പട്ടാഭിഷേകവും ഹനുമാന്റെ യാത്രയും
പട്ടാഭിഷേകം
നിങ്ങൾ വായിക്കാൻ തയ്യാറെങ്കിൽ സാധു എഴുതാനും തയ്യാറാണ്. അക്ഷരത്തെറ്റുകളും, ആശയദോഷവും കണ്ടാൽ പറയാൻ മടിക്കേണ്ട.
ദിലീപനും കകുൽസ്ഥനും അജനും ഇരുന്ന സൂര്യ വംശത്തിന്റെ സിംഹാസനം . ഹരിശ്ചന്ദ്രന്റെ സ്മരണകളുറങ്ങുന്ന പുണ്യപീഠം . ആ സിംഹാസനത്തിലിരുന്ന് സാക്ഷാൽ ശ്രീരാമചന്ദ്രൻ ഇനി അയോദ്ധ്യയുടെ ഭരണം നടത്താൻ പോകുന്നു. പീഠത്തിൽ ഭക്ത്യാദരങ്ങളോടെ വച്ചിരുന്ന രാമപാദുകങ്ങൾ കൈയ്യിലെടുത്ത് ഭരതൻ തന്റെ ഉത്തരീയത്താൽ തുടച്ചുമിനുക്കി രാമപാദങ്ങളിൽ സമർപ്പിച്ചു . വസിഷ്ഠമഹർഷിയുടെ അനുഗ്രഹം വാങ്ങിയ ശേഷം രാമൻ ആ പാദുകങ്ങളണിഞ്ഞ് സഭാമണ്ഡപത്തിന് പുറത്തേക്കു നടന്നു. പ്രഭാതത്തിൽ തന്നെ ക്ഷുരകന്മാർ എത്തിയിരുന്നു. ജടയും, മുടിയും, ശ്മശ്രുക്കളും വെട്ടിമാറ്റി സ്നാനഘട്ടത്തിലേയ്ക്കു ചെന്നു. കുളി കഴിഞ്ഞ് അംഗരാഗങ്ങളണിഞ്ഞ് തേജസ്വിയായി രാമൻ വന്നു. സീതയെ തോഴിമാരും അനുജത്തിമാരും ചേർന്ന് അണിയിച്ചൊരുക്കി. ലക്ഷ്മണനും ഭരത ശത്രുഘ്നന്മാരും രാജപ്രൗഢിയോടെ ഒരുങ്ങി കാത്തുനില്ക്കുന്നുണ്ടായിരുന്നു. നിയുക്തരാജാവിന്റെ പട്ടണപ്രവേശമാണ് അടുത്ത ചടങ്ങ്. നഗരവീഥികളിലൂടെ രാജാവു നടത്തുന്ന ഘോഷയാത്രയാണ് പട്ടണപ്രവേശം. ജനങ്ങളുടെ അനുമതിയും അംഗീകാരവും നേടിയ ശേഷം മാത്രമേ രാജാവ് സിംഹാസനത്തിലേറാവൂ. സുമന്ത്രർ തേരുമായി വന്നു. സീതാസമേതനായി രാമൻ രഥത്തിൽ കയറി. നഗര വീഥികൾക്കിരുവശവും ജനങ്ങൾ, തങ്ങളുടെ രാജാവിനെ കാണാൻ തടിച്ചുകൂടിയിരുന്നു. ലക്ഷ്മണൻ രാജാവിനു വെൺചാമരം വീശി, പിന്നിൽനിന്ന് ഭരതൻ വെൺകൊറ്റക്കുട പിടിച്ചു. ആലവട്ടവുമായി ഇടതുവശത്തു ശത്രുഘ്നൻ നിന്നു. അകമ്പടിക്കാരായി സുഗ്രീവനും വിഭീഷണനും മറ്റൊരു തേരിൽ. രഘു വംശത്തിലെ പുതിയ രാജാവിന്റെ നഗര പ്രദക്ഷിണം അന്നോളം ആരും കണ്ടിട്ടില്ലാത്തത്ര പ്രൗഢവും ഗംഭീരവുമായിരുന്നു. രഥത്തിനു പിന്നാലെ ആരവങ്ങളുതിർത്ത് അതികായന്മാരായ വാനരന്മാരും നിരന്നതോടെ വീഥികളിൽ പൊടിപടലങ്ങളുയർന്നു. അയോദ്ധ്യ ഉത്സവലഹരിയിൽ മുങ്ങിത്തിളയ്ക്കുകയായിരുന്നു. ഇരുവശത്തും നില്ക്കുന്ന പ്രജകൾക്കുനേരേ കരങ്ങൾ വീശി മോഹനമന്ദഹാസം പൊഴിച്ച് രാമൻ തേരിലിരുന്നു. പ്രജകൾ കണ്ണെടുക്കാതെ ആ തേജോരൂപത്തെത്തന്നെ നോക്കി നിന്നു. നഗരപ്രദക്ഷിണം കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴേക്കും സൂര്യൻ അസ്തമിക്കാറായിരുന്നു. അതിഥികൾക്ക് യഥായോഗ്യം വാസസ്ഥലങ്ങൾ നല്കി. സുഗ്രീവനെയും വിഭീഷണനെയും പ്രത്യേകം അതിഥിമന്ദിരങ്ങളിലാക്കി. നാളെ പ്രഭാതത്തിൽ പട്ടാഭിഷേകം. അതിന് നാലുദിക്കിലുമുള്ള സമുദ്രങ്ങളിൽ നിന്നുള്ള ജലം വേണം. ഇന്നു രാത്രി കൊണ്ട് അത് എത്തിക്കുവാനാകുമോ ? വസിഷ്ഠമുനി ചോദിച്ചതുകേട്ട് സുഗ്രീവൻ പൊട്ടിച്ചിരിച്ചു. സ്വാമീ, മൃതസഞ്ജീവനിയും വിശല്യകരിണിയുമൊക്കെ വളർന്നുനിൽക്കുന്ന മലയുമായി ഒറ്റരാത്രി കൊണ്ട് ലങ്കയിലെത്തിയ ഹനുമാനെ പോലുള്ളവർ കൂടെയുള്ളപ്പോൾ ഇതൊക്കെ നിസ്സാരമല്ലേ .. ? ” വസിഷ്ഠൻ നൽകിയ കുംഭങ്ങളുമായി ഹനുമാനും അനുചരന്മാരായ അംഗദനും ഋഷഭനുമൊക്കെ നാലുദിക്കിലേയ്ക്കും പാഞ്ഞു. പ്രഭാതത്തിനുമുമ്പ് സാഗര ജലവുമായി മടങ്ങിയെത്തുകയും ചെയ്തു. നേരം പുലർന്നു. സൂര്യൻ, തന്റെ നാമത്തിലുള്ള ആ പുണ്യവംശത്തിന്റെ പുതിയ ഭരണാധികാരിയുടെ കിരീടധാരണം കാണാൻ അരുണരഥത്തിൽ നേരത്തെ തന്നെ ചക്രവാളത്തിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. പുരോഹിതന്മാർ രാമനെ സിംഹാസനത്തിലേയ്ക്കാനയിച്ചു. ഒരു സുവർണ പീഠത്തിലിരുത്തി പുണ്യജലം ശിരസ്സിൽ അഭിഷേകം ചെയ്തു. വസിഷ്ഠനും വാമദേവനും ഗൗതമനുമുൾപ്പെടുന്ന മുനി വര്യന്മാർ വേദമന്ത്രങ്ങൾ ചൊല്ലി അനുഗ്രഹിച്ചു. പിന്നെ അയോദ്ധ്യയുടെ പരമ്പരാഗതമായ സിംഹാസനത്തിൽ രാമനെ ഇരുത്തി. പൂർവസൂരികളുടെ ശിരസ്സിലണിഞ്ഞ കനകകിരീടം അവർ രാമന്റെ തലയിലണിയിച്ചു. ഭരതശത്രുഘ്നന്മാരും ലക്ഷ്മണനും ആലവട്ടങ്ങളും വെൺചാ മരങ്ങളുമായി ചുറ്റിലും നിന്നു. സുഗ്രീവനും വിഭീഷണനും ആ സുമുഹൂർത്തത്തിനു സാക്ഷികളായി. ഹനുമാൻ, തന്റെ സ്വാമിയുടെ കാലവട്ടിൽ ഭക്ത്യാദരങ്ങളോടെ കാത്തിരുന്നു. രാമൻ അയോദ്ധ്യയുടെ രാജാവായി അധികാരമേറ്റു. ബ്രാഹ്മണർക്ക് ആയിരക്കണക്കിനു പശുക്കളെയും, ക്ഷത്രിയർക്ക് കുതിരകളെയും ദാനം ചെയ്തു. വാനരന്മാർക്കെല്ലാം വിശിഷ്ടഭോജ്യങ്ങളും കണ്ഠാഭരണങ്ങളും നൽകപ്പെട്ടു. വിഭീഷണനും സുഗ്രീവനും അമൂല്യങ്ങളായ നവരത്നഹാരങ്ങളും രത്നകിരീടങ്ങളും സമ്മാനിച്ചു. രാമൻ തന്റെ കഴുത്തിൽ നിന്ന്, വൈഡൂര്യക്കല്ലുകളും പത്മരാഗങ്ങളും പതിച്ച് അതി വിശിഷ്ടമായൊരു ഹാരം ഊരിയെടുത്ത് സീതക്കു സമ്മാനിച്ചു . സസന്തോഷം അത് കഴുത്തിലണിഞ്ഞ സീത എന്തോ ഓർത്തിട്ടെന്നപോലെ അത് ഉരിയെടുത്ത് കൈയിൽ പിടി ച്ചുകൊണ്ട് രാമനെത്തന്നെ നോക്കിയിരുന്നു. അവൾക്കെന്തോ പറയാനുണ്ടെന്ന് അദ്ദേഹത്തിനും തോന്നി. ആ മനസ്സു വായിക്കാൻ രാമനു കഴിയുമായിരുന്നു. ബുദ്ധിശക്തി, പരാക്രമം, വിശ്വസ്തത എന്നിവയെല്ലാം ചേർന്ന ഒരാളെ കണ്ടെത്തി ഈ ഹാരം അയാൾക്ക് സമ്മാനമായി നൽകുക, ഭാര്യയുടെ ആഗ്രഹം മനസ്സിലാക്കിയ രാമൻ പറഞ്ഞു. സീതയ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. ആ കണ്ണുകൾ ഹനുമാനിലേയ്ക്ക് നീണ്ടു. എല്ലാവരും കരഘോഷങ്ങൾ മുഴക്കി ദക്ത്യാദരങ്ങളോടെ ഹനുമാൻ സീതയിൽനിന്ന് ആ ദിവ്യഹാരം ഏറ്റുവാങ്ങി. പട്ടാഭിഷേകം സമംഗളം പര്യവസാനിച്ചു.
അയോദ്ധ്യയുടെ ആതിഥ്യം സ്വീകരിച്ച് സുഗ്രീവനും വിഭീഷണനും കുറച്ചുദിവസം താമസിച്ചശേഷം മടങ്ങിപ്പോയി. ഭരതനെ യുവരാജാവായി അഭിഷേകം ചെയ്തു. ലക്ഷ്മണനും ശത്രുഘ്നനും ജ്യേഷ്ഠന്മാർക്കു തുണയായി ഭരണകാര്യങ്ങൾ യഥാവിധി നടത്തി. ഹനുമാനും മടങ്ങുകയാണ്. സീതാദേവിയോടും ലക്ഷ്മണനോടും യാത്രചൊല്ലി, ഹനുമാൻ രാമപാദങ്ങളിൽ പ്രണമിച്ചു. “ ആഞ്ജനേയാ താങ്കളോട് നന്ദി പറയുന്നത് ശരിയല്ലെന്നറിയാം, എങ്കിലും എനിക്കുവേണ്ടി ആരാലും അസാദ്ധ്യമായ മഹാകർമ്മങ്ങളാണ് താങ്കൾ ചെയ്തത്. പറയു . ഇതിനു പകരമായി എന്താണ് ഞാൻ അങ്ങേയ്ക്കു നൽകേണ്ടത് ? രാമൻ ചോദിച്ചു. പ്രഭോ .. ഈ ഹൃദയത്തിൽ അങ്ങുണ്ടാവണം എന്നും. അതിലപ്പുറമൊന്നും ഈ വാനരനു വേണ്ട. മനസ്സിൽ സദാ രാമനാമം മുഴങ്ങണം. അത് എവിടെ കേട്ടാലും, മനസ്സുകൊണ്ടെങ്കിലും അവിടെയെത്താൻ എനിക്കാവണം. അങ്ങനെ രാമനാമശ്രവണത്താലും രാമ ഗാനാലാപത്താലും പുണ്യം നേടണം എന്റെ ജന്മം. ഹനുമാൻ വീണ്ടും രാമനെ നമിച്ചു. "ആചന്ദ്രതാരം അങ്ങയുടെ ആഗ്രഹം സഫലമാകട്ടെ. സാഗരങ്ങൾ വറ്റാത്തിടത്തോളം കാലം.. താരാഗണങ്ങൾ പ്രകാശിച്ചു കൊണ്ടിരിക്കുന്നിടത്തോളം കാലം... ഹിമവാനും ഗംഗയും ഉള്ളിടത്തോളം കാലം അങ്ങയോടൊപ്പം ഞാനുണ്ടാകും. ഒരിക്കലും പിരിക്കാനാവാത്ത നാമങ്ങളായി രാമനും ഹനുമാനും ജനഹൃദയങ്ങളിലുണ്ടാകും." രാമന്റെ കരങ്ങൾ അനുഗ്രഹങ്ങളായി ശിരസ്സിൽ പതിഞ്ഞപ്പോൾ അഭൗമമായൊരു തേജസ്സ് തന്നിലേയ്ക്ക് പടർന്നു കയറുന്നതായി ഹനുമാനു തോന്നി. ആ ദിവ്യചൈതന്യം ഉള്ളിലാവാഹിച്ച് എല്ലാവരോടും ഒരിക്കൽക്കൂടി യാത്ര പറഞ്ഞ് ഹനുമാൻ ഉയർന്നു ചാടി. അയോദ്ധ്യയുടെ ധ്വജസ്തംഭത്തിലിരുന്ന് ഒരിക്കൽ കൂടി തന്റെ സ്വാമിയെ നോക്കി. പിന്നെ ... അനന്ത വിഹായസ്സിലേയ്ക്ക് പറന്നുയർന്നു. കാറ്റുപോലെ, കാറ്റിന്റെ പുത്രന്റെ യാത്ര.
നമുക്കും രാമകഥകൾ പാടാം പറയാം ഭക്തിയുടെ നിറകുംഭമായ വീര ഭക്ത ഹനുമാനെക്കുറിച്ച് അഭിമാനിക്കാം.
രാമായണകഥകൾ ഇഷ്ടപ്പെടുന്നു എങ്കിൽ കമന്റ് എഴുതാൻ മടിക്കരുതേ
സ്നേഹപൂർവ്വം
സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി
മഠാധിപതി
കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമം
പെരിയമ്പലം
തൃശ്ശൂർ ജില്ല
90 61 97 12 27
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ