മനസ്സു പറയുന്നു. അതിനാൽ, വാശി ഉപേക്ഷിച്ച് വിവേകത്തിന്റെ പാത തെരഞ്ഞെടുക്കുക. ഇനിയും വൈകിയിട്ടില്ല. സീതാദേവിയെ രാമനു തിരി കെക്കൊടുത്ത് സമാധാനം പുനഃസ്ഥാപിക്കുക. അയാൾ നമ്മുടെ ശത്രുവല്ല. രാമനെപ്പോലൊരു വീരനെ അങ്ങു മിത്രമാക്കിയാൽ ത്രിലോകങ്ങളും അവിടുത്തേക്ക് സ്വന്തമാകും. "മതി ! നിന്റെ വരവിന്റെ ഉദ്ദേശം എനിക്കു മനസ്സിലായി. തോൽവി സമ്മതിച്ച് ഞാൻ രാമന്റെ പാദങ്ങളിൽ അഭയം തേടണം. ലങ്കാവാസികളുടെ മുന്നിൽ രാവണൻ ലജ്ജിച്ചു തലകുനിച്ചു നില്ക്കണം. അവർ എന്നെ അംഗീകരിക്കാതിരിക്കുന്നതുകൊണ്ട് ആർക്കാണു ലാഭം. പണ്ഡിതനായ നിനക്കു തന്നെ. അങ്ങനെയവർ നിന്നെ രാജാവാക്കുമെന്ന് ഒരു വ്യാമോഹം. അനുജനായിപ്പോയി . മറ്റാരെങ്കിലുമാണ് എന്റെ മുന്നിൽ നിന്ന് ഇങ്ങനെ സംസാരിച്ചതെങ്കിൽ അവന്റെ ശിരസ്സ് തറയിൽ വീണുരുളുമായിരുന്നു. ഇനി ഇത്തരത്തിൽ സംസാരിച്ചാൽ... അതോടെ തീരും നിന്റെ കഥ. രാവണനലറി. നിരാശനായി, വിഭീഷണൻ പടികളിറങ്ങി നടക്കുമ്പോൾ കോപത്താൽ രാവണൻ പല്ലുകളിറുമ്മുന്ന ശബ്ദം കേൾക്കാമായിരുന്നു 


അടുത്ത ദിവസവും സഭ കൂടി, രാവണൻ ഗൗരവത്തിൽ തന്നെയായിരുന്നു. മഹാപാർശ്വൻ എന്ന മന്ത്രിയാണ് അന്ന് ചർച്ചകൾക്കു തുടക്കമിട്ടത്. രാവണന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടിയ അയാൾ കുംഭകർണനെയും വിഭീഷണനെയും നിശിതമായി വിമർശിച്ചു. “ഒരു യുദ്ധം നേരിടാനുള്ള കരുത്ത് നമുക്കുണ്ട്. നാമെന്തിനു ഭയക്കണം? രാവണനെപ്പോലെ ശക്തനായൊരു പോരാളി മുന്നിൽ നിന്നു നയിക്കുമ്പോൾ വിജയം നമുക്കുതന്നെയാണ് ... മഹാപാർശ്വന്റെ വാക്കുകൾ രാവണന്റെ മനസ്സിനെ കുളിരണിയിച്ചു."  “ ബലേ ഭേഷ് , ഇങ്ങനെ ധീരതയുള്ള മന്ത്രിമാരാണു നമുക്കാവശ്യം. അല്ലാതെ, ശത്രുവിന്റെ പേരുകേൾക്കുമ്പോഴേ വിറച്ചുകൊണ്ട് സമധാന ദൂതുമായി ഓടുന്ന ഭീരുക്കളല്ല. വിഭീഷണന്റെ മുഖത്തേയ്ക്കു നോക്കാതെ രാവണൻ തുടർന്നു. "നാമിവിടെ കൂടിയിരി ക്കുന്നത് വരാനിരിക്കുന്ന യുദ്ധത്തിൽ എന്തൊക്കെ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടത് എന്നുചർച്ച ചെയ്യാനാണ്. പക്ഷെ, ഗംഗാതീരത്തെ തീർത്ഥഘട്ടങ്ങളിൽ മടിയന്മാരായ സന്ന്യാസികൾ ചെയ്യുന്നതു പോലെ ധർമ്മത്തെയും അധർമ്മത്തെയും പറ്റി പ്രസംഗം നടത്താനാണ് പലർക്കും താല്പര്യം . ധർമ്മമോ അധർമ്മമോ ... സീതയെ ഞാൻ കൊണ്ടുപോന്നു. ഈ ലോകത്ത് ആദ്യമായി ഒരു സ്ത്രീയെ അപഹരിച്ചത് രാവണനല്ല. രാജാക്കന്മാർ പലരും ഇങ്ങനെ ചെയ്തി ട്ടുണ്ട്. പിന്നെ അപഹരിച്ചു കൊണ്ടുവന്നെങ്കിലും അവളുടെ സമ്മതത്തോടെ മാത്രമേ ഞാനവളെ ഭാര്യയാക്കുകയുള്ളു. പരസ്ത്രീകളെ ബലാല്ക്കാരേണ സ്പർശിക്കുന്ന ശീലം രാവണനില്ല. ലങ്കാപതിയുടെ വാക്കുകൾ കേട്ട് വിഭീഷണൻ ഉള്ളിൽ ചിരിക്കുകയായിരുന്നു. ബലാൽക്കാരേണ സ്ത്രീകളെ സ്പർശിക്കുകയില്ല. പിന്നെ സീതയെങ്ങനെ തേരിൽ കയറി?. വലിച്ചിഴച്ച് തേരിലേറ്റി കൊണ്ടുവന്നിട്ട് ആത്മപ്രശംസ നടത്തുന്നു. ഒരു പഴയ ശാപത്തിന്റെ കഥ വിഭീഷണനോർത്തു. ലങ്കയിൽ ആളുകൾ അടക്കം പറയുന്ന ഒരു പഴയകഥ. വരസിദ്ധിയിൽ മദിച്ചുനടക്കുന്ന കാലത്ത് രാവണൻ ഒരിക്കൽ ബഹ്മദേശത്ത് ചെന്നെത്തി. ബ്രഹ്മപൗത്രിയായ പുഞ്ജിക തന്റെ ആശ്രമത്തിൽ സന്ധ്യാവന്ദനത്തിനൊരുങ്ങുകയായിരുന്നു, അവളുടെ സൗന്ദര്യത്തിൽ മതിമയങ്ങിയ രാവണൻ അവളോട് തന്റെ ഭാര്യയാകാൻ ആവശ്യപ്പെട്ടു. താനൊരു ആശ്രമ കന്യകയാണെന്നും തനിക്ക് വിവാഹം നിഷിദ്ധമാണെന്നും അവൾ വിനയപൂർവം മറുപടി നൽകി. എന്നാൽ മനസ്സിൽ പിശാചു ബാധിച്ച രാവണൻ അവളെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. പിറ്റേന്നു പ്രഭാതത്തിൽ പുഞ്ജിക പിതാമഹനായ ബ്രഹ്മദേവന്റെ സവിധത്തിലെത്തി. ചെറുമകളുടെ ദീനരോദനം കേട്ട് ബ്രഹ്മാവ് സമാധിയിൽ നിന്നുണർന്നു. വിവരങ്ങളറിഞ്ഞ ബ്രഹ്മദേവൻ മകളെ ആശ്വസിപ്പിച്ചു . “വരം അഹങ്കാരത്തിനല്ല .. അതവനറിയണം. ബ്രഹ്മാവ് അടുത്ത ക്ഷണം രാവണന്റെ മുന്നിൽ പ്രത്യക്ഷ  നായി . തനിക്ക് വരങ്ങൾ നല്കിയ ബ്രഹ്മദേവൻ, താനാവശ്യപ്പെടാതെ തന്റെ മുന്നിൽ വന്നുനിന്നതോടെ രാവണനു സന്തോഷമായി. “ദേവ ദേവാ..പ്രണാമം ... രാവണൻ ബ്രഹ്മാവിനെ നമിച്ചു. “മനുഷ്യന് കരുത്തുണ്ടാകുമ്പോൾ നന്മയും വിനയവും വിവേകവും ഉണ്ടാകണം. ശിരസ്സറുത്ത് അഗ്നിയിൽ ഹോമിക്കുമെന്നു ഭീഷണിപ്പെടുത്തി വരം നേടിയവനാണു നീ.. ഒടുവിൽ അനർഹമായ ആ ശക്തി നിസ്വരും നിരാലംബരുമായ പാവങ്ങളുടെ ജീവിതം തകർ ക്കാൻ നീ ഉപയോഗിക്കുന്നു. അതിനുള്ള ശിക്ഷ നീ അനുഭവിച്ചേ പറ്റൂ . ”ബ്രഹ്മാവ് പറഞ്ഞു. രാവണന് ഒന്നും മനസ്സിലായില്ല. “ആരെ ദ്രോഹിച്ച കാര്യമാണ് അങ്ങുപറയുന്നത് ?” രാവണൻ ചോദിച്ചു. “എണ്ണിയാലൊടുങ്ങാത്തത്ര തെറ്റുകൾ ചെയ്തല്ലോ. ഏറ്റവുമൊടുവിൽ ഇന്നലെ സന്ധ്യയ്ക്ക് ഒരുപാവം പെൺകുട്ടിയുടെ ജീവിതം തകർത്തത് നീ മറന്നിട്ടുണ്ടാവില്ല. ഇനി ഏതെങ്കിലും ഒരു സ്ത്രീയെ, അവളുടെ സമ്മതമില്ലാതെ പ്രാപിച്ചാൽ ആ നിമിഷം നീ മരിക്കും.. ”ശാപം നല്കി ബ്രഹ്മദേവൻ മറഞ്ഞു. അതിനുശേഷം പരസ്ത്രീ ബന്ധങ്ങൾക്ക് അല്പം കുറവുവന്നിട്ടുണ്ട്. അന്തഃപുരത്തിലെ സ്ത്രീകൾ ഈ കഥയറിഞ്ഞ് പലപ്പോഴും വിലപേശുന്നുണ്ടെന്നാണ് അരമനരഹസ്യം. വിഭീഷണന്റെ ചിന്തകൾക്കു വിരാമമിട്ടുകൊണ്ട് അപ്പോൾ സഭയിൽ കുംഭകർണന്റെ ശബ്ദം മുഴങ്ങി. “മഹാരാജാവേ .. മഴപെയ്യുന്നതിനുമുമ്പ് കുട നിവർത്തണം. വെള്ളപ്പൊക്കത്തിനുമുമ്പ് തോണി നിർമ്മിക്കണം: ആപത്ത് അടുത്തുവന്നതിനുശേഷം വരുംവരായ്കകളെപ്പറ്റി ചിന്തിച്ചിട്ട് കാര്യമില്ല. ഭരണാധികാരികൾ ദീർഘ ദർശികളാകണം. സീതയെ അപഹരിക്കുന്നതിനു മുമ്പ് ഇതുപോലൊരു യോഗം വിളിച്ചിരുന്നുവെങ്കിൽ ഈ അനർഥങ്ങൾ ഒഴിവാക്കാമായിരുന്നു. അതുണ്ടായില്ല, ശൂർപ്പണഖയുടെ വാക്കുകേട്ട് അന്നു ചാടിപ്പുറപ്പെട്ടു. ഇനി ആലോചിച്ചിട്ടെന്തുകാര്യം? വരുന്നതെന്തും സ്വീകരിക്കുക. ശത്രു എത്ര ശക്തനാണെങ്കിലും സധൈര്യം നേരിടുക. എല്ലാറ്റിനും ഞാൻ മുൻനിരയിലുണ്ടാകും, രാമനോ .. ലക്ഷ്മണനോ .. വരുന്നവനാരുമാകട്ടെ .. എനിക്കവൻ ശത്രുവാണ്. ലങ്കയെ ആക്രമിക്കാൻ വരുന്ന ശത്രു. അവനെ യമപുരിയ്ക്കയക്കുക എന്നതാണ് എന്റെ ധർമ്മം. ജ്യേഷ്ഠൻ ധൈര്യമായിരിക്കുക, ഈ കുംഭകർണന്റെ കരബലത്തിൽ വിശ്വാസമുണ്ടങ്കിൽ.” കുംഭകർണന്റെ ആശ്വാസവചനങ്ങൾ രാവണന്റെ ഹൃദയവ്യഥകളെ വീശിത്തണുപ്പിച്ചു. അപ്പോഴാണ് വിഭീഷണൻ വീണ്ടും എഴുന്നേറ്റത്. “കുംഭകർണനും മന്ത്രിമാരിൽ ചിലരും ചേർന്ന് ചക്രവർത്തിയെയും നമ്മുടെ നാടിനെയും നാശത്തിലേയ്ക്കാണ് നയിക്കുന്നത്. തെറ്റുകൾ തിരുത്തി നാടിനെ രക്ഷിക്കാനാണ് ഉപദേശകർ ശ്രമിക്കേണ്ടത്. ഇവിടെ അതിനു വിരുദ്ധമായ കാര്യങ്ങളാണു നടക്കുന്നത്. അങ്ങ് സമാധാനത്തിന്റെ പാത സ്വീകരിക്കണം. സീതയെ തിരികെ നൽകി, ലങ്കയെ ഒരു ദുരന്തത്തിൽ നിന്നു രക്ഷിക്കണം. ഒരു വാനരൻ ഒറ്റയ്ക്ക് നശിപ്പിച്ച് ലങ്കാപുരിയുടെ അറ്റകുറ്റപ്പണികൾ ഇതുവരെ പൂർത്തിയായിട്ടില്ല. അവനും രാമലക്ഷ്മണന്മാരും സുഗ്രീവാദികളായ വാനരശ്രേഷ്ഠരും യുദ്ധസജ്ജരായി ഒരുമിച്ചു വന്നാൽ... തടുക്കാനാവില്ല നമുക്ക്. രാജാവിന്റെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ഒരു രാജ്യം സർവനാശത്തിലേക്കു വീഴണമോ എന്ന് അങ്ങ് ദയവായി ചിന്തിക്കുക. വിഭീഷണൻ ഒരു ശകാരം പോലെയാണതുപറഞ്ഞത്. ഇത്രയും നേരം എല്ലാം കേട്ടിരുന്ന ഇന്ദ്രജിത്ത് ചാടിയെണീറ്റു. “പിതാവിന്റെ അനുജൻ പിതൃസ്ഥാനീയനാണ് എന്നതിനാലാണ് ഇത്രയും നേരം മൗനം പാലിച്ചത്. ഇനി അത് സാധ്യമല്ല. എന്തൊക്കെയാണ് മനുഷ്യൻ പറയുന്നത്. നമ്മുടെ വംശത്തിനു തന്നെ അപമാനമാണിയാൾ. ഒരാൾക്ക് , അതും രാവണന്റെ സഹോദരനായി ലങ്കയിൽ ജീവിക്കുന്ന ഒരുവന് ... ഇത്ര ഭീരുവാകാൻ സാധിക്കുമോ.. ? സാക്ഷാൽ ദേവേന്ദ്രനെ തോല്പിച്ച് ഞാനും കൈലാസമെടുത്ത് അമ്മാനമാടാൻ കെല്പുള്ള എന്റെ പിതാവും ജീവിച്ചിരിക്കുമ്പോൾ ലങ്കാവാസികൾ ഭയം എന്നൊരു വാക്കുതന്നെ ഉച്ചരിച്ചു കൂടാ, എങ്ങനെയീ ഭീരു നമ്മുടെ കുലത്തിൽ വന്നുപിറന്നു ? കഷ്ടം. ഇന്ദ്രജിത്തിന്റെ സംസാരം രാവണൻ നന്നായി ആസ്വദിക്കുന്നുണ്ടെന്നു തോന്നി. താൻ പറയാനാഗ്രഹിച്ച വാക്കുകളാണല്ലോ മകൻ പറയുന്നത്. “ഉണ്ണീ .. ഇന്ദ്രനെ ജയിച്ചതും കൈലാസമെടുത്ത് അമ്മാനമാടിയതും ഞങ്ങൾ പലവുരു കേട്ട കഥകളാണ്. കൈലാസം ഇപ്പോഴും നിശ്ചലമായി അവിടെത്തന്നെയുണ്ട്. ശ്രീപരമേശ്വരന്റെ പാദങ്ങൾ പതിഞ്ഞ ആ ശൈലശൃംഗത്തെ ഞാൻ മനസാ നമിക്കുന്നു. നീ തോൽപ്പിച്ചിട്ടും ഇന്ദ്രൻ ഇപ്പോഴും സ്വർഗസിംഹാസനത്തിൽ തന്നെ ഇരിക്കുകയും ചെയ്യുന്നു. വിജയങ്ങൾ നമുക്ക് ആത്മവിശ്വാസം നല്കാം. അത് നമ്മെ അഹങ്കാരികളാക്കരുത്. രാമനെപ്പറ്റി നിങ്ങൾക്കൊന്നുമറിയില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ ഒട്ടനവധി യോഗിവര്യന്മാരുമായി സംസാരിച്ചു. അവരെല്ലാം രാമന്റെ ദിവ്യത്വത്തെപ്പറ്റിത്തന്നെയാണു സംസാരിക്കുന്നത്. അവൻ കടൽ കടന്നു വരും ശൈവ വൈഷ്ണവ ചാപങ്ങളും അമ്പൊടുങ്ങാത്ത ആവനാഴിയുമായി. അവയ്ക്കുമുന്നിൽ നിന്റെ മായാവിദ്യകൾ ഫലം കാണുകയില്ല. “ഛീ ... നിറുത്ത്.” രാവണൻ ചാടിയെഴുന്നേറ്റതോടെ വിഭീഷണന്റെ വാക്കുകൾ മുറിഞ്ഞു. “കൊടിയ വിഷമുള്ള പാമ്പുകളോടൊപ്പം കഴിയാം. എത്ര ദിവസം വേണമെങ്കിലും .. നിത്യശത്രുവിനെയും കൂടെ പാർപ്പിക്കാം. എന്നാൽ വഞ്ചകനോടൊപ്പം ഒരിക്കലും വസിക്കരുത്. സോദര  സ്നേഹമെന്നു കൊട്ടി ഘോഷിക്കുകയും, ശത്രുവിനെ മനസ്സിൽ ആരാധിക്കുകയും ചെയ്യുന്ന നീ ... വധിക്കപ്പെടേണ്ടവനാണ്. കുറെക്കാലമായി ഞാൻ ശ്രദ്ധിക്കുന്നു. ഞാനെടുക്കുന്ന എന്തു തീരുമാനത്തെയും നീ എതിർക്കുന്നു. ധർമ്മബോധമാണത്രേ. ലങ്കാവാസികളിൽ സ്വാധീനം ചെലുത്താനുള്ള നിന്റെ തന്ത്രം. യുദ്ധത്തെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെ  രാമന്റെ മഹിമകൾ വാഴ്ത്തിപ്പാടി നീ സ്വന്തം സേനയുടെ ആത്മവിശ്വാസം തകർക്കുന്നു . ശത്രുവിനോടു കൂറുപുലർത്തുന്നവന് തൽക്കാലം ലാഭങ്ങളുണ്ടാവും. ആവശ്യം കഴിഞ്ഞാൽ അവർ നിന്നെ വലിച്ചെറിയും. ആ ദുരന്തം നീ അനുഭവിക്കണം. കൂടെയിരുന്നു പതിക്കുന്ന ഒരുവൻ ഇനി ലങ്കയിൽ വേണ്ട ചോറിങ്ങും കുറങ്ങുമായി ജീവിക്കുന്ന നിന്നെ വധിക്കേണ്ടതാണ്. പക്ഷെ, കൂടപ്പിറപ്പായിപ്പോയി. ഒട്ടേറെ വിശേഷണങ്ങൾ, ലോകം രാവണനു ചാർത്തി ത്തന്നിട്ടുണ്ട്. ഇനി അനുജനെ കൊന്നവനെന്ന ദുഷ്പേരുകൂടി ഉണ്ടാക്കരുത്. പോ .. പോയി, നിന്റെ ആ രാമചന്ദ്ര മൂർത്തിയുടെ പാദസേവ ചെയ്യ്, ലങ്കയുടെ സമസ്ത രഹസ്യങ്ങളും സൈന്യസജ്ജീകരണങ്ങളും അവനു വിശദീകരിച്ചു കൊടുക്ക്. കരവും വരവുമാണെന്റെ ബലം. പിന്നെ, ഒരുത്തനെയും കൂസാത്ത മനസ്സും, ജയമോ തോൽവിയോ രാവണനു പ്രശ്നമല്ല. ശത്രുവിന്റെ കാൽക്കൽ വീണ് ലങ്കയുടെ സിംഹാസനം സുരക്ഷിതമാക്കിയിട്ട് അതിലിരുന്ന് ഒരു നപുംസകത്തെപ്പോലെ ഭരണം നടത്താൻ രാവണനുവയ്യ. ജീവിച്ചത് ആണായിത്തന്നെ. മരിക്കുന്നതും. നിന്റെ രാമനോടു പറയണം, രാവണൻ കാത്തിരിക്കുകയാണെന്ന്.. വൈഷ്ണവവും ശൈവചാപവും അമ്പൊടുങ്ങാത്ത ആവനാഴിയുമായി അവൻ വരട്ടെ. ആത്മവിശ്വാസമൊടുങ്ങാത്ത മനസ്സും വലം കൈയിൽ ചന്ദ്രഹാസവുമായി ത്രികൂട പർവതാഗ്രത്തിലുണ്ടാവും ഈ ഞാൻ. ഒരു നിമിഷം നിർത്തി ഗദയുയർത്തി തോളിൽ വച്ച് അഗ്നിയെരിയുന്ന നേത്രങ്ങളാൽ വിഭീഷണനെ നോക്കി രാവണൻ ഒരാജ്ഞപോലെ അലറി. ഇനി .. ഇനി നിന്നെയീ ലങ്കയിൽ കണ്ടുപോകരുത്. വിഭീഷണൻ എഴുന്നേറ്റു. മെല്ലെ പുറത്തേക്കു നടക്കുമ്പോൾ അവസാനമായി സഭാമണ്ഡപത്തെ ഒന്നു തിരിഞ്ഞുനോക്കി, നിശ്ശബ്ദമാണ് സഭ. എല്ലാവർക്കും ദുഃഖമുണ്ട്. പക്ഷെ രാവണനെ എതിർ ക്കാൻ ആർക്കും ധൈര്യമില്ല. വരുന്നതുവരട്ടെ, ലങ്കയുടെ വിധി അതായിരിക്കാം. ഏതിനും ഒരു അവസാനമുണ്ട്. അവസാനത്തിന് ഒരു കാരണവും.

 ഒരു നിമിഷം ചിന്തിക്കൂ

നമുക്ക് ന്യായീകരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകാം. രാമന്റെ രീതിയിലും, രാവണന്റെ രീതിയിലും, വിഭീഷണ - കുംഭകർണ്ണ രീതിയിലും നമുക്ക് ന്യായീകരണങ്ങൾ ഉണ്ടാകാം. പക്ഷേ

ഒന്നോർക്കുക.

എന്റെയും, നിങ്ങളുടെയും ചിന്തകളല്ല സൃഷ്ടാവായ ദൈവത്തിന്റെ ചിന്തകൾ. തിരിച്ചറിയുക സ്വയം തിരിച്ചറിയുക.

സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി

മഠാധിപതി

കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം

പെരിയമ്പലം

തൃശ്ശൂർ ജില്ല

90 61 97 12 27



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ?

ഹൈന്ദവ ധർമ്മത്തിൽ സ്ത്രീകളുടെ സ്ഥാനം

JIPMER എന്ന സൗജന്യ ആതുരാലയം